❤️...ഇഷ്ട്ടം...❤️ : ഭാഗം 17

ishtam

രചന: SHREELEKSHMY SAKSHA

നാലാം ദിവസം അവളെ icu വിൽ നിന്ന് മാറ്റി... റൂമിലേക്ക് ആക്കി. എന്തോ അവളെ കാണണം എന്ന് തോന്നിയപ്പോഴാണ് മുറിയിലേക്ക് പോയത് കൂട്ട് നിൽക്കാൻ 15 വയസുള്ള ഒരു പയ്യൻ ആയിരുന്നു. അവളുടെ സഹോദരൻ എന്ന് ഊഹിച്ചു. കൈയിലെ അപ്രോൺ കണ്ടത് കൊണ്ടാവണം ഡോക്ടർ എന്ന് കരുതി അവൻ ബഹുമാനത്തോടെ ഇരുന്നിടത്ത് നിന്ന് എണീറ്റു. നോക്കണ്ട ഡോക്ടർ ആയിട്ടില്ല... അവനോട് ചിരിച്ചുകൊടണ്ട് പറയുമ്പോൾ കട്ടിലിൽ കിടന്ന് അവൾ നോക്കുന്നുണ്ടായിരുന്നു ഇപ്പൊ എങ്ങനെ ഉണ്ടെടോ... ഒന്ന് ചിരിച്ചു.. കുറവുണ്ട്.... വേദന തോന്നുന്നോ... മ്മ്.. അവൾ തലയാട്ടി.. സാരമില്ല മാറും.. അവൾ പുഞ്ചിരിച്ചു. ഡോക്ടറെ പേരെന്താ...അവൾ ചോദിച്ചു. മാധവ് .. പിന്നെ ഡോക്ടർ ആയിട്ടില്ലാട്ടോ... ആവൂലോ... ഞാൻ ഒന്ന് ചിരിച്ചു.. അപ്പൊ ഞാനെന്താ വിളിക്കണ്ടേ.. എന്ത് വേണേൽ വിളിചൊ... വൈത്തിയരെ.... അവൾ കളിയാക്കി വിളിച്ചു... എടി കള്ളി നീയാള് കൊള്ളാലോ...

പെട്ടന്ന് തന്നേ ഒരു സൗഹൃദം ഞങ്ങളിൽ ഉടലെടുത്തു.. കൂടെ നിൽക്കുന്നത് അനിയൻ ആണെന്ന് അറിഞ്ഞു.. പേര് പറഞ്ഞത് മറന്നു പോയിരുന്നു.. എന്നാൽ അത് കാശി എന്നാണെന്നു ഓർമ്മകളിലെ ചില താളുകൾ ഓർമപ്പിക്കുന്നു.. പല ദിവസവും അവൾക്ക് കൂട്ടിനു പല ആൾക്കാർ ആയിരുന്നു.. ചില സമയം അവളുടെ മുറി കുട്ടിപട്ടാളങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു.. എന്നും അവളുടെ മുറിയിലേക്കുള്ള സന്ദർശനം തുടങ്ങി.. ചരൺ ഒരു പ്രതെയ്ക ടൈപ്പ് ആയതുകൊണ്ട് അവൻ പെട്ടന്ന് ആരോടും അങ്ങനെ അടുക്കില്ല... അവളോടും....പക്ഷെ എന്റെ കൂടെയുള്ളപ്പോൾ അവളുടെ മുറിയിലേക്ക് വരാൻ അവൻ എതിർപ്പ് ഒന്നും കാണിച്ചിരുന്നുമില്ല... എന്റെ വാക്കുകളിൽ പലപ്പോഴും അവൾക്ക് അറിയേണ്ടിയിരുന്നത് എന്റെ അമ്മയെയും അച്ഛമ്മയെയും കുറിച്ചായിരുന്നു.. ഗൃഹാതുരത്വം വേട്ടയാടുന്ന സമയം ആയതിനാൽ വീടിനെ കുറിച് വാചാലനാകാൻ എനിക്ക് ഒട്ടും മടിയും ഉണ്ടായിരുന്നില്ല.

