ഇശൽ തേൻകണം: ഭാഗം 30

ishal then kanam

രചന: ജീഫ്‌ന നിസാർ

സന്തോഷത്തിന്റെ ചായം വരച്ചു തീർത്തു... ജീവിതം തന്റെ ചുവരിൽ നിറയെ.. ഉള്ളും ഉയിരും പകുത്തു കൊണ്ട് മുന്നോട്ട് നീങ്ങുമ്പോൾ.. ഇനിയെന്നിനും വേണ്ടി പരസ്പരം മറക്കുവാൻ കഴിയില്ലല്ലോ എന്നതാണ് മനസ്സിൽ നിറയുന്നത്.. ജാസ്മിയുടെ ധൈര്യമവൻ ആവുമ്പോൾ... ഉള്ള് നീറുന്ന അവന്റെ നോവുകൾക്ക്‌ മേൽ അവളും മരുന്നായി മാറി.. പഞ്ചാര വാക്കുകൾ കൊണ്ട് അമ്മാനമാടുന്നതു മാത്രമല്ല പ്രണയമെന്ന് അവർക്ക് തോന്നി.. അതൊരു പങ്ക് വെക്കലാണ്.. നോവുകൾ... ചിരികൾ എല്ലാം.. ദിവസങ്ങൾ ഓടി മറഞ്ഞു കൊണ്ടിരിക്കുന്നു.. "ഉമ്മാക്ക് ഒട്ടും വയ്യ " സായി വിളിക്കുമ്പോൾ നനഞ്ഞു പോയ ഒച്ചയിൽ ജാസ്മി പറഞ്ഞു.. "അത് നീ ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞില്ലേ ജാസ്മി... എന്തോ കുഴപ്പമുണ്ട് എന്ന്.." സായി തിരിച്ചു ചോദിച്ചു.. അവളൊന്നും മിണ്ടിയില്ല.

. "എന്റെ ഒരു ഫ്രണ്ട് ഉണ്ട്... ശിഖ.. ഞാൻ ഇന്നലെ തന്നെ അവളോട്‌ പറഞ്ഞിരുന്നു ഉമ്മാന്റെ കാര്യം.. കൊച്ചിയിൽ അവളൊരു ഹോസ്പിറ്റൽ നടത്തുന്നുണ്ട്.. ഇത് പോലുള്ള ധാരാളം കേസുകൾ അവിടെ ഒക്കെ ആവാറുണ്ട് " സായി പറയുമ്പോൾ... ജാസ്മി മിണ്ടുന്നില്ല... ജാസ്മി... അവൻ വീണ്ടും വിളിച്ചു നോക്കി.. ഒരു മൂളൽ മാത്രം.. അവൻ ഫോൺ കട്ട് ചെയ്തിട്ട് വിഡിയോ കാൾ വിളിച്ചു.. തേജസ്‌ വറ്റിയ മുഖത്തെ സങ്കടം അവനും തൊട്ടറിഞ്ഞ പോലെ.. തിളക്കം മങ്ങിയ ചിരിയിലേക്ക് നോക്കുമ്പോൾ ഉള്ള് പിടയുന്നു... ജാസ്മി... അവളെ നോക്കി വിളിക്കുമ്പോൾ ആ കണ്ണുകൾ പെട്ടന്ന് നിറഞ്ഞു പോയി.. "എനിക്കറിയാം നിന്റെ പേടി.. അത് അറിയാവുന്നത് കൊണ്ട് തന്നെ അല്ലേ പെണ്ണേ ഞാനും അന്വേഷിച്ചു നടന്നിരുന്നത്.. ശിഖയുടെ ഹോസ്പിറ്റലിൽ നിനക്കും കൂട്ട് നിൽക്കാം.. അത് പോരെ " സായി പറയുമ്പോൾ അവൾ അവന്റെ നേരെ നോക്കി ഒരു നിമിഷം മിണ്ടാതെ നിന്ന് പോയിരുന്നു..

