ഇശൽ തേൻകണം: ഭാഗം 17

ishal then kanam

രചന: ജീഫ്‌ന നിസാർ

ഫോൺ അടിക്കുമ്പോൾ സായി തിരിഞ്ഞു നോക്കി.. അച്ഛൻ വിളിക്കുന്നു.. അവനെന്തോ.... ദേഷ്യം പെരുത്ത് കയറി.. അമ്മ വിളിച്ചിട്ട് വല്ലതും പറഞ്ഞു കാണും.. അതിന്റെ വിശദവിവരം അറിയാനുള്ള വിളി തന്നെ.. ഇതിങ്ങനെ ആദ്യം ഒന്നും അല്ലല്ലോ.. ഇവിടെന്തു നടന്നാലും അച്ഛനെ വിളിച്ചിട്ട് നാല് വാക്ക് പറയാതെ അമ്മയ്ക്ക് കലി അടങ്ങില്ല... അതിന് പുറകിൽ വിളിച്ചിട്ട് വിശേഷം മുഴുവനും അറിയാതെ അച്ഛനും... അടിച്ചു തീരും വരെയും സായി ഫോണിലേക്ക് തുറിച്ചു നോക്കി ഇരുന്നു.. അത് താനേ നിലച്ചു.. വീണ്ടും അവൻ കൈ കൊണ്ട് മുഖം താങ്ങി ഇരുന്നു.. ഇത്തിരി കഴിഞ്ഞു.. വീണ്ടും ഫോൺ ചിലമ്പൽ അവന്റെ കാതിൽ കുത്തി തുളച്ചു കയറി.. തല ചെരിച്ചു നോക്കി അവൻ പല്ല് കടിച്ചു.. സുധി വിളിക്കുന്നു.. അച്ഛൻ അല്ല... അവൻ ഒന്ന് ദീർഘശ്വാസം വിട്ടിട്ട് പതിയെ ഫോൺ എടുത്തു.. ഹലോ സായി.. സുധിയുടെ സ്വരം.... അടുത്ത് നിന്നെവിടെയോ അവൻ വിളിക്കും പോലെ.. സായി കണ്ണുകൾ അടച്ചു പിടിച്ചു.. പറ സുധി.. കണ്ണ് തുറക്കാതെ തന്നെ പറഞ്ഞു..

"എത്തിയിട്ട് വിളിക്കാൻ പറഞ്ഞത് നീ ഒരു മെസേജ് കൊണ്ട് ഒതുക്കി അല്ലേ..' സുധി പറയുമ്പോൾ ആ കണ്ണിലെ പരിഭവം നേരിട്ട് കാണും പോലെ.. സായി കൈ കൊണ്ട് നെറ്റി തടവി.. "എന്താടാ.. ചെന്നപ്പോൾ എന്തേലും പ്രശ്നം ഉണ്ടായോ " വീണ്ടും ചോദിച്ചു.. സായി ഒന്ന് ചിരിച്ചു.. "ഇല്ലെടാ... ഞാൻ.. ഞാൻ ഇച്ചിരി തിരക്കിൽ പെട്ട് പോയി.. അതാണ്‌... സോറി.." സായി പറയുമ്പോൾ അപ്പുറം സുധിയുടെ ചിരി കേൾക്കാൻ കഴിഞ്ഞു.. "ഞാൻ ഹോസ്പിറ്റലിൽ ആണെടാ.." സുധി പറയുമ്പോൾ സായിയുടെ നെറ്റി ചുളിഞ്ഞു.. കണ്ണുകൾ വലിച്ചു തുറന്നു.. "എന്ത് പറ്റിയെടാ നിനക്ക് " ആകുലതയോടെ ചോദിച്ചു.. "എനിക്കല്ല സായി.. കദ്ധീജുമാക്ക്.. നീ കണ്ടില്ലേ... ജാസ്മിയുടെ ഉമ്മ.. അൻവറിന്റെ..." സുധി പറയുബോൾ തട്ടം കൊണ്ട് പൊതിഞ്ഞ ഒരു മുഖം സായിയുടെ ഉള്ളിലേക്ക് ഓടി വന്നിട്ട് ചിരിച്ചു കാണിച്ചു.. "അവർക്ക്... അവർക്ക് എന്ത് പറ്റിയെടാ " ചാടി എണീറ്റ് കൊണ്ട് ചോദിക്കുമ്പോൾ ഹൃദയം അതി ശക്തമായി മിടിക്കുന്നത് സായി അറിയുന്നുണ്ട്. "അതൊന്നും പറയേണ്ട സായി...

