ജാനകീരാവണൻ 🖤: ഭാഗം 155

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"അത് പറഞ്ഞപ്പോഴാ.... പിന്നൊരിക്കൽ നാട്ടിലേക്ക് കൊണ്ട് പോവാമെന്ന് വാക്ക് തന്നിട്ട് എന്തേ കൊണ്ട് പോവാഞ്ഞേ....?"അവൾ നേരെ ഇരുന്നുകൊണ്ട് അവനെ നോക്കി.... "സമയം ആയിട്ടില്ല...." ജോലിക്കിടയിൽ അവൻ പറഞ്ഞു.... ആ മറുപടിയിൽ അവളുടെ നെറ്റി ഒന്ന് ചുളിഞ്ഞു.... "ഇനി എന്നാ.... അവിടേക്ക് പോകാൻ എനിക്ക് നേരവും കാലവും ഒക്കെ നോക്കണോ... " അവൾ അവനെ ഉറ്റുനോക്കി.... അവൻ തല ചെരിച്ചു അവളെ ഒന്ന് നോക്കി.... ശേഷം ഒന്ന് പുഞ്ചിരിച്ചു.... ആ ചിരി കണ്ട് അവളുടെ ചുണ്ടുകളും ചിരിച്ചു.... അവൻ ലാപ്പിലേക്ക് മുഖം കുനിച്ചതും അവൾ അടുത്തേക്ക് വന്ന് ആ ലപ്പ് എടുത്ത് മാറ്റി.... അവന്റെ മടിയിലേക്ക് കയറി ഇരുന്നു.... ഇരുകൈകൾ കൊണ്ടും അവന്റെ കഴുത്തിൽ പൂട്ടി അവൾ അവന്റെ നെഞ്ചിൽ ചാരി ഇരുന്നു.... "ഇനി ഞാനും കുറച്ച് നേരം ഇവിടെ ഇരിക്കട്ടെ...."

കുസൃതിയോടെ പറഞ്ഞവളെ കാണവേ അവന്റെ മുഖവും തെളിഞ്ഞിരുന്നു.... റാവൺ പൂർണമായും മാറിയിട്ടില്ലെങ്കിലും ചില നല്ല മാറ്റങ്ങൾ ഒക്കെ അവന് വന്നിരുന്നു.... ജാനിയോട് അവനിപ്പോൾ ഗൗരവം അധികം കാണിക്കാറില്ല..... അവളുടെ ഓരോ കാട്ടി കൂട്ടലുകൾ ആസ്വദിക്കാറുമുണ്ട്..... അവളുടെ പ്രണയം ആസ്വദിക്കാറുണ്ട് അതിലിരട്ടി അവളെ പ്രണയിക്കാറുണ്ട്..... ജാനിയുടെ നല്ലൊരു പങ്കാളിയാവാൻ അവന് കഴിയുന്നുണ്ട് ഇപ്പോൾ.... രാവണന്റെ പാതിയായി അവന്റെ പ്രണയം ഏറ്റു വാങ്ങി ജീവിക്കുന്നതിൽ അവളും സന്തുഷ്ടയാണ്... അവന്റെ കഴുത്തിൽ വട്ടം പിടിച്ച് ഇരിക്കുന്നവളെ അവൻ ഇരു കൈകൾ കൊണ്ടും പൊതിഞ്ഞു പിടിച്ച് നെഞ്ചോട് ചേർത്തു ഇരുത്തി.... നെറുകയിൽ അമർത്തി മുത്തി.... അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു ഇരിക്കുമ്പോൾ അതാണ് സ്വർഗ്ഗമെന്നു ഇരുവർക്കും തോന്നിപ്പോയി.... ജോലി സംബദ്ധമായ യാതൊരു പിരിമുറുക്കവും ഇല്ലാതെ അവർക്കുള്ളിൽ പിറവി എടുക്കുന്ന കുഞ്ഞു കുഞ്ഞു സുന്ദരനിമിഷങ്ങൾ അവർ ആസ്വദിക്കുകയായിരുന്നു....

