ജാനകീരാവണൻ 🖤: ഭാഗം 150

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

കുറച്ച് നേരം പുറം ഭംഗി നോക്കി നിന്ന ഗൗരി ഉമ്മറത്തേക്ക് കയറി.... ഉമ്മറത്തേക്ക് കയറി മണി അടിച്ചു ഗൗരി കാത്ത് നിന്നു.... ഉള്ളിൽ നിന്ന് വാതിൽ തുറന്ന് ഇറങ്ങിയ ആളെ കണ്ട് ആ കണ്ണുകൾ വിടർന്നു.... "ശാരദ...." വർഷങ്ങൾക്കിപ്പുറം കണ്ട അമ്പരപ്പിൽ ഞെട്ടി നിന്ന ശാരദയെ കണ്ട് ഗൗരി മന്ത്രിച്ചു.... ശാരദ കുറച്ച് നേരം അങ്ങനെ നിന്നു പോയി.... കുഞ്ഞിനെ വളർത്താൻ ഏൽപ്പിച്ചു പോയതിൽ പിന്നെ തിരിഞ്ഞു നോക്കാത്തിരുന്ന ഗൗരിയോട് എങ്ങനെ പെരുമാരണമെന്ന് ആ സ്ത്രീ ഓർക്കുകയായിരുന്നു.... തങ്ങൾക്ക് അതിൽ പരിഭവമില്ല.... പൊന്ന് പോലൊരു മകളെ തന്നതിൽ സന്തോഷം മാത്രമേ ഉള്ളൂ.... എന്നാൽ ഗൗരി അന്ന് ചെയ്ത പ്രവർത്തി കാരണം ഹൃദയത്തിൽ ചുമന്നവൾ നെഞ്ച് പൊട്ടി നിന്നത് കാണേണ്ടി വന്നു.... ഇളയവളുടെ ജീവൻ രക്ഷിക്കാൻ അവളുടെ മുഖത്ത് നോക്കി അവൾ മകൾ അല്ലെന്ന് പറയേണ്ടി വന്നു....

അന്നത്തെ അവളുടെ തേങ്ങൽ ഇന്നും ഉറക്കം കെടുത്തുകയാണ്.... ഗൗരി മേഡം പ്രശ്നം ഒക്കെ ഒതുങ്ങി മോളെ കാണാൻ വന്നിരുന്നെങ്കിൽ അറിവ് വെക്കും മുന്നേ അവളെ ഏറ്റെടുത്തിരുന്നെങ്കിൽ തന്റെ കുഞ്ഞിന് വേദനിക്കേണ്ടി വരില്ലായിരുന്നു.... ദൂരെ നിന്നായാലും അവളെ കണ്ട് സന്തോഷിക്കാമായിരുന്നു.... ഇതിപ്പോ.... കുറ്റബോധം കാരണം മുന്നിൽ ചെല്ലാനുള്ള ധൈര്യം പോലും ഇല്ല.... ഉദരത്തിൽ ചുമക്കാനുള്ള ഭാഗ്യം ഇല്ലെങ്കിൽ ജനിച്ച നാൾ മുതൽ അറിയുന്നതാ അവളെ.... സ്വന്തം മകളായി ഹൃദയത്തിൽ ചുമന്നതാണ്..... ജെനിയോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടല്ല അവൾക്ക് വേണ്ടി ജാനിയെ തള്ളി പറഞ്ഞത്.... ബാലു സാറിനെ അനുസരിക്കാതെ ജെനിയെ അദ്ദേഹം എന്തെങ്കിലും ചെയ്തു പോയാൽ ജീവിതകാലം മുഴുവൻ അതോർത്തു നൊവേണ്ടി വരും ... ഞങ്ങൾ പറഞ്ഞില്ലെങ്കിലും അവളുടെ അച്ഛൻ അവൾക്ക് മുന്നിൽ തെളിവുകൾ നിരത്തും .... അവളെ തള്ളി പറഞ്ഞ ആ നിമിഷത്തെ ഓർത്ത് വേദനിക്കുമ്പോൾ തന്റെ ഭർത്താവിനെ ഇത്തരം ന്യായീകരണങ്ങൾ പറഞ്ഞ് സമാധാനിപ്പിക്കുമായിരുന്നവർ..... എങ്കിലും മൂത്ത മകളായി കണ്ടവളാണ്.... അവളുടെ കണ്ണുനീർ ഇന്നും അവരെ വേട്ടയാടുന്നുണ്ട്....

