ഇശൽ തേൻകണം: ഭാഗം 35

ishal then kanam

രചന: ജീഫ്‌ന നിസാർ

"താനിത്രയും ദുഷ്ടമനസ്സുമായി നടക്കുന്ന ആളാണോ ദേവിക.. ഇതിനെയാണോ ഞാൻ നിന്റെ സ്മാർഡ്‌സ് എന്നൊക്കെ പറഞ്ഞു നടന്നത്... ഷൈയിം..." രാമ കൃഷ്ണൻ പറയുമ്പോൾ അയാളുടെ വാക്കിൽ വെറുപ്പിന്റെ അലകൾ ദേവിക അറിഞ്ഞിരുന്നു.. അയാളിൽ മാത്രം അല്ല... നോക്കുന്ന കണ്ണുകളിൽ എല്ലാം വെറുപ്പും പുച്ഛവും മാത്രം... അഖിലയുമായി ഒത്തു കളിച്ചിട്ട് നടത്തിയ നാടകം മുഴുവനും ജയൻ അവളെ കൊണ്ട് പറയിപ്പിച്ചു..വിക്കിയും വിറച്ചും അത് പറഞ്ഞു തീർക്കുമ്പോൾ... ചുറ്റും കൂടിയവരുടെ കണ്ണിലെ അവജ്ഞത പേടിപ്പിച്ചു. "ഇവന്റെ ഭാവി സേഫ് ആക്കാൻ വേണ്ടിയാണ്.. ഞാൻ..."പിന്നെയും നനഞ്ഞു പോയ പടക്കം പോലെ ദേവിക പറയുമ്പോൾ ജയൻ അവളെ ദേഷ്യത്തോടെ പിടിച്ചു തള്ളി.. "അതിപ്പോ ഇവിടെ എല്ലാവർക്കും മനസ്സിലായി കാണുമല്ലോ ദേവിക തമ്പുരാട്ടി.. ദേ... അങ്ങോട്ട് ഒന്ന് നോക്ക് നീ... സേഫ് ആക്കാൻ നോക്കിയവന്റെ കണ്ണിലേക്കു നോക്ക്... എന്നിട്ട് പറ... അതായിരുന്നോ നിന്റെ ഉദ്ദേശം " വീണ്ടും ജയൻ ഉറക്കെ ചോദിച്ചു..

"അതിലെനിക്കും ഇപ്പൊ സംശയം ഉണ്ട് ജയൻ...ദേവികയുടെ പ്ലാൻ മറ്റെന്തെങ്കിലും ആവും.. ആകാര്യം തീർച്ചയാണ്...മക്കളുടെ സന്തോഷം ആണ് ദേവിക സേഫ് ആക്കേണ്ടത്.. അതാണ്‌ നഷ്ടം വരാതെ നോക്കേണ്ടത്.. ഇവിടെ അവനെ എത്ര മാത്രം വേദനിപ്പിച്ചാവും നീ നിന്റെ തീരുമാനം അടിച്ചേൽപ്പിക്കാൻ നോക്കിയത്.. നീ ഒരമ്മയല്ലേ... നിന്റെ മോനല്ലേ അവൻ... അവന്റെ സന്തോഷം കളഞ്ഞിട്ട് കിട്ടുന്ന എന്തും വേണ്ടന്ന് തീരുമാനം എടുക്കേണ്ടവൾ അല്ലേ.. പക്ഷേ... നീ..." രാമ കൃഷ്ണൻ ചോദിക്കുമ്പോൾ ദേവിക നിന്ന നിൽപ്പിൽ ഉരുകി തുടങ്ങി.. അപമാനഭാരം കൊണ്ട് തല ഉയരുന്നില്ല.. നോക്കുന്നവരെല്ലാം കളിയാക്കി ചിരിക്കും പോലെ.. "തന്റെ മകന്റെ കണ്ണിലുണ്ട് അവനാ പെൺകുട്ടിയെ എത്ര മാത്രം സ്നേഹിക്കുന്നു എന്ന്.. എന്നിട്ടും അതിനെതിരെ കണ്ണടച്ച് പിടിച്ചിട്ട്... എങ്ങനെ കഴിയുന്നു...