അവനും.. കണ്ണ് തുടച്ചിട്ട് സന്തോഷമായിരിക്ക് ട്ടോ... " കണ്ണിറുക്കി ചിരിച്ചു കൊണ്ട് സായി പറയുമ്പോൾ അവൾ പുറം കൈ കൊണ്ട് കവിളിൽ തുടച്ചു.. "ഇനിയെന്നാ വരുന്നേ " പതിയെ ചോദിക്കുമ്പോൾ കാണാനുള്ള മോഹം അവൻ അവളുടെ കണ്ണിൽ കണ്ടിരുന്നു.. കാണാൻ തോന്നുന്നുണ്ടോ നിനക്കെന്നെ " ആർദ്രമായി അവൻ ചോദിക്കുമ്പോൾ ജാസ്മി തല താഴ്ത്തി പിടിച്ചു.. ടീ... അവൻ വീണ്ടും വിളിക്കുമ്പോൾ മുഖം ഉയർത്തി നോക്കി.. പറ... ഞാൻ എന്നാ വരേണ്ടത് .. " ചിരിയോടെ അവനും ചോദിച്ചു.. വരുവോ... അവൾക്ക് സംശയം.. "പിന്നെ... വരാതെ... നീ വിളിച്ചാൽ ഞാൻ എങ്ങനെ വരാതിരിക്കും എന്റെ പെണ്ണേ " അത്രമേൽ പ്രണയത്തോടെ അവനും പറഞ്ഞു.. വീണ്ടും അവളുടെ മുഖത്തു വിരിഞ്ഞ നാണചുവപ്പിലേക്ക് അവനും ആവേശത്തോടെ നോക്കി ഇരുന്നു... നേരെ നോക്ക്‌ ജാസ്മി... സായിയുടെ നോട്ടം നേരിടാൻ ആവാത്ത പോലെ സ്‌ക്രീനിൽ നിന്നും മുഖം ഒളിപ്പിച്ചു പിടിക്കുന്ന പെണ്ണിനെ അവൻ പിടിച്ചു നിർത്തി.. "സങ്കടം ഒക്കെ പോയോ "

ചിരിച്ചു തുടങ്ങിയ മുഖത്തേക്ക് നോക്കി സായി ചോദിച്ചു.. അതേ എന്ന് അവളൊന്നു തലയാട്ടി കാണിച്ചു... "എത്ര അകലെ ആയിരുന്നാലും മനസ്സ് കൊണ്ട് ഞാൻ നിന്റെ അരികിലുണ്ട്... നിന്റെ സങ്കടങ്ങളുടെ കാവൽകാരൻ ആയാൽ മതി എനിക്ക്... എന്റെ സ്നേഹത്തിന്റെ മതിൽ ഭേധിച്ചു കൊണ്ട് ഒരു സങ്കടത്തിനും നിന്നിലേക്ക് നുഴഞ്ഞു കയറാൻ ആവാത്ത വിധം..." പ്രണയത്തിന്റെ ആധിക്യം കൊണ്ടാവും... സായിയുടെയും സ്വരം ഇടറി... "സ്വപ്നം കാണാൻ നിനക്ക് മുന്നിൽ എനിക്കൊരു ലോകം തന്നെ പണിയണം.. ഒന്നും ഓർത്തു വേദനിക്കരുത്.. നിന്നെ മാത്രം ഓർത്തിരിക്കുന്ന എന്നെ കുറിച്ച് ഓർത്തു കൊള്ളു " പറയുമ്പോൾ അവനിൽ വിരിഞ്ഞ കള്ള ചിരിയിലേക്ക് അവളും കൊതിയോടെ നോക്കി.. എത്ര നാൾ കൊണ്ട് പരസ്പരം അറിയാം എന്നതല്ല... അറിഞ്ഞിടത്തോളം എത്ര മനസ്സിലാക്കി എന്നതാണ് പ്രണയത്തിന്റെ വിജയം.. അകലെ ആയിരുന്നാലും മനസ്സിൽ അവൻ കൂടെ തന്നെ ഉണ്ടെന്ന് അവൾക്കും.... തന്റെ സാമിപ്യം കൊണ്ട് മാത്രം മാറുന്ന വേദനകൾ അവൾക്കുണ്ടെന്ന് അവനും..

