ഇശൽ തേൻകണം: ഭാഗം 33

ishal then kanam

രചന: ജീഫ്‌ന നിസാർ

"പറയാൻ നിനക്കൊരുപാട് കാരണം ഉണ്ടാവും സായന്ത്‌... പക്ഷേ... ചെറ്റത്തരം ആയി പോയി... വേണ്ടായിരുന്നു... ആ പാവം പെണ്ണിനോട്... ഇത് വേണ്ടായിരുന്നു " സുധി പറയുന്നത് മുഴുവനും കേട്ട് സായി മിണ്ടാതെ തല കുനിച്ചിരുന്നു.. അംബിക അവന്റെ തോളിൽ പിടിച്ചു നിൽക്കുന്നുണ്ട്.. സുധി ദേഷ്യം കൊണ്ട് വിറക്കുന്ന പരുവത്തിൽ ആയിരുന്നു.. ഭാസ്കര മാമയും ഒരക്ഷരം മിണ്ടാതെ അരികിൽ ഇരിക്കുന്നുണ്ട്.. "മിണ്ടാതെ ഇരുന്നത് കൊണ്ട് നിന്റെ പാപം തീരില്ലെടാ.. നിന്നോട് ഞാൻ ആദ്യം തന്നെ പറഞ്ഞു തന്നതല്ലേ.. കൈ വിടില്ലെന്ന് ഉറപ്പുണ്ടേൽ മാത്രം ജാസ്മിക്ക് വാക്ക് കൊടുത്താൽ മതിയെന്ന്... അന്ന് നിനക്കറിയില്ലായിരുന്നോ... നിന്റെ അമ്മയുടെ ചീഞ്ഞ സ്വഭാവം..." സുധിക്ക് കലി തീരുന്നില്ല.. സായിയുടെ ചുവന്നു വിങ്ങിയ മുഖം... സങ്കടം തോന്നിയിരുന്നു എങ്കിലും... അതിനേക്കാൾ എത്രയോ വലുതാണ് ഇനി ഇവിടെ.... ജാസമിയിൽ കാണേണ്ടി വരുന്ന വേദനയെന്ന് സുധിക്ക് ഉറപ്പായിരുന്നു.. "എന്റെ തെറ്റാണ്... പക്ഷേ... പക്ഷേ ഇഷ്ടപെട്ടു പോയെടാ... പാതിയിൽ വിട്ട് കളയാൻ....

അല്ല... എന്റെ പ്രാണൻ പോകുവോളം നെഞ്ചിൽ കൊണ്ട് നടക്കാൻ തന്നെ ആയിരുന്നു... പക്ഷേ.. പക്ഷേ " വീണ്ടും സായിയുടെ കണ്ണ് നിറഞ്ഞു.. അതവൻ അമർത്തി തുടച്ചു.. സുധി വന്നിട്ട് അവന്റെ അരികിൽ ഇരുന്നു.. "വേറൊരു വഴിയും ഇല്ലെ..ടാ..." സുധി പതിയെ ചോദിക്കുമ്പോൾ ഇല്ലെന്ന് അവൻ തലയാട്ടി.. ഇത്രേം ക്രൂരത കാണിക്കാൻ ആവുമോ ഒരമ്മയ്ക്ക് " സുധി കൈ കൊണ്ട് നെറ്റി താങ്ങി.. അംബിക സായിയുടെ മുടിയിൽ തലോടി കൊടുത്തു.. അതൊന്നും പക്ഷേ അവന്റെ ഉള്ള് തണുപ്പിച്ചില്ല.. "എടാ... ഇഷ്ടമില്ലാത്ത ഒരാളോട് കൂടെ നിന്റെ ജീവിതം.... "സായിയെ നോക്കി സുധി ചോദിച്ചു.. അവന്റെ മുഖത്തൊരു പുച്ഛം വിരിഞ്ഞു.. എന്റെ അമ്മ ജയിക്കുമല്ലോ... അത് മതി " പറയുമ്പോൾ അവന്റെ വാക്ക് കടുത്തു പോയിരുന്നു.. കണ്ണട കയ്യിലെടുത്തു കൊണ്ടവൻ തോളു കൊണ്ട് കണ്ണ് തുടച്ചു.. അതേ വേദന അംബികയുടെ മുഖത്തും കാണുന്നുണ്ട്.. "എന്റെ കാര്യം വിട്ടേക്ക്... എന്റെ പെണ്ണിനെ മറക്കാൻ തീരുമാനം എടുത്തപ്പോൾ തന്നെ സായന്ത്‌ മരിച്ചു..

