ഇശൽ തേൻകണം: ഭാഗം 28

ishal then kanam

രചന: ജീഫ്‌ന നിസാർ

യാത്ര പറഞ്ഞു പോരുമ്പോൾ മുതൽ സായിയെയും മൗനം പിടികൂടിയിരുന്നു.. പ്രിയമുള്ളതെന്തോ വിട്ട് പോകും പോലെ.. ചെറിയ ചിരിയിലൊളിപ്പിച്ചു പിടിച്ച ആ സ്നേഹം വീണ്ടും വീണ്ടും മാടി വിളിക്കുമ്പോലെ.. ഹൃദയത്തിൽ മാത്രമല്ല ആത്മാവിലേക്ക് കൂടി അവളെ ആവാഹിച്ചത് പോലെ.. അമ്മ പക്ഷേ വീണ്ടും പ്രസന്നത വീണ്ടെടുത്തു... തോൽപ്പിക്കാൻ ആവില്ലെന്നുള്ളൊരു ദാർഷ്ട്യം ദേവികയുടെ മുഖത്തു ഒട്ടിച്ചു വെച്ചത് പോലെ.. അമ്മവീട്ടിൽ നിന്നിട്ട് രാവിലെ അച്ഛന്റെ തറവാട്ടിൽ പോകാൻ ആയിരുന്നു പ്ലാൻ.. അത് പക്ഷേ വേണ്ടന്ന് തോന്നി.. അച്ഛന് വിലയില്ലാത്തിടത് നിൽക്കുമ്പോൾ വീണ്ടും ആ മനുഷ്യനെ പരിഹസിക്കുന്ന പോലെയാവും നമ്മുക്ക് വിലയില്ലാത്തയിടങ്ങൾ ധീരതയോടെ ഉപേക്ഷിച്ചു മടങ്ങാൻ ഉള്ളിൽ നിന്നുള്ള ഓർമപ്പെടുത്തൽ ശക്തി പ്രാപിച്ചു. നോട്ടത്തിൽ പോലും മുള്ളുകൾ ഒളിപ്പിച്ചു പിടിച്ചവരെ അതേ ഭാവത്തോടെ നോക്കുമ്പോൾ അമ്മയുടെ മുഖം... അസ്വസ്ഥത നിറഞ്ഞതാവും.. അവർക്കെന്തും വിളിച്ചു പറയാം..

അമ്മ സ്വന്തം കരുത്തും പവറും കാണിക്കാൻ ഒരുപാട് ശ്രമിച്ചിട്ടും അച്ഛനൊപ്പം ഇറങ്ങി പോരുകയായിരുന്നു... സിത്തു കൂടി പിറകിൽ ഓടി വന്നിട്ട് വേഗം കാറിൽ കയറി ഇരുന്നു.. "നീ ഇന്ന് അമ്മയുടെ കൂടെ നിൽക്ക് ദേവി.. ഞാനും മക്കളും രാവിലെ വന്നിട്ട് കൊണ്ട് പൊയ്ക്കോളാം " എന്നച്ചൻ പറയുമ്പോൾ പോലും അമ്മയുടെ കണ്ണിൽ കനലാണ്.. അതിനെ മൈന്റ് ചെയ്യാതെ ധൈര്യപൂർവ്വം വണ്ടി എടുത്തിട്ട് പോകുമ്പോൾ ഉറപ്പായിരുന്നു.... ഇനി അങ്ങോട്ട് നടത്തേണ്ട പുതിയ യുദ്ധമുറകളുടെ... വാക്ക് പോരട്ടങ്ങളുടെ കോച്ചിങ് സെന്റർ ആയി മാറിയിട്ടുണ്ടാവും ആ അകത്തളങ്ങൾ.. അമ്മ അവിടെ വീണ്ടും അവഗണന ഏറ്റു വാങ്ങാൻ വിധിക്കപ്പെട്ട നിരപരാധിയും ആയി മറും... മാറ്റും.. സ്വന്തം മണ്ണിലേക്ക് കാല് കുത്തിയ നിമിഷം അച്ഛൻ മറ്റൊരാളായി മാറിയ ജാല വിദ്യ സായിയെയും സിത്തുവിനെയും ഒരുപോലെ അത്ഭുതപെടുത്തി.. ബാലൻ അങ്കിളും സ്മിത ആന്റിയും സ്നേഹത്തോടെ സ്വീകരിച്ചു.. അവരുടെ മക്കളായ പൂജയും കീർത്തിയും ആദരവോടെ സ്നേഹം വെച്ചു നീട്ടുമ്പോൾ ഉള്ളം കുളിർന്ന് പോയിരുന്നു..

