ഇശൽ തേൻകണം: ഭാഗം 15

ishal then kanam

രചന: ജീഫ്‌ന നിസാർ

വാതിലിൽ നിൽക്കുന്ന സായിയെയും സിത്തുവിനെയും കണ്ടപ്പോൾ ജയ പ്രകാശിന്റെ കണ്ണുകൾ തിളങ്ങി.. വാ... സന്തോഷത്തോടെ തന്നെ അയാൾ സിത്തുവിനെ കെട്ടിപിടിച്ചു.. അവളും.. സായി ചിരിച്ചു കൊണ്ട് അവരെ നോക്കി.. "കയറി വാ മോനെ.. സായിയെ നോക്കി പറഞ്ഞു കൊണ്ട് അയാൾ അകത്തു കയറി.. കൂടെ സായിയും.. സിത്തു അയാളുടെ നെഞ്ചിൽ അമർന്നു കിടന്നു.. കുഞ്ഞൊരു ഫ്ലാറ്റ് ആണ് ജയന്റെ.. സായി ഹാളിലെ സോഫയിൽ ഇരുന്നു.. ഒരു പുരുഷൻ ഒറ്റക് ജീവിക്കുന്ന വീടാണ് എന്നാർക്കും തോന്നില്ല.. അത്രയും അടുക്കും ചിട്ടയും.. എല്ലാം അതിന്റെതായ സ്ഥലത്തു അടുക്കി വെച്ചിട്ടുണ്ട്.. സായി അച്ഛന്റെ നേരെ നോക്കി..അച്ഛൻ ഇപ്പോഴും അവിടെ തന്നെ ഉള്ള ഒരു സ്കൂളിൽ മ്യൂസിക് ടീച്ചർ ആണ്.. ആഡംബരജീവിതം ആദ്യം തന്നെ ഇഷ്ടമല്ല.. അത് തന്നെ ആണ് അമ്മയുടെ ഏറ്റവും വലിയൊരു ആരോപണവും. നാട് ഓടുമ്പോൾ നടുവേ ഓടാൻ അറിയാത്ത വിഡ്ഢിയാണ് അമ്മയ്ക്ക് മുന്നിൽ അച്ഛൻ. കഴിഞ്ഞ തവണ കണ്ടതിനേക്കാൾ ഒന്നൂടെ ക്ഷീണിച്ച പോലെ.. മീശയിലേക്കും തല മുടിയിലേക്കും നരയുടെ അക്രമണം തുടങ്ങിയിരിക്കുന്നു.. "എന്താടാ... സായിയുടെ നോട്ടം കണ്ടപ്പോൾ ജയൻ ചോദിച്ചു..

"ഒന്നുല്ല.. അവൻ നോട്ടം മാറ്റി കൊണ്ട് പറഞ്ഞു.. "പിന്നെ എന്താണ് പാട്ടുകാരൻ ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നത്. ചിരിച്ചു കൊണ്ടാണ് ചോദ്യം.. അച്ഛനും പുച്ഛമായി തുടങ്ങിയോ " സായി ചോദിച്ചപ്പോൾ ആ ചിരി മാഞ്ഞിരുന്നു.. അയാൾ സിത്തുവിന്റെ തോളിൽ നിന്നും കൈ എടുത്തിട്ട് സായിക്ക് അരികിലേക്ക് നീങ്ങി ഇരുന്നു അവന്റെ തോളിൽ കയ്യിട്ട് പിടിച്ചു... "അങ്ങനെ തോന്നിയോ സായി " സങ്കടം ആയിരുന്നു സ്വരം നിറയെ.. അവനൊന്നും പറഞ്ഞില്ല.. "ഈ ലോകത്തിലെ മുഴുവനും പുച്ഛവും എന്റെ മോന് നിന്റെ അമ്മ തരുന്നുണ്ടല്ലോ.. ഇനി അച്ഛൻ കൂടി... അത് നീ താങ്ങില്ലെടാ " പറയുമ്പോൾ അയാൾ അവന്റെ തോളിൽ തട്ടി കൊടുത്തു.. സായി അച്ഛന്റെ നേരെ...ഒന്ന് നോക്കി. "തോറ്റു പോകരുത്... അച്ഛനെ പോലെ.. ശ്വാസം പോലെ ഞാൻ കൊണ്ട് നടന്നിട്ടും.. നിന്റെ അമ്മയുടെ സ്വപ്നം എല്ലാം നേടി എടുക്കാൻ മുന്നിൽ നിന്ന് നയിച്ചിട്ടും അച്ഛൻ തോറ്റു പോയവനാ... എന്റെ മോനെ അങ്ങനെ കാണാൻ ഇട വരരുത് " ജയൻ പറയുമ്പോൾ ആ സ്വരത്തിലെ സങ്കടം സായിക്ക് മനസ്സിലായി..