" തന്നെ വിശ്വസിച്ചു ഞാൻ എന്റെ മകളെ കൂടി ഇതിലേക്ക് വലിച്ചിടാൻ ഒരുങ്ങിയല്ലേ... " രാമ കൃഷ്ണൻ ഷേഹയെ ചേർത്ത് പിടിച്ചിട്ട് അവളെ നോക്കി.. "സോറി മോളെ... അച്ഛൻ... അറിഞ്ഞിട്ടില്ല കേട്ടോ.. അല്ലായിരുന്നു എങ്കിൽ നിനക്കൊരിക്കലും ഇത് പോലൊരു ചടങ്ങ് ഫേസ് ചെയ്യേണ്ടി വരില്ലായിരുന്നു... അയാൾ പറയുമ്പോൾ ഷേഹ അയാളെ കെട്ടിപിടിച്ചു.. "എന്തിനാ അച്ഛാ.. ഇങ്ങനെയൊക്കെ പറയുന്നേ... എനിക്ക് അറിയാലോ എന്റെ അച്ഛൻ എനിക്ക് സങ്കടം വരുന്ന ഒന്നും ചെയ്യില്ലെന്ന്... എനിക്കൊരു സങ്കടവും ഇല്ല... അതോർത്തു അച്ഛൻ വിഷമിക്കണ്ട " ഷേഹ പറയുമ്പോൾ രാമ കൃഷ്ണന്റെ കൂർത്ത കണ്ണുകൾ ദേവികയിൽ ആയിരുന്നു.. അത് നേരിടാൻ ആവാതെ അവരുടെ തല കുനിഞ്ഞു പോയി.. "എങ്ങനെ ആണെടോ... ഒരാൾ ജീവനോടെ മരിച്ചു പോകും വിധം വേദനയോടെ മുന്നിൽ നിന്നിട്ടും അത് കാണാതെ പോവാൻ കഴിയുന്നത്...

അവരുടെ വേദന കണ്ടില്ലെന്ന് നടിക്കുന്നത്... മുഖം പൊതിഞ്ഞു പിടിച്ചു ഇരിക്കുന്ന സായിയെ ചൂണ്ടി രാമ കൃഷ്ണൻ വീണ്ടും ചോദിച്ചു.. "അവളതൊന്നും ഓർക്കില്ല... അതെന്നല്ല.. അവളുടെ സന്തോഷം ഒഴിച്ച് മറ്റൊന്നും ഓർക്കില്ല... അത് മനസിലാക്കാൻ മനുഷ്യൻ ആവണ്ടേ... അവൾക്കു ദൈവം പണമാണ്... പ്രശസ്തിയാണ് " ജയൻ പുച്ഛത്തോടെ പറഞ്ഞു.. "സമാധാനം എന്നൊന്ന് എന്റെ ജീവിതത്തിൽ തന്നിട്ടില്ല.. ഇവളുടെ സ്നേഹം കൊതിച്ചു കൂടെ ചേർത്ത എന്നെ അതേ സ്നേഹം കൊണ്ട് തന്നെ അകറ്റി നിർത്തിയവളാ... എന്റെ മക്കളെ ഓർത്തും.. എന്റെ സ്നേഹം പണം കൊണ്ട് ഞാൻ അളന്നിട്ടിലെന്ന കാരണം കൊണ്ട് പരമാവധി ഞാൻ സഹിച്ചു.. ക്ഷമിച്ചു... എന്നിട്ടും ഇവൾക്ക് മതിയായിട്ടില്ല.." കിതച്ചു കൊണ്ട് ജയൻ പറയുമ്പോൾ... ദേവിക അലങ്കാരം പോലെ കൊണ്ട് നടന്നിരുന്ന മാന്യതയുടെ മുഖമൂടി അവിടെ പൊഴിഞ്ഞു വീഴുന്നുണ്ട്..

