ജാനകീരാവണൻ 🖤: ഭാഗം 164

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

വിരുന്നുകാർക്ക് മുറികൾ ഒഴിഞ്ഞു കൊടുത്തു റാവണും ജിത്തുവും യുവയും ഒരു മുറിയിലും ആരവും മനുവും ഭരത്തും ഒരു മുറിയിലും ആയി.... റാവൺ ഫോണിൽ കുത്തി ഇരുന്നപ്പോൾ ജിത്തുവും യുവയും വൈകുവോളം പരസ്പരം കത്തി വെച്ച് സമയം കളഞ്ഞു.... നേരം വെളുത്തപ്പോ രണ്ടും കെട്ടിപ്പിടിച്ചു കിടന്നുള്ള ഉറക്കമാണ്‌.... റാവൺ രണ്ട് പേരെയും എണീപ്പിച്ചു വിട്ടശേഷം മുറിയിലേക്ക് പോയി..... മുറിയിൽ നന്ദുവും ജാനിയും നല്ല ഉറക്കമാണ്.... ശിവദ കുളി ഒക്കെ കഴിഞ്ഞ് അവരെ ഉണർത്താനുള്ള ശ്രമത്തിലും.... "കുഞ്ഞാ.... നീ ഇവരെ ഒന്ന് ഉണർത്തിക്കെ.... രണ്ടും കൂടി ഇന്നല രാത്രി മുഴുവൻ ചെവി തിന്ന് എപ്പോ ഉറങ്ങിയെന്നു പോലും അറിയില്ല.... ഞാൻ അങ്ങോട്ട് ചെല്ലട്ടെ...."എന്ന് പറഞ്ഞ് ശിവദ മുറി വിട്ട് പുറത്തേക്ക് ഇറങ്ങി ..... "നന്ദൂ...."അവൻ നന്ദുവിന്റെ കവിളിൽ മെല്ലെ തട്ടി വിളിച്ചു.....

"ഞാൻ ഉറങ്ങിക്കോട്ടെ യുവിയേട്ടാ...."അവൾ ഉറക്കപ്പിച്ചിൽ അതും പറഞ്ഞു തിരിഞ്ഞു കിടന്നു.... അവൻ പുഞ്ചിരിച്ചുകൊണ്ട് അവളുടെ അടുത്തിരുന്നു.... "നന്ദു.... വേക്ക് അപ്പ്‌.... നന്ദൂ...."അവൻ അവളെ എണീപ്പിച്ചു ഇരുത്തി.... അവൾ ഉറക്കപ്പിച്ചിൽ കണ്ണും തിരുമ്മി അവനെ ചാരി ഇരുന്നു.... ഇരുന്ന് ഉറക്കം തുടങ്ങിയതും റാവൺ അവളെ കുലുക്കി വിളിച്ചു.... അവളെ അന്വേഷിച്ചു വന്ന യുവ കാണുന്നത് റാവണിന്റെ തോളിൽ ചാഞ്ഞുറങ്ങുന്നവളെയാണ്.... "ഇവളിവിടെ ഇരുന്ന് ഉറങ്ങുവാണോ... ഞാൻ എവിടെയൊക്കെ നോക്കി.... എണീറ്റ് വാ...."ഉറക്കം വിട്ട് മാറാതെ ഇരിക്കുന്നവളെ വലിച്ചു യുവ പോയതും റാവൺ ജാനിയെ തട്ടി ഉണർത്തി.... "രാവണാ...." അവന്റെ കൈക്കിടയിലൂടെ അവന്റെ നെഞ്ചിലേക്ക് ചാരി ഇരുന്നു അവൾ.... ഒറ്റ രാത്രികൊണ്ട് അവനെ ഒരുപാട് മിസ്സ്‌ ചെയ്തിരുന്നു അവളെന്ന് അവന് മനസ്സിലായി.... അവളുടെ നെറുകയിൽ നേർത്ത ചുംബനം നൽകി അവൻ അവളെ അടർത്തി മാറ്റി.... "ലേറ്റ് ആയി.... വേഗം എണീക്കാൻ നോക്ക്.... ഞാൻ ഫ്രഷ് ആയി വരാം.... "