അവിടെ ഉള്ള ഓരോ മണൽതരികളിലും ഓർമകൾ കൊണ്ട് വസന്തം തീർക്കുന്ന ജയന്റെ മനസ്സിലെ വിങ്ങൽ അറിഞ്ഞപ്പോൾ... ആ മനുഷ്യന്റെ നഷ്ടങ്ങളുടെ ആഴത്തെ കുറിച്ച് അന്നാധ്യമായി വേദന തോന്നി.. സ്നേഹിക്കുന്നവർക്ക് വേണ്ടി എന്തും ത്യജിക്കുന്ന വിഡ്ഢികൾ ആവാതിരിക്കാൻ കൂടി ശ്രദ്ധിക്കണം എന്നുള്ള ഓർമപ്പെടുത്തൽ പോലെ... കുളിർകാറ്റിനു പോലും കഥകൾ പറയാനുള്ളത് പോലെ.. ഉള്ളിലെ തളം കെട്ടിയ വേദനകൾ എങ്ങോ ഓടി ഒളിച്ചു... പകരം വല്ലാത്തൊരു പോസിറ്റീവ് എനർജി പൊതിയുന്ന പോലെ.. ഉഷ്മളമായ അന്നത്തെ ദിവസം കടന്നു പോകുമ്പോൾ... അന്ന് അങ്ങോട്ട്‌ വരാതെയിരിന്നിരിന്നുവെങ്കിൽ ഉണ്ടായേക്കാവുന്ന വൻ നഷ്ടത്തെ കുറിച്ച് ഓർത്തു... ഉച്ച വരെയും വീണ്ടും കറങ്ങി നടന്നിട്ട് വൈകുന്നേരം ആണ് അമ്മയെ കൂട്ടാൻ പോയത്.. രാത്രിയിൽ ആണ് ഫ്ലൈറ്റ്.. അതിന് മുന്നേ അങ്ങോട്ട്‌ എത്തണം.. വീട്ടിൽ എത്തിയപ്പോൾ ഇല്ലാത്ത സങ്കടം പറഞ്ഞു കൊണ്ട് ഭാസ്കരമാമ വിളിച്ചിരുന്നു.. സിത്തുവിന്റെ നിശ്ചയത്തിന് ഇനി ഡൽഹിയിൽ വായോ എന്ന് പറഞ്ഞിട്ട് സമാധാനിപ്പിചിട്ട് വെക്കുമ്പോൾ...

ഉള്ളിൽ മുഴുവനും അത് തന്നെ ആയിരുന്നു.. തിരിച്ചു ചെന്നിട്ടു നല്ലൊരു ദിവസം നോക്കണം.. നല്ലതെന്ന് പറയുമ്പോൾ എല്ലാർക്കും പങ്കെടുക്കാൻ പറ്റുന്നൊരു ദിവസം.. അല്ലാതെ... തമ്മിൽ പഴി ചാരി ദുഷിച്ച മനസ്സോടെ ജീവിതം തുടങ്ങിയിട്ട്... അത് കണ്ടു പിടിച്ചു തന്ന ആളിനെയോ ഒത്തു ചേർന്ന ദിവസമോ... സമയമോ... ഒന്നും കുറ്റപ്പെടുത്താൻ ഓടി പിടഞ്ഞിട്ട് കാര്യമില്ല.. ഒത്തു പോകാനുള്ള മനസ്സുള്ളവർ... തമ്മിൽ സ്നേഹം ഉള്ളവർ... ഏത് പ്രതികൂല സാഹചര്യത്തെയും അനുകൂലമാക്കി മാറ്റും.. അല്ലാത്തവർ... വെറുതെ ഇല്ലാത്ത പ്രശ്നങ്ങൾക്ക് കൊടി പിടിച്ചു നടന്നിട്ട് ജീവിതം വെറുതെ നശിപ്പിച്ചു കളയും... എന്നിട്ട് വിധിയുടെ വിളയാട്ടം എന്നൊരു ഓമനപേരും ചാർത്തി കൊടുക്കും... കണ്ണുകൾ അടച്ചിട്ട് സായി പതിയെ സീറ്റിലേക്ക് ചാരി.. ഹൃദയം അപ്പോഴും അവളുടെ കൂടെ ആ പാടവരമ്പത്തും വീട്ടു മുറ്റത്തും കളികൾ പറഞ്ഞു... പ്രണയം പങ്കിട്ടു.. ❤❤❤❤❤❤❤❤❤❤❤❤❤❤ തിരിച്ചെത്തിയിട്ടും മനസ്സിലെ ആ ഒരു പിടച്ചിൽ നിന്ന് പോയിട്ടില്ല..