പറയാതെ തന്നെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നു.. മനസ്സുകൾ തമ്മിൽ കൊരുത്തിട്ടാ സ്നേഹം അങ്ങനെ പടർന്നു പന്തലിച്ചു പോയിരുന്നു.. ഒരാഴ്ചക്കുള്ളിൽ ഹോസ്പിറ്റലിൽ നിന്നും അറിയിപ്പ് കിട്ടുമെന്നും... പോവാനുള്ളതെല്ലാം സുധി അറേൻജ് ചെയ്തു തരുമെന്നും സായി പറഞ്ഞു.. പുതിയൊരു തിളക്കം വന്നിരുന്നു ജാസ്മിയുടെ കണ്ണിൽ.. അത് തന്നെ ആയിരുന്നു അവനും വേണ്ടിയിരുന്നത്.. അവൾളുടെ ചിരിക്ക് പിന്നിലെ കാരണമായിരിക്കാനും നിഴൽ പോലെ ആ പാവം പെണ്ണിനോട് ചേർന്ന് നടക്കാനും അവനും അത്രയും കൊതിച്ചു പോയിരുന്നു... നോവുകൾ എല്ലാം പെയ്തിറങ്ങിയ ചില്ലയിൽ നിന്നും ഇനി പ്രണയത്തിന്റെ നീർ തുള്ളികൾ ഇറ്റി വീഴട്ടെ അവൾക്കും അവനും മീതെ.. ഒരിക്കലും നിലയ്ക്കാത്ത മകരപെയ്‌ത്തു പോലെ.. പാടിയും പറഞ്ഞും തമ്മിലുള്ള സ്നേഹം ഊട്ടി ഉറപ്പിക്കുന്ന തിരക്കിലായിരുന്നു അപ്പോഴും അവനും അവളും... ❤❤❤❤❤❤❤❤❤❤❤❤❤❤❤

ഒരാഴ്ചക്ക്‌ ശേഷമുള്ളൊരു വൈകുന്നേരം സായി ചെല്ലുമ്പോൾ അകത്തു ദേവികയോട് സംസാരിച്ചു കൊണ്ട് അഖില ആന്റി ഇരിപ്പുണ്ട്.. "ആന്റി എപ്പോ വന്നു..." ചിരിച്ചു കൊണ്ട് തന്നെ സായി അവരുടെ അരികിലേക്ക് പോയി.. ആ മുഖത്തു പക്ഷേ പതിവുപോലെ ചിരി ഇല്ലായിരുന്നു.. സായിയുടെ ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞു.. ദൈവമേ... എന്റെ പെങ്ങളൊന്ന് ചിരിച്ചു കണ്ടു തുടങ്ങിയിട്ടേ ഒള്ളു.. എന്തിന്റെ പേരിൽ ആയിരുന്നാലും അതില്ലാതെയാക്കരുത്.. മനസ്സ് അപ്പോഴും കേഴുന്നുണ്ട്.. കുറച്ചു നേരമായി സായി " വലിയ തെളിച്ചം ഇല്ലേലും അഖില പറഞ്ഞു. ദേവികയുടെ മുഖം പിന്നെ വല്ലപ്പോഴും മാത്രം ചിരിച്ചു കാണാറുള്ളു.. അത് കൊണ്ട് തന്നെ ആ ഭാവം സായി കണക്കിലെടുത്തില്ല.. ആന്റി പക്ഷേ അങ്ങനെ അല്ല.. കാണുമ്പോൾ ഒക്കെയും ചിരിച്ചു കൊണ്ട് വിശേഷം ചോദിക്കും... നിറയെ സംസാരിക്കാൻ ഇഷ്ടമുള്ള അവരുടെ മൗനം അവനെ പേടിപ്പിച്ചു.. കഴിഞ്ഞ ആഴ്ച പോലും പ്രണവ് ആണ് സിത്തുവിനെ ഹോസ്റ്റലിൽ കൊണ്ടാക്കിയത്..