അവളോട് പറഞ്ഞുകൊണ്ട് അവൻ ഡ്രെസ്സുമായി ഫ്രഷ് ആവാൻ പോയി.... പിന്നീട് എല്ലാവരും ഒരുക്കങ്ങൾ ഒക്കെ ആയി തിരക്കിലായിരുന്നു..... അമ്പലത്തിൽ വെച്ച് താലികെട്ട് നടത്തി ഓഡിറ്റോറിയത്തിലേക്ക് പോകും.... കടും പച്ച നിറത്തിലുള്ള പട്ട് സാരിയും അതേ നിറത്തിലുള്ള ഷർട്ടും മുണ്ടും ആണ് ഡ്രസ്സ്‌ കോഡ്.... ജാനിയും നന്ദുവും തല നിറയെ പൂവ് ഒക്കെ ചൂടി റെഡി ആയി വരുമ്പോഴാണ് ജെനിയെ കാണുന്നത്.... ജെനിയെ കണ്ട ജാനി ആദ്യമൊന്നു ഞെട്ടിയിരുന്നു.... കാരണം വരുമെന്ന് അവൾ ഒരു സൂചന പോലും കൊടുത്തിരുന്നില്ല ... അവളെ കണ്ട സന്തോഷത്തിൽ ജാനി ഓടിപ്പോയി കെട്ടിപ്പിടിച്ചു.... ഫോണിലൂടെ കാണരുണ്ടെങ്കിലും വർഷങ്ങൾക്ക് ശേഷം നേരിട്ടൊരു കൂടിക്കാഴ്ച അത് ഇപ്പോഴാണ്.... "നീ എന്താ വരുന്ന കാര്യം നേരത്തെ പറയാതിരുന്നത് ....?" "ചേച്ചിക്ക് ഒരു സർപ്രൈസ് തരാമെന്ന് കരുതി.... എന്തേ ഞെട്ടിയില്ലേ...?"അവൾ ജാനിയുടെ മൂക്കിൽ പിടിച്ചു വലിച്ചു.... ജാനി അവളെ ചേർത്തു പിടിച്ചുകൊണ്ട് ചുറ്റും കണ്ണോടിച്ചു.... പ്രതീക്ഷയോടെ ജെനിയെ നോക്കി....

"അപ്പയും അമ്മയും വന്നില്ലേ മോളെ....?" അവൾ ചുറ്റും ഒന്ന് കൂടി കണ്ണോടിച്ചു.... "ഇല്ല ചേച്ചി.... ഞാൻ ഒറ്റക്കാ വന്നത്..." ആ മറുപടിയിൽ ജാനിയുടെ മുഖത്തെ തെളിച്ചം കെട്ടുപോയി... "അപ്പക്കും അമ്മയ്ക്കും എന്നെ കാണുന്നത് പോലും വെറുപ്പായിട്ടുണ്ടാവും ...." അവൾ ഒന്ന് ചിരിക്കാൻ ശ്രമിച്ചു.... "ദേ ചേച്ചി.... വേണ്ടാത്ത ഒന്നും പറയാൻ നിക്കണ്ട.... ചേച്ചീടെ മുന്നിൽ വന്ന് നിൽക്കാനുള്ള ധൈര്യം അവർക്ക് ഇല്ല ചേച്ചി.... മനഃപൂർവം അല്ലെങ്കിൽ കൂടി ചേച്ചിയെ തള്ളി പറഞ്ഞതോർത്തു വേദനിക്കാത്ത ഒരു ദിവസം പോലും അവർക്ക് ഉണ്ടായിട്ടില്ല.... പറഞ്ഞതല്ലേ ഞാൻ എല്ലാം...."ജെനി പറഞ്ഞു.... "അറിയാം മോളെ.... പക്ഷേ ഇപ്പോഴും എന്റെ കണ്മുന്നിൽ പെടാതെ മാറി നടക്കുന്നത് കാണുമ്പോ ഒരു സങ്കടം.... അപ്പയോടും അമ്മയോടും എനിക്ക് ഒരു ദേഷ്യവും ഇല്ലെന്ന് നീ അവരോട് പറയണം.... മറിച്ചു കടപ്പാടെ ഉള്ളൂ എന്നും....."അവളത് പറഞ്ഞ് നിൽക്കുമ്പോഴാണ് ഗൗരി കടന്നു വരുന്നത്.... ഗൗരിയെ കണ്ടതും ജാനിയുടെ മുഖം മാറി.... "പെറ്റമ്മ പോലും കൈ വിട്ടപ്പോൾ ചേർത്തു പിടിക്കാനും ഓമനിക്കാനും എനിക്ക് അവരെ ഉണ്ടായിരുന്നുള്ളൂ...

. ഈ ജന്മത്തിൽ എനിക്ക് അവർ തന്നെയാണ് എന്റെ അച്ഛനും അമ്മയും.... അത്രത്തോളം സ്നേഹിച്ചിട്ടുണ്ട് അവരെന്നെ.... അവരുടെ സ്ഥാനത് ഞാൻ ആയിരുന്നെങ്കിൽ കൂടി നിന്നെ രക്ഷിക്കാൻ വേണ്ടി ഇതൊക്കെ തന്നെ ചെയ്യുമായിരുന്നു..... അത് കൊണ്ട് അവരോട് പറയണം.... അവര് കാരണമാണ് എനിക്ക് ഇന്ന് നല്ലൊരു ജീവിതം കിട്ടിയത്.... എന്റെ രാവണനെ കിട്ടിയത്.... അവരെനിക്ക് നന്മയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല...." ജാനി അത് പറയുമ്പോൾ ഗൗരിയുടെ ഉള്ള് നോവുന്നുണ്ടായിരുന്നു..... അനുജത്തിയെ അവൾ നന്ദുവിനു പരിചയപ്പെടുത്തുന്നതും നോക്കി ഗൗരി ഒരു ശില കണക്കെ ഒരു അരികിലേക്ക് മാറി നിന്നു .... ഗൗരിയെ ജാനി ഗൗനിക്കാനെ പോയില്ല.... മനു അച്ഛമ്മയുടെ അനുഗ്രഹം ഒക്കെ വാങ്ങി..... ജെനിയെ കണ്ട് ഒട്ടാൻ വന്ന ജിത്തുവിനെയും കൂട്ടി റാവൺ അമ്പലത്തിലേക്ക് പോയി.... മുഹൂർത്തം തെറ്റാതെ അവർക്ക് പിറകെ ബാക്കിയുള്ളവരും അമ്പലത്തിലേക്ക് പോയി.... തനുവിനെയും തേജിനെയും ക്ഷണിച്ചിരുന്നെങ്കിലും അവർക്ക് വന്നെത്താൻ കഴിഞ്ഞില്ല....

