ജാനകീരാവണൻ 🖤: ഭാഗം 126

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

 ശത്രുവായി കണ്ട RK ഇന്ന് തന്റെ രക്ഷക്കെത്തിയിരിക്കുന്നു..... ഒരു മാപ്പ് പറയാൻ പോലും ആ നാവ് ഉയരുന്നുണ്ടായിരുന്നില്ല..... ഗൗരി നന്ദിയോടെ അവനെ നോക്കിയെങ്കിലും അവനിൽ നിന്നൊരു നോട്ടം ഉണ്ടായില്ല.... അന്നാദ്യമായി ഗൗരിക്ക് കുറ്റബോധം തോന്നി... അവനെ ഓർത്ത് ആദ്യമായി ആ കണ്ണുകൾ നിറഞ്ഞു.... അസഹനീയമായ വേദന അവർ കടിച്ചു പിടിച്ചു... കൈ ഒന്ന് അനക്കാൻ പോലും കഴിഞ്ഞില്ല.... അത്രമേൽ വേദന തോന്നി.... മകളുടെ അവഗണനയും മരുമകന്റെ കരുണയും ഒരുപോലെ ഗൗരിയെ നോവിച്ചു.... അവനെ മനസ്സിലാക്കുന്നതിൽ സംഭവിച്ച തെറ്റ് തിരിച്ചറിയുകയായിരുന്നു ഗൗരി.... ഇന്ന് അവൻ വന്നില്ലായിരുന്നെങ്കിൽ..... ആ ഓർമയിൽ ഗൗരി കണ്ണുകൾ ഇറുക്കിയടച്ചു... ഓർക്കാനേ വയ്യ.... ഒന്നുകിൽ അമ്മയെ ക്ഷപിച്ചു സിദ്ധാർഥിന്റെ അടിമയായി അവൾ നരകതുല്യമായ ജീവിതം നയിക്കുമായിരുന്നു.... അല്ലെങ്കിൽ ആ ജീവിതം തന്നെ അവസാനിപ്പിച്ചേനെ... ഗൗരി ശ്വാസം ഒന്ന് ആഞ്ഞു വലിച്ചു.... കണ്ണുകൾ പതിയെ തുറന്നു....

റാവൺ തന്നെ നോക്കുന്നില്ല..... എങ്കിലും ഗൗരി അവനെ ഉറ്റുനോക്കി.... ഇവനെക്കാൾ മികച്ച പാതി തന്റെ മകൾക്ക് ഇനി കിട്ടാനുണ്ടോ... അവർ സ്വയം ചോദിച്ചു പോയി.... ആരും കാണാത്ത.... കാണാൻ ശ്രമിക്കാത്ത.... എന്നാൽ തന്റെ മകൾ കണ്ട രാവണനെ നോക്കി കാണുകയായിരുന്നു ഗൗരി.... ••••••••••••••••••••••••••••••••••••••••° ഗൗരിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു.... കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല..... ബുള്ളെറ്റ് റിമൂവ് ചെയ്ത് സ്റ്റിച് ഇട്ടു... വേദനയുള്ളത് കൊണ്ട് സ്ലിംഗ് ഇടേണ്ടി വന്നു.... കൈ അനക്കാൻ നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നു.... എല്ലാം കഴിഞ്ഞ് ബില്ല് മുൻ‌കൂർ അടച്ചിട്ടാണ് റാവൺ യുവയെയും വീട്ടുകാരെയും വിവരമറിയിച്ചത്.... വിവരമറിഞ്ഞു അവരൊക്കെ വന്നതും റാവൺ പിന്നെ അവിടെ നിന്നില്ല.... ഗൗരി അവനെ നോക്കുന്നത് കണ്ടെങ്കിലും കാണാത്ത ഭാവത്തിൽ അവൻ അവിടെ നിന്നും ഇറങ്ങി... അവരൊക്കെ ഹോസ്പിറ്റലിൽ ആയത് കൊണ്ട് യുവയോട് ചോദിച്ചു റാവൺ നന്ദുവിനെ കൂടെ കൂട്ടി... അവളും അത് ആഗ്രഹിച്ചിരുന്നു...

