ജാനകീരാവണൻ 🖤: ഭാഗം 115

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

യുവയുടെ താലി നന്ദുവിന്റെ കഴുത്തിൽ കിടക്കുന്നത് കണ്ട് വിക്രം കണ്ണുകൾ ഇറുക്കിയടച്ചു... നിറഞ്ഞ കണ്ണുകളും തകർന്ന മനസ്സുമായി അവിടെ നിന്നും നടന്നകലാൻ തുനിഞ്ഞ വിക്രത്തെ റാവൺ പിടിച്ചു നിർത്തി.... വിക്രം ഒന്ന് വിതുമ്പികരയാൻ കൊതിക്കുന്നുണ്ടെന്ന് റാവണിന് തോന്നി... റാവൺ ഒന്നും മിണ്ടാതെ അവനെ കെട്ടിപ്പിടിച്ചു.... വിക്രം ഞെട്ടിപ്പോയിരുന്നു അവന്റെ ആ ചെയ്തിയിൽ.... ജാനിയും മനുവും ജിത്തൂവുമെല്ലാം ചെറുചിരിയോടെ അത് നോക്കിക്കണ്ടു.... റാവണിന്റെ ആ പ്രവർത്തിയിൽ വിക്രം എല്ലാം മറന്ന് പൊട്ടിക്കരഞ്ഞുപോയി.... നാളുകൾക്ക് ശേഷം തിരികെ കിട്ടിയ സൗഹൃദമോ.... അതോ ഏറെക്കാലം നെഞ്ചിൽ കൊണ്ട് നടന്നവളെ സ്വന്തമാക്കാൻ കഴിയാതെ പോയതോ.... ഏതാണ് അവനെ കൂടുതൽ കരയിപ്പിച്ചത്.... വ്യക്തമല്ല.... റാവൺ ഒന്നും മിണ്ടിയില്ല.... ആരും തടഞ്ഞതുമില്ല... ആശ്വസിപ്പിച്ചതുമില്ല.... അവൻ കരഞ്ഞു തീർക്കട്ടെ എന്ന് തന്നെ എല്ലാവരും കരുതി... നന്ദുവും നിറ കണ്ണുകളോടെ അവരെ നോക്കുകയാണ്...

കൃത്യമായി യുവയത് കാണുകയും ചെയ്തു.... അവനിലൊരു അസ്വസ്ഥത നിറഞ്ഞു.... ചിന്തകൾ അവനെ കുഴപ്പിച്ചു.... ആരൊക്കെയോ വന്ന് രണ്ട് പേരെയും വിളിച്ചു കൊണ്ട് പോകുമ്പോഴാണ് അവൾ അവരിൽ നിന്നും കണ്ണുകൾ പിൻവലിച്ചത്.... അതും അവൻ കണ്ടിരുന്നു.... താലികെട്ട് കഴിഞ്ഞ് എല്ലാവരും ഓഡിറ്റോറിയത്തിലേക്ക് പോയി.... വരനെയും വധുവിനെയും ഡ്രസ്സ്‌ മാറ്റിച്ചു സ്റ്റേജിൽ പ്രധിഷ്ഠിച്ചു.... രണ്ട് പേരും വരുന്നവർക്കും പോകുന്നവർക്കും മുന്നിൽ പുഞ്ചിരിയോടെ നിന്നു.... കുറച്ച് അകലെ മാറി വിക്രമും ഉണ്ടായിരുന്നു... നന്ദുവിനെ തന്നെ നോക്കിക്കൊണ്ട്, നിറഞ്ഞ പുഞ്ചിരിയുമായി.... എപ്പോഴോ അവരുടെ നോട്ടങ്ങൾ തമ്മിലിടഞ്ഞതും നന്ദുവിന്റെ പുഞ്ചിരി മാഞ്ഞു.... അപ്പോഴും അവനിൽ ആ പുഞ്ചിരി നിലനിൽക്കുന്നുണ്ടായിരുന്നു.... ആ പുഞ്ചിരിക്ക് പിന്നിലെ വേദന അറിയുന്നത് കൊണ്ടാവാം അവൾ ബുദ്ധിമുട്ടി ഒന്ന് ചിരിച്ചു.... ആ പുഞ്ചിരി തനിക്ക് നേരെയാണെന്ന് അറിഞ്ഞതും അവന്റെ കണ്ണുകൾ വിടർന്നു....

