ഇശൽ തേൻകണം: ഭാഗം 12

ishal then kanam

രചന: ജീഫ്‌ന നിസാർ

"കല്യാണത്തിന് വിളിക്കുന്നില്ലേ ഇത്താ ഞങ്ങളെ " വിളറിയ ചിരിയോടെ ജാസ്മിയുടെ ചോദ്യം.. രഹന മുഖം കുനിച്ചു.. "ന്റെ കഴുത്തിൽ ഒരു കൊല കയർ മുറുകുന്നത് കാണാൻ അനക്കിത്ര കൊതിയാണോ ജാസ്മി " പരിഭവം പോലെ ആണ് ചോദ്യം. ജാസ്മിയുടെ നെഞ്ച് പിടച്ചു.. എന്നിട്ടും അവൾ ചിരിച്ചു.. "വരുന്നില്ല... അത് കാണാൻ വയ്യ.. മനസ്സിൽ എങ്കിലും ഇത്ത ഞങ്ങളുടെ മാത്രം ആയിരിക്കണം.. അതിന് അങ്ങനൊരു കാഴ്ച കാണണ്ട. അതാണ്‌ നല്ലത് " ജാസ്മി പിറുപിറുത്തു.. പിന്നെയും രണ്ടാളും ഓർമകളിൽ മുഴുകി ഇരുന്നു.. നെഞ്ചിൽ സങ്കടത്തിന്റെ പേരും മഴ... അലറി കുതിച്ചു പെയ്യുന്നുണ്ട്.. രഹന ഇടയ്ക്കിടെ തട്ടം കൊണ്ട് മുഖം തുടക്കുന്നു.. ജാസ്മിയുടെ മുഖം നിറയെ കല്ലിച്ച ഭാവം.. ഇത്താ ... ഇനിയും ഇരുന്നാൽ ഇരുട്ടും..നേരം ഒത്തിരി ആയി " മറ്റെല്ലാം മറന്നിരിക്കുന്നവളെ ജാസ്മി തൊട്ടുണർത്തി..

കലങ്ങി ചുവന്ന കണ്ണോടെ രഹന അവളെ നോക്കി. പോവാൻ ഇഷ്ടമില്ലെന്ന് ആ കണ്ണുകൾ കേണ് പറഞ്ഞപ്പോൾ ജാസ്മി നോട്ടം തെറ്റിച്ചു.. പാടില്ല... ഇവളെ ഇവിടെ പിടിച്ചു നിർത്തുമ്പോൾ ഓരോ നിമിഷവും ശാപം ഏറ്റു വാങ്ങേണ്ടത്.... എന്റെ അൻസിക്കയാണ്.. നീ പോയി രക്ഷപെട് പെണ്ണേ.. ഈ നോവിന്റെ തീ ചൂളയിൽ നിന്നും.. ജാസ്മി മനസ്സിൽ കലഹിച്ചു.. രഹന എഴുന്നേറ്റു.. "ഇനി ഒരിക്കലും എനിക്കിവിടെ വരാൻ ആവുമോ എന്നറിയില്ല.. ഇനി വരുമ്പോൾ ഞാൻ നിങ്ങൾക്ക് ആരും അല്ലായിരിക്കാം..." കണ്ണിൽ നോക്കി രഹന പറയുമ്പോൾ... ആ ഓരോ വാക്കും ഹൃദയം തുളച്ചാണ് കയറി ഇറങ്ങുന്നത്.. ചെവികൾ രണ്ടും പൊതിഞ്ഞു പിടിക്കാൻ അതിയായ മോഹം തോന്നി ജാസ്മിക്ക്.. കേൾക്കാൻ വയ്യ.. എന്നിട്ടും കണ്ണിലൊരിത്തിരി നീര് പൊടിയാതെ തന്നെ അവൾ രഹ്‌നയെ നോക്കി..