വർഷങ്ങളായി വരണ്ട് കിടക്കുന്ന മരുഭൂമിയിൽ പെയ്തിറങ്ങിയ മഴ തുള്ളികൾ പോലെ... ഹൃദയതടത്തിൽ വീണ്ടും പ്രതീക്ഷികളുടെ പുതിയ പുൽനമ്പുകൾ തല നീട്ടി തുടങ്ങി.. സിത്തുവിന്റെ പ്രണയം പൂവണിയുന്ന നിമിഷം.... ഡേറ്റ് ഉറപ്പിച്ച അന്ന് അവനും ഉറപ്പിച്ചിരുന്നു.. ഇനിയും വയ്യ കാത്തിരിക്കാൻ. കണ്ട് മുട്ടിയ സമയത്തിന്റെ കണക്കുകൾ അല്ല... ഒന്നിച്ചു നെയ്ത സ്വപ്നങ്ങളുടെ കനമാണ് സ്നേഹം.. അത് എത്രയും പെട്ടന്ന് നെഞ്ചിലേക്ക് വലിച്ചു ചേർക്കാൻ വീണ്ടും വീണ്ടും കൊതിക്കുന്ന പോലെ.. അവളുടെ പ്രശ്നങ്ങൾ എല്ലാം തീർത്തു കൊടുക്കുമ്പോൾ ആ കണ്ണിൽ വിരിയുന്ന സ്നേഹകടലിന്റെ ആഴങ്ങളിൽ ഊളിയിട്ടിറങ്ങാൻ.... ഓർക്കുമ്പോൾ വീണ്ടും അവൾക്കരികിലേക്ക് ഓടി പോവാൻ തോന്നുന്ന മനസ്സിനെ ജാസ്മിക്ക് മുന്നിൽ തുറന്നു കാണിച്ചു.. ഓരോ വിളിയിലും ഒരു വസന്തം ഒളിപ്പിച്ചു കാത്തിരിക്കുന്നു എന്നവളും പറയുമ്പോൾ ഉള്ളം സ്നേഹകൊണ്ട് നിറഞ്ഞു കവിഞ്ഞു.. ഒന്നിനും വേണ്ടി വിട്ട് കളയില്ലെന്ന് ഓരോ തവണയും അവളിൽ വിശ്വാസം ആഴ്ത്തി വെക്കുമ്പോൾ..

അത് തനിക്ക് കൂടി ഉള്ള ഓർമപെടുത്തൽ ആണെന്ന് സായിക്ക് അറിയാം... അവളുടെ നോവിന്റെ ആഴിയിൽ... ഒഴുകി ഇറങ്ങുന്ന ഗസലിന്റെ ഈരടികളാണ് താനെന്ന്... ❤❤❤❤❤❤❤❤❤❤❤❤❤❤ പരസ്പരം മോതിരം കൈ മാറി പ്രണയംഉറപ്പിക്കുമ്പോൾ ...സിതുവിനെക്കാൾ ക്കാൾ സന്തോഷം സായിക്കായിരുന്നു... ഇനിയവൾ ചിരിക്കട്ടെ.. പഴയതെല്ലാം വെറും ഓർമകൾ മാത്രം ആവട്ടെ.. പ്രണവിന്റെ തണലിൽ അവളൊരു പട്ടം പോലെ പറന്നുയരട്ടെ.. വർണങ്ങൾ മാത്രം നിറഞ്ഞ ലോകം സ്വന്തമാകട്ടെ.. നിറഞ്ഞ മനസ്സോടെ സായി അവളെ അനുഗ്രഹിച്ചു... നാട്ടിൽ നിന്നും.... അമ്മമ്മയും രതീഷ് അങ്കിളും സതീഷ് അങ്കിളും അവരുടെ കുടുംബവും.. ചിറ്റയും ഭാസ്കര മാമയും.. ബാലൻ അങ്കിളും സ്മിത ആന്റിയും.. മക്കൾ വന്നിട്ടില്ല.. അച്ഛനോട് ഉള്ള കടപ്പാടും സ്നേഹവും കൊണ്ടാണ് യാത്രകൾ ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടായിട്ടും ഇത്രയും ദൂരെ ആയിരുന്നിട്ടും ബാലൻ അങ്കിളിന്റെ വരവിനു പിന്നിൽ.. നിറഞ്ഞ സദസ്സ്.. ദേവികയുടെ തല ഒന്നൂടെ ഉയർത്തി പിടിച്ചു അഹങ്കാരത്തോടെ നടക്കുന്നുണ്ട്..