എന്നാൽ നന്ദുവിനെ തന്നെ ശ്രദ്ധിക്കുന്ന യുവ ഇതൊക്കെ കാണുന്നുണ്ടായിരുന്നു.... എന്തോ ഒരു അസ്വസ്ഥത അവനെ പൊതിഞ്ഞിരുന്നു.... എന്തോ ഉള്ളിലൊരു വിങ്ങൽ അനുഭവപ്പെട്ടു.... താലി ചാർത്തുമ്പോൾ പോലും തന്നെയവൾ നോക്കിയിരുന്നില്ല എന്നവൻ ഓർത്തു.... അതിന് ശേഷവും ഒരു നോട്ടം പോലും ഇത് വരെ അവളിൽ നിന്നുണ്ടായില്ല.... ദേഷ്യം തോന്നിയില്ല.... വെറുപ്പും.... അവളെ നോക്കി ചെറുങ്ങനെ ഒന്ന് ചിരിച്ചു.... എന്നാൽ അതും അവൾ കണ്ടിരുന്നില്ല...... വരുന്ന അതിഥികൾക്ക് മുന്നിൽ ഏതോ അപരിചിതരെപ്പോലെ വിട്ട് നിൽക്കുന്നവരെ റാവണും ശ്രദ്ധിച്ചിരുന്നു.... അവൻ അങ്ങോട്ട് നടക്കാൻ ഒരുങ്ങിയതും ജാനി അവർക്ക് മുന്നിൽ വന്ന് നിൽക്കുന്നത് കണ്ട് അവനും അവിടെ നിന്നു... അവൾ ഇടുപ്പിൽ കൈ കുത്തി രണ്ടിനെയും കൂർപ്പിച്ചു നോക്കുവാണ്.... "ഒന്ന് ചേർന്ന് നിന്നെന്ന് കരുതി പകർച്ചവ്യാധി ഒന്നും ഉണ്ടാവില്ല... ചേർന്ന് നിൽക്കങ്ങോട്ട്...." ജാനി രണ്ടിനെയും പിടിച്ചു ചേർത്തു നിർത്തി.... രണ്ട് പേരും വല്ലാതെ ആയിട്ടുണ്ട്.... രണ്ട് പേരും പരസ്പരം നോക്കാൻ മടിച്ചുകൊണ്ട് വിട്ടുമാറാൻ ശ്രമിച്ചു.... "ആഹ് അടങ്ങി നിന്നോണം.... കാര്യം നിങ്ങൾ ഭയങ്കര ശത്രുതയിലാണെന്ന് ഒക്കെ എനിക്കും അറിയാം....

