ഇശൽ തേൻകണം: ഭാഗം 21

ishal then kanam

രചന: ജീഫ്‌ന നിസാർ

ഇരിക്ക് പ്രണവ് " ചിരിച്ചു കൊണ്ട് കൈ നീട്ടി സായി പറയുമ്പോൾ... അതേ ചിരിയോടെ തന്നെ പ്രണവും കൈകൾ നീട്ടി.. സായിയുടെ ഫോൺ ബെല്ലടിച്ചപ്പോൾ രണ്ടാളും ഒരുമിച്ചു നോക്കി.. സിത്തുവാണ്.. ഇതിപ്പോൾ മൂന്നാമത്തെ വിളിയാ..' കണ്ണോന്നടച്ച് കൊണ്ട് സായി പറയുമ്പോൾ പ്രണവ് ചിരിയോടെ നോട്ടം മാറ്റി.. "എത്തിയെടി പെണ്ണെ.. ഇല്ല.. ഇപ്പൊ വന്നൊള്ളു.. നീ വെക്ക്.. ഞാൻ വിളിച്ചോളാം " സായി പറയുന്നതും കാതോർത്തു ഇരിക്കുമ്പോൾ... മറുവശത്തെ ടെൻഷൻ നിറഞ്ഞ മുഖം...പ്രണവിന്റെ ഓർമയിൽ എത്തി. സുഖമുള്ളൊരു തണുപ്പ് പടർന്നു കയറുന്നു. അതവളുടെ സ്നേഹം തന്നെ അല്ലേ.. തുറന്നു പറയാതെ ഉള്ളിൽ ഒളിപ്പിച്ചു കൊണ്ട് നടന്നു.. ഇന്നിപ്പോൾ ഇവിടെന്തു തീരുമാനം എടുക്കും എന്നോർക്കുമ്പോൾ.... അവളിൽ ടെൻഷൻ ഉണ്ടങ്കിൽ... ഈ സ്നേഹം എന്നൊന്നും ഹൃദയത്തോട് ചേർത്ത് വെക്കാൻ അവളും അത്രമേൽ കൊതിക്കുന്നുണ്ടാവില്ലേ.. കോഫി പറയട്ടെ പ്രണവ്.. ഫോൺ ഓഫ് ചെയ്തിട്ട് സായി ചോദിക്കുമ്പോൾ.. വേണ്ട സായി..

ഞാൻ ഇപ്പൊ ഫുഡ്‌ കഴിഞ്ഞു ഇറങ്ങിയതേ ഒള്ളു " പ്രണവ് പറഞ്ഞു.. സായിയുടെ ഓഫീസിൽ ആണ് രണ്ടാളും.. എനിക്കൊന്ന് കാണണം എന്ന് സായി പറഞ്ഞപ്പോൾ അത് അവനും പ്രതീക്ഷിക്കുന്നു എന്ന് സായിക്കും അറിയാം.. ഞാൻ നിന്റെ ഓഫീസിൽ വരാം" എന്ന് പറഞ്ഞതും പ്രണവ് തന്നെ ആണ്.. "എങ്ങനെ പോകുന്നു... ബിസിനസ് ഒക്കെ " സായി വീണ്ടും ചോദിച്ചു.. "കുഴപ്പമില്ല സായി... നന്നായി തന്നെ പോകുന്നുണ്ട്.. ഇപ്രാവശ്യം പുതിയൊരു ഷോപ്പ് കൂടി ഓപ്പൺ ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ഏകദേശം ശെരിയായി വരുന്നുണ്ട് " പ്രണവ് പറഞ്ഞു.. All the best" സായി ആശംസകൾ പറഞ്ഞപ്പോൾ പ്രണവ് ചിരിച്ചു കൊണ്ട് സ്വീകരിച്ചു.. വീണ്ടും വാക്കുകൾ മുറിഞ്ഞു.. മൗനം കടന്ന് വന്നു.. എങ്ങനെ തുടങ്ങുമെന്നൊരു കൺഫ്യൂഷൻ രണ്ടാൾക്കും ഉണ്ട്.. പറയേണ്ട കാര്യം വെക്തമായി മനസ്സിൽ ഉണ്ടെങ്കിലും ഒരു തുടക്കം കിട്ടാതെ ഉയറി.. "സിത്തു എന്നോട് കാര്യങ്ങൾ എല്ലാം പറഞ്ഞു " ഒടുവിൽ സായി ആണ് തുടങ്ങി വെച്ചത്.. "കുറച്ചു നാളായി ഞാൻ ഇത് പറഞ്ഞു നടക്കുന്നു..

