ഇശൽ തേൻകണം: ഭാഗം 36 || അവസാനിച്ചു

ishal then kanam

രചന: ജീഫ്‌ന നിസാർ

കോർത്തു പിടിച്ച കൈ വിരലിലേക്ക് കണ്ണുനീർ തുള്ളികൾ ഇറ്റി വീണുകൊണ്ടിരിക്കുന്നു.. സായിയേട്ടാ പ്ലീസ്... ജാസ്മി തളർച്ചയോടെ പറഞ്ഞിട്ടും അവൻ മുഖം ഉയർത്തി നോക്കിയില്ല.. നിശബ്ദമായ ഒരു ക്ഷമാപണം ആയിരുന്നു അത് അവന്. നീ ഇല്ലാതെ എനിക്കിനി ഒരു ജീവിതം ഇല്ലെന്നുള്ള ഓർമപെടുത്തൽ കൂടി ആയിരുന്നിരിക്കും. ഒന്നെഴുന്നേറ്റ് ഇരിക്ക്.. എനിക്കിതു സഹിക്കാൻ വയ്യ ട്ടോ " ജാസ്മിയും കരച്ചിലിന്റെ വക്കിൽ എത്തിയിരിക്കുന്നു എന്നറിഞ്ഞപ്പോൾ സായി പതിയെ മുഖം ഉയർത്തി നോക്കി.. കലങ്ങി ചുവന്നു കിടക്കുന്ന അവന്റെ കണ്ണുകളിൽ തന്നോടുള്ള പ്രണയം ആളി കത്തുന്നത് അവളും അപ്പോൾ കണ്ടിരുന്നു.. ആരും എന്തും പറഞ്ഞോട്ടെ... അവൾക്കറിയാമായിരുന്നു... അവന്റെ മുന്നിൽ ഒരിത്തിരി എങ്കിലും പ്രതിവിധി ഉണ്ടായിരുന്നു എങ്കിൽ തന്നെ ഉപേക്ഷിച്ചു കളയാൻ പാകത്തിന് ആ മനസ്സിൽ ഒരു തീരുമാനം ജനിക്കിലായിരുന്നു.. ഇഷ്ടമാണെന്ന് പറഞ്ഞതും കൂടെ ഉണ്ടെന്ന് ഓർമിപ്പിച്ചതും ഹൃദയം കൊണ്ട് തന്നെ ആയിരുന്നു എന്നതും..

"നീ കൂടി എന്നെ തോൽപ്പിക്കാൻ നോക്കി അല്ലേ... എനിക്കറിയാം ജാസ്മി നീ... നീ മനഃപൂർവം " സായി ചോദിക്കുമ്പോൾ ജാസ്മിയുടെ മുഖം കുനിഞ്ഞു.. സത്യമായിരുന്നു അത്. ഒട്ടും വയ്യെന്ന് തോന്നി... സഹിക്കാൻ ആവാത്ത വിധം വേദന ഒരു നീരാളിയെ പോലെ ചുറ്റി വരിയാൻ തുടങ്ങി.. ഉറക്കം പോലും വരാത്ത രാത്രിയിൽ എടുത്തോരു തീരുമാനം.. അറിഞ്ഞു കൊണ്ട് തന്നെ ഉമ്മയുടെ കയ്യിലേക്ക് കത്തി കൊടുക്കുമ്പോൾ... ഇനിയൊരിക്കലും ഈ നശിച്ച ഭൂമിയിൽ ഒരു ജന്മം പോലും തരരുത് പടച്ചോനെ എന്നായിരുന്നു പ്രാർത്ഥന നടത്തിയത്.. അത്രയും വെറുത്തു പോയി... എല്ലാത്തിനെയും.. അവളുടെ നിറഞ്ഞ കണ്ണുകൾ തുടച്ചിട്ട് സായി അവളെ അവന്റെ നെഞ്ചിൽ ചാരി ഇരുത്തി.. "കരയല്ലേ.ടി .. ഈ കണ്ണുനീർ എനിക്കൊരു ശാപം പോലെ ആവും.. സഹിക്കാൻ വയ്യ.. ഈ നിറഞ്ഞ കണ്ണുകൾ എന്റെ ഉറക്കം പോലും കളഞ്ഞിട്ട്... ഞാനൊരു ഭ്രാന്തനെ പോലെ... എനിക്കറിയില്ല...

എങ്ങനെ പറഞ്ഞു തരും ഞാൻ " വാടിയ മുഖത്തെക്ക്‌ പാറി വീണു കിടക്കുന്ന മുടി ഇഴകൾ സായി ഒതുക്കി വെച്ചു.. "പറയണ്ട സായിയേട്ടാ... എനിക്കത് കേൾക്കാൻ ഇനിയും വയ്യ " അവന്റെ നേരെ നോക്കി പറയുമ്പോൾ സായി ഒന്നൂടെ അവളെ ചേർത്ത് പിടിച്ചു.. വയറിൽ തുന്നി കെട്ടിയ മുറിവിന്റെ വേദന കൊണ്ട് മുഖം ചുളിഞ്ഞു എങ്കിലും ഹൃദയം മുഴുവനും പാതിയോട് ചേർന്നിരിക്കുന്ന സുഖമുള്ളൊരു ഫീൽ ആയിരുന്നു അവൾക്കുള്ളിൽ.. അവനും.. വീണ്ടും വീണ്ടും കണ്ണിൽ നോക്കുമ്പോൾ.. ലോകം മുഴുവനും എതിർത്താലും ഇനി നീ എനിക്ക് സ്വന്തം ആണെന്ന് ഒരു മന്ത്രം പോലെ അവനും ഉരുവിട്ടു കൊണ്ടിരുന്നു.. സായിയുടെ സ്നേഹതണലിൽ ജാസ്മിയുടെ തിരിച്ചു വരവ് കുറച്ചു കൂടി എളുപ്പത്തിലാക്കി.. പറയാതെ തന്നെ അവൾക്ക് വേണ്ടതെല്ലാം ഒരുകുന്ന സായി കദ്ധീജുമ്മാക്ക് മുന്നിൽ ഒരു അത്ഭുതം ആവുകയായിരുന്നു..