അന്നു കാണുമ്പോഴും രണ്ടാളും എത്ര സന്തോഷത്തിൽ ആയിരുന്നു.. 'അങ്കിൾ... സുഖമായിരിക്കുന്നോ ആന്റി " ഉള്ളിലെ പതർച്ച മറച്ചു പിടിച്ചു കൊണ്ട് തന്നെ സായി ചോദിച്ചു.. സുഖം... അതിനും അഖിലയുടെ മറുപടി കേട്ടപ്പോൾ സായിക്ക് മനസ്സിലായി... വിചാരിച്ചത് നേര് തന്നെ.. എന്തോ പ്രശ്നം ഉണ്ട്.. അവൻ ദേവികയെ ഒന്ന് നോക്കി.. അങ്ങനൊരു ആൾ അവിടെ ഉണ്ടെന്ന ഭാവം പോലും ഇല്ലാത്ത പോലെ.. "എന്താ ആന്റി... എന്തേലും പ്രശ്നം ഉണ്ടോ " ഉള്ളിലെ വിറയൽ പുറത്ത് കാണിക്കാതെ തന്നെ സായി ചോദിച്ചു... മിണ്ടുന്നില്ല.. വീണ്ടും അവന്റെ ചങ്ക് പിടച്ചു.. "പറ... എന്താ പ്രശ്നം..." ഇച്ചിരി കൂടി ഉറക്കെ സായി ചോദിക്കുമ്പോൾ ദേവിക അഖിലയെ നോക്കി.. സായി രണ്ടു പേരെയും മാറി മാറി നോക്കി.. അവന് ദേഷ്യവും സങ്കടവും വരുന്നുണ്ടായിരുന്നു.. "ഒന്ന് പറ അമ്മാ... എന്താ പ്രശ്നം " ഇപ്രാവശ്യം അവന്റെ സ്വരം ഇടറി.. ദേവിക പക്ഷേ മുഖം തിരിച്ചു കളഞ്ഞു.. "ഒരു പ്രശ്നം ഉണ്ട് സായി... പ്രശ്നം എന്ന് പറയുമ്പോൾ... ഇച്ചിരി വലിയൊരു പ്രശ്നം തന്നെ " അഖില പറയുമ്പോൾ സായി വിറച്ചു പോയിരുന്നു..

സിത്തുവിന്റ ചിരിച്ച മുഖം കണ്മുന്നിൽ കാണും പോലെ.. കണ്ണട എടുത്തിട്ട് അവൻ കണ്ണുകൾ അമർത്തി അടച്ചു പിടിച്ചു... എന്താ.... എന്താ അത് " പരുഷമായി തന്നെ സായി ചോദിച്ചു.. "എനിക്കും ഏട്ടനും അല്ല മോനെ പ്രശ്നം... നിനക്കറിയോ ഏട്ടന്റെ കുടുംബം മൊത്തം എന്റെ നേരെ തിരിഞ്ഞിരിക്കുവാ ഇപ്പോൾ.." അഖില പറയുമ്പോൾ സായിയുടെ നെറ്റി ചുളിഞ്ഞു പോയിരുന്നു.. "നിങ്ങളുടെ ഫാമിലി... അതായത് ഇങ്ങനെ തമ്മിൽ പിരിഞ്ഞു ജീവിക്കുന്ന അച്ഛന്റേം അമ്മയുടെയും മക്കളും അതേ പാത തന്നെ പിന്തുടരും എന്നും... വേർപെട്ട് ജീവിക്കുന്ന ഇവര് അവരുടെ കുടുംബത്തിനൊരു അപമാനം ആണെന്നും പറഞ്ഞു കൊണ്ട്..." അഖില പറയുമ്പോൾ തന്നെ സായി തല ചെരിച്ചിട്ട് ദേവികയെ ഒന്ന് നോക്കി.. അവന്റെ ചുണ്ടിലെ പരിഹാസം കാണാൻ വയ്യാഞ്ഞിട്ട് ദേവിക വേഗം നോട്ടം മാറ്റി.. "ഇപ്പോഴും പഴമ കെട്ടിപിടിച്ചു ഇരിക്കുന്ന ആൾകാരോട് വാദിച്ചു ജയിക്കാൻ ഒന്നും എനിക്ക് കഴിയില്ല സായി.. അവർ സമ്മതിച്ചു തരാതെ ഈ കല്യാണം നടത്താനും...." അഖില പറയുമ്പോൾ സായിയുടെ നെഞ്ചിൽ ഇടിമുഴക്കം പോലെ...

