ഇശൽ തേൻകണം: ഭാഗം 6

ishal then kanam

രചന: ജീഫ്‌ന നിസാർ

"ആഹാ... എഴുന്നേറ്റോ " അവന്റെ നേരെ നോക്കി കൊണ്ട് അംബിക ചോദിച്ചു.. സായി ചിരിച്ചു കൊണ്ട് താടിക്ക് കൈ കൊടുത്തു അവരെ നോക്കി.. "ഡൽഹിയിൽ ഉഴുത് മറിച്ചു നടക്കുന്ന ചെക്കനാ.. നോക്കിക്കേ... ഇവിടെ വരുമ്പോൾ എന്തൊരു മാറ്റമാണ്.. മുണ്ടൊക്കെ എടുത്തപ്പോൾ നല്ല അടിപൊളി ലുക്ക് ആയിട്ടുണ്ട് ട്ടോ " ചിറ്റ പറയുമ്പോൾ സായി സ്വയം ഒന്ന് നോക്കിയിട്ട് അവരെ നോക്കി പുരികം പൊന്തിച്ചു കാണിച്ചു.. 'നിന്റെ അമ്മ കാണണ്ട... " അംബിക ഓർമിപ്പിച്ചു.. "കണ്ടാലും കൂടി വന്ന ഒന്ന് നിന്ന് ഉറഞ്ഞു തുള്ളും.. അച്ഛനെ നാലഞ്ചു തെറിയും പറയും... അത്ര തന്നെ " സായി പുച്ഛത്തോടെ പറഞ്ഞു.. അംബിക ചെടികൾ നനക്കുന്നത് മതിയാക്കി പോയി... പൈപ്പ് ഓഫ് ചെയ്തു വന്നിട്ട് സായിയുടെ അരികിൽ ഇരുന്നു.. "അമ്മ എന്തേ ചിറ്റേ ഇങ്ങനെ ആയത്..." അകലേക്ക്‌ നോക്കി സായി ചോദിച്ചു.. അംബിക ഒരു നിമിഷം ഒന്നും മിണ്ടാതെ ഇരുന്നു.. സായി തല ചെരിച്ചവരെ നോക്കി... അവന്റെ നോട്ടം കണ്ടപ്പോ അവർ പതിയെ ഒന്ന് ചിരിച്ചു.. "എനിക്കറിയില്ല മോനെ... ഞാനും ഒത്തിരി ഓർത്തിട്ടുണ്ട്..

ഇങ്ങനൊന്നും ആയിരുന്നന്നില്ല എന്റെ ചേച്ചി... ഒന്നിനോടും അതികം ഭ്രമം ഇല്ലാത്ത ആളാണ്‌ ഇപ്പൊ ഇങ്ങനെ ഉള്ളതെന്ന് ചിലപ്പോൾ എനിക്ക് തന്നെ വിശ്വാസം വരില്ല.. എത്ര ലളിതമായിരുന്നു... ചേച്ചിയുടെ ആശയങ്ങൾ " അംബിക സായിയെ നോക്കി പറയുമ്പോൾ സായി ഒന്നും പറഞ്ഞില്ല.. "സ്ഥാന മാനങ്ങളും..പണവും ഒരാളെ എത്ര അധികം മാറ്റി മറിക്കുമെന്ന് നിന്റെ അമ്മയെ കാണുമ്പോൾ നമ്മുക്ക് മനസ്സിലാവും ഇപ്പൊ.. അഹങ്കാരം തലക്ക് പിടിക്കുമ്പോൾ മുന്നിൽ ഉള്ളതെല്ലാം ഒരു പുൽകൊടിക്ക് സമം എന്നൊക്കെ തോന്നും.. നല്ലതൊന്നും പിന്നെ കണ്ണിൽ പിടിക്കില്ല " അംബിക പറയുമ്പോൾ സായി മിണ്ടിയില്ല... "ജയേട്ടനും ഉണ്ട്... മോശമല്ലാത്ത പങ്ക്.. ആദ്യം തന്നെ എല്ലാത്തിനും കുട പിടിച്ചു കൊടുത്തു.. എന്നിട്ടോ... ഒടുവിൽ ചേർത്ത് പിടിച്ച ആളെ തന്നെ ചേച്ചി എടുത്തു ദൂരെ കളഞ്ഞു...എന്നിട്ടും ചേച്ചിക്ക് മാത്രം യാതൊരു കൂസലും ഇല്ലതാനും " അംബിക ദേഷ്യത്തോടെ പറഞ്ഞു.. സായി ഒന്ന് ചിരിച്ചു.. "അതിന് അമ്മയ്ക്ക് എന്തിനാ ചിറ്റേ... കൂസല് തോന്നുന്നേ...