എന്നിൽ നിന്നും ഒളിച്ചു കളിക്കുവാ... ഒടുവിൽ പിടിച്ചു വെച്ച് ചോദിച്ചപ്പോൾ... ഏട്ടനോട് ചോദിച്ചിട്ട് പറയാം എന്ന് പറഞ്ഞിട്ട് രക്ഷപെട്ടു " പ്രണവ് പറയുമ്പോൾ സായി ചിരിച്ചു.. "ഒരു പാതി വേണം എന്ന് തോന്നുമ്പോൾ എനിക്കവളെ ഓർമ വരും.. ഞാൻ അറിയാവുന്ന പെണ്ണല്ലേ... എനിക്ക് നല്ലൊരു കൂട്ടാവും എന്നെനിക്ക് ഉറപ്പുണ്ട്.. അവൾ ആഗ്രഹിക്കുന്ന പോലെ അവൾക്കൊപ്പം എന്നെ ചേർത്ത് വെക്കാൻ... ഒരുപാട് കൊതിയുണ്ട്.. നിങ്ങളുടെ അനുഗ്രഹം ഉണ്ടെങ്കിൽ " പ്രണവ് പറയുമ്പോൾ.. സായിയുടെ മനസ്സ് നിറഞ്ഞു.. അവൻ പറഞ്ഞത് പോലെ... അറിയാവുന്ന ആളുകൾ തന്നെ.. സ്നേഹമുള്ള പയ്യൻ.. പക്ഷേ വിവാഹജീവിതത്തിന് ആ അറിവ് പോരാ.. ചിലപ്പോൾ... ചിലരെ ഇരുട്ടിലേക്കും.. ചിലരെ ഇരുട്ടിൽ നിന്ന് വെളിച്ചതിലേക്കും വലിചിഴക്കുന്ന ചടങ്ങ് കൂടി ആണ് അത്.. വിധിയെന്നും ഭാഗ്യമില്ലായ്മ എന്നും മുദ്ര കുത്താൻ എളുപ്പമാണ്.. അതിനും അപ്പുറം... പ്രണയത്തിന്റെ വികാരങ്ങളെ മാറ്റി നിർത്തിയിട്ടു... വിവേകത്തെ കൂട്ട് പിടിച്ച്.. ഒന്നിച്ചു ചേർന്ന് പോകാൻ പറ്റുന്നവരാണോ എന്ന് ഒന്നല്ല..

