❤️...ഇഷ്ട്ടം...❤️ : ഭാഗം 2

ishtam

രചന: SHREELEKSHMY SAKSHA

അച്ഛൻ തന്ന കല്യാണക്കുറികൾ അതുപോലെ തന്നേ മുറിയിലെ ടേബിളിൽ അലക്ഷ്യമായി വലിച്ചെറിഞ്ഞു... എന്റെ ദേഷ്യം ദിനം പ്രതി കൂടി വന്നതല്ലാതെ അതിനു ഒരു പരിഹാരവും ഉണ്ടായില്ല... ഞാൻ ആരെയും വിവാഹം ക്ഷണിച്ചില്ല... കല്യാണം ഗുരുവായൂർ വെച് ആയത് കൊണ്ട് അടുത്ത ബന്ധുക്കൾ അല്ലാതെ ആരെയും കൊണ്ടുപോകുന്നില്ല എന്ന് തീരുമാനിച്ചു. പകരം ഒരു റിസപ്ഷൻ ഒരുക്കാം എന്നും തീരുമാനിച്ചു. ഞാൻ ഒന്നിലും താൽപ്പര്യം കാണിച്ചില്ല... ഹോസ്പിറ്റലിലെ ആരെയും ഞാൻ ആയിറ്റ് വിവാഹം അറിയിച്ചില്ല... അങ്ങനെ ആ ദിവസം വന്നു... എല്ലാം കൂടെ രണ്ട് പക്ഷത്തുനിന്നും 30 ആളുകൾ ആയിരുന്നു ആകെ ഉണ്ടായിരുന്നത്. അത് ഒരു തരത്തിൽ നല്ലത് എന്ന് തോന്നി.. ഉള്ളിലുള്ള ദേഷ്യം കൊണ്ട് അവളുടെ മുഖത്തേക്ക് ഒരിക്കെ പോലും നേരെ ചൊവ്വേ നോക്കിയില്ല.. അവളുടെ ബന്ധുക്കൾ ആരൊക്കെയോ വന്നു പരിചയപ്പെടുന്നു.. എല്ലാർക്കും ഒരു തെളിച്ചമില്ലാത്ത പുഞ്ചിരി മാത്രം.. കിഴക്കേ നടക്ക് മുന്നിൽ നിന്ന് താലി കെട്ടി തുളസി മാല ചാർത്തി ഇറങ്ങി. പിന്നെ വിവാഹം രജിസ്റ്റർ ചെയ്തു.. എല്ലാം വളരെ ലളിതമായിരുന്നു. അടുത്തുള്ള ഒരു വെജിറ്റെറിയൻ ഹോട്ടലിൽ ആയിരുന്നു ഊണ്..

യാത്ര പറയുമ്പോൾ രണ്ട് പെൺകുട്ടികൾ അവളെ വന്നു കെട്ടിപിടിച്ചു കരയുമ്പോഴാണ് അവൾക്ക് രണ്ട് അനിയത്തികൾ ആണെന്ന് കൂടെ ഞാൻ അറിയുന്നത്.. അച്ഛൻ അവളെ ചേർത്ത് കരയുന്നത് കണ്ടു.. പിന്നെ അമ്മയും. കല്യാണ വണ്ടിയിൽ ഡ്രൈവർ കൂടാതെ മിത്തുവും കൂടെ കയറി. ഞാനൊന്ന് ആശ്വസിച്ചു... കണ്ണൂർ വരെ വീർപ്പുമുട്ടലിന് പകുതി ആശ്വാസം കാണുമല്ലോ.. അവൾ ഇരുന്ന് കരയുകയാണ്... എത്രക്കെ പറഞ്ഞാലും വീട്ടുകാരെ വിട്ടുവരുന്ന പെൺകുട്ടിയുടെ മനസ് വേദന തന്നെയാണ്... ഞാൻ വലിയ മൈൻഡ് കൊടുക്കാൻ പോയില്ല... അല്ല അവളെ കാര്യമാക്കിയതേ ഇല്ലാ.. ഫോണിൽ നോക്കി ഇരുന്നു.. കരച്ചിലിന് ശമനം വന്നെന്ന് തോനുന്നു... മിത്തു എന്തൊക്കെയോ ചളി പറഞ്ഞു വെറുപ്പിക്കുന്നുണ്ട്.. എന്റെ ഏടത്തി ഇങ്ങനെ ഇരുന്ന് കരയല്ലേ... വാട്ടർ പ്രൂഫ് എന്ന് പറഞ്ഞു അടിച്ചു വെച്ചേക്കുന്ന പുട്ടി മുഴുവൻ ഇളകി വരും... മിത്തു പറഞ്ഞപ്പോൾ കരച്ചിലിനിടയിൽ അവൾ ചിരിച്ചു ഇത് പുട്ടിയല്ലടാ ഏഷ്യൻ പെയിന്റാണ് പെട്ടന്ന് പോവൂല..