സിത്തുവിന്റെ നിറഞ്ഞ കണ്ണുകൾ ആണിപ്പോൾ കണ്മുന്നിൽ.. ആന്റി.... വിളിക്കുമ്പോൾ അവന്റെ സ്വരം പോലും വിറച്ചു.. "ആന്റിക്ക് ഒട്ടും എതിർപ്പില്ല സായി... എന്റെ ദേവികയുടെ മോളല്ലേ... എന്റേം മോളല്ലേ... സന്തോഷം മാത്രം ഒള്ളൂ... പക്ഷേ..." ആ ഒരു പക്ഷേ യ്ക്ക് സായിയുടെ ഉള്ള് തകർത്തു കളയാൻ വേണ്ടുന്ന ശക്തി ഉണ്ടായിരുന്നു.. "ജീവിക്കേണ്ടത് സിത്തും പ്രണവും അല്ലേ ആന്റി.... എന്തിനാണ് വെറുതെ അവരുടെ ജീവിതം ഒരു ചർച്ചയ്ക്ക് വെക്കുന്നത് " ചോദിക്കുമ്പോൾ സായിയുടെ വിറയൽ ശബ്ദം ഏറ്റെടുത്തു.. "ശെരിയാണ്.. പക്ഷേ സിത്തുവിനെ എല്ലാവരും കൊത്തി പറിക്കും മോനെ ഇത് പറഞ്ഞു കൊണ്ട്... മാത്രമല്ല ഏട്ടൻ... ഏട്ടനിപ്പോഴും കുടുംബം വളരെ പ്രിയപ്പെട്ടതാണ് " സ്വന്തം ഭാഗം സേഫ് ആക്കിയിട്ട് അഖില പറയുമ്പോൾ... സായി രൂക്ഷമായി ദേവികയെ നോക്കി.. തൃപ്തിയായില്ലേ എന്നൊരു ധ്വനി ഉണ്ടായിരുന്നു അതിൽ.. ദേവികയ്ക്ക് പക്ഷേ കൂസലൊന്നും ഇല്ല.. വാശി വിട്ട് കളിക്കാൻ വേറെ ആളെ നോക്കട്ടെ എന്നൊരു ലെവൽ.. "നിങ്ങൾ ആലോചിച്ചു ഒരു തീരുമാനം അറിയിക്ക്...

പോസിറ്റീവ് ആയിരിക്കും എന്ന് തന്നെ ഞാനും കരുതട്ടെ... കൂടുതൽ ഒന്നും പറയാൻ ഇല്ല " അഖില യാത്ര പറഞ്ഞു പോയിട്ടും സായി അനങ്ങാൻ ആവാതെ അവിടെ തന്നെ ഇരുന്നു പോയി.. സിത്തുവിന്റെ സ്വപ്നം ഇവിടെ വെച്ചു അവസാനിക്കാൻ പോവുകയാണ് എന്ന് വരെയും തോന്നി അവന്.. ഇനി ഒരു കൂടിച്ചേരൽ... അതും അച്ഛനും അമ്മയും.. അതിനി സാധ്യത വളരെ കുറവാണ് എന്നല്ല... സാധ്യത തീരെ ഇല്ല എന്ന് തന്നെ പറയേണ്ടി വരും.. അത്രത്തോളം വെറുക്കുന്ന രണ്ടു പേരെ... എങ്ങനെയാ ഇനി കൂട്ടി മുട്ടികേണ്ടത്.. അകൽച്ചകൾ അവരെ നേർ രേഖ പോലെ വരച്ചു വെച്ചിട്ടുണ്ട്.. ഇനി ഒരു കൂട്ടി മുട്ടൽ സാധ്യമാവാത്ത വിധം.. സായിക്ക് തല പെരുക്കും പോലെ തോന്നി.. കണ്ണുകൾ അടച്ചിട്ട് ആ സോഫയിൽ തന്നെ കിടന്നു പോയി അവനും.. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 നിന്റെ സംസാരം കേട്ടാൽ തോന്നുമല്ലോ മുഴുവൻ തെറ്റും എന്റെയാണെന്ന് " സായിക്ക് നേരെ ദേവിക ചീറി.. ജയന്റെ മുഖത്തും വല്ലാത്തൊരു ഭാവം.. "അല്ലേ... നിങ്ങളല്ലേ തെറ്റുകാർ " സായിക്കും പിടി വിട്ട് തുടങ്ങിയെന്നു ദേവികയ്ക്ക് മനസ്സിലായി..