എപ്പോഴും ചിരിച് മാത്രം സംസാരിക്കുന്ന അവൾ ഒന്നും തുറന്ന് പറയുന്ന കൂട്ടത്തിൽ ആയിരുന്നില്ല.. എന്തിനെ കുറിച്ച് ചോദിച്ചാലും മറുചോദ്യം ഉണ്ടാവാത്ത പോലെ ഒറ്റ വാക്കിൽ ഉത്തരങ്ങൾ ഒതുക്കും. അവൾക്ക് സംസാരിക്കുന്നതിനേക്കാൾ സംസാരിപ്പിക്കാൻ ആയിരുന്നു താൽപ്പര്യം. 20 ദിവസത്തോളം അവളവിടെ ഉണ്ടായിരുന്നു. കാണുമ്പോഴെല്ലാം വൈത്തിയരെ എന്നുള്ള വിളി ഓടി എത്തും ഓർമ്മതാളുകളിൽ ഇന്നും അവൾക്ക് താൻ നൽകിയ പേര് മാത്രമാണ് ഓർമ്മ നിൽക്കുന്നത്.. കിച്ചു... എന്തായിരുന്നു ശരിക്കുമുള്ള പേര്.. ദേവികൃഷ്ണ എന്നായിരുന്നില്ലേ.... അന്നത്തെ പതിനാറുകാരിക്കും ഇന്നത്തെ ദേവിക്കും വ്യത്യാസങ്ങൾ ഒരുപാടാണ്... സാമ്യതകളും... പക്ഷെ പ്രായം... എന്തുകൊണ്ടാണ് യോജിക്കാത്തത്... അവൾക്ക് 24 വയസ് ഉണ്ടെന്ന് അല്ലേ അന്ന് ദയ പറഞ്ഞത്... അപ്പൊ ജോലിക്ക് കേറിയിട്ട് ഒരുപാട് ആയില്ല എന്ന് ഇനി അവൾ കള്ളം പറഞ്ഞത് ആണോ... അതോ ഇനി അവൾ എംഎസ്സി എടുത്തിട്ടുണ്ടോ... ഉണ്ടാവും അങ്ങനെ എങ്കിൽ പ്രായം ശരിയാവും... ഓരോന്ന് ആലോചിച്ചു ഇരിക്കുമ്പോഴാണ് ഫോൺ നോട്ടിഫിക്കേഷന്റെ ശബ്ദം കേട്ടത്.. ദിവ്യയാണ്.. മാധവ്..

കൃഷ്ണയുടെ ഒരു ഫോട്ടോ കാണിക്ക്.. എന്നേക്കാൾ ലുക്ക് ആണോ എന്നെങ്കിലും അറിയാലോ... അതിനു പിന്നിലെ സ്ത്രീ സഹജമായ ത്വര അവനു മനസിലായി. ഇവളിത് ഇതുവരെ വിട്ടില്ലേ... അപ്പോൾ തോന്നിയ ഒരു തമാശക്ക് മാധവ് ഐശ്വര്യ റായ്ടേ ഫോട്ടോ എടുത്ത് അയച്ചു കൊടുത്തു. അപ്പൊ ആ ദുഷ്ടത്തി അഭിഷേക് ബച്ഛനെ തേച്ചോ.... കൂടെ കുറെ ചിരിക്കുന്ന ഇമോജികളും.. മറുപടി അയക്കാൻ നിന്നാൽ അത് ഇനിയും നീളും എന്ന് തോന്നിയത് കൊണ്ട് മാധവ് ഫോൺ എടുത്ത് മാറ്റിവെച്ചു.. പിന്നെയും കുറെ മെസേജുകൾ ശബ്ദം ഉണ്ടാക്കിയെങ്കിലും അനങ്ങിയില്ല.. കല്യാണം നടന്നത് പോലും പലർക്കും അറിയില്ല എന്ന് തോന്നുന്നു.. അവൻ ഓർത്തു.. എന്നോട് കല്യാണം വിളിക്കാൻ പറഞ്ഞത് കൊണ്ടാവണം അച്ഛനും അമ്മയും ഹോസ്പിറ്റലിൽ അധികം ആരോടും ഈ വിവരം പറഞ്ഞില്ല.. കല്യാണം നടന്നത് അങ്ങനെ ഒരു സാഹചര്യത്തിൽ ആയത് കൊണ്ട് ആരും പങ്കെടുത്തതും ഇല്ലാ... റിസെപ്ഷൻ ഒട്ട് നടന്നതും ഇല്ലാ..

