ജാനകീരാവണൻ 🖤: ഭാഗം 165

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"മുഹൂർത്തം ആയി...."പൂജാരി പറഞ്ഞതും വികാസ് ഇളയെ മനുവിന്റെ അടുത്ത് ഇരുത്തി കൊടുത്തു.... താലി കെട്ടിന്റെ സമയത്താണ് ജാനി റാവണിനെ ഒന്ന് ശരിക്ക് കാണുന്നത്.... റാവൺ അവളെ നോക്കിയതും ജാനി സ്വയം നോക്കി എങ്ങനെ ഉണ്ടെന്ന് കണ്ണ് കൊണ്ട് തിരക്കി.... അവൻ അവളെ അടിമുടി നോക്കിക്കൊണ്ട് വലത് കൈയിലെ ചൂണ്ട് വിരലും തള്ള വിരലും മടക്കി ബാക്കി മൂന്ന് വിരലുകൾ ഉയർത്തി സൂപ്പർ എന്ന് കാണിച്ചു.... അത് കണ്ട് അവൾ കണ്ണിറുക്കി ചിരിച്ചു... താലി പൂജിച്ചു കിട്ടിയതും എല്ലാവരുടെയും അനുവാദത്തോടെയും ആശിർവാദത്തോടെയും മനു ഇളയുടെ കഴുത്തിൽ താലി കെട്ടി.... ഇള താലി മുറുകെ പിടിച്ച് കണ്ണുകൾ ഇറുക്കി അടച്ചു.... അച്ഛനും അമ്മയും അടുത്തു തന്നെ ഉണ്ടെന്നൊരു തോന്നൽ..... ആ തോന്നലിൽ അവൾ പുഞ്ചിരിച്ചു.... കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണുനീർ ഒഴുകി ഇറങ്ങി.... അവളുടെ നെറുകയിൽ മനു സിന്ദൂരം ചാർത്തുമ്പോഴും അവൾക്കൊപ്പം അഗ്നിയെ വലം വെക്കുമ്പോഴും തനിക്കായി സ്വന്തമെന്ന് പറയാൻ ഒരാൾ ഉണ്ടായ ആത്മനിർവൃതിയിൽ അവൾ മനസ്സ് തുറന്ന് ചിരിച്ചു.....

നാത്തൂൻ സ്ഥാനം മാനസയും നന്ദുവും ഭംഗിയായി ഏറ്റെടുത്തു.... വിക്രത്തിന് നിൽക്കാൻ ബുദ്ധിമുട്ടായത് കൊണ്ട് വികാസ് അവനെ ഒരു ചെയറിൽ കൊണ്ട് ഇരുത്തിയിരുന്നു.... നന്ദുവിനെ കണ്ടപ്പോൾ ഒരു നേർത്ത പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവൻ വേഗം നോട്ടം മാറ്റി കളഞ്ഞു.... ചന്ദുവും നന്ദുവും അത് കൃത്യമായി കാണുകയും ചെയ്തു.... ചടങ്ങ് കഴിഞ്ഞതും രണ്ട് പേരും കൂടി എല്ലാവരുടെയും അനുഗ്രഹം വാങ്ങി.... താലികെട്ട് കഴിഞ്ഞതും എല്ലാവരും ഓഡിറ്റോറിയത്തിലേക്ക് പുറപ്പെടാൻ ഒരുങ്ങി.... ഇള മനുവിനൊപ്പം പോയതും ചന്ദു എങ്ങോട്ട് പോകണമെന്ന് അറിയാതെ ചുറ്റും നോക്കി നിന്നു.... അവൾ അങ്ങനെ നിൽക്കുന്നത് കണ്ട് രാഘവ് അവൾക്ക് നേരെ നടന്നതും മാനസ വന്ന് അവളെ കൈയെ പിടിച്ചു കൊണ്ട് പോയി... അത് കണ്ട് രാഘവ് പുഞ്ചിരിയോടെ തിരിഞ്ഞു നടന്നു..... ചന്ദുവിനെ മാനസ കാറിന്റെ ബാക്ക് സീറ്റിലേക്ക് കയറ്റി ഇരുത്തി..... അപ്പോഴേക്കും വികാസ് വിക്രമിനെ താങ്ങി വന്നു.... ഡോർ തുറന്ന് പതിയെ അവനെ ഉള്ളിലേക്ക് ഇരുത്തി....

