ഇശൽ തേൻകണം: ഭാഗം 32

ishal then kanam

രചന: ജീഫ്‌ന നിസാർ

കുളിച്ചു വന്നപ്പോഴും മനസ്സിൽ ഒരു തീരുമാനത്തിൽ എത്താൻ ആയില്ലെന്ന് സായിക്ക് തോന്നി.. മുറി അടച്ചിരുന്നാൽ ഒരിക്കലും ഒന്നിനും ഒരു പരിഹാരം ആവില്ലെന്നറിയാം.... ഓഫീസിൽ പോയി തുടങ്ങണം.. അതിനും മുന്നേ... നാട്ടിലേക്ക് ഒന്ന് പോണം. അവളെ കാണാൻ.. അപ്പോഴും അവളോട്‌ എന്ത് പറയണം എന്നറിയില്ല.. ആ മുഖം ഓർക്കുമ്പോൾ ഒക്കെയും വല്ലാത്തൊരു വേദന പൊതിയുന്നു.. രണ്ടു ദിവസമായി.. ഫോൺ ഓഫ്‌ ചെയ്തു വെച്ചേക്കുന്നു.. അത്യാവശ്യമുള്ളവർക്ക് വിളിക്കാൻ വേണ്ടി മറ്റൊരു നമ്പർ കൂടി ഉണ്ട്.. അതിലേക്ക് വരുന്ന കോളുകൾ മാത്രം എടുത്തു.. ഒന്നിലും മനസ്സുറക്കുന്നില്ല.. കയ്യിൽ കിട്ടിയ ഒരു ഷർട്ടെടുത്തിട്ടു... ഉച്ച കഴിഞ്ഞു ടിക്കറ്റ് ബുക്ക്‌ ചെയ്തിട്ടുണ്ട്.. ഒരുങ്ങി കഴിഞ്ഞ ശേഷം വീണ്ടും ബെഡിലേക്കിരുന്നു.. ജീവനോടെ അവളെ കൊന്നു കളയാൻ ആണ് പോവുന്നത്... ഒപ്പം ആയുസ്സ് മുഴുവനും ഓർത്തു ഉരുകാനുള്ള ഒരു മനസ്സും സ്വന്തമാകും.. മറക്കാനാവില്ലെന്ന് ഉറപ്പാണ്.. എനിക്ക് വേറെ നിവൃത്തി ഇല്ലല്ലോ.. വീണ്ടും ഹൃദയം പിടയുന്നു.. മുഖം ഒന്നൂടെ തുടച്ചിട്ട് സായി കണ്ണട തിരിച്ചു വെച്ചു.. ബെഡിലെ മൂലയിൽ കിടന്ന ഫോൺ എടുത്തിട്ട് ഓൺ ചെയ്യുമ്പോൾ കൈ പോലും വിറക്കുന്നു..

മെസേജും കാളും വന്നിരുന്നു എന്നതിന്റെ തെളിവോണം.. ഫോൺ ഉറക്കെ ഉറക്കെ നിലവിളിച്ചു.. ഒന്ന് പോലും എടുത്തു നോക്കാൻ തോന്നിയില്ല.. ഫോൺ പോക്കറ്റിൽ തിരുകി... ബെഡിൽ റെഡിയാക്കി വെച്ചിരിക്കുന്ന ബാഗ് എടുത്തിട്ട് ടേബിളിൽ കിടന്ന കാറിന്റെ കീയും എടുത്തു കൊണ്ട് സായി പുറത്തിറങ്ങി വാതിൽ വലിച്ചടച്ചു.. എല്ലാത്തിനോടും അടങ്ങാത്ത ദേഷ്യം തോന്നുന്നു.. ഹാളിൽ സോഫയിൽ ദേവിക ഇരുന്നിട്ട് ഫയൽ നോക്കുന്നുണ്ട്.. അവൻ അങ്ങോട്ട്‌ നോക്കുക കൂടി ചെയ്യാതെ അവരെ കടന്ന് പോയി.. സായി... പിറകിൽ നിന്നും വിളി... പല്ലുകൾ കടിച്ചു പിടിച്ചു കൊണ്ടവൻ നിന്നു.. പക്ഷേ തിരിഞ്ഞു നോക്കിയില്ല.. "നീ എവിടെ പോകുന്നു " മടിയിലെ ഫയൽ എടുത്തു വെച്ചിട് എഴുന്നേറ്റു അവന്റെ അരുകിൽ വന്നിട്ടാണ് ചോദ്യം.. അവനൊന്നും മിണ്ടാതെ നിന്നു.. ദേവിക വീണ്ടും അവനെ സൂക്ഷിച്ചു നോക്കി.. "നീ എന്താ മൗനവ്രതം കൊണ്ട് എന്നെ തോൽപ്പിക്കാൻ പോവയാണോ " സായിക്ക് മുന്നിൽ വന്നു നിന്നിട്ട് കൈകൾ നെഞ്ചിൽ കെട്ടി ദേവിക ചോദിച്ചു..