പക്ഷേ... അവൾക്കൊരു കുറവും വരുത്താതെ നോക്കണം.. നീ ഉണ്ടാവണം കൂടെ.. തളർന്നു പോയിട്ടുണ്ട് ആ പാവം.. എനിക്ക് മുന്നിൽ പിടിച്ചു നിൽക്കുന്നതാ.. എനിക്കറിയാം അത്... സായി പറഞ്ഞു.. സുധി ഒന്നും മിണ്ടാതെ അവന്റെ നേരെയൊന്നു നോക്കി.. "ഹോസ്പിറ്റലിൽ പോവാനുള്ള എല്ലാം ഞാൻ ശെരിയാക്കി നിന്നെ വിളിക്കാം.. നീ വേണം എല്ലാത്തിനും മുന്നിൽ നിൽക്കാൻ... ഞാൻ ആഗ്രഹിച്ചിരുന്നു.. പക്ഷേ... സായി വേദനയോടെ നിർത്തി.. സുധി അവനെ നോക്കിയില്ല അന്നേരം. "ഉമ്മയുടെ അസുഖം മാറിയിട് അവളുടെ സ്വപ്നം നേടി എടുക്കാൻ നീ പറയണം.. ആ കൂടെ നിന്നിട്ട് എന്റെ സ്നേഹതണലിൽ പിടിച്ചു നിർത്തി നേടി കൊടുക്കാൻ ഞാൻ ആഗ്രഹിചതായിരുന്നു... നടന്നില്ല..ഇപ്പോഴും അത് അവളുടെ മോഹം തന്നെ ആണ്.. അവൾക്കതിനു പറ്റും.." സായി വീണ്ടും കണ്ണ് തുടച്ചു.. "ഞാൻ.. ഞാനൊന്ന് പറയട്ടെ സായി " അംബിക ചോദിച്ചു.. സായി അവരെ ഒന്ന് നോക്കി.. എന്നിട്ട് ചിരിച്ചു. "സ്വന്തം മക്കൾ കണ്മുന്നിൽ കിടന്നു നിലവിളിച്ചാലും അലിയാത്ത മനസ്സുള്ളവരോട് നിങ്ങളെന്തു പറയാനാണ് ചിറ്റേ... ഒരു കാര്യവും ഉണ്ടാവില്ല...

നിങ്ങളോടുള്ള ദേഷ്യം ഒന്നൂടെ കൂടും എന്നല്ലാതെ " മുഖം താഴ്ത്തി ഇരുന്നിട്ട് സായി പറയുമ്പോൾ അവനിൽ ഇനി പ്രതീക്ഷകൾ അൽപ്പം പോലും ബാക്കിയില്ലാത്ത പോലെ ആയിരുന്നു.. വൈകുന്നേരം ഞാൻ പോകും.. ഇനി.. ഇനി ഞാൻ ഇങ്ങോട്ട് വരില്ല.. എനിക്കിവിടെ വരാൻ ഇനി ഒരു കാരണവും ഇല്ല... സങ്കടം വരാനുള്ളതെല്ലാം നമ്മൾ തന്നെ അനുഭവിക്കണ്ടേ.... " "പൊരുതി തോൽക്കുന്നതും ജയമാണ് സായി " അലിവോടെ പറയുന്ന ഭാസ്കാരനെ അവൻ ഒന്ന് നോക്കി.. "എനിക്ക് ജയിക്കയൊന്നും വേണ്ടായിരുന്നു മാമ.. ഒരു പെൺകുട്ടിക്ക് ജീവിതത്തിൽ എന്നും ഒപ്പം ഉണ്ടാവും എന്ന് വാക്ക് കൊടുത്തിരുന്നു..എന്റെ പ്രാണനെ പോലെ ഞാൻ സ്നേഹിച്ചു...അത് പോലും പാലിക്കാൻ പറ്റിയില്ല..സിത്തുവിനെ പോലെ അവളും ഒരു പെണ്ണാണ് എന്ന് മറന്നതല്ല ഞാൻ... സ്വന്തം അനിയത്തിക്ക് മാത്രം വില കൊടുത്തതുമല്ല... പ്രണവിനോട് പറയുമ്പോൾ... അവന്റെ കുടുംബം കൂടി അവന് നഷ്ടം വരും... ഇവിടെ അനുഭവിക്കാൻ ഞാനാണ് ഏറ്റവും നല്ലത്.. അതെനിക്ക് ആണത്തം ഇല്ലാഞ്ഞിട്ടല്ല...