അവർ ഇന്നലെ ജാസ്മി കാണാതെ റോഡിൽ ഇറങ്ങി ഓടി.. ചെന്ന് ചാടിയത് ഒരു കാറിന്റെ മുന്നിലേക്ക്... ഒന്നാമതെ വയ്യാത്ത ആളല്ലേ.. ICU വിൽ ആണ്.. ഇവിടെ ഡൗണിലെ ഹോസ്പിറ്റലിൽ ആണ്.. ഞാനും ജാസ്മിയും ഉണ്ട് കൂടെ... പുറത്ത് ഇരിക്കുവാ ഞാൻ.. അപ്പോഴാ നീ വിളിച്ചില്ലല്ലോ എന്നോർത്തത് " സുധി പറഞ്ഞപ്പോൾ നെഞ്ചിൽ ഒരു കല്ല് കയറ്റി വെച്ച ഫീൽ ആയിരുന്നു സായിക്ക്.. പിന്നെ സുധി പലതും പറഞ്ഞു.. അലസമായി മൂളി കേൾക്കുമ്പോൾ ഉള്ളിൽ ആ പിടക്കുന്ന മിഴിക്കുള്ളിലെ നീർ മുത്തുകൾ വീണ്ടും വീണ്ടും സായിയുടെ സ്വസ്ഥത കൊടുത്തി.. ഫോൺ വെച്ചിട്ടും ഉള്ളിലൂടെ ഒരു ഇരമ്പൽ.. പറയാൻ അറിയാത്ത ഒരു വിങ്ങൽ.. അവൻ വീണ്ടും ബെഡിൽ ഇരുന്നു.. അങ്ങോട്ട്‌ ഒന്ന് പോയാലോ... അതാണ്‌ ആദ്യം ഓർത്തത്.. എന്ത് പറഞ്ഞിട്ട് പോകും.. ഇവിടെ എന്തേലും പറയാം.. എന്ത് പറഞ്ഞാലും ചീത്ത വിളിക്കും വരുമ്പോൾ.. പക്ഷേ അവിടെ എന്ത് പറഞ്ഞിട്ട് കയറി ചെല്ലും.. രണ്ടു ദിവസം മുന്നേ പോന്നതാണ്.. വയ്യെന്ന് കേൾക്കുമ്പോൾ ഓടി ചെല്ലാൻ മാത്രം ആരുമല്ല അവിടെ ഉള്ളത്..