. ഒരായിരം പ്രാവശ്യം ചിന്തിച്ചു നോക്കണം.. ഡ്രസ്സ്‌ മാറും പോലുള്ള ലാഘവത്തോടെ ബന്ധങ്ങൾ മാറുന്ന ജനതയുടെ മറ്റൊരു മുഖം.. "സായി.." പ്രണവ് വിളിക്കുമ്പോൾ സായി മുഖം ഉയർത്തി നോക്കി.. "ഒന്നും പറഞ്ഞില്ല " പ്രണവ് ഓർമിപ്പിച്ചു.. ആ മുഖം നിറഞ്ഞ ടെൻഷൻ. "നീ പറഞ്ഞത് പോലെ തന്നെ.. എനിക്കറിയാവുന്ന ആളല്ലേ നീ.. നിന്റെ ഫാമിലി.. പക്ഷേ ജീവിതം തുടങ്ങാൻ ആ അറിവ് മാത്രം പോരാ... നന്നായി ആലോചിച്ചു വേണം മുന്നോട്ട് പോകാൻ.. അവൾക്കു നിന്നെയും.. നിനക്കവളെയും ഉൾകൊള്ളാൻ... ആവുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം ഇത് വിവാഹത്തിൽ എത്തിക്കുക.. ഇപ്പൊ നിങ്ങൾ അംഗീകരിച്ച ഒന്നും.. ഒന്നായത്തിന് ശേഷം... നിങ്ങൾക്ക് അസെപ്റ്റ് ചെയ്യാൻ ആവാതിരിക്കരുത്.." പറയുമ്പോൾ സായിയുടെ മനസ്സിൽ അച്ഛന്റെയും അമ്മയുടെയും മുഖം തന്നെ ആയിരുന്നു... "മരം ചുറ്റി പ്രേമിച്ചു നടക്കാനൊന്നും എനിക്കറിയില്ല സായി.. കല്യാണത്തിന് സമയം ആയെന്ന് അമ്മ ഓർമിപ്പിച്ചത് മുതൽ... എന്റെ മനസ്സിൽ അവളുണ്ട്..

ആദ്യം പറഞ്ഞതും അവളോടാണ്.. ആ കൂടെ എന്നും ഉണ്ടാവണം എന്ന് തന്നെ ആണ് ആഗ്രഹം " ഉറപ്പോടെ പ്രണവ് പറയുമ്പോൾ സായിയുടെ മുഖം തെളിഞ്ഞു... "അവൾ പഠിക്കുവാണ്... അറിയാലോ.. ഒത്തിരി ഒന്നും ഇല്ലേലും ഇച്ചിരി സ്വപ്നങ്ങൾ ഉള്ള പെണ്ണാണ് " സായി പറഞ്ഞു.. "ആ സ്വപ്നങ്ങൾ ഞങ്ങൾ ഒരുമിച്ചു നേടി എടുക്കും സായി " പ്രണവ് പറഞ്ഞു.. സായി ചിരിച്ചു.. "വീട്ടിൽ ഞാൻ സംസാരിച്ചു നോക്കട്ടെ.. താനും ഒന്ന് സൂചിപ്പിച്ചു വെച്ചേക്ക്.." അവൻ പറയുമ്പോൾ പ്രണവ് ആശ്വസത്തോടെ തലയാട്ടി.. തന്റെ ആഗ്രഹങ്ങൾക്ക് തന്നെ എപ്പോഴും മുൻ‌തൂക്കം കൊടുക്കുന്ന അച്ഛനെയും അമ്മയെയും കുറിച്ച് പ്രണവ് ആശ്വാസം കൊള്ളുമ്പോൾ.. ഇനി ഇത് പറയുമ്പോൾ ഉണ്ടായേക്കാവുന്ന വൻ കലാപങ്ങൾ ഓർക്കേ സായിയുടെ മനസ്സിടിഞ്ഞു പോയിരുന്നു.. തമ്മിൽ ചെളി വാരി എറിയാൻ അവർക്കൊരു കാരണം കൂടി കിട്ടും.. പിന്നെയും പ്രണവ് പറയുന്നുണ്ട്... ജോലിയെ കുറിച്ച്... പാട്ടിനെ കുറിച്ച് എല്ലാം ചോദിക്കുന്നുണ്ട്.. അവനോട് എല്ലാത്തിനും മറുപടി പറയുന്നുണ്ട്.