കുടുംബത്തിന്റെ വില അറിയാവുന്നത് കൊണ്ടാണ്.. സിത്തു കാരണം പ്രണവിന് ഒന്നും നഷ്ടം വരരുത്...അമ്മ ചെയ്യുന്നതിനെല്ലാം തിരിച്ചടികൾ കാലം കൊടുക്കും.. അതിലെനിക്കും സംശയം ഇല്ല... പക്ഷേ അപ്പോഴും എന്റെ നഷ്ടം... അതങ്ങനെ ഇല്ലാതെയാവില്ലല്ലോ " സായി പതിയെ എഴുന്നേറ്റു.. "എന്റെ ജീവൻ ഞാൻ ഇവിടെ വിട്ട് കളഞ്ഞിട്ട് പോവയാണ്.. ജാസ്മിയെ..... ജാസ്മിയെ ഏല്പിക്കാൻ നിങ്ങളല്ലാതെ വേറെ ആരും ഇല്ല... അവൾക്കൊപ്പം ഉണ്ടാവണം.. എന്താവിശ്യം ഉണ്ടേലും എന്നെ അറിയിച്ചാൽ മതി.. ഇതൊന്നും അവളോട്‌ ചെയ്യുന്ന നീതികേടിന് പകരം ആവില്ല... എന്നാലും... പറഞ്ഞിട്ട് അവൻ വേഗം എഴുന്നേറ്റു അകത്തേക്ക് നടന്നു.. അത് നോക്കി ഒരേ ഹൃദയവേദനയോടെ മറ്റുള്ളവരും.. ❤❤❤❤❤❤❤❤❤❤❤❤❤❤❤ മൗനം നിറഞ്ഞ മുറിയിലെ ഭ്രാന്ത് പിടിപ്പിക്കുന്ന ഏകാന്തത.. മരിച്ചു കളഞ്ഞാലോ എന്ന് പോലും തോന്നി പോകുന്ന നിമിഷങ്ങൾ.. ജാസ്മിയെ വിളിക്കാൻ അറിയാതെ തന്നെ ഫോണിലേക്ക് നീളുന്ന കൈകൾ.. മറക്കാൻ ശ്രമിക്കാം എന്ന് നിരന്തരം മനസ്സിൽ പറയുമ്പോഴും... അവളുടെ ചിരിയിലും നിറഞ്ഞ കണ്ണിലും വീണുടഞ്ഞു പോകുന്നു..