പക്ഷേ യുവക്ക് അയക്കാൻ മനസ്സ് ഇല്ലാഞ്ഞിട്ട് കൂടി റാവൺ ചോദിച്ചപ്പോ സമ്മതം മൂളേണ്ടി വന്നു.... നന്ദുവിനെ കൂട്ടി റാവൺ വീട്ടിലേക്ക് പോയി.... അമ്മയോടുള്ള ദേഷ്യത്തിൽ ഇരുന്ന ജാനി നന്ദുവിനെ കണ്ടപ്പോൾ അതൊക്കെ മറന്ന പോലെ അവളെ ഓടിവന്ന് കെട്ടിപ്പിടിച്ചു.... മനസ്സിലെ എല്ലാ ഭാരവും അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു തീർത്തു.... ആ കണ്ണുനീർ അമ്മയുടെ അവസ്ഥ ഓർത്തുള്ള സങ്കടമാണെന്ന് കരുതി നന്ദു അവളെ ആശ്വസിപ്പിച്ചു.... എന്തുകൊണ്ടോ അമ്മയുടെ ചതിയുടെ കഥകൾ ആരോടും പറയാൻ മനസ്സ് വന്നില്ല അവൾക്ക്.... ഇത്ര നാൾ തന്റെ അമ്മയും കൂടി അറിഞ്ഞിട്ടാണ് ഇവിടെ ഓരോരുത്തരെയായി ദ്രോഹിച്ചു കൊണ്ടിരുന്നത്.... ആ ഓർമയിൽ അവളുടെ രക്തം തിളച്ചു.... ഒരുവേള ചോര വാർന്നൊലിച്ചു തനിക്ക് മുന്നിൽ കിടന്ന നന്ദുവിന്റെ മുഖം മനസ്സിൽ ഓടിയെത്തി .... ആ നിമിഷം അവൾ നന്ദുവിനെ വീണ്ടും വാരി പുണർന്നു..... ഒരു ക്ഷമാപണം പോൽ.... അതറിയാതെ നന്ദുവും അവളെ ആശ്വസിപ്പിച്ചു.... ഒരുതരത്തിൽ നന്ദുവിന്റെ വരവ് ജാനിക്ക് ഒരു ആശ്വാസമായിരുന്നു.... നന്ദുവിനോളം അവളെ സ്നേഹിച്ച.... ചേർത്തു പിടിച്ച... മറ്റാരും ഇല്ലെന്നവൾക്ക് തോന്നി.... ഒരു കൂടെപ്പിറപ്പായി കൂടെ ഉണ്ടായിരുന്നവളാണ്....

അവൾ വിവാഹം കഴിഞ്ഞ് പോയപ്പോൾ തന്റെ ശരീരത്തിലെ ഒരു ഭാഗം വേർപെട്ട അവസ്ഥയായിരുന്നു ജാനിക്ക്... പക്ഷേ അവളുടെ ജീവിതം അതാണെന്നോർത്ത് സമാധാനിച്ചു.... അവൾക്ക് വേണ്ടി പ്രാർത്ഥിച്ചു.... ഇവരുടെ നിൽപ്പ് കണ്ട് നിൽക്കുന്നവരുടെ മനസ്സും നിറഞ്ഞു... ശിവദ വന്ന് രണ്ടുപേരെയും കഴിക്കാൻ വിളിച്ചു പോയി.... ഒന്ന് ഫ്രഷ് ആയിട്ടാണ് രണ്ടുപേരും താഴേക്ക് പോയത്.... ജാനിയും നന്ദുവും ചെന്നപ്പോഴേക്കും ആരവും റാവണും കഴിച്ച് തുടങ്ങിയിരുന്നു.... ജാനി കൊത്തി പെറുക്കി ഇരിക്കുന്നത് കണ്ട് റാവൺ ഒന്ന് നോക്കിയതും അവൾ വേഗം കഴിച്ച് എണീറ്റു.... എത്രയൊക്കെ മറക്കാൻ ശ്രമിച്ചാലും അമ്മ ചെയ്ത ചതി.. അതവളെ നോവിച്ചു കൊണ്ടിരുന്നു.... കഴിച്ചു കഴിഞ്ഞ് അവൾ നന്ദുവിന്റെ മുറിയിലേക്ക് പോയി.... രണ്ടുപേരും ബെഡിൽ ചാരി ഇരിക്കുമ്പോഴും ചിന്തകൾ മറ്റെങ്ങോ ആയിരുന്നു.... ജാനിയുടെ മനസ്സ് അമ്മയിൽ കുരുങ്ങി കിടന്നപ്പോൾ നന്ദുവിന്റെ ചിന്തകൾ യുവയാൽ നിറയുകയായിരുന്നു.... ഇതേസമയം മുത്തശ്ശനെയും അമ്മയെയും യാമിയെയും കൂട്ടി തിരികെ വീട്ടിൽ വന്ന യുവക്കും ഒരു മിസ്സിംഗ്‌ തോന്നിയിരുന്നു....