ഇളയുടെ ക്ഷണം കണക്കിലെടുത്തു രാഘവും ഉണ്ടായിരുന്നു വിവാഹത്തിന്.... എല്ലാവരെയും പോലെ കടുംപച്ച നിറത്തിലെ സാരി ഉടുത്ത് ഒരുങ്ങി നിൽക്കുന്ന ചന്ദന ആ കുടുംബത്തിൽ ഉള്ളതാണെന്ന് തോന്നിപ്പോയി അവന്.... അതിൽ അവന് സന്തോഷം തോന്നി.... ചന്ദു ഒരുപാട് മാറിയിരിക്കുന്നു.... ജാനിയോടും നന്ദുവിനോടും ഒക്കെ ഒരു അടുപ്പം ഒക്കെ വന്നിട്ടുണ്ട് അവൾക്കിപ്പോ... അവരോട് എന്തോ പറഞ്ഞ് പുഞ്ചിരിക്കുന്ന ചന്ദുവിനെ വിക്രവും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.... ആരോടും മിണ്ടാതെ ചിരിക്കാതെ അടുക്കാൻ കൂട്ടാക്കാതെ നടന്നവൾ ഇപ്പോൾ ഒരുപാട് മാറി.... ഒരു കുടുംബത്തിന്റെ കുറവ് അവൾക്ക് ഉണ്ടായിരുന്നു.... മനസ്സ് കൈ വിട്ട് പോയപ്പോൾ ചേർത്തു പിടിക്കാൻ ഒരു അമ്മയോ സഹോദരിയോ സഹോദരനോ അതല്ല ഒരു നല്ല സുഹൃത്തോ അവൾക്ക് ഉണ്ടായിരുന്നില്ല.... എന്ത് ചെയ്യണമെന്നറിയാതെ എങ്ങനെ മകളെ ആശ്വസിപ്പിക്കണമെന്നറിയാതെ ആ അച്ഛൻ പകച്ചു നിന്നപ്പോൾ അവൾ ആരുമില്ലായ്മയിലേക്ക് ഒതുങ്ങി കൂടാൻ നിർബന്ധിതയായി.....

മൗനത്തെ അവൾ ഇഷ്ടപ്പെടാൻ തുടങ്ങി.... നിശബ്ദതയെ പ്രണയിക്കാനും.... ഇന്ന് അമ്മയുടെ സ്നേഹം പകരാൻ മാനസ ഉണ്ട്.... സഹോദരങ്ങളായി ഇളയും വികാസും.... നല്ലൊരു സുഹൃത്തായി വിക്രവും.... കൂടാതെ ജാനിയും നന്ദുവും..... ഇപ്പൊ ഒരു കുടുംബത്തിന്റെ സംരക്ഷണം അവൾക്ക് ലഭിക്കുന്നുണ്ട്..... തുറന്ന് പറയാൻ ആരെങ്കിലും ഒക്കെ ഉള്ളതും ഒരു മഹാഭാഗ്യമാണ്.... അല്ലെങ്കിൽ മനസ്സിന്റെ താളം തെറ്റി പോകും.... "മുഹൂർത്തം ആയി...."പൂജാരി പറഞ്ഞതും വികാസ് ഇളയെ മനുവിന്റെ അടുത്ത് ഇരുത്തി കൊടുത്തു.... താലി കെട്ടിന്റെ സമയത്താണ് ജാനി റാവണിനെ ഒന്ന് ശരിക്ക് കാണുന്നത്.... റാവൺ അവളെ നോക്കിയതും ജാനി സ്വയം നോക്കി എങ്ങനെ ഉണ്ടെന്ന് കണ്ണ് കൊണ്ട് തിരക്കി.... അവൻ അവളെ അടിമുടി നോക്കിക്കൊണ്ട് വലത് കൈയിലെ ചൂണ്ട് വിരലും തള്ള വിരലും മടക്കി ബാക്കി മൂന്ന് വിരലുകൾ ഉയർത്തി സൂപ്പർ എന്ന് കാണിച്ചു.... അത് കണ്ട് അവൾ കണ്ണിറുക്കി ചിരിച്ചു... താലി പൂജിച്ചു കിട്ടിയതും എല്ലാവരുടെയും അനുവാദത്തോടെയും ആശിർവാദത്തോടെയും മനു ഇളയുടെ കഴുത്തിൽ താലി കെട്ടി..........തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story