എന്നാൽ ഇന്ന് മുതൽ അങ്ങനെ അല്ല....." ജാനി അതും പറഞ്ഞ് യുവയുടെ കൈയിൽ നന്ദുവിന്റെ കൈ ചേർത്തു വെച്ച്.... "ജീവിതാവസാനം വരെ നിങ്ങൾ ഇതുപോലെ തന്നെ ഒരുമിച്ച് ഉണ്ടാവണം.... സന്തോഷത്തോടെ ജീവിക്കണം.... അതിന് ആദ്യം പരസ്പരം മനസ്സിലാക്കണം.... എന്നിട്ട് വേണം ജീവിച്ചു തുടങ്ങാൻ...."ജാനി വല്യ അമ്മായിമാരെ പോലെ അവർക്ക് ക്ലാസ്സ്‌ കൊടുത്തു.... യുവ നന്ദുവിനെ നോക്കി.... അതേസമയം നന്ദുവും നോക്കി.... നോട്ടങ്ങൾ തമ്മിൽ ഇടഞ്ഞതും രണ്ട് പേരും നോട്ടം മാറ്റി.... ഇതൊക്കെ കണ്ട ജാനിക്ക് ചിരി പൊട്ടി.... അവരെ നോക്കി തലയാട്ടി ചിരിച്ചുകൊണ്ട് അവരെ നോക്കി മാറി നിന്ന റാവണിന്റെ അടുത്ത് പോയി നിന്നു.... അവൾ അവനെ നോക്കിയതും റാവണിന്റെ നോട്ടം മറ്റെങ്ങോ ആയിരുന്നു.... എന്നാലും ആ ചുണ്ടിന്റെ കോണിൽ ഒരു കുഞ്ഞ് പുഞ്ചിരി അവൾ കണ്ടിരുന്നു.... അത് കണ്ട് ചിരിയോടെ അവൾ അവന്റെ കൈയിൽ കൈ കോർത്തു പിടിച്ചു.... റാവൺ തല ചെരിച്ചു അവളെ നോക്കി.... അവൾ അവനെ നോക്കി പുരികക്കൊടികൾ ഉയർത്തി....

അത് കണ്ട് അവൻ അവളുടെ വലം കൈ പൊതിഞ്ഞു പിടിച്ചു.... ആ മനസ്സ് ഇന്ന് ശാന്തമാണെന്ന് അവൾക്ക് മനസ്സിലാവുന്നുണ്ടായിരുന്നു.... അവന്റെ ഏറ്റവും വലിയ സ്വപ്നമാണ് ഇന്ന് സാക്ഷാത്കരിച്ചത്.... അതിന്റെ എല്ലാ സന്തോഷവും അവനിൽ ഉണ്ടായിരുന്നു.... മാനസക്ക് നല്ലൊരു ജീവിതം കിട്ടി... ഇപ്പൊ നന്ദുവിനും.... രണ്ട് പേരുടെയും ജീവിതത്തിൽ നല്ലൊരു കൂട്ട് തന്നെ വന്ന് ചേർന്നു.... വിവാഹമാണ് ഒരു സ്ത്രീയുടെ ജീവിതത്തിലെ അവസാനം എന്നല്ല..... ഇനിയുള്ള ജീവിതത്തിൽ താങ്ങാവാനും തണലാവാനും ഒരാൾ കൂടെ ഉണ്ടെന്ന ഒരു ഏട്ടന്റെ ആശ്വാസം.... വിക്രം നന്ദുവിനെ സ്നേഹിക്കുന്നുണ്ടാവാം.... പക്ഷേ ഒരു ഏട്ടൻ എന്ന നിലയിൽ റാവണിന് അവനോടുള്ള വിശ്വാസം നഷ്ടമായിരുന്നു.... നഷ്ടപ്പെട്ട ആ വിശ്വാസം വിക്രത്തിന്റെ വലിയൊരു കുറവ് തന്നെയാണ്..... ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ മറ്റൊരു കുറ്റബോധത്തിലൂടെ ആ സ്നേഹം നഷ്ടപ്പെട്ടാൽ നന്ദുവിന്റെ ജീവിതം ഒരു ചോദ്യചിഹ്നമായി പോകുമോ എന്ന് അവൻ ചിന്തിച്ചിരിക്കാം....