ആ തീരുമാനം ഒക്കെയും.. ഉറക്കം പോലും വരാത്ത രാത്രികളിൽ... പകുത്തു നൽകിയിരുന്നത് തന്റെ സമാധാനം കൂടി ആയിരുന്നു എന്ന തിരിച്ചറിവ്..അവന് സമ്മാനിച്ചു. മറുവശം ഇതിനേക്കാൾ ഒന്ന് കാണാൻ.. ആ വിളിയൊന്നു കേൾക്കാൻ കൊതിയോടെ അവളും ഉണ്ടാവും... കേൾക്കാൻ കൊതിക്കുന്ന വാക്കുകൾ ഒരു പുഞ്ചിരി കൊണ്ട് പോലും പറയാൻ അറിയുന്ന അവന്റെ പെണ്ണ്. പറയാൻ കൊതിക്കുന്നതെല്ലാം ഒരൊറ്റ നോട്ടത്തിൽ പൊതിഞ്ഞിട്ട് നേരെ നെഞ്ചിലേക്ക് ഇറങ്ങി വരുന്നവൾ.. മനസ്സിലെ രൗദ്രവും നോവും.. ഒരു കണ്ണുനീർ തുള്ളിയാൽ തടഞ്ഞു നിർത്താൻ അറിയുന്നവൾ... അവളുടെ മുഖത്തെ കല്ലിച്ച ഭാവം കണ്ണിൽ നിന്നും മായുന്നില്ല.. ഒന്ന് കരഞ്ഞിട്ട്... നാല് ചീത്ത വിളിച്ചിരുന്നു എങ്കിൽ പോലും ഇത്രയും നോവിനാൽ നീറേണ്ടി വരില്ലായിരുന്നു.. സായിക്കൊന്ന് അലറി കരയാൻ തോന്നി... ഒരു ഇടനായിഴിയിലും നീ എന്നെ കാത്തു നിന്നിട്ടില്ല.. ഒരു വരി പോലും നീ എനിക്കായി കുറിച്ചിട്ടുമില്ല.. പക്ഷേ പടർന്നു കയറിയതും... പ്രണയത്തിന്റെ കാവ്യം കുറിച്ചതും എന്റെ ഹൃദയത്തിന്റെ ഭിത്തിയിൽ ആയിരുന്നു.. അത് കൊണ്ട് തന്നെയാണ്... മറക്കാൻ പോയിട്ട്... മറന്നെന്നു അഭിനയിക്കാൻ കൂടി വയ്യാത്ത വിധം ഞാനും.... വീണ്ടും സായി ബെഡിലേക്ക് മുഖം അമർത്തി... ❤❤❤❤❤❤❤❤❤❤❤❤❤❤❤

നീ ഞാൻ പറയുന്നത് ഒന്ന് കേൾക്ക് ജാസ്മി.. ഉമ്മാക്ക് തീരെ വയ്യ... ഇനിയും ഇങ്ങനെ ഇട്ടു കാത്ത് നിൽക്കുന്നത് അപകടമാണ്.. ഇപ്പൊ തന്നെ നിന്റെ ഭാഗ്യം കൊണ്ടാണ് തലയിൽ കിട്ടിയ അടിയിൽ നിനക്ക് ഒന്നും പറ്റാഞ്ഞത്.. അത് കൊണ്ട് നമ്മുക്ക് ആ ഹോസ്പിറ്റലിൽ പോകാം.. നീ ഏട്ടൻ പറയുന്നത് ഒന്ന് കേൾക്ക് പ്ലീസ്... " സുധി കേഴും പോലെ പറഞ്ഞിട്ടും ജാസ്മി അനങ്ങിയില്ല... അവളുടെ നെറ്റിയിൽ നിലിച്ചു കിടക്കുന്ന പാട്.. കദ്ധീജുമ്മ ടോർച് കൊണ്ട് അടിച്ചതാണ്.. അവർക്കിപ്പോൾ അസുഖം വല്ലാതെ കൂടിയിട്ടുണ്ട്.. മരുന്ന് കൊണ്ട് മാത്രം ഇനിയും പിടിച്ചു നിൽക്കാൻ ആവുമെന്ന് തോന്നുന്നില്ല.. സായി പറഞ്ഞ ഹോസ്പിറ്റലിൽ നിന്നും വിളി വന്നിരുന്നു.. അഡ്മിറ്റ് ആവാൻ ചെല്ലാൻ പറഞ്ഞു കൊണ്ട്.. പക്ഷേ ജാസ്മി ഒരേ ഇരിപ്പാണ്.. കരയുക കൂടി ചെയ്യുന്നില്ല.. "ജാസ്മി... നീ ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ മോളെ..." സുധി അവളെ കുലുക്കി വിളിച്ചു.. ഞെട്ടയത് പോലെ അവൾ അവനെ ഒന്ന് തുറിച്ചു നോക്കി.. "ഹോസ്പിറ്റലിൽ കൊണ്ട് പോവാൻ ഉള്ളതെല്ലാം റെഡിയാണ്.. നീ ഒന്ന് എഴുന്നേറ്റു വാ " സുധി വീണ്ടും പറഞ്ഞു..