ഇപ്രാവശ്യം പുച്ഛം അവന്റെ മുഖത്തായിരുന്നു. "നിങ്ങളോട് മിണ്ടാത്തത്... മിണ്ടുന്നതു കൊണ്ട് പ്രതേകിച്ചു കാര്യമൊന്നും ഉണ്ടാവില്ലെന്ന് അറിയാവുന്നത് കൊണ്ടാണ്. ചെല്ല്... ചെന്നിട്ടാ ഫയൽ അരച്ച് കലക്കി കുടിക്ക്... അതാണല്ലോ നിങ്ങളുടെ ലോകം.. അവിടെ മാത്രം ആണല്ലോ നിങ്ങളൊരു മനുഷ്യൻ " ദേഷ്യം കൊണ്ട് സായി കടിച്ചു തുപ്പിയ വാക്കുകൾ... ദേവികയെ സ്പർശിച്ചത് കൂടി ഇല്ല.. "ഈ ചെയ്യുന്നതിനൊക്കെ ഒരു അവസാനം വരുന്ന ദിവസം വരും... അന്നറിയും നിങ്ങൾ... അന്നേ അറിയൂ " പറഞ്ഞിട്ട് അവൻ മുന്നോട്ട് നടന്നു... "പുതിയ ബിസിനസ് മന്ത്രം ഒന്നൂടെ പഠിച്ചു വെച്ചോ.. ഞാൻ നാട്ടിൽ പോകുവാ... അവിടൊരാളെ കൊന്നു കളയാൻ പാകത്തിന് ഒരു ആയുധം കൊണ്ട്.. കൂട്ടത്തിൽ ഞാനും മരിക്കും.. പക്ഷേ നിങ്ങളുടെ ആഗ്രഹം പോലെ നടക്കാനുള്ള... ജീവനില്ലാത്ത... ആഗ്രഹങ്ങളും മോഹങ്ങളും ഇല്ലാത്ത ഒരു പാവയെ പോലെ ഞാൻ തിരിച്ചു വരും... പിന്നീട് അങ്ങോട്ട്... ഒരു വിഡ്ഢിയെ പോലെ ജീവിക്കാൻ.." അവൻ വിളിച്ചു പറഞ്ഞിട്ടും ദേവിക നിന്നിടത്തു നിന്നും അനങ്ങിയില്ല.