യുവ എന്ന തീരുമാനം എന്തുകൊണ്ടും വിക്രത്തേക്കാൾ മികച്ചതായിരുന്നു.... അവൻ നന്ദുവിനെ ഉയരങ്ങളിലേക്ക് എത്തിക്കുമെന്ന വിശ്വാസം റാവണിന് ഉണ്ടായിരുന്നു.... "വല്യ ചിന്തയിലാണല്ലോ....?" ജാനിയുടെ ചോദ്യമാണ് അവന്റെ ചിന്തകൾക്ക് വിരാമം ഇട്ടത്.... അവൻ അതിന് അവളുടെ തോളിലൂടെ കൈയിട്ട് അവളെ ചേർത്തു പിടിച്ചു..... ജാനിക്ക് സന്തോഷം തോന്നി..... അവൾ അവന്റെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി.... അല്ലെങ്കിലും പ്രീയപ്പെട്ടവന്റെ മുഖത്തേക്ക് നോക്കിയിരിക്കാൻ എന്ത് രസമാണ്.... അന്നേരം ഈ ലോകത്ത് അവരെക്കാൾ ഭംഗി മറ്റാർക്കും ഉണ്ടാവില്ല.... കണ്ണെടുക്കാതെ തന്നെ നോക്കുന്നവളെ അവൻ അറിഞ്ഞെങ്കിലും അവൻ നോക്കിയില്ല... നേർത്ത പുഞ്ചിരി ചുണ്ടിൽ നിലനിർത്തി മറ്റെങ്ങോ കണ്ണും നട്ട് നിൽക്കുകയാണവൻ.... ••••••••••••••••••••••••••••••••••••••••° ഫുഡ്‌ കഴിക്കുമ്പോഴും നന്ദു തന്നെ നോക്കുന്നില്ലെന്ന് യുവ ശ്രദ്ധിച്ചിരുന്നു... അവൾ തന്നെ ഒരു ശത്രുവായി തന്നെയാണോ കാണുന്നതെന്ന് അവൻ ചിന്തിച്ചു പോയി.... അറിയാതെ പോലും നോക്കുന്നില്ല....

യുവയും പിന്നേ വല്ലാണ്ടങ് മൈൻഡ് ചെയ്യാൻ പോയില്ല.... ഫുഡ്‌ ഒക്കെ കഴിഞ്ഞ് എല്ലാവരോടും യാത്ര പറഞ്ഞു.... മനുവിനോടും ജിത്തുവീനോടും തേജിനോടും ഭാരതിനോടും ഒക്കെ അവൾ കെട്ടിപ്പിടിച്ചു യാത്ര പറഞ്ഞു എന്നിട്ട് ആരവിന് മുന്നിൽ വന്ന് നിന്നു.... അവൻ അവളെ കാണാത്ത ഭാവത്തിൽ അവിടുത്തെ ജീവനക്കാരെ സൂപ്പർവൈസ് ചെയ്യുകയാണ്.... കണ്ണ് നിറയുന്നുണ്ടെങ്കിലും അടുത്ത് വന്ന് നിൽക്കുന്നവളെ കാണാത്ത ഭാവം നടിച്ചു.... "ഏട്ടാ...." എന്ന് വിളിച്ചവൾ അവനെ പുണർന്നു.... അവൻ ശില കണക്കെ നിന്നുപോയി.... അവളുടെ വിവാഹം ആഘോഷമാക്കാൻ ഓടിനടന്നപ്പോൾ ഇങ്ങനൊരു രംഗം ഉണ്ടാവുമെന്ന് അവൻ ഓർത്തിരുന്നില്ല.... "ഏട്ടനെന്താ എന്നെ നോക്കാത്തെ....?" അവൾ പുഞ്ചിരിയോടെയാണ് ചോദിച്ചതെങ്കിലും ആ കണ്ണുകളിലും ഈറനണിഞ്ഞിരുന്നു "ഏട്ടൻ എപ്പോഴും പറയുമല്ലോ എന്നെ കെട്ടിച്ചു വിട്ടിട്ട് വേണം ഒന്ന് അർമാദിക്കാൻ എന്ന്.... ഇനി അമ്മയുണ്ടാക്കുന്ന ഫുഡിൽ മത്സരിച്ച് കൈയിട്ട് വാരാനോ റിമോട്ടിന് വേണ്ടി തല്ല് പിടിക്കാനോ ഒന്നും ഞാൻ ഉണ്ടാവില്ല.... സന്തോഷായില്ലേ എന്റെ ഏട്ടന്....?" അവളുടെ ചോദ്യം കേട്ട് നിയന്ത്രണം വിട്ട് ആരവ് അവളെ കെട്ടിപ്പിടിച്ചു.... സ്വന്തം കൂടെപ്പിറപ്പ് അല്ലെങ്കിൽ കൂടി അങ്ങനെ വിശ്വസിച്ചു ജീവിച്ചവരാണ്.... റാവണിനോട് കാണിക്കാത്ത കുരുത്തക്കേടുകൾ ഒക്കെ ആയിട്ട് അവന് നേരെയാണ് അവള് പോകാറ്.... അവൻ ഓർത്തു.... "മതി.... അവളെ വിട് അനന്തൂട്ടാ...."