ഉരുളയ്ക്ക് ഉപ്പേരി പോലെ അവൾ മറുപടി പറഞ്ഞപ്പോൾ അങ്ങോട്ട് നോക്കാതിരിക്കാൻ കഴിഞ്ഞില്ല... പെട്ടന്ന് തന്നേ നോട്ടം മാറ്റിയെങ്കിലും മിത്തു കണ്ടു.. ഏട്ടാ പേടിക്കണ്ട ഏടത്തി വെറുതെ പറഞ്ഞതാ... ഇത് പ്രകൃതിദത്തമായ സൗന്ദര്യം ആണ് അല്ലേ... ഏടത്തി... മ്മ്... അവൾ മൂക്ക് തുടച്ചുകൊണ്ട് ചിരിച്ചു. ഞാൻ ഒന്നും മിണ്ടാതെ ഫോണിൽ നോക്കി ഇരുന്നു.. കല്യാണ ദിവസം എങ്കിലും അതൊന്ന് മാറ്റി വെക്ക്.... എന്നും പറഞ്ഞു മിത്തു ഫോൺ പിടിച്ചു വാങ്ങി ഡാഷ് ബോർഡിൽ വെച്ചു. അവനെ ദേഷ്യത്തോടെ നോക്കിയെങ്കിലും അവൻ. ഫ്രണ്ട് സീറ്റിൽ തിരിഞ്ഞ് ഇരുന്നു അവളോട് സംസാരം തുടങ്ങി.. ഡ്രൈവറും അവർക്കൊപ്പം കൂടിയപ്പോൾ ഞാൻ പുറത്തേക്ക് നോക്കിയിരുന്നു... എന്റെ ദേഷ്യം മനസിലായത് കൊണ്ടാവണം പിന്നെ മിത്തു ഒന്നും പറഞ്ഞില്ല.. നീണ്ട യാത്രക്ക് ഒടുവിൽ വീട്ടിലെത്തുമ്പോൾ നന്നേ ക്ഷീണിച്ചിരുന്നു.. മിത്തു കാറിൽ നിന്നിറങ്ങി നടുവ് നുവർത്തി.. ഇനിയും എന്തെല്ലാം പ്രഹസനങ്ങൾക്ക് നിന്നു കൊടുക്കണമല്ലോ എന്നോർത്ത് വീർത്തുകെട്ടിയ മുഖവുമായി ഞാൻ ഇറങ്ങി.. നില വിളക്കുമായി അവൾ അകത്തേക്ക് കയറി പിന്നാലെ ഞാനും..

ചടങ്ങ് എല്ലാം കഴിഞ്ഞ നേരം ആരെയും നോക്കാതെ ഞാൻ മുറിയിലേക്ക് കയറി പോയി.. ഇവനിത് എന്ത് പറ്റി എന്ന് അച്ഛമ്മ ചോദിക്കുന്നത് കേട്ടിട്ടും മനഃപൂർവം തിരിഞ്ഞ് നോക്കിയില്ല.. മുറിയിൽ കേറിയ പാടെ ഉള്ള ദേഷ്യം മുഴുവൻ അവിടെ കണ്ടതിനോടൊക്കെ തീർത്ത് കട്ടിലിൽ കയറി കിടന്നു. റൂമിനു അടുത്തേക്ക് അടുക്കുന്ന കാലടി ശബ്ദം കേട്ടതും പെട്ടന്ന് കട്ടിലിൽ നിന്നെഴുന്നേറ്റ് ബാത്‌റൂമിൽ കയറി വാതിലടച്ചു. കുളിച്ചിറങ്ങുമ്പോൾ അവൾ കട്ടിലിൽ ഇരുന്ന് തലയിലെ മുല്ലപ്പൂവും ഒരുക്കങ്ങളും അഴിച്ചു മാറ്റുകയായിരുന്നു. എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അത് കണ്ടതായി കൂടെ ഭാവിക്കാതെ മുറി വിട്ട് ബാൽക്കണിയിലേക്ക് നടന്നു. അവൾ കുളിച്ചിറങ്ങി താഴേക്ക് പോകുന്നതറിഞ്ഞു. താഴെ നിന്ന് ചിരിയും ബഹളവും ഒക്കെ കേൾക്കാം... ഇവളെന്താ ഇങ്ങനെ ... അതായിരുന്നു മനസ്സിൽ മുഴുവൻ.. ഞാൻ അവഗണിക്കുന്നതാണ് എന്ന് ബോധമുള്ള ആർക്കും മനസിലാകും മിത്തുവിന് പോലും സംശയം തോന്നിയിരുന്നു. എന്നിട്ടും ഇവളെന്താ ഇങ്ങനെ. ഞാൻ അവളെ കരയിക്കാൻ ആണോ നോക്കുന്നത് സ്വയം ചോദിച്ചു.. അല്ലേ.... അല്ല.. അവഗണ അവൾ അറിയണം.. ആവശ്യം ഇല്ലാതെ എന്റെ ജീവിതത്തിലേക്ക് ഇടിച്ചു കേറി വന്നത് എന്തിനാണ്..