"എന്നും പരാതി... അത് സ്നേഹം കൊണ്ടൊന്നും അല്ല.. മനഃപൂർവം പ്രശ്നം ഉണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രം... മനസ്സ് കൊണ്ടും ശരീരം കൊണ്ടും എന്നെ അകറ്റി.. എന്നിട്ടും എന്റെ മക്കളെ ഓർത്തു ഞാൻ ആരോടും പറഞ്ഞില്ല.. എന്റെ കുടുംബം പോലും.. ഇവൾ കാരണം... " ജയൻ കലിയോടെ ദേവികയെ നോക്കി പല്ലുരുമ്മി... സന്തോഷത്തോടെ ഒരു ജീവിതം കൊതിച്ചിട്ട് ഇവളോട് ചേർന്നു എന്നൊരു തെറ്റ് ചെയ്തതിൽ പിന്നെ സന്തോഷം എന്നൊന്ന് ഞാൻ അറിഞ്ഞിട്ടില്ല.. ഇതിനിടയിൽ കിടന്നു നീറി എന്റെ മക്കളും.. ജയൻ സായിയെ വേദനയോടെ നോക്കി.. എന്നിട്ടിപ്പോ അവസാനം അതുങ്ങളുടെ ജീവിതം കൂടി ഇവൾക്ക് വില പേശി വാങ്ങണം... അല്ലേടി.. " ജയൻ അലറി കൊണ്ട് ചോദിച്ചു.. "എനിക്ക് പ്രതികരിക്കാൻ അറിയാഞ്ഞിട്ടാണ് എന്ന് കരുതിയോ നിങ്ങളൊക്കെ.. അല്ല...

ഞാൻ പറയുന്നതിന്റെ ദേഷ്യം കൂടി ഇവൾ തീർക്കുന്നത് മക്കളുടെ മേലാണ് പണ്ട് മുതലേ.. അതറിഞ്ഞു കൊണ്ട് ഞാൻ... ക്ഷമിച്ചു പോന്നതാണ്.. എല്ലാം...എന്നെ കൊണ്ട് അവർക്ക് സന്തോഷം കൊടുക്കാൻ ആവുന്നില്ല.. അപ്പോൾ പിന്നെ ഞാൻ കാരണം എന്റെ മക്കള് വേദനിക്കരുത് എന്നേ കരുതിയൊള്ളു... അതിവൾക്ക് വലിയൊരു വളമായി മാറി.. ജയൻ കിതാക്കുന്നുണ്ട്... ദേവിക വിയർത്തു കുളിച്ചിരുന്നു.. അല്ലെന്ന് നിഷേധിക്കാൻ കഴിയാത്ത വിധമാണ് ജയൻ പൂട്ടിയത്.. ഇനി അങ്ങോട്ട് ഉയർത്താൻ കഴിയാത്ത വിധം പത്തി താഴ്ന്നു കഴിഞ്ഞു.. സാരി തലപ്പിൽ തെരുപിടിച്ചു താഴെ നോക്കി നിന്നു.. മുഖം ഉയർത്തി നോക്കുമ്പോൾ കാണുന്ന അവജ്ഞത സഹിക്കാൻ ആവുന്നില്ല.. "ഇനി അങ്ങോട്ട് എന്റെ മക്കൾക്ക് നീ എന്നാ അമ്മ വേണ്ട.. വരരുത്... അവരുടെ നിഴൽ വെട്ടത്തിൽ പോലും... ഒരായുസ്സ് മുഴുവനും ഉള്ളത് സഹിച്ചു കഴിഞ്ഞു എന്റെ മക്കള്.. ഇനി അങ്ങോട്ട്‌ അവർക്ക് അച്ഛൻ മതി.." വിരൽ ചൂണ്ടി ജയൻ പറയുമ്പോൾ ദേവിക പകച്ചുപോയി.. ജയൻ സായിക്ക് നേരെ നടന്നു.. അവന്റെ തലയിൽ തൊട്ടു..