"ഇത്താനെ വെറുക്കരുത്... മറ്റൊരു വഴിയും ഇല്ലാഞ്ഞിട്ടാണ്.. മനസ്സ് കൊണ്ട് ഇത്ത ഇവിടെ ജീവിക്കും..." കൈ പിടിച്ചു രഹന പറയുമ്പോൾ ജാസ്മി അവളെ ഇറുക്കി കെട്ടിപിടിച്ചു.. കയ്യിലുള്ള ഫോട്ടോ ഒന്നൂടെ നോക്കി... അതിലൊന്ന് തലോടി... ചുണ്ട് ചേർത്തിട്ട് രഹ്‌ന അത് ജാസ്മിക്ക് നീട്ടി.. തിരികെ ഏല്പിക്കും പോലെ. വിറക്കുന്ന കയ്യോടെ അവൾ അത് വാങ്ങി.. മുറിയിൽ കൂടി ആകെ ഒന്ന് കണ്ണോടിച്ചു കൊണ്ട് രഹന ജാസ്മിയെ നോക്കി.. കണ്ണ് കൊണ്ട് യാത്ര പറഞ്ഞു.. വിറക്കുന്ന ചുണ്ടുകൾ കടിച്ചു പിടിച്ചിരിക്കുവാ അവൾ.. തിരിഞ്ഞു നോക്കാതെ വേഗത്തിൽ നടന്നു മറയുന്ന അവളെ... ഒന്ന് നോക്കി ജാസ്മി വാതിൽ ചേർത്തടച്ചു.. അടക്കി പിടിച്ച സങ്കടം കെട്ട് പൊട്ടിച്ചു.. വെറും നിലത്തേക്ക് ഊർന്നിറങ്ങി പൊട്ടി കരയുമ്പോൾ.. കയ്യിലെ അൻസാറിന്റെ ഫോട്ടോ അവളും നെഞ്ചിൽ ചേർത്ത് പിടിച്ചു..

അവസാന ആശ്രയം പോലെ... ❤❤❤❤❤❤❤❤❤❤❤❤❤❤❤ ഇരുട്ട് പടർന്നു തുടങ്ങിയിട്ടുണ്ട്.. പക്ഷേ വെളിച്ചത്തിൽ നാണിച്ചു പുറത്ത് വരാതെ നിൽക്കുന്നു.. എങ്ങും പ്രകാശം.. സായി ബെല്ലടിച് കാത്തു നിൽക്കുമ്പോൾ... വീണ്ടും പറയാൻ അറിയാതൊരു വേദന അരിച്ചു കയറുന്നു.. ഇത്തിരി കഴിഞ്ഞു വാതിൽ തുറന്ന അമ്മയെ നോക്കി അവൻ ഒരു നിമിഷം നിന്നു.. യാത്ര കഴിഞ്ഞു വന്ന മകനെ കണ്ടപ്പോൾ.. ആ കണ്ണുകൾ തിളങ്ങേണ്ടതിന് പകരം.. നിമിഷനേരം കൊണ്ട് ദേഷ്യം പടർന്നു കയറുന്നത് സായി കണ്ടിരുന്നു.. "ഓ... എത്തിയോ.." പുച്ഛത്തോടെ തന്നെ ആണ് സ്വീകരണം. അവനോർത്തു.. "വയസ്സ് പത്തിരുപത്തഞ്ചു കഴിഞ്ഞു. ഇപ്പോഴും അനുസരിച്ചു ശീലമില്ല. അതെങ്ങനെ... അച്ഛനെ കണ്ടല്ലേ പഠിക്കുന്നത് " അമ്മ ഉത്ഘാടനം ചെയ്തു.. സായി അമ്മയെ തുറിച്ചു നോക്കി.. "നീ എന്താ എന്നെ നോക്കി പേടിപ്പിക്കുന്നോ.. അതാരുടെ ഉപദേശം ആണ്... പ്രിയപ്പെട്ട ചിറ്റയോ അതോ..." ദേവിക ചീറി.. "പ്ലീസ് അമ്മാ.. ഞാൻ ആകെ ടയഡ് ആണ്. ഇച്ചിരി കഴിഞ്ഞു നടത്തിയ പോരെ കേസ് വിസ്താരം.."