. "മറുവശം എന്റെ പെങ്ങളാണ്... സ്വന്തം പെങ്ങൾക്ക് മുന്നിൽ എന്റെ പെണ്ണിനോട് ഇഷ്ടം കുറഞ്ഞിട്ടല്ല... എന്റെ അവസ്ഥ സിത്തുവിനെക്കാൾ എളുപ്പമാണ്... ജാസ്മിക്ക് മനസ്സിലാക്കാൻ.. യാതൊരു നിവൃത്തിയും ഇല്ലാഞ്ഞിട്ടാണ് എന്നവൾക്ക് തിരിച്ചറിയാൻ കഴിയും..." "പ്രണവിനോട് ഇത് ഞാൻ പറയാത്തത് നിങ്ങളെ പേടിച്ചിട്ടല്ല... അവനൊരു ആൺകുട്ടിയാണ്... അവന്റെ പെണ്ണിനെ വിളിച്ചിറക്കി കൊണ്ട് പോയി ആർക്കും ഇട്ടു തട്ടി കളിക്കാൻ കൊടുക്കില്ലെന്ന് എനിക്കുറപ്പുണ്ട്.. പക്ഷേ.. അങ്ങനെ ചെയ്യുമ്പോൾ അവന്റെ കുടുംബം അവന് നഷ്ടം വരും... എല്ലാവരും എന്റെ പെങ്ങളെ ശത്രു കണക്കെ നോക്കും... സ്വന്തം കുടുംബത്തിന്റെ സപ്പോർട്ട് ഇല്ലാത്ത വേദന എനിക്ക് ശെരിക്കും അറിയാം... ആ ഗതി അവനും കൂടി വരരുത് എന്ന് കരുതിയിട്ടാണ്... എല്ലാം ഞാൻ ഒറ്റയ്ക്ക് സഹിക്കാൻ തീരുമാനം എടുത്തത്... മറക്കണ്ട നിങ്ങള്..."

പറഞ്ഞു കൊണ്ടവൻ വെട്ടി തിരിഞ്ഞു കൊണ്ട് പോയി... ദേവിക പതിയെ സോഫയിൽ വന്നിരുന്നു.. ഫയൽ കയ്യിലെടുത്തിട്ടും.. ഒന്നിലും ശ്രദ്ധ കൊടുക്കാൻ കഴിഞ്ഞില്ല.. ഫയൽ അടച്ചു വെച്ചിട്ട് ഏതോ ഗഹനമായ ചിന്തയിൽ അവരും അങ്ങനെ ഇരുന്നു പോയി... ❤❤❤❤❤❤❤❤❤❤❤❤❤❤❤ ഫ്ലൈറ്റ് ഇറങ്ങി ടാക്സി കൊണ്ട് സുധി കാത്തു നിന്നിരുന്നു.. സായി തന്നെയാണ് അവനോട് പറഞ്ഞത് വരുന്നുണ്ടെന്ന്.. കൂടുതൽ ഒന്നും പറയാതെ ഫോൺ ഓഫ്‌ ചെയ്യുമ്പോൾ.. സ്നേഹത്തോടെ ഇത് അവസാന കൂടികാഴ്ച ആവുമെന്ന് സായിക്ക് ഉറപ്പായിരുന്നു... താൻ പറയാൻ പോകുന്ന വാക്കുകൾ കേൾക്കുമ്പോൾ... അവന്റെ മനസ്സിൽ തോന്നുന്ന വികാരം പറയാതെ തന്നെ അറിയാം.. "നിന്റെ ഫോണിനെന്തു പറ്റിയെടാ " കണ്ടപ്പോൾ തന്നെ ഓടി വന്നു കയ്യിൽ പിടിച്ചിട്ട് സുധി ആദ്യം ചോദിച്ച ചോദ്യം.. "വന്നിട്ട് ഒത്തിരി നേരം ആയോ ടാ..." സായി അവന്റെ ചോദ്യം കേൾക്കാത്ത പോലെ തിരിച്ചു ചോദിച്ചു.. "ഇല്ല.. ഒരു അരമണിക്കൂർ... വാ " പറഞ്ഞിട്ട് സുധി മുന്നിൽ നടന്നു..