ദേഷ്യവും സങ്കടവും അവനെ തീർത്തും മറ്റൊരാളാക്കി മാറ്റിയത് പോലുള്ള പെരുമാറ്റം.. "കഴിഞ്ഞു പോയതൊന്നും വീണ്ടും കുത്തി ഇളക്കാൻ അല്ല ഞാൻ നിങ്ങളെ വിളിച്ചത്... ആന്റി പറഞ്ഞു പോയത് അമ്മയും കേട്ടതല്ലേ... അച്ഛനോട് ഞാൻ പറഞ്ഞതുമല്ലേ... അതിനുള്ള തീരുമാനം പറ രണ്ടാളും... അതാണ്‌... അത് മാത്രം ആണ് എനിക്കറിയേണ്ടത് " സായി കടുപ്പത്തിൽ പറയുമ്പോൾ ദേവികയും ജയനും ഒന്ന് പരസ്പരം നോക്കി... "ഞങ്ങളുടെ കുട്ടികാലം മുഴുവനും നിങ്ങളുടെ ഇടയിൽ നരകിച്ചു... ഇനി ഇപ്പോൾ ആഗ്രഹിക്കുന്ന ജീവിതം ഇതാ.. നിങ്ങളുടെ മുന്നിൽ ദയ കാത്തു നിൽക്കുന്നു... എന്തൊരു അവസ്ഥയാണ്.." തലയിൽ കൈ താങ്ങി കൊണ്ട് സായി കസേരയിൽ മുഖം കുനിച്ചിരുന്നു.. ആരും ഒന്നും മിണ്ടുന്നില്ല.. "എന്തേ.... ഒന്നും പറയാൻ ഇല്ലേ..." അൽപ്പം കഴിഞ്ഞു സായി തന്നെ ചോദിച്ചു.. അപ്പോഴും മിണ്ടാതെ നിൽക്കുന്ന ജയനെയും ദേവികയേയും അവൻ ദേഷ്യത്തോടെ നോക്കി.. "ഞാനും സിത്തും നിങ്ങളുടെ മക്കൾ തന്നെ ആണോ... ആണോ അമ്മേ... അച്ഛാ.. അതോ വല്ലോടത്തു നിന്നും പൊറുക്കി കൊണ്ട് വന്നതാണോ നിങ്ങൾ ഞങ്ങളെ " സായന്ത്....