സായി നെറ്റിയിൽ കൈ ചേർത്ത് കൊണ്ട് ചോദിച്ചു. "ഞാൻ പറയുന്നതാ കുഴപ്പം അല്ലേ.. നിനക്കൊക്കെ എന്തും ചെയ്യാം.. യാതൊരു കുഴപ്പവും ഇല്ല.." കൈ വിരൽ ചൂണ്ടി അമ്മ പറയുമ്പോൾ.. ദേവികയെ കടന്ന് കൊണ്ട് സായി വേഗം അകത്തു കയറി.. "വല്ല കൂസലും ഉണ്ടോ എന്ന് നോക്കിക്കേ അവന്.. നല്ലോണം പറഞ്ഞു കയറ്റി തന്നുകാണും അല്ലേ അവൾ.. അതിന് വേണ്ടി ആണല്ലോ ഇടക്കിടെ ഈ ചാടി പോകുന്നത് " വാതിൽ അടച്ചു കൊണ്ട് ദേവിക വീണ്ടും പറഞ്ഞു.. മുറിയിലേക്ക് നടക്കാൻ തുടങ്ങിയ സായി പെട്ടന്ന് നിന്നു. "എന്തിനാണ് അമ്മേ.. വെറുതെ ചിറ്റയെ പറയുന്നേ... അത് കൊണ്ട് അമ്മയ്ക്ക് എന്ത് സന്തോഷമാണ് കിട്ടുന്നത് " സായി ചോദിച്ചു. ദേവിക അവന്റെ അരികിൽ വന്നു നിന്നു.. "സ്വന്തം അമ്മയെ അവന് കണ്ണിന് നേരെ കണ്ടൂടാ... ചിറ്റ എന്ന് പറയുമ്പോൾ അവന് തേൻ ഒലിക്കും..." ദേവിക വാക്കുകൾ കടിച്ചമർത്തി..

"അതെന്താണ് കാരണം എന്ന് അമ്മയ്ക്ക് ഇത് വരെയും മനസ്സിലായില്ല അല്ലേ.. അത് തന്നെ ആണ് അമ്മയുടെ പരാജയം മുഴുവനും " സായി പുച്ഛത്തോടെ പറയുമ്പോൾ ദേവിക ദേഷ്യം കൊണ്ട് ചുവന്നു പോയിരുന്നു. "സായന്ത്‌.... എന്റെ വിജയവും പരാജയവും നീ തീരുമാനിക്കണ്ട.. അതിന് മാത്രം വളർന്നിട്ടില്ല നീ. ഞാൻ നിന്റെ അമ്മയാണ്. അത് മറക്കണ്ട... അതെങ്ങനെ... അയാളെ കണ്ടല്ലേ പഠിക്കുന്നത്..." ദേവിക പറഞ്ഞു.. "ഒന്ന് നിർത്തമ്മേ... ഇനിയും ഈ പ്രാക്ക്.. അമ്മയ്ക്ക് അത് പറയുമ്പോൾ മനസമാധാനം കിട്ടുന്നുണ്ടാവും.. പക്ഷേ.... പക്ഷേ അമ്മേ.... അത് കേട്ട് നിൽക്കേണ്ട മക്കളുടെ അവസ്ഥ അമ്മ ഒരിക്കലെങ്കിലും അറിഞ്ഞെങ്കിൽ.." സായിയും വിട്ട് കൊടുക്കാതെ പറഞ്ഞു... "അമ്മയാണ്... മറന്നിട്ടില്ല ഞങ്ങൾ.. പക്ഷേ മക്കളാണ് എന്ന് അമ്മ പലപ്പോഴും മറന്നു പോകുന്നുണ്ട്... അച്ഛന്റെ മക്കളാണ് എന്ന കാരണം കൊണ്ടാണോ അമ്മയ്ക്ക് എന്നോടും സിത്തൂനോടും ഇത്രയും ദേഷ്യം... അമ്മയുടെ കൂടി മക്കളല്ലേ ഞങ്ങൾ.." സായി വേദനയോടെ ചോദിച്ചു... ദേവിക വേഗം മുഖം തിരിച്ചു കളഞ്ഞു...

