ജാനകീരാവണൻ 🖤: ഭാഗം 154

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

ചന്ദന ഇളയുമായി മാത്രം സമയം ചിലവഴിച്ചു.... മാനസ അവളുടെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാൻ നടക്കുമ്പോൾ ഇളയും വികാസും വിക്രവും മാനസയെ കെയർ ചെയ്യാൻ നോക്കും.... എങ്കിലും ഒരു സഹോദരിയെ പോലെ മാനസ ചന്ദനയെ നോക്കി.... പക്ഷേ ഇളയോട് അല്ലാതെ മാറ്റാരോടും സംസാരിക്കാനോ അടുക്കാനോ ചന്ദന കൂട്ടാക്കിയില്ല.... എങ്കിലും ഇളയോട് അവൾ അവളുടെ ഫീലിങ്‌സും ഇമോഷൻസും ഒക്കെ പങ്ക് വെക്കുമായിരുന്നു.... പതിയെ പതിയെ അവൾ റിക്കവർ ആവുമെന്ന് ഇളക്ക് ഉറപ്പുണ്ടായിരുന്നു..... ഇളയിൽ നിന്ന് ചന്ദനയുടെ സിറ്റുവേഷൻ അറിഞ്ഞ മാനസ അവൾക്ക് എക്സ്ട്രാ കെയർ കൊടുക്കുകയായിരുന്നു.... അതിനിടയിൽ ചന്ദന അവൾക്ക് ചന്ദു ആയിരുന്നു..... കുറഞ്ഞ ദിവസങ്ങൾ കൊണ്ട് എല്ലാവർക്കും ചന്ദുവായി.... എങ്കിലും അവരുടെയൊക്കെ കരുതൽ തിരിച്ചറിയാനോ ചന്ദു ആയി അവർക്കിടയിലേക്ക് ഇറങ്ങി ചെല്ലാനോ അവൾക്ക് സാധിച്ചില്ല.... എങ്കിലും ഇള ശ്രമിച്ചു കൊണ്ടേയിരുന്നു.... യോഗയും മെഡിറ്റേഷനും കൗൺസിലിംഗ് ഒക്കെയായി അവളെ കുറെയൊക്കെ സ്വാധീനിക്കാൻ ഇളക്ക് കഴിഞ്ഞു....

അവൾക്കായി ഇൻസ്പിറേറ്റിങ് ആയിട്ടുള്ള ബുക്കുകളും സിനിമകളും അവൾ എത്തിച്ചു കൊടുത്തു..... മുറ്റത്ത് ഒരു ഭാഗം അവൾക്ക് ഗാർഡനിങ്ങിനെയായി ഒരുക്കി കൊടുത്തു.... ഒഴിവ് സമയങ്ങൾ ഗാർഡനിൽ ചിലവഴിച്ചു പല നിറങ്ങളിൽ പുഷ്പിക്കുന്ന ചെടികൾ അവൾ നട്ടു വളർത്തി.... അങ്ങനെ അങ്ങനെ ചന്ദന ചെറിയ ചെറിയ കാര്യങ്ങളിൽ ഒക്കെ സന്തോഷം കണ്ടെത്തി തുടങ്ങി.... സന്തോഷം വന്നാലും അവളത് പ്രകടിപ്പിക്കില്ല.... മനസ്സിൽ അടക്കി പിടിക്കും..... ഒരുപക്ഷെ അവളുടെ അടക്കി പിടിക്കൽ ആവാം അവളെ ഈ അവസ്ഥയിൽ കൊണ്ടെത്തിച്ചത്..... ഇളയുടെ ചികിത്സക്ക് ഒപ്പം വിവാഹത്തിന്റെ ഒരുക്കങ്ങളും തകൃതിയായി നടക്കുന്നുണ്ടായിരുന്നു..... തന്റെ ഭാഗത്ത് നിന്ന് ആരുമില്ലെന്ന കാരണം പറഞ്ഞു ഇളയുടെ നിർബന്ധത്തിൽ ലളിതമായി ആർഭാടങ്ങൾ ഒന്നുമില്ലാതെ നിശ്ചയം നടത്തി.... ആരവങ്ങളോ അലങ്കാരങ്ങളോ വേണ്ടന്ന് ഇള തീർത്തു പറഞ്ഞിരുന്നു.... വിവാഹത്തിനും അത് പോലെ ആവണമെന്ന് അവൾ പറഞ്ഞെങ്കിലും മറ്റുള്ളവരുടെ ഇഷ്ടം കൂടി കണക്കിലെടുത്തു കുറച്ചൊക്കെ അവൾ വിട്ട് കൊടുത്തു....