വീട്ടിലും മുറിയിലും ഒക്കെ ആകെ ഒരു ശൂന്യത.... തന്നോട് അവൾക്ക് അകൽച്ച ഉണ്ടെങ്കിലും വീട്ടുകാരോട് നല്ല അടുപ്പമാണ്... യാമിയുടെ കൂടെ അലച്ചു നടക്കുന്നത് കാണാം... എപ്പോ വീട്ടിൽ കേറി വരുമ്പോഴും രണ്ടിന്റെയും കളിയും ചിരിയും കേൾക്കാം.... അതൊക്കെ അവനിൽ പുഞ്ചിരി വരുത്തുമായിരുന്നു.... യാമി ഉണ്ടെങ്കിലും വീടിന് ഒരു ഉണർവ് ഇല്ലെന്ന് തോന്നി.... ആളും അനക്കവും ഇല്ലാത്തത് പോലെ.... മുറിയിലേക്ക് ചെന്നപ്പോഴും അത് അവന് ഫീൽ ചെയ്തു.... വല്ലാത്തൊരു ശൂന്യത.... അവളുടെ അടുത്തേക്ക് പോയാലോ എന്നവൻ ചിന്തിച്ചു.. അടുത്ത നിമിഷം അവനിലെ അഭിമാനി ഉണർന്നു... ആ ചിന്ത അവിടെ ഉപേക്ഷിച്ചു.... അവളെ വിടേണ്ടിയിരുന്നില്ല എന്ന് അവന് തോന്നിപ്പോയി.... അവൾ വരും മുൻപും താൻ ഒറ്റക്ക് ആയിരുന്നല്ലോ പിന്നെ എന്താണ് തനിക്കിപ്പോൾ അവളില്ലായ്മ ഒരു ശ്വാസം മുട്ടലായത്... അവൻ ചിന്തിച്ചു.... ആ രാത്രി അവൻ തിരിച്ചറിയുകയായിരുന്നു.... നന്ദുവിൽ നിന്ന് അവനൊരു മടങ്ങിപ്പോക്ക് അസാധ്യമാണെന്ന്... ••••••••••••••••••••••••••••••••••••••°