സുധിയാണ്... അവരുടെ സ്നേഹത്തിന്റെ കഥ മുഴുവനും അവർക്ക് പറഞ്ഞു കൊടുത്തത്.. ചുറ്റും നിരന്നു നിന്നു സ്നേഹിക്കാൻ ഒരുപാട് ആളുകൾക്കിടയിൽ അവരുടെ ലോകം വീണ്ടും മനോഹരമായി.. മകനെയും ഭർത്താവിനെയും നഷ്ടപെട്ട വേദന കദ്ധീജുമ്മയെ കാർന്ന് തിന്നാറുണ്ട്.. പലപ്പോഴും. പക്ഷേ അതിൽ നിന്നും ഒരിത്തിരി ആശ്വാസം എന്നത് പോലെ സായി അവരോട് ചേർന്ന് നടക്കാൻ കൂടി ശ്രദ്ധിച്ചു.. അവനിൽ എവിടെയൊക്കെയോ അൻസു മറഞ്ഞിരിക്കുന്നു എന്ന് അവർക്കും തോന്നി തുടങ്ങി... സുധിയോട് പറഞ്ഞിട്ട്... അവന്റെ സമ്മദത്തോട് കൂടി തന്നെ സായി തിരിച്ചു പോകുമ്പോൾ കൂടെ അവരെയും ചേർത്തിരുന്നു.. നാടിനെ ഉപേക്ഷിച്ചു കളയുന്നത് വേദയാണെങ്കിലും... അവർക്ക് അവിടെ ഉപേക്ഷിച്ചു കളയുന്നത് അവരുടെ വേദനകൾ മാത്രം ആയിരുന്നു..

നിറമുള്ളൊരു ലോകം കാത്തിരിപ്പുണ്ടെന്നു വിശ്വസിച്ചു തന്നെ അവരും അവനൊപ്പം സന്തോഷത്തോടെ യാത്ര ആരംഭിച്ചു.. 💞💞💞💞💞💞💞💞💞💞💞💞💞💞 ഒരേ മുഹൂർത്തത്തിൽ തന്നെ സായി ജാസ്മിക്കും പ്രണവ് സിത്തുവിനും പ്രണയം കൊരുത്തൊരു താലി അണിയുമ്പോൾ... അടുത്തറിയുന്നവർ മുഴുവനും ഉണ്ടായിരുന്നു അവർക്ക് ആശംസകൾ അറിയിക്കാൻ... അനുഗ്രഹിക്കാൻ.. ജാസ്മിയുടെ ശാരീരിക ബുദ്ധിമുട്ടുകൾ ശെരിക്കും മാറിയിട്ടില്ല എന്നറിഞ്ഞും സായി തന്നെയാണ് എത്രയും നേരത്തെ അവളെ ഒരു താലി ചരടിൽ ചേർത്ത് പിടിക്കാൻ കൊതിച്ചത്.. അവനറിയാം.... അവളോട് ചേർന്ന് നടന്നിട്ട് ഇനിയും ഒരായിരം കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്.. ആ സന്തോഷതിനിടയിലും അവരെല്ലാം മറന്നു പോയൊരു ആളായിരുന്നു ദേവിക.. ആരും അന്വേഷിച്ചു നോക്കിയതുമില്ല. അത്രത്തോളം ദേഷ്യം എല്ലാവർക്കും ഉണ്ടായിരുന്നു അവരോട്.. സായിയോട് ജാസ്മി ഒരുപാട് പ്രാവശ്യം പറഞ്ഞിരുന്നു... അമ്മയെ പോയെന്നു കാണാൻ. അവൻ പക്ഷേ അത് ശ്രദ്ധിച്ചത് കൂടിയില്ല. അത്രമാത്രം ആ മനസ്സിൽ നിന്നും പൊള്ളി പിടഞ്ഞു പോയിരുന്നു.. അപ്പോഴും കാര്യങ്ങൾ എല്ലാം അവനും അറിഞ്ഞിരുന്നു.. എത്രയായാലും അമ്മയല്ലേ..

അവർക്കത് മറന്നു കളയാൻ മാത്രം വില ഉള്ളെങ്കിലും... മനസ്സിനേറ്റ അപമാനം കൊണ്ടും... കുറ്റബോധം കൊണ്ടും... ആകെ തളർന്നു പോയിരുന്നു..അഹങ്കാരം പോലെ കൊണ്ട് നടന്നിരുന്ന ബിസിനസ് സാമ്രാജ്യമെല്ലാം ഒന്നൊന്നായി നിലം പൊത്തി തുടങ്ങിയെന്നു അറിഞ്ഞപ്പോൾ.. അതമ്മക്ക് കിട്ടിയ തിരിച്ചടി ആയാണ് തോന്നിയത്.. എന്നിട്ടും പോയെന്നു കാണാൻ തോന്നിയില്ല.. സിത്തുവും അച്ഛനും... ജാസ്മിയും ഉമ്മയും മാത്രമുള്ളൊരു ലോകത്ത് ഏറെ സന്തോഷവാൻ ആയിരുന്നു.. ഏട്ടാ... സിത്തു തട്ടി വിളിക്കുമ്പോൾ സായി ഞെട്ടി പോയി.. സ്റ്റേജിൽ ആയിരുന്നു.. അലങ്കരിച്ച ഇരിപ്പിടത്തിൽ തൊട്ടടുത്തുള്ള ജാസ്മി... അതിനും അപ്പുറത്തെ മറ്റൊരു തിളക്കം... സിത്തു.. പ്രണവിന്റെ പ്രണയം പൊതിഞ്ഞ ചിരിയിൽ കുളിർന്നിരിക്കുന്ന അനിയത്തി.. ഈ ഒരു ചിരി നിനക്ക് നഷ്ടം വരാതിരിക്കാൻ ആയിരുന്നു എല്ലാം.. ഏട്ടാ.. വീണ്ടും സിത്തു വിളിക്കുമ്പോൾ... സായി അവളെ നോക്കി.. അമ്മ... വിറയലോടെ പറഞ്ഞിട്ട് അവൾ ചൂണ്ടിയാ വിരലിനറ്റത്തു കാണുന്ന രൂപത്തെ സായി ഞെട്ടലോടെ ആണ് നോക്കിയത്.. ദേവികയാണ് അതെന്ന് ആണ ഇട്ട് പറഞ്ഞാലും വിശ്വസിക്കാൻ ആവാത്ത വിധം മാറി പോയൊരു രൂപം..