വിക്രം അകത്ത് കയറിയതിന് ശേഷമാണ് ചന്ദുവിനെ കണ്ടത്.... "ആഹ്.... താൻ ഇവിടെ ഉണ്ടായിരുന്നോ.... തന്നെ കണ്ടില്ലല്ലോന്ന് ഞാൻ ഇവനോട് പറയുവായിരുന്നു...."വികാസ് അവളെ കണ്ടതും പറഞ്ഞു.... അവൾ ഒന്ന് പുഞ്ചിരിച്ചു.... വികാസ് ആണ് കാർ ഡ്രൈവ് ചെയ്യുന്നേ.... മനസയെ കോ ഡ്രൈവിംഗ് സീറ്റിൽ ഇരുത്തി അവൻ ശ്രദ്ധയോടെ സീറ്റ് ബെൽറ്റ്‌ ഒക്കെ ഇട്ട് കൊടുത്തു.... ശേഷം കാർ സ്റ്റാർട്ട്‌ ചെയ്തു.... "ചേച്ചി.... ജെനിയെ കൂടി കൂട്ടിക്കോ...."കാർ മുന്നോട്ട് എടുക്കും മുന്നേ റാവൺ മാനസ ഇരിക്കുന്നിടത്തേക്ക് കുനിഞ്ഞു കൊണ്ട് റാവൺ പറഞ്ഞു.... "എടാ ഇതിൽ സ്ഥലം ഇല്ല ..... ഞാൻ ബൈക്ക് എടുത്തിട്ടുണ്ട്.... ഞാൻ കൊണ്ട് പൊയ്ക്കോളാം അവളെ...." ജിത്തു സഹായ ഹസ്തവുമായി എത്തി.... ജെനി അവനെ ഇരുത്തി ഒന്ന് നോക്കി.... "വേണ്ട.... അവൾ ഇതിൽ പോട്ടേ...."അവനെ സൂക്ഷിച്ചു നോക്കിക്കൊണ്ട് റാവൺ പറഞ്ഞു....

"വെറുതെ എന്തിനാടാ ഇവരെ ബുദ്ധിമുട്ടിക്കുന്നെ.... കണ്ടില്ലേ.... ഇപ്പൊ തന്നെ നാല് പേരുണ്ട്.... ഞാൻ കൊണ്ട് പോവാടാ.... എന്തായാലും അവിടം വരെ ഞാൻ ഒറ്റക്കല്ലേ...."ജിത്തു ചിരിച്ചോണ്ട് പറഞ്ഞു.... "ഏയ്യ്.... ഞങ്ങൾക്ക് എന്ത് ബുദ്ധിമുട്ട്.... വാ ജെനി...." മാനസ വിളിക്കുന്നത് കേട്ട് ജിത്തു റാവണിനെ നോക്കി ചുണ്ട് ചുളുക്കി.... "നീ ബൈക്ക് എടുക്കണ്ട.... നീ അച്ഛമ്മയെ ഒക്കെ കൊണ്ട് പൊയ്ക്കോ.... ദാ കീ...." റാവൺ കീയ് അവന് നേരെ നീട്ടി.... ജിത്തു നിരാശനായി ജെനിയെ ഒന്ന് നോക്കി തിരിഞ്ഞു നടന്നു.... ജെനി കയറുന്നത് കണ്ടപ്പോൾ ചന്ദു അവൾക്കായി കുറച്ച് നീങ്ങി കൊടുത്തു.... അവൾ നീങ്ങി വിക്രത്തിന്റെ അടുത്തെത്തി.... വിക്രത്തെ മുട്ടാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.... എന്നാലും തൊട്ട് തൊട്ടില്ലെന്ന മട്ടിലാണ് അവളുടെ ഇരിപ്പ്.... ജെനി നേരെ ഇരുന്ന് ഡോർ അടച്ചതും എത്ര മുട്ടാതെ നോക്കിയിട്ടും വിക്രത്തിന്റെ ശരീരത്തോട് ചന്ദു ചേർന്നിരുന്നു പോയി.... വിക്രം മാക്സിമം ഒതുങ്ങി കൊടുത്തെങ്കിലും അവന്റെ കാല് ഫ്രാക്ച്ചർ ആയത് കൊണ്ട് ഒരുപാട് കൂനിക്കൂടി ഇരിക്കാനൊന്നും അവന് സാധിക്കുന്നില്ല....