നിശ്ചയം നടക്കുമ്പോൾ അധികമാരും ഉണ്ടായിരുന്നില്ല.... എങ്കിലും നാട്ടിൽ നിന്ന് അച്ഛമ്മ എത്തിയിരുന്നു.... പുറത്ത് നിന്ന് ആരെയും ക്ഷണിക്കാതെ അവരാ നിശ്ചയം നടത്തുമ്പോൾ ക്ഷണിക്കപ്പെടാതെ പുറത്ത് നിന്ന് ഒരാൾ കൂടി അതിന് സാക്ഷിയായി.... ആ നിശ്ചയം മാറി നിന്ന് കാണവേ അവളുടെ കണ്ണുകൾ നിറയുന്നതും ചുണ്ടുകൾ വിതുമ്പുന്നതും മാറ്റാരെങ്കിലും കാണും മുന്നേ വിക്രം കണ്ടിരുന്നു.... നന്ദുവിനെയും ഭർത്താവിനെയും ഒരുമിച്ച് കാണുമ്പോൾ ഇന്നും ഒരു കുഞ്ഞു വേദനയാണ് ആ മനസ്സിൽ... അത് കൊണ്ട് അവരെ അവഗണിക്കാൻ എന്ന വണ്ണം വെറുതെ മാറി നിൽക്കുന്നവളിലേക്ക് നോട്ടം തെറ്റിച്ചതാണ്.... അപ്പോഴാണ് അവളുടെ കണ്ണുകൾ നിറയുന്നത് അവൻ ശ്രദ്ധിച്ചത്.... ഇത്രയും ദിവസങ്ങൾക്കിടയിൽ ആദ്യമായാണ് അവൾ കരഞ്ഞു കാണുന്നത്.... കണ്ട നാള് മുതൽ നിർവികാരത അല്ലാതെ ഒരു വികാരവും ആ മുഖത്ത് കണ്ടതും ഇല്ല.... പിന്നെ ഇന്നിത് എന്ത് പറ്റി..? അവൻ ചിന്തിക്കാത്തിരുന്നില്ല... ഒരു കൗതുകം തോന്നി വോക്കിങ് സ്റ്റിക്ക് നിലത്ത് ഊന്നി അവൻ അവളെ ലക്ഷ്യമാക്കി നടന്നു....

അവൻ അടുത്ത് വന്നത് പോലും അറിയാതെ മനുവിനെയും ഇളയെയും നോക്കി നിൽക്കുകയാണ്..... "ചന്ദൂ...." വിക്രം അവളുടെ നിൽപ്പ് കണ്ട് പതിഞ്ഞ സ്വരത്തിൽ വിളിച്ചു.... അവളെ ആദ്യമായാണ് അവൻ അങ്ങനെ വിളിക്കുന്നത്.... അതിന്റെ ചെറിയൊരു ജാള്യത അവന്റെ സ്വരത്തിൽ കലർന്നിരുന്നു..... അവന്റെ സ്വരം കേട്ടതും ഒഴുകിക്കൊണ്ടിരുന്ന കണ്ണുനീർ തുടച്ചുകൊണ്ട് ചന്ദു ഇളയിൽ നിന്നും മനുവിൽ നിന്നും നോട്ടം മാറ്റി.... "ഇറ്റ്സ് ഓക്കെ ഡോ.... തനിക്ക് കരയണമെങ്കിൽ കരഞ്ഞോളൂ.... കണ്ണുനീർ പിടിച്ചു വെച്ച് വിമ്മുന്നത് ഗുണത്തെക്കാൾ ദോഷമേ ചെയ്യുള്ളൂ...." അവൻ അലിവോടെ പറഞ്ഞതും അവൾ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു.... കുറച്ച് മുന്നോട്ട് നടന്നുകൊണ്ട് അവൾ പതിയെ തിരിഞ്ഞു നോക്കി.... അത് ഒരിക്കലും തന്നെ അല്ലെന്ന് വിക്രത്തിന് മനസ്സിലായി.... അവന് പിന്നിൽ ഉള്ള മനുവിനെയും ഇളയേയുമാണ് ആ നോട്ടം തേടി പോയത്.... അവരെ ഒന്ന് നോക്കി മരവിച്ച മനസ്സോടെ അവൾ ഇടത് കൈയിലെ മോതിര വിരലിൽ നോക്കി....