എന്നിട്ടും പിന്നെ എന്തിനാണ്.. അവന് ഭ്രാന്ത് പിടിക്കും പോലെ തോന്നി.. പോവാൻ വയ്യ... പോവാതിരിക്കാൻ ഒട്ടും വയ്യ... ഒരു തീരുമാനം എടുക്കാൻ ആവാതെ അവൻ എഴുന്നേറ്റു... ❤❤❤❤❤❤❤❤❤❤❤❤❤❤ ഫ്ലൈറ്റ് ഇറങ്ങി ചെല്ലുമ്പോൾ പോലും ചെയ്യുന്നത് ശെരിയോ തെറ്റോ എന്ന് സായിക്ക് അറിയില്ലായിരുന്നു.. ചിലപ്പോൾ തോന്നി... ഇത് മാത്രം ആണ് ശെരി.. മറ്റ് ചിലപ്പോൾ... അതിനുള്ളിലെ ശെരി കേടുകൾ മാത്രം പൊറുക്കി എടുത്തു കാണിച്ചു മനസ്സ്.. ടാക്സി വിളിച്ചിട്ട് കയറി ഇരിക്കുമ്പോൾ... തോളിൽ കിടന്ന ബാഗ് അവൻ മടിയിൽ എടുത്തു വെച്ചു.. പുറത്തേക്ക് നോക്കി.. നേരം വെളുത്തു വരുന്നേ ഒള്ളൂ.. നഗരം തിരക്കിൽ അലിഞ്ഞിട്ടില്ല.. കിരണിന്റെ ഫോണിലേക്ക് വിളിച്ചിട്ട് അത്യാവശ്യമായിട്ട് നാട്ടിൽ പോണം... ഒരു ടിക്കറ്റ് സംഘടിപ്പിച്ചു താ എന്ന് പറയുമ്പോൾ അവൻ വേറൊന്നും ചോദിക്കാതെ തന്നെ ഒക്കെ പറഞ്ഞിട്ട് വെച്ചു പോയി.. അവൻ ഇനി എന്തെങ്കിലും ചോതിച്ചാൽ തന്നെ കൊടുക്കാൻ ഒരു ഉത്തരം കരുതിയിട്ടില്ല.. പോണം... ഒറ്റക്കായി എന്ന് ഓർത്തു ഇരിക്കുന്ന ആ പെണ്ണിനെ എനിക്കൊന്ന് കാണണം.. അത് എന്തിനെന്നു ചോദിച്ചാൽ അവനറിയില്ല.. സീറ്റിലേക്ക് ചാരി കിടക്കുമ്പോൾ മുഴുവനും അവളായിരുന്നു മനസ്സിൽ.. ❤❤❤❤❤❤❤❤❤❤❤❤❤❤

ധൃതിയിൽ വണ്ടിയിൽ നിന്നും ഇറങ്ങി വരുന്ന സായിയെ കണ്ടപ്പോൾ സുധിയുടെ നെറ്റി ചുളിഞ്ഞു.. താഴേക്കു വാ എന്ന് പറഞ്ഞിട്ട് സുധിയെ വിളിക്കുമ്പോൾ അവന്റെ സ്വരം മുഴുവനും അത്ഭുതം ആയിരുന്നു.. ഇപ്പൊ നേരിട്ട് കണ്ടപ്പോൾ കണ്ണിലും.. സുധി വേഗം ഇറങ്ങി ചെന്നു... സായി പൈസ കൊടുത്തിട്ട് തിരിഞ്ഞപ്പോൾ സുധിയെ കണ്ടു.. "എങ്ങനെ ഉണ്ട് സുധി... ആൾക്ക് " സുധി വല്ലതും ചോദിക്കും മുന്നേ സായി ചോദിച്ചു.. "ബോധം വന്നിട്ടുണ്ട്.. കൈ ഒടിഞ്ഞു പോയി.. ICU വിൽ തന്നെ തുടരുന്നു.. വൈകുന്നേരം റൂമിൽ മാറ്റും " സുധി പറഞ്ഞപ്പോൾ സായിയുടെ മുഖം നിറഞ്ഞ ആശ്വാസം.. "നീ... എങ്ങനെ.. ഇത്ര പെട്ടന്ന് " സുധി ചോദിച്ചു.. "ഞാൻ... എനിക്ക് ഒരു യാത്ര ഉണ്ടായിരുന്നു.. അപ്പൊ ഒന്ന് കണ്ടിട്ട് പോവാ ന്ന് കരുതി.. ഞാൻ അറിയുന്ന ആളല്ലേ " ചുറ്റും നോക്കിയിട്ട് സായി പറയുമ്പോൾ സുധി അവനെ ഒന്നൂടെ കൂർപ്പിച്ചു നോക്കി.. സായി പക്ഷേ അവന്റെ നേരെ നോക്കിയില്ല.. മുകളിൽ ആണോ.. വാ " അക്ഷമയോടെ സായി ചോദിച്ചു.. കാലുകൾക്ക് മുന്നേ ഹൃദയം കുതിച്ചു പായും പോലെ.. വാ..