സിത്തുവിന്റെ മുഖം കുനിഞ്ഞു പോയിരുന്നു.. "സത്യത്തിൽ എന്താണ് എന്റെ ജീവിതത്തിൽ സംഭവിച്ചു പോയതെന്ന് എനിക്കിന്നും അറിയില്ല മക്കളെ.. നിങ്ങൾക്ക് വേണ്ടി പലപ്പോഴും... പലതും ഞാൻ ഒഴിഞ്ഞു മാറി... ഒഴിവാക്കി വിട്ടു.. പക്ഷേ ഒടുവിൽ.. ഒടുവിൽ ദേവി എന്നെയും..." അയാൾ പറഞ്ഞു.. "നാവ് നല്ല മൂർച്ചയുള്ള ഒരു ആയുധം തന്നെ ആണ്... അത് കൊണ്ട് രക്തം കിനിയാത്ത വിധം ദേവി എന്നേ നിരവധി തവണ കൊന്നു കളഞ്ഞു.. എന്താണ് ഞാൻ ചെയ്ത കുറ്റം എന്നൊന്ന് പറഞ്ഞു തന്നില്ല " സായി അച്ഛനെ വേദനയോടെ.. ആ പറയുന്നത് പരമാർത്ഥം ആണ്.. കണ്ടിട്ടും ഉണ്ട്.. അമ്മ ഉറഞ്ഞു തുള്ളുമ്പോൾ മുഖം കുനിച്ചിരിക്കുന്ന അച്ഛനെ.. "നിങ്ങളെ ഓർത്തായിരുന്നു... നിങ്ങളുടെ ഭാവി ഓർത്താൽ.... ഇട്ടെറിഞ്ഞു പോന്നത് സഹിക്കാൻ വയ്യാഞ്ഞിട്ടാണ്... ഏറെ സ്നേഹിക്കുന്നവരുടെ കണ്ണിലെ വെറുപ്പ്... അത് മരണത്തോളം ഭയങ്കരമാണ് മക്കളെ " ഇരു കൈകൾ കൊണ്ട് മുഖം പൊതിഞ്ഞു പിടിച്ചിട്ട് ജയൻ പറഞ്ഞു.. സായിയും സിത്തുവും പരസ്പരം നോക്കി.. വേദന നിറഞ്ഞ മൗനം..