"ജാസ്മി എന്നെ വിളിച്ചു.. നീ വിളിക്കുന്നില്ല... നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ല... എന്നൊക്കെ പറഞ്ഞു.. പാവം... ആകെ ടെൻഷൻ അടിച്ചു നിൽപ്പുണ്ട്.. ഞാനും വിളിച്ചിട്ട് കിട്ടിയില്ല.. എന്ത് പറ്റി സായി... എന്തേലും പ്രശ്നം ഉണ്ടോ ടാ " സുധിയുടെ നെറ്റി ചുളിഞ്ഞു.. "ഏയ്.. ഒന്നുല്ലടാ " സീറ്റിലേക്ക് ചാരി കിടന്നവൻ കണ്ണുകൾ ഇറുക്കി അടച്ചു.. മനസ്സിൽ ചോദ്യങ്ങളുടെ ഒരു വലിയ കടൽ ഇളകി മറിഞ്ഞിട്ടും സുധി പിന്നെ ഒന്നും മിണ്ടിയില്ല.. എങ്കിലും ഇടയ്ക്കിടെ അവന്റെ കണ്ണുകൾ കണ്ണടച്ച് കിടക്കുന്ന സായിയിൽ തന്നെ ആയിരുന്നു.. വല്ലാത്തൊരു ഭീതി പൊതിയും അപ്പോൾ ഒക്കെയും.. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 നീ വരുന്നില്ലെടാ.. കാറിൽ നിന്നും ജാസ്മിയുടെ വീടിന്റെ മുന്നിൽ വന്നിറങ്ങുമ്പോൾ സായി സുധിയെ നോക്കി.. "തത്കാലം നീ ചെല്ല്.. അവൾക്കൊരു സർപ്രൈസ് ആവട്ടെ.. എനിക്കിത്തിരി തിരക്കുണ്ട്.. വൈകുന്നേരം കാണാം നമ്മുക്ക്... നിന്റെ ഫ്ലൈറ്റ് രാത്രിയിൽ അല്ലേ" സുധി ചിരിച്ചു കൊണ്ട് പറഞ്ഞു.. സായി പിന്നെ ഒന്നും പറയാതെ കൈ വീശി കാണിച്ചു.. സുധി വണ്ടി എടുത്തു പോയി..

ഭാരം കൂടിയ കാലുകൾ പൊറുക്കി വെച്ചിട്ട് അവൻ അകത്തു കയറി.. ഒച്ചയും അനക്കവും ഒന്നും ഇല്ല.. മുൻവശത്തെ സ്റ്റെപ്പിൽ ഷൂ അഴിച്ചു വെച്ച് കൊണ്ട് സായി ബെല്ലടിച്ചു.. കാത്തു നിൽക്കുമ്പോൾ... വല്ലാത്തൊരു ശൂന്യത.. വാതിൽ തുറന്നിറങ്ങി വന്ന രൂപത്തെ നോക്കുമ്പോൾ ഹൃദയം പിന്നെയും വിറച്ചു.. പാറി പറന്നു കിടന്ന മുടി ഇഴകൾക്ക് തടസ്സം എന്നോണം വെറുതെ വാരി വലിച്ചിട്ട ഒരു തട്ടം.. കരഞ്ഞു നിലിച്ച കണ്ണുകൾ.. ഒന്ന് വിളിക്കാതെയായപ്പോൾ തന്നെ അവൾക്കുള്ളിലെ പ്രതീക്ഷകൾ മരിച്ചു പോയത് പോലെ.. പ്രതീക്ഷിക്കാതെ സായിയെ മുന്നിൽ കണ്ടപ്പോൾ വീണ്ടും അവളുടെ കണ്ണുകൾ നിറഞ്ഞു പോയിരുന്നു.. ഒന്നും മിണ്ടാതെ.... വാതിൽ ചാരി തേങ്ങൽ അടക്കാൻ ചുണ്ടുകൾ കടിച്ചു പിടിച്ചവൾ നിന്നപ്പോൾ സായി അലിവോടെ അവളെ നോക്കി.. ഇവളോട് എങ്ങനെയാണ് ദൈവമേ ഞാൻ എല്ലാം മറക്കാൻ പറയേണ്ടത്.. സായി പോയി അവളുടെ അരികിൽ നിന്നു.. എന്നിട്ടും നോക്കുന്നില്ല.. ജാസ്മി... പതിയെ വിളിക്കുമ്പോൾ.. തല ചെരിച്ചു നോക്കി ഒന്ന് ചെറുതായി ചിരിച്ചു..