ഓർക്കാൻ ആഗ്രഹിക്കാത്ത എന്നാൽ അത്രമേൽ മധുരിക്കുന്ന ഓർമ്മകൾ അവളുടെ മനസ്സിലേക്ക് ഓടിയെത്തി..... വിക്രം നോക്കുന്നത് കണ്ടതും കണ്ണുകളെ ശാസിച്ചു കൊണ്ടവൾ മുറിയിലേക്ക് നടന്നു .... അവളുടെ പെരുമാറ്റം വിക്രത്തിന്റെ ഉള്ളിൽ ആകാംക്ഷയുണർത്തി.... ആദ്യമായി അവൾക്ക് എന്താണ് സംഭവിച്ചിട്ടുണ്ടാവുക എന്നവൻ ചിന്തിച്ചു.... അന്നാദ്യമായി അത് അറിയണമെന്ന് അവൻ ആത്മാർത്ഥമായി ആഗ്രഹിച്ചു.... •••••••••••••••••••••••••••••••••••••••••° മനുവിന്റെ നിശ്ചയം കഴിഞ്ഞതും വിവാഹവും അവന്റേത് തന്നെ ആദ്യം നടക്കട്ടെ എന്ന അഭിപ്രായം ഭരത്തിന്റെ അമ്മയും മുത്തശ്ശനും പറഞ്ഞതും എല്ലാവരും അതിനോട് യോജിച്ചു.... ഒരേ രക്തം ആയത് കൊണ്ടും മൂത്തവൻ മനു ആയത് കൊണ്ടും കേട്ടവർ ഓക്കെ അതിനോട് അനുകൂലിച്ചു.... നിശ്ചയം കൂടാൻ വന്നവർ ഒക്കെ പോകാൻ നേരം അച്ഛമ്മ ഭരത്തിന്റെ അമ്മയുടെ കൈയിൽ പിടിച്ചു നിർത്തി.... അവർ പുഞ്ചിരിയോടെ ആ വൃദ്ധയെ നോക്കി.... "എന്നോട് ദേഷ്യമൊന്നും തോന്നണില്ലേ മോൾക്ക്....?"

ആ പുഞ്ചിരി കണ്ടപ്പോൾ അച്ഛമ്മക്ക് അതാണ് ചോദിക്കാൻ തോന്നിയത്.... "എന്തിന്....? അമ്മയോട് എനിക്കെന്തിനു ദേഷ്യം തോന്നണം...." പുഞ്ചിരി വിടാതെ തന്നെ അവർ ചോദിച്ചു.... അച്ഛമ്മക്ക് മറുപടി ഉണ്ടായിരുന്നില്ല.... "അമ്മയുടെ വയറ്റിൽ ആ നീചൻ പിറവി എടുത്തതിൽ അമ്മയോട് ദേഷ്യം കാണിക്കുന്നതിൽ യാതൊരു അർത്ഥവും ഇല്ല.... പിന്നെ ഈ ചടങ്ങിൽ വേണ്ടപ്പെട്ടവരിൽ ഒരാളായി അമ്മ ഇവർക്കൊപ്പം ഇവിടെ നിൽക്കുന്നെങ്കിൽ എനിക്ക് ഊഹിക്കാം അമ്മ ഇവർക്കൊക്കെ പ്രീയപ്പെട്ടവൾ ആണെന്ന്.... ഇവർക്ക് കൊടുക്കും പോലെ കുറച്ച് സ്നേഹം എന്റെ കുഞ്ഞിന് കൂടി കൊടുത്താൽ മതി.... അതിനേക്കാൾ സന്തോഷം എനിക്ക് വേറെ ഇല്ലമ്മേ...."അച്ഛമ്മയുടെ കൈകൾ കൂട്ടിപ്പിടിച്ചു അവർ പറഞ്ഞു.... അച്ഛമ്മ വാത്സല്യത്തോടെ ഭരത്തിനെയും അമ്മയെയും നോക്കി.... നിറ കണ്ണുകളോടെ ഈശ്വരനെ വിളിച്ചു.... സ്നേഹിക്കാൻ മാത്രം അറിയുന്ന കുറേ പാവങ്ങളുടെ ജീവിതം നശിപ്പിച്ച ആ മൃഗത്തെ നീ എന്റെ വയറ്റിൽ തന്നെ മുളപ്പിച്ചല്ലോ ഭഗവാനെ എന്നൊരു തേങ്ങൽ അവരിൽ നിന്നുയർന്നു....