തിരിച്ചു പോരും വഴി സിത്തു ആണ് പറഞ്ഞത്... അച്ഛനെ കാണാൻ തോന്നുന്നു ഏട്ടാ ന്ന്.. കൊണ്ട് പോകുമോ എന്ന് അവൾ ചോദിച്ചപ്പോൾ.. ഒത്തിരി നാളായി അച്ഛനെ കണ്ടിട്ടെന്ന് വേദനയോടെ ഓർത്തു. "ദൈവമേ... കാണാൻ ഓടി വന്ന എന്റെ മക്കളെ ഞാൻ... വേദനിപ്പിച്ചോ... ജയൻ ചോദിച്ചപ്പോൾ... അച്ഛൻ എന്ന നിങ്ങളുടെ ഭാഗത്തെ ശൂന്യത ആ വീട്ടിൽ ഞങ്ങൾ ഓരോ നിമിഷവും വേദനയോടെ അനുഭവിക്കുന്നുണ്ട് അച്ഛാ " ഉറക്കെ വിളിച്ചു പറഞ്ഞില്ല... ആഗ്രഹിക്കുന്നു എങ്കിലും സായി മനസ്സിലാണ് പറഞ്ഞത്. " "കുടിക്കാൻ എന്താണ് വേണ്ടത്.. അവിൽ ഇരിപ്പുണ്ട്... പഴവും... സിത്തുന് ഇഷ്ടമുള്ള അവിൽ മിൽക്ക് ഉണ്ടാക്കിയാലോ " ജയൻ ഉത്സാഹത്തോടെ ചോദിച്ചു.. അച്ഛനിപ്പഴും മോളെ ഒരുപാട് ഇഷ്ടമാണെന്ന് പറയും പോലെ.. സിത്തു തലയാട്ടി.. എങ്കിൽ വാ... സിത്തുവിന്റെ കൈ പിടിച്ചിട്ട് എഴുന്നേറ്റു.. വാ സായി... തിരിഞ്ഞു നോക്കി അവനെയും വിളിച്ചു.. അവളുടെ തോളിൽ കയ്യിട്ടു ചിരിച്ചു കൊണ്ട് പോകുന്ന അയാളെ കാണെ അവന്റെ ഉള്ള് വീണ്ടും നീറി.. ഇത്തിരി നേരം കൂടി അങ്ങനെ ഇരുന്നിട്ട് അവൻ അടുക്കളയിൽ ചെല്ലുമ്പോൾ... അച്ഛനും മോളും തിരക്കിട്ട ജോലിയിലാണ്.. നഷ്ടം വന്ന ഉത്സാഹം സിത്തു വീണ്ടെടുത്തു.. "ജോലി ഒക്കെ എങ്ങനെ പോകുന്നു മോനെ " ജയൻ ചോദിച്ചു..

"കുഴപ്പമില്ല അച്ഛാ...' പഴം എടുത്തു തൊലി കളഞ്ഞു കൊണ്ട് സായി പറഞ്ഞു.. "നിന്റെ പാട്ട്... അച്ഛൻ കേൾക്കാറുണ്ട് ട്ടോ..." അച്ഛൻ പറയുമ്പോൾ... എനിക്കത് അഭിമാനം കൂടി ആണ് ട്ടോ എന്ന് അയാളുടെ തിളങ്ങുന്ന കണ്ണുകൾ വിളിച്ചു പറഞ്ഞു.. "ഒത്തിരി ആരാധകർ ഉണ്ട്... പക്ഷേ അഹങ്കരിക്കരുത്.. ഒന്നിന്റെയും പേരിൽ. നിന്റെ പരിശ്രമം കൊണ്ടായിരിക്കും.. പക്ഷേ.. സ്നേഹിക്കുന്നവരുടെ പ്രാർത്ഥന നമ്മളെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കും " ജയൻ പറയുമ്പോൾ സായി... പുഞ്ചിരിച്ചു.. "കൂടുതൽ എളിമയുള്ളവനാവുക.. കൂടുതൽ ഉയരങ്ങൾ കാത്തിരിക്കും " സായി അച്ഛനെ നോക്കി തലയാട്ടി. "ദേവിക്ക് സുഖമാണോ മക്കളെ " അവരെ നോക്കാതെയാണ് ജയന്റെ ചോദ്യം.. സിത്തും സായിയും പരസ്പരം നോക്കി.. "അമ്മയ്ക്ക് എന്നും സുഖമല്ലേ അച്ഛാ.. അതിനിടയിൽ കിടന്നു നീറുന്നവരെ അമ്മ എന്നും കാണാറില്ല " ചിരകി എടുത്ത തേങ്ങ മിക്സിയിൽ ഇട്ട് കൊണ്ട് സിത്തു പറയുമ്പോൾ ആ സ്വരത്തിൽ അമർഷം ആയിരുന്നു.. ജയനും പിന്നെ ഒന്നും പറഞ്ഞില്ല.. "ഇനി... ഒരിക്കലും.. നമ്മൾ പഴയ പോലെ ഒരുമിച്ച് ഉണ്ടാവില്ലേ അച്ഛാ " ഒരു നിമിഷം....