ആ നോട്ടത്തിൽ പോലും അവളുടെ സ്നേഹം ഉണ്ടായിരുന്നു.. എവിടെയായിരുന്നു എന്നൊരു ചോദ്യം കൂടി ഉണ്ടായിരുന്നു... വാ.. പറഞ്ഞിട്ട് സായി അവളുടെ കൈ പിടിച്ചു.. തോളിൽ കിടന്ന ബാഗ് അവൻ അവിടെ ഉള്ളൊരു കസേരയിൽ ഇട്ടു.. ആ വിരൽ തുമ്പിലെ വിറയൽ സായി തിരിച്ചറിഞ്ഞിരുന്നു.. കൈ വിടാതെ തന്നെ അവനാ വാതിൽ പതിയെ ചാരി.. പുറത്തിറങ്ങി ഷൂ ഇട്ടിട്ട്... പതിയെ വയൽ വരമ്പിലേക്ക് ഇറങ്ങി.. അപ്പോഴും ആ കൈ വിട്ടിട്ടില്ല.. അന്ന് വന്നിരുന്ന ആ വലിയ മാവിന്റെ ചുവട്ടിൽ അവനിരുന്നിട്ട് അവളെയും പിടിച്ചിരുത്തി.. നോക്കുമ്പോൾ തല താഴ്ത്തി ഇരിക്കുന്ന ജാസ്മിയെ കണ്ടപ്പോൾ ഹൃദയം വീണ്ടും പിടഞ്ഞു.. എങ്ങയാണ് പറയേണ്ടത്.. പാതി വഴിയിൽ ഞാനും ഇട്ടിട്ട് പോവയാണ് എന്ന്. ഒരക്ഷരം പോലും മിണ്ടാതെ അവനും മുന്നിലേക്ക് നോക്കി ഇരുന്നു.. "എന്ത് പറ്റി.. എന്തേലും പ്രശ്നം ഉണ്ടോ സായി ഏട്ടാ " ചോദിക്കുമ്പോൾ ആ സ്വരത്തിൽ നിറഞ്ഞ പേടി.. സായി കണ്ണുകൾ ഇറുക്കി അടച്ചു.. വീട്ടിൽ അറിഞ്ഞുവല്ലേ... "

വീണ്ടും ജാസ്മി പറയുമ്പോൾ.. സായി അവളെ ഒന്ന് നോക്കി.. നിറഞ്ഞ അവന്റെ കണ്ണുകളിൽ ഉണ്ടായിരുന്നു അവൾക്കുള്ള ഉത്തരമപ്പോൾ.. "ഒത്തിരി വഴക്ക് പറഞ്ഞോ എന്നാ അവളുടെ ചോദ്യത്തിന് അവന്റെ ജീവനെടുക്കാൻ ഉള്ള പ്രാപ്‌തി ഉണ്ടായിരുന്നു.. ഇല്ലെന്ന് പതിയെ തലയാട്ടി.. വീണ്ടും മൗനം.. "മറന്നു കളയാൻ പറഞ്ഞോ " വീണ്ടും അവളുടെ ചിലമ്പിയ സ്വരം.. സായി അവളെ നോക്കാതെ പതിയെ മൂളി.. "അവരെന്നെ കൊന്നു കളഞ്ഞിരുന്നു എങ്കിൽ പോലും എനിക്കിത്ര വേദനിക്കില്ലായിരുന്നു " സായി പറയുമ്പോൾ ജാസ്മി മിണ്ടുന്നില്ല.. "പാതിയിൽ ഇട്ടിട്ട് പോവാൻ ആയിരുന്നില്ല... ഞാൻ എന്റെ ആയുസ്സ് മുഴുവനും സ്നേഹിച്ചു നടക്കാൻ തന്നെ ആയിരുന്നു മോഹം തന്നത് " സായി അവളെ നോക്കി.. ചുവന്നു വിങ്ങിയ ആ മുഖം അവന്റെ ഹൃദയം കീറി മുറിച്ചു.. ദേവികയുടെ ആവിശ്യം മുഴുവനും അവൾക്ക് മുന്നിൽ പറയുമ്പോൾ ഒരക്ഷരം പോലും തിരിച്ചു ചോദിക്കാതെ അവൾ കേട്ടിരുന്നു.. ആ കണ്ണുകൾ അപ്പോൾ നിറഞ്ഞിരുന്നില്ല.. "നീ തന്നെ പറ ജാസ്മി.. ഞാൻ എന്താണ് വേണ്ടത്..