ദേവിക ഉറക്കെ വിളിച്ചിട്ട് അവന്റെ നേരെ നോക്കി.. "അല്ല.. സ്വന്തം മക്കളുടെ സന്തോഷം നിറഞ്ഞ ജീവിതമാണ് നിങ്ങൾക്ക് മുന്നിൽ തൂങ്ങി ആടുന്നത്.. അപ്പോഴും നിങ്ങൾ നിങ്ങളുടെ വാശി ഉപേക്ഷിച്ചു മടങ്ങാൻ കൂട്ടാക്കുന്നില്ല... ഞാൻ പിന്നെ എന്ത് പറയണം " സായി ഉറക്കെ ചോദിച്ചു... "അഖിലാന്റിയെ തെറ്റ് പറയാൻ ആവുമോ.. അവരുടെ കുടുംബം അങ്ങനെ മോഹിക്കുന്നതിന് തെറ്റ് പറയാൻ ആവുമോ.. ഇല്ല.. തെറ്റ് മുഴുവനും നിങ്ങളുടെ ഭാഗത്തല്ലേ " സായി വീണ്ടും അവരെ തുറിച്ചു നോക്കി.. അൽപ്പം നേരം കൂടി മൗനം നിറഞ്ഞു.. "മിണ്ടാതെ നിന്നത് കൊണ്ട് കാര്യമില്ല.. ഒരുമിച്ച് ഒരു ജീവിതം സ്വപ്നം കണ്ട് ഒരുപാട് സ്നേഹം തമ്മിൽ പകർന്നു കൊടുക്കുന്ന രണ്ട് പേരുടെ സ്നേഹമാണ് കിടന്നാടുന്നത്.. അഖിലാന്റിയോട് എനിക്കൊരു ഉത്തരം പറയണം.." സായി വീണ്ടും പറഞ്ഞു.. "പറ.. നിങ്ങൾ തന്നെ പറഞ്ഞു താ.. എന്താ ഞാൻ അവരോടു പറയേണ്ടത്." സായി രണ്ടാളെയും മാറി മാറി നോക്കി.. "ബുദ്ധിമുട്ടാണ്.. ഇനിയൊരിക്കലും ചേർത്ത് വെക്കാൻ ആവാത്ത വിധം മനസ്സിൽ വിള്ളൽ വന്നു കഴിഞ്ഞു..

പക്ഷേ എന്റെ സാമിപ്യം കൊതിച്ച നിങ്ങളിൽ നിന്നും ഞാൻ അത് അകയറ്റിയതിനുള്ള പ്രായശ്ചിതം ആയിക്കോട്ടെ... എനിക്ക് സമ്മദമാണ് സായി...." ജയൻ പറയുമ്പോൾ സായി അയാളുടെ നേരെ നന്ദിയോടെ നോക്കി.. ശേഷം അവന്റെ കണ്ണുകൾ ദേവികയിൽ തറച്ചു കയറി.. "ഇനി അമ്മ പറ... എന്താ തീരുമാനം.. അഖിലാന്റിയോട് ഞാൻ ഒക്കെ പറയട്ടെ " ദേവികയുടെ കല്ലിച്ച ഭാവം നെഞ്ചിൽ പേടി ഉണർത്തുന്നു എങ്കിലും സായി പ്രതീക്ഷയോടെ ചോദിച്ചു.. "എനിക്ക്... എനിക്ക് പറ്റില്ല... അത് എന്തിന് വേണ്ടി ആണേലും ഇനി ഒരു കൂടി ചേരൽ എനിക്ക് പറ്റില്ല " അൽപ്പം പോലും ദയവില്ലാത്ത അവരുടെ മുഖം.. സായി കണ്ണുകൾ അടച്ചു പിടിച്ചു.. "വേണ്ട... പറ്റണ്ട... വാശി കെട്ടിപിടിച്ചു ഇരുന്നോ.. ഞങ്ങളുടെ ജീവിതം ഇനി എന്തായാലും നിങ്ങളുടെ സന്തോഷം ഇല്ലാതെയാവില്ലല്ലോ അത് മതി.. അത് മാത്രം മതി അമ്മാ " പറഞ്ഞിട്ട് സായി പോയി മുഖം പൊതിഞ്ഞു പിടിച്ചിരുന്നു.. ഉള്ള് നീറുന്നുണ്ട്.. അമ്മ ഒരിക്കലും അസെപ്റ്റ് ചെയ്യില്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ചോദിച്ചത്..