നന്ദു ഗുഡ് നൈറ്റ്‌ പറഞ്ഞു ജാനിയെ പറഞ്ഞ് വിട്ടതും അവൾ റൂമിലേക്ക് ചെന്നു.... റാവൺ മുടി ചീകി നിൽക്കുന്നത് കണ്ട് അവളൊന്ന് നിന്നു.... അവളിൽ കുറ്റബോധം തല പൊക്കി.... അവനോട് വിളിച്ചു പറഞ്ഞതൊക്കെ കാതിൽ അലയടിച്ചു.... ശിരസ്സ് പതിയെ താണു പോയി..... റാവൺ താടിയും മീശയും ഒക്കെ ഒതുക്കി വെച്ച് തിരിയുമ്പോഴാണ് ജാനിയെ കാണുന്നത്.... അവനെ നോക്കാൻ അവൾ നന്നേ ബുദ്ധിമുട്ട് കണ്ടതും അവൻ അവളെ ഉറ്റുനോക്കി... "എന്ത് പറ്റി....?" തികച്ചും ശാന്തമായ അവന്റെ സ്വരം അവളുടെ കാതിൽ എത്തിയതും അവൾ അവനെ നോക്കി.... "ഞാൻ.... എനിക്ക്.... അത്...." വാക്കുകൾക്കായി അവൾ പരതി.... അത് കണ്ട് റാവൺ അവളുടെ അടുത്തേക്ക് നടന്നു.... മുന്നോട്ട് ആഞ്ഞുകൊണ്ട് അവളെ പുണർന്നു.... "It's okay ജാനി...." അവളുടെ തല തന്റെ നെഞ്ചോരം ചേർത്തുകൊണ്ട് നെറ്റിയിൽ മുത്തി.... പതിഞ്ഞ സ്വരത്തോടെ അവൻ മൊഴിഞ്ഞു.... ആ സ്പർശം അവളെ കുളിരണിയിപ്പിച്ചു.... അവന്റെ സ്വരം അവളുടെ കരളലിയിപ്പിച്ചു....

അവന്റെ നെഞ്ചോരം അവനോട് ചേർന്ന് അങ്ങനെ നിൽക്കുമ്പോൾ പേരറിയാത്ത ഒരു സുഖം, സന്തോഷം അവളെ പൊതിഞ്ഞു.... അങ്ങനെ തന്നെ ജീവിതകാലം മുഴുവൻ നിൽക്കാൻ കൊതിച്ചു പോയി അവൾ... അവനിലേക്ക് ഇനിയും ഇനിയും അമരാൻ വെമ്പി അവൾ ഇരുകൈകൾ കൊണ്ട് അവനെ തിരികെ പുണർന്നു.... അത്രമേൽ ശക്തമായി.... ശ്വാസം വിടാനുള്ള അകലം പോലും ഇല്ലാതെ.... അവൾ അവനിൽ അള്ളിപ്പിടിച്ചു.... അവളുടെ ശരീരഭാഗങ്ങൾ അവനിൽ അമർന്നു.... അവളിൽ നിന്ന് വമിക്കുന്ന പെർഫ്യൂമിന്റെ ഗന്ധം അവന്റെ മൂക്കിൽ തുളച്ചു കയറി.... രണ്ട് പേരിലും മാറ്റങ്ങൾ സംഭവിക്കുകയായിരുന്നു..... മുൻപത്തെ ആ രാത്രി ഓർമയിലേക്ക് എത്തിയതും റാവൺ ഒന്ന് പിൻ വലിഞ്ഞു.... ഉയർന്നു പൊങ്ങിയ വികാരത്തിന് കടിഞ്ഞാണിട്ടുകൊണ്ട് അവളുടെ മുഖം കൈക്കുമ്പിളിൽ എടുത്തു... ആ ചോരാച്ചുണ്ടുകളെ ഒന്ന് താലോലിക്കാതെ വിടാൻ മനസ്സ് വന്നില്ല അവന്.... മുന്നോട്ട് ആഞ്ഞു ആ ചുണ്ടുകളെ വിഴുങ്ങുമ്പോൾ അതുവരെയുള്ള ദുഃഖങ്ങൾ അവളും മറന്നിരുന്നു....