സായി അങ്ങോട്ട് കണ്ണും കാതും കെടുത്തതെ ഇല്ല അന്ന് മുഴുവനും.. ചിലയിടത്തു ചിലതെല്ലാം കേൾക്കാതിരിക്കാൻ കൂടിയാണ് കാതുകൾ.. മറ്റു ചിലപ്പോൾ പലതും കാണാതിരിക്കാൻ കൂടി ആണ് കണ്ണുകൾ.. വരുന്നവരോട് എല്ലാം പൊങ്ങച്ചം കാണിക്കാൻ അമ്മ മറക്കുന്നില്ല.. മകളുടെ സന്തോഷം നിറഞ്ഞ ചിരിയിലേക്ക് ഒന്നെത്തി നോക്കുന്നുകൂടിയില്ല.. ജീവിക്കാൻ വലിയ ചിലവൊന്നും ഇല്ലേലും... ജീവിക്കുന്നു എന്ന് മറ്റുള്ളവരെ ബോധ്യപെടുത്താൻ ചിലവുകൾ കൂടുതൽ ആണെന്ന് ഇനി എന്നാണ് അമ്മ പഠിക്കുന്നത്.. അച്ഛനും നിറഞ്ഞ സാന്നിധ്യമായി അരികിലുണ്ട്.. എല്ലാത്തിനും മുന്നിൽ നിന്നിട്ട് നയിക്കാൻ.. അമ്മ പക്ഷേ അച്ഛന്റെ ഇടപെടൽ മനഃപൂർവം തടയാനും നോക്കുന്നുണ്ട്.. ദേഷ്യം വന്നിട്ടും അതടക്കി പിടിച്ചു നിൽക്കുന്ന സായിയെ സ്റ്റെജിൽ നിന്നിട്ട് സിത്തു നോക്കുന്നുണ്ട്.. അത് കാണുമ്പോൾ അവനൊന്നു കണ്ണടച്ച് കാണിക്കും.. അന്നേരം വീണ്ടും അവളിൽ ചിരിയുടെ പൂക്കൾ വിരിയും.. 💕💕💕💕💕💕💕💕💕💕💕💕💕💕💕

ഫോട്ടോ അയക്കണോ " ടവ്വൽ കൊണ്ട് മുടി ഒന്നൂടെ തോർത്തി ഫോൺ കാതിൽ ചേർത്ത് വെച്ചു കൊണ്ട് സായി ബെഡിൽ വന്നിരുന്നു.. മ്മ് ... എനിക്ക് കാണാൻ ആഗ്രഹമുണ്ട് " മറുവശം ആവേശത്തിൽ മറുപടി പറഞ്ഞു.. "എന്നെ കാണാൻ ആണോ " കുസൃതിയോടെ സായി ചോദിക്കുമ്പോൾ പെണ്ണിന്റെ മുഖം കൂർത്തു വരുന്നത് അവനപ്പോൾ അറിയാം.. തനിക്കും ജാസ്മിക്കും ഇടയിലെ ആ മഞ്ഞ് മല ഇപ്പോൾ തീർത്തും ഉരുകി അലിഞ്ഞു പോയിരുന്നു.. അവളിപ്പോൾ നന്നായി സംസാരിക്കാൻ പഠിച്ചു.. മറന്നു പോയ ആ ചിരി വീണ്ടും ചുണ്ടിൽ പൂത്തു തുടങ്ങി.. നിറമുള്ള സ്വപ്നങ്ങൾ അവനോട് പറയുബോൾ.. അത് നേടി എടുക്കാൻ അവൻ കൂടെ ഉണ്ടാവുമെന്ന് അവൾക്കിപ്പോൾ അറിയാം.. ഹലോ... ശബ്ദം ഒന്നും കേൾക്കാഞ്ഞു വീണ്ടും സായി വിളിച്ചു.. "പോ... മിണ്ടൂല.." പെണ്ണിനപ്പോൾ പരിഭവം.. "ശെരി... എങ്കിൽ ഞാൻ വെച്ചിട്ട് പോവാ ട്ടോ " സായി ഗൗരവത്തിൽ പറയുമ്പോൾ വീണ്ടും മറുവശം അനക്കമില്ല "പോട്ടെ..." വീണ്ടും അവന്റെ ഭീഷണി... "വേണ്ട " പറയുമ്പോൾ സായി പൊട്ടി ചിരിച്ചു..