മുന്നിൽ പോയി നിൽക്കാനുള്ള ധൈര്യം ഇതുവരെ ഇല്ല.... അതുകൊണ്ടാണ് നന്ദുവിന്റെ വിവാഹത്തിന് പോലും പങ്കെടുക്കാതിരുന്നത്..... "ശാരദക്ക് എന്നെ മനസ്സിലായില്ലേ....?" ഗൗരിയുടെ ചോദ്യം കേട്ടപ്പോഴാണ് ചിന്തകളിൽ മുഴുകി നിന്ന ശാരദ ഒന്ന് ഞെട്ടിയത്..... "മേഡം വരൂ.... അകത്തേക്ക് ഇരിക്കാം...."പെട്ടെന്ന് വെളിവ് വന്നത് പോലെ ശാരദ ഗൗരിയെ അകത്തേക്ക് വിളിച്ചു.... ഹാളിലേക്ക് ആനയിച്ചുകൊണ്ട് കുടിക്കാൻ എടുക്കാമെന്ന് പറഞ്ഞ് ശാരദ അടുക്കളയിലേക്ക് നടക്കാൻ ഒരുങ്ങി.... "ഇപ്പൊ ഒന്നും വേണ്ട ശാരദേ.... ജനകൻ ഇവിടില്ലേ....?" ചോദ്യത്തോടെ ഹാളിലെ സെറ്റിലേക്ക് ഇരുന്നു.... ആ വീട് ആകെ ഒന്ന് കണ്ണോടിച്ചു.... ഒരുപാട് മോഡേൺ ഒന്നും അല്ലെങ്കിലും അത്യാവശ്യം സൗകര്യങ്ങൾ ഒക്കെ ഉള്ള നല്ലൊരു വീട്... എങ്കിലും ഗ്രാമത്തിനുണ്ടായ വികസനത്തിന്‌ അനുസരിച്ചു അവിടുള്ള വീടുകൾക്കും മാറ്റങ്ങൾ വന്നിരുന്നു.... "ഇല്ല മേഡം.... കടയിൽ പോയിരിക്കുവാ.... വരുമ്പോ സന്ധ്യ കഴിയും...."ശാരദ യാതൊരു വിരോധവും കാണിക്കാതെ തന്നെ പെരുമാറി.... എന്നാൽ ഗൗരിക്ക് അവരുടെ ഇപ്പോഴത്തെ ചുറ്റുപാടിൽ അത്ഭുതം തോന്നി..... രണ്ടറ്റം കൂട്ടി മുട്ടിക്കാൻ പാട് പെടുന്ന കുടുംബത്തിന് താൻ കൊടുക്കുന്ന ശമ്പളം ഒരു ആശ്വാസം തന്നെ ആയിരുന്നു....

