ജാനകീരാവണൻ 🖤: ഭാഗം 114

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"പേടിക്കണ്ടടോ.... ഒരു പ്രശ്നം ഉണ്ടാക്കാൻ വന്നതല്ല ഞാൻ...."ഞെട്ടലോടെ നിൽക്കുന്ന നന്ദുവിനോടായി അവൻ പറഞ്ഞു... "ഒന്ന് അറിയണമായിരുന്നു..... ഈ മനസ്സിൽ എന്നോടുള്ള ഇഷ്ടം അല്പം എങ്കിലും ബാക്കിയുണ്ടോ എന്ന്....?" ഉള്ളിൽ അവശേഷിക്കുന്ന ഒരിറ്റ് പ്രതീക്ഷയോടെയാണ് അവനാ ചോദ്യം ചോദിച്ചത്.... വിക്രത്തെ പോലെ യുവയും റാവണും അവളുടെ മറുപടിക്ക് കാത്തു നിന്നു.... "അതോ.... എല്ലാവരും പറയുന്നത് പോലെ താൻ എന്നെ വെറുത്തുപോയോ ശരിക്കും....? ഈ വിവാഹം നടക്കണമെന്ന് മനസ്സ് കൊണ്ട് നീ ആഗ്രഹിക്കുന്നുണ്ടോ നന്ദൂ....?" വിക്രം ഒരു ഉത്തരത്തിനായി അവളെ നോക്കി.... "ഉണ്ടല്ലേ...." അവളുടെ മൗനം കണ്ട് അവൻ ചോദിച്ചു... നന്ദു അവനെ തലയുയർത്തി നോക്കി.... അവന്റെ ആ നിൽപ്പും ഭാവവും ഒക്കെ അവളെ നോവിക്കുന്നുണ്ട്.... ഒരിക്കൽ ആ കൈ പിടിച്ചു നടക്കാൻ താനും കൊതിച്ചിട്ടുണ്ട്... പക്ഷേ...! ഒരുപാട് വൈകിപ്പോയി.... വെറുത്തിരുന്നു ഒരുപാട്..... തന്റെ പ്രണയത്തെ അവഹേളിച്ചപ്പോൾ.....

വാക്കുകൾ കൊണ്ട് കീറി മുറിച്ചപ്പോൾ.... വെറുത്തു പോയി ആ മനുഷ്യനെ... പക്ഷേ ഇന്നും ഒരു നോവായി ആ മനസ്സിലുണ്ട് എല്ലാം.... ഏട്ടൻ ആഗ്രഹിക്കുന്നത് പോലെ എല്ലാം മറക്കാൻ ശ്രമിക്കുകയാണ്.... യുവയോടൊപ്പമുള്ള ജീവിതം സന്തോഷം ആയാലും അല്ലെങ്കിലും വിക്രം അതിനിടയിലേക്ക് കടന്ന് വരരുതെന്ന് അവൾ ആഗ്രഹിക്കുന്നുണ്ട്..... "എന്തെങ്കിലും ഒന്ന് പറയ് നന്ദു...." അവൻ കണ്ണും നിറച്ച് അവളെ നോക്കി.... "ഒരു ഏട്ടന്റെ സ്ഥാനത്ത് നിന്ന് എന്നെ അനുഗ്രഹിക്കണം...."അത്രയും പറഞ്ഞുകൊണ്ട് അവന്റെ കാൽക്കൽ അവൾ നമസ്കരിച്ചു.... വിക്രം ഇടിവെട്ട് ഏറ്റവനെപ്പോലെ വേച്ചു പോയി... ഹൃദയം നുറുങ്ങുന്ന വേദന തോന്നി അവന്.... അവളുടെ ആ പ്രവർത്തി അവനെ വല്ലാതെ ഉലച്ചു കളഞ്ഞു.... എന്നാൽ ആ കാഴ്ച കണ്ട് നിന്നവരുടെ ഒക്കെ ചുണ്ടിൽ ആശ്വാസത്തിന്റെ ചിരി പടർത്തിയിരുന്നു... "പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയാണ് ഞാൻ.... എനിക്ക് വേണ്ടി പ്രാർത്ഥിക്കണം...." അവന്റെ കാൽക്കൽ നിന്നെണീറ്റ് ചെറു പുഞ്ചിരിയോടെ അവൾ പറഞ്ഞു.... നിറഞ്ഞു വന്ന കണ്ണുകളോടെ അവൻ ചുണ്ട് കടിച്ചു പിടിച്ചു വിതുമ്പലടക്കി.... "മ്മ്.... നല്ലതേ വരൂ.... നന്നായി ജീവിക്ക്....." വിങ്ങിപ്പൊട്ടുന്നതിന് അവൻ അവിടെ നിന്നും തിരിഞ്ഞു നടന്നു...

