ജാനകീരാവണൻ 🖤: ഭാഗം 168

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"നന്ദു പിന്നീട് മിണ്ടിയോ....?" അവൾ ചോദിച്ചത് കേട്ട് അവൻ എന്തോ ഓർത്തു ചിരിച്ചു..... "മ്മ്.... മിണ്ടി.... പക്ഷേ അപ്പോഴൊക്കെ ഇവിടെ ഒരു വേദനയാ.... മിണ്ടാനുള്ള അവസരങ്ങൾ ഉണ്ടാവരുതേ എന്നാണ് പ്രാർത്ഥന...." അവൻ നെഞ്ച് തടവിക്കൊണ്ട് പറഞ്ഞു.... "മറക്കാൻ ശ്രമിച്ചൂടെ എല്ലാം....?" അവൾ തിരക്കി..... പകരം ഒരു പരിഹാസച്ചിരിയാണ് അവൾക്ക് കിട്ടിയത്..... "അങ്ങനെ എല്ലാം മറവിക്ക് വിട്ട് കൊടുക്കാൻ കഴിയുമായിരുന്നെങ്കിൽ ഇന്ന് താനും ഇങ്ങനെ ഇവിടെ വന്ന് ഇരിക്കേണ്ടി വരുമായിരുന്നില്ലല്ലോ....?" അവന്റെ ആ മറുചോദ്യം അവളൊട്ടും പ്രതീക്ഷിരുന്നില്ല..... ആ ചോദ്യത്തിന് മുന്നിൽ അവൾക്ക് ഉത്തരം മുട്ടിപ്പോയി.... "വല്യ ഉപദേശി വന്നേക്കുന്നു....." വിക്രം ചിരിച്ചു.... ഒപ്പം അവളും ഒന്ന് ചിരിച്ചു കാട്ടി.... "മറ്റുള്ളവരെ ഉപദേശിക്കുമ്പോ എല്ലാം എളുപ്പമാടോ....

നമ്മുടെ കാര്യത്തിൽ വരുമ്പോഴാണ് അത് എത്ര ബുദ്ധിമുട്ട് ആണെന്ന് മനസ്സിലാവുന്നത്.... ഇപ്പൊ നമ്മുടെ കാര്യം തന്നെ കണ്ടില്ലേ..... തന്റെ ലൈഫിൽ സംഭവിച്ചതൊന്നും എനിക്കറിയില്ല.... പക്ഷേ മറക്കാൻ കഴിയാനാവാത്ത പലതും ഉള്ളത് കൊണ്ടാണല്ലോ താൻ ഇപ്പൊ ഇവിടെ ഇരിക്കുന്നത്....."അവൻ അവളെ നോക്കി പറഞ്ഞു നിർത്തി.... "എടോ.... ഒരു കാര്യം പറയട്ടെ.... ഉപദേശിക്കുവാണെന്ന് കരുതണ്ട..... തനിക്ക് തുറന്ന് സംസാരിക്കാൻ ഒരാള് അല്ലെങ്കിൽ ഒരു ഫാമിലി ഇല്ലാത്തതിന്റെ പ്രശ്നങ്ങളാണെന്ന് ഇള പറയുന്നത് കേട്ടു.... അപ്പൊ തനിക്കും ഒന്ന് മാറി ചിന്തിച്ചു കൂടെ.... വിവാഹം ഓർ റിലേഷൻഷിപ് ആണ് ജീവിതത്തിന്റെ അവസാനം അതിലുപരി ഒന്നും ഇല്ല എന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ല...... പക്ഷേ ലൈഫ് ആവുമ്പോ കൂട്ടിന് ഒരാള് ഉണ്ടാവണം.... നമ്മുടെതെന്ന് ഉറപ്പിച്ചു പറയാൻ....

