ഇശൽ തേൻകണം: ഭാഗം 3

ishal then kanam

രചന: ജീഫ്‌ന നിസാർ

"സിത്തൂ " ഫോണിൽ ആയിരുന്നിട്ട് കൂടി സായിയുടെ വിളിയിൽ വാത്സല്യം കലർന്നു.. ഏട്ടാ... മറുവശത്തു നിന്നും സിതാര ആവേശത്തിൽ വിളിക്കുന്നുണ്ട്.. "പറ മോളെ... എന്താ വിശേഷം..." സായി ചിരിച്ചു കൊണ്ട് ചോദിച്ചു.. "സുഖം തന്നെ ഏട്ടാ... ഏട്ടനോ " വീണ്ടും ചോദ്യം.. "ഏട്ടൻ ചിറ്റേടെ കൂടെ ആണ് സിത്തൂ " എനിക്ക് സുഖമാണ് എന്നവൻ പറയാതെ പറഞ്ഞു.. "ഞാൻ.. അറിഞ്ഞു " വളരെ പതിയെ സിത്തു പറഞ്ഞു.. "അമ്മ വിളിച്ചുവല്ലേ... നിന്റെ വിളി കണ്ടപ്പഴേ ഏട്ടന് തോന്നി " സായി ചിരിച്ചു കൊണ്ട് പറഞ്ഞു.. മറുവശം നിശബ്ദമായിരുന്നു.. "ആഹാ.. ഏട്ടന്റെ മോള് എന്തിനാ വിഷമിക്കുന്നെ... നമുക്കിത് പുതിയത് അല്ലല്ലോ.. അമ്മ ഒരു കാരണം നോക്കി ഇരിക്കുവല്ലേ..." സായി അവളെ ആശ്വാസിപ്പിച്ചു.. അവളൊന്നു വെറുതെ മൂളി.. തന്നെ വിളിച്ചത് എടുക്കാതെ ആയപ്പോൾ അമ്മ സിത്തുവിനെ വിളിച്ചു കാണും.. വായിൽ തോന്നിയത് മുഴുവൻ വിളിച്ചു പറഞ്ഞും .കാണും.. അതിന്റെ സങ്കടം പറയാൻ വിളിച്ചതാണ്.. പാവം... സായി ഓർത്തു.. അമ്മയെ വേണ്ട എത്രയോ സന്ദർഭങ്ങൾ അവളൊറ്റക്ക് നേരിട്ടു.. എന്നിട്ടും ഇപ്പോഴും അമ്മക്ക് മാത്രം പരാതി തീർന്നിട്ടില്ല.. കടമകളും കടപ്പാടും എല്ലാവർക്കും അമ്മയോട് മാത്രം വേണം..

അമ്മയ്ക്ക് അതാരോടും വേണ്ട.. "ചിറ്റ നിന്നെ കാത്തിരിക്കുന്നുണ്ട് സിത്തു... നിന്റെ വെക്കേഷൻ എന്നാ തുടങ്ങുന്നത് " വിഷയം മാറ്റാൻ എന്നോണം സായി ചോദിച്ചു.. 'ആണോ... ഞാൻ ഈ മാസം ലാസ്റ്റ് വരുമെന്ന് പറയണേ ഏട്ടാ... ശോ... എനിക്കും കൊതിയാവുന്നു " സിതാര പറയുമ്പോൾ സായി ചിരിച്ചു.. "ഏട്ടൻ വരും ട്ടോ ഹോസ്റ്റലിൽ... നിന്നെ കൊണ്ട് പോരാൻ.. നമ്മുക്ക് നേരെ ഇങ്ങോട്ട് പോരാം.. ഒക്കെ അല്ലേ " "പിന്നല്ലാതെ.. ഞാൻ കാത്തിരിക്കുവല്ലേ ഏട്ടാ....മാമ ഇല്ലേ അവിടെ " സിത്തു ചോദിച്ചു.. "ഇല്ലെടാ മാമ ഓഫീസിൽ പോയി..." സായി മറുപടി പറഞ്ഞു.. "ആ... പിന്നെ ഏട്ടാ... ഏട്ടൻ ചെയ്ത ആ പുതിയ സോങ് കേറി ക്ലിക്ക് ആയല്ലേ... ഇവിടെ കോളേജിൽ ഒക്കെ ഭയങ്കര സംസാരം ഉണ്ട് ട്ടോ... സിംഗർ സായന്ത്‌ കൃഷ്ണയുടെ വോയിസിന്റെ മാന്ത്രികതയെ പറ്റി..." സിത്തു സന്തോഷത്തോടെ വിളിച്ചു പറയുമ്പോൾ സായി ഹൃദയം തുറന്നു ചിരിച്ചു... "നിനക്കോ... നിനക്കെന്തു തോന്നി സിത്തു സോങ് കേട്ടപ്പോൾ... അവൻ ചോദിച്ചു.. "അത് പിന്നെ പറയാൻ ഉണ്ടോ ഏട്ടാ...