ഒടുവിൽ ഡിവോഴ്സ് വാങ്ങി പോണം.. അവൾ കരയണം എന്നൊന്നും ഇല്ലാ..ചില സീരിയൽ പോലെ ഉപദ്രവിക്കാനും ദേഷ്യപ്പെടാനും ഒന്നുമില്ല... അവഗണ അതാണ് എന്റെ ആയുധം.. എന്തൊക്കെയോ ഓർത്ത് അവിടെ തന്നേ ഇരുന്നു.. കുറെ കഴിഞ്ഞപ്പോൾ ബാൽക്കണിയുടെ വാതിലിനടുത്ത് നിഴലനക്കം കണ്ടു അങ്ങോട്ടേക്ക് നോക്കി.. അവളാണ്.. ഒരു ചുരിദാർ ആണ് വേഷം..മുടി അഴിച്ചിട്ടിരിക്കുന്നു.. അവളെ ഒന്ന് നോക്കി വേഗം തന്നേ മുഖം തിരിച് ഇരുന്നു.. ഡോക്ടർ.... വീർത്ത മുഖത്തോടെ അവളെ നോക്കി.. നവ വധുവിന്റെ യാതൊരു പരിഭ്രമമോ പേടിയോ നാണമോ അവളിൽ ഇല്ലാ.. അമ്മ കഴിക്കാൻ വിളിക്കുന്നു.. എന്റെ മുഖത്ത് നോക്കി തന്നേ പറഞ്ഞു.. ഇതെന്ത് ജന്മം... പെണ്ണ് തന്നെയോ... ഓർത്തു പോയി. ഞാൻ മൗനം പാലിച്ചു ഒരുനിമിഷം അവൾ അവിടെ നിന്നു. എല്ലാരും കഴിക്കാതെ നോക്കിയിരിക്കുകയാണ്... അവൾ ശാന്തമായി പറഞ്ഞു. ഞാൻ ഒന്നും മിണ്ടിയില്ല.. മുത്തുവിന്.. അല്ല അച്ഛമ്മക്ക് കഴിച്ചിട്ട് വേണം മരുന്നു കുടിക്കാൻ.. പറഞ്ഞ ശേഷം രണ്ട് മിനുട്ട് അവിടെ നിന്നവൾ തിരിഞ്ഞു നടന്നു... അച്ഛമ്മയെ ഓർത്തതും താഴേക്ക് ഇറങ്ങി ചെന്നു.. ആഹ് ദാ ഏട്ടൻ വന്നൂലോ...മുകളിലേക്ക് നോക്കി ഇരുന്ന മിത്തു പറഞ്ഞു .

ആരെയും കാര്യമാക്കാതെ കസേര വലിച്ചിട്ടു ഇരുന്നു.. അമ്മ ചപ്പാത്തിയും കറിയും വിളമ്പിയപ്പോൾ പ്ളേറ്റിൽ മാത്രം നോക്കിയിരുന്നു കഴിച്ചു. അവരെല്ലാം കൂടെ എന്തൊക്കെയോ പറയുകയും ചിരിക്കുകയും ചെയ്തു.. പെട്ടന്ന് ഞാൻ കഴിച്ചു എണീറ്റതും എല്ലാരും നിശബ്ദരായി.. എല്ലാരേയും എന്റെ മൗന പ്രതിഷേധം അറിയിച്ചുകൊണ്ട് തന്നേ കൈ കഴുകാൻ പോയി.. അവനെന്തോ ഉള്ളിൽ കിടന്നിട്ട.. മോള് കാര്യമാക്കണ്ട... അച്ഛമ്മ പറയുന്നത് കേട്ടു. അവളുടെ മറുപടി ഒന്നും ഉണ്ടായില്ല. മോളെ ദേവി കൃഷ്ണ നീ നോക്കിക്കോ അവഗണയുടെ എല്ലാ പാഠങ്ങളും നീ പഠിക്കും.. അവസാനം നീ തന്നേ ഇവിടുന്ന് ഇറങ്ങി പോകും... അവളോടുള്ള ഉള്ള ദേഷ്യം ഹാൻഡ് വാഷിൽ തീർത്ത് മുറിയിലേക്ക് പോയി. അവൾ മുറിയിൽ വരുമ്പോൾ ഫോണിൽ നോക്കി കട്ടിലിൽ കിടക്കുയായിരുന്നു ഞാൻ.. ഒരു നിമിഷം എന്റെ കിടപ്പ് നോക്കി ഇളിയിൽ കൈ കുത്തി അവൾ നിന്നു... ഞാൻ ഒരു ഉറുമ്പിനെ പോലെ അവളെ അവഗണിച്ചു ഫോണിൽ തന്നേ നോട്ടം ഉറപ്പിച്ചു..

