ഇശൽ തേൻകണം: ഭാഗം 5

ishal then kanam

രചന: ജീഫ്‌ന നിസാർ

"അതിനെ കുറിച്ച് പറയാതിരിക്കുന്നതാ സായി നല്ലത്.. കേൾക്കാൻ തുടങ്ങിയാൽ പിന്നെ.... അൻസാർ മനസ്സിൽ നിന്നും ഇറങ്ങി പോവില്ല... അത്രയും നല്ലവൻ ആയിരുന്നു... സ്നേഹം ഉള്ളവൻ ആയിരുന്നു..ജോലിയോട് ആത്മാർത്ഥ കൂടി പോയി എന്നതാ അവൻ ചെയ്ത തെറ്റ് " ബൈക്കിൽ ഇരുന്നു കൊണ്ട് തന്നെ സുധി പറഞ്ഞു... ജാസ്മി പറഞ്ഞത് സായി അവനോട് പറയുകയായിരുന്നു.. വീശി അടിക്കുന്ന കാറ്റിൽ പാറി കളിക്കുന്ന മുടി ഇഴകൾ സായി ഒതുക്കി വെച്ചു... "ഞാനും അൻസും ചെറുപ്പത്തിൽ മുതലുള്ള കൂട്ടാണ്... ഒരേ ക്ലാസ്സിൽ പഠിച്ചു... അവൻ നന്നായി പഠിക്കുന്ന കൂട്ടത്തിൽ ആയിരുന്നു അന്നും... എല്ലാത്തിനും മിടുക്കൻ.. മുന്നിൽ തന്നെ ഉണ്ടാവും.. നാടിനും നാട്ടുകാർക്കും പ്രിയപ്പെട്ടവൻ.. എന്ത് ചെയ്യാൻ.. അണയാൻ പോകുന്ന വിളക്ക് ആളി കത്തും എന്ന് പറഞ്ഞു കേട്ടത് പോലായി അവന്റെ കാര്യം..." കാറ്റിന്റെ ഒച്ചയിൽ... സുധിയുടെ ശബ്ദം മുങ്ങി പോകുന്നുണ്ട് പലപ്പോഴും.. സായി അവന്റെ തോളിൽ താടി മുട്ടിച്ചു കൊണ്ട് ചേർന്നിരുന്നു.. കേൾക്കാൻ പോലും വല്ലാത്തൊരു നോവ്..

ആ ഉമ്മയുടെ ചോദ്യം വീണ്ടും വീണ്ടും കാതിൽ പതിയും പോലെ.. ജാസ്മിയുടെ കണ്ണിലെ പിടച്ചിൽ കണ്മുന്നിൽ കാണും പോലെ.. "അൻസൂനെ പോലെ തന്നെ ആയിരുന്നു ജാസ്മിയും പഠിക്കാൻ... കളക്ടർ ആവും എന്നൊക്കെ ചെറുപ്പത്തിൽ തന്നെ പറഞ്ഞു തുടങ്ങിയ പെണ്ണാണ്... ഡിഗ്രിക്ക്‌ ചേർന്ന് രണ്ടാം വർഷം പഠനം നിർത്തേണ്ട ഗതികേട് വന്നു..അവൾക്ക്.. പാവം..ആരോടും പരാതി പറയാതെ... വിധിയെ പഴിക്കാതെ..." സുധി പറയുമ്പോൾ സായി നിവർന്നിരുന്നു.. എന്തെല്ലാം വിധത്തിലാണ് ഓരോ മനുഷ്യനും വേദന കൊണ്ട് പിടയുന്നത്.. എത്ര എത്ര നോവുകളാണ് ഹൃദയം തകർത്തു കൊണ്ട് കൂടെ തന്നെ കൂടിയിട്ടുള്ളത്.. "അവളുടെ മാമ ഉണ്ട്... ഇല്ല്യാസ് ഇക്ക... അയാളാണ് അവരുടെ ഒരേ ഒരു ആശ്രയം.. നാട്ടുകാർ സഹായിക്കുന്നത് ഒരു പരിധി ഇല്ലേ സായി... നാട്ടിൻപുറമല്ലേ... സാധാരണ ജനങ്ങൾ അല്ലേ...