. പറഞ്ഞിട്ട് മുണ്ട് മടക്കി കുത്തി സുധി മുന്നോട്ട് നടന്നു.. പിറകിൽ സായിയും.. വലിയൊരു ഹോസ്പിറ്റൽ ആയിരുന്നു.. ആറോ ഏഴോ നിലകൾ കാണും.. സുധി ലിഫ്റ്റിന്റെ അരികിൽ നിന്നിട്ട് സായിയെ നോക്കി.. ചുറ്റും നോക്കി കൊണ്ടാണ് സായി നടക്കുന്നത്.. മുകളിൽ എത്തിയപ്പോൾ.. ദൂരെ നിന്ന് കൊണ്ട് തന്നെ സായി കണ്ടിരുന്നു... ചുവരിൽ ചാരി... ലോകം തന്നെ മറന്നെന്ന പോൽ ഇരിക്കുന്ന ജാസ്മിയെ.. അവനുള്ളം ആർദ്രമായി.. ഇത് വരെയും തോന്നിയ എരിച്ചിൽ അമർന്നത് പോൽ.. ആകെ ഒരു തണുപ്പ് അരിച്ചു കയറുന്നു.. കാലുകളുടെ വേഗത കുറഞ്ഞു.. കണ്ണുകൾ അവളിൽ മാത്രം കൊരുത്തിട്ടു.. ഡാ... സുധി വിളിച്ചപ്പോൾ സായി ഞെട്ടി കൊണ്ട് അവനെ നോക്കി.. "ഞാൻ പറഞ്ഞത് വല്ലോം നീ കേട്ടോ ഡാ " സുധി കണ്ണുരുട്ടി. സായി ഇല്ലെന്ന് തലയാട്ടി.. "ഏട്ടൻ വരുന്നുണ്ട്.. ഇന്ന് നാല് മണിക്ക്.. എന്നോട് തന്നെ എയർപോർട്ടിൽ ചെല്ലാൻ പറഞ്ഞിട്ടുണ്ട്... അതിനിടയിൽ അല്ലേ ഇതൊക്കെ " നടക്കുന്നതിനിടെ സുധി നെറ്റിയിൽ തടവുന്നുണ്ട്.. "ഈ പെണ്ണിനെ ഒറ്റക് ഇട്ടിട്ട് ഞാൻ എങ്ങനെ പോകും.. ഇല്ല്യാസ് ഇക്ക പനിച്ചു കിടപ്പാണ്.

. ഞാൻ വിളിച്ചിരുന്നു.. ഇങ്ങോട്ട് വരാൻ പറ്റാത്ത സാഹചര്യം ആണ് ആൾക്ക്.. എനിക്കാണേൽ..... അല്ലങ്കിൽ തന്നെ ഏട്ടന്റെ വക എന്നും ക്ലാസ് ഉണ്ട്.. പരോപകാരം എങ്ങനെ നിർത്താം എന്നതിനെ കുറിച്ച്.. ഇനി ഇപ്പൊ വിളിക്കാൻ കൂടി ചെന്നില്ലേ പിന്നെ അത് മതി.." സുധി പറയുമ്പോൾ സായി ജാസ്മിയെ ആണ് നോക്കിയത്... അവളൊന്നും അറിയുന്നില്ല.. ഒരേ ഇരിപ്പ്.. "ഒരു കാര്യം ചെയ്യ്.. നീ പോയിട്ട് വാ.. ഞാൻ ഉണ്ടല്ലോ ഇവിടെ " സായി പറയുമ്പോൾ സുധി അവന്റെ നേരെ നോക്കി.. എന്തേ... നോട്ടം കണ്ടപ്പോൾ സായി ചോദിച്ചു. ഒന്നും ഇല്ലെന്ന് സുധി തലയാട്ടി കാണിച്ചു.. "ഇന്നലെ വന്നതാ.. ഈ നേരം വരെയും ഒരു തുള്ളി വെള്ളം ആ പെണ്ണ് കുടിച്ചിട്ടില്ല സായി.. ഞാൻ ആവതും പറഞ്ഞു നോക്കി.. ഒരു രക്ഷയും ഇല്ല.. ഉമ്മയെ കണ്ടിട്ടേ വല്ലതും കഴിക്കൂ ന്ന്.. വൈകുന്നേരം ആവാതെ അകത്തേക്ക് കയറാനും സമ്മദം തരുന്നില്ല.." സുധി ജാസ്മിയെ നോക്കി പറയുമ്പോൾ സായി അവളെ നോക്കി.. ഒരു മാറ്റവുമില്ല.. അതേ ഇരിപ്പ് തന്നെ.. "ദൈവം ഇത്രയും ക്രൂരൻ ആണോട സായി.. ഇതിന് മാത്രം വേദന കൊടുക്കാൻ ആ പെണ്ണ് എന്ത് തെറ്റായിരിക്കും ചെയ്തിട്ടുള്ളത് "