നമുക്ക് എന്തും തുറന്ന് പറയാൻ.... സപ്പോർട്ട് ചെയ്യാൻ.... അങ്ങനെ ഒരാള് തന്റെ ലൈഫിലേക്കും വരണം.... ഒറ്റപ്പെട്ടു പോയപ്പോഴാണ് ഞാനും ഇതൊക്കെ ശരിക്കും മനസ്സിലാക്കുന്നത്....." വിക്രം പറയുന്നത് കേട്ടപ്പോൾ താനായി തിരഞ്ഞെടുത്ത ജീവിത പങ്കാളിയെ അവൾ ഓർത്തു പോയി.... ആ ദാരുണമായ ജീവിതം ഓർക്കവേ അവളുടെ മിഴികൾ നിറഞ്ഞു.... "ഞാൻ അതിന് ഇപ്പോഴും ശ്രമിക്കാത്തത് ആഗ്രഹമില്ലാഞ്ഞിട്ടല്ല..... വേണ്ടാന്ന് വെച്ചിട്ടാണ്.... പ്രണയിച്ച കാരണത്താൽ രണ്ട് തവണ മുറിവേൽക്കപ്പെട്ടവനാണ് ഞാൻ.... കൈവെള്ളയിൽ കിട്ടിയ ജീവിതം തട്ടി തെറിപ്പിച്ചവൻ.... നന്ദുവിനോട് ഞാൻ ചെയ്ത തെറ്റിന് ഇതാവട്ടെ ഞാൻ വിധിക്കുന്ന ശിക്ഷ.... അവളെ വേണ്ടെന്ന് വെച്ച കുറ്റബോധം പേറി ഒറ്റപ്പെട്ടു ജീവിക്കണം ഞാൻ... മനുഷ്യന്മാർക്ക് ദൈവം ഒരു കഴിവ് കൊടുത്തിട്ടുണ്ട്... മറവി....

കാലത്തിന്റെ ഗതി മാറുമ്പോൾ കഴിഞ്ഞതൊക്കെ മനസ്സിൽ നിന്ന് എടുത്ത് കളയാൻ സാധിച്ചാൽ തന്നെ ഒരു വികലാംഗൻ ആയ ഞാൻ ഇനി വേറൊരു പെണ്ണിന്റെ ജീവിതം നശിപ്പിക്കേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല...." അവന്റെ വാക്കുകൾ കേട്ട് അലിവ് തോന്നി അവൾക്ക്.... ജീവിതത്തെ പറ്റി ഒരുപാട് പ്രതീക്ഷകളും മോഹങ്ങളും അവനും ഉണ്ടായിരുന്നു.... എന്തിനൊക്കെയോ വേണ്ടി സ്വയം എല്ലാം നഷ്ടപ്പെടുത്തി തോറ്റു പോയവന്റെ വേദനയിൽ അവൾക്കും വേദന തോന്നി.... "അതുകൊണ്ടാ ഞാൻ പറയുന്നത്..... ഒരു കൂട്ട് തനിക്ക് ആവശ്യമാണ്‌....."വിക്രം പറഞ്ഞു... അവൾ വേണ്ടെന്ന അർത്ഥത്തിൽ തല ചലിപ്പിച്ചു "അതെന്താ.... താൻ പുരുഷവിദ്വേഷി വലതുമാണോ...?" അവൻ കളിയായി ചോദിച്ചു.... "അല്ല....." "പിന്നെന്താ...?" വിക്രം.. "ഇനിയൊരു വിവാഹത്തിന് ഞാൻ ഒരുക്കമല്ല .... എനിക്കതിന് സാധിക്കില്ല....."

ദേവിന്റെ ഓർമയിൽ അവൾ കണ്ണുകൾ ഇറുക്കിയടച്ചു..... "ഇനിയൊരു വിവാഹം....? അപ്പൊ തന്റെ വിവാഹം കഴിഞ്ഞായിരുന്നോ....?" കുഞ്ഞൊരു ഞെട്ടലോടെ അവൻ തിരക്കി.... അതിന് അവളൊന്ന് മൂളി.... ആ വിഷയം സംസാരിക്കുന്നതിലെ അവളുടെ താല്പര്യമില്ലായ്മ അറിഞ്ഞത് കൊണ്ടാവാം അവൻ അതേ കുറിച്ച് പിന്നൊന്നും തിരക്കിയില്ല.... "അപ്പൊ താനും എന്നെ പോലെ ഇങ്ങനെ നിരാശ കാമുകി ലൈനിൽ ജീവിക്കുമെന്നാണോ....?" അവന്റെ കുസൃതി ചിരി കണ്ട് അവളും പുഞ്ചിരിച്ചു.... "താൻ അതിൽ ഹാപ്പി ആണേൽ എനിക്കും ഓക്കേ.... പിന്നെ എന്ത് വിഷമം വന്നാലും ആരും ഇല്ലെന്ന് കരുതി തളർന്നു പോകരുത്...... നല്ലൊരു സുഹൃത്തായി എന്നും ഞാൻ ഉണ്ടാവും തന്റെ കൂടെ...." അവന്റെ ആ വാക്കുകളിൽ അവളുടെ ഉള്ളൊന്ന് തണുത്തു.. "എങ്കിൽ ചന്ദനക്കുട്ടി പോയി ഉറങ്ങാൻ നോക്ക്...നേരം ഒരുപാടായി...."