ചരൺ, ദിവ്യ,അലോഷി തുടങ്ങി കുറച്ചു ഡോക്ടർമാർ അല്ലാതെ മറ്റാരും അറിഞ്ഞില്ലെന്ന് തോനുന്നു.. എഫ്ബി യിലോ മറ്റ് എവിടെയെങ്കിലും കല്യാണ ഫോട്ടോ ഇട്ടാൽ കൈ തല്ലി ഒടിക്കും എന്ന് മിത്തുവിനോട് പറഞ്ഞത് അറിഞ്ഞുകൊണ്ടാകണം വീട്ടിൽ നിന്ന് ആരും ഇട്ട് കണ്ടില്ല. ചരൺ ഭാര്യയെ കുറിച്ച് ചോദിച്ചപ്പോഴെല്ലാം എന്റെ ഒഴിഞ്ഞു മാറ്റം കണ്ടാകണം അവനും കൂടുതൽ ചോദിച്ചു ബുദ്ധിമുട്ടിച്ചില്ല... ഒരിക്കെ വീട്ടിലോട്ട് വരാം എന്ന് പറഞ്ഞിട്ട്. നടക്കാഞ്ഞത് കൊണ്ട് ദേവി ഇപ്പോഴും രഹസ്യമായ എന്റെ പരസ്യമായ ഭാര്യ... വീണ്ടും അവന്റെ ചിന്തകൾ നീണ്ടു പോയി.. അവ ചില തീരുമാനങ്ങൾ എടുപ്പിക്കുകയും ചെയ്തു. ഓരോന്ന് ഓർത്തിരിക്കുമ്പോഴാണ് ദേവി വന്നു വിളിച്ചത്. ഡോക്ടർ.. വരൂ കഴിക്കാം... മറുപടി കാക്കാതെ അവൾ നടന്നു. കൃഷ്ണ... അവൾ തിരിഞ്ഞു നോക്കി.. നടന്നു അവൾക്കൊപ്പം എത്തി. അവൾ സംശയത്തിൽ നോക്കുന്നുണ്ട്. ഇയാൾ എംഎസ്സി ഗ്രാജുവേറ്റ് ആണോ... മ്മ്... അവൾ സംശയത്തോടെയുള്ള നോട്ടം തുടർന്നുകൊണ്ട് ഒന്ന് മൂളി. അപ്പൊ ഉറപ്പായി...

അവന്റെ ചുണ്ടിൽ ചെറു ചിരി വിരിഞ്ഞു. ദേവി അവനെ സംശയത്തോടെ ഒന്ന്നോക്കി വീണ്ടും മുന്നോട്ട് നടന്നു പിന്നാലെ അവനും. കഴിക്കുമ്പോൾ ദേവി മിത്തുവിനോട് കലപില സംസാരിച്ചുകൊണ്ടിരുന്നു. മിത്തു തിരിച്ചും. മാധവ് മറ്റെന്തോ ഓർമകളിൽ ആയിരുന്നു. കഴിച്ചിട്ട് വെറുതെ ടീവി കാണുന്ന മിത്തുവിന്റെ കൂടെ പോയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ദേവി കൂടെ അടുക്കളയിൽ നിന്ന് വന്നു ടീവി കണ്ടിരുന്നു. "ബ്‌റൂട്ടസ് ഒക്കെ നിന്റെ മുന്നിൽ എന്ത് ഡീസന്റ്. അന്ന് ബയ്സൺവാലിയിൽ നിന്ന്........മേട്ടുകുളത്തേക്ക് രണ്ട് വഴി....... പൊക്കിയെടുത്ത് ആശുപത്രിയിൽ കൊണ്ടുപോയി നാല് കുപ്പി ബ്ലഡ്ടും.." സമ്മർ ഇൻ ബത്‌ലഹേമിലെ ജയറാമേട്ടന്റെ ഡയലോഗ് കേട്ടതും അവനു ഒരു കുസൃതി തോന്നി. മിത്തു... പണ്ട് ഞാനുമിതുപോലെ ഒരാൾക്ക് നാല് കുപ്പി ബ്ലഡ്‌ ഊറ്റി കൊടുത്തത... അവരൊക്കെ ഇപ്പൊ ഓർക്കുന്നുണ്ടോ ആവോ..മാധവ് മൂക്ക് പിഴിയും പോലെ കാണിച്ചുകൊണ്ട് സങ്കടം അഭിനയിച്ചു പറഞ്ഞു.