സുധി പറയുമ്പോൾ... സായിയുടെ മനസ്സിലും അതേ ചിന്ത തന്നെ ആയിരുന്നു.. വേദനകൾ മാത്രം ഒരാൾക്ക് തന്നെ കൊടുക്കുന്ന നയം... "ആരും കൂട്ടില്ലാതെ... ഏട്ടൻ വരുന്നത് കൊണ്ട് അമ്മയ്ക്ക് എന്റെ കൂടെ വരാൻ ആയില്ല.. അവളുടെ മാമയ്ക്കും വരാൻ ആയില്ല.. പാവം... വന്നപ്പോൾ തുടങ്ങിയ ഇരിപ്പാണ് " സുധി പറയുമ്പോൾ... ഉള്ളിലൂടെ വീണ്ടും ഒരു നോവ് അരിച്ചു കയറുന്നു.. അവളുടെ വേദനകൾ എങ്ങനെയാണ് ഇത്രയും ആഴത്തിൽ സ്പർശിക്കുന്നത് എന്ന് മനസ്സിലായില്ല.. എങ്കിലും വേദനിക്കുന്നു.. "നീ പോയിട്ട് വാ സുധി.. ഇനി ചെല്ലാത്തത്തിന്റെ പേരിൽ ഒരു പ്രശ്നം ആവണ്ട " സായി പറയുബോഴും സുധിയുടെ മുഖം തെളിഞ്ഞിട്ടില്ല.. നീ വാ.. അവളോട്‌ പറയാം.. " വിളിച്ചിട്ട് സുധി നടന്നു.. പിറകെ സായിയും. ജാസ്മി... സുധി വിളിച്ചപ്പോൾ അവളൊന്നു നോക്കി. അത്ര തന്നെ. കണ്ണിലെ ഭാവത്തിൽ ഒരു മാറ്റവുമില്ല.. സായിയുടെ മുഖത്തും ഒരു നിമിഷം നോട്ടം തടഞ്ഞു.. അപ്പോഴും ഒരു മാറ്റവുമില്ല. "ഞാൻ... ഏട്ടൻ വരുന്നുണ്ട് ജാസ്മി. വൈകുന്നേരം. എയർപോർട്ടിൽ പോണം.. ഇവിടെ ഇവനുണ്ട്..