അപ്പോഴും മനസ്സൊരു തീരുമാനമെടുക്കാൻ ആവാതെ ഉഴറുന്നത് സായി അറിയുന്നുണ്ട്. സിത്തുവിന്റ സന്തോഷമാണ് വലുത്.. അതിന് വേണ്ടി എന്തും ചെയ്യും എന്ന് സ്വയം പറഞ്ഞു നോക്കുമ്പോഴും.. അതങ്ങനെ വീട്ടിൽ പറഞ്ഞു ബോധ്യപെടുത്തും എന്നതാണ് മുന്നിലെ വെല്ലുവിളി.. അവസാനം സന്തോഷത്തോടെ കെട്ടിപിടിച്ചു ചിരിച്ചു കൊണ്ട് പ്രണവ് യാത്ര പറഞ്ഞു പിരിയുമ്പോഴും... സായി അതേ ഇരുപ്പ് തുടർന്നു... സീറ്റിലേക്ക് ചാരി കണ്ണടച്ച് കൊണ്ട്.. ഫോൺ ബെല്ലടിക്കുമ്പോൾ... അത് സിത്തു ആണെന്ന് തീർച്ചപെടുത്തി... ഒന്ന് നോക്കുക കൂടി ചെയ്യാതെ അതെടുത്തു ചെവിയോട് ചേർത്തു.. "ഒന്നുല്ലടാ... ഏട്ടൻ.. പറഞ്ഞിട്ടുണ്ട് അവനോട്.. നീ ടെൻഷൻ ആവണ്ട.. പ്രണവ് നല്ല പയ്യനല്ലേ...ഞങ്ങൾ സംസാരിച്ചു.." കണ്ണ് അടച്ചു പിടിച്ചു പറഞ്ഞിട്ടും മറുവശം അനക്കമില്ല.. നേർത്ത ശ്വാസം കേൾക്കുന്ന പോലെ.. അവൻ കണ്ണ് തുറന്നിട്ട്‌ നെറ്റി ചുളിച്ചു കൊണ്ട്.. ഫോൺ നേരെ പിടിച്ചു നോക്കി..സിത്തു അല്ല. ഒരു നമ്പർ ആണ്.. ഹലോ... സായി പറയുമ്പോൾ അപ്പുറത്തെ ഹലോ...

അൽപ്പം പതറി കൊണ്ടുള്ളതാണ് അവന്റെ ഉള്ളിലൊരു തണുപ്പ് പടർന്നു.. നെഞ്ച് വല്ലാത്ത മിടിപ്പ്.. ജാസ്മി... വിളിക്കുമ്പോൾ അവൾ ആയിരിക്കും അപ്പുറം എന്നവന് ഉറപ്പുള്ളത് പോലെ.. അതെങ്ങനെ എന്ന് ചോദിക്കുമ്പോൾ അവന് ഉത്തരം ഇല്ലായിരിക്കും.. ഒരു മൂളൽ ആണ് ഉത്തരം വന്നത്... അവന്റെ ആഹ്ലാദം എത്രയോ അധികമായിരുന്നു. നമ്പർ കൊടുത്തു പോരുമ്പോൾ... യാതൊരു ഉറപ്പും ഇല്ലായിരുന്നു.. അവൾ വിളിക്കുമെന്ന്. ഇനി വീണ്ടും എന്തെങ്കിലും പ്രശ്നം ഉണ്ടായി കാണുമോ.. പെട്ടന്ന് ആ ഓർമയാണ് സായിയിൽ പാഞ്ഞു കയറിയത്.. "എന്തേ... എന്തെങ്കിലും പ്രശ്നം ഉണ്ടോ ജാസ്മി " വെപ്രാളത്തോടെ അവൻ ചോദിച്ചു.. "ഒന്നുല്ല.. ഇവിടുത്തെ... ഇവിടുത്തെ ബില്ല് മുഴുവനും കൊടുത്തെന്നു പറയുന്നു ഇവര്.. ഞാൻ എത്രയായി എന്ന് ചോദിക്കാൻ വന്നപ്പോൾ..സായന്ത് സർ തന്നെന്നു പറഞ്ഞു...അതൊന്ന്.. ചോദിക്കാൻ... വിളിച്ചതാ " വിക്കി കൊണ്ട് ഒരു നിമിഷത്തെ മൗനം മുറിച്ചു കൊണ്ട് അവൾ പറയുമ്പോൾ ആ സ്വരത്തിലെ പരിഭ്രമം അവൻ അറിയുന്നുണ്ട്.. അതാണ്‌ കാര്യം.. അവന് ആശ്വാസം തോന്നി. വേറെ കുഴപ്പമൊന്നും ഇല്ലെന്ന് അറിഞ്ഞ സമാധാനം നിറഞ്ഞിരുന്നു അവനിൽ ആ നിമിഷം.. ഹലോ... ഉത്തരം കിട്ടാഞ്ഞിട്ടാവും വീണ്ടും അവൾ വിളിക്കുന്നുണ്ട്..