ജാസ്മി നിഷേധാർത്ഥത്തിൽ തലയാട്ടി.. മരവിച്ച അവളുടെ കണ്ണിലേക്കു സുധി നോവോടെ നോക്കി.. തിളക്കം കണ്ടു തുടങ്ങിയെന്നു വെറുതെ ആശ്വാസം കൊണ്ടിരിന്നു.. അത് പക്ഷേ അവളെ കൂടുതൽ തളർത്താൻ ആയിരുന്നു എന്ന് അറിഞ്ഞില്ല.. "എവിടേം പോണ്ട സുധിയേട്ടാ... എന്തിനാണ് വെറുതെ... ഒന്നും നേരെയാവാൻ പോകുന്നില്ല.. സുധിയേട്ടൻ ആ ചീട്ടിലുള്ള മരുന്നൊന്ന് കൊണ്ട് തരണം പറ്റുമെങ്കിൽ.. അല്ലാതെ എവിടേം പോകുന്നില്ല " അവളുടെ വാക്കുകൾ പോലും ഭംഗി ഇല്ലാത്ത വിധം പരുക്കനായത് പോലെ.. "ജാസ്മി... അത് വേണ്ട.. ഇപ്പൊ തന്നെ നിന്നെ എന്ത് മാത്രം ഉപദ്രവിക്കുന്നുണ്ട് മോളെ... അസുഖം കൊണ്ട് ഉമ്മ അറിയുന്നില്ല.. പക്ഷേ നിന്റെ വേദന.. കണ്ടു നിൽക്കാൻ വയ്യ " സുധി അവളുടെ നെറ്റിയിൽ ഉണ്ടായിരുന്ന പാടിൽ തലോടി കൊണ്ട് പറയുമ്പോൾ അവളൊന്നു ചിരിച്ചു.. "വേദന...എന്റെ ജീവിതം മൊത്തം വേദനിച്ചു തീരാൻ ഉള്ളതാ സുധിയേട്ടാ... അത് ആരെ കൊണ്ടും മാറ്റി നിർത്താൻ ആവില്ല.." കല്ലിച്ച മുഖം.. അവളുടെ ഓർമകൾ സായിയിൽ ചെന്നു തറച്ചു കാണും.. സുധി ഓർത്തു..

"ജാസ്മി... വീണ്ടും സുധി വിളിക്കുമ്പോൾ ജാസ്മി എഴുന്നേറ്റു.. "സുധിയേട്ടൻ ഒന്നും പറയണ്ട ഇനി.. ഞാൻ പറഞ്ഞതൊന്നും മാറുകയും ഇല്ല..." അവസാനവാക്കെന്നോണം പറഞ്ഞിട്ട് ജാസ്മി പതിയെ നടന്നു.. രണ്ടടി വെച്ചിട്ട് സുധിക്ക് നേരെ തിരിഞ്ഞു നിന്നു. "കൂട്ടുകാരൻ... വിളിച്ചോ.. "ചോദിക്കുമ്പോൾ ഇടറിയ സ്വരം... സുധി അവളെ നോക്കി.. "എനിക്കറിയാം... ഇവിടുത്തെ കാര്യം ഓർത്തിട്ട് ഉരുകി തീരുന്നുണ്ടാവും... അത് വേണ്ടന്ന് പറയണം കേട്ടോ.. എനിക്കൊരു സങ്കടവും ഇല്ല.. സന്തോഷമായി ഇരിക്കാൻ പറയണേ..." തലയാട്ടാൻ കൂടി കഴിയാത്ത പോലെ സുധി അവളെ നോക്കി.. "ആളോട് ദേഷ്യം ഒന്നും വേണ്ട കേട്ടോ സുധിയേട്ടാ... ഒരു നിവൃത്തിയും ഇല്ലാഞ്ഞിട്ടാ.. അല്ലങ്കിൽ എന്നെ... എനിക്കറിയാം ആ മനസ്സ്... സഹിക്കാനുള്ള ക്ഷമ കൊടുക്കണേ പടച്ചോനെ എന്നാ എന്റെ പ്രാർത്ഥന മുഴുവനും... അത്രയും പാവമാണ്.. സ്നേഹമുള്ളവനാണ്.. " നിറഞ്ഞ കണ്ണുകൾ അവൾ പെട്ടന്ന് തുടച്ചു.. പറഞ്ഞിട്ട് തിരിഞ്ഞു നടക്കുന്നവളോട് പറയാൻ അപ്പോൾ സുധിക്ക് മറുപടി ഒന്നും കിട്ടിയില്ല.. ❤❤❤❤❤❤❤❤❤❤❤❤❤❤