ആർക്കും ബാങ്ക് ബാലൻസ് ഒന്നും ഇല്ലല്ലോ... വല്ല്യ അഭിമാനി ആണ് ജാസ്മി... കൊന്നാലും കൈ നീട്ടി പോവില്ല " സുധി പറയുമ്പോൾ സായി പതിയെ ചിരിച്ചു.. അവനുള്ളിൽ ജാസ്മിയുടെ വിടർന്ന കണ്ണുകൾ തെളിഞ്ഞു... "നാട്ടുകാർക്ക് ഇത്രേം വേണ്ടപ്പെട്ട ആളായിട്ട് കൂടി പിന്നെ എന്തേ സുധി... ആരും അൻസാറിന്റെ മരണത്തെ കുറിച്ച് അന്വേഷിച്ചു പോയില്ല " ഉള്ളിൽ തികട്ടി വന്ന ചോദ്യം സായി കുടഞ്ഞിട്ടു.. "നിനക്ക് ഡൽഹിയിൽ ജീവിച്ചേ പരിജയം ഉള്ളു സായി... അതാണ്‌ ഈ ചോദ്യം..." സുധി പറയുമ്പോൾ സായിയുടെ നെറ്റി ചുളിഞ്ഞു.. "ആരോട് പോയി പറയും..അവന് വേണ്ടി പറയാൻ ഈ നാട്ടിലെ കൊച്ചു കുഞ്ഞുങ്ങൾ പോലും വരും. പക്ഷേ എന്ത് പറയും... പറയുമ്പോൾ ചോദിക്കും തെളിവ് എവിടെ എന്ന്... അതാണല്ലോ നമ്മുടെ നിയമം... തെളിവ്... തെളിവില്ലാതെ ആർക്കും ആരെയും എന്ത് വേണമെങ്കിലും ചെയ്യാ എന്നൊരു... നശിച്ച നിയമം " സുധിയുടെ സ്വരത്തിൽ അമർഷമുണ്ട്... സായി ഒന്നും മിണ്ടിയില്ല.. "ഒരു തെളിവും ബാക്കി വെച്ചില്ല... മനസ്സിന്റെ നില തെറ്റിയ ഒരു ഉമ്മയും അനിയത്തിയും എങ്ങനെ തെളിവാകും..

കരുതി കൂട്ടി നശിപ്പിക്കാൻ ഒരുങ്ങി ഇറങ്ങിയവർക്ക് മുന്നിൽ ഇനി കിട്ടിയാലും ഒരു തെളിവ് മായ്ച്ചു കളയാൻ ആണോ വലിയ പാട്..." സുധിയുടെ ശബ്ദം നിറയെ രോഷം ആയിരുന്നു.. "ആ കുടുംബത്തിന് പോയി... അത്ര തന്നെ... ഓർക്കുമ്പോൾ ഇപ്പോഴും ഒരു പിടച്ചിലാ.. അവൻ പോയെന്ന് വർഷം ഒന്ന് കഴിഞ്ഞിട്ടും എനിക്ക് അങ്ങോട്ട്‌ വിശ്വാസം വരുന്നില്ല ടാ... എതിരെ ഉള്ളവരൊക്കെ വമ്പൻ ടീമാ... ഒരു രോമം പിഴുത്തെടുത്തു കളഞ്ഞത് പോലെ ഒരു ജീവൻ കളഞ്ഞിട്ട്... വലിയ സ്ഥാനമാനങ്ങൾ അലങ്കരിക്കുന്നു... അവരെ നമ്മൾ തന്നെ സാറേ ന്ന് വിളിക്കുന്നു " സുധിയുടെ കൈകൾ മുറുകി വലിഞ്ഞു.. സായിക്കും പിന്നെ അവനോട് പറയാൻ ഒന്നും ഉണ്ടായിരുന്നില്ല... "എന്നോട് ഒന്ന് സൂചിപ്പിച്ചു വെച്ചിരുന്നു അൻസു... ഒരു കാര്യം ചെയ്യാൻ പോവുന്നുണ്ട്.. എതിരെ ഉള്ളവർ ഇച്ചിരി കൂടിയ ഇനമാണ്.. എന്തും സംഭവിക്കും എന്നൊക്കെ " സുധി പറഞ്ഞു.. "പക്ഷേ... പക്ഷേ അപ്പഴും ഞാൻ ഓർത്തില്ലെടാ... അതിനവന്റെ ജീവൻ എടുക്കാൻ മാത്രം ശക്തി ഉണ്ടായിരുന്നു എന്ന്..." സുധി വേദനയോടെ സായിയെ നോക്കി..