"ഞാൻ കേൾക്കുന്നുണ്ട് ജാസ്മി " സായി ചിരിച്ചു കൊണ്ട് പറഞ്ഞു. മറുവശം അനക്കമില്ല.. "ഉമ്മാനെ ഡിസ്ചാർജ് ചെയ്‌തോ.." സായി ചോദിച്ചു.. "മ്മ്.. ഇന്ന് വൈകുന്നേരം പോവാൻ പറഞ്ഞു.." അപ്പുറത്തെ മറുപടി.. അവൻ കസേരയിൽ ചാരി കിടന്നു.. ചുണ്ടിൽ ഒരു ചിരി സ്ഥാനം പിടിച്ചു. "ബില്ല് കൊടുത്തോ.." വീണ്ടും ജാസ്മിയുടെ ചോദ്യം.. "കൊടുത്തു... എന്തേ... കൊടുക്കണ്ടായിരുന്നോ " സായി അൽപ്പം കുസൃതിയോടെ ചോദിക്കുമ്പോൾ ഉത്തരമില്ല. അവനൊന്നു ശ്വാസം അമർത്തി പിടിച്ചു.. മറുവശം ഫോൺ ചെവിയിൽ ചേർത്ത് പിടിച്ചിട്ട് പിടക്കുന്ന മിഴിയോടെ പതറി കൊണ്ട് നോക്കുന്ന പെണ്ണിനെ അവൻ ആ മുറിയിൽ... അവന്റ കണ്മുന്നിൽ കണ്ടു. "തന്നോട് ചോദിക്കാതെ ചെയ്തു... ചോദിച്ചാലും വേണ്ടന്ന് പറയില്ലേ..ആരോടും ചോദിച്ചില്ല.. ഉമ്മയോട് ചെവിയിൽ പറഞ്ഞിരുന്നു ഞാൻ.. കൊടുക്കുന്നുണ്ട് എന്ന് " സായി വീണ്ടും പറയുമ്പോഴും അനക്കമില്ല.. അടക്കി പിടിക്കാൻ അവളെത്ര ശ്രമിച്ചിട്ടും... ഉയർന്നു കേൾക്കുന്ന ശ്വാസം... അവൾ അപ്പുറം തന്നെ ഉണ്ടെന്ന് അവന് ഉറപ്പാക്കി കൊടുത്തു.. "എനിക്കറിയാം ജാസ്മി..നിന്റെ അവസ്ഥയെ..അത് കൊടുക്കാൻ നീ ആരോടെങ്കിലും പോയി കൈ നീട്ടണ്ടേ. അല്ലങ്കിൽ സുധി കൊടുക്കും...