എന്നാൽ മകളെ അവരെ ഏൽപ്പിക്കുമ്പോൾ ആ ജോലി ഇല്ലാതെ യാതൊരു സാമ്പത്തിക ഭദ്രതയും ഇല്ലാതെ അവർ എങ്ങനെ കുഞ്ഞുമായി ജീവിക്കുമെന്ന് ഗൗരി ചിന്തിച്ചിരുന്നില്ല... അന്ന് മകളുടെ കാര്യം മാത്രമേ ചിന്തിച്ചിരുന്നുള്ളൂ.... അന്നവർ തന്നോടുള്ള ബഹുമാനം കൊണ്ടോ അതോ മോളോടുള്ള സ്നേഹം കൊണ്ടോ ഒരക്ഷരം എതിർത്ത് പറയാതെ മോളെ ഏറ്റെടുത്തു.... താനില്ലായ്മയിൽ അധിക നാൾ നിൽക്കാതെ വാശി പിടിച്ചു കരയുന്ന കുഞ്ഞിനെ നോക്കാൻ എത്ര കഷ്ടപ്പെട്ടിട്ടുണ്ടാവും..... പ്രത്യേകിച്ച് ഒരു വരുമാനം ഇല്ലാതെ അവളെ വളർത്താൻ നെട്ടോട്ടം ഓടി കാണില്ലേ.... പെട്ടെന്നൊരു ദിവസം മൂന്നുവയസ്സുള്ള കുട്ടിയുമായി വരുന്നവരെ അറിയുന്നവർ ചോദ്യങ്ങൾ കൊണ്ട് വലച്ചു കാണില്ലേ.... ഇതൊന്നും അന്ന് ചിന്തിച്ചിരുന്നില്ല.... ഇപ്പൊ ഓർക്കുമ്പോൾ ഉള്ളിൽ ഒരു വേദന..... കുറ്റബോധം മനസ്സിനെ മതിച്ചു.... "കൈക്ക് എന്ത് പറ്റിയതാ....?" ശാരദയുടെ ചോദ്യം കേട്ട് ഗൗരി ചിന്തകൾ വെടിഞ്ഞു അവരെ നോക്കി.... "വീണതാ...."അങ്ങനെ പറയാനാണ് ഗൗരിക്ക് തോന്നിയത്.... "ജനകൻ ഇപ്പൊ എന്ത് ചെയ്യുന്നു....?"

വീട് ആകെ വീക്ഷിച്ചുകൊണ്ട് ഗൗരി തിരക്കി.... "ടൗണിൽ ഒരു തുണിക്കട ഉണ്ട്.... അത് നോക്കി നടത്തും...."ശാരദ പറഞ്ഞത് കേട്ട് ഗൗരി ഞെട്ടാതിരുന്നില്ല.... "സംശയിക്കേണ്ട മേഡം.... മേഡത്തിന്റെ മാലാഖക്കുഞ്ഞ് കൊണ്ട് വന്ന സൗഭാഗ്യമാണ്.... അവളെ വളർത്തിയതിന്റെ കൂലി....."അത് പറയാൻ ആ സ്ത്രീക്ക് മടി തോന്നിയില്ല.... അഭിമാനത്തോടെ തന്നെ പറഞ്ഞു.... അവളെ വളർത്തുമ്പോൾ തങ്ങൾ നല്ലൊരു അച്ഛനും അമ്മയും തന്നെ ആയിരുന്നു എന്നവർക്ക് ഉറപ്പ് ഉണ്ടായിരുന്നു... "ജാനി മോളുടെ കഴുത്തിൽ റാവൺ കുഞ്ഞ് താലി കെട്ടിയ നാൾ മുതൽ... ഞങ്ങളുടെ എല്ലാ കാര്യവും നോക്കിയത് കുഞ്ഞാണ്.... സ്വീകരിക്കാൻ മടി ഉണ്ടായിരുന്നു ആ സഹായങ്ങൾ.... പ്രസവിച്ചില്ലെങ്കിലും മാതാപിതാക്കളുടെ കടമ നിറവേറ്റിയത് ഞങ്ങളാണ് അങ്ങനെ നോക്കിയാൽ ഇതിനുള്ള അർഹത ഞങ്ങൾക്കാണെന്ന് പറഞ്ഞ് പഠിപ്പിച്ചതും കുഞ്ഞാണ്.... അത് സത്യവുമാണ്...." അത് പറയുമ്പോൾ ഗൗരിയുടെ ശിരസ്സ് കുനിഞ്ഞിരുന്നു.... "ഈ വീട് വെച്ചതും.... ജെനിയെ പഠിപ്പിക്കുന്നതും....