"ചിറ്റ അമ്മയ്ക്ക് എതിരെ ഒരു വാക്ക് പോലും പറയാറില്ല.. ഒക്കെ വിധിക്ക് വിട്ട് കൊടുത്തു ജീവിക്കുന്ന ആ പാവത്തിനെ... എന്തിനാ അമ്മാ..." സായി വീണ്ടും ചോദിച്ചു.. ഇപ്രാവശ്യം ദേവിക അവനെ തുറിച്ചു നോക്കി.. "പറയാൻ അറിയാഞ്ഞിട്ടോ... പേടിയായിട്ടോ ഒന്നും അല്ല. അമ്മയല്ലേ പറയുന്നത് എന്ന് കരുതി മാത്രം മിണ്ടാതെ നിൽക്കുന്നതാ.. ആ തോന്നൽ അമ്മയ്ക്ക് ഇല്ലാത്തത്... ഞങ്ങളുടെ തെറ്റല്ല " സായി കടുപ്പത്തിൽ പറഞ്ഞു.. "അല്ലെങ്കിൽ നീ ഒക്കെ എന്നെ എന്ത് ചെയ്യുമെടാ... ഒരു പാട്ടുകാരൻ വന്നേക്കുന്നു.." ദേവിക പുച്ഛത്തോടെ ചിരിച്ചു.. സായി മുഖം കുനിച്ചു കളഞ്ഞു... "നാലാൾ പുകയ്ത്തുന്നത് കേട്ട് മോൻ വല്ലാതെ അങ്ങ് പൊങ്ങല്ലേ... രണ്ടു വരി അങ്ങ് നീട്ടി പാടിയ എല്ലാം ആയെന്ന് കരുതുന്ന വിഡ്ഢികൾ അങ്ങനെ കൈ അടിച്ചു തരും.. അതൊന്നും അല്ല സായന്ത്‌ ജീവിതം.. ജീവിക്കാൻ കാശ് വേണം... സ്ഥാനമാനങ്ങൾ വേണം.. അതുണ്ടാക്കി എടുക്കാൻ നോക്ക്... വേദാന്ധം പറയാതെ " ദേവിക പറയുമ്പോൾ സായി പതിയെ ചിരിച്ചു.. "കാശ്... പണം... സ്ഥാനം...

ഇതെല്ലാം അമ്മയ്ക്ക് വേണ്ടുവോളം ഉണ്ടല്ലോ. പക്ഷേ മനസമാധാനം ഉണ്ടോ... ഉണ്ടോ അമ്മേ " സായി ചോദിച്ചു.. "എങ്ങനെ ഉണ്ടാവും... എന്റെ ചുറ്റും ഉള്ളവരാണ് എന്റെ സമാധാനം കളയുന്നത് " ചീറും പോലെ ദേവിക പറഞ്ഞു.. "തെറ്റാണ് അമ്മേ അത്.. മനസമാധാനം... സന്തോഷം.. ഇതെല്ലാം സ്വയം ഉണ്ടാക്കി എടുക്കേണ്ടതാ... മറ്റൊരാളുടെ മനസമാധാനം കളയാൻ കാരണമാവരുത്.. തിരിച്ചും അങ്ങനെ തന്നെ ആവും. ഇനി ഒന്ന് ആലോചിച്ചു നോക്ക്.. ശെരിക്കും എന്താണ് കാരണം എന്ന് " സായി പറയുമ്പോൾ ദേവിക വീണ്ടും അവന്റെ നേരെ തുറിച്ചു നോക്കി.. "കാശ് വേണം ജീവിക്കാൻ.. സത്യം തന്നെ.. പക്ഷേ അമ്മേ അത്യാവശ്യം വേണ്ടത്... സഹ ജീവികളോട് ഇച്ചിരി സ്നേഹവും... കരുണയും ആണ്.. അങ്ങനെ ഉള്ളപ്പോൾ മനസമാധാനം താനേ ഉണ്ടാവും. ജീവിതം കുറച്ചു കൂടി എളുപ്പമാണ് പിന്നെ..." സായി പറഞ്ഞു.. ദേവിക അവന്റെ നേരെ നോക്കി പുച്ഛത്തോടെ ചിരിക്കുന്നുണ്ട്.. "അമ്മയുടെ മുഖത്തെ ഈ പുച്ഛം ഉണ്ടല്ലോ.. അത് കാണുമ്പോൾ ഒരു മകൻ എന്ന നിലയിൽ ഞാൻ വേദനിക്കുന്നുണ്ട്‌.. പക്ഷേ അമ്മേ...