ഇതിപ്പോൾ എന്റെ കയ്യിൽ കാശ് ഉണ്ടായിരുന്നു ആ സമയം.. അപ്പൊ ഞാൻ കൊടുത്തു.. അതിലെന്താണ് ഇത്രയും തെറ്റ് " പരിഭവം പോലെ സായി ചോദിച്ചു.. ജാസ്മി.... മറുപടി കിട്ടാഞ്ഞ് സായി വിളിച്ചു നോക്കി.. ഒരു മൂളൽ മാത്രം. "വെറുതെ തന്നതല്ല കേട്ടോ അത്.. പഠിച്ചു IAS ഒക്കെ എടുത്തിട്ട് വല്ല്യ ജോലികാരി ആവുമ്പോൾ ഞാൻ വരും ഒരു ദിവസം... എന്റെ കാശ് കടം തന്നത് തിരികെ മേടിക്കാൻ.." ചിരിച്ചു കൊണ്ട് സായി പറയുമ്പോൾ... അനക്കമില്ല.. "വിഷമിക്കാതെ... ഉമ്മയെ കൂട്ടി വീട്ടിൽ പോവാൻ നോക്ക്.. എന്ത് ആവിശ്യം ഉണ്ടേലും വിളിക്കാൻ മറക്കരുത്.. ഇച്ചിരി ദൂരെ ആണേലും ഞാൻ ഉണ്ട് കൂടെ " അങ്ങനെ പറയുമ്പോഴും... വേണ്ടന്ന് പറയുന്ന മനസ്സിനെ സായി മൈന്റ് ചെയ്തില്ല.. ജാസ്മി... നീ കേൾക്കുന്നുണ്ടോ.. " വിളിച്ചു ചോദിക്കുമ്പോൾ.. ഉണ്ടെന്ന് മറുപടി പറയുന്നവളിൽ പുതിയൊരു ഊർജം അവൻ തിരിച്ചറിഞ്ഞു.. കൂടെ ഉണ്ടെന്ന് പറയുമ്പോൾ.. അത് ആത്മാർത്ഥമാണെന്ന് തിരിച്ചറിയുമ്പോൾ ഉണ്ടാകുന്ന മാറ്റം. ഭക്ഷണം കഴിച്ചോ... " വീണ്ടും സായി ചോദിച്ചു.. അതിനും മൂളൽ മാത്രം. സുധി ഇല്ലേ അവിടെ.. "

സായിയുടെ ചോദ്യത്തിന് ഉണ്ടെന്ന് മറുപടി കിട്ടി.. വീണ്ടും മൗനം.. ഇത്തിരി നേരം അവനും മൗനം കൂട്ട് പിടിച്ചു.. വെക്കട്ടെ... " ഇടയിൽ കേട്ടൊരു ചോദ്യം.. വേണ്ടന്ന് സായി മറുപടി പറയുമ്പോൾ അവനൊരു കുസൃതികാരനായി മാറിയിരിക്കുന്നു.. മനസ്സിൽ നിന്നും മറ്റെല്ലാം മറന്നു പോയിരുന്നു.. അവനും അവളും മാത്രം ഉള്ളൊരു ലോകം.. "ഞാൻ വിളിക്കട്ടെ... വിശേഷങ്ങൾ അറിയാൻ.. ബുദ്ധിമുട്ട് ആവുമോ " പതിയെ സായി ചോദിക്കുമ്പോൾ.. ഒരു നിമിഷം കഴിഞ്ഞു കിട്ടിയ മൂളൽ ആയിരുന്നു ഉത്തരം.. അതിൽ പോലും ഒരുപാട് സ്നേഹം ഉള്ളത് പോലെ.. വെക്കുവാ ട്ടോ " സായിക്ക് ചിരി വന്നിരുന്നു.. വെച്ചിട്ട് പോവാൻ അവളും ആഗ്രഹിക്കുന്നില്ലെന്ന് അവന് തോന്നി.. "ഇശൽ തേൻ കണം ചോരുമാ നിന്റെ ചുണ്ടിൽ..... ഗസൽ പൂക്കൾ എന്നെ കലാകരാനാക്കി " പെട്ടന്ന് തോന്നിയ ഒരു ആവേശത്തിൽ അവൻ പാടി കൊടുക്കുമ്പോൾ മറുവശം ശ്വാസം പോലും അടക്കി പിടിച്ച് ഏറെ കൊതിയോടെ അവളും കാതോർത്തു നിൽക്കുന്നുണ്ട്... ❤❤❤❤❤❤❤❤❤❤❤❤❤❤