ഏട്ടന് തുണിക്കട ഇട്ട് ഒരു വരുമാനം ആക്കി തന്നതും ഒക്കെ ഞങ്ങളുടെ മരുമകനാണ് മേഡം...." ശാരദ അഭിമാനത്തോടെ പറഞ്ഞ്.... ഗൗരിക്ക് നിരാശ തോന്നി.... താനായിരുന്നു ആ സ്ഥാനത്ത് നിൽക്കേണ്ടിയിരുന്നത്.... മകളുടെയും മരുമകന്റെയും കരുതൽ അനുഭവിക്കേണ്ടിയിരുന്നവൾ... താനായി തന്നെ അതൊക്കെ നഷ്ടപ്പെടുത്തി..... പിന്നൊന്നും പറയാൻ ഇല്ലാതെ ഗൗരി അവിടെ നിന്നും എണീറ്റു.... പോകുന്നതിന് മുന്നേ കൈയിൽ കരുതിയ രണ്ടായിരത്തിന്റെ കുറച്ച് നോട്ടുകളുമായി ശാരദക്ക് നേരെ നടന്നു ഗൗരി.... "എന്താ ഇത്....?" ഗൗരി നീട്ടി പിടിച്ച കാശ് നോക്കി അവർ നെറ്റി ചുളിച്ചു.... "ഇത്... ഇതിരിക്കട്ടെ.... എന്റെ ഒരു സന്തോഷത്തിന്...."ഗൗരി ഒന്ന് ചിരിക്കാൻ ശ്രമിച്ചു.... "വേണ്ട മേഡം.... ഇത് വാങ്ങിയാൽ ഞാൻ എന്റെ കുഞ്ഞിന്റെ വെറുമൊരു ആയ മാത്രം ആയിപ്പോകും... എനിക്ക് അവളുടെ അമ്മയായിട്ടിരിക്കുന്നതാണ് സന്തോഷം... ഒരിക്കൽ തള്ളി പറഞ്ഞതിന്റെ വേദന ഇന്നുമുണ്ട് ഈ നെഞ്ചിൽ...."മുഷിപ്പിക്കാതെ പുഞ്ചിരിയോടെ പറയുന്ന ശാരദയെ നോക്കി ഗൗരി ഒരു വിളറിയ ചിരിയോടെ പുറത്തേക്ക് ഇറങ്ങി.... ആ പടികൾ ഇറങ്ങുമ്പോൾ അമ്മയെന്ന നിലയിൽ താനൊരു പരാജയമായിരുന്നു എന്നവർ തിരിച്ചറിയുകയായിരുന്നു.... ••••••••••••••••••••••••••••••••••••••••°

ദിവസങ്ങൾ കടന്ന് പോയി.... വിവാഹം കഴിയുന്നത് വരെ മനുവിനെ റാവണിന്റെ വീട്ടിലാക്കി.... അതിലവൻ കുറേ എതിർത്തു നോക്കിയെങ്കിലും ഫലമൊന്നും ഉണ്ടായില്ല.... അതുപോലെ ആരവിന്റെ വിവാഹക്കാര്യം പെട്ടെന്ന് മുന്നോട്ട് പോയി.... പെണ്ണ് കാണലും തീരുമാനിച്ചു.... അവനെ പെൺ പിള്ളേർ അടിപൊളി ആക്കി മിനുക്കി എടുത്തിരുന്നു.... യാമി മൂക്കും കുത്തി വീഴണം ചെക്കനെ കണ്ട്.... നന്ദുവും ജാനിയും പോലെ തന്നെ മാനസയും അവന്റെ പ്രീയപ്പെട്ടവൾ ആയി മാറി ഇരുന്നു.... അല്ലെങ്കിലും ചില ബന്ധങ്ങൾക്ക് രക്തബന്ധം തന്നെ വേണമെന്ന് ഇല്ലല്ലോ.... അവൻ മാനസയെ സ്വന്തം ചേച്ചിയായി തന്നെയാണ് കണ്ടത്.... അവളുടെ കുഞ്ഞിന് വേണ്ടി കാത്തിരിക്കുകയാണ് അവനും... പെണ്ണ് കാണൽ അനുബന്ധിച്ചു നാത്തൂൻ ചമയാൻ നന്ദു ഇങ്ങ് വന്നിരുന്നു.... യുവക്ക് ആണേൽ കൂടെ പോരാനും പറ്റുന്നില്ല അവളെ തടയാനും പറ്റുന്നില്ല.... എങ്ങനെയൊക്കെയോ അവൻ ഒരു രാത്രി കഴിച്ചു കൂട്ടി.... പിറ്റേന്ന് രാവിലെ തന്നെ എല്ലാർക്കും മുന്നേ രാവിലെ കുളിച്ചിറങ്ങി റെഡി ആയി നിന്നു ...