എന്റെ ഏട്ടൻ ഫീലിന്റെ രാജകുമാരൻ അല്ലേ... കണ്ണടച്ച് കേട്ടിരുന്നു പോകും... അലീന എപ്പോഴും പറയും.. ഫീലാണ് ഏട്ടന്റെ മെയിൻ എന്ന് " സിത്തു പറയുമ്പോൾ സായി ചിരിച്ചു.. അവളുടെ പ്രിയപെട്ട കൂട്ടുകാരി ആണ് അലീന.. ഹോസ്റ്റലിൽ നിന്നാണ് സിത്തു പഠിക്കുന്നത്... വീട്ടിൽ നിന്നും അതികം ദൂരം ഇല്ലാത്ത കോളേജിൽ പഠിക്കാൻ... അവൾ ഹോസ്റ്റൽ തിരഞ്ഞെടുക്കാൻ കാരണം തന്നെ അമ്മയാണ്.. സായി തിരക്കുകൾ പിടിച്ച ജോലിയിൽ ചേക്കേറിയത് മുതൽ അവളും വീട്ടിൽ നിന്നും ചാടി.. അതിനമ്മയുടെ സമ്മദം അല്ല അവൾ ചോദിച്ചത്... "പോയിക്കോട്ടെ ഏട്ടാ ന്ന് ചോദിച്ചപ്പോൾ... ആ വീട്ടിലെ അവസ്ഥ ശെരിക്കും അറിയാവുന്ന താൻ എങ്ങനെ സമ്മദം കൊടുക്കാതിരിക്കും.. അതിനും അമ്മ കുറ്റം ചാർത്തി കൊടുത്തത് അച്ഛന് തന്നെ.. അയാളുടെ മക്കൾ അല്ലേ... എങ്ങനെ നന്നാവും എന്ന് അന്ന് മുഴുവൻ പറഞ്ഞു നടന്നു കാണും.. "ഏട്ടാ... സിത്തു നീട്ടി വിളിക്കുന്നു.. ഫോൺ പിടിച്ചു മിണ്ടാതെ നിന്നിട്ടാണ്.. "ഏട്ടൻ പോയിട്ടില്ല ടാ.. പറ " ചിരിച്ചു കൊണ്ടാണ് സായി പറഞ്ഞത്..

"ഏട്ടന്റെ ആ മണ്ണുണ്ണി കൂട്ടുകാരനെ കാണാൻ പോയോ അവിടെ എത്തിയിട്ട്.." ചിരി കടിച്ചു പിടിച്ചാണ് സിത്തുവിന്റെ ചോദ്യം... സായിക്കത് മനസ്സിലായി.. സുധിയെ ആണ് അവൾ കളിയാക്കി വിളിക്കുന്നത്.. മണ്ണുണ്ണി എന്ന്.. ചിറ്റയുടെ കൂട്ടുകാരിയുടെ മകൻ... ചിറ്റയുടെ വീടിന്റെ അടുത്ത് തന്നെ ആണ് വീട്.. ഇവിടെ വരുമ്പോൾ തുടങ്ങിയ സൗഹൃദം.. അതങ്ങു വളർന്നു വലുതായി വെരുറപ്പിച്ചു.... എണ്ണിയാൽ തീരാത്ത അത്രയും കൂട്ടുകാരുണ്ട്... ഡൽഹിയിൽ.. പക്ഷേ സുധി... അവനെ ഓർക്കുമ്പോൾ തന്നെ മനസ്സിൽ തണുപ്പ് പോലാണ്.. കൃഷിയും... നാട്ടുകാര്യങ്ങളും ആണ് അവന്റെ ലോകം.. നന്നായി സംസാരിക്കാൻ മിടുക്കൻ ആണവൻ.. "നിനക്ക് രാഷ്ട്രീയത്തിൽ ഒരു ഭാവി ഉണ്ട് കേട്ടോ " കളിയാക്കി പറയുമ്പോൾ കണ്ണിറുക്കി ചിരിക്കും.. "ദേ ഏട്ടാ.. എനിക്ക് ദേഷ്യം വരുന്നു ട്ടോ " അപ്പുറം സിത്തുവിന്റെ ഭീഷണി... സായി സ്വന്തം തലയിൽ ഒരു തട്ട് കൊടുത്തു... "ഓ... സോറി ടാ മോളെ..." അവൻ കൊഞ്ചി കൊണ്ട് പറഞ്ഞു.. "ഞാൻ ഇന്നലെ രാത്രി അല്ലേ എത്തിയത്.. വന്ന പാടെ ചിറ്റ എങ്ങോട്ടും വിടില്ലെന്ന് നിനക്കറിയില്ലേ...