പ്രണയിച്ചും പ്രണയം ഏറ്റു വാങ്ങിയും ഒരു ആയുഷ്കാലം കൊണ്ട് പോലും വറ്റാത്ത പ്രണയം തുളുമ്പുകയായിരുന്നു ഇരുവരുടെയും ഉള്ളിൽ.... പ്രണയിക്കാൻ അറിയുമെങ്കിൽ വിവാഹം കഴിഞ്ഞുള്ള പ്രണയമാണ് മനോഹരം.... അത് അനശ്വരമാണ്.... 🥰 ••••••••••••••••••••••••••••••••••••••° മനുവിന്റെ നിശ്ചയത്തിന്റെ ഫോട്ടോസ് യുവയുടെ സ്റ്റാറ്റസിലൂടെ കാണുകയാണ് ഗൗരി.... അവനിട്ട ഫോട്ടോസുകളിലൊക്കെ ഗൗരി ആരെയോ തിരയുകയായിരുന്നു... ഒടുവിൽ അവൻ മൂന്നാമതായി ഇട്ട ഫോട്ടോയിൽ തേടിയത് കണ്ടെത്തിയത് പോലെ അവരുടെ കണ്ണുകൾ കുടുങ്ങി കിടന്നു..... സെറ്റ് സാരി ഉടുത്തു റാവണിന്റെ വലത് കൈക്കുള്ളിൽ നിൽക്കുന്ന മകളെ കണ്ണെടുക്കാതെ അവർ നോക്കി.... കഴുത്തിലെ താലിയും നെറ്റിയിലെ സിന്ദൂരവും മിതമായ ഒരുക്കവും ഒക്കെ അവളെ ആ വേഷത്തിൽ സുന്ദരിയാക്കി.... റാവണിന്റെ ഒപ്പമുള്ള അവളുടെ ജീവിതം ആ മുഖത്ത് തന്നെ വായിച്ചെടുക്കാം.... അവന്റെ കൈക്കുള്ളിൽ അഭിമാനത്തോടെ നിൽക്കുകയാണ് ജാനി.... സന്തോഷമല്ലെന്ന് മുഖത്തെ പ്രസന്നത ആര് കണ്ടാലും പറയില്ല....

അവളുടെ സന്തോഷം ആ അമ്മ മനസ്സിനെയും സന്തോഷിപ്പിച്ചു.... തന്നോടൊപ്പം ജീവിച്ച മൂന്ന് വർഷം അവളുടെ ഇങ്ങനൊരു മുഖം കണ്ടിട്ടില്ലെന്ന് ഗൗരി ഓർത്തു.... ചെയ്തു കൂട്ടിയതൊക്കെ സ്‌മൃതി മണ്ഡലത്തിലേക്ക് ഓടിയെത്തി.... ഒരു അമ്മയെന്ന നിലയിൽ താൻ തികഞ്ഞൊരു പരാജയമാണെന്ന് വീണ്ടും വീണ്ടും ഗൗരി തിരിച്ചറിഞ്ഞു.... ചിന്തകൾ അങ്ങനെ ബാലുവിൽ എത്തി നിന്നു.... ബാലുവിനെ സ്നേഹിച്ചതാണ് താൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റ് എന്നവർ മനസ്സിലാക്കി... ആവണിയെ നഷ്ടപ്പെട്ടതും അവി അകന്ന് പോയതിനും ഒക്കെ മൂലകാരണം ബാലുവാണെന്ന് അവർ വിശ്വസിച്ചു.... മരിച്ചു പോയ മകളുടെ ഓർമയിൽ ആ അമ്മ മനസ്സ് തേങ്ങിപ്പോയി.... കണ്ണുകൾ നിറഞ്ഞു.... ഒരു ആശ്വാസവാക്ക് പറയാൻ പോലും ആരുമില്ലാത്ത അവസ്ഥ.... എല്ലാവരും ഉണ്ടായിട്ടും ആരുമില്ലാത്ത അവസ്ഥ.... ഗൗരി വിങ്ങിപ്പൊട്ടി..... ചെയ്തതൊക്കെ തെറ്റാണ്.... പക്ഷേ തന്റെ തെറ്റുകൾക്ക് ഒറ്റപ്പെടൽ കൊണ്ടൊരു ശിക്ഷയാണോ താൻ അർഹിക്കുന്നത്....?