വാച്ചിലേക്ക് നോക്കിക്കൊണ്ടവൻ പറഞ്ഞു..... "ഞാൻ ഇവിടെ ഇരുന്നോളാം..... ഉറക്കം വരുന്നില്ല...."അവൾ ഒന്ന് നിവർന്നിരുന്നുകൊണ്ട് പറഞ്ഞു..... "അത് കൊള്ളാം.... നേരം എത്രയായെന്നാ..... ഉറക്കം കളയാതെ ചെല്ല് ചന്ദൂ...." അവന്റെ സ്വരത്തിൽ ശാസന കലർന്നിരുന്നുവോ..... കാലങ്ങൾക്ക് ശേഷം ആദ്യമായി ഒരാളിൽ നിന്ന് സ്നേഹം കലർന്ന ശാസന കേട്ട നിവൃതിയിൽ അവൾ നോക്കിയിരുന്നു പോയി..... ആ സംഭവങ്ങൾക്ക് ശേഷം അച്ഛനും അധികം സംസാരം ഇല്ല..... ദേഷിക്കാനോ ശാസിക്കാനോ ഒന്നിനും നിന്നിട്ടുമില്ല.... സ്നേഹക്കുറവ് കൊണ്ടാവില്ലെന്ന് അറിയാം..... ആ മനസ്സിൽ എന്നെ ഓർത്തുള്ള ഭയമാണെന്ന് മനസ്സിലാക്കാൻ എനിക്കാവുന്നുണ്ട്..... എങ്കിലും സ്നേഹത്തിൽ പൊതിഞ്ഞ ഈ ശാസന താൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു..... അതിന്ന് കേട്ടപ്പോൾ മനസ്സിന് ഒരു സുഖം... സമാധാനം.... ശരിയാണ്.... നമ്മളെ സ്നേഹിക്കാനും ശാസിക്കാനും തിരുത്താനുമൊക്കെ ആരെങ്കിലും ഒരാള് വേണം.... എന്നാലേ ജീവിക്കാൻ ഒരു തോന്നൽ ഉണ്ടാവൂ.... "ആഹ് വീണ്ടും തുടങ്ങി.... സ്വപ്നം കാണൽ...."

വിക്രം അവൾക്ക് നേരെ വിരൽ ഞൊടിച്ചു.... ചിന്തകൾ വെടിഞ്ഞു എന്തെന്ന മട്ടിൽ ചന്ദു അവനെ നോക്കി..... "എന്റെ ചന്ദൂ..... തനിക്കെന്താടോ ഇതിനും മാത്രം ചിന്തിക്കാൻ ഉള്ളെ....?" അവൻ അവളെ അടിമുടി നോക്കി.... "മ്മ് ചെല്ല് ചെല്ല്.... പോയി ഉറങ്ങാൻ നോക്ക്...." തനിക്ക് മുന്നിൽ ജാള്യതയോടെ ഇരിക്കുന്നവളോടായി അവൻ പറഞ്ഞു "എങ്കിൽ ശരി.... വിക്രവും വരൂ..... ഞാൻ മുറിയിൽ ആക്കാം...."അവൾ അവനെ പിടിക്കാൻ ആഞ്ഞതും വിക്രം അവളെ തടഞ്ഞു.... "യ്യോ വേണ്ടെടോ.... താൻ പോയി കിടന്നോ.... ഏട്ടൻ വരുമ്പോ എന്നെ മുറിയിലാക്കി തരും...."അവൻ അവളെ ബുദ്ധിമുട്ടിപ്പിക്കണ്ട എന്ന ചിന്തയിൽ പറഞ്ഞൂ..... "ഏട്ടൻ ഇന്നൊന്നും വരുന്ന ലക്ഷണം ഒന്നും കാണുന്നില്ല.... ഇണക്കുരുവികളെ ഇവിടെ എങ്ങും കാണാനുമില്ല.... അവർ സന്തോഷിക്കട്ടെടോ..... വിക്രം വാ.... ഞാൻ റൂമിൽ ആക്കിയേക്കാം...