അഹങ്കാരത്തിന്റെ പടച്ചട്ടയില്ല.. പുച്ഛത്തിന്റെ മുഖമൂടിയും അഴിഞ്ഞു പോയിരുന്നു.. പകരം തികഞ്ഞ നിസംഗത മാത്രം നിറഞ്ഞ മുഖം.. വേഷത്തിൽ പോലും കാര്യമായ മാറ്റം വന്നിട്ടുണ്ട്. ക്ഷീണിച്ചു അവശയാത് പോലെ അരികിലുള്ള ഒരു തൂണിൽ ചാരി നിൽക്കുമ്പോൾ വീണ്ടും ഹൃദയം വേദനിക്കും പോലെ തോന്നി സായിക്ക്.. അവൻ എഴുന്നേറ്റു.. കുറച്ചപ്പുറം മാറി അച്ഛനും അമ്മയെ നോക്കുന്നത് സായി കണ്ടിരുന്നു.. ആ മുഖത്തെ വേദന അവനെയും പുടിച്ചുലച്ചു കളഞ്ഞു.. അവൻ ഇറങ്ങും മുന്നേ... ജയൻ ദേവികയുടെ അരികിൽ എത്തിയിരുന്നു.. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 പൊട്ടിച്ചിരിയോടെ ഓരോന്നും ചെയ്യുന്ന സായിയെയും സിത്തുവിനെയും ദേവിക വെറുതെ നോക്കി ഇരുന്നു.. അങ്ങനെ ഇരിക്കുമ്പോൾ ഹൃദയത്തിന് വീണ്ടും ഭാരം കൂടുന്നുണ്ട്.. എത്ര വലിയൊരു തെറ്റാണ് ചെയ്തിരുന്നത് എന്ന് ഹൃദയം പിന്നെയും പിന്നെയും ഓർമിപ്പിക്കും പോലെ.. അപ്പോൾ ഒക്കെയും ലജ്ജ തോന്നി പോകും.. ഒരമ്മ എങ്ങനെ ആവരുത് എന്നതിന്റെ മികച്ചൊരു ഉത്തരമായിരുന്നു താൻ എന്ന് ദേവിക മനസ്സിലാക്കി തുടങ്ങി..

തിരിച്ചു നടന്നാലും തിരികെ കിട്ടാത്ത മക്കളുടെ ബാല്യം മുള്ളിൻ മുന പോലെ കുത്തി രസിച്ചു.. അവർക്ക് നഷ്ടപെടുത്തിയ സന്തോഷങ്ങളെ കുറിച്ചോർത്തു വെറുതെ വേദനിക്കാം എന്നല്ലാതെ മറ്റൊന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല.. "സങ്കടം തോന്നുണ്ടോ ദേവി " തൊട്ടരികിലെ ജയന്റെ സ്വരം.. ദേവിക ഞെട്ടി തിരിഞ്ഞു നോക്കി.. അയാളുടെ കണ്ണുകൾ പക്ഷേ അടുക്കളയിൽ നിൽക്കുന്ന... മക്കളുടെ അരികിൽ തന്നെ ആയിരുന്നു.. "സന്തോഷിക്കേണ്ട എത്രയെത്ര നല്ല നിമിഷങ്ങളാണ് ഓരോരോ വാശികളും ദേഷ്യങ്ങളും പിടിച്ചെടുത്തു കൊണ്ട് പോയത് അല്ലേ.. " ജയൻ ദേവികയെ നോക്കി.. ദേവികയ്ക്ക് പറയാൻ ഉത്തരം ഇല്ലായിരുന്നു.. വീണ്ടും തല കുനിഞ്ഞു.. "അൻപതു വയസ്സ് കഴിഞ്ഞു എനിക്ക്.. നിനക്ക് നാല്പതും കഴിഞ്ഞു... എത്ര എത്ര മോഹങ്ങൾ കൂട്ടി വെച്ച് ഒന്നായാവരാണ് ദേവി നമ്മൾ... യൗവനം മുഴുവനും വെറുതെ പാഴാക്കി കളഞ്ഞില്ലേ.. സമാധാനം പോലും ഇല്ലാത്ത വിധം.. എന്നിട്ടും എന്ത് നേടി നമ്മൾ " അപ്പോഴും അയാൾ തന്നെ മാത്രമാക്കി കുറ്റപ്പെടുത്തുന്നില്ല എന്ന് ദേവിക ശ്രദ്ധിച്ചു.. ഹൃദയം വേദന കൊണ്ട് വീണ്ടും വീണ്ടും പിടയുന്നുണ്ട്..