നന്നായി ഭക്ഷണം കഴിച് കിടന്നുറങ്ങി.. രാവിലെ നേരത്തെ എഴുന്നേറ്റു... മഞ്ഞു വീണ നാട്ടു വഴിയിൽ കൂടി... ഒന്നോടി വന്നു..." അവളോട്‌ പറയുമ്പോൾ തന്നെ... തട്ടമിട്ട മൊഞ്ചുള്ള ചിരിയോടെ ആ പെൺകുട്ടിയുടെ രൂപം സായിയുടെ ഉള്ളിൽ തെളിഞ്ഞു... മറുവശം സിത്തു പിന്നെ പറഞ്ഞതൊന്നും അവൻ കേട്ടില്ല... മനസ്സിൽ തന്റെ കോളറിൽ ബലമായി പിടിച്ച ആ ഉമ്മയുടെ കൈകൾ വേർപെടുത്തുമ്പോൾ... ദയനീയമായി നോക്കുന്ന അവളുടെ മിഴികൾ..മാത്രം മുന്നിൽ നിറഞ്ഞു നിന്നിരുന്നു. ❤❤❤❤❤❤❤❤❤❤❤❤❤❤ സായി... കണ്ടപ്പോൾ തന്നെ സന്തോഷം കൊണ്ടായിരിക്കും... സുധി വന്നിട്ട് കെട്ടിപിടിച്ചു.. സായി അവനെയും.. "എപ്പോ എത്തി.. അടർന്നു മാറാതെ തന്നെ സുധി ചോദിച്ചു.. "ഇന്നലെ രാത്രി " സായി ചിരിച്ചു കൊണ്ട് തന്നെ മറുപടി പറഞ്ഞു.. "രണ്ടൂസം മുന്നേ വിളിച്ചപ്പോഴും ഒന്നും പറഞ്ഞില്ലല്ലോ... വരുന്നു എന്ന് " സുധി പരിഭവം പോലെ പറഞ്ഞു.. "ആഹ്.. പെട്ടന്ന് തീരുമാനിക്കുന്നതാ എന്റെ യാത്രകൾ എന്ന് നിനക്കറിയില്ലേ സുധി... പോരാൻ തോന്നിയ ആ നിമിഷം ഇറങ്ങും..."

സായി കണ്ണടച്ച് കൊണ്ട് പറഞ്ഞു.. "അതൊന്നും ഇനി നടക്കില്ല മോനെ... പണ്ടത്തെ പോലെ അല്ല.. ലോകം അറിയപ്പെടുന്ന ഗായകൻ ആണിപ്പോൾ നീ.. ഒറ്റ പാട്ട് കൊണ്ട് നീ നടന്നു കയറിയത് ലക്ഷങ്ങളുടെ മനസ്സിലേക്ക് കൂടി അല്ലേ.." സുധി സായിയുടെ തോളിൽ അമർത്തി പിടിച്ചു കൊണ്ട് അഭിമാനത്തോടെ പറഞ്ഞു.. സായി ഒന്നും പറയാതെ ചിരിച്ചു.. "കണ്ണടച്ച് നിന്റെ പാട്ട് കേട്ടാൽ ഉണ്ടല്ലോ... ന്റമ്മോ... എന്തൊരു ഫീൽ ആണെന്നോ... ദൈവമേ... കണ്ണ് തട്ടാതെ ഇരിക്കട്ടെ " സുധി പറയുമ്പോൾ സായി അവന്റെ കയ്യിൽ വിരൽ കോർത്തു.. "എന്റെ അച്ഛൻ ഒരുപാട് കൊതിച്ചു... നടന്നില്ല... അച്ഛന്റെ മോൻ ആ സ്ഥാനത്തു എത്തി നിൽക്കുമ്പോൾ സന്തോഷികട്ടെ ഇനി.. അല്ലേടാ " സായി മറ്റെങ്ങോ നോക്കി ചോദിച്ചു.. സുധി ഒന്നും പറഞ്ഞില്ല... "അമ്മേ... വന്നേ... ഇങ്ങോട്ട്... ഇതാരാണെന്ന് നോക്കിക്കേ " കൂടുതൽ പറഞ്ഞാൽ സയിക്കതു വിഷമം ആവുമെന്ന് തോന്നി സുധി പെട്ടന്ന് വിളിച്ചു പറഞ്ഞു.. "അല്ലാ... ആരാത്... സായി മോൻ എപ്പോ വന്നു " സാരി തലപ്പിൽ കൈ തുടച്ചു കൊണ്ട് സുധിയുടെ അമ്മ ശൈലജ ഇറങ്ങി വന്നു..