."അവൾ റോഡിലേക്ക് എത്തി നോക്കിക്കൊണ്ട് പറഞ്ഞതും വിക്രത്തിനും അത് ശരിയാണെന്ന് തോന്നി.... "ഞാൻ വഴിയിലെങ്ങും കൊണ്ട് ഇടത്തൊന്നും ഇല്ലന്നെ...."അവൾ നിഷ്കളങ്കമായി പറഞ്ഞുകൊണ്ട് അവന് നേരെ തന്റെ വലത് കൈ നീട്ടി.... ചെറു ചിരിയോടെ അവൻ ആ കൈയിൽ പിടിച്ചു പതിയെ എണീറ്റു നിന്നു.... ചന്ദു അവന്റെ വലത് തോളോട് ചേർന്നു നിന്നുകൊണ്ട് അവന്റെ വലതു കൈ ഉയർത്തി തന്റെ കഴുത്തിലേക്ക് ഇട്ടു.... അവളുടെ തോളിൽ കൈയിട്ട് കുന്തി കുന്തി വിക്രം പതിയെ നടന്നു.... തന്റെ ഭാരം മുഴുവൻ അവൾടെ ശരീരത്തിലേക്ക് ഇറക്കി വെച്ച് നടക്കാൻ അവന് മടി തോന്നിയെങ്കിലും അതൊന്നും വക വെക്കാതെ ചന്ദു അവനെ മുറിയിലെ ബെഡിൽ കൊണ്ട് പോയി ഇരുത്തി.... അവന്റെ കാല് രണ്ടും പൊക്കി ബെഡിലേക്ക് വെച്ചു കൊടുത്ത് പില്ലോ ശരിക്ക് വെച്ച് അവനെ കിടത്തി.....

അവൻ എന്തെങ്കിലും പറയും മുന്നേ അവൾ ഓരോന്ന് ചെയ്തു കഴിഞ്ഞിരുന്നു.... എസി ഓൺ ചെയ്ത് കുഞ്ഞ് കുട്ടികളെ പുതപ്പിക്കും പോലെ അവൾ അവനെ പുതപ്പിച്ചു.... കുടിക്കാൻ ടേബിളിൽ വെള്ളവും കൊണ്ട് വന്ന് വെച്ചു..... "വെള്ളം ദാ ഇവിടെ വെച്ചിട്ടുണ്ട്.... ഇങ്ങനെ ഇരുന്നാൽ എടുക്കാൻ പറ്റുമോ....?" ചോദ്യത്തോടൊപ്പം വെള്ളം ഇരുന്ന ടേബിൾ അവൾ ബെഡിന് അടുത്തേക്ക് നീക്കി വെച്ചു.... "ശരി ഇനി ഉറങ്ങിക്കോ ... എന്ത് ആവശ്യം വന്നാലും മടിക്കാതെ വിളിക്കണം...."എന്നും പറഞ്ഞ് ചന്ദു അവിടെ നിന്നും തിരിഞ്ഞു നടന്നു.... അന്നേരമത്രയും അവന്റെ കണ്ണുകൾ അവളിൽ തന്നെയായിരുന്നു..... •••••••••••••••••••••••••••••••••••••••°

വീണ്ടും കുറച്ച് ദിവസങ്ങൾ കൂടി കടന്ന് പോയി..... "ജനകാ.... മനൂന്റെ കാര്യം ഭംഗിയായി കഴിഞ്ഞില്ലേ.... ഇനി നമുക്ക് ഇവരുടെ കാര്യം നീട്ടി വെക്കണോ....?" വീട്ടുകാർ ഒക്കെ ആയി ഒരു ഒഫീഷ്യൽ പെണ്ണ് കാണലാണ് അവിടെ നടക്കുന്നത്..... ഇരു വീട്ടുകാരും റാവണും മനുവും അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല.... "എല്ലാം നിങ്ങളുടെ ഇഷ്ടം പോലെ...." ജനകൻ പറഞ്ഞു.... "അതെന്താ ജനകേട്ടാ അങ്ങനെ പറഞ്ഞത്..... ഇവിടെ ഞങ്ങടെ ഇഷ്ടം മാത്രം നോക്കിയാൽ പോരല്ലോ.... നിങ്ങളുടെ മകളുടെ വിവാഹമാണ്..... തീരുമാനം എടുക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും നിങ്ങൾക്കുണ്ട്..." ജിത്തുവിന്റെ അമ്മയാണ്..... ജനകൻ അത് കേട്ട് ഒന്ന് ചിരിച്ചു..... ശേഷം അച്ഛമ്മയെ നോക്കി.... ആ നോട്ടത്തിന്റെ അർത്ഥം ഗ്രഹിച്ച് അച്ഛമ്മ ചിരിച്ചു..... "ഭരത്തിന്റെ വിവാഹവും ഉറപ്പിച്ചിരിക്കുവാണെന്ന് അറിയാല്ലോ..... കാര്യം ജിത്തുവിനെക്കാൾ അവൻ ഇളപ്പാണെങ്കിലും ഈ പേരിൽ ഇനിയും അത് നീട്ടികൊണ്ട് പോകാൻ പറ്റില്ല.... എന്ന് കരുതി ചേട്ടൻ നിൽക്കുമ്പോൾ അനിയൻ കെട്ടുന്നതും നന്നല്ല.....

അതുകൊണ്ട് രണ്ട് വിവാഹവും ഒത്ത് നടത്തിയാലൊന്ന് ഒരു ആഗ്രഹം...." അച്ഛമ്മ മനസ്സിലുള്ളത് തുറന്ന് പറഞ്ഞു..... "എന്താ കുഞ്ഞാ.... അതല്ലേ നല്ലത്...." അച്ഛമ്മ റാവണിനോട് തിരക്കി.... അവൻ തല കുലുക്കി.... "ജെനിക്കും ഫാമിലിക്കും അത് ഓക്കേ ആണെങ്കിൽ അത് തന്നെയാണ് നല്ലത്...." അവൻ പറഞ്ഞു.... മനുവും അത് ശരി വെച്ചു.... ആർക്കും മറിച്ചൊരു അഭിപ്രായം ഉണ്ടായിരുന്നില്ല .... ഭരത്തിന്റെ അമ്മയോടും അച്ഛമ്മ സമ്മതം വാങ്ങി.... വിവാഹം ഒരേ പന്തലിൽ നടത്താൻ..... അതിന് മുൻപ് ഏറ്റവും അടുത്തൊരു ജിത്തുവിന്റെയും ജെനിയുടെയും നിശ്ചയം ഫിക്സ് ചെയ്തിട്ടാണ് എല്ലാവരും പിരിഞ്ഞു പോയത്.... •••••••••••••••••••••••••••••••••••••••°

ജാനി റൂമിലേക്ക് വന്നതേ റാവൺ അവളെ പിന്നിൽ നിന്ന് പുണർന്നു..... അതിൽ ഒന്ന് കുളിർന്നുകൊണ്ട് അവൾ തല ചെരിച്ചു അവനെ നോക്കി.... അവളെ കൈക്കുള്ളിൽ നിർത്തിക്കൊണ്ട് റാവൺ അവളുടെ തോളിൽ താടി മുട്ടിച്ചു നിന്നു.... വയറിൽ പിടിച്ചു മുറുക്കി നെഞ്ചിൽ ചേർത്തു നിർത്തി..... "നാളെ ഈവെനിംഗ് കുറച്ച് ദിവസത്തേക്കുള്ള ഡ്രസ്സ്‌ ഒക്കെ പാക്ക് ചെയ്ത് റെഡി ആയി നിൽക്കണം.... ഒരു യാത്രയുണ്ട്....." അവളുടെ കാതോരം ചേർന്നുകൊണ്ട് അവൻ പറഞ്ഞു.... അവന്റെ കൈക്കുള്ളിൽ നിന്ന് അവൾ തിരിഞ്ഞു നോക്കി.... "യാത്രയോ... എങ്ങോട്ട്....?" "നാട്ടിലേക്ക്.... There is a surprise for you...." അവന്റെ നിശ്വാസത്തിനൊപ്പം അവന്റെ ചുണ്ടുകളും അവളുടെ കാതിൽ പതിഞ്ഞിരുന്നു.........തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story