ജാനകീരാവണൻ 🖤: ഭാഗം 147

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

ഇന്നാണ് ഭരത്തിന്റെ എൻഗേജ്മെന്റ്..... എല്ലാവരും പോകാനുള്ള ഒരുക്കത്തിലാണ്.... റാവണും ജാനിയും റെഡി ആയി വന്നപ്പോൾ ആരവും ശിവദയും അവർക്ക് മുന്നേ തയ്യാറായി നിൽപ്പുണ്ട്.... എന്നിട്ടും നന്ദുവും യുവയും ഇതുവരെ വന്നിട്ടില്ല.... നിന്ന് നിന്ന് ക്ഷമ നശിച്ചതും ജാനി അവസാനം സ്റ്റെയർ കയറി അവരെ നോക്കാൻ പോയി.... "ഒന്ന് വേഗം ആവട്ടെ.... ലേറ്റ് ആവുന്നു...." സാരിയുടെ പ്ലീറ്റ് എടുത്തു കൊടുക്കാൻ നിൽക്കുന്ന യുവയോടായി അവൾ പറഞ്ഞു.... "ചെയ്യുവല്ലേ.... നീ ഇങ്ങനെ ധൃതി പിടിക്കാതെ....." ഞൊരിഞ്ഞെടുത്ത ഭാഗം അവളുടെ അണ്ടർ സ്‌കർട്ടിന് ഉള്ളിലേക്ക് തിരുകിക്കൊണ്ട് അവൻ പിൻ ചെയ്തു കൊടുത്തു.... ശേഷം ആ പൊക്കിൾ ചുഴിയിൽ ഒന്ന് വിരലിട്ട് കറക്കി.... നന്ദു അവനെ ഒന്ന് കൂർപ്പിച്ചു നോക്കി.... "നിശ്ചയം ഇന്നാണ്.... അല്ലാതെ നാളെ അല്ല...."നന്ദു പല്ല് കടിച്ചു...

. "നീയിതൊക്കെ വലിച്ചു പറിച്ചു അഴിക്കാൻ പറഞ്ഞിരുന്നെങ്കിൽ ഞാൻ അത് പുഷ്പം പോലെ ചെയ്തേനെ.... ഇതിപ്പോ...." അവൻ മുഖം ചുളിച്ചു.... "അയ്യ... മാറങ്ങോട്ട്..... ഞാൻ ഉടുത്തോളാം..."അവനെ തള്ളി മാറ്റി നന്ദു കണ്ണാടിക്ക് മുന്നിൽ കയറി നിന്നു.... വേഗം സാരി വൃത്തിയിൽ ഉടുക്കാൻ തുടങ്ങി..... ഷോൾഡറിൽ പിൻ ചെയ്തു വെച്ച് മുടി സൈഡ് പഫ് ചെയ്ത് വിടർത്തിയിട്ടു.... കണ്ണ് നീട്ടിയെഴുതി ചുണ്ടിൽ ചായം തേച്ചു മുഖവും ഒന്ന് മിനുക്കി.... "ഡീ...."ഇതൊക്കെ നോക്കി ബഡിൽ കൈയും ഊന്നി ഇരുന്നവൻ അവളെ വിളിച്ചു.... അവൾ എന്തെന്ന മട്ടിൽ തിരിഞ്ഞു നോക്കി.... "നിശ്ചയത്തിന് ഇപ്പോ തന്നെ പോണോന്ന് നിർബന്ധം ഉണ്ടോ.... ഉച്ചക്ക് പോയാൽ പോരെ...."അവൻ ചുണ്ട് കടിച്ചു പിടിച്ചു ചിരിച്ചു.... "പൊയ്ക്കോണം അവിടുന്ന്...."നന്ദു കണ്ണുരുട്ടി.... "ഹാ.... വേണ്ടേൽ വേണ്ടാ...."യുവ ചുണ്ട് കോട്ടി.... "അതേയ്.... നിശ്ചയം അടുത്ത ആഴ്ചയല്ല.... ഇന്നാണ്..."ജാനി വാതിലിൽ മുട്ട് തുടങ്ങിയതും രണ്ടു പേരും പെട്ടെന്ന് പുറത്തേക്ക് ഇറങ്ങി.... "ആഹാ.... ഒരു വീടിന് വേണ്ട പുട്ടി ഉണ്ടല്ലോ മുഖത്ത്...."