കോളിങ് ബെൽ അടിക്കുമ്പോൾ സിത്തുവിന്റെ കൈകൾ സായിയുടെ മേൽ മുറുകി.. എന്താണ് സിത്തു " അവൻ ഇരുന്ന് കൊണ്ട് തന്നെ അവളെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു.. അച്ഛൻ... അച്ഛൻ വന്നെന്ന് തോന്നുന്നു.. പതിയെ വിറയലോടെ സിത്തു പറയുമ്പോൾ സായിക്ക് ചിരി തന്നെ ആയിരുന്നു.. നേരിടാൻ തന്നെ ഉള്ള് കൊണ്ട് ഉറച്ചവന് പിന്നെ എന്ത് പേടിക്കാൻ. ഗ്യാലറിയിൽ ഇരുന്നിട്ട് വെറുതെ കളി കാണുകയായിരുന്നു ഇത് വരെയും.. അവിടെ ഇരുന്നു വെറുതെ കയ്യടിച്ചു... കൂവി തോൽപ്പിക്കാൻ ശ്രമിച്ചു.. അതിൽ നിന്നും ഒരു കാര്യം മനസ്സിലായി.. അവിടെ ഇരുന്നാൽ ഒരിക്കലും കളി ജയിക്കുന്നതിന്റെ ലഹരി അറിയാൻ കഴിയില്ല.. അതിന് കളത്തിൽ ഇറങ്ങി കളിക്കണം.. ലക്ഷ്യം മാത്രം ഫോകസ് ചെയ്തിട്ട്... സ്വയം മറന്നു കളിക്കണം. എല്ലാം പറയാൻ മനസ്സിൽ ഉറപ്പിച്ചിട്ട് ജയനെ വിളിക്കുമ്പോൾ... വീട്ടിലേക്ക് തന്നെ വരാൻ പറയുമ്പോൾ... അവന്റെ സ്വരത്തിലെ മാറ്റം അറിഞ്ഞാവും.. മറുതൊന്നും പറയാതെ അയാൾ വരാമെന്നു പറഞ്ഞു.. ദേവിക പോയി വാതിൽ തുറന്നു കൊടുക്കുന്നത് കാണുമ്പോൾ സിത്തു വിറക്കുന്നുണ്ട്... സായി അലിവോടെ അവളെ നോക്കി.. അച്ഛൻ വന്നു... സായിയെ നോക്കി പറയുമ്പോൾ ആ കണ്ണിലെ പേടി അവനും കണ്ടിരുന്നു..

"അച്ഛൻ വരണം... അച്ഛനും അമ്മയും കൂടിയിട്ടാണ് മക്കളുടെ കാര്യം തീരുമാനം എടുക്കേണ്ടത്... അതവരുടെ കടമയാണ് " വല്ലാത്തൊരു ഉറപ്പോടെ സായി പറയുമ്പോൾ... ആ കല്ലിച്ച മുഖത്തേക്ക് സിത്തു പകപ്പോടെ നോക്കി. "ഒന്നും പേടിക്കരുത്.. നീ തെറ്റൊന്നും ചെയ്തിട്ടില്ല.. ഒരാളോട് ഇഷ്ടം തോന്നിയത് ഒരിക്കലും ഒരു കുറ്റമല്ല... ഏട്ടനൊപ്പം തന്നെ നിൽക്കണം.. മ്മ് " ആ തോളിൽ പിടിച്ചു കൊണ്ട് കണ്ണിലേക്ക് നോക്കി സായി അവളിൽ കൂടി ഊർജം നിറയ്ക്കാൻ നോക്കി.. പതറി കൊണ്ട് അവളൊന്നു തലയാട്ടി.. എന്നിട്ടും അവനോട് പറ്റി ചേർന്ന് നിൽക്കുന്നുണ്ട്.. "ആര് പറഞ്ഞിട്ടാണ് നിങ്ങൾ ഇനിയും ഇങ്ങോട്ട് വന്നത്... ഇറങ്ങി പോയ ഹുങ്ക് എന്തേ തീർന്ന് പോയോ..." ദേവിക ഉറക്കെ പറയുന്നത് കേട്ടപ്പോൾ സായി സിത്തുവിനെ ഒന്ന് നോക്കി.. പിടി മുറുകുന്നുണ്ട് അവളുടെ.. അവൻ ഒരു നിമിഷം ശ്വാസം പിടിച്ചു നിന്നിട്ട് അവളുടെ കൈ വേർപെടുത്തി കൊണ്ട് മുന്നോട്ട് നടന്നു.. "എല്ലാം ഉപേക്ഷിച്ചു പോയതല്ലേ.. വീണ്ടും വലിഞ്ഞു കയറി വന്നിരിക്കുന്നു.. എന്താ.. കാശിനു വല്ല ആവിശ്യവും വന്നോ സാറിന്.. ഉണ്ടാവും.. എനിക്കറിയാം.. രണ്ടു വരി നീട്ടി പാടിയ എന്തോ കിട്ടാനാ.. നന്നായി.. നിങ്ങളുടെ അഹങ്കാരത്തിന് കിട്ടിയ ശിക്ഷയാണ്... എനിക്ക് സന്തോഷമായി "