തിരിഞ്ഞു നിന്നിട്ട് സിത്തുവിന്റെ ചോദ്യം. ഒരു മകളുടെ ആഗ്രഹം മുഴുവനും ഉണ്ടായിരുന്നു അതിൽ.. ഞാൻ നിങ്ങളെ ഒരുമിച്ചു കാണാൻ ആഗ്രഹിക്കുന്നു എന്നൊരു ധ്വനി ഉണ്ടായിരുന്നു.. സായി അച്ഛനെ നോക്കി.. "അച്ഛൻ ഇനിയും റെഡിയാണ് മോളെ.. പക്ഷേ... ദേവി.. അവളിപ്പോ നമ്മളിൽ നിന്നും ഒരുപാട് ദൂരം മുന്നോട്ട് നടന്നു പോയി... ഒന്നല്ലങ്കിൽ നമ്മൾ അവൾക്കൊപ്പം ഓടി എത്തണം.. അങ്ങനെ ആവുമ്പോൾ... നമ്മുക്ക് പ്രിയപ്പെട്ട പലതും ഇവിടെ കളഞ്ഞിട്ടു പോണം.. ഇനി അതുമല്ലങ്കിൽ... അവൾ നമ്മളെ തേടി... തിരിഞ്ഞു നടന്നു വരണം... ഇത് രണ്ടും ഇപ്പോൾ നമ്മുക്ക് മുന്നിലെ വലിയ തടസ്സങ്ങൾ തന്നെ ആണ്..നടക്കുമെന്ന് യാതൊരു ഉറപ്പുമില്ല.. നിന്റെ ഈ മോഹം " നിരാശയിൽ ജയൻ അവരെ നോക്കാതെ ഫ്രിഡ്ജിൽ നിന്നും വെള്ളം എടുക്കുന്ന തിരക്ക് അഭിനയിച്ചു കൊണ്ട് പറഞ്ഞു.. "എന്താണ് അച്ഛാ അമ്മയ്ക്ക് നമ്മളോട് സ്നേഹം ഇല്ലാതെ ആയി പോയത് " സായി ആണ് ചോദിച്ചത്.. അയാൾ ഒരു നിമിഷം സ്റ്റെക് ആയി പോയിരുന്നു.. "സ്നേഹം.... സ്നേഹം അല്ലെടാ മക്കളെ...