സായി കൈകൾ മാറ്റി അച്ഛനെ നോക്കി.. "വാ.... അച്ഛൻ കൊണ്ട് പോകാം.. അവൾക്കൊന്നും വരില്ല.. എന്റെ മോന്റെ സ്നേഹത്തിന്റെ കാവൽ പൊട്ടിച്ചു കൊണ്ട് അങ്ങനൊന്നും അവളെ ആർക്കും കൊണ്ട് പോവാൻ ആവില്ല... വാടാ മോനെ.. സായി വീണ്ടും കരഞ്ഞു പോയിരുന്നു... അച്ഛാ... അവൻ അയാളുടെ വയറിൽ മുഖം ചേർത്തിട്ട് പൊട്ടി കരഞ്ഞു.. അത് കണ്ടു സിത്തുവും.. പ്രണവ് ചെന്നിട്ടു അവനെ എഴുന്നേൽപ്പിച്ചു... "വാ... ഈ ലോകത്തിലെ എവിടെ കൊണ്ട് പോയിട്ടായാലും നമ്മൾ തിരികെ കൊണ്ട് വരും... സമയം കളയാതെ വാ... നീ കാത്തിരിക്കുമ്പോൾ... നിന്റെ വിളി കേൾക്കുമ്പോൾ.... നിന്റെ പെണ്ണ് എവിടേം പോവില്ല...എങ്ങും പോവില്ല.. അവൾക്കെങ്ങനെ ഈ സ്നേഹം കണ്ടില്ലെന്ന് നടിക്കാൻ ആവും.. നീ വാ സായി... ആരും തടയില്ല ടാ ഇനി നിന്നെ " സായിയുടെ ഇരു തോളിലും അമർത്തി പിടിച്ചു കൊണ്ട് പ്രണവ് പറയുമ്പോൾ... ദേവികയെ അവൻ കൂർപ്പിച്ചു നോക്കി..കണ്ണീർ തുടച്ചിട്ട് അവനും തലയാട്ടി.. "ക്ഷമിക്കണം രാമ കൃഷ്ണൻ... ഇങ്ങനൊരു സീൻ...

അത് ഇവിടെ വെച്ചായതിൽ എനിക്ക് സങ്കടമുണ്ട്... റിയലി സോറി...നിങ്ങളെയും നിങ്ങളുടെ മകളെയും ഇതിനിടയിലേക്ക് ഇവളാണ് വലിച്ചു കൊണ്ട് വന്നതും.. കാല് പിടിച്ചു പറഞ്ഞതാണ് ഞാൻ.. എന്റെ മോന്റെ ഹൃദയം വെട്ടി പൊളിക്കരുത് എന്ന്... അപ്പോൾ ഇവളുടെ ഉദ്ദേശം നടക്കില്ലല്ലോ.." ജയൻ... അയാൾക് നേരെ കൈ കൂപ്പി കൊണ്ട് പറഞ്ഞു.. "ഏയ്‌... നോ പ്രോബ്ലം ജയൻ.. പോയിട്ട് വരൂ... എന്ത് ആവിശ്യം ഉണ്ടേലും വിളിക്കാൻ മടിക്കരുത്..."രാമ കൃഷ്ണൻ ജയന്റെ കയ്യിൽ പിടിച്ചിട്ട് പറഞ്ഞു.. കത്തുന്ന കണ്ണോടെ ദേവികയെ ഒന്നൂടെ നോക്കിയിട്ട് ജയൻ വേഗം പുറത്തേക്ക് നടന്നു.. അവരെ അവിടെ തീർത്തും ഉപേക്ഷിച്ചു കളഞ്ഞു കൊണ്ട്.. ❤❤❤❤❤❤❤❤❤❤❤❤❤❤❤ സുധി..... പാതി കരച്ചിൽ പോലായിരുന്നു സായിയുടെ വിളി.. സുധി ചാടി എഴുന്നേറ്റു.. Icu വിന്റെ മുന്നിലെ കസേരയിൽ ഇരിപ്പായിരുന്നു അവൻ.. മറ്റാരും ഉണ്ടായിരുന്നില്ല അവിടെ.. "എന്താടാ... എന്റെ പെണ്ണിന് പറ്റിയത് " ഇടറി കൊണ്ട് സായി അവന്റെ കയ്യിൽ പിടിച്ചു ചോദിച്ചു..