രണ്ടു ദിവസം ആലോചിച്ചു നോക്കിയിട്ടും എനിക്ക് ഉപേക്ഷിച്ചു കളയാൻ തോന്നുന്നില്ല.. നിങ്ങൾ രണ്ടാളും എനിക്ക് അത്രയും പ്രിയപ്പെട്ടവരാണ് " ജാസ്മി പതിയെ അവന്റെ നേരെ നോക്കി.. മുഖം വാടി പോയിരുന്നു.. ചുവന്നു പോയ അവന്റെ കണ്ണുകളിൽ ആ പഴയ കുസൃതി കാണാൻ അവൾക്കപ്പോൾ ഒരുപാട് ആഗ്രഹം തോന്നിയിരുന്നു.. "സായി ഏട്ടൻ എന്ത് തീരുമാനം എടുത്താലും സന്തോഷത്തോടെ തന്നെ ഞാൻ അത് സ്വീകരിക്കും.. കാരണം എനിക്കറിയാം ഈ മനസ്സ്... അതിൽ എന്നോടുള്ള സ്നേഹം എല്ലാം " പതിയെ ജാസ്മി പറയുമ്പോൾ സായി ഒന്നൂടെ തളർന്നു പോയിരുന്നു.. മനക്കരുത്തു കൊണ്ട് അവൾ തന്നെക്കാൾ ഒന്നൂടെ മുന്നിലാണ് എന്നൊരിക്കൽ കൂടി തെളിയിക്കും പോലെ.. അവൻ ദയനീയമായി അവളെ ഒന്ന് നോക്കി.. "മറക്കാനും വയ്യ... മരിക്കാനും വയ്യ " നിറഞ്ഞ കണ്ണുകൾ അവൻ വേഗം തുടച്ചു കളഞ്ഞു..

"വിഷമിക്കരുത്.. സ്നേഹിക്കാനെ ചിലപ്പോൾ വിധി ഉണ്ടാവൂ.. ഒരുമിക്കാൻ പടച്ചോൻ കൂടി അനുവാദം തരണ്ടേ " കണ്ണീർ പോലും വരാത്ത വിധം വലിഞ്ഞു മുറുകിയ മുഖത്തോടെ ജാസ്മി പറയുമ്പോൾ സായി നിഷേധത്തോടെ തലയാട്ടി.. നമ്മുക്ക് എങ്ങോട്ടേലും ഓടി പോയാലോ.. ആരും അറിയാത്തിടത്.. നീയും ഞാനും മാത്രം.. ഇതൊക്കെ അടങ്ങും വരെയും... ആരും വേണ്ട... നീയും ഞാനും... വരുവോ നീ... " ജാസ്മിയുടെ വിരലിൽ കോർത്തു പിടിച്ചു സായി ചോദിച്ചു..കൊതിയോടെ. അവളൊന്നു പതിയെ ചിരിച്ചു... "എന്നിട്ടോ സായിയേട്ടാ... സമാധാനത്തോടെ ജീവിക്കാൻ ആവുമോ നമ്മൾക്ക്.. അനിയത്തിയുടെ ഓർമകൾ ഏട്ടന് സമാധാനം തരുവോ...അവളുടെ സന്തോഷം തച്ചുടച്ചു പോയി എന്നോർക്കുമ്പോൾ കുറ്റബോധം കൊണ്ട് നീറുന്ന നിങ്ങളുടെ മുഖം എനിക്കോർക്കാൻ കൂടി വയ്യ..ന്റെ ഉമ്മാനെ ഞാൻ ആരെ ഏല്പിച്ചു കൂടെ പോരും... പറഞ്ഞു താ " ജാസ്മിയുടെ ചോദ്യം.. സായി വീണ്ടും തണുത്തുറഞ്ഞു.. "അതാണ് ഞാനും പറഞ്ഞത്... ഒരുമിക്കാൻ ഭാഗ്യം ഉണ്ടാവില്ല..