ഇന്നെനിക് നിന്നെ എന്തോരും മിസ് ചെയ്തന്നറിയോ ജാസ്മി " ഇത്തിരി നേരത്തെ മൗനം മുറിച്ചു കൊണ്ട് സായി പറഞ്ഞു.. "അത്രയും ആളുകൾക്കിടയിലോ.. ചുമ്മാ പറയല്ലേ സായിയേട്ടാ.." ജാസ്മി പറഞ്ഞു. "ചുമ്മാതല്ല പെണ്ണെ.. സത്യം.." പ്രണയം തുടിക്കുന്ന വാക്കുകൾ സായി പറയുമ്പോൾ ജാസ്മി മിണ്ടിയില്ല.. "ഒറ്റക്കിരിക്കുമ്പോൾ തോന്നുന്ന ഏകാന്ധത അല്ല എന്നെ സംബന്ധിച്ച് മിസ്സിംഗ്‌ എന്ന് പറയുന്നത്.. ഒരുപാട് ആളുകൾക്കിടയിലും ഒരൊറ്റ ഒരാളെ ആഗ്രഹിക്കുന്നു എങ്കിൽ... സാമീപ്യം കൊതിക്കുന്നു എങ്കിൽ അതല്ലേ ശെരിക്കും ഉള്ള മിസ്സിംഗ്‌.. മ്മ് " സായി ചോദിക്കുമ്പോൾ അവനോടുള്ള സ്നേഹം അവൾക്കുള്ളിൽ നിറഞ്ഞു തൂവിയിരുന്നു... അകലെണ്ടി വരുമോ എന്നുള്ള ഓർമ പോലും മുറിവുകൾ തീർക്കും പരുവത്തിൽ രണ്ടാളും അടുത്ത് പോയിരുന്നു.. "സിത്തുവിനോട് പറയുന്നുണ്ട് ഞാൻ.. എന്റെ പെണ്ണിനെ കുറിച്ച്.. രണ്ടു മാസത്തിനുള്ളിൽ ആ കല്യാണം ഉണ്ടാവും.. അത് കഴിഞ്ഞു ഞാൻ വരും.. നിന്നെ എന്റെ സ്വന്തമാക്കുവാൻ " സായി പറയുമ്പോൾ അപ്പുറം ജാസ്മി ശ്വാസം അടക്കി പിടിച്ചു കേട്ടു..