സായിയുടെ ചുവന്ന കണ്ണിലെ വേദന അവന്റെയും കണ്ണ് നിറച്ചു.. തൊട്ട് പിറകിലായി... ജയനും... പ്രണവും സിത്തുവും കിരണും ഉണ്ടായിരുന്നു.. പ്രണവ് ആണ് കിരണിനോട് കാര്യങ്ങൾ എല്ലാം പറഞ്ഞത്.. അവനാണ് ടിക്കറ്റ് ബുക്ക്‌ ചെയ്തതെല്ലാം.. "വാ... ഇവിടിരിക്ക് നീ " സുധി സായിയെ പിടിച്ചിട്ട് കസേരയിൽ ഇരുത്തി.. അടുത്തുള്ള കസേരയിൽ ഉണ്ടായിരുന്ന വെള്ളം നിറഞ്ഞ കുപ്പി അവന്റ നേരെ തുറന്നു കൊണ്ട് നീട്ടി.. സായി അത് വാങ്ങിയിട്ട് ഇത്തിരി കുടിച്ചു.. വീണ്ടും സുധിയെ നോക്കി.. ഇനിയെങ്കിലും ഒന്ന് പറ.. എന്നൊരു ദയനീയ ഭാവം.. "കദ്ധീജുമാക്ക് മൂന്നാലു ദിവസം ആയിട്ട് ഇച്ചിരി കൂടുതൽ ആയിരുന്നു.. നല്ലത് പോലെ അവളെ ഉപദ്രവിക്കും " സുധി പറയുമ്പോൾ.. "ഉമ്മാക്ക്‌ രണ്ടൂസം ആയിട്ട് തീരെ വയ്യ സായിയേട്ടാ "കാതിൽ ജാസ്മിയുടെ വാടിയ സ്വരവും പാഞ്ഞു വന്നിരുന്നു..

നിറഞ്ഞ കണ്ണുകൾ സായി തോളു കൊണ്ട്‌ തുടച്ചു.. "അറിഞ്ഞു കൊണ്ടാണോ... അതോ കദ്ധീജുമ്മ സ്വയം എടുത്തതാണോ എന്തോ.. കയ്യിലുള്ള കത്തി അവളുടെ ദേഹത്ത് കൊണ്ടിട്ടുണ്ട്... കരച്ചിൽ കേട്ട് റോഡിൽ കൂടി പോയ ആരോ ഓടി ചെന്നു നോക്കുമ്പോൾ വീണു കിടക്കുന്ന അവളെ വീണ്ടും അവര് കുത്തി എന്നാണ് പറഞ്ഞത്.." സായി കണ്ണുകൾ ഇറുക്കി അടച്ചു പിടിച്ചു.. കേൾക്കാൻ കൂടി വയ്യ.. അവനും ജീവനോടെ ദഹിക്കുന്നുണ്ട്.. "എല്ലാം കൂടി സഹിക്കാൻ വയ്യാഞ്ഞിട്ട് അവളിനി " സുധി പാതിയിൽ നിർത്തി സായിയെ നോക്കി.. അതിലെ കുറ്റപ്പെടുത്തൽ തിരിച്ചറിഞ്ഞെന്ന പോലെ അവനൊന്നു പിടഞ്ഞു.. കൈ കൊണ്ട് മുഖം പൊത്തി കരയുന്ന അവന്റെ വേദന അവർക്കും അറിയാമായിരുന്നു.. 'ഞാനാണ്... ഞാൻ കാരണമാണ്... ഞാൻ ഇല്ലാതെ വയ്യാത്ത വിധം ആ പാവം പെണ്ണിനെ സ്നേഹിച്ചിട്ട്...