"ഉയിര് കൊടുത്തു സ്നേഹിച്ച ഒരു പെണ്ണുണ്ട് അവന്... ആ കുട്ടിക്ക് മഹർ കൊടുത്തിട്ട് ഒരു മാസം തികഞ്ഞില്ല... അതിന് മുന്നേ.... നാട്ടുകാർക്ക് പോലും സഹിക്കാൻ ആയിട്ടില്ല.. പിന്നെ എങ്ങനെ അവന്റെ പ്രിയപ്പെട്ടവർ സഹിക്കും.. ഇപ്പഴും കണ്ണീർ തോരാതെ... അവളുണ്ട്... അവളുടെ വീട്ടില്..." സുധി പറയുമ്പോൾ സായിക്ക് കാതുകളിൽ പൊള്ളുന്നത് പോലെ തോന്നി.. "ഒറ്റ ദിവസം കൊണ്ട് സ്വന്തം മകനെയും... ഭർത്താവിനെയും നഷ്ടം വന്നൊരു ഉമ്മാന്റെ വേദന... അതെങ്ങനെ വിവരിച്ചു പറഞ്ഞു തരും ഞാൻ... മനോനില തെറ്റിയ ഉമ്മാനെ വിട്ട് ഒരു ജോലിക്കും പോലും പോവാൻ കഴിയാത്ത... ജാസ്മിയുടെ സങ്കടം.. അതൊക്കെ വളരെ വലുതാണ് സായി..." സുധി പറയുമ്പോൾ സായിക്കും അങ്ങനെ തന്നെ തോന്നിയിരുന്നു..നിനക്കൊരു വേദനയും ഇല്ലെന്ന് സുധി പറയും പോലെ.. ലോകത്ത് ഇതിലും വലിയ... വേദനകൾ ഉണ്ടെന്ന് പറയും പോലെ.. ടൗണിൽ എത്തും വരെയും രണ്ടാളും അൻവറിന്റെ ഓർമകളിൽ സ്വയം കൊരുത്തിട്ടു.. മെഡിക്കൽ ഷോപ്പിൽ നിന്നും സുധിക്ക്‌ നേരെ മരുന്ന് എടുത്തു കൊടുത്തു...