നീ മിണ്ടാതെ നിൽക്കുന്നത് കൊണ്ട് ഞാൻ തോറ്റു പോകുമെന്ന് കരുതിയെങ്കിൽ നിനക്ക് തെറ്റി..." തനിക്കു നേരെ നോക്കി പുച്ഛത്തോടെ പറയുന്ന അമ്മയെ സായി തിരിഞ്ഞു നോക്കിയത് കൂടി ഇല്ല.. നാട്ടിൽ പോയിട്ട് വന്നതിന് ശേഷം അമ്മയെ നോക്കുമ്പോൾ ഒക്കെയും അവനുള്ളിലേക്ക് ഒരു വെറുപ്പ് പടർന്നു കയറാൻ തുടങ്ങി.. എല്ലാം ഇട്ടെറിഞ്ഞു ഓടി പോകാൻ ഒരായിരം പ്രാവശ്യം തോന്നി.. അത്രമേൽ മടുപ്പിക്കുന്ന ഓരോ നിമിഷവും.. എവിടെ ഇരുന്നാലും മനസ്സ് നേരിപോട് പോലെ നീറുന്നുണ്ട്.. കിരൺ കണ്ടപ്പോൾ ചോദിച്ചു... "കുറച്ചു നാളായി മുഖത്തൊരു ചിരിയും തിളക്കവും എല്ലാം കണ്ടിരുന്നു... ഇപ്പൊ വീണ്ടും ചത്തു പൊന്തിയ പോലെ രണ്ടു കണ്ണുകൾ മാത്രമായി... എന്താ സായി.. എന്തേലും പ്രശ്നം ഉണ്ടോ ന്ന് " ജാസ്മിയുടെ കാര്യം അവനിയില്ല.. അവനോട് പറയാൻ കരുതി വെച്ചിരുന്നു.. പക്ഷേ അതിനും മുന്നേ.. വീണ്ടും ഹൃദയം കൊളുത്തി പിടിക്കുന്ന വേദന.. അതിനി ഒരു ജന്മം മുഴുവനും കൂടെ കാണുമെന്നു അവനുറപ്പായിരുന്നു.. നഷ്ടപ്രണയം തീർത്ത നോവിന്റെ ഈരടികളാവും ഇനി അങ്ങോട്ടുള്ള വഴിയിൽ മൊത്തം.. "സായന്ത്‌ " ദേവികയുടെ സ്വരതിന് മൂർച്ച കൂടി തുടങ്ങി.. സായി പക്ഷേ തിരിഞ്ഞു നോക്കിയില്ല.. "അഖിലയോട് ഞാൻ ഒക്കെ പറഞ്ഞിട്ടുണ്ട്..

അത് കൊണ്ട് പക്ഷേ നീ ജയിച്ചെന്ന് കരുതണ്ട.. ഞാൻ പറഞ്ഞതിന് എന്തെങ്കിലും മാറ്റം വന്നാൽ നീ അനുസരിക്കാത്തിരുന്നാൽ ആ നിമിഷം... എന്റെ വാക്ക് ഞാനും മാറ്റും " വീണ്ടും വിജയിയെ ദേവിക പറയുമ്പോൾ സായി കണ്ണുകൾ അടച്ചു പിടിച്ചിട്ട് പല്ലുകൾ കടിച്ചമർത്തി.. മറ്റന്നാൾ.. രാമകൃഷ്ണൻ സർ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട് " ദേവിക പറയുമ്പോൾ സായിക്ക് നെഞ്ചിലൊരു കടച്ചിൽ തോന്നി.. മറക്കാൻ ശ്രമിക്കുന്നതെല്ലാം ഒറ്റ നിമിഷം കൊണ്ട് മുന്നിലേക്ക് ഓടി വന്നിട്ട് നിരന്നു നിന്നിരുന്നു.. വീണ്ടും മുറിവുകളിൽ നിന്നും നോവ് പടർന്നു കയറുന്നുണ്ട്.. എന്നിട്ടും അവനൊന്നും മിണ്ടുന്നില്ല.. ഉള്ളിൽ കനലുകൾ പോലെ വാക്കുകൾ എരിയുന്നുണ്ട്.. പക്ഷേ ഒരക്ഷരം മിണ്ടാതെ നിൽക്കുന്ന വിപ്ലവത്തിൽ അവൻ തന്നെ ജയിച്ചു ഒടുവിൽ.. വീണ്ടും എന്തൊക്കെയോ പറഞ്ഞിട്ട് ദേവിക തിരിച്ചു പോയതറിഞ്ഞും അവൻ അതേ നിൽപ്പ് തുടർന്നു.. അറിഞ്ഞു കൊണ്ട് ഇനി മറ്റൊരു പെൺകുട്ടിയുടെ കൂടി ജീവിതം തകർക്കുന്നു.. ആ നാടകമാണ് ഇനി നടക്കാൻ ഉള്ളത്.. അതും വിധിയായിരിക്കും.. മാറ്റി മറിക്കാൻ കഴിയാത്തതെല്ലാം ചേർത്ത് വെക്കുന്ന വളരെ ചെറിയൊരു വാക്ക്.. ❤❤❤❤❤❤❤❤❤❤❤❤❤❤ എന്താ ഏട്ടാ... എന്തിനാ അമ്മ എന്നെ വിളിച്ചു വരുത്തിയത്..