നഷ്ടം മുഴുവനും എനിക്കും സിത്തൂനും അല്ലേ.. ഞങ്ങളുടെ ബാല്യം.. കൗമാരം... ഇപ്പൊ യൗവനം... ഇതെല്ലാം അല്ലേ നരകിച്ചു തീർത്തത്... ഇപ്പോഴും തീരുന്നത്... അത് ആര് അറിയുന്നു " സായിയുടെ മുഖം ചുവന്നു പോയി.. "കാണുന്നവർക്ക്... എന്ത് നല്ല ജീവിതം... ഡൽഹിയിൽ സ്വന്തം ആയിട്ട് വീട്.. ഫ്ലാറ്റ്.. ധാരാളം ബിസിനസ് സംരംഭങ്ങൾ... വിളിപ്പുറത് ഒത്തിരി ആളുകൾ... കൈ നിറയെ കാശ്.... പേര്... പ്രശസ്തി... എല്ലാം ഉണ്ടല്ലോ... പക്ഷേ... പക്ഷേ മനസമാധാനത്തോടെ ഒന്നുറങ്ങാൻ പറ്റിയെങ്കിൽ എന്നാണ് ഞാൻ ഓർക്കാറ്... അമ്മയുടെ വഴക്ക് കേൾക്കാത്ത... സ്നേഹം ഒഴുകിയില്ലേലും.... വെറുപ്പോടെ നോക്കാത്ത ഒരു ദിവസം " ചിറ്റയെ നോക്കാതെ... സായി പറയുമ്പോൾ... അംബിക വേദനയോടെ അവനെ നോക്കി.. "സത്യമാണ്... എത്രയോ പ്രാവശ്യം... കുഞ്ഞിലേ മുതൽ ഞങ്ങളുടെ മുന്നിൽ വെച്ച് തന്നെ അവരുടെ ഉറഞ്ഞു തുള്ളൽ.. ലവലേശം വിട്ട് കൊടുക്കാതെ..അമ്മ.. അച്ഛൻ പിന്നെയും മിണ്ടാതെ നിൽക്കും.. അതമ്മക്ക് ഹരമാണ്.. ആവേശമാണ്... പരസ്പരം കൊത്തി പറിക്കാൻ ഉള്ള മത്സരതിനിടെ രണ്ടു മക്കൾ ഉണ്ടെന്നും.... സങ്കടം കൊണ്ട് വിങ്ങുന്ന ഒരു മനസ്സ് അവർക്കുണ്ടെന്നും അവരങ്ങു മറന്നു പോയി..." സായി മുഖം പൊതിഞ്ഞു പിടിച്ചു...

അംബിക അവന്റെ മുടി ഒതുക്കി... തലോടി.. "ആരോട് പരാതി പറയും.. വേറെ ആര് ചെയ്താലും ചെറിയ പ്രായത്തിൽ നമ്മുക്കൊരു വിശ്വാസം ഉണ്ടാവും... വീട്ടില് പറയാം... അച്ഛനും അമ്മയും ഉണ്ടല്ലോ ചോദിക്കാൻ എന്ന്... അതേ അച്ഛനും അമ്മയും തന്നെ പരമാവധി വേദന നൽകുമ്പോൾ... പിന്നെ... പിന്നെ മക്കള് ആരോട് പരാതി പറയാൻ... അങ്ങ് അനുഭവിക്കും... എത്ര വേദന തന്നാലും... അങ്ങ് സഹിക്കും... അത്ര തന്നെ " സായി രോഷത്തോടെ പറഞ്ഞു.. "മോനെ... അംബിക സങ്കടത്തോടെ വിളിക്കുമ്പോൾ സായി അവരെ നോക്കി കണ്ണടച്ച് കാണിച്ചു കൊണ്ട് പതിയെ ചിരിച്ചു.. "വിട്ട് വീഴ്ചകളിൽ ആണ്... തോൽവികളിൽ ആണ് ദാമ്പത്യത്തിന്റെ ഭംഗി എന്ന് എന്താണ് ചിറ്റേ അവര് തിരിച്ചറിയാതെ പോയത്... എന്റെ അമ്മ ടീച്ചർ അല്ലായിരുന്നോ... അച്ഛനും.. എന്നിട്ടും എന്തേ അവർക്ക് പരസ്പരം സ്നേഹിക്കാൻ കഴിഞ്ഞില്ല..." ഉള്ളിലെ സങ്കടത്തിന്റെ അലകൾ ഉണ്ടായിരുന്നു സായിയുടെ വാക്കുകൾ നിറയെ.. "അത് മറ്റൊരാൾ പഠിപ്പിച്ചു കൊടുക്കേണ്ട ഒന്നല്ല സായി.. സ്നേഹിച്ചു ജീവിക്കുമ്പോൾ പരസ്പരം തിരിച്ചറിവ് ഉണ്ടാവേണ്ട കാര്യമാണ്... അത് അവർക്കും അറിയാം... പക്ഷേ അതിനേക്കാൾ എത്രയോ മുകളിലാണ് അവരുടെ ഉള്ളിലെ ഈഗോ...