"ഇന്നലെ വന്നു ആന്റി " സായി ചിരിച്ചു കൊണ്ട് പറഞ്ഞു.. "സിത്തു മോള് ഉണ്ടോ " വീണ്ടും അവർ ചോദിച്ചു.. "ഇല്ലാന്റി.. അവൾക്കു ക്ലാസ് ഉണ്ട്.. അച്ഛൻ ജോലിക്ക് പോയോ " സായി ചോദിച്ചു.. "അതേ..." സുധി ആണ് മറുപടി പറഞ്ഞത്.. പോസ്റ്റമാൻ ആണ് സുധിയുടെ അച്ഛൻ ദിവാകരൻ.. ഒരു ഏട്ടൻ കൂടി ഉണ്ടവന്.. ആള് ഗൾഫിൽ ആണ്.. "വാ.. ഭക്ഷണം കഴിക്കാ ടാ " സുധി സായിയെ വിളിച്ചു.. "യ്യോ... വേണ്ടടാ... ഇപ്പൊ കഴിച്ചേ ഒള്ളു.. ചിറ്റ ഒരിച്ചിരി പോലും സ്ഥലം ബാക്കി വെച്ചിട്ടില്ല " ഉമ്മറത്തെ സിമന്റ് തറയിൽ ഇരുന്നു കൊണ്ട് സായി പറഞ്ഞു.. "അവൾക്ക് നിധി കിട്ടുന്ന പോലെ അല്ലേ മോനും സിത്തു മോളും വരുന്നത്... പാവം... ആരോടും പരാതി ഇല്ല... സ്നേഹം മാത്രം ഒള്ളൂ " ശൈലജയുടെ കണ്ണിൽ കൂട്ടുകാരിയോട് സ്നേഹം തിങ്ങി.. "എന്തൊരു സ്നേഹം കൂട്ടുകാരിയോട്.. അല്ലേ അമ്മേ " സുധി കളിയാക്കി... സായിയും അവരെ നോക്കി ചിരിച്ചു.. "പിന്നെ ഇല്ലാണ്ടിരിക്കുവോ... അത്രയും പാവം ആണ് അംബിക... ദേവികയെ പോലെ അല്ല " ശൈലജ പറയുമ്പോൾ സായിയുടെ മുഖം കുനിഞ്ഞു..

സുധി അമ്മയെ ഒന്ന് കൂർപ്പിച്ചു നോക്കി.. അവരും വല്ലായ്മയോടെ സായിയെ നോക്കി.. സായി എഴുന്നേറ്റു... "നിൽക്കെടാ.. ഞാൻ ഈ ഡ്രസ്സ് ഒന്ന് മാറ്റി ഇട്ടു വരാം... നമ്മുക്കൊന്ന് നടക്കാം " അവന്റെ മറുപടി പോലും കാത്തു നിൽക്കാതെ സുധി അകത്തേക്ക് കയറി പോയി.. സായിയോട് ശൈലജ എന്തെക്കെയോ വിശേഷം ചോദിച്ചു നിൽക്കുന്നുണ്ട്... അഞ്ചു മിനിറ്റ് കൊണ്ട് തന്നെ സുധി ഒരുങ്ങി ഇറങ്ങി വന്നിരുന്നു.. വാ... സായിയെ വിളിച്ചു കൊണ്ടവൻ നടന്നു. നീളൻ മൺപാതയിൽ കൂടി അവർ നടന്നു.. "പുതിയ പാട്ട് സൂപ്പർ ഹിറ്റ് ആണ്... അല്ലേടാ " സുധി ചോദിച്ചു.. സായി ചിരിച്ചു കൊണ്ട് മൂളി "ഇതിങ്ങനെ ഒരു നാട്ടുപുറം ആയത് കൊണ്ടല്ലേ... ഇല്ലങ്കിൽ നിനക്ക് ഇത്രയും ഈസി ആയിട്ട് നടക്കാൻ ആവില്ല.. അത്രയും ആരാധകർ ഉണ്ട് ഇപ്പൊ നിനക്ക്.." സുധി മുണ്ട് മടക്കി കുത്തി കൊണ്ട് പറഞ്ഞു.. "എനിക്ക് ഞാനായിട്ട് നടക്കാൻ ആണ് ഇഷ്ടം.. പക്ഷേ അതിന് നീ പറയും പോലെ ഇവിടെ തന്നെ വരണം " സായി ചിരിച്ചു കൊണ്ട് പറഞ്ഞു.. വീണ്ടും ഓരോന്നു പറഞ്ഞു കൊണ്ട് തന്നെ അവർ മുന്നോട്ട് നടന്നു...