സംഗതി ഏറ്റു ദേവി ഒന്ന് ഞെട്ടി പിന്നെ സംശയത്തോടെ മാധവിനെ നോക്കി.. അവൻ അത് ശ്രദ്ധിക്കാത്ത പോലെ ഇരുന്നു.. അത് ആരാ ഏട്ടാ.. മിത്തു കേൾക്കാൻ താൽപ്പര്യ പെട്ട് ചോദിച്ചു. ഒരു പെൺകൊച്... ഇപ്പൊ എവിടെയാണോ എന്തോ... ഇപ്പൊ ചോരക്ക് ഒക്കെ എന്താ വില... കണ്ടിരുന്നേൽ ചോദിച്ചു വാങ്ങാമായിരുന്നു..അവൻ നെഞ്ച് തടവി ഒളികണ്ണിട്ട് ദേവിയെ നോക്കി. അവൾ എന്തോ കാര്യമായ ആലോചനയിൽ ആണ്.. മിത്തു ചിരിച്ചു.തമാശയെന്ന് തോന്നിയത് കൊണ്ടാവാണം അവൻ പിന്നെ ഒന്നും മിണ്ടിയില്ല. എടാ.. ടീവി കണ്ട് ഇരിക്കാതെ പോയി കിടന്ന് ഉറങ്ങ്...നാളെ ക്ലാസ്സ്‌ ഉള്ളതല്ലേ... അവനെ ചാടിച്ചു വിട്ട് മാധവ് റൂമിലേക്ക് നടന്നു.. പിന്നാലെ ദേവി വരും എന്ന് അവനു ഉറപ്പായിരുന്നു. കട്ടിലിൽ കിടന്ന് ഫോണിൽ കുത്തുമ്പോൾ ദേവി വാതുക്കൽ വന്നു വേണോ വേണ്ടയോ എന്നാ പോലെ ചിന്തിച്ചു നിൽക്കുന്നു. പിന്നെ വാതിലടച്ചു വന്നു സൈഡിൽ കേറി കിടന്നു. അവൻ ഫോണിൽ കുത്തിയിരിക്കുന്നത് കൊണ്ടാകണം അവൾ ലൈറ്റ് അണച്ചില്ല.. കിച്ചു....

മാധവ് മെല്ലെ വിളിച്ചു. ദേവി ഞെട്ടി തിരിഞ്ഞ് അവനെ നോക്കി. വിക്സ് ജംബു കഴിക്കു കിച് കിച് അകറ്റു... പെട്ടന്ന് തന്നേ അവൻ ഫോൺ നോക്കി വായിച്ചു... തോന്നിയതാവും എന്ന് കരുതി അവൾ നഖം കടിച് തിരിഞ്ഞ് കിടന്നു. കിച്ചാ...... അവൻ വീണ്ടും വിളിച്ചു ദേവി പിന്നേം ഞെട്ടി അവനെ നോക്കി.. ഈസി കിച്ചൻ ടിപ്സ്... അവൻ ഫോൺ നോക്കി വായിച്ചു അവൾ സംശയത്തിൽ അവനെ തന്നേ നോക്കി.. ഡോക്ടർക്ക് മനസിലായോ... അതോ ഇനി അങ്ങനെ പറഞ്ഞത് കൊണ്ട് എനിക്ക് തോന്നുന്നത് ആണോ..അവൾ ആലോചിച്ചു. പെട്ടന്ന് മാധവ് വിരൽ ഞൊടിച്ചു. തൊട്ട് മുന്നിൽ മുഖത്തിന്‌ നേരെ മാധവിന്റെ മുഖം കണ്ടതും അവളൊന്നു ഞെട്ടി പിന്നോട്ട് ആഞ്ഞു.. കിച്ചു പേടിച് പോയോ... അവൻ ഒരു കള്ള ചിരിയോടെ ചോദിച്ചു.....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story