"എന്ത് പറഞ്ഞാലും മോൾക്ക് സംഭവിച്ച നഷ്ടം മാഞ്ഞു പോകില്ലെന്ന് അറിയാം.... നിങ്ങടെ ഒക്കെ മനസ്സിലെ മുറിവ് ഉണക്കാൻ ഈ നെഞ്ചിലെ സ്നേഹം മാത്രേ ഉള്ളൂ ഈ കിഴവിയുടെ പക്കൽ.... അത് ആവോളം തന്നോളാം.... ശിവകാമിയെ പോലെ ഒരു മകളായി സ്നേഹിച്ചോളാം ഞാൻ...." അച്ഛമ്മ അവരുടെ കവിളിൽ തഴുകി.... "എന്താ അച്ഛമ്മേ.... നല്ലൊരു ദിവസായിട്ട് ഇങ്ങനെ കരയാ....?" ജാനി വന്ന് അച്ഛമ്മയുടെ താടയിൽ പിടിച്ചു കൊഞ്ചിക്കും പോൽ ചോദിച്ചു.... അച്ഛമ്മ ഒന്ന് ചിരിക്കാൻ ശ്രമിച്ചു.... "അമ്മ ഇന്ന് തന്നെ തിരിച്ചു പോവാണോ....?" ഭരത്തിന്റെ അമ്മ തിരക്കി.... "ഏയ്യ് ഇല്ല ചെറിയമ്മേ.... അച്ഛമ്മ ഇനി വിവാഹം എല്ലാം കൂടിയിട്ട് പതിയെ പോകുന്നുള്ളൂ...."നന്ദുവാണ്‌ ആ മറുപടി കൊടുത്തത്.... "എന്നാൽ ഞങ്ങൾ ഇറങ്ങുവാ...."എന്നും പറഞ്ഞു ഭരത്തും കുടുംബവും യാത്ര പറഞ്ഞറങ്ങി.....

അച്ഛമ്മ റാവണിന്റെ വീട്ടിൽ നിൽക്കാൻ തീരുമാനിച്ചു.... വിവാഹം പ്രമാണിച്ച് നന്ദുവും അവിടെ തന്നെയാണ്...... എല്ലാം കൊണ്ടും കുടുംബത്തിൽ ഒരു സമാധാനാന്തരീക്ഷമാണ്.... "ഈ എൻഗേജ്മെന്റ് കണ്ടപ്പോഴാ ഞാൻ യാമിടെ നടത്തിയില്ലല്ലോ എന്നോർത്തത്....?" രാത്രി കിടക്കാൻ നേരമാണ് യുവ ഫോട്ടോസ് നോക്കിക്കൊണ്ട് അത് പറഞ്ഞത്.... അത് കേട്ടതും നന്ദു അവന്റെ നെഞ്ചിൽ വെച്ചിരുന്ന തല ഉയർത്തി അവനെ നോക്കി.... "ഉറപ്പിച്ചു വച്ചതല്ലാതെ മുന്നോട്ടുള്ള കാര്യങ്ങൾ ഒന്നും ഇതുവരെ തീരുമാനിച്ചില്ലല്ലോ..... എൻഗേജ്മെന്റിന്റെ കാര്യാ ഞാൻ ഉദ്ദേശിച്ചത്....?" അവളുടെ നോട്ടം കണ്ട് അവൻ പറഞ്ഞു.... "അത് എപ്പോ വേണമെന്ന് വീട്ടിൽ ഒന്ന് സംസാരിച്ചിട്ട് അതേ പറ്റി ഏട്ടനോടും അമ്മയോടും പറയാം.... അതല്ലേ നല്ലത്....?" അവൾ തിരക്കി... "ഹ്മ്മ്.... ഈ തിരക്കൊക്കെ ഒന്ന് ഒഴിയട്ടെ.... ഇപ്പൊ മനുവിൻറെ വിവാഹം ഒക്കെ അല്ലേ.... അത് നന്നായിട്ട് നടക്കട്ടെ.... എന്നിട്ട് മതി അവരുടെ.... യാമിടെ എൻഗേജ്മെന്റ് ഇതുപോലെ സിമ്പിൾ ആക്കില്ല കേട്ടോ....