അതിന് കൊറേ ട്രോളുകൾ വന്നെങ്കിലും ഒക്കെയവൻ പുച്ഛിച്ചു വിട്ടു..... റാവൺ എന്തോ അത്യാവശ്യം ഉള്ളത് കൊണ്ട് വരുന്നില്ല.... അവൻ രാവിലെ തന്നെ പോയതും ബാക്കി എല്ലാവരും റെഡി ആയി ഇറങ്ങി.... ജാനിക്ക് റാവൺ ഇല്ലാഞ്ഞിട്ട് ഒരു വിമ്മിഷ്ടം.... കരിം പച്ച നിറത്തിലെ ധാവണിയും ചുവപ്പ് സ്റ്റോൺ വർക്ക് ബ്ലൗസുമാണ് അവളുടെ വേഷം.... കണ്ണാടിയിൽ നോക്കി ഭംഗി ആസ്വദിച്ചു കൊണ്ട് അവൾ വേഗം ഒരു ഫോട്ടോ എടുത്ത് റാവണിന് അയച്ചു കൊടുത്തു.... "☺️❤️" എന്ന് റിപ്ലൈയും വന്നു.... അത് തന്നെ കുറേ നേരം നോക്കി പുഞ്ചിരിച്ചുകൊണ്ട് അവൾ മുറി വിട്ടിറങ്ങി.... നന്ദുവും മാനസയും ധാവണി തന്നെ ആയിരുന്നു.... ശിവദയും മനുവും കൂടി റെഡി ആയതും അവർ പുറപ്പെട്ടു.... ഗൗതവും ഭാര്യയും ഗൗരിയും ഒക്കെ മുറ്റത്ത് തന്നെ അവരെ സ്വീകരിക്കാൻ ഉണ്ടായിരുന്നു... ഗൗരിയെ കണ്ടതും ജാനി ഗൗതമിന്റെ അടുത്തേക്ക് ചെന്ന് അമ്മാവന്റെ തോളിൽ തൂങ്ങി ബാക്കി ഉള്ളവരെ കൂടെ അകത്തേക്ക് കയറി..... ഗൗതം എല്ലാവരെയും ആനയിച്ചു ഇരുത്തി... യുവ അവർ എത്തിയത് അറിഞ്ഞു യാമിയുടെ അടുത്ത് നിന്ന് പാഞ്ഞു ഹാളിൽ എത്തി...

നന്ദുവിനെ കണ്ടാല്ലാതെ ഒരു സമാധാനം ഇല്ല.... ധാവണിയിൽ അവളുടെ ശോഭ ഒന്ന് കൂടി വർധിച്ചത് പോലെ തോന്നി അവന്.... അവന്റെ നോട്ടം കണ്ട് അവൾ പുരികം പൊക്കി ഒന്ന് നോക്കി ... അവൻ പരിഭവത്തോടെ അവളെ നോക്കി.... അവനിലെ പരിഭവം ആസ്വദിച്ചു കൊണ്ടവൾ അവനെ നോക്കി കണ്ണിറുക്കി.... "ഞാൻ യാമിടെ അടുത്തേക്ക് പോവാ...."ഗൗരി തനിക്ക് നേരെ വരുന്നത് കണ്ട് ജാനി യാമിയുടെ മുറിയിലേക്ക് നടന്നു.... വിടാൻ ഉദ്ദേശിക്കാതെ ഗൗരിയും അവൾക്ക് പിന്നാലെ പോയി.... "അവീ.... അവീ നിക്ക്...."ഗൗരി ഇടത് കൈ കൊണ്ടവളെ പിടിച്ചു നിർത്തി.... "നീ എന്തിനാ ഇനിയും എന്നെ ഇങ്ങനെ ഒഴിവാക്കുന്നെ.... ഇതുവരെ തീർന്നില്ലേ നിന്റെ ദേഷ്യം....??" "കൈ വിട്...."അവൾ ഗൗരിയെ നോക്കാതെ പറഞ്ഞു... "അവീ...." സ്നേഹത്തോടെ ഗൗരി വിളിച്ചു.... "കൈ വിടാനാ പറഞ്ഞെ.... നല്ലൊരു ദിവസമായിട്ടു ഇവിടെ ഒരു ഇഷ്യൂ ഉണ്ടാക്കരുത്...."...തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story