"നീ ഉറങ്ങി പോയോ ജാസ്മി " മറുപടി ഇല്ലാഞ്ഞിട്ട് വീണ്ടും സായി ചോദിക്കുമ്പോൾ ഇല്ലെന്ന് ജാസ്മി പറഞ്ഞു... വീണ്ടും വിശേഷം പറഞ്ഞും തമ്മിൽ അലിഞ്ഞും അവരുടെ ലോകത്തിന് ഏഴഴക് ചാർത്തി രണ്ടാളും. അവൾക്കിഷ്ടമുള്ള പാട്ടുകൾ പാടി കൊടുത്തും... ഹൃദയം കൊണ്ടത് സ്വീകരിച്ചും... ആ രാത്രി അത്രമേൽ ഹൃദ്യമായിരുന്നു... 💞💞💞💞💞💞💞💞💞💞💞💞💞💞💞 മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നിട്ടും ഉള്ളിലെ എരിച്ചിൽ അടങ്ങുന്നുണ്ടായിരുന്നില്ല ദേവികയ്ക്ക്.. പ്രണവ് ആയത് കൊണ്ട് മാത്രം സമ്മതിച്ചു കൊടുത്തതാണ്.. അവളുടെ സ്വപ്നം നടന്നപ്പോൾ... തന്റെ വലിയൊരു സ്വപ്നം പൊലിഞ്ഞത് ആരും അറിഞ്ഞില്ല.. വീണ്ടും വീണ്ടും ദേവികയുടെ ഉള്ളിലേക്ക് കുറ്റബോധം ഇരച്ചു കയറി.. കുറച്ചു കൂടി മുന്നേ അവളെ പിടിച്ചു കെട്ടി വിടണമായിരുന്നു.. എങ്കിൽ എല്ലാം വിചാരിച്ചത് പോലെ ആയേനെ.. ഇനി അത് പറഞ്ഞിട്ട് കാര്യമില്ല.. ഇനി ഉള്ളതിനെ കൈ വിടാതെ നോക്കുക എന്നത് മാത്രം ചെയ്യാനുള്ളു.. സായിയോട് സംസാരിക്കാൻ ഒരു സന്ദർഭം ഉണ്ടാക്കി എടുക്കണം..

ഒറ്റയടിക്ക് സമ്മതിച്ചു തരാനൊന്നും പോകുന്നില്ല.. സ്വത്തിലും പ്രശസ്തിയിലും യാതൊരു താല്പര്യവും ഇല്ലാത്ത ചെക്കനാണ്.. അവന്റെ അച്ഛന്റെ പോലെ തന്നെ... വീണ്ടും ഓർക്കുമ്പോൾ ദേവികയുടെ പല്ല് ഞെരിഞ്ഞു 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 ദിവസങ്ങൾക്ക്‌ വല്ലാത്ത ധൃതിയായിരുന്നു.. യാതൊരു ദയവും ഇല്ലാതെ അത് ഓടി പിടഞ്ഞു മാറി.. സിത്തുവിന്റെ ചലനത്തിൽ പോലും ഒരു പുതു ഊർജ്ജം കാണപ്പെട്ടിരുന്നു.. പലപ്പോഴും പരിസരം മറന്നു ഓർത്തു ഇരിക്കുന്നവളെ സായി കളിയാക്കി കൊല്ലും.. അപ്പോഴും ആ മുഖം നിറഞ്ഞ സൂര്യൻ ഉദിക്കും.. പുതുതായി ഏറ്റെടുത്ത ഒരു വർക്കിന് വേണ്ടി സായിയും തിരക്കിലേക്ക് അലിഞ്ഞു ചേർന്നിരുന്നു.. എങ്കിലും ജാസ്മിയെ വിളിക്കാനും ആ സ്നേഹത്തിൽ അലിയാനും അവൻ ഏറെ കൊതിച്ചു.. അമ്മയുടെ വാശികളെ കർശനമായി എതിർത്തിട്ടും അച്ഛന്റെ കൂടെ ചേരാൻ സമയം കണ്ടെത്തിയും അവൻ ദേവികയുടെ ഓരോ മുള്ളുകളും ഒടിച്ചു മടക്കി തുടങ്ങി.. ❤❤❤❤❤❤❤❤❤❤❤❤❤❤❤ പുതിയ പാട്ടിന്റെ വർക്ക്‌ കഴിഞ്ഞു സ്വസ്തമായോന്ന് ഉറങ്ങാൻ കിടന്നു സമയത്താണ് ദേവിക അവന്റെ മുറിയിൽ വന്നത്.. സായി എഴുന്നേറ്റു വാ.. രാമ കൃഷ്ണൻ അങ്കിൾ കാണാൻ വന്നിട്ടുണ്ട് " പറയുമ്പോൾ അത് വരെയും ഇല്ലാത്തൊരു മയം അവരുടെ ശബ്ദം നിറയെ..