സുധി പോക്കറ്റിൽ കൈ ഇടും മുന്നേ സായി കാശ് കൊടുത്തുകഴിഞ്ഞിരുന്നു.. "നീ ആണ് കാശ് കൊടുത്തത് എന്നവൾ അറിയണ്ട. എന്നേ കൊല്ലും പെണ്ണ് " തിരിച്ചിറങ്ങി പോരുമ്പോൾ സുധി പറഞ്ഞു.. സായി ചിരിച്ചു കൊണ്ട് പേഴ്സ് പോക്കറ്റിൽ ഇട്ടു. "അതിനിപ്പോ എന്താ സുധി... എത്രയോ കാശ് വെറുതെ കളയുന്ന.. ഏറ്റവും അത്യാവശ്യമുള്ളവരിൽ അല്ലേ എപ്പോഴും കാശിന് മൂല്യം ഉണ്ടാവുന്നത്.. ആ ഉമ്മയുടെ ചികിത്സക്ക്‌ വേണ്ടത് ചെയ്യാൻ ഞാനും റെഡിയാണ് ഇപ്പൊ.. നിന്റെ നാട്ടുകാരെ പോലെ " സായി പറയുമ്പോൾ സുധി അവനെ കണ്ണിമ വെട്ടാതെ നോക്കി... എത്ര വലിയവൻ ആയാലും... എളിമയാണ്... വിനയമാണ് ഒരു മനുഷ്യന്റെ ഭംഗി എന്നത് പ്രവർത്തി കൊണ്ട് തെളിയിക്കുന്നവൻ.. മാസത്തിൽ ഒരു തവണയേ കാണാറുള്ളു.. അതും ചിലപ്പോൾ മാത്രം.. എന്നിട്ടും അവന്റെ ബെസ്റ്റ് ഫ്രണ്ട് ലിസ്റ്റിൽ താനുണ്ട്.. വിളിക്കുമ്പോൾ എല്ലാം വാ തോരാതെ സംസാരിക്കാൻ ഇഷ്ടമുള്ളവൻ.. ഡൽഹിയിൽ.... പ്രശസ്തിയുടെ ഓരോ പടവുകൾ ഓടി കയറുമ്പോഴും.. വന്ന വഴി മറക്കാത്തവൻ..

സുധിക്ക് കൂട്ടുകാരനെ ഓർത്തപ്പോൾ അഭിമാനം തോന്നി.. എന്താടാ... അവന്റെ നോട്ടം കണ്ടപ്പോൾ.... സായി ചോദിച്ചു.. ഒന്നുല്ല... അതേ ചിരിയിൽ തന്നെ സുധി മറുപടി പറഞ്ഞു.. പോവാം ന്നാ.. സായി പറയുമ്പോൾ സുധി തലയാട്ടി കാണിച്ചു കൊണ്ട് ബൈക്കിൽ കയറി.. ❤❤❤❤❤❤❤❤❤❤❤❤❤❤ "ഇതെന്താ ജാസ്മി നെറ്റിയിൽ " പോകുമ്പോൾ ഇല്ലാത്തൊരു വെച്ചു കെട്ട് അവളുടെ നെറ്റിയിൽ കണ്ടപ്പോൾ സുധി ചോദിച്ചു.. അവൻ നീട്ടിയ മരുന്ന് അവൾ കൈ നീട്ടി വാങ്ങി... പതിഞ്ഞ ഒരു ചിരി ഉണ്ടായിരുന്നു അവളിൽ.. സായി അലിവോടെ അവളെ നോക്കി.. "എവിടേലും തട്ടി വീണോ മോളെ " സുധി വീണ്ടും ചോദിച്ചു.. ജാസ്മി ഇല്ലെന്ന് തലയാട്ടി.. അവളുടെ കണ്ണുകൾ നിറഞ്ഞു തൂവി... "ഉമ്മാ... ഉമ്മ അടിച്ചതാ സുധിയേട്ടാ.." പറയുമ്പോൾ അവളൊന്നു തേങ്ങി.. വെളുത്ത തുണി കൊണ്ട് പൊതിഞ്ഞു കെട്ടിയതിന്റെ മുകളിൽ ചോര നനഞ്ഞു കിടപ്പുണ്ട്.. സായിയുടെ ഹൃദയം നിശ്ചലമായതു പോലെ തോന്നി അവനൊരു നിമിഷം.. പറഞ്ഞറിയിക്കാൻ വയ്യാത്തൊരു വേദന പൊതിയുന്നു...