നല്ല സ്നേഹമുള്ളവൾ തന്നെ ആയിരുന്നു ദേവി.. ആ സ്നേഹം കണ്ടിട്ട് തന്നെയാണ് ഞാൻ ആ കൈ പിടിച്ചത്.. ഇടയിൽ എപ്പഴോ അവൾക്കു അഹങ്കാരം കൂടി.. സ്നേഹം മുഴുവനും അഹങ്കാരം എന്ന പുതപ്പെടുത്തു പുതച്ചു കളഞ്ഞു... അതാണ്‌..." ജയൻ പറയുമ്പോൾ സായി ഒന്നും മിണ്ടിയില്ല... "പണം.. പേര്.. പ്രശസ്തി.. ഇതൊക്കെ അവളുടെ മന്ത്രം ആയി മാറി.. അവളിലെ ഭാര്യ തോറ്റു... അമ്മ തോറ്റു.. എന്തിന്... ദേവിക എന്ന നല്ലൊരു മനുഷ്യൻ കൂടി തോറ്റു.. അത് കാണാൻ പക്ഷേ അവൾക്കിപ്പഴും കണ്ണ് കാണില്ല.. അതാണ്‌ രസം " ജയൻ ചിരിച്ചു കൊണ്ട് പറഞ്ഞു.. നല്ല ദുഃഖം ഉണ്ടായിരുന്നു അയാളുടെ സ്വരത്തിൽ.. അത് കാണുന്ന മക്കളുടെ കണ്ണിലും.. എന്നിട്ടും.. മറ്റെല്ലാം മനഃപൂർവം മറന്നു കളഞ്ഞിട്ട് അച്ഛനും മക്കളും... കിട്ടിയ ഇച്ചിരി നേരം കൊണ്ട് പരസ്പരം സ്നേഹിച്ചു.. കളിയാക്കി ചിരിച്ചു.. സങ്കടങ്ങളെ എല്ലാം അൽപ്പനേരത്തേക്ക് എങ്കിലും സന്തോഷത്തിന്റെ പുഴയിൽ ഒഴുക്കി കളഞ്ഞു... 💞💞💞💞💞💞💞💞💞💞💞💞💞💞 വരുന്നുണ്ടേൽ എന്നെ വിളിക്കാൻ പറഞ്ഞിട്ടില്ലേ സിതാര ഞാൻ..

ഇതിപ്പോൾ അമ്മയായ ഞാൻ... മകൾ വന്നത് അറിഞ്ഞത് മുന്നിൽ കണ്ടപ്പോൾ.. ഏട്ടനും പെങ്ങളും കൂടി എന്തും ആവാം എന്നായോ ടി " വിരൽ ചൂണ്ടി ദേവിക പറയുമ്പോൾ സിത്തു അനങ്ങിയില്ല.. സായി ബാൽകണിയിലെ ചാരു പടിയിൽ ഇരുന്നിട്ട് പുറത്തേക്ക് നോക്കി.. പണക്കാർ മാത്രം താമസിക്കുന്ന ഏരിയ ആണ്.. ഒരേ രൂപത്തിൽ ഉള്ള അനേകം വില്ലകൾ.. നടുവിലെ നീളൻ റോഡ് കത്തുന്ന വെയിലേറ്റ് തിളങ്ങുന്ന പോലെ.. രണ്ടു വശത്തും പൂക്കൾ നിറഞ്ഞ ചെടികൾ.. മനം മയക്കുന്ന കാഴ്ചകൾ.. പക്ഷേ അതൊന്നും ആസ്വദിച്ചു നടക്കാൻ മാത്രം സമയം അവിടെ ആർക്കും ഇല്ലായിരുന്നു.. പണത്തിന്റെ പിറകിൽ ഉള്ള ഓട്ടത്തിൽ ബന്ധങ്ങൾ പോലും പ്രഹസനം മാത്രം.. "ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ രണ്ടും " വീണ്ടും ദേവിക ചീറുമ്പോൾ സായി തിരിഞ്ഞു പോലും നോക്കിയില്ല.. സിത്തു വരാത്തത് വിളിച്ചു പറഞ്ഞില്ല എന്നാണ് ആരോപണം.. സത്യത്തിൽ അതല്ല കാരണം.. അച്ഛനെ പോയി കണ്ടു എന്ന മഹാ അപരാതം കൂടി മക്കൾ ചെയ്തു.. അത് അവർക്ക് സഹിക്കാൻ ആവുന്നില്ല..