അവളുടെ ലൈഫിനെ പറ്റി എനിക്ക് ഒരുപാട് സ്വപ്നങ്ങൾ ഒക്കെ ഉള്ളതാണ്... "അവൻ കുസൃതി ചിരിയോടെ പറഞ്ഞു "അതിന് ഞങ്ങൾ ആരും എതിരല്ലല്ലോ... ഇത് ഇളേചിക്ക് താല്പര്യം ഇല്ലാഞ്ഞിട്ടല്ലേ സിംപിൾ ആയിട്ട് നടത്തിയത് തന്നെ...."അവൾ അത് പറഞ്ഞതും ഒരു മൂളലോടെ അവൻ ഒന്ന് മറിഞ്ഞു കൊണ്ട് അവളുടെ മുകളിലായി കയറി കിടന്നുകൊണ്ട് അവളുടെ അധരങ്ങൾ കവർന്നു.... •••••••••••••••••••••••••••••••••••••••••° "രാവണാ.... ആ കുട്ടിയെ ശ്രദ്ധിച്ചായിരുന്നോ...." രാത്രി ലാപ്പിൽ കുത്തിയിരുന്ന റാവണിന്റെ തോളിൽ ചാരി എൻഗേജ്മെന്റ് ഫോട്ടോസ് നോക്കുന്നതിനിടയിൽ ജാനി ചോദിച്ചു.... അന്നേരം അപ്രതീക്ഷിതമായി പതിഞ്ഞു കിട്ടിയ ചന്ദനയുടെ ഫോട്ടോ സൂം ചെയ്ത് നോക്കുകയായിരുന്നവൾ.... ചോദ്യം കേട്ടപ്പോൾ ആരെന്ന മട്ടിൽ അവൻ നെറ്റി ചുളിച്ചു.... "ആരെ....?"

"ഹാ ആ കുട്ടിയില്ലേ.... ചന്ദു.... ചന്ദന...."അവൾ പറഞ്ഞതും അവൻ മൂളി.... "എന്ത് ഐശ്വര്യം ആല്ലേ കാണാൻ.... ഏതോ വലിയ വീട്ടിലെ കുട്ടിയാന്ന് വികാസേട്ടൻ പറഞ്ഞു..... എന്ത് പറ്റിയത് ആവോ....?" അവൾ നിർവികാരയായി തങ്ങളെ ഒക്കെ നേരിട്ട ആ മുഖം ഓർത്തെടുത്തു.... തങ്ങളിൽ നിന്ന് ഓടിയോളിക്കാൻ ശ്രമിക്കുന്ന ചന്ദനയെ അലിവോടെയാണ്‌ അവൾ നോക്കിയിരുന്നത്.... എന്തോ അവളുടെ ഭൂതകാലം അറിയാൻ മനസ്സ് കൊതിച്ചെങ്കിലും അതവളുടെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമായി പോകുമെന്ന് കരുതി അവളത് കളഞ്ഞു.... "എനിക്ക് ആ കുട്ടിയെ കാണുമ്പോൾ എന്റെ ജെനിയെ പോലെ തോന്നുന്നു രാവണാ.... നല്ലൊരു കുട്ടി...."അവളുടെ പറച്ചിൽ കേട്ട് അവൻ ഒന്ന് ചിരിച്ചു.... "അത് പറഞ്ഞപ്പോഴാ.... പിന്നൊരിക്കൽ നാട്ടിലേക്ക് കൊണ്ട് പോവാമെന്ന് വാക്ക് തന്നിട്ട് എന്തേ കൊണ്ട് പോവാഞ്ഞേ....?"....തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story