പശ്ചാത്തപിക്കുന്ന പാപി മാപ്പർഹിക്കുന്നില്ലേ....? അതോ ആജീവനാന്തം ഒറ്റപ്പെട്ട ജീവിതം ജീവിച്ചു തീർക്കേണ്ടി വരുമോ.... അവസാനം അവിയുടെ വെറുപ്പ് വാങ്ങി കണ്ണടക്കേണ്ടി വരുമോ.... ഓർക്കാൻ വയ്യെനിക്ക്.... മോളെ അവീ.... നിന്നിൽ നിന്നും ഒരു മാപ്പ് ഈ അമ്മ അർഹിക്കുന്നില്ലേ മോളെ.... അത്രത്തോളം വെറുത്ത് പോയോ നീയീ അമ്മയെ....?? " ഗൗരിയുടെ തേങ്ങലുകൾ ആ നാല് ചുവരുകൾക്കുള്ളിൽ മാത്രം ഒതുങ്ങിപ്പോയി.... •••••••••••••••••••••••••••••••••••••••••° "അതേ ഒന്ന് നിന്നേ...."തൊഴുത ശേഷം അമ്പലപ്പടവുകൾ ഇറങ്ങുമ്പോഴാണ് ജെനി ആരുടെയോ വിളി കേട്ടത്.... ഇന്ന് വൈകിട്ടോടെ ഹോസ്റ്റലിലേക്ക് തിരിച്ചു പോകും അവള്... അത് കൊണ്ട് പോകും മുന്നേ ഈശ്വരദർശനത്തിന് ഇറങ്ങിയതാണവൾ.... അവൾ തിരിഞ്ഞ് നോക്കിയപ്പോൾ പുഞ്ചിരിച്ചു നിൽക്കുന്ന ജിത്തുവിനെയാണ് കണ്ടത്.... അവനെ കണ്ടപ്പോൾ ചിരിക്കണോ വേണ്ടയോ എന്ന മട്ടിൽ ആലോചിച്ചു കൊണ്ട് വെറുതെ ഒന്നങ് ചിരിച്ചു കൊടുത്തു.....

നീല കളർ ഷർട്ടും അതേ കരയുള്ള മുണ്ടും നെറ്റിയിൽ കുറിയും തൊട്ട് നിൽക്കുന്നവനെ കാണാൻ പ്രത്യേക അഴക് തോന്നിച്ചു.... ഒരുവേള ജെനി അവനിലൂടെ കണ്ണുകൾ ഓടിച്ചു.... മുണ്ടിന്റെ അറ്റം കൈയിൽ എടുത്തുകൊണ്ടു ജിത്തു പടവുകൾ ഓടിയിറങ്ങി.... അത് കാണവേ അവൾക്ക് ആകെയൊരു പരവേശം തോന്നി.... വിവാഹം തീരുമാനിച്ചതിൽ പിന്നെ ആദ്യമായാണ് ഇങ്ങനൊരു കൂടിക്കാഴ്ച.... എന്ത് വേണമെന്ന് ഒരു രൂപവും കിട്ടുന്നുണ്ടായിരുന്നില്ല അവൾക്ക്.... "എന്താടോ.... ആദ്യാമായിട്ട് കാണുന്ന പോലൊരു നിൽപ്പ്....."അവളുടെ തൊട്ട് അടുത്ത് എത്തി നിന്ന് അവൻ തിരക്കി.... അതിൽ അവൾ മൗനത്തെ കൂട്ട് പിടിച്ചു പടികൾ ഇറങ്ങി.... ഒപ്പം അവനും.... "ഇന്ന് പോവാണല്ലേ....?" അവൾക്കൊപ്പം നടന്നുകൊണ്ട് അവൻ ചോദിച്ചതും അവൾ അതേയെന്ന മട്ടിൽ തല കുലുക്കി.... "ഇനി എന്നാ ഇങ്ങോട്ട്....?" മുന്നോട്ട് നോക്കി നടക്കുന്നതിനിടയിൽ അവൻ ചോദിച്ചു.... അവൾ നടത്തം നിർത്തി അവനെ നോക്കി.... എല്ലാ വീക്ക്‌ എന്റിലും വരുമെന്ന് അറിഞ്ഞു വെച്ചിട്ടാണ് ഈ ചോദ്യം....