വല്ലാത്തൊരു ലഹരിയിൽ ദേവിക പറയുമ്പോൾ... മിണ്ടാതെ നിൽക്കുന്ന അച്ഛൻ. സായിക്ക് ദേഷ്യം തരിച്ചു കയറി.. "ഞാൻ വിളിച്ചിട്ടാണ് അച്ഛൻ വന്നത് " ഒട്ടും മയമില്ലാതെ സായി പറയുമ്പോൾ... ദേവിക വെട്ടി തിരിഞ്ഞു നോക്കി. ആ കണ്ണിൽ സംശയങ്ങൾ.. കയറി വാ അച്ഛാ " അതേ ഭാവത്തിൽ തന്നെ അവൻ അയാളെയും വിളിച്ചു.. "അതിന് മുന്നേ എനിക്കറിയണം സായന്ത്‌... എന്താണ് നിന്റെ ഉദ്ദേശം.. ഇയാളെ വിളിക്കും മുന്നേ നീ എന്ത് കൊണ്ട് എന്നെ അറിയിച്ചില്ല.." ദേവിക സായിയുടെ നേരെ ചീറി.. "പറഞ്ഞില്ല... എന്താ കാരണം എന്നറിയോ " അവനും തിരിച്ചു ചോദിച്ചു..ദേവികയുടെ കണ്ണിലേക്കു തന്നെ സായി നോട്ടം കുത്തി ഇറക്കി.. "ഞാൻ അത് മുന്നേ പറഞ്ഞിരുന്നു എങ്കിൽ അമ്മ ഇവിടെ നിൽക്കില്ല.. അത് കൊണ്ട് തന്നെ.. നിങ്ങളെ രണ്ടാളെയും ചേർത്തിരുത്തി ഒരു കാര്യം പറയാനുണ്ട് എനിക്ക്.. അതിന് വേണ്ടിയാണ് ഞാൻ അച്ഛനെ വിളിച്ചത്... അത് മഹാ അപാരധമായി അമ്മയ്ക്ക് തോന്നിയേക്കാം.. ഇനി കാരണം ഏതും ഇല്ലേലും പിന്നെ അച്ഛൻ ഇങ്ങോട്ട് അല്ലാതെ മറ്റെവിടെ പോകാൻ.. ഇത് അച്ഛന്റെ കൂടി വീടാണ് " അമ്മയെ നോക്കി കടുപ്പത്തിൽ പറയുമ്പോൾ യാതൊന്നും അവനെ പിറകോട്ടു വലിച്ചില്ല.. കയറി വാ അച്ഛാ... വീണ്ടും അവൻ പറയുമ്പോൾ... തുറിച്ചു നോക്കുന്ന ദേവികയെ അവൻ നോക്കിയത് കൂടിയില്ല........ തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story