"എന്തിനായിരുന്നു... എന്തായിരുന്നു തെറ്റ്.. അത് പോലും അറിയില്ല.. ഒന്നറിയാം.. ആ നല്ല നാളുകൾ ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന്‌ മാത്രം.. നമ്മുക്കും നന്മുടെ മക്കൾക്കും.." ജയൻ ചെറിയൊരു ചിരിയോടെ പറയുമ്പോൾ ദേവിക വിറങ്ങലിച്ചിരുന്നു പോയി.. അയാൾക്ക് കൊടുക്കാൻ നല്ലൊരു ഉത്തരം പോലും സമ്പാധിച്ചു വെച്ചിട്ടില്ല.. ഉള്ള സമയം മൊത്തം പണത്തിനു പിറകിൽ ഉള്ള ഓട്ടം ആയിരുന്നുവല്ലോ.. അവരോർത്തു.. "ഇന്നിപ്പോൾ മക്കൾ നമ്മളോട് കാണിക്കുന്ന കരുണ പോലും അവരുടെ ഭിക്ഷയാണ്.. അതിനുള്ള അർഹത ഇല്ല... അവർ കൊതിച്ചപ്പോൾ നമ്മളത് വേണ്ടത് പോലെ കൊടുത്തിട്ടില്ല.. എന്നിട്ടും തളർന്നപ്പോൾ നമ്മുക്കവർ താങ്ങായില്ലേ... അതവരുടെ നല്ല മനസ്സ്... വിദ്യാഭ്യാസം വെറും ആഭാസം അല്ലായിരുന്നു നമ്മുടെ മക്കൾക്ക്... പഠിച്ചതിന്റെ ഗുണം അവർ കാണിക്കുന്നു.. വാശിയും വൈരാഗ്യവും സൂക്ഷിച്ചു കൊണ്ട് നടക്കാൻ അവർക്കറിയില്ല " പറയുമ്പോൾ ജയന്റെ സ്വരത്തിൽ അഭിമാനം ഉണ്ടായിരുന്നു. "നമ്മളെ പോലെ വിഡ്ഢികൾ അല്ല ഇപ്പോഴത്തെ കുട്ടികൾ... അവർക്കറിയാം...

ജീവിതത്തിൽ ഏറ്റവും കൂടുതലായി സാമ്പതിച്ചു വെക്കേണ്ടത്..പകയും ദേഷ്യവുമല്ല . സന്തോഷവും സമാധാനവും ആണെന്ന്..." അതും പറഞ്ഞിട്ട് അയാൾ എഴുന്നേറ്റു പോകുമ്പോൾ... തളർച്ചയോടെ ദേവിക തറഞ്ഞിരുന്നു.. പ്രണയിച്ചു കല്യാണം കഴിച്ചു... പക്ഷേ അതോടു കൂടി പ്രണയം മരിച്ചു.. മിക്കവർക്കും പറ്റുന്ന തെറ്റ് തന്നെ... പ്രണയിച്ചിരുന്നോ എന്നുള്ളതല്ല പ്രധാനം.. ആ പ്രണയം നില നിർത്താൻ കഴിഞ്ഞോ എന്നുള്ളതാണ്.. തോറ്റു പോയി.. പണത്തിനു പിറകെ ഓടി ഓടി ജീവിക്കാൻ മറന്നു പോയി.. ചുറ്റുമുള്ളവരുടെ കൂടി സന്തോഷം ഇല്ലാതെയാക്കി കൊണ്ടുള്ള ഓട്ടത്തിൽ കിട്ടിയത് മുഴുവനും നഷ്ടം മാത്രം. സന്തോഷം കൊടുക്കാൻ ആയില്ല എന്നത് പോട്ടെ.. അവർക്ക് ഹൃദയം നുറുങ്ങാൻ പാകത്തിന് സങ്കടങ്ങൾ അനവധി കൊടുത്തിട്ടുണ്ട്.. അതിനെയെല്ലാം അതിജീവിച്ചു.. എന്റെ മക്കൾ.. അത് വരെയും തോന്നാത്ത ഒരു വാത്സല്യം തോന്നി ദേവികയ്ക്ക് ആ നിമിഷം.. ഇനിയെങ്കിലും അവരുടെ സ്നേഹം നിറഞ്ഞ അമ്മയായി മാറണം.. തിരക്കുകളും വാശികളും മാറ്റി വെക്കാൻ ആവുന്നതാണ് എന്ന് ഈ ഒറ്റപ്പെടൽ തിരിച്ചറിഞ്ഞു..

കുറ്റപ്പെടുത്താൻ മാത്രം ചുറ്റും ആളുകൾ നിരന്നപ്പോൾ.. അത് വരെയും കുറ്റപ്പെടുത്താൻ മാത്രം താല്പര്യം കാണിച്ചിരുന്ന തന്റെ വൃത്തികേട്ട സ്വഭാവം ഓർമ വന്നു.. കുറ്റബോധം നിറഞ്ഞു തുടങ്ങിയപ്പോൾ തിരിച്ചറിയാൻ കഴിഞ്ഞു... ആരും ഇല്ലാത്ത വിധം... അല്ലെങ്കിൽ ആരെയും അടുപ്പിക്കാത്ത വിധം അകന്നു പോയിരുന്നു താൻ മറ്റുള്ളവരിൽ നിന്നും എന്ന്... അവരുടെ സന്തോഷം നിറഞ്ഞ ലോകത്തിൽ പ്രവേശനമില്ലെന്ന് സ്വയം തോന്നുന്നുണ്ട് ദേവികയ്ക്കപ്പോൾ.. അത് തന്നെയല്ലേ ഒരാൾക്ക് കിട്ടുന്ന ഏറ്റവും വലിയ ശിക്ഷ.. സ്വന്തമെന്നറിയുന്നവരുടെ മുന്നിൽ ഒന്നുമല്ലാതെ നിൽക്കേണ്ടി വരിക എന്നത്... നഷ്ടബോധം അവരുടെ മിഴികളിൽ നീർ പടർത്തി തുടങ്ങിയിരിക്കുന്നു.. അതേ.. സങ്കടങ്ങളിൽ കരയാൻ അറിയുന്ന വെറുമൊരു മനുഷ്യൻ മാത്രമായി മാറിയിരിക്കുന്നു അവരപ്പോൾ.. ❤❤❤❤❤❤❤❤❤❤❤❤❤❤❤ പൊന്നു സായി... സമയം പത്തു കഴിഞ്ഞു.. ഇനിയെങ്കിലും ആ പെണ്ണിനോട് ഒന്നിറങ്ങി വരാൻ പറ... ഇന്ന് എന്റെ ഫസ്റ്റ് നൈറ്റ്‌ ആണെന്ന് മറക്കല്ലേടാ "