ഇറങ്ങിയ പാടെ ജാനിയുടെ ട്രോളും എത്തി.... "ലേറ്റ് ആയി.... നടക്ക് നടക്ക്...."അവൾ ഇളിച്ചോണ്ട് വേഗം മുന്നോട്ട് നടന്നു.... രണ്ട് കാറിലായിട്ടാണ് അവർ പോയത്..... നിശ്ചയം ആമിയുടെ വീട്ടിൽ വെച്ചാണ്.... ഭരത് എല്ലാവരെയും ക്ഷണിച്ചിരുന്നു.... മാനസയും വികാസും വിക്രവും ഇളയും മനുവും ജിത്തുവും ഒക്കെ ഉണ്ടായിരുന്നു അവിടെ.... ചെന്ന പാടെ ജാനിയും നന്ദുവും ആമിയെ ഒരുക്കാൻ കൂടി... അഭി വരുമെന്ന് അവർ പ്രതീക്ഷിച്ചെങ്കിലും അവൾ കല്യാണത്തിന് വരാമെന്നു പറഞ്ഞ് സമാധാനിപ്പിച്ചു നിർത്തി.... ശിവദ ഭരത്തിന്റെ അമ്മയ്ക്കും മുത്തശ്ശനും ഒപ്പം കൂടി.... മൂർത്തിയുടെ മരണശേഷം ഭരത്തിലൂടെ അവർ തമ്മിൽ ഒരു അടുപ്പം ഒക്കെ ഉണ്ടായിരുന്നു.... നേരം ആയതും ജാനിയും നന്ദുവും കുറച്ച് ബന്ധുക്കളും ചേർന്ന് ആമിയെ കൂട്ടി വന്നു.... അപ്പോഴാണ് നന്ദുവിനെ വിക്രം ശ്രദ്ധിച്ചത്.... സാരിയിൽ അവൾ അതീവ സുന്ദരിയാണെന്ന് അവൻ ഓർത്തു.... ചുണ്ടിൽ ഒരു വരണ്ട ചിരിച്ചു ഉണ്ടായിരുന്നു.... അടുത്തായി വന്ന് നിന്ന യുവയെ കണ്ടതും വിക്രം പിന്നെ അങ്ങോട്ട് നോക്കിയില്ല....

എന്നാൽ വിക്രത്തെ ഞെട്ടിച്ചു കൊണ്ട് യുവ അവനെ നോക്കി ചിരിച്ചു.... "താങ്ക്സ്...." അവൻ ആ ചിരി നിലനിർത്തിക്കൊണ്ട് തന്നെ പറഞ്ഞു.... എന്തിനെന്നു മനസ്സിലാവാതെ വിക്രം അവനെ ഉറ്റുനോക്കി.... "എന്റെ ഭാര്യയെ വേദനിപ്പിച്ചതിനും.... വേണ്ടാന്ന് വെച്ചതിനും...."അത്ര മാത്രം പറഞ്ഞുകൊണ്ട് യുവ നടന്നകന്നു.... അത് കേട്ട് വേദന കലർന്ന ചിരിയോടെ അവൻ നന്ദുവിനെ നോക്കി.... നഷ്ടബോധം ആവോളം ഉണ്ടെങ്കിലും അവളെ വെട്ടിപ്പിടിക്കാനുള്ള മോഹം ഒന്നും ഇല്ല.... ഇനിയൊരു ജന്മം ഈശ്വരൻ തരുമെങ്കിൽ അന്ന് ആർക്ക് വേണ്ടിയും ഒന്നിനും വേണ്ടിയും വിട്ട് കൊടുക്കില്ല അവളെ.... അവൻ മനസ്സിൽ ഉറപ്പിച്ചു.... ഒപ്പം ആത്മാർത്ഥമായി പ്രാർത്ഥിച്ചു.... അടുത്ത ജന്മത്തിലെങ്കിലും അവളെ തനിക്കായി കാത്തു വെക്കണേ എന്ന്.... മോതിരം മാറ്റൽ ഒക്കെ കഴിഞ്ഞ് എല്ലാവരും ഗിഫ്റ്റ് ഒക്കെ കൈമാറി.... മാനസ ക്ഷീണത്തോടെ കുറച്ച് ഒന്ന് ഒതുങ്ങിയ തക്കത്തിൽ നന്ദു നാത്തൂൻ കളിച്ചു സ്കോർ ചെയ്തു.... ഒരു സഹോദരിയുടെ കടമ പോലെ നന്ദു ആമിയെ കൂടെ കൊണ്ട് നടന്നു....