"നീ പോകുവാണോ....?" വികാസ് അവനോട് തിരക്കി.... "അവളെ വേദനിപ്പിക്കാൻ വയ്യ ഏട്ടാ എനിക്ക്.... അതുപോലെ.... അതുപോലെ അവൾ മറ്റൊരാളുടേതാകുന്നത് കണ്ട് നിൽക്കാനുള്ള ശക്തിയും എനിക്കില്ല...." അത് പറഞ്ഞു തീരുന്നതിനൊപ്പം ഒരു കൊച്ചു കുഞ്ഞിനെപ്പോലെ തേങ്ങിക്കൊണ്ട് അവൻ വികാസിന്റെ തോളിലേക്ക് വീണിരുന്നു.... വികാസിന് അവന്റെ അവസ്ഥ കാണുമ്പോൾ നെഞ്ച് പിടയുന്നുണ്ടായിരുന്നു.... പക്ഷേ മറുത്തൊന്നും ചിന്തിക്കാൻ അവനാവുമായിരുന്നില്ല... കാരണം ഇതാണ് ശരി.... ഇത് തന്നെയാണ് നടക്കേണ്ടതും.... "ഞാൻ.... ഞാൻ പോവാ ഏട്ടാ...."വികാസിൽ നിന്ന് അടർന്നു മാറി അവൻ ഷോൾഡറിൽ മുഖം തുടച്ചുകൊണ്ട് പറഞ്ഞു.... "ഏട്ടന്റെ സ്ഥാനത്ത് നിന്ന് അനുഗ്രഹിക്കണമെന്ന് അവൾ പറഞ്ഞത് നീ മറന്നോ.... വിവാഹവും കൂടി കണ്ടിട്ട് അനുഗ്രഹിച്ചിട്ട് പോയാൽ പോരെ നിനക്ക്....?" ജിത്തുവാണത് ചോദിച്ചത്.... "അത്ര ക്രൂരത വേണോടാ എന്നോട്....?" കലങ്ങിയ കണ്ണുകളോടെ അവൻ ചോദിച്ചു... "ക്രൂരത അല്ല വിക്രം....

നീയിങ്ങനെ സത്യത്തെ അഭിമുഖീകരിക്കാതെ ഒളിച്ചോടുന്നത് ശരിയല്ല.... നിന്നെ വേദനിപ്പിക്കാൻ വേണ്ടി അല്ല.... എല്ലാം കണ്ട് മനസ്സിലാക്കണം നീ.... പണ്ടത്തെ പോലെ അവളെ പെങ്ങളായി കാണാൻ പഠിക്കണം നീ.... അതിന് നീയിത് കണ്ടേ പറ്റൂ...."ജിത്തു പറഞ്ഞു "ഇല്ല ജിത്തു.... എനിക്ക്.... എനിക്ക് വയ്യെടാ.... അതൊന്നും കാണാൻ.... എനിക്ക്...." അവൻ പാതിയിൽ നിർത്തി.... "അല്ലെങ്കിലും ഇവിടെ നിങ്ങൾക്കൊപ്പം ഒന്നും നിൽക്കേണ്ടവൻ അല്ല ഞാൻ.... അതിനുള്ള യോഗ്യത എനിക്കില്ല...." അത്രയും പറഞ്ഞുകൊണ്ട് പതിയെ വേച്ചു വേച്ചു വിക്രം മുന്നോട്ട് നടന്നു ഒട്ടും പ്രതീക്ഷിക്കാതെ അവന് മുന്നിൽ തടസ്സമായി റാവൺ വന്ന് നിന്നു.... ചോദ്യമോ പറച്ചിലോ ഒന്നും ഇല്ലാതെ... അവന്റെ കൈയും പിടിച്ചു നന്ദുവിന്റെ അരികിൽ ചെന്നു നിന്നു.... വിക്രം നിറ കണ്ണുകളോടെ നന്ദുവിനെ നോക്കി.... അവൾ സന്തോഷത്തിലാണ്... അവൻ ഓർത്തു...

ഒടുവിൽ മുഹൂർത്തം എത്തിയതും യുവ മഞ്ഞ ചരടിൽ കോർത്ത താലിയുമായി നന്ദുവിന് നേരെ വന്നു.... നന്ദു കണ്ണുകൾ ഇറുക്കിയടച്ചു.... തന്റെ നല്ലതാണോ ചീത്തയാണോ എന്നൊന്നും അറിയില്ല.... എങ്കിലും നിറഞ്ഞ മനസ്സോടെ.... ഈശ്വരനെ ധ്യാനിച്ചു.... അമ്മയുടെയും ഏട്ടന്റെയും മുഖം മനസ്സിൽ ഓർത്തുകൊണ്ട് അവൾ അവനായി കഴുത്തു നീട്ടി... യുവ അവളുടെ കഴുത്തിൽ താലി അണിയിച്ചു.... സിന്ദൂരം തൊട്ടു.... അഗ്നിക്ക് ചുറ്റും പ്രദക്ഷിണം ചെയ്തു.... ഏഴേഴു ജന്മം പരസ്പരം തുണയായി ഒരുമിച്ചുണ്ടാകുമെന്ന് വാക്ക് കൊടുത്തു..... യുവക്ക് സന്തോഷം തോന്നി.... നന്ദുവിന് മനസ്സ് നിറയെ ആധിയും.... യുവ അത് ശ്രദ്ധിച്ചിരുന്നു.... എങ്കിലും അവനത് കാര്യമാക്കിയില്ല.... അവന്റെ മനസ്സ് നിറയെ അവളുമായി അരങ്ങേറാൻ പോകുന്ന പുതിയ യുദ്ധങ്ങളുടെ ദൃശ്യങ്ങളായിരുന്നു.... ആ ഓർമയിൽ അവൻ അറിയാതെ പുഞ്ചിരിച്ചു പോയി........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story