ശിവദ കണ്ണീരോടെ അവനെ ശകാരിച്ചു.... ശിവദയെയും അവൾ അത് പോലെ കെട്ടിപ്പിടിച്ചു... ശിവദയും കരഞ്ഞു പോയിരുന്നു.... പെറ്റമ്മയല്ലെങ്കിലും വേർതിരിച്ചു കണ്ടിട്ടില്ല ഇന്നേവരെ... ഇന്നവൾ ഭർത്താവിന്റെ കൈ പിടിച്ച് അകലുമ്പോൾ ഗൗരി ഏൽപ്പിച്ച ആ ചോരക്കുഞ്ഞിന്റെ പിഞ്ചു കൈകളാണ് അവർ ഓർത്തത്.... ചങ്ക് പൊടിയുകയായിരുന്നു ആ അമ്മയുടെ... ഇരുപതും ഇരുപത്തിരണ്ടും വർഷം പൊന്ന് പോലെ വളർത്തി വരുന്ന പെണ്മക്കളെ മറ്റൊരാൾക്ക്‌ കൈമാറേണ്ടി വരുന്ന വിരോധാഭാസം.... അതാണല്ലോ വിവാഹം.... ആ സമയം മകൾക്ക് മുന്നിൽ കാത്തിരിക്കുന്നത് സ്വർഗ്ഗമാണോ നരകമാണോ എന്നറിയാതെ അവരുടെ പാതി ജീവൻ എരിഞ്ഞു തീർന്നിട്ടുണ്ടാവും.... "പോട്ടെ ഏട്ടത്തിയമ്മേ.....?" അവൾ ജാനിക്ക് മുന്നിൽ വന്ന് നിന്ന് പുഞ്ചിരിച്ചു.... റാവൺ അവളെ തലോടി... "പോയി വരട്ടേന്ന് പറയെടി...." അവളുടെ കവിളിനിട്ട് ഒന്ന് കൊടുത്ത് ജാനി അവളെ കെട്ടിപിടിച്ചു.... അവൾ തിരിച്ചും.... ജാനിയിൽ നിന്ന് അടർന്നു മാറി നന്ദു റാവണിന്റെ നെഞ്ചിൽ ചാരി.... അവന്റെ നെഞ്ചിന്റെ മിടിപ്പ് ഉയരുന്നത് അവൾ അറിഞ്ഞു... ഏട്ടന്റെ നെഞ്ചിൽ ചാരി പതുങ്ങി നിൽക്കുന്നവളെ റാവൺ തന്നെ അടർത്തി മാറ്റി.... അവളുടെ കവിളിൽ ഒന്ന് തട്ടി അവളെ യുവയുടെ കൈകളിൽ ഏൽപ്പിച്ചു.... അത് കാണാൻ വിക്രവും ഉണ്ടായിരുന്നു.... പോകാൻ നേരം തന്നെ നോക്കി നിൽക്കുന്ന വിക്രത്തോട് കണ്ണുകൾ കൊണ്ട് യാത്ര ചോദിക്കാനും അവൾ മറന്നില്ല........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story