ആദ്യം ആയാണ് നീ ഇങ്ങോട്ട് വാ എന്ന് പറഞ്ഞിട്ട് എന്നെ വിളിക്കുന്നത് " വല്ലാത്തൊരു ആവേശത്തിൽ സിത്തു സായിയെ നോക്കി.. ആ മുഖം കണ്ട മാത്രയിൽ തന്നെ അവളുടെ ചങ്ക് കലങ്ങി.. നിർജീവമായ... കലങ്ങി ചുവന്നു പോയ രണ്ടു കണ്ണുകൾ.. വേദനയുടെ ഒരു കടൽ തന്നെ ഉണ്ടായിരുന്നു അതിൽ.. "എന്താ ഏട്ടാ " സിത്തു അവന്റെ തോളിൽ പിടിച്ചുലച്ചു.. ഒന്നും ഇല്ലെന്ന് അവൻ തലയാട്ടി കാണിച്ചു.. "അമ്മ... അമ്മ അറിഞ്ഞോ ഏട്ടാ ജാസ്മിയുടെ കാര്യം..." സിത്തു വേവലാതിയോടെ ചോദിച്ചു.. സായി ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞില്ല.. "ഏട്ടാ.. അവന്റെ മൗനം സഹിക്കാൻ വയ്യാത്ത പോലെ സിത്തു കരച്ചിലോടെ വിളിച്ചു... "എല്ലാം അവസാനിച്ചു...." അത് മാത്രം പറഞ്ഞിട്ട് സായി മുറിയിലേക്ക് കയറി പോയി.. സിത്തു അവിടെ തറഞ്ഞു നിന്നു പോയിരുന്നു.. ഇനിയെന്തു ചെയ്യും എന്നവൾക്കും അറിയില്ലായിരുന്നു.. ഏട്ടനെ പോലെ അമ്മയെ എതിർക്കാൻ ഇപ്പോഴും പേടിയാണ്.. അവൾ തളർച്ചയോടെ ഓർത്തു.. ❤❤❤❤❤❤❤❤❤❤❤❤❤❤ ബെഡിലേക്ക് മലർന്ന് വീഴുമ്പോൾ സായിക്ക് വല്ലാത്തൊരു മരവിപ്പ് തോന്നി.. എല്ലാത്തിനോടും നിറഞ്ഞ ദേഷ്യം.. സിത്തുവിന്റെ മുന്നിൽ നിൽക്കാൻ വയ്യ.. ആ ചിരി കാണുമ്പോൾ..