അവൻ ബുദ്ധിമുട്ടുന്നത് കണ്ടതും ചന്ദു കണ്ണുകൾ കൊണ്ട് സാരമില്ലെന്ന് കാണിച്ചു.... അതോടെ വിക്രം പുഞ്ചിരിച്ചു.... ചന്ദു ഒരല്പം നീങ്ങി അവനോട് നേരെ ഇരുന്നോളാൻ പറഞ്ഞു.... വിക്രം നേരെ ഇരുന്നപ്പോൾ ചന്ദുവിന്റെ പുറം ഭാഗം പകുതി അവന്റെ ഇടം നെഞ്ചിൽ പതിഞ്ഞാണ് ഇരുന്നത്.... ചന്ദുവിന് ഒരു വല്ലായ്മ തോന്നിയെങ്കിലും മാറിയിരിക്കാൻ നിവൃത്തി ഇല്ല.... വിക്രവും അതേ അവസ്ഥയിൽ തന്നെ.... മാനസക്ക് ഇത് മൂന്നാം മാസം ആയത് കൊണ്ട് വികാസ് വളരെ ശ്രദ്ധയോടെയാണ് ഡ്രൈവ് ചെയ്തത്.... എങ്കിലും വളവുകൾ തിരിയുമ്പോൾ ചന്ദു വിക്രത്തിന്റെ നെഞ്ചിലേക്ക് ചാഞ്ഞു പോകും.... അങ്ങനെ അവൾ ചായുമ്പോഴൊക്കെ അവളിൽ നിന്ന് വശ്യമായ ഒരു ഗന്ധം അവന്റെ നാസികയിലേക്ക് ഒഴുകി എത്തും.... അവൻ അറിയാതെ അത് ആസ്വദിച്ചു പോകും.... അടുത്ത നിമിഷം തലക്ക് ഒന്ന് കൊട്ടി മനസ്സിനെ ശാസിക്കും....

വീണ്ടും വളവ് തിരിയുമ്പോൾ ചന്ദു എത്രയൊക്കെ ശ്രമിച്ചാലും അവൾ അവന്റെ നെഞ്ചിലേക്ക് തന്നെ ചായും.... തല നിറഞ്ഞിരിക്കുന്ന മുല്ലപ്പൂവിന്റെ സൗരഭ്യവും അവളുടെ ഗന്ധവും പെർഫ്യൂമിന്റെ സുഗന്ധവും സമ്മിശ്രമായ ആ സുഗന്ധം അവനെ കീഴ്പ്പെടുത്തി..... അറിയാതെ തന്നെ ആ ഗന്ധം അവൻ ശ്വസിച്ചു പോകുന്നു.... മനുഷ്യർക്ക് ആകർഷണം തോന്നുന്ന ഒന്നാണല്ലോ സുഗന്ധം.... ആദ്യമൊക്കെ മുഖം തിരിച്ചിരുന്ന വിക്രം പിന്നെ പിന്നെ ആ ഗന്ധം ആസ്വദിക്കാൻ തുടങ്ങി..... അവൾ കണ്ടാൽ ചീപ് ആണെന്ന് തോന്നി തുടങ്ങിയപ്പോൾ അവൻ തല വെട്ടിച്ചു തന്നെ ഇരുന്നു.... എന്നിട്ടും ഇടയ്ക്കിടെ ആ ഗന്ധം അവന്റെ നാസികയിലേക്ക് തുളച്ചു കയറിയിരുന്നു.... ഇടക്കെപ്പോഴോ ജെനിയും അത് കണ്ടിരുന്നു..... അവളത് കണ്ടെങ്കിലും അവരെ ശ്രദ്ധിക്കാൻ പോയില്ല.... വിക്രത്തിന്റെ കഥ അറിയുന്നത് കൊണ്ട് തന്നെ ആ മുഖത്ത് അന്നേരം ഒരു പുഞ്ചിരിയായിരുന്നു തെളിഞ്ഞത്.... ഓഡിറ്റോറിയം എത്തും വരെ വിക്രത്തിന്റെ അവസ്ഥ അത് തന്നെ ആയിരുന്നു... ജെനി ഇറങ്ങിയതും ജീവ വായും കിട്ടിയത് പോലെ ചന്ദു ഓടിയിറങ്ങി....