പ്രണവ് ദയനീയമായി പറയുമ്പോൾ സായി അരികിൽ കളി പറഞ്ഞിരിക്കുന്ന സിത്തുവിന്റെ നേരെ നോക്കി.. അവളുടെ മുഖത്തൊരു കള്ളചിരിയില്ലേ.. തൊട്ടടുത്തുള്ള ജാസ്മിയുടെ ചുമലിൽ ചാരി അവൾ പ്രണവിനെ കുറുമ്പോടെ നോക്കി.. "അതിപ്പോ ഇന്ന് തന്നെ അല്ലായിരുന്നോ ഞങ്ങളുടെയും കല്യാണം...അല്ലേ പറഞ്ഞിട്ട് കുസൃതിയോടെ സായി ജാസ്മിയെ പാളി നോക്കി.. അവളുടെ മുഖം ചുവന്നു പോയിരുന്നു.. "ഓ.. അതിന് നിനക്കതു വല്ലതും ഓർമയുണ്ടോ.. വൈകുന്നേരം ഏട്ടനെ കാണാൻ ചാടി വന്നതാ ഇവള്... ഇപ്പൊ ഇവിടങ് സെറ്റായി..." പ്രണവ് സിത്തുവിനെ ചൂണ്ടി കണ്ണുരുട്ടി.. അവളൊന്നു ഇളിച്ചു കാണിച്ചു.. നെറ്റിയിലെ സിന്ദൂരവും... നെഞ്ചിൽ തിളങ്ങി കിടക്കുന്ന പ്രണവിന്റെ പ്രണയവും അവൾക്കൊരു പ്രതേക ഭംഗി തോന്നിച്ചു.. ബാൽകണിയിലെ പടിയിൽ ചാരി ഇരിക്കുന്ന ജാസമിയിൽ സായിയുടെ കണ്ണുകൾ ഉടക്കി നിന്നു.. സന്തോഷനിറഞ്ഞ ആ കണ്ണുകളിൽ തന്നോടുള്ള പ്രണയം... അവന്റെ നോട്ടം കണ്ടപ്പോൾ... അവൾ കണ്ണ് കൊണ്ട് എന്തെന്ന് ചോദിച്ചു.. അവനപ്പോൾ കണ്ണ് ചിമ്മി കാണിച്ചു... ഏട്ടാ...

സിത്തു വിളിക്കുമ്പോൾ.. ജാസ്മിയെ നോക്കി തന്നെ സായി ഒന്ന് മൂളി... ഏട്ടാ... അവൾ അവനെ കുലുക്കി വിളിച്ചു.. എന്താടി... അവൻ കണ്ണുരുട്ടി.. "ഒരു പാട്ട് പാടി തരുവോ... " സിത്തു ചോദിക്കുമ്പോൾ... സായി പതിയെ ജാസ്മിയെ നോക്കി.. അവനേറ്റവും പ്രിയപ്പെട്ട ചിരിയോടെ... അവൾ. "റൂഹണയും നേരം... നിഴലാവണം.. ഞാൻ തളരും... നേരം.. തുണയാവണം..." ജാസ്മിയെ നോക്കി തന്നെ അവൻ പാടുമ്പോൾ... അവളും അവനും മാത്രമായിരുന്നു അവിടെയെന്ന് തോന്നി.. അത് മനസ്സിലാക്കി... സിത്തു തന്നെ പ്രണവിനെയും വലിച്ചു കൊണ്ട്... താഴേക്കു പോയിരുന്നു.. "ഗുഡ് നൈറ്റ്‌ ഏട്ടാ.... ഇത്താ " താഴെ നിന്നിട്ട് അവനൊപ്പം ബൈക്കിൽ കയറുമ്പോൾ സിത്തു വിളിച്ചു പറയുമ്പോൾ... അവിടെ ഇരുന്നിട്ട് തന്നെ സായിയും സിത്തുവും.. കൈ വീശി കാണിച്ചു.. ഇത്തിരി നേരം കഴിഞ്ഞു സായി നോക്കുമ്പോൾ ജാസ്മി അവനെ തന്നെ നോക്കി നിൽപ്പായിരുന്നു.. വാ... അവൻ വിളിച്ചപ്പോൾ അവൾ വന്നിട്ട് അരികിൽ ഇരുന്നു.. "ഹാപ്പി അല്ലേ.." ജാസ്മിയുടെ തോളിൽ ചേർത്ത് പിടിച്ചിട്ട്... ആ കണ്ണിൽ നോക്കി സായി ചോദിക്കുമ്പോൾ അവളൊന്നു തല കുലുക്കി കാണിച്ചു..