ഇതിനൊക്കെ കാലം തന്നെ അമ്മയ്ക്ക് മറുപടി തരുന്ന ഒരു ദിവസം വരും.." സായി പറഞ്ഞു.. "അത് ഞാൻ അങ്ങ് സഹിക്കും. അല്ലപിന്നെ.. അവന്റെ ഒരു ഭീഷണി... നിന്റെ അച്ഛനെ പോലും പേടിച്ചിട്ടില്ല ദേവിക.. സ്വന്തം അധ്വാനം കൊണ്ടാണ് ഇവിടെ വരെയും എത്തിയത്.. ആ എന്നേ തോൽപ്പിക്കാൻ ശ്രമിച്ചിട്ടും തോറ്റു പോയത് അങ്ങേര് തന്നെ അല്ലേ " ദേവിക ചീറി കൊണ്ട് പറയുമ്പോൾ അവരുടെ ചുവന്നു പോയ മുഖം... സായി സഹതാപത്തോടെ നോക്കി.. "ബന്ധങ്ങൾ ബന്ധനം ആവരുത് അമ്മേ.. അച്ഛൻ തോറ്റു പോയതല്ല.. മടുത്തിട്ട് പോയതാ.. പിന്നെ അമ്മ ഇപ്പൊ പറഞ്ഞ അധ്വാനം.. അതിന് അമ്മയെ പ്രാപ്‌തയാക്കിയത് അച്ഛൻ തന്നെ അല്ലേ...അച്ഛനും അമ്മയും അല്ല.. നമ്മളാണ് അമ്മേ തോറ്റു പോയത്... പരസ്പരം മനസ്സിലാക്കുന്നതിൽ.." സായി വേദനയോടെ പറഞ്ഞു.. ദേവികയിൽ വലിയ മാറ്റം ഒന്നും കണ്ടില്ല.. അവന്റെ സങ്കടം കണ്ടിട്ടും.. "ദൈവം എല്ലാർക്കും എല്ലാം കൊടുക്കില്ലെന്ന് പറയുന്നത് എത്ര സത്യമാണ്.. നല്ല ആരോഗ്യം തന്നു... കാശ് തന്നു.. സ്നേഹിച്ചോ ഇല്ലയോ.. അനാഥയാക്കിയില്ല ഞങ്ങളെ...

പക്ഷേ... പക്ഷേ അമ്മേ മനസമാധാനം മാത്രം തന്നില്ല." സായി നെറ്റി തടവി കൊണ്ട് പറഞ്ഞു.. "നിനക്കൊക്കെ ഇവിടെ എന്തിന്റെ കുറവാടാ.. നല്ല വിദ്യാഭ്യാസം തന്നില്ലേ.. ഉണ്ണാൻ.. ഉടുക്കാൻ.. അങ്ങനെ എല്ലാം കൈ എത്തും ദൂരെ കിട്ടിയില്ലേ... ഞാൻ ഒക്കെ വളർന്നത്..." സന്തോഷം മാത്രം തന്നില്ല അമ്മേ " ദേവിക പറഞ്ഞപ്പോൾ തന്നെ സായി ഇടയിൽ കയറി പറഞ്ഞു.. നിങ്ങൾ വളർന്നത് പോലെ... അത് പോലെ ഞങ്ങളും വളരണം എന്നുണ്ടോ.. അന്നത്തെ കാലം അങ്ങനെ ആയിരുന്നു.. ഇന്നത്തെ രീതിയിലേക്ക് പിടിച്ചു കെട്ടരുത് അത്... " സായി പറഞ്ഞപ്പോൾ.. ദേവിക ഒരു നിമിഷം മിണ്ടിയില്ല.. "ഇവിടുന്ന് പോകുമ്പോൾ... നിനക്കിത്ര ധൈര്യം ഇല്ലായിരുന്നു.. പെട്ടന്ന് എന്നോട് തർക്കുത്തരം പറയാൻ മാത്രം ഈ മാറ്റം എന്താണ്... അത് പറഞ്ഞിട്ട് മിണ്ടിയ മതി നീ ഇനി " ദേവിക നെഞ്ചിൽ കൈ കെട്ടി കൊണ്ട് സായിയെ തുറിച്ചു നോക്കി.. "മാറ്റം എല്ലാർക്കും അറിയാം അമ്മേ.. പക്ഷേ അതിന്റെ കാരണം ആർക്കും അറിയില്ല.. ഉള്ളിലെ സങ്കടം ആണത് എന്ന് ഞാൻ അമ്മയോട് പറഞ്ഞാൽ.. മനസ്സിലാവുമോ അത്.. ഇല്ലല്ലോ.."