ഇത്തിരി കഴിയുമ്പോൾ നമ്മൾ ഇതെല്ലാം മറക്കും... മറക്കണം " ചെറിയ ചിരിയോടെ പറയുന്നവളെ സായി അമ്പരപ്പോടെ നോക്കി.. കരഞ്ഞു വിളിക്കുമെന്ന് കരുതി... സങ്കടം പറഞ്ഞിട്ട് കാലുകൾ കെട്ടിയിടുമെന്ന് കരുതി.. പക്ഷേ ഇവൾ തന്നെ കൂടി ആശ്വാസിപ്പിക്കുന്നു... മരണം പോലും തോൽപ്പിക്കാൻ നോക്കിയിട്ട് അതിനെതിരെ പൊരുതി ജയിച്ചവളാണ്.. പക്ഷേ ആ ഉള്ളും കരയുന്നുണ്ട്... ഭയങ്കരമായിതന്നെ.. പുറമെ ചിരി കൊണ്ട് മൂടുന്നു..ഭംഗിയായി. "എനിക്ക്.... ഞാനെങ്ങനെ ജാസ്മി മറന്നിട്ട് പോകും... ഓർക്കുമ്പോൾ പോലും സഹിക്കുന്നില്ല. നിന്റെ മുഖം പതിഞ്ഞു പോയ ഹൃദയത്തിൽ ഇനിയുമെങ്ങനെ... വേറൊരു പെണ്ണിനെ... എനിക്ക് പറ്റില്ലെടി.. സായി വീണ്ടും കൈകൾ കൊണ്ട് മുഖം പൊതിഞ്ഞു പിടിച്ചു... അത് കണ്ടപ്പോൾ ജാസ്മിയുടെ നെഞ്ച് പൊട്ടിയിരുന്നു... എന്നിട്ടും അവളത് മറച്ചു പിടിച്ചു... "എന്നെ ഓർത്തു സങ്കടം വേണ്ട കേട്ടോ... ഇങ്ങനെയൊക്കെ വരുമെന്ന് എനിക്കറിയാമായിരുന്നു.. എന്നിട്ടും പക്ഷേ...." ജാസ്മി പാതിയിൽ നിർത്തി.. കൈകൾ കൊണ്ട് സായി വീണ്ടും കണ്ണുകൾ തുടച്ചു..

"ന്റുമ്മാക്ക് വേണ്ടി എനിക്ക് ജീവിച്ചേ മതിയാവൂ... അത് കൊണ്ട് ഞാൻ മരിച്ചു കളയുമെന്ന് പേടിയൊന്നും വേണ്ട... ഇതിനേക്കാൾ വലിയ വേദനയൊക്കെ സഹിച്ചു ശീലിച്ചു... ഇത് എന്റെ വിധിയാവും.. പ്രിയപ്പെട്ടതെല്ലാം വിട്ട് പോവാൻ...." ഇപ്രാവശ്യം അവളുടെ സ്വരം ഇടറി.. അവൻ അവളെ ഒന്ന് നോക്കി.. ആരും അറിയണ്ട ഇങ്ങനൊരു ഇഷ്ടം ഉണ്ടായിരുന്നു എന്ന്... മനസ്സിന്റെ ഒരു കോണിൽ പൊടി പിടിച്ചു കിടന്നോട്ടെ.. അമ്മ പറയും പോലെ സന്തോഷത്തോടെ ജീവിക്കണം... എന്റെ പ്രാർത്ഥന ഉണ്ടാവും " അവന്റെ നേരെ നോക്കി അവൾ വീണ്ടും പറഞ്ഞു... "നിനക്ക്.... നിനക്ക് എങ്ങനെ കഴിയുന്നു ജാസ്മി.... ഓർക്കുമ്പോൾ പോലും എനിക്ക് സഹിക്കാൻ ആവുന്നില്ല ടി... നെഞ്ച് പൊട്ടും പോലെ " സായി അവളെ നോക്കി... കാത്തിരിക്കാൻ കൂടി അവകാശമില്ലല്ലോ... ഇല്ലെങ്കിൽ ഒരു ജന്മം മുഴുവനും ഞാൻ..." സായി പറഞ്ഞു.. അപ്പോഴും ജാസ്മി ഒന്ന് ചിരിച്ചു.. "ഒന്നും വേണ്ട... സന്തോഷമായി ജീവിക്കുന്നു എന്നറിയുന്നതാണ് എന്റെ സന്തോഷം.. അത് മറന്നു പോവരുത്..