ഈഗോ ദാമ്പത്യത്തിലെ കാൻസർ ആണ്.. അതാരും മനസ്സിലാക്കുന്നില്ല " അംബിക പറയുമ്പോൾ സായി അകലേക്ക്‌ നോക്കി.. "അമ്മയും അച്ഛനും പറയുമ്പോൾ അവർക്ക് അവരുടെ ശെരികൾ ഉണ്ടാവും... പക്ഷേ... പക്ഷേ ചിറ്റേ.... അതിനിടയിൽ ഒരു തെറ്റും ചെയ്യാതെ ശിക്ഷ ഏറ്റു വാങ്ങുന്ന മക്കളുടെ ശെരികൾ മാത്രം ആണ് അവഗണിക്കപെടുന്നത്.." തലയിൽ കൈ താങ്ങി കൊണ്ട് സായി പറയുമ്പോൾ... അംബിക ഇനിയും എന്താണ് അവനോട് പറയേണ്ടത് എന്നറിയാതെ ഇരുന്നു പോയി.. അവർക്കും അറിയാം... ചെറിയ പ്രായം മുതൽ അവനും സിതാരയും അനുഭവിക്കുന്ന വേദനകൾ.. ഒറ്റ പെടലുകൾ... പോട്ടെടാ മോനെ... എല്ലാം വിധിയാണ് " ഒടുവിൽ അംബിക കുറ്റം വിധിക്ക് ചാർത്തി കൊടുത്തു നെടു വീർപ്പിട്ടു.. "ഇതോ... വിധിയോ " സായി അവരെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു.. "അതൊരു രക്ഷപെടലാണ് ചിറ്റേ... വേദനകൾ എല്ലാം വിധിക്ക് ഇട്ട് കൊടുത്തിട്ട്.. സന്തോഷം മാത്രം നമ്മുടെ ഭാഗ്യം... അല്ലേ ചിറ്റേ.." അവന്റെ നോട്ടം കണ്ടപ്പോൾ അംബിക ഒന്നും പറയാൻ ഇല്ലാത്ത പോലെ അകലേക്ക്‌ നോക്കി.. "തുടക്കത്തിൽ തന്നെ തിരുത്തി കൊടുക്കാൻ എന്റെ അച്ഛന് പറ്റിയില്ല...ആർക്കും പറ്റിയില്ല... അതിന്റെ ദുരിതം മുഴുവനും ഏറ്റു വാങ്ങാൻ...