ദേഹം മുഴുവനും.. അവൻ അവളെ തന്നെ നോക്കി ഇരുന്നു.. സുധിയും ഒന്നും മിണ്ടുന്നില്ല.. സാരമില്ല സുധിയേട്ടാ... ഉമ്മാക്ക് അറിയില്ലല്ലോ... ഇന്നേ ഒന്ന് നുള്ളി നോവിക്കാത്ത ആളായിരുന്നു... ഇപ്പൊ.. ഇപ്പൊ.. ഇന്നേ കൊല്ലാൻ പോലും മടിയില്ല.. ഞാൻ ഒന്ന് കരഞ്ഞ ന്റെ ഉമ്മാന്റെ കണ്ണിൽ പിടച്ചിൽ ആയിരുന്നു... ഇന്നിപ്പോൾ ഞാൻ എത്ര വേദന സഹിച്ചു പിടഞ്ഞാലും ഉമ്മ ചിരിക്കും " പറയുമ്പോൾ തട്ടം കൊണ്ട് ജാസ്മി വാ പൊതിഞ്ഞു പിടിച്ചു.. കരച്ചിൽ ചീളുകൾ പുറത്തേക്ക് തെറിക്കും എന്ന് പേടിച്ചു കൊണ്ട്... എത്ര മാത്രം നോവാണ് ഈ പെണ്ണ് സഹിക്കുന്നത്.. സായി മുഖം കുനിച്ചു.. "എന്താ ന്റെ മോളെ ഞാൻ നിന്നോട് പറയുക ഇപ്പൊ... ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്യാ ന്ന് പറഞ്ഞതല്ലേ ഞാൻ... അതും വേണ്ടന്ന് പറഞ്ഞത് നീ തന്നെ അല്ലേ.." സുധി നിസ്സഹായതയോടെ ചോദിച്ചു.. ജാസ്മി വരുത്തി കൂട്ടിയ പുഞ്ചിരി കൊണ്ട് അവനെ നോക്കി.. "അതൊന്നും നടക്കില്ല സുധിയേട്ടാ... അവിടൊക്കെ വലിയ ഫീസാ പറഞ്ഞത്... പോരാത്തതിന് ഒറ്റയ്ക്ക് ഇട്ട് കൊടുത്തു പോരണം... എങ്ങനാ ഞാൻ..

എനിക്ക് ആകെ ഉള്ളത് ഉമ്മയല്ലേ... ഉമ്മാനെ അവിടെ ഇട്ടിട്ടു പോന്ന് ഞാൻ എങ്ങനെ ഇവിടെ.." ജാസ്മി പതിയെ പറഞ്ഞു.. അന്നൊരു ദിവസം കൊണ്ട് പോയപ്പോൾ ഡോക്ടർ പറഞ്ഞതല്ലേ .. മരുന്നല്ല വേണ്ടത്.. സ്നേഹം ആണ്.. അവിടെ നിർതിയിട്ട് പോന്നാലും കാലം കുറെ എടുക്കും നോർമൽ ആവാൻ . പെട്ടന്ന് ഉണ്ടായ ഷോക്ക് ആണ്..എന്നൊക്കെ പറഞ്ഞില്ലേ.. "ഹോസ്പിറ്റലിൽ ഇതൊരു രോഗി മാത്രം ആവും... എനിക്ക് എന്റെ ഉമ്മയല്ലേ... ഞാൻ നോക്കുന്ന പോലെ അവർ നോക്കുമോ... എന്നേ വേദനിപ്പിക്കുന്ന പോലെ അവരെ ചെയ്താ... തിരിച്ചും... നമ്മൾ അറിയുക പോലും ഇല്ലല്ലോ...വേണ്ട... വേണ്ട സുധിയേട്ടാ... ഞാൻ നോക്കിക്കോളാം... ഉമ്മാക്ക് വയ്യാതെ ആവുമ്പോൾ മാത്രം അല്ലേ എന്നെ നോവിക്കുന്നത്... അത് ഞാൻ സഹിക്കും.." കവിള് തുടച്ചു കൊണ്ട് പറയുന്ന പെണ്ണിനെ രണ്ടാളും വേദയോടെ നോക്കി.. "മരുന്ന് തീരുമ്പോൾ ഒന്ന് പറയണേ നീ... അതിന് മടിയൊന്നും കരുതല്ലേ " സുധി പറയുമ്പോൾ അവൾ തലയാട്ടി... ചായ എടുക്കട്ടെ... " ജാസ്മി ചിരിച്ചു കൊണ്ട് ചോദിച്ചു..