അത് കണ്ട് വിക്രം ചിരിച്ചു പോയി.... "എന്താ ചന്ദു ഓടുന്നെ... അവൻ നിന്നെ പിടിച്ചു കടിച്ചോ....?" അവളുടെ ഓട്ടം കണ്ട് വികാസ് അവളോട് തിരക്കി... അതിന് മറുപടി പറയാതെ അവൾ പൊടുന്നനെ വിക്രത്തെ നോക്കി..... വിക്രം അവളെ നോക്കുന്നത് കണ്ട് അവൾ തല കുനിച്ചു പിടിച്ചു വേഗം അകത്തേക്ക് കയറിപ്പോയി..... അത് കണ്ട് ചിരിച്ചിരുന്ന വിക്രത്തെ വികാസ് ഒന്ന് ഇരുത്തി നോക്കികൊണ്ട് പുറത്തേക്ക് ഇറക്കി... റിസപ്ഷൻ അത്യുഗ്രൻ ആക്കി ഫോട്ടോസും ഒക്കെ എടുത്ത് ഫുഡും കഴിച്ച് ഓരോരുത്തരായി പിരിഞ്ഞു പോയി.... ജെനി വൈകിട്ടോടെ പോകാൻ ഇറങ്ങി.... നേരെ ഹോസ്റ്റലിലേക്കാണ് അവൾ... അത് കൊണ്ട് നേരത്തെ ഇറങ്ങണം..... ഇത്തവണ ജിത്തു റാവണിനെ സോപ്പിട്ടു അവളെ ഡ്രോപ്പ് ചെയ്യാനുള്ള അനുവാദം വാങ്ങിയെടുത്തു.... അതും വേഗം വരുമെന്ന ഉറപ്പിന്മേൽ..... എല്ലാം ഭംഗി ആയി കഴിഞ്ഞതോടെ വിരുന്നുകാർ മടങ്ങി.... ഒപ്പം രാഘവും..... അച്ഛമ്മയും ജിത്തുവിന്റെ കുടുംബവും ഭരത്തിന്റെ കുടുംബവും യുവയുടെ കുടുംബവും ബാക്കിയായി....

മാനസയുടെ ആഗ്രഹം കണക്കിലെടുത്തു വധൂവരന്മാരെ വികാസിന്റെ വീട്ടിലേക്ക് തന്നെ കൊണ്ട് പോയി.... ആ ഒപ്പം എല്ലാവരും കൂടി അവിടേക്ക് ചെന്നു.... അച്ഛമ്മയാണ് വിളക്ക് കൊടുത്ത് അവളെ സ്വീകരിച്ചത്.... രണ്ട് പേരെയും പൂജാമുറിയിലേക്ക് കൊണ്ട് പോയി.... മനസ്സുരുകി പ്രാർത്ഥിച്ചുകൊണ്ട് അച്ഛമ്മ അവരെ അനുഗ്രഹിച്ചു.... അവർക്ക് മധുരം കൊടുത്ത ശേഷം ഫ്രഷ് ആവാൻ പറഞ്ഞു വിട്ടു.... ജാനിയും നന്ദുവും ചന്ദുവിന്റൊപ്പം കൂടി.... ഗൗരി മകളോട് സംസാരിക്കാൻ ഒരു അവസരം കാത്ത് ഇരിക്കുകയാണ്.... ജാനി അത് മനസ്സിലാക്കിയെങ്കിലും സംസാരിക്കാൻ കൂട്ടാക്കിയില്ല.... അവൾ താൻ എത്ര സന്തോഷവതിയാണെന്ന് അമ്മക്ക് കാണിച്ചു കൊടുക്കാനുള്ള തിരക്കിലാണ്.... ഇടക്കെപ്പോഴോ റാവണിനെ കണ്ടപ്പോൾ അവളവനെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു.... ആരോടോ ഫോണിൽ സംസാരിക്കുക ആയിരുന്നെങ്കിലും അതിന് അവനൊന്ന് കണ്ണ് ചിമ്മി ചിരിച്ചുകൊണ്ട് അവളെ കടന്നു പോയി..... യുവയും നന്ദുവും ആണെങ്കിൽ ഉടക്കി ഉടക്കി അതിലൂടെ നടക്കുന്നത് കാണാം....