ഒടുവിൽ അതേ ഞാൻ... അതേ സ്നേഹം കൊണ്ട് തന്നെ അവളെ.... എനിക്ക് സഹിക്കാൻ വയ്യെടാ... എന്റെ പെണ്ണ്...ഞാൻ ഇല്ലാതെ വയ്യെന്ന് അവൾ പറഞ്ഞിട്ടും ഞാൻ... സായി സുധിയെ ഇറുക്കെ പിടിച്ചു കരഞ്ഞു പോയിരുന്നു... "എനിക്കൊന്ന്.. കാണാൻ...ഇല്ലെങ്കിൽ ഞാൻ ഇപ്പൊ മരിച്ചു പോകും സുധി.. പ്ലീസ്.. ഒന്ന് പറ നീ..ഞാൻ കാരണമാണ്.. ഞാൻ കൂടെ ഇല്ലേൽ അവൾ ഉണ്ടാവില്ലെന്ന് അറിഞ്ഞിട്ടും ഞാൻ... എന്റെ.... "സായിക്ക് കരച്ചിൽ അമർത്താൻ ആവുന്നില്ല. സായി സുധിയെ നോക്കി.. "ഡോക്ടർ വരട്ടെ... നീ സമാധാനപെട് " സുധി അവന്റെ തോളിൽ തട്ടി കൊടുത്തു.. ജയനും വന്നിട്ട് അവന്റെ അരികിൽ ഇരുന്നു.. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 വയറുകൾക്കിടയിൽ വാടിയ പൂ പോലെ അവളുടെ കിടത്തം കാണുമ്പോൾ വീണ്ടും അവന്റെ കണ്ണ് നിറഞ്ഞു.. ബോധം വന്നിട്ടില്ല.. സായി കെഞ്ചി പറയുന്നത് കേട്ട് മനസ്സലിവ് തോന്നിയ ഡോക്ടർ അവനോട് കയറി കാണുവാൻ പറഞ്ഞതായിരുന്നു. പതിയെ അവളുടെ ബെഡിനരികിലെ കസേരയിൽ സായി ഇരുന്നു..

നീണ്ടു മെലിഞ്ഞ കൈ വിരലിൽ അവന്റെ വിറക്കുന്ന വിരൽ കോർത്തു പിടിച്ചു.. "എന്റെ ഗതികേട് കൊണ്ടായിരുന്നില്ലേ ജാസ്മി... അല്ലാതെ... അല്ലാതെ നീ എന്ന എന്റെ പ്രാണൻ ഞാൻ ഉപേക്ഷിച്ചു കളയുവോ ടി " പതിയെ... വളരെ പതിയെ... നിറഞ്ഞ കണ്ണോടെ അവൻ അവളോട്‌ ചോദിച്ചു.. "എന്നെ തോൽപ്പിക്കാൻ നോക്കിയതല്ലേ നീ... ഞാൻ ഇല്ലാതെ വയ്യെന്ന് എത്രയോ പ്രാവശ്യം നീ പറഞ്ഞിട്ടുണ്ട്... എനിക്കറിയാം ജാസ്മി... നീ മനഃപൂർവം ആവും..." പിറുപിറുക്കും പോലെ സായി പതിയെ പറഞ്ഞു... അവളുടെ അടഞ്ഞു കിടക്കുന്ന കണ്ണിൽ ഒരിക്കൽ കൂടി നാണം വിരിയുന്നത് കാണാൻ അവനപ്പോൾ അതിയായ മോഹം തോന്നി.. വരണ്ടണങ്ങി കിടക്കുന്ന... ചുണ്ടിലെ ചിരി കാണാനും.. "ഇനി ശ്വാസം നിലക്കും വരെയും സായിയേട്ടൻ നിന്റെ കൂടെ തന്നെ ഉണ്ടാവും കേട്ടോ.. നിന്റെ മാത്രം ആയിട്ട്.. ആരും വരില്ല ഇനി നമ്മുക്കിടയിലേക്ക്.. ആർക്കും പറ്റില്ലിനി നമ്മളെ അകയറ്റാൻ.." അവളുടെ നെറ്റിയിൽ തലോടി സായി പറഞ്ഞു..