"ഇപ്പൊ വേണ്ട... ഇനി ഒരിക്കൽ ആവട്ടെ... രാവിലെ ഇറങ്ങിയതാ.. നേരം കുറെ ആയില്ലേ.. ഏട്ടൻ പോട്ടെ എന്നാ..." സുധി എഴുന്നേറ്റു കൊണ്ട് പറഞ്ഞു.. മ്മ്.. ജാസ്മി മൂളി കൊണ്ട് തലയാട്ടി.. "എന്ത് ആവിശ്യം ഉണ്ടേലും വിളക്കാൻ മറക്കല്ലേ ട്ടോ " സുധി ഒന്നൂടെ ഓർമിപ്പിച്ചു.. സായിയും പതിയെ എഴുന്നേറ്റു.. പോട്ടെ... അവൻ പതിയെ പറഞ്ഞു. ജാസ്മി ചിരിച്ചു കൊണ്ട് തലയാട്ടി.. സുധിക്കൊപ്പം നടന്നു നീങ്ങുമ്പോൾ സായി വെറുതെ ഒന്ന് തിരിഞ്ഞു നോക്കി.. ഉമ്മറത്തെ തൂണിൽ ചേർന്ന് നിന്നിട്ട് ജാസ്മി അപ്പോഴും ചിരിയോടെ അവരെ നോക്കുന്നുണ്ട്... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ഉറക്കം വിട്ടേഴുന്നേറ്റ് സായി ബാൽകണിയിലെ വാതിൽ തുറന്നിട്ട്‌ അങ്ങോട്ട്‌ ഇറങ്ങി.. പോക്ക് വെയിലിന്റെ മഞ്ഞ വെളിച്ചം തിളങ്ങുന്ന പോലെ.. ഇവിടെ എത്തുമ്പോൾ ശീലങ്ങൾ എത്ര പെട്ടന്നാണ് മാറുന്നത്.. ഡൽഹിയിൽ ആവുമ്പോൾ... എത്ര ഫ്രീ ടൈം ആണേലും.. ഏസിയുടെ കുളിർമ ഉണ്ടേലും... ഒരു രാത്രി മുഴുവനും ഉറങ്ങാതിരുന്നാൽ പോലും.. പകലുറക്കം ഉണ്ടാവാറില്ല.. എത്ര ശ്രമിച്ചാലും... പരാജയപെട്ട് പോകുമായിരുന്നു..