ഇത്തിരി കാലം കൊണ്ട് ഒരായുസ്സ് മുഴുവനും ഓർക്കാനുള്ള നല്ല ഓർമകൾ തന്നിട്ടുണ്ട്... ധൈര്യം പകർന്നിട്ടുണ്ട്... എന്റെ സന്തോഷമായിട്ടുണ്ട്.. പിന്നെയും എനിക്ക് എന്തിന് ദേഷ്യം തോന്നണം..." ജാസ്മി അവനെ നോക്കി ചിരിച്ചു.. ഇവളുടെ മനസ്സ് കല്ലായി പോയോ എന്ന് പോലും തോന്നിയിരുന്നു അവനപ്പോൾ.. അത്രയും ഉറപ്പ്.. "തിരിച്ചു ചെല്ലുമ്പോൾ അമ്മ പറയുന്നത് കേൾക്കുന്ന നല്ല മകൻ ആവണം... നല്ല ഏട്ടൻ ആവണം... അത് തന്നെയാണ് എന്റെ ആഗ്രഹം " തമ്മിൽ അകറ്റിയിട്ടും ഇവൾക്കവരോട് തെല്ലും ദേഷ്യമില്ലേ... സായി ഓർത്തു.. "ആദ്യം ഇച്ചിരി സങ്കടം കാണും... അതെല്ലാം മാറും.. ഇനിയും ഇനിയും എത്രയോ ഉയരങ്ങളിൽ എത്താനുള്ള ആളാണ്... അതെല്ലാം ഇവിടിരുന്നു എനിക്ക് കാണണം " ജാസ്മി നിർത്താതെ പറയുന്നുണ്ട്.. സൂപ്പർ ഹിറ്റ് ആവുമായിരുന്ന ഒരു പാട്ട്... പാതിയിൽ വരികൾ മറന്നത് പോലെ...

ഈണം തെറ്റിയത് പോലെ... ഒരുപാട് നേരമായി... ഞാൻ പോട്ടെ ഉമ്മാക്ക് മരുന്ന് കൊടുക്കാനുള്ള നേരമായി... ഇപ്പൊ ഭയങ്കര കച്ചറയാണ് ആള്.. " നേർത്ത ചിരിയോടെ ജാസ്മി എഴുന്നേറ്റു കൊണ്ട് പറഞ്ഞപ്പോൾ സായി പൊള്ളിയത് പോലെ പിടഞ്ഞു.. തന്നിൽ നിന്നും എന്നെന്നേക്കുമായി പിരിഞ്ഞു പോകും പോലെ.. ഒരിക്കലും വിട്ട് കളയാൻ വയ്യെന്ന് പറഞ്ഞിട്ട് അണച്ചു പിടിക്കാൻ ഉള്ളിൽ എന്ത് മാത്രം കൊതിയുണ്ട്.. പക്ഷേ കൈകൾ തളർന്നു തൂങ്ങി കിടന്നു.. അവന്റെ നേരെ നോക്കി കൊണ്ട് തന്നെ അവൾ പിന്നോട്ട് നടന്നു.. സായി ചാടി എഴുന്നേറ്റു.. ജാസ്മി... നേർത്ത വിറയലോടെ അവൻ വിളിക്കുമ്പോൾ... തട്ടം കൊണ്ട് വാ പൊതിഞ്ഞു പിടിച്ചിട്ട് അവൾ ഓടി പോയിരുന്നു...... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story