"എനിക്കറിയാം... നീ എല്ലാം അറിയുന്നുണ്ട്.. ഞാൻ കാത്തിരിപ്പുണ്ട് പുറത്ത്.. പെട്ടന്ന് വാ.. നമ്മുക്ക് നമ്മുടെ സ്വപ്നം പോലെ ജീവിക്കണ്ടേ.ടി...നീ ഇല്ലാതെ ഞാനും ഉണ്ടാവില്ല കേട്ടോ... പറഞ്ഞേക്കാം... ഇപ്രാവശ്യം സായിയുടെ ചുണ്ടിൽ ചെറിയ ഒരു ചിരി ഉണ്ടായിരുന്നു.. അത്രമേൽ അവന് ഉറപ്പുണ്ടായിരുന്നു... തന്നെ വിട്ടിട്ട് അവളെങ്ങും പോകില്ലെന്ന്.. അവൾക്ക് അതിനാവില്ലെന്നും.. "ഉമ്മയെ കാണണ്ടേ നിനക്ക്.. നീ കൊതിച്ച പോലെ നിന്നെ സ്നേഹിക്കുന്ന.. നീ അവരുടെ പോന്നു മോളാണ് എന്ന് പൂർണമായും തിരിച്ചറിയാൻ കഴിയുന്ന നിന്റെ ഉമ്മയെ... കാണണ്ടേ.. " എഴുന്നേറ്റു സായി അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു.. പതിയെ അനങ്ങുന്ന കൈ വിരലിലേക്ക് നോക്കുമ്പോൾ... സായിയുടെ കണ്ണിൽ വീണ്ടും നീർ തിളക്കം.. അവളെല്ലാം അറിയുന്നുണ്ട്.. ഉള്ളിലേക്ക് ആവാഹിച്ച അവന്റെ പ്രണയത്തിന്റെ ചൂടിൽ പതിയെ അവളും തിരികെ നടന്നു തുടങ്ങിയിരിക്കുന്നു... വീണ്ടും വീണ്ടും അവൻ അവളെ ആർത്തിയോടെ നോക്കുന്നുണ്ട്... ❤❤❤❤❤❤❤❤❤❤❤❤❤❤❤

"ഞാൻ... എന്നോട് ക്ഷമിക്കണേ സായി... ദേവിക പറഞ്ഞപ്പോൾ... ഇതൊന്നും എനിക്കറിയില്ലായിരുന്നു.. അവർ ഒരുമിച്ച് ജീവിക്കും എങ്കിൽ... അതിനൊരു കാരണം ആവുമെങ്കിൽ നല്ലതല്ലേ... അത്രയേ ഞാനും ഓർത്തൊള്ളൂ.. ഇത്രക്കൊന്നും ആന്റി അറിഞ്ഞില്ലെടാ " അഖില സായിയുടെ രണ്ട് കവിളിലും കൈ ചേർത്ത് പിടിച്ചിട്ട് കരഞ്ഞു കൊണ്ട് പറഞ്ഞപ്പോൾ അവന്റെ കണ്ണും നിറഞ്ഞു പോയിരുന്നു.. പ്രണവ് ആണ് അഖിലയെ വിളിച്ചറിയിച്ചത്.. പ്രണവ് വിളിക്കുമ്പോൾ.. അവന്റെയാ സ്വരത്തിലെ ദേഷ്യവും സങ്കടവും അറിഞ്ഞിട്ട് തന്നെ ആയിരുന്നു അവന്റെ അച്ഛനും അമ്മയും പെട്ടന്ന് അങ്ങോട്ട് ഓടി എത്തിയതും.. സായിയുടെ അവസ്ഥകണ്ടപ്പോൾ... എത്ര വലിയൊരു തെറ്റാണ് താൻ ചെയ്തത് എന്ന് അഖില തിരിച്ചറിഞ്ഞു.. ദേവികയോട് അവൾക്കും വല്ലാത്ത വെറുപ്പ് തോന്നി ആ നിമിഷം..

"സാരമില്ല ആന്റി... എന്റെ അമ്മ എറിഞ്ഞ കെണി ആയിരുന്നു.. അതിൽ ആന്റി പെട്ടു പോയതല്ലേ... ഞാൻ എന്തിന് ദേഷ്യം കാണിക്കണം.. " സായി പതിയെ പറഞ്ഞു.. "എങ്ങനുണ്ട്.. ഇപ്പൊ ആൾക്ക് " പ്രണവിന്റെ അച്ഛൻ സായിയോട് ചോദിച്ചു.. "ബോധം വന്നിട്ടുണ്ട്.. കൂടുതൽ ഒന്നും.." സായി പാതിയിൽ നിർത്തി.. "ഒന്നും വരില്ലെടോ.. നിന്റെ ഈ സ്നേഹം ആ കുട്ടിക്ക് എങ്ങനെ വിട്ട് പോവാൻ കഴിയും.. ധൈര്യമായിട്ടിരിക്ക്.." അയാൾ അവന്റെ തോളിൽ തട്ടി.. അഖില പോയി സിത്തുവിന്റെ അരികിൽ ഇരുന്നു... ജയന്റെ തോളിൽ ചാരി കിടപ്പുണ്ട് അവളും.. പ്രണവ് അവളെ വേദനയോടെ നോക്കുന്നുണ്ട്.. അവൾ വല്ലാത്തൊരു അകലം കാണിക്കുന്നത് പോലെ. തന്റെ അമ്മയുടെ വാക്കുകൾ ഓർത്താവും അതെന്ന് പ്രണവിന് തോന്നിയിരുന്നു.. മോളെ... അഖില വിളിക്കുമ്പോൾ സിത്തു അവരെ തുറിച്ചു നോക്കി...