ഏട്ടനെ വീട്ടില് ആക്കിയിട്ട് ഞാൻ ഉടനെ വരാം " സുധി പറയുമ്പോൾ അവൾ ഒന്ന് കണ്ണ് ചിമ്മി.. "പോയിട്ട് വാ സുധിയേട്ടാ " അത്രയും പറഞ്ഞിട്ട് വീണ്ടും കണ്ണുകൾ അടച്ചു.. ഒരു നിമിഷം കൂടി ആ മുഖത്തു നോക്കി നിന്നിട്ട് സുധി സായിയെ നോക്കി.. "പോയിട്ട് വാടാ.. ഞാൻ ഉണ്ടാവും ഇവിടെ.. ടെൻഷൻ ആവണ്ട " സായി അവന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു.. ഒന്ന് ചിരിച്ചിട്ട് സുധി നടന്നു മറഞ്ഞു. സായി ജാസ്മിയെ നോക്കിയിട്ട് പുറത്തേക്ക് നടന്നു.. തിരിച്ചു വന്നപ്പോൾ അവന്റെ കയ്യിൽ ഒരു പേക്ക് ബ്രടും ഒരു കുപ്പി വെള്ളവും ഉണ്ടായിരുന്നു.. ജാസ്മികരികിലെ കസേരയിൽ ചെന്നിരുന്നു.. ജാസ്മി....പതിയെ വിളിച്ചു.. കണ്ണ് തുറക്കാതെ തന്നെ അവൾ ഒന്ന് മൂളി.. ദാ... ഇത് കഴിക്ക്. " കയ്യിലുള്ള പേക്ക് അവളുടെ മടിയിൽ വെച്ചു കൊടുത്തു.. ജാസ്മി കണ്ണ് തുറന്നു.. വെള്ളം നീട്ടി കൊണ്ട് പുഞ്ചിരിക്കുന്നവനിൽ ഒരു നിമിഷം നോട്ടം തടഞ്ഞു.. എനിക്ക് വേണ്ട... പതിയെ പറയുമ്പോൾ സായി അവളെ അലിവോടെ നോക്കി.. "എന്താടോ ഇത്.. ഇങ്ങനെ ഇരിക്കുന്നത് കൊണ്ട് അസുഖം കുറയുമോ.. ഉമ്മ പുറത്ത് വരുമ്പോൾ ഇയാൾ വീണു പോവില്ലേ.. ഇന്നലെ മുതൽ ഒന്നും കഴിച്ചില്ലെന്നു പറഞ്ഞു.. " ജാസ്മിയെ നോക്കി സായി പറഞ്ഞു.. "ഒന്നും ഉണ്ടാവില്ല.. ഇതിനേക്കാൾ വലിയ ദുരന്തം ഒറ്റയ്ക്ക് നേരിട്ട ആളല്ലേ..

ഇങ്ങനെ തളർന്നു പോയാലോ.." സായി പറയുമ്പോൾ ഒരു കുഞ്ഞു ചിരി അവളിൽ തെളിഞ്ഞു.. "ഒരുപാടൊന്നും വേണ്ട.. ഇച്ചിരി കഴിക്ക്.. ഉമ്മ വന്നിട്ട് നന്നായി കഴിച്ച മതി.. ഇപ്പൊ എന്റെ ഒരു സമാധാനത്തിന് വേണ്ടി.. പ്ലീസ്... സുധി എന്നെ ഏല്പിച് പോയതാ..പ്ലീസ്.. ഇച്ചിരി കഴിക്ക് " അപേക്ഷിക്കുന്നു... താൻ കഴിക്കാൻ.. ജാസ്മി സായിയെ നോക്കി.. അവൾക്കെന്തോ പെട്ടന്ന് കരച്ചിൽ വന്നിരുന്നു.. അറിയപ്പെടുന്ന ഗായകൻ ആണെന്ന് സുധി ഏട്ടൻ പറഞ്ഞു തന്നിരുന്നു.. അതിന്റെ ജാഡ ഒന്നും ഇല്ലെന്നും. ഇതിപ്പോൾ... ആരും അല്ലാത്ത തനിക്കു വേണ്ടി... ഇവിടെ ഇരിക്കുന്നു.. ഭക്ഷണം കഴിക്കാൻ അപേക്ഷിക്കുന്ന പോൽ പറയുന്നു.. അവളുടെ കണ്ണ് നിറഞ്ഞു.. മടിയിലെ പേക്ക് തുറന്നിട്ട്‌ അതിലൊരു കഷ്ണം എടുത്തു കടിക്കുമ്പോൾ കണ്ണീർ കൂടി രുചി പകർന്നു.. "എന്തിന് വേണ്ടി ആണേലും.. ഭക്ഷണത്തിന്റെ മുന്നിൽ ഇരുന്നിട്ട് കണ്ണ് നിറയ്ക്കരുത് " ശാസന പോൽ സായി പറഞ്ഞു.. ജാസ്മി വേഗം പുറം കൈ കൊണ്ട് കവിൾ തുടച്ചു. "ഇപ്പൊ കുഴപ്പമൊന്നും ഇല്ലെന്ന് സുധി പറഞ്ഞു.. ഇനിയും എന്തിനു കരയുന്നു..