"സന്തോഷമായിട്ടിരിക്കണം... ഒത്തിരി കരഞ്ഞതല്ലേ... നിന്റെ കൂടെ അല്ല... നിന്നിൽ തന്നെ ചേർന്നിരിക്കാനാണ് എനിക്കിഷ്ടം... വിവാഹമെന്നത് ഒരിക്കലും നമ്മുടെ പ്രണയത്തിന്റെ അവസാനമാവരുത്.. " നീണ്ടു മെലിഞ്ഞ അവളുടെ വിരലിൽ കോർത്തു പിടിച്ചു കൊണ്ട് സായി പറയുമ്പോൾ ജാസ്മി അവന്റെ കണ്ണിലേക്കു തന്നെ നോക്കി.. "ഞാനും നീയും എന്നതല്ല.. നമ്മളായിട്ട് ജീവിച്ചു കാണിച്ചു കൊടുക്കണം നമ്മൾക്ക്... വേർപിരിയലിന്റെ വക്കിൽ നിന്നും ദൈവം നമ്മുക്ക് ഒരുമിച്ച് ജീവിക്കാൻ അവസരം തന്നുവെങ്കിൽ... ആ സ്നേഹം എന്നും നമ്മൾ നില നിർത്തണം.." നെറ്റിയിലേക്ക് വീണു കിടന്ന അവളുടെ മുടി ഇഴകൾ കോതി ഒതുക്കി സായി അവളുടെ തട്ടം നേരെ ഇട്ടു കൊടുത്തു.. നീ എങ്ങനെ ആയിരുന്നോ അത് പോലെ തന്നെ തുടരുക.. എന്തിനും ഞാൻ കൂടെ ഉണ്ടെന്ന് പറയുന്നതിനൊപ്പം തന്നെ സായി അവളുടെ നെറ്റിയിൽ പതിയെ ചുണ്ട് ചേർത്തു...

അവളൊന്നു വിറച്ചു പോയി.. സായി ചിരിച്ചു കൊണ്ട് തന്നെ അവളെ ഒന്നൂടെ വലിച്ചടുപ്പിച്ചിട്ട്... തോളിൽ താടി ചേർത്തിരിക്കുമ്പോൾ.. ഷാളിൻ തുമ്പിൽ തെരുപിടിച്ചു കൊണ്ട് ജാസ്മി ശ്വാസം അടക്കി പിടിച്ചിരുന്നു.. "ഇതിങ്ങനെ ഇടിച്ച പൊട്ടി പോകുമല്ലോ പെണ്ണെ..." ഹൃദയമിടിപ്പ് അറിഞ്ഞത് പോലെ സായി കളിയാക്കി.. അവളുടെ മുഖം ചുവന്നു പോയിരുന്നു.. "എനിക്കറിയാം ജാസ്മി... നീ ഒട്ടും ഓക്കെ അല്ലെന്ന്... പിന്നെ എന്തിനാണ് നീ ഈ പേടിക്കുന്നത്.. മ്മ് " അവന്റെ ചോദ്യം വീണ്ടും..ഒന്നൂടെ വലിച്ചു അണച്ചു പിടിച്ചു.... ജാസ്മി തല ചെരിച്ചു നോക്കുമ്പോൾ സായി ചിരിച്ചു കൊണ്ടവളെ നോക്കി കണ്ണടച്ച് കാണിച്ചു.. അവൾക്കേറെ ഇഷ്ടമുള്ളൊരു ഇശലിൻ ഈണം അപ്പോൾ അവന്റെ ചുണ്ടിൽ ഒഴുകി ഇറങ്ങി വരുന്നുണ്ട്... ❤❤❤❤❤❤❤❤❤❤❤❤❤❤❤ എല്ലാം ഒരു സ്വപ്നം പോലെ... മുന്നിലെ ടേബിളിൽ എഴുതി ചേർത്ത പേര്.. ജാസ്മിൻ ‌ IPS അവൾ വീണ്ടും വീണ്ടും ആർത്തിയോടെ നെയിം ബോർഡിലേക്ക് നോക്കി..അതൊന്ന് നേടി എടുക്കാൻ കൊതിച്ചതും സഹിച്ചതിനും കണക്കില്ല..

അത് നോക്കി തൊട്ട് മുന്നിൽ സായി ചിരിയോടെ നിൽക്കുന്നുണ്ട്.. നിറഞ്ഞ കണ്ണോടെ അവൾ അവനെ ഒന്ന് നോക്കി.. തന്റെ ചിരിക്ക് പിന്നിലെ കാരണമായവൻ.. ദേഷ്യത്തിനുള്ളിലെ സ്നേഹം കണ്ടെടുക്കാൻ കഴിയുന്നവൻ.. വീണ്ടും പഠിക്കാൻ ഉള്ള മനസ്സോരുക്കി തരുവാൻ അവനൊപ്പം തന്നെ കുടുംബം മൊത്തം ഉണ്ടായിരുന്നു.. പറ്റില്ലെന്ന് തോന്നിയപ്പോൾ ഒക്കെയും ഒരു ചിരി കൊണ്ട് തോൽപ്പിക്കാൻ കഴിയുന്നവന് വേണ്ടി വീണ്ടും വീണ്ടും വാശിയോടെ മുന്നേറുകയായിരുന്നു.. തുടക്കത്തിൽ ഉണ്ടായിരുന്ന ബുദ്ധിമുട്ടുകൾ പതിയെ മാറി...ട്രെയിനിങ് സമയത്ത് പിടിച്ചു നിൽക്കാൻ ബലമായതും അവൻ കാത്തിരിപ്പുണ്ട് പുറത്തെന്ന ചിന്തയായിരുന്നു. പ്രണയമെന്നാൽ പങ്ക് വെക്കൽ മാത്രമല്ലെന്നും... പരിഗണന കൂടി ആണെന്നും തെളിയിച്ചു തന്നവനോട് ഒന്നും പറഞ്ഞു കൊടുക്കേണ്ടി വന്നിട്ടില്ല.. അവന്റെ പ്രണയം തനിക്കു മുന്നിലെ വിശാലമായ ലോകമായിരുന്നു.. സ്വരം കൊണ്ട് വീണ്ടും ജനമനസ്സിൽ വിപ്ലവം തീർക്കുമ്പോൾ ജാസ്മിക്ക് മുന്നിലെ പ്രണയത്തിന്റെ വിപ്ലവമായിരുന്നു സായി..

