ജാനകീരാവണൻ 🖤: ഭാഗം 170

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഇറങ്ങു...." എന്ന് പറഞ്ഞു റാവൺ ഇറങ്ങിയതും ഒപ്പം അവളും ഇറങ്ങി.... കാറിന്റെ ശബ്ദം കേട്ട് ജനകനും ഭാര്യവും മകളും ഇറങ്ങി വന്നു.... അവരെ കണ്ട് മുന്നോട്ട് നടന്നിരുന്ന ജാനി പെട്ടെന്ന് നിന്നു.... മൂന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു കൂടിക്കാഴ്ച..... അവരിൽ നിന്ന് ഒരു ഞെട്ടൽ പ്രതീക്ഷിച്ചെങ്കിലും അതിന് പകരം വാത്സല്യവും കണ്ണുനീരുമാണ് അവൾ കണ്ടത്.... അവൾടെ കണ്ണുകൾ അപ്പയെയും അമ്മയെയും മാറി മാറി ഉഴിഞ്ഞു.... അപ്പ നന്നായി നരച്ചു ഒരു വയസ്സനെ പോലെ തോന്നിച്ചു.... അമ്മയും ചെറുതായി നരച്ചു തുടങ്ങി.... മനസ്സിന്റെ വിഷമം ശരീരത്തെ ബാധിച്ചെന്നത് പോലെ രണ്ട് പേർക്കും ഒരുപാട് മാറ്റം തോന്നിച്ചു..... അപ്പയെ കാണുമ്പോ സങ്കടം അണപൊട്ടി.... തനിക്കും ജെനിക്കും വേണ്ടി ഒരു ജന്മം മുഴുവൻ വണ്ടിക്കാളയെ പോലെ പണിയെടുത്ത മനുഷ്യൻ....

തങ്ങൾക്ക് നല്ലൊരു ജീവിതം കിട്ടാൻ സ്വന്തം സുഖവും സന്തോഷവും ഒക്കെ ത്യജിച്ചയാൾ.... ഭാര്യയെയും മക്കളെയും നെഞ്ചിലേറ്റി നടന്ന ഒരു പാവം ഗ്രാമവാസി..... അവളുടെ അപ്പ.... ❤️ സങ്കടമോ കുറ്റബോധമോ അങ്ങനെ എന്തോ ആ മാതാപിതാക്കളുടെ കാലുകൾക്ക് വിലങ്ങിട്ടു..... കണ്ണുകളിലും മനസ്സുകളിലും വാത്സല്യം തുളുമ്പി നിന്നിട്ടും അത് പ്രകടിപ്പിക്കാൻ കഴിയാതെ അവർ വീർപ്പു മുട്ടി.... ജാനകിയും ജനനിയും രണ്ട് പേരും അവർക്ക് ഒരുപോലെയാണ്.... അന്നും ഇന്നും അതിന് മാറ്റമൊന്നും വന്നിട്ടില്ല..... ഒരാളുടെ ജീവൻ രക്ഷിക്കാൻ മറ്റേയാളെ വേദനിപ്പിക്കേണ്ടി വന്നു..... വേണമെന്ന് കരുതി ചെയ്തതല്ലെങ്കിൽ കൂടി അതൊരു തെറ്റാണെന്ന് അവർ മനസ്സിലാക്കുന്നുണ്ട്..... ആ തെറ്റിന്റെ കുറ്റബോധത്താൽ തല ഉയർത്തി നോക്കാൻ ആവാതെ അവർ വിഷമിച്ചു..... പക്ഷേ ജാനിക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല....

തല താഴ്ത്തി നിൽക്കുന്ന അപ്പയെയും അമ്മയെയും കണ്ടപ്പോൾ ഉള്ളിലെ പരിഭവങ്ങൾ ഒക്കെ അവൾ പാടെ മറന്നു..... വർഷങ്ങൾക്ക് ശേഷം നഷ്ടപ്പെട്ട അച്ഛനമ്മമാരെ തിരികെ കിട്ടിയ ഒരു കുട്ടിയെപ്പോലെ അവൾ പടികൾ ഓടി കയറി.... ജനകന്റെ മുന്നിൽ ഒരു കിതപ്പോടെ ചെന്ന് നിന്നു..... "അപ്പേ....."സ്നേഹത്തോടെയുള്ള ആ വിളിയിൽ കാഴ്ചയെ മറച്ചിരുന്ന മിഴിനീർ തുള്ളികൾ കണ്ണിൽ നിന്ന് പുറത്തേക്ക് ചാടി.... നിറഞ്ഞു ചുവന്ന കണ്ണുകളോടെ അയാൾ അവളെ നോക്കി.... "എന്നെ ഒന്ന് നോക്കാൻ പോലും ഇഷ്ടമല്ലാതായിപ്പോയോ എന്റെ അപ്പക്ക്.....?" അവളുടെ ആ ചോദ്യം ആ മനുഷ്യനെ ഉലച്ചു കളഞ്ഞു..... "ഒന്ന് പറയുവോ അപ്പേ.... ഈ ജാനിയും അപ്പേടെ സ്വന്തം മോളാണെന്ന്...." അവളുടെ കണ