വൈകുന്നേരം റൂമിലേക്കു മാറ്റുമല്ലോ.." ആശ്വാസിപ്പിക്കുന്ന പോലെ സായി പറഞ്ഞു.. "ഞാൻ... ഞാൻ ശ്രദ്ധിചില്ല.. അത് കൊണ്ടാണ്..." കുറ്റബോധത്തോടെ ജാസ്മി പറയുമ്പോൾ സായി അവളെ നോക്കി.. വീണ്ടും കണ്ണീർ കവിളിൽ പടരുന്നു.. "എന്നാര് പറഞ്ഞു.. എത്ര നന്നായി നോക്കുന്നുണ്ട് നീ.. ഈ പ്രായത്തിൽ ആർക്കും ഇങ്ങനൊന്നും കഴിയില്ല.. ജാസ്മി മിടുക്കിയല്ലേ.." സായി പറയുമ്പോൾ ജാസ്മി അവന്റെ നേരെ നോക്കി.. "നിന്റെ തെറ്റാണ് എന്നൊന്നും കരുതണ്ട... ഇതിങ്ങനെ ഒക്കെ നടക്കാൻ വിധി ഉണ്ടായിരുന്നു.. വയ്യാത്ത ഉമ്മയെ നീ ഇപ്പോഴും ചേർത്ത് പിടിക്കുന്നില്ലേ ജാസ്മി.. നിനക്ക് വേണേൽ ഹോസ്പിറ്റലിൽ കൊണ്ട് ചെന്നാക്കി.. നിന്റെ പാട് നോക്കി പോകാമായിരുന്നു... ചെയ്തില്ലല്ലോ.. അതാണ്‌ ഞാൻ പറഞ്ഞത്.. ആ ഉമ്മാന്റെ ഭാഗ്യമാണ്... നീ എന്ന മകൾ " സായി പറയുമ്പോൾ... ജാസ്മിയുടെ പിടി വിട്ട് പോയിരുന്നു..

കൈ കൊണ്ട് വാ പൊതിഞ്ഞു പിടിച്ചു പൊട്ടി കരയുന്നവളെ കാണുമ്പോൾ ഹൃദയം വീണ്ടും മുറിഞ്ഞിട്ട് ചോര കിനിയും പോലെ.. സായി ചുറ്റും നോക്കി.. അധികം ആളുകൾ ഒന്നും തന്നെ ഇല്ല.. ഉള്ളവർ തന്നെ ഇങ്ങോട്ട് ശ്രദ്ധിക്കുന്നില്ല.. കരയാതെ... പ്ലീസ് ജാസ്മി.. സായി പതിയെ പറഞ്ഞു.. എന്നിട്ടും അവൾക്ക്‌ സങ്കടത്തിന്റെ കടൽ തടഞ്ഞു നിർത്താൻ ആയില്ല.. പ്ലീസ്... ആളുകൾ നോക്കുന്നു.. " സായി വീണ്ടും തോളിൽ പിടിച്ചിട്ട് പതിയെ പുറത്ത് തട്ടി കൊടുത്തു പറയുമ്പോൾ... അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു വെച്ചവൾ മറ്റെല്ലാം മറന്നു കരയുമ്പോൾ.. ചേർത്ത് പിടിക്കാനും... തള്ളി മാറ്റാനും കഴിയാത്ത വിധം പകച്ചുപോയിരുന്നു അവനും....... തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story