അത് കൊണ്ട് തന്നെ സായി അമ്മയെ അത്ഭുതത്തോടെ നോക്കി.. "പെട്ടന്ന് എഴുന്നേറ്റു വാ.. അറിയാലോ.. ഒത്തിരി തിരക്കുള്ള ആളാണ്‌.. എന്നിട്ടും ഇങ്ങോട്ട് നമ്മളെ കാണാൻ വന്നുവെന്ന് പറയുന്നത് തന്നെ ഒരു ഭാഗ്യമാണ്." അമ്മയുടെ മുഖം തിളങ്ങുന്നത് കണ്ടിരുന്നു അത് പറയുമ്പോൾ സായി "ഒരു അഞ്ചു മിനിറ്റ്... ഇപ്പൊ വന്നേക്കാം " സായി എഴുന്നേറ്റു കൊണ്ട് പറയുമ്പോൾ അവനെ ഒന്നൂടെ നോക്കിയിട്ട് ദേവിക പതിയെ താഴേക്ക് വലിഞ്ഞു.. അവരമ്മയുടെ സുഹൃത്തല്ലേ.. എന്തിനാവോ തന്നെ കാണുന്നത്.. ഡ്രസ്സ്‌ മാറുമ്പോൾ സായി അതാണ്‌ ഓർത്തത്.. മുഖം ഒന്ന് കഴുകി.. മുടി ഇഴകൾ കൈ കൊണ്ട് കോതി ഒതുക്കി... അവൻ താഴേക്കു ചെല്ലുമ്പോൾ... രാമ കൃഷ്ണൻ അവന്റെ നേരെ കൈ നീട്ടി.. ചിരിച്ചു കൊണ്ട് തന്നെ സായി കൈ കൊടുത്തു.. അയാൾക്ക് മുന്നിലെ സോഫയിൽ ദേവിക ഇരിക്കുന്നു.. 'വാ മോനെ... ഇവിടിരിക്ക് " കൈ പിടിച്ചു കൊണ്ട് ദേവിക പറയുമ്പോൾ.. സായിയുടെ കണ്ണുകൾ മിഴിഞ്ഞത് പോലെ ആയിരുന്നു.. മോനെ ന്ന്.. എന്നോ മറന്നു പോയൊരു വിളിയാണ് അമ്മയത്..

കണ്ണിലെ സംശയം ഒളിപ്പിച്ചു പിടിച്ചു കൊണ്ട് സായി സോഫയിൽ മറ്റേ അറ്റത്തു ഇരുന്നു.. രാമ കൃഷ്ണൻ അവന്റെ ജോലിയെ കുറിച്ചും മറ്റും ചോദിച്ചു.. എല്ലാത്തിനും സായി ഉത്തരം കൊടുത്തു എങ്കിലും ഉള്ളിൽ ഒരു കൊളുത്ത് വീണത് പോലെ.. അമ്മയുടെയും രാമകൃഷ്ണന്റെയും മുഖത്തു കാണുന്ന നിറഞ്ഞ ചിരി വീണ്ടും വീണ്ടും അവന്റെ നെറ്റി ചുളിച്ചു.. "ദേവിക ഇങ്ങനെ ഒരു കാര്യം ആവിശ്യപെട്ടപ്പോൾ തന്നെ ഞാൻ ഒക്കെ പറയാൻ കാരണം... ദേവികയുടെ സ്മാർട് കണ്ടിട്ട് തന്നെ യാണ്.. എനിക്ക് ഭയങ്കര ഇഷ്ടമാണ് തന്റെ ഈ ആക്റ്റീവ് സ്വഭാവം " രാമ കൃഷ്ണൻ പറയുമ്പോൾ അമ്മയുടെ ശിരസ്സിലെ അഹങ്കാരം എന്ന കീരിടത്തിൽ ഒരു തൂവൽ കൂടി പാറി കളിക്കുന്നത് സായി മാത്രം കണ്ടിരുന്നു.. "അപ്പൊ സമയം പോലെ സായന്ത്‌ വന്നിട്ട് ഷേഹയെ ഒന്ന് മീറ്റ് ചെയ്യൂ.. രണ്ടു പേർക്കും ഒത്തു പോവാൻ ആവുമെന്ന് തോന്നിയാൽ നമ്മുക്കിത് മുന്നോട്ട് കൊണ്ട് പോവാം " പറഞ്ഞിട്ട് രാമ കൃഷ്ണൻ എഴുന്നേറ്റു സായിയുടെ ചുമലിൽ ഒന്ന് തട്ടി... ആയാൾ പറഞ്ഞതിന്റെ പൊരുൾ തേടി പിടിക്കുമ്പോൾ... സായിയുടെ ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞു പോയിരുന്നു.. നിറ തിങ്കൾ പോലൊരു ചിരി കണ്ണിൽ നിറഞ്ഞു......... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story