എന്നിട്ടും ഉള്ളിൽ എവിടെയോ പ്രതീക്ഷയുടെ ഒരു നേർത്ത ശേഷിപ്പ് ബാക്കി കിടന്നിരുന്നില്ലേ.. സിത്തുവിന്റെ മുഖം മുന്നിൽ വന്നു നിറഞ്ഞു.. എങ്ങനെ പറയും.. എന്ത് പറഞ്ഞാലും കൊടുത്താലും അവളുടെ സന്തോഷം തിരികെ ലഭിക്കില്ല.. എന്തൊരു ഭാഗ്യദോഷികളാണ് താനും അവനും... ജയൻ വന്നിട്ട് അവന്റെ തോളിൽ തൊട്ടു.. കലങ്ങിയ കണ്ണോടെ അവൻ അയാളെ ഒന്ന് തുറിച്ചു നോക്കി... നോട്ടത്തിന്റെ ചൂട് കൊണ്ട് ജയൻ വേഗം കൈ എടുത്തു മാറ്റി.. "എന്തിനാണ് ഇത്രേം വളർത്തി വലുതാക്കിയത്... എവിടേലും ഉപേക്ഷിച്ചു കളഞ്ഞൂടായിരുന്നോ..." ഉള്ളിലെ സങ്കടം മുഴുവനും ഉണ്ടായിരുന്നു അവന്റെ വാക്കിൽ... മിണ്ടുന്നില്ല...രണ്ടും. ദേവിക സ്വന്തം നഖം അന്ന് കാണും പോലെ കിള്ളി പറിച് കൊണ്ടിരിക്കുന്നു.. "സന്തോഷം എന്തെന്ന് അറിഞ്ഞു തുടങ്ങിയ ഒരു പെണ്ണുണ്ട്.. സ്വപ്നം കണ്ടു തുടങ്ങിയ എന്റെ അനിയത്തി... നിങ്ങളുടെ മകൾ.. അവളോട്‌ പറയാൻ ഒരു ഉത്തരം കൂടി നിങ്ങൾ എനിക്ക് പറഞ്ഞു താ..." സായി വീണ്ടും ചോദിച്ചു..

"അവൾക്ക് എന്താ കാര്യം പറയുമ്പോൾ മനസ്സിലാവാതെ ഇരിക്കാൻ കൊച്ചു കുട്ടി ഒന്നും അല്ലല്ലോ.. അല്ലങ്കിൽ തന്നെ പഠിക്കാൻ വിട്ട സമയം മൊത്തം പ്രേമിച്ചു നടക്കാൻ ധൈര്യം കാട്ടിയവൾ..." സായിയുടെ നോട്ടം കണ്ടപ്പോൾ ദേവിക പാതിയിൽ നിർത്തി.. "എനിക്ക് തോന്നുന്ന ദേഷ്യത്തിന് ഞാൻ ഇപ്പൊ അമ്മയെ തല്ലും.. അതാണ്‌ അവസ്ഥ..." സായി ഉറക്കെ വിളിച്ചു പറഞ്ഞു.. "ഒറ്റ തല്ല് കൊണ്ടൊന്നും നിന്റെ അമ്മ നന്നാവില്ല മോനെ... അത് മനസ്സിലായത് കൊണ്ടാണ് അച്ഛൻ അതിന് നിൽക്കാത്തത്... അത്ര ആണത്തം ഇല്ലാത്തവൻ ഒന്നും അല്ലേടാ ഞാൻ... ചിലർ എത്ര കിട്ടിയാലും പഠിക്കാത്ത പിശാചിന്റെ ജന്മം പോലെ ഉണ്ടാവും... നിന്റെ അമ്മ ആ കൂട്ടത്തിൽ ആണ് " ജയൻ ദേഷ്യത്തോടെ പറയുമ്പോൾ ദേവിക അയാളെ തുറിച്ചു നോക്കി.. "നന്നാവില്ലെന്ന് ഉറപ്പായി ഞാൻ വിട്ട് കളഞ്ഞ വെറും വേസ്റ്റ് ആണ് എനിക്ക് നിന്റെ അമ്മ " ജയൻ അടുത്ത ആണിയും അടിച്ചു കയറ്റി........ തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story