. ഉള്ളിൽ കടലോളം സങ്കടം അമർത്തി പിടിച്ചിട്ട് തന്നെ കാണിക്കാൻ ചിരിയെ കൂട്ട് പിടിച്ച അവന്റെ പെണ്ണിനെ ഓർമ വരും.. അമ്മ വിളിച്ചു വരുത്തിയത് ഷെഹയെ കാണാൻ പോകാൻ തന്നെയാവും.. ബന്ധുബലം കാണിക്കണ്ടേ അമ്മക്ക് അവിടെ പോയിട്ട് ഹൃദയം വീണ്ടും മുറിഞ്ഞു പോകും.. സഹിക്കാൻ വയ്യാത്ത പോലെ.. ഈ സ്നേഹം എന്ന് പറയുന്നത് ഇത്രയൊക്കെ തീവ്രമാകും എന്ന് ഇപ്പോഴാണ് അറിയുന്നത്.. നഷ്ടപെടും എന്നുറപ്പാകുമ്പോൾ തോന്നുന്ന ഒരധിക സ്നേഹമുണ്ട്... അതാണിപ്പോൾ അവളോട്‌ തോന്നുന്നത്... കൈ എത്തിച്ചിട്ട് അവൻ ഫോണെടുത്തു.. നിറഞ്ഞ ചിരിയോടെ അവളുടെ ചിത്രം.. കണ്മുന്നിൽ കാണും പോലെ.. "ശപിക്കരുത് നീ എന്നെ.." പതിയെ അവൻ ഫോട്ടോയിലൂടെ തലോടി... "മറക്കാം എന്ന വാക്ക് കൊണ്ട് എല്ലാം തീരുമെന്ന് ഞാൻ വെറുതെ കരുതി... ഞാൻ തീർന്നാലേ എല്ലാം തീരുകയൊള്ളെന്ന് മനസ്സിലാവും എനിക്ക്.. ഇനിയും എന്താണ് ഞാൻ ചെയ്യേണ്ടത്..." വീണ്ടും അവന്റെ കണ്ണുകൾ നിറഞ്ഞു... "എന്റെ മരണത്തോടെ മാത്രം എന്നിൽ നിന്നും ഇല്ലാതെയാവുന്ന ഒന്നാണ് എന്റെ പ്രണയം എന്ന് നിന്നോട് പറഞ്ഞ വാക്ക്.. അത് ഇന്നെന്നെ ചുറ്റി വരിയുന്നുണ്ട് "

സായി കണ്ണുകൾ തുടച്ചിട്ട് വീണ്ടും വീണ്ടും അവളുടെ ചിരിയിലേക്ക് നോക്കി ഇരുന്നു.. നിന്നെ മാത്രം മതിയെന്ന് പറഞ്ഞിട്ട് വാശി പിടിച്ചു നിന്നിലേക്ക് വരാൻ എനിക്കാവുന്നില്ല.. നിന്നെ മറന്നിട്ട് നിന്നിൽ നിന്നും ഇറങ്ങി പോവാൻ എനിക്ക് ഒട്ടും ആവുന്നില്ല.. അവൾ കൂടെ ഇല്ലാതെ ഇനി എങ്ങനെ എന്നവനും അറിയില്ലായിരുന്നു.. അവളിലേക്ക് ഓടി എത്താനുള്ള വഴികളും.. അറിയില്ല.. ആർത്തലച്ചു പെയ്തിറങ്ങിയ ഒരു മഴ പോലെ ആയിരുന്നു പ്രണയം.. കുളിർന്ന് വിറപ്പിച്ചു കൊണ്ട് അത് തോർന്നു എന്ന് വിശ്വസിക്കാൻ വയ്യ.. നനുത്ത കുളിര് ഇപ്പോഴും ബാക്കി ഉണ്ടല്ലോ... ഒരാളുടെ കൂടെയുള്ള നിമിഷങ്ങൾ ഏറ്റവും മനോഹരമായി തീരുന്നത് അവരുടെ ഇല്ലായ്മയിൽ ആണെന്നിരിക്കെ... ആവിശ്യം നേടാൻ മാത്രം സ്നേഹം കാണിച്ചെന്നൊരു പഴി കൂടി തനിക്ക് കിട്ടുംമെന്ന് സായി ഓർത്തു.. ആരോടും അറിഞ്ഞു കൊണ്ട് ഒരു ദ്രോഹവും ചെയ്തിട്ടില്ല... പക്ഷേ ഇനി അങ്ങോട്ട്‌ ഉരുകി നീറി ജീവിക്കാൻ ആയിരിക്കും വിധിയെന്ന് അവനും ഉറപ്പായിരുന്നു....... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story