അതിന് വേണ്ടി ആണ് ഇന്നത്തെ തുള്ളൽ.. "സായന്ത്‌... നീ ആണ് ഇവളെ കൂടി നാശമാക്കുന്നത്.. നിന്നെ പോലെ ആഭാസം കാണിക്കാൻ ഇവളെ ഞാൻ വിടില്ല " മുന്നിൽ വന്നിട്ട് ദേവിക പറഞ്ഞപ്പോൾ.. സായി ഒരു നിമിഷം കണ്ണ് അടച്ചു പിടിച്ചു.. കണ്മുന്നിൽ യാത്ര പറയുമ്പോൾ... കണ്ണീർ മറച്ചു പിടിച്ചിട്ട്... ചുവന്ന അച്ഛന്റെ കണ്ണുകൾ.. ആ മുഖം നിറഞ്ഞ വേദന.. എനിക്ക് നിങ്ങളോട് കൂടി ഇരുന്നിട്ട് മതിയായില്ല മക്കളെ എന്നുള്ള മൗനമായ വിലാപം.. എല്ലാം എല്ലാം... വീണ്ടും അവന്റെ മുന്നിൽ തെളിഞ്ഞു.. മനസ്സിന്റെ പിടി വിട്ടു പോകുന്നുണ്ട്.. ഇന്നോളം കാത്തു സൂക്ഷിച്ച ക്ഷമ മാറി നിന്നിട്ട് വെല്ലുവിളിക്കുന്നു.. ഇനിയും മിണ്ടാതെ ഇരിക്കുന്നത് കൊണ്ടോ.. എല്ലാം ശെരിയാകും എന്നുള്ള വിശ്വാസം കൊണ്ട് നടക്കുന്നത് കൊണ്ടോ യാതൊരു കാര്യവും ഇല്ല.. ഇത്രയും നാൾ കാത്തിരുന്നിട്ടും നടക്കാത്ത ആ അത്ഭുതം... ഇനി മൗനം കൊണ്ട് നേടി എടുക്കാനും ആവില്ല.. പ്രതികരണം പലപ്പോഴും മികച്ച പ്രതിരോധം തന്നെ ആണ്.. "നിന്റെ ഈ മൗനവും ക്ഷമയും തന്നെ ആണ് നിന്റെ അമ്മ മുതലെടുക്കുന്നത് "

കിരൺ ഇടയ്ക്കിടെ പറഞ്ഞു തരാറുണ്ട്.. "അതെങ്ങനെ... അച്ഛൻ എന്ന് പറയുന്ന മഹാൻ അല്ലേ അവന്റെ റോൾ മോഡൽ " ദേവിക പുച്ഛത്തോടെ പറയുമ്പോൾ സായി ചാടി എഴുന്നേറ്റു.. "അതേ... എന്റെ അച്ഛൻ തന്നെ ആണ് എന്റെ റോൾ മോഡൽ.. അതിന് അമ്മയ്ക്ക് വല്ലതും നഷ്ടമുണ്ടോ.." ചോദിക്കുമ്പോൾ അവന്റെ കണ്ണിൽ തീ ആയിരുന്നു.. സ്വരത്തിൽ അതിലും വലിയ ചൂട്.. ദേവിക പകച്ചുപോയി.. ഇങ്ങനൊരു സായി അവരുടെ സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല.. എന്ത് പറഞ്ഞാലും... ഒന്നോ രണ്ടോ വാക്ക് പറഞ്ഞിട്ട്... അതും വല്ലപ്പോഴും.. തിരിഞ്ഞു നടക്കുന്ന അവൻ.. ഇന്നിപ്പോൾ വാക്കുകൾ കൊണ്ട് മുഖത്തടിക്കുന്ന പോലെ.. അതിന്റെ ഒരു ഞെട്ടൽ അവരുടെ മുഖം നിറഞ്ഞു കാണാമായിരുന്നു.. സിത്തുവിന്റെ കണ്ണിലും അത്ഭുതം... താൻ കടുപ്പത്തിൽ വല്ലതും പറഞ്ഞാലും.. "അമ്മയല്ലേ സിത്തൂ... നീ വിട്ടു കള.. എല്ലാം ഒരിക്കൽ നേരെയാകും എന്ന് പറയാറുള്ളത് അവളുടെ ഓർമയിൽ തിങ്ങി.. അപ്പോഴും മുഖം നിറഞ്ഞ ദേഷ്യചുവപ്പോടെ സായി ദേവികയെ തുറിച്ചു നോക്കി നിൽക്കുന്നുണ്ട്....... തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story