"എന്ത് പറ്റി....?" അവളുടെ നോട്ടം കണ്ട് തിരിഞ്ഞു നിന്നവൻ ചോദിച്ചു.... അതിന് ഒന്നുമില്ലെന്ന മട്ടിൽ ചുമല് കൂച്ചി അവൾ മുന്നോട്ട് നടന്നു.... "പറഞ്ഞില്ല....?" അവൻ തല ചെരിച്ചു അവളെ ഒന്ന് നോക്കി.... "വെള്ളി.... വൈകുന്നേരത്തോടെ തിരിക്കും...." അവൾ പറഞ്ഞു.... "എങ്കിൽ അന്ന് ഇറങ്ങുമ്പോൾ എന്നെ വിളിക്ക്.... നമുക്ക് ഒന്നിച്ചു വരാം.... എന്താ....?" അവന്റെ ചോദ്യം കേട്ട് ചെറിയൊരു ഞെട്ടലോടെ അവൾ അവനെ നോക്കി... അതിന് അവൻ കണ്ണ് ചിമ്മി കാണിച്ചു.... "വിവാഹലോചനയെ പറ്റി ഒക്കെ അറിഞ്ഞു കാണുമല്ലോ അല്ലേ....?" ആ വിഷയം വിട്ട് അവൻ അടുത്ത ചോദ്യം ചോദിച്ചു.... അതിനു ഒന്ന് മൂളുകയെ ചെയ്തുള്ളു അവൾ.... "ആഹ്.... അപ്പൊ എനിക്ക് ചോദിക്കാൻ ഉള്ളത് നേരിട്ടങ് ചോദിച്ചേക്കാം... പൂർണസമ്മതത്തോടെ തന്നെയല്ലേ വിവാഹത്തിന് സമ്മതിച്ചത്....

എന്നെ ഇഷ്ടപ്പെടാതെ ആരുടേയും നിർബന്ധത്തിന് വഴങ്ങിയത് ഒന്നും അല്ലല്ലോ...?" അവൻ തുറന്ന് ചോദിച്ചു.... അല്ലെന്നവൾ തലയാട്ടി.... "അതെങ്കിലും ഒന്ന് വാ തുറന്ന് പറയെടോ....."അവൻ നിശ്വാസത്തോടെ പറഞ്ഞു.... "അല്ല.... എന്റെ സമ്മതത്തോടെ തന്നെയാണ്...."മുന്നോട്ട് നടക്കവേ അവൾ പറഞ്ഞു... അതോടെ അവന്റെ മുഖം തെളിഞ്ഞു.... അവൻ മുണ്ടൊന്ന് മടക്കി കുത്തി അവളെ നോക്കി നടന്നു.... "അറിയാല്ലോ നിനക്ക്.... നിന്റെ ചേച്ചിയോട് എനിക്ക് കടുത്ത പ്രേമം ആയിരുന്നു.... കെട്ടാൻ ഒരുപാട് ആഗ്രഹവും ഉണ്ടായിരുന്നു.... മണ്ഡപം വരെ എത്തിയിട്ടും മുടങ്ങിപ്പോയി അത്.... ഇതെല്ലാം നിനക്ക് അറിയാം എന്നാണ് എന്റെ വിശ്വാസം.... ഇനി അറിയില്ലെങ്കിൽ ഇപ്പൊ അറിഞ്ഞോ.... ജാനിയെ പ്രണയിച്ചവനാണ് ഞാൻ.... ചേച്ചിയെ പ്രേമിച്ചവനെ ഭർത്താവക്കാൻ അനിയത്തിക്ക് എന്തെങ്കിലും എതിർപ്പുണ്ടോ....??"....തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story