ആ മുഖം ദേഷ്യം നിറഞ്ഞു.. "എന്റെ ഏട്ടന്റെ ജീവൻ എടുത്തിട്ട് എനിക്ക് ഒന്നും വേണ്ട.. ആരേം വേണ്ട... ആരേം.. " അഖിലയെ നോക്കി പറഞ്ഞത് അവസാനം പ്രണവിൽ തങ്ങി നിന്നിരുന്നു.. വിതുമ്പി കൊണ്ട് പറയുന്ന ആ പെണ്ണിനെ പ്രണവ് അലിവോടെ നോക്കി..അവന്റെ കണ്ണിലും പിടച്ചിൽ.. തന്നെ വേണ്ടാഞ്ഞിട്ടല്ല... അത്രത്തോളം അവൾ അവളുടെ ഏട്ടനെയും സ്നേഹിക്കുന്നുണ്ട്.. സായി സിത്തുവിന്റെ അരികിൽ പോയിരുന്നു.. അവളുടെ തോളിൽ ചേർത്ത് പിടിച്ചു.. നിറഞ്ഞ കണ്ണോടെ അവൾ കണ്ണുയർത്തി നോക്കിയപ്പോ സായി ഒന്ന് ചിരിച്ചു കാണിച്ചു.. സോറി ഏട്ടാ... ഞാൻ കാരണം... ഞാൻ അറിഞ്ഞില്ലല്ലോ എന്റെട്ടൻ ഉരുകി കൊണ്ടാണ് നടക്കുന്നതെന്ന്... പറഞ്ഞില്ലല്ലോ എന്നോട്... " സിത്തു പതം പറഞ്ഞു സായിയെ ഇറുക്കി പിടിച്ചു.. അവനും ഒന്നൂടെ അവളെ അണച്ചു പിടിച്ചു.. ❤❤❤❤❤❤❤❤❤❤❤❤❤❤❤

വാതിൽ തുറന്നിറങ്ങി വരുമ്പോൾ കദ്ധീജുമ്മ പൊട്ടി കരഞ്ഞു പോയിരുന്നു.. സായി അവരെ അലിവോടെ പിടിച്ചിട്ട് കസേരയിൽ ഇരുത്തി.. "മനോനില തെറ്റിട്ടും ഇന്നേ പൊന്നു പോലെ നോക്കിയ ന്റെ പൊന്ന് മോള്.. ഞാൻ കാരണം.. യാ അല്ലാഹ് " അവർക്ക് സങ്കടം സഹിക്കാൻ ആവുന്നില്ല.. മനസിനേറ്റ ഷോക്ക്... മറ്റൊരു ഷോക്ക് കൊണ്ട് മാറി പോയപ്പോൾ.. അത് കാണാൻ ഏറ്റവും കൊതിച്ചവൾ.... സായിക്ക് കണ്ണ് കടഞ്ഞു.. സങ്കടം കൊണ്ട്. ബോധം വീണിട്ടും ഇപ്പോഴും അവൾ അപകടനില തരണം ചെയ്തിട്ടില്ല.. തീർച്ചയായും തിരികെ വരുമെന്നറിയാം. പക്ഷേ.. ഈ കാത്തിരിപ്പ്... അത് വയ്യ.. കാണാൻ മനസ്സ് അത്രയേറെ കൊതിക്കുന്നു. ആ അരികിൽ ഇരിക്കാൻ... നിനക്കൊപ്പം ഒരു നിഴൽ പോലെ ഇനി ഞാനും ഉണ്ടെന്ന് പറയുമ്പോൾ ആ കണ്ണിൽ വിരിയുന്ന തിളക്കം കാണുവാൻ.......... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story