ഇവിടെ എത്തിയാൽ പിന്നെ... തീർത്തും പുതിയ ഒരാളാണ്.. സായി ചാരുപടിയിൽ കൈ കുത്തി നിന്നിട്ട് പുറത്തേക്ക് നോക്കി.. താഴെ ചിറ്റയുടെ സംസാരം കേൾക്കാം.. അവന്റെ നോട്ടം അങ്ങോട്ട് നീണ്ടു.. അവിടെ തന്നെ ഉണ്ട്.. ചെടികളുടെ ദാഹം തീർത്തിട്ട്... അവരെ തൊട്ട് തലോടി... ചിരിയോടെ വിശേഷം പറയുന്ന... ചോദിക്കുന്ന ചിറ്റയെ അവൻ സ്നേഹത്തോടെ നോക്കി.. പിന്നെ തിരിഞ്ഞു നടന്നു.. ഒന്ന് ഫ്രഷ് ആയിട്ട് താഴെ ഇറങ്ങി ചെല്ലുമ്പോൾ... ഹാളിലെ മേശയിൽ... ഒരു ജെഗിൽ ചായയുണ്ട്‌.. അരികിൽ തന്നെ ഗ്ലാസ് വെച്ചിട്ടുണ്ട്.. തൊട്ടടുത്തുള്ള അടച്ചു വെച്ച പാത്രത്തിൽ... ചൂടോടെ തന്നെ ഇലയടയും.. സായിയുടെ പ്രിയപ്പെട്ട പലഹാരം.. ചിറ്റയുടെ സ്നേഹം കൂടി ചേരുമ്പോൾ ഇരട്ടി സ്വാദ് ആണത്.. വന്ന് കഴിഞ്ഞ പോകും വരെയും..ചോദിക്കാതെ.. പറയാതെ തന്നെ ഇഷ്ടങ്ങൾ പലതും.. മുന്നിലേക്ക് വെച്ച് നീട്ടുമ്പോൾ.... അറിയില്ല.. അപ്പോൾ തോന്നുന്ന വികാരം.. സ്വന്തം അമ്മയിൽ നിന്ന് കൊതിച്ചതാണ്. ഒരുപാട്. പക്ഷേ.... സായി അവിടെ ഇരുന്നു കൊണ്ട് ആസ്വദിച്ചു കഴിച്ചു...

സിത്തു കൂടി വേണമായിരുന്നു.. അവൾ ഉണ്ടങ്കിൽ കളറാണ്.. എപ്പോഴും എന്തേലും ചിലച്ചോണ്ടിരിക്കും പെണ്ണ്... സായി ചിരിയോടെ ഓർത്തു.. ഗ്ലാസ്സും പ്ളേറ്റും എടുത്തിട്ട് അടുക്കളയിൽ പോയി കഴുകി... വെച്ചിട്ട് അവൻ പുറത്തേക്ക് നടന്നു.. നീളൻ വരാന്തയിലെ കറുത്ത മാർബിളിൽ വെയിലിന്റെ മഞ്ഞ വെളിച്ചം തിളങ്ങി കിടക്കുന്നു.. വരാന്തയിലെ അരികിലായി തന്നെ ഉണ്ട് ചിറ്റയുടെ ചെടികൾ.. പൂക്കൾ വിടർത്തി ചിരിച്ചു നിൽക്കും പോലെ.. ഒരറ്റത്ത് കയറിൽ പടർന്നു കയറാൻ ശ്രമിക്കുന്ന മുല്ല വള്ളി.. മുല്ല പൂക്കളോട് വല്ലാത്തൊരു ഇഷ്ടമുണ്ട് സായിക്ക്.. ചെറുപ്പം മുതലേ.. കിട്ടുമ്പോൾ എല്ലാം സിത്തുവിന് കൊണ്ട് വന്ന് കൊടുക്കും.. അമ്മയ്ക്ക് അതൊന്നും ഇഷ്ടം അല്ലായിരുന്നു.. ഒരു പച്ച പരിഷ്കാരിയായിരുന്നു അമ്മ...ഡൽഹിയിൽ എത്തിയത് മുതൽ അത് ഒന്നൂടെ കൂടി. നാടും... നാടിന്റെ ശീലങ്ങളും വെറുപ്പോടെ നോക്കി കാണുമ്പോൾ... അതേ നാടും ശീലങ്ങളും ഒരിക്കൽ താനും സ്നേഹിച്ചിരുന്നു എന്ന് അമ്മ മനഃപൂർവം മറന്നു കളഞ്ഞു കാണും.. സായി... ഓർത്തു കൊണ്ട് ആ വെറും നിലത്തേക്ക് ഇരുന്നു......... തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story