അവന്റെ പ്രണയം നിറഞ്ഞ ആ സമ്മാനം അവളെ ആനന്ദത്തിലാക്കി.... മനസ്സ് നിറഞ്ഞു.... ഒപ്പം കണ്ണുകളും..... അവളുടെ ചുണ്ടുകളെ മതിവരാതെ അവൻ നുണഞ്ഞു.... അവനിലെ ആ ഭാവം ആസ്വദിക്കുകയായിരുന്നു അവൾ.... അവൻ തന്നിൽ ലയിച്ചു നിൽക്കുന്നത് അവളെയും സന്തോഷിപ്പിച്ചു.... തന്റെ ഭർത്താവ് സ്വയം മറന്ന് അവളിൽ ലയിച്ചു നിൽക്കുന്നത്, അതൊരു സന്തോഷം തന്നെയാണ്.... അവന്റെ ചുംബനത്തിന്റെ ആഴം കൂടി വരും തോറും അവളുടെ വിരലുകൾ അവന്റെ തലമുടിയിൽ മുറുകി.... ആ മുടിയിഴകൾ പ്രണയത്തോടെ അവൾ കോർത്തു പിടിച്ചു.... ശ്വാസം ആഞ്ഞു വലിച്ചുകൊണ്ട് അവൻ അവളിൽ നിന്ന് പിൻവാങ്ങിയതും അവളവനെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു.... "I.. I love you.... രാവണാ...." കിതപ്പോടെ അവൾ പറഞ്ഞു..... "എന്നെ വിട്ട് പോകല്ലേ....." കിതപ്പ് ഒന്ന് അടങ്ങിയതും അവൾ അവനെ മുറുക്കി.... റാവൺ ചിരിച്ചു.... അവളെ പൊതിഞ്ഞു പിടിച്ചു..... മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും ഈ ജന്മം അവളില്ലായ്മ അവനും ചിന്തിക്കാൻ പോലും ആവില്ലായിരുന്നു.....

കുറച്ചധികം നേരം അവൻ അവൾക്ക് വേണ്ടി അങ്ങനെ നിന്ന്കൊടുത്തു.... പതിയെ വിട്ടുമാറി.... അവളുമായി ബെഡിലേക്ക് കിടന്നു.... അവന്റെ നെഞ്ചോരം അവൾ സ്ഥാനം പിടിച്ചു.... അതാണ് സ്വർഗ്ഗമെന്ന് തോന്നിപ്പോയി അവൾക്ക്.... "രാവണാ...." അവന്റെ ടീഷർട്ടിന് മുകളിലൂടെ വിരലോടിച്ചു കൊണ്ട് അവൾ വിളിച്ചു.... അവൻ തല ചെരിച്ചൊന്ന് നോക്കി.... "ദേഷ്യണ്ടോ....?" ചുണ്ട് ചുള്ക്കിയുള്ള ആ ചോദ്യം കേട്ട് അവൻ ചിരിച്ചു.... "ഞാൻ അറിയാതെ പറഞ്ഞുപോയതാ.... സോറി..." അവൾ അവന്റെ താടിയിൽ മുത്തിക്കൊണ്ട് പറഞ്ഞു... "ദേഷ്യല്ലല്ലോ....?" അവൾ ഒരിക്കൽ കൂടി തിരക്കി.... അവന്റെ മുഖത്ത് സൂക്ഷിച്ചു നോക്കി.... ആ മുഖത്ത് എവിടെയെങ്കിലും ഒരിറ്റ് അനിഷ്ടം ഉണ്ടോ എന്ന്.... "ഇല്ലടി.... 😅" അവളുടെ മറ്റും ഭാവവും കണ്ട് അവനിലും ചെറു ചിരി പടർന്നു.... അപ്പോഴാണ് അവൾക്ക് ആശ്വാസം തോന്നിയത്.... "ഹാവൂ.... ഇപ്പോഴാ ആശ്വാസം ആയെ...."അവൾ നീട്ടിയൊന്ന് ശ്വാസം വലിച്ചു വിട്ടു.... പിന്നെ പിന്നെ പെണ്ണ് വാ തോരാതെ സംസാരം ആയി....