അതിൽ അവനെ വിഷമിപ്പിക്കുന്ന ഒന്നും വരാതിരിക്കാൻ സുധി ശ്രദ്ധിച്ചു.. 💞💞💞💞💞💞💞💞💞💞💞💞💞💞💞 ഇതാരുടെ വീടാ സുധി " മുള വേലി തള്ളി തുറന്നു അകത്തു കയറുമ്പോൾ സായി അന്ധാളിപ്പോടെ ചോദിച്ചു.. ഈ വേലിക്കരികിൽ വെച്ചാണ് ഇന്ന് രാവിലെ ആ പിടക്കുന്ന മിഴികൾ കണ്ടത്.. സായിക്ക് അതാണ്‌ ഓർമ വന്നത്.. ഇവിടെ സുധിക്ക് എന്താ കാര്യം.. പറയാം സായി " സുധി പറഞ്ഞു തീരും മുന്നേ അടഞ്ഞു കിടന്ന വാതിൽ വലിച്ചു തുറന്നിട് കിതപ്പോടെ...മുന്നിൽ എത്തിയിരിക്കുന്നു.. രാവിലെ കണ്ട അതേ കാഴ്ച.. സായിയെ കണ്ടപ്പോൾ ആ കണ്ണുകൾ തിളങ്ങി.. "മോനെ അൻസൂ " നിലവിളിച്ചു കൊണ്ടവർ വീണ്ടും അവനെ കെട്ടിപിടിച്ചു.. "ഇയ്യ് എവിടെ ആയിരുന്നു.. ഉമ്മാ എത്ര നേരായി കാത്തിരിക്കുന്നു... ബാപ്പ അന്നേ തിരഞ്ഞു വന്നല്ലോ... ഇയ്യ് കണ്ടില്ലേ.." സായിയുടെ കവിളിൽ തലോടി കൊണ്ട് അവർ വീണ്ടും വീണ്ടും പറയുന്നുണ്ട്.. ഉമ്മാ... വീണ്ടും ചിലമ്പിച്ച അതേ സ്വരം... പിടക്കുന്ന അതേ മിഴികൾ.. സായി പാളി നോക്കി.. "എന്താ ഉമ്മാ ഇങ്ങള് ഇങ്ങനെ..."

കരച്ചിൽ പുരണ്ട സ്വരം..നിസ്സഹായത... വെളുത്തു കൊലുന്നനെ ഉള്ളൊരു മുഖം... കലങ്ങി ചുവന്ന മിഴികൾ.. ഇളം നീല നിറത്തിൽ പഴകിയ ഒരു ചുരിദാർ ആണ് വേഷം.. പക്ഷേ മുഖത്ത് ഒരു പ്രതേകഭംഗിയുണ്ട്.. സുധി പെട്ടന്ന് തന്നെ.. ആ ഉമ്മയെ സായിയിൽ നിന്നും പിടിച്ചു മാറ്റാൻ നോക്കി.. "ന്റെ മോനാ " അവർ സുധിയെ നോക്കി വീണ്ടും പറഞ്ഞു.. "അതേലോ... ഉമ്മാടെ മോനാണ്.. പക്ഷേ ഇങ്ങനെ ഇറുക്കി പിടിച്ച അവൻ ഇനിയും പോകും ട്ടോ ഉമ്മാനെ ഇട്ടിട്ട്.. അത് കൊണ്ട് ഉമ്മ നല്ല കുട്ടിയായി അകത്തു പോയി കിടന്നോ.. അവൻ ഇവിടെ തന്നെ ഉണ്ടാവും.." സുധി പറഞ്ഞപ്പോൾ അവരുടെ മിഴികൾ പിടച്ചു.. "പോവല്ലേ ട്ടോ... ഉമ്മാന്റെ കുട്ടി ഇനിം ഉമ്മാനെ ഇട്ടിട്ടു പോവല്ലേ മോനെ.." അപേക്ഷിക്കുന്ന പോലെ ആയിരുന്നു അവരുടെ മുഖം.. സായി അറിയാതെ തന്നെ തലയാട്ടി... പോവല്ലേ ട്ടോ.. അകത്തു കയറുമ്പോഴും അവരുടെ വാക്കുകൾ സായി കേട്ടിരുന്നു....... തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story