അതേ... ഡോക്ടർ എന്നെ ഇഷ്ട്ടം അല്ലാണ്ട് ആണോ കെട്ടിയെ.... ഒന്നും മിണ്ടാത് ഞാൻ എന്റെ പണി തുടർന്നു... ഒരു വാക്ക് നിനക്കായി എന്റെ വായിൽ നിന്ന് വീഴുമെന്ന് നീ പ്രതീക്ഷിക്കണ്ട... മനസ്സിൽ ഉറപ്പിച്ചു അവളെ നോക്കാതെ കിടന്നു.. അതേ... ഡോക്ടറോട് ആണ് ചോദിച്ചേ... അതോ ഇനി വേറെ പ്രേമ നൈരാശ്യം വല്ലോം ഉണ്ടൊ.....? ഞാൻ ഡോക്ടറോട് ആണ് ചോദിക്കുന്നെ.. ഒരു നിമിഷം അവൾ എന്നെ തന്നേ നോക്കി നിന്നു.. ഡോക്ടർക്ക് വായിൽ നാക്കില്ലേ.. ദേഷ്യത്തോടെ അവളെ ദഹിപ്പിക്കും വിധം ഒന്ന് നോക്കി.. ഭാഗ്യം പൊട്ടൻ അല്ല...അവൾ നെഞ്ചിൽ കൈ വെച്ചു പറഞ്ഞു ഇതെന്ത് പെണ്ണ് ദൈവമേ... എങ്കിലും ഒരക്ഷരം ഞാൻ മിണ്ടിയില്ല.. ഇത്രയും ക്ഷമ എനിക്കുണ്ടായിരുന്നോ.. അവൾ ലൈറ്റ് അണച്ച് കട്ടിലിൽ കയറി കിടന്നു. ഞാൻ കട്ടിലിൽ നിന്ന് ചാടിഎണീറ്റ് ലൈറ്റ് ഇട്ടു.. എന്താ... 🙄 അവൾ കണ്ണും മിഴിച്ചു എന്നെ നോക്കി.. എന്റെ ദേഷ്യം കണ്ടിറ്റ് ആവാം അവൾ മുഖം കോട്ടി. ഓഹ്.. നിലത്ത് കിടക്കാനും സോഫയിൽ കിടക്കാനും വേറെ ആളെ നോക്കിക്കോണം.

.ഞാനെ എന്റെ വീട്ടിൽ നല്ല ഒന്നാംതരം കാഞ്ഞിരത്തിന്റെ കട്ടിലിലാ കിടന്നോണ്ടിരുന്നേ.... പിന്നെ കൂടെ കിടന്നാൽ പകരുന്ന രോഗം ഒന്നും എനിക്കില്ല... അല്ല ഇനി കൂടെ കിടക്കാൻ ഡോക്ടർക്ക് മടിയാണെങ്കിൽ നിലത്ത് പായ വിരിച്ചോ സോഫയിലോ പോയി കിടക്കാം എനിക്ക് കുഴപ്പം ഒന്നുമില്ല... ഒരു നിമിഷം എനിക്ക് ചുറ്റും പറന്ന കിളികളെ പിടിക്കാൻ കഴിയാതെ ഞാൻ മരവിച്ചു പോയി.. ആ ലൈറ്റ് അണച്ചാൽ എനിക്ക് ഉറങ്ങാമായിരുന്നു...തലവഴി പുതപ്പ് ഇട്ടുകൊണ്ട് അവൾ പറഞ്ഞു.. ഉള്ള ദേഷ്യം മുഴുവൻ പല്ലിനോട് കടിച്ചു തീർത്ത് പുതപ്പും തലയിണയും എടുത്ത് ഞാൻ സോഫക്ക് അരുകിലേക്ക് നടന്നു.. ഞാൻ സോഫയിൽ കിടന്നതും അവൾ കൈയെത്തി ലൈറ്റ് അണച്ചു.. നാളെയെന്തെന്ന് ഒരു പിടിയും ഇല്ലാതെ ഞാൻ മെല്ലെ ഉറക്കത്തിലേക്ക് വീണു.......തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story