യാമിയും ആരവും കണ്ണും കണ്ണും നോക്കി സമാധാനിക്കുന്നു.... ആകെ മൊത്തം എല്ലാവരും ഹാപ്പിയാണ്..... ആ സന്തോഷാദിനം ഭംഗിയാക്കിക്കൊണ്ട് അച്ഛമ്മയും കുടുംബവും യുവയുടെ കുടുംബവും ഭരത്തും കുടുംബവും ഒക്കെ യാത്ര പറഞ്ഞു പോയി.... ബാക്കിയുള്ളവർ മുറ്റത്തും സിറ്റ് ഔട്ടിലും ഒക്കെ ആയി ഇരുന്നു.... രാത്രി വൈകിയതും ഇളയെയും മനുവിനേം പറഞ്ഞയച്ചുകൊണ്ട് റാവണും കുടുംബവും ഒക്കെ പോയി.... അതോടെ വികാസും മാനസയും വിക്രവും ചന്ദുവും മാത്രമായി.... "ഇന്ന് മനസ്സിന് ആകെ ഒരു ഉന്മേഷം.... ഞങ്ങൾ ഒന്ന് നടന്നിട്ട് വരാം...." മാനസയുടെ കൈയും പിടിച്ചു വികാസ് പതിയെ റോഡിലേക്ക് ഇറങ്ങി.... അതോടെ മുറ്റത്ത് ഇരുന്ന ചന്ദു സിറ്റ് ഔട്ടിലേക്ക് കയറി.... വിക്രം സിറ്റ് ഔട്ടിൽ ഇരിപ്പുണ്ട്.... അവനെ തനിച്ചു വിട്ടിട്ട് പോവാൻ തോന്നിയില്ലവൾക്ക്.... മുമ്പത്തെ അനുഭവം ഓർമയിൽ ഉണ്ടായിട്ടാവാം.... അവൾ മെല്ലെ സിറ്റ് ഔട്ടിന്റെ പടിയിൽ വീണിരുന്നു.... വിക്രത്തെ നോക്കി ഒന്ന് ചിരിച്ചു.... "ചന്ദു പോയി കിടന്നോളു.... ഉറക്കം കളയണ്ട...." അവൻ അവളോട് പറഞ്ഞു....

അതിന് മറുപടി ഒന്നും പറയാതെ അവൾ അവിടെ തന്നെ ഇരുന്നു.... അങ്ങനെ ഇരിക്കുമ്പോൾ മനസ്സിൽ ഓരോ ചിന്തകൾ നിറഞ്ഞു..... അന്നേരം മനസ്സിനെ അലട്ടിയത് ഇള പറഞ്ഞു നിർത്തിയ കഥയുടെ ബാക്കിയാണ്.... ബാക്കി അറിയാൻ വല്ലാത്തൊരു ആകാംക്ഷ.... അവൾ പതിയെ തല ചെരിച്ചു വിക്രത്തെ ഒന്ന് നോക്കി.... അവൻ തന്നെ തന്നെ നോക്കി ഇരിപ്പാണെന്ന് കണ്ടതും അവൾക്കൊരു വല്ലായ്മ തോന്നി.... "തനിക്ക് എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ എന്നോട്....?" അധികം താമസിയാതെ അവന്റെ ചോദ്യം എത്തി.... പെട്ടെന്ന് അവൾ ഇല്ലെന്ന് തലയാട്ടി.... "ഇല്ലേ...?" അവൻ അവളെ ഇരുത്തി ഒന്ന് നോക്കി.... അതിന് അവൾ തല കുനിച്ച് ഉണ്ടെന്ന് തല അനക്കി.... അത് കണ്ട് അവന്റെ ചുണ്ടുകൾ വിടർന്നു.... "ചോദിക്ക്... " കൈയിൽ ഇരുന്ന മൊബൈൽ സോപാനത്തിലേക്ക് വെച്ചുകൊണ്ട് അവൻ പറഞ്ഞു....

എന്ത് പറയണം എങ്ങനെ തുടങ്ങണമെന്നോ അവൾക്കൊരു രൂപവും ഇല്ല.... റിയയെ കുറിച്ച് വെട്ടി തുറന്ന് എങ്ങനെ ചോദിക്കാനാണ്.... അങ്ങനെ ചോദിച്ചാൽ അദ്ദേഹം എന്ത് കരുതും.... ചിലപ്പോ വിഷമം തോന്നിയാലോ... എന്നൊക്കെയായി അവളുടെ ചിന്ത... എന്നാലും അവയെക്കാൾ അറിയണം എന്ന ആഗ്രഹം മുന്നിട്ട് നിന്നു.... അവളുടെ നോട്ടം അവന്റെ കാലുകളിലേക്കായി.... "ഈ കാലിന്.... എന്ത് പറ്റിയതാ....?" തെല്ലൊരു നേരത്തെ മൗനത്തിനു ശേഷം സ്വാധീനക്കുറവുള്ള അവന്റെ കാല് ചൂണ്ടി അവൾ ചോദിച്ചു.... "ഇതോ....😅 ഇത്.... ഇതൊരു സമ്മാനമാണ്...." അവൻ ചിരിച്ചു.... "സമ്മാനമോ....?" അവളുടെ മുഖം ചുളിഞ്ഞു.... "മ്മ്.... പ്രണയിച്ച പെണ്ണിന്റെ പ്രണയസമ്മാനം...."......തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story