തിരിച്ചും അങ്ങനെ തന്നെ... അവനോട് അലിഞ്ഞു കൊണ്ട് അവളും.. ടീ... സായി വിളിക്കുമ്പോൾ ജാസ്മി കണ്ണീർ പാടയിൽ മറഞ്ഞു കിടക്കുന്ന അവന്റെ നേരെ നോക്കി.. എഴുന്നേറ്റു വന്നിട്ട് അവനെ ഇറുക്കി കെട്ടിപിടിച്ചു നിൽക്കുമ്പോൾ.... ആ ഹൃദയം നിറഞ്ഞു തൂവിയിരുന്ന സ്നേഹം അവനും തൊട്ടറിയാൻ കഴിഞ്ഞിരുന്നു.. "പുറത്തും ഒരുപാട് ആളുകൾ കാത്ത് നിൽക്കുന്നു..മാഡത്തിനെ ഒന്ന് കാണാൻ.. ഇങ്ങനെ നിന്നാൽ മതിയോ.." ഇറുക്കി പിടിച്ചു നിൽക്കുന്ന ജാസ്മിയുടെ കാതിൽ പ്രണയം അൽപ്പം പോലും ചോരാത്ത ശബ്ദത്തോടെ സായി പറയുമ്പോൾ അവളൊന്നു കൂടി അവനിലേക്ക് പതുങ്ങി... അവളെയും ചേർത്ത് പിടിച്ചു കൊണ്ട് തന്നെ സായി പുറത്തിറങ്ങി.. നിറഞ്ഞ ചിരിയോടെ എല്ലാവരും ഉണ്ടായിരുന്നു അവിടെ... ജയൻ... ദേവിക.. സിത്തു.. പ്രണവ്... അവരുടെ ഒന്നര വയസ്സുള്ള മകൾ.. അവന്ധിക.. അംബിക.. ഭാസ്കര മാമ.. കദ്ധീജുമ്മാ... എല്ലാവരും സ്നേഹത്തോടെ അവരെ നോക്കുമ്പോൾ... ദേവിക മാത്രം അപ്പോഴും തീരാത്ത കുറ്റബോധത്തോടെ.. നിറഞ്ഞ കണ്ണോടെ അവരെ നോക്കി..

സ്വാർത്ഥത കൊണ്ട് പിരിയിച്ചു കളയാൻ നോക്കിയവർ...ആത്മാർത്ഥമായി സ്‌നേഹിക്കുമ്പോൾ ദൈവം കൂടി കൂടെ നിൽക്കുമെന്ന് തെളിയിച്ചു കൊണ്ട് വിജയത്തിന്റെ പടവുകൾ ഒന്നൊന്നായി കയറി തുടങ്ങുന്നു.. അവർക്ക് മുന്നിൽ സ്നേഹമുള്ളൊരു അമ്മയായപ്പോൾ.. അവരെല്ലാം മറന്നു പോയിരുന്നു... പക്ഷേ... തനിക്കിപ്പോഴും.. അതൊന്നും മറന്നു കളയാൻ ആവുന്നില്ല.. ഒരു ജന്മം മുഴുവനും നീറി നീറി ജീവിക്കാൻ ആവും വിധി... ദേവിക ഓർത്തു... ❤❤❤❤❤❤❤❤❤❤❤❤❤❤❤ സുധിയേട്ടാ.... ഉറങ്ങി കിടക്കുന്ന സുധി ചാടി എഴുന്നേറ്റു കണ്ണ് തിരുമ്പി നോക്കുമ്പോൾ കയ്യിലൊരു ഫോൺ പിടിച്ചു കൊണ്ട് കിതച്ചു നിൽക്കുന്നു... അവന്റെ ഭാര്യ അച്ചു.. എന്താടി... ഉറക്കം മുറിഞ്ഞ ദേഷ്യം ഉണ്ടായിരുന്നു അവന്റെ സ്വരത്തിൽ നിറയെ.. നേരം വെളുത്തു വരുന്നതേയുള്ളൂ.. അതിന് മുന്നേ എന്താണാവോ ഈ കുരുട്ട് കൊണ്ട് വന്നേക്കുന്നത്.. സുധി ഓർത്തു.. കൊച്ചു കുഞ്ഞുങ്ങളുടെ സ്വഭാവമാണ്.. നല്ല കുട്ടിയാണ് മോനെ... നീ ഒന്ന് പോയി കാണൂ എന്ന അമ്മയുടെ മോഹനവാക്തനം കേട്ട് കാണാൻ പോയി അവസാനം തലയിലുമായി..

കാണാൻ സുന്ദരിയാണ്.. പക്ഷേ.. എടുത്തു ചാട്ടവും.. കുരുത്തകേടും ഒരിത്തിരി കൂടുതലാണ്.. മാറി ഇരുന്നിട്ട് ആ കുസൃതി ആസ്വദിക്കുമെങ്കിലും അതങ്ങനെ പരസ്യമായി സുധി അംഗീകരിച്ചു കൊടുത്തിട്ടില്ല.. പിന്നെ തലയിൽ നിന്നും ഇറങ്ങി പോരൂല.. പോരാത്തതിന് അമ്മയുടെയും ഏട്ടത്തിയുടെ ഫുൾ സപ്പോർട്ട് ഉണ്ട് ഇവൾക്ക്.. "ഏട്ടാ... വീണ്ടും വിളി.. അവൾ നീട്ടിയ ഫോൺ വാങ്ങിയിട്ട് സുധി ഒന്ന് കണ്ണുരുട്ടി കാണിച്ചു.. അവളത് ഭംഗിയായി പുച്ഛിച്ചു കൊണ്ട് അവന് തന്നെ തിരികെ കൊടുത്തു.. സുധി ഫോണിൽ നോക്കി.. "അൻസാർ വധം.. പുനരന്വേഷണത്തിന് ഉത്തരവ്..." മനസ്സിലൊരു കുളിർ പടർന്നു കയറും പോലെ തോന്നി സുധിക്ക്.. അവന്റെ ചുണ്ടിൽ ഒരു ചിരി തെളിഞ്ഞു.. അവനുറപ്പുണ്ടായിരുന്നു... അധികം വൈകാതെ തന്നെ ഇങ്ങനൊന്നു പ്രതീക്ഷിക്കാമെന്ന്.. അതിന് പിന്നിൽ ആരാണെന്നും... "ഇനി നിനക്ക് നീതി കിട്ടുമെടാ..."കണ്ണുകൾ സൈഡിലെ... ചുവരിൽ ആയിരുന്നു.. അവിടെ അവനും അൻസാറും ചിരിച്ചു കൊണ്ട് നിൽക്കുന്ന വലിയൊരു ഫോട്ടോ ഉണ്ടായിരുന്നു..