സായി വിളറിയ ചിരിയോടെ പറഞ്ഞു.. "വല്ലാതെ വീർപ്പു മുട്ടുമ്പോൾ പോകുന്നതാ ഞാൻ.. അവിടെയും അമ്മ... വിളിച്ചിട്ട്..." അവൻ പാതിയിൽ നിർത്തി.. "ഓഹോ.. ഞാൻ വിളിക്കുന്നത് പോലും നിനക്ക് വീർപ്പു മുട്ടൽ കൂടും അല്ലേടാ " വീണ്ടും കൂർത്ത ചോദ്യം.. സായി ഒരു നിമിഷം ദേവികയെ നോക്കി.. "പണവും സ്ഥാനങ്ങളും വന്നു കഴിയുമ്പോൾ മനുഷ്യൻ ആദ്യം കണ്ണുകൾ കൊട്ടി അടക്കും.. പ്രിയപ്പെട്ടവരുടെ നേരെ.. പിന്നെ ഹൃദയവും.. അമ്മയും അതാണ്‌ ചെയ്തത്.." സായി പതിയെ പറഞ്ഞു.. "അപ്പോഴും നിനക്ക് എന്റെ കുറ്റം മാത്രം പറയാനൊള്ളൂ.. അല്ലേ.. അച്ഛൻ ഇട്ടിട്ട് പോയിട്ടും ഒരു കുറവും വരാതെ ഞാൻ ഇത്രേം വരെയും എത്തിച്ചില്ലെടാ.. അതിനുള്ള ഉപഹാരം ആവും.. അല്ലേ " ദേവിക പരിഹാസത്തോടെ ചോദിച്ചു. "അമ്മയ്ക്ക് അത് അങ്ങനെയേ തോന്നു.. അച്ഛൻ ഇട്ടിട്ടു പോയതല്ലല്ലോ.. അമ്മ ഇറക്കി വിടും പോലെ അല്ലേ.." സായി ‌ ചോദിച്ചു.. "അങ്ങേര് ഇവിടെ നിന്നിട്ട് എന്തിനാ..." ദേവിക പറയുമ്പോൾ സായി കണ്ണുകൾ അടച്ചു പിടിച്ചു... "കേൾക്കുന്ന ആളുടെ മനസ്സിൽ നന്മയും കരുണയും ഇല്ലങ്കിൽ...

പിന്നെ നമ്മൾ എത്ര സങ്കടം പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല അമ്മാ..." സായി പറഞ്ഞു. "പ്രതികരിക്കുന്നില്ല എന്ന് കരുതി ഒന്നും മനസ്സിലാവുന്നില്ല എന്ന് കരുതരുത്.. ഞങ്ങൾക്കിടയിൽ കിടന്നു അനുഭവിച്ചത് മുഴുവനും ഞാനും സിത്തും ആണ്..ക്ഷമിക്കുന്നതാണ്... എന്നെങ്കിലും നിങ്ങൾക്ക് തമ്മിൽ മനസ്സിലാവും എന്ന് കരുതി മാത്രം..." സായി പറയുമ്പോൾ ദേവിക ചുണ്ട് കോട്ടി.. "ജീവിതം ഒരുപാട് പാഠങ്ങൾ നമ്മളെ പഠിപ്പിച്ചു തരും.. അതിൽ ഏറ്റവും പ്രാധാന്യം ഉള്ളൊരു പാഠം ഉണ്ട്.. മനുഷ്യനെ അറിയാൻ.. മനസ്സുകൾ തിരിച്ചറിയാൻ..അതിനു ആയില്ലേൽ പിന്നെ അത് വലിയൊരു... പരാജയം ആയി മാറും അമ്മേ..." സായി പറയുമ്പോൾ... ദേവിക പുച്ഛത്തോടെ തന്നെ അവന്റെ നേരെ നോക്കി... തുടരും.. ഇഷ്ടമായെന്ന് കരുതുന്നു... മുൻപേ ഞാൻ കരുതി വെച്ചൊരു തീം ആയിരുന്നു ഇത്.. പരസ്പരം പോരടിക്കുന്ന അച്ഛനും അമ്മയ്ക്കും ഇടയിൽ പെടുന്ന കുഞ്ഞു കുട്ടികളുടെ സങ്കടം നമ്മൾ കണ്ടിട്ടുണ്ട്... കേട്ടിട്ടുണ്ട്.. പക്ഷേ മുതിർന്നതിനും ശേഷവും ഇത് പോലെ നീറുന്ന മക്കളെ കുറിച്ച് ഓർത്തിട്ടുണ്ടോ.. ഇങ്ങനെ ഒരു സാഹചര്യം വരുമ്പോൾ.. നമ്മുടെ മക്കളെ അല്ല... നമ്മൾ എന്ന മക്കളെ ഓർത്തു നോക്കു.. ഇപ്പോഴും ഹൃദയം വേദനിക്കില്ലേ.. നമ്മുക്ക് നല്ല പേരൻസ് ആവുക എന്നത് ചെയ്യാനാവും.. ആ വേദന മറക്കാതിരുന്നാൽ.. സായി തീർച്ചയായും പ്രതികരിക്കും......... തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story