കഴിക്കാനും കഴിപ്പിക്കാനും കളിയാക്കാനും ഒക്കെ അവൾക്കൊപ്പം ജാനിയും കൂടി... ആ കാഴ്ചയിൽ ഭരത്തിന്റെ അമ്മയും മുത്തശ്ശനും കണ്ണീർ പൊഴിച്ചു.... മൂർത്തിയുടെ തനി നിറം മനസ്സിലാക്കിയപ്പോൾ തളർന്നു പോയവനാണ്.... ആ അവന് താങ്ങും തണലുമായി നിന്നത് ആ കുടുംബമാണ്..... ലോകത്ത് ഒരു പെണ്ണും തന്റെ ഭർത്താവിന് മറ്റൊരു സ്ത്രീയിൽ ജനിച്ച മക്കളെ അംഗീകരിക്കില്ല.... പക്ഷേ എനിക്ക് അംഗീകരിക്കാതിരിക്കാനാണ് കഴിയാഞ്ഞത്.... എന്റെ മോന്റെ സന്തോഷം തന്നെ അവരൊക്കെയാണ്..... അവന്റെ സഹോദരങ്ങൾ എന്നത് എനിക്ക് എന്റെ മക്കൾക്ക് തുല്യമാണ്.... സ്നേഹം നൽകുന്നതിലും അവരാ തുല്യത നിലനിർത്തിയിരുന്നു.... ഒരു അമ്മയായി മക്കൾക്ക് എല്ലാവർക്കും തണലാവാൻ ആ അമ്മയും മനസ്സ് കൊണ്ട് ആഷിച്ചിരുന്നു.... ഫുഡ്‌ ഒക്കെ കഴിഞ്ഞ് വൈകിട്ടോടെയാണ് എല്ലാവരും വീട്ടിലേക്ക് തിരിച്ചു പോയത്.... വീട്ടിലെത്തി ഡ്രസ്സ്‌ ഒക്കെ ചേഞ്ച്‌ ചെയ്ത് റാവണും യുവയും പുറത്തേക്ക് പോയി.... ബാക്കി എല്ലാവരും ഹാളിൽ ഇരുന്ന് കത്തിയടിപ്പായി....

യുവ ഇല്ലാത്തപ്പോൾ ആരവിന് ഇപ്പൊ ഇപ്പൊ ആശ്വാസമാണ്..... ഫേസ് ചെയ്യാൻ ഒരു മടി.... അങ്ങനെ അന്നത്തെ ദിവസവും പതിവ് പോലെയൊക്കെ തന്നെ കടന്ന് പോയി.... എല്ലാവരും സന്തോഷത്തിലാണ്.... ആരവിന് മാത്രം അത് ഇച്ചിരി കുറവാണെന്ന് മാത്രം.... ദിവസങ്ങൾ കടന്നു പോയി..... അങ്ങനെ ഇരിക്കെ ഒരു ദിവസം ആരവ് ഓഫീസിൽ നിന്ന് വരുമ്പോൾ ഗൗതമും ഭാര്യയും ഹാളിൽ ഇരിപ്പുണ്ട്... യാമിയെ അവൻ തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം...... യുവയും റാവണും ജാനിയും ശിവദയും ഒക്കെ ഉണ്ട്.... അവൻ കാര്യം അറിയാൻ അടുത്ത് നിന്ന ജാനിയെ തോണ്ടി.... അവൾ കൈ മലർത്തി.... "ആഹ് ആരവ് വന്നല്ലോ.... ഇനി കാര്യത്തിലേക്ക് കടക്കാം...."ഗൗതം പറഞ്ഞു.... "ഞങ്ങൾ യാമിക്ക് വിവാഹം നോക്കി തുടങ്ങിയിട്ടുണ്ട്.... അപ്പോ യുവ എന്നോട് ഒരു കാര്യം പറഞ്ഞു...."ഗൗതം പാതിയിൽ നിർത്തി ആരവിനെ നോക്കി....

അവന്റെ നെഞ്ചിടിപ്പ് ഉയർന്നു.... അവൻ യുവയെ നോക്കി.... "ഇവരൊക്കെ എന്താവും പറയാൻ പോകുന്നത്.... ഒരു വാണിംഗ് തരാൻ ആണോ ഈ വരവ്... അങ്ങനെ ഉണ്ടായാൽ എല്ലാവരും ഇതൊക്കെ...."അവൻ മനസ്സിൽ ഓർത്തു..... "ഞങ്ങൾക്ക് ശിവദയോടാണ് ആദ്യം ചോദിക്കാനുള്ളത്..... യുവ എന്നോട് ചോദിച്ചു കൈവെള്ളയിൽ ചെക്കനെ വെച്ചിട്ട് എന്തിനാ പുറത്ത് പോകുന്നേ എന്ന്.... ഞാനും പിന്നെയാ ചിന്തിച്ചേ.... ആരവിനെ ഞങ്ങൾക്കൊക്കെ അറിയാം.... നല്ലവനാ.... സ്നേഹമുള്ളവനാ...."ഗൗതം വാചാലനായി.... അവർ എന്താണ് പറഞ്ഞ് വരുന്നതെന്ന ചിന്തയിൽ അമ്മയും മകനും പരസ്പരം നോക്കി.... "ആരവിനെ ഞങ്ങടെ യാമിക്ക് തന്നൂടെ....?" .....തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story