അതേ ചിരി അപ്പോൾ ജാസ്മിയുടെ ചുണ്ടിലും ഉണ്ടായിരുന്നു.. എത്രയോ നാളുകൾ തന്റെ ഉറക്കം കെടുത്തിയ... ഒരു സ്വപ്നം കൂടി പൂവണിയുന്നു.. ഏറ്റെടുത്ത എല്ലാം മികച്ച രീതിയിൽ അവസാനിപ്പിച്ചു എന്നൊരു സൽപ്പേര് കുറഞ്ഞ കാലം കൊണ്ട് തന്നെ നേടി എടുത്തവൾക്ക് പിന്നിലെ ശക്തി അപ്പോഴും അവളുടെ പ്രണയം തന്നെ ആണ്.. "എന്റെ മോഹങ്ങൾ തീർക്കാനും... പുതിയൊരു തലമുറയെ സൃഷ്ടികാനും ഉള്ളതല്ല എനിക്കെന്റെ പെണ്ണ്... അവളെന്റെ പാതിയാണ്... പ്രണയത്തിന്റെ... ജീവിതത്തിന്റെ.." തളർച്ച തോന്നുമ്പോൾ ഒക്കെയും അവളെ കൂടുതൽ ശക്തിപെടുത്തുന്ന സായിയുടെ വാക്കുകൾ.. കദ്ധീജുമ്മ അവിടെ ഒരു ഡേ കെയറൊക്കെ തുടങ്ങി ഒന്നൂടെ ഉഷാറായി പോകുന്നുണ്ട്.. മക്കൾക്ക് മുന്നിൽ ഇപ്പോഴും കുറ്റബോധം നിറഞ്ഞ മനസ്സോടെ ദേവികയും...പഴയതെല്ലാം മറക്കാൻ ആയിട്ടില്ലെന്ന് ഓർമിപ്പിക്കും പോലെ.. കയ്യിൽ കോർത്തു പിടിച്ച സായിയുടെ ചുമലിൽ അവൾ ചാരി കിടന്നു... ഇതും ഈ കയ്യിൽ ഭദ്രമാണെന്ന ഉറപ്പോടെ... അതേ....

ജീവിതം അങ്ങനാണ്.. ഒരു ദുഃഖത്തിൽ പൊതിഞ്ഞിട്ട് വലിയൊരു സന്തോഷം ഒളിപ്പിച്ചു പിടിച്ചുണ്ടാവാം.... എനിക്കും നിങ്ങൾക്കുമെല്ലാം... അവസാനിച്ചു..എന്നെഴുതണോ 😁🥰 ഇഷ്ടമായെന്ന് കരുതുന്നു.. ഓടിച്ചു വിട്ടത് പോലെ തോന്നിയോ... ഞാൻ വിചാരിച്ചതിലും നീണ്ടു പോയി സ്റ്റോറി... ഇനിയും പഠനവും മറ്റും പറഞ്ഞു വരുമ്പോൾ കൂടുതൽ നീണ്ടു ബോറാവും.. അത് കൊണ്ട് നിർത്തുന്നു.. പരസ്പരം പോരടിക്കുന്ന അച്ഛനും അമ്മയ്ക്കും ഇടയിൽ പെട്ടു പോകുന്ന ഒരു കുട്ടിയുടെ കഥ ആയിരുന്നു മനസിൽ.. പിന്നെ തോന്നി... കുട്ടികളുടെ കഥ എല്ലാവരും പറയും.. മുതിർന്നതിന് ശേഷവും ഇതേ അവസ്ഥയിൽ ഉരുകുന്ന... മക്കളെ കുറിച്ച് ആരും പറഞ്ഞു കേട്ടിട്ടില്ല.. അങ്ങനെ അത് സെറ്റാക്കി.. വിജയിച്ചു എന്ന് തന്നെ കരുതട്ടെ.. ഇത് പോലെ ഒരു അമ്മ ഉണ്ടാകുമോ..?

സ്റ്റോറിയുടെ തുടക്കത്തിൽ തന്നെ ഞാൻ നേരിട്ടൊരു ചോദ്യമാണ്.. തീർച്ചയായും ഉണ്ടെന്ന് തന്നെ ആണ് എന്റെ ഉത്തരം.. പിന്നെ ഒരു ആക്‌സിഡന്റ്... അല്ലെങ്കിൽ വേറെന്തെലും അസുഖം... ദേവിക പത്തി മടക്കുന്നു.. തുടർന്ന് എല്ലാം മറന്നു ജീവിക്കുന്നു..ഇത് ക്ളീഷേ അല്ലേ.. അത് കൊണ്ടാണ് ഒന്ന് മാറ്റി പിടിച്ചത്.. അവഗണിച്ചവർക്ക് മുന്നിൽ അഭയം തേടുന്ന അവസ്ഥ... അത് ദേവികയ്ക്ക് കൊടുത്ത ശിക്ഷയാണ്.. കുറഞ്ഞു പോയിട്ടില്ല എന്ന് തന്നെ കരുതുന്നു.. പോരായ്മകൾ കാണും.. പറഞ്ഞു തന്നേക്കണം.. നീട്ടി വലിച്ചാൽ തീർച്ചയായും കയ്യിൽ നിന്നും പോകും.. നിർത്തുന്നു.. അഭിപ്രായം അറിയിക്കു.. 

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story