ഇന്ന് വരെ പറയാൻ മടിച്ചതൊക്കെ ഓരോന്നായി ഓർത്തോർത്തു പറയുകയായിരുന്നു..... ഒക്കെ കേട്ട് ചെറുചിരിയോടെ അവൻ നല്ലൊരു കേൾവിക്കാരനായി..... മടുപ്പില്ലാതെ നമ്മളെ കേട്ടിരിക്കാൻ ഒരാൾ ഉണ്ടാവാനും വേണം ഒരു ഭാഗ്യം.....! ••••••••••••••••••••••••••••••••••••••° ഗൗരിയെ റൂമിലേക്ക് മാറ്റി.... മുത്തശ്ശനും മുത്തശ്ശിയും ഗൗതമും ഭാര്യയും മക്കളും ഗൗരിയെ കാണാൻ മുറിയിൽ എത്തി.... അത്രയും ആളുകൾ ഉണ്ടായിരുന്നിട്ടും ആ മുറിയിൽ നിശബ്ദത തളം കെട്ടി നിന്നു... യുവയും നന്ദുവുമായുള്ള വിവാഹത്തെ ചൊല്ലി തർക്കിച്ചാണ് ഗൗരി ഇവരിൽ നിന്നൊക്കെ മാറി താമസം തുടങ്ങിയത്.... അവരെ ഒക്കെ ഫേസ് ചെയ്യാൻ ഗൗരിക്ക് ബുദ്ധിമുട്ട് തോന്നി.... ആരും ഒന്നും മിണ്ടുന്നില്ല.... ഗൗരി തലയുയർത്തി നോക്കിയില്ല..... "മോളെ...."അച്ഛന്റെ ശബ്ദം അവരുടെ കണ്ണ് നിറയിച്ചു.... നിറഞ്ഞ കണ്ണുകളുയർത്തി അച്ഛനെ നോക്കുമ്പോൾ അറിയാതെ തേങ്ങിപ്പോയി.... അടുത്ത് തന്നെ അവരുടെ തലയിൽ തലോടി ഗൗതം ഉണ്ടായിരുന്നു.... ആർക്കും തന്നോട് പിണക്കം ഇല്ല....

അല്ലെങ്കിലും പിണക്കവും വാശിയും ഒക്കെ എനിക്ക് മാത്രമായിരുന്നല്ലോ.... ഗൗരി ഓർത്തു.... കണ്ണീരോടെ ഏട്ടനെ നോക്കി.... ഏട്ടൻ കണ്ണ് ചിമ്മി ചിരിക്കുന്നുണ്ട്.... അമ്മയും അരികിലായി വന്നിരുന്നു.... തന്റെ മകളുടെ വേദനയിൽ കണ്ണീർ പൊഴിക്കുന്നുണ്ട് ആ വൃദ്ധ.... കണ്ണിൽ ഉരുണ്ട് കൂടിയ കണ്ണുനീറിനെ അമ്മ തുടച്ച് മാറ്റുന്നുമുണ്ട്.... "ഇപ്പൊ എങ്ങനിണ്ട്...?" അമ്മ തിരക്കി.... കുഴപ്പമൊന്നുമില്ലെന്ന് ഗൗരി തലയിളക്കി.... "കൈ അനക്കണ്ട... വേദന കുറച്ച് നാൾ ഉണ്ടാവും...." അച്ഛൻ പറഞ്ഞു.... "നീ കിടന്നോ.... ഞങ്ങൾ ഇവിടെ ഉണ്ടാവും..... ഡിസ്ചാർജിന്റെ കാര്യം ഒന്നും പറഞ്ഞിട്ടില്ല.... ഞാൻ ഒന്ന് ഡോക്ടറെ കണ്ടിട്ട് വരാം...." ഗൗരിയുടെ തലയിൽ ഒന്ന് തഴുകി ഗൗതം പുറത്തേക്ക് നടന്നു.... "അച്ഛാ... അവി.... അവള് വന്നില്ലേ....?" അച്ഛനോടായി ഗൗരി തിരക്കി.... പ്രതീക്ഷയോടെ വാതിൽക്കലേക്ക് ഒരിക്കൽ കൂടി നോക്കി.... "അവളിനി വരുമെന്ന് തോന്നുന്നുണ്ടോ നിനക്ക്....?".....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story