വിധിയെന്ന് പറഞ്ഞു തട്ടി കളിക്കാൻ ഞാനും സിത്തും " അവന്റെ സ്വരം ഒന്ന് ഇടറി.. "എനിക്കും കൊതി ഉണ്ടായിരുന്നു ചിറ്റേ... എന്റെ അമ്മയോന്ന് ചേർത്ത് പിടിക്കാൻ.. എന്റെ വളർച്ചയിൽ അഭിനന്ദനങ്ങൾ അറിയിക്കാൻ... വല്ലപ്പോഴും മടിയിൽ ഒന്ന് കിടത്തി തലയിൽ തലോടാൻ... അറിയോ അത് ആർക്കെങ്കിലും " സായിയുടെ കണ്ണ് നിറഞ്ഞു പെട്ടന്ന്.. "സിത്തു എന്നോട് പറഞ്ഞു കരഞ്ഞു തീർക്കും അവളുടെ സങ്കടം മുഴുവനും... ഞാൻ... ഞാൻ ആരോട് പറയും... കരയാൻ പറ്റുമോ.. ആൺകുട്ടി അല്ലേ... ആൺകുട്ടികൾ കരയുന്നത് ആരും കാണാൻ പാടില്ലല്ലോ.. അത് അന്തസ് കുറക്കില്ലേ " സായി മുണ്ടിന്റെ അറ്റം കൊണ്ട് മുഖം അമർത്തി തുടച്ചു.. ചുവന്നു വിങ്ങിയ ആ മുഖം... അംബികയുടെ ചങ്ക് പിടഞ്ഞു.. അവരുടെ കണ്ണും നിറഞ്ഞു.. "കൂട്ടുകാർ മുഴുവനും അവരുടെ ഫാമിലിയുടെ സ്നേഹം പറയും... ഞാൻ മിണ്ടാതെ കേൾക്കണം.. എനിക്ക് സ്നേഹം നിറഞ്ഞ കുടുംബം ഇല്ലല്ലോ.. തമ്മിൽ തല്ലാൻ അല്ലേ സമയം ഒള്ളൂ..." പുച്ഛം ആയിരുന്നു അവന്റെ മുഖം നിറയെ.. "പാടാനും പാട്ട് പഠിക്കാനും എനിക്ക് എന്ത് ഇഷ്ടമായിരുന്നു..മിണ്ടാൻ പാടില്ല അവിടെ... മൂളാൻ കൂടി പാടില്ല.. അതെങ്ങാനും കേട്ട പിന്നെ അന്നത്തെ ദിവസം മുഴുവനും.... അമ്മ അച്ഛനെ പ്രാകും...

അത് കേൾക്കാൻ വയ്യാതെ... എല്ലാം ഉള്ളിൽ അടക്കി....." വീണ്ടും സായിക്ക് കണ്ണ് നിറഞ്ഞു.. "കരയാതെടാ മോനെ... ആര് തടഞ്ഞിട്ടും നീ നിന്റെ വഴിയിൽ എത്തിയില്ലേ.. ലോകം മുഴുവനും അറിയപ്പെടുന്ന ഗായകൻ ആയില്ലേ.. നല്ലൊരു ജോലിയും കിട്ടി... ദൈവം നിന്നെ ഉപേക്ഷിച്ചു കളഞ്ഞില്ലല്ലോ.." അംബിക കുറച്ചു കൂടി നീങ്ങി ഇരുന്നു കൊണ്ട് സായിയുടെ ചുമലിൽ തഴുകി.. "ലോകം മുഴുവനും അംഗീകരിച്ചു... സത്യം തന്നെ.. ... പക്ഷേ ചിറ്റേ അമ്മക്ക് മുന്നിൽ സായന്ത്‌ ഇപ്പോഴും തെറ്റ് കാരൻ തന്നെയാ... പിന്നെ എങ്ങനെ ഞാൻ നേടിയെന്നു വീമ്പ് പറയും..." സായി ചോദിച്ചു.. "എല്ലാവരെയും തിരുത്തി കൊണ്ട് നമ്മുക്ക് നമ്മുടെ സന്തോഷം നേടാൻ ആവില്ല സായി.. പ്രതേകിച്ചു നിന്റെ അമ്മയെ... ചേച്ചി ഒരിക്കൽ തിരിച്ചറിയും.. കൈവിട്ടു കളഞ്ഞതിനെ കുറിച്ച് ഓർത്തു വേദനിക്കും " അംബിക അവന്റെ കൈ എടുത്തു സ്വന്തം കയ്യിൽ പൊതിഞ്ഞു പിടിച്ചു കൊണ്ട് പറഞ്ഞു.. "ഇനി എന്നാണ് ചിറ്റേ.. നല്ല പ്രായം മുഴുവനും കഴിഞ്ഞു പോയി... നേരിട്ട് കാണുന്നത് പോലും കലിയാണ്..അമ്മയ്ക്കും അച്ഛനും.. ഇനിയും എപ്പഴാ സ്നേഹിക്കാൻ മുഹൂർത്തം ആവുന്നത് " സായി കളിയാക്കി കൊണ്ട് ചോദിച്ചു.. അതിന് അവനോട് പറയാൻ അംബികയ്ക്ക് ഉത്തരം ഇല്ലായിരുന്നു..

അടുത്തിരുന്ന സായിയുടെ ഫോൺ പെട്ടന്ന് ബെല്ലടിച്ചു.. അതേ നിമിഷം തന്നെ അവൻ അത് കട്ട് ചെയ്തിട്ട് കയ്യിൽ മുഖം താങ്ങി കുനിഞ്ഞിരുന്നു.. വീണ്ടും അത് ബെല്ലടിച്ചു തുടങ്ങി.. "ഫോണെടുക്ക് സായി.. ആരെങ്കിലും അത്യാവശ്യമായിട്ട് വിളിക്കുവാണെലോ " അംബിക പറയുമ്പോൾ സായി അവരെ നോക്കി.. "അമ്മയാണ് ചിറ്റേ... ഇന്ന് എന്നോട് അമ്മമ്മയുടെ വീട്ടില് പോകാൻ പറഞ്ഞിരുന്നു... അങ്ങ് എത്തിയില്ല എന്ന് വിവരം കിട്ടി കാണും അങ്ങോട്ട്‌ വിളിച്ചപ്പോൾ.. ചോദ്യം ചെയ്യാൻ വിളിക്കുന്നതാ " ഫോൺ വീണ്ടും കട്ട് ചെയ്തു കൊണ്ട് സായി പറഞ്ഞു.. "നീ എടുത്തു കാര്യം പറ സായി.. ഇല്ലങ്കിൽ നീ എടുക്കും വരെയും ചേച്ചി വിളിക്കും.. നിനക്കറിയില്ലേ... ആളുടെ സ്വഭാവം " അംബിക പറഞ്ഞു.. വീണ്ടും ഫോൺ അടിക്കുമ്പോൾ.. ശ്വാസം ഒന്ന് വലിച്ചു വിട്ടിട്ട് സായി അത് അറ്റന്റ് ചെയ്തു കൊണ്ട് പതിയെ എഴുന്നേറ്റു... അംബിക അവന്റെ നേരെ തന്നെ നോക്കി ഇരുന്നു... പതിയെ... ആണ് പറയുന്നത്... ഇടയ്ക്കിടെ കൈ കൊണ്ട് നെറ്റിയുടെ വശം അമർത്തി പിടിക്കുന്നു.. മറുവശം നല്ലത് പോലെ കലിപ്പിട്ടു വെറുപ്പിക്കൽ നടത്കുന്നുണ്ടെന്ന് അവന്റെ മുഖം കാണുമ്പോൾ അറിയാം.. അംബികയ്ക്ക് അവനിൽ സഹതാപം തോന്നി..

യൗവനത്തിന്റെ ചതി കുഴിയിൽ ഒന്നും പെടാതെ.. നന്നായി പഠിച്ചോരു ജോലി വാങ്ങിച്ചു... ആരോടും ഒന്നിനും പരാതി പറയാതെ സ്വയം ഒതുങ്ങി ജീവിച്ചു.. ഏറെ കൊതിച്ചൊരു മോഹം... അത് സ്വന്തം പ്രയത്നം കൊണ്ട് നേടി എടുത്തു.. ആരാധകരുടെ മനസ്സിൽ... ഫീലോടെ പാടുന്നതിന്റെ രാജകുമാരനായി അംഗീകരിച്ചു.. എന്നിട്ടും സ്വന്തം അമ്മയുടെ മുന്നിൽ അപരാതിയെ പോലെ.. എന്തൊരു നശിച്ച വിധിയാണ്...അവന്റെ. ഇത്തിരി നേരത്തെ സംസാരികൽ കൊണ്ട് തന്നെ അവനിൽ ദേവിക വലിയൊരു മുറിവ് തീർത്തു കാണും.. വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കാൻ അവളും പഠിച്ചു കഴിഞ്ഞു.. "പോട്ടെടാ മോനെ " അരികിൽ വന്നിട്ട് തല കുനിഞ്ഞു ഇരിക്കുന്നവനെ അംബിക ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.. അവനൊരു വിളറിയ ചിരിയോടെ... അവരെ നോക്കി.. "അമ്മയല്ലേ... അല്ലേ ചിറ്റേ... കടമയുണ്ടല്ലോ.. കടപ്പാടും.. അതില്ലാത്തത് അമ്മക്ക് ഞങ്ങളോട് ആണല്ലോ " രോഷം ആണ് അവന്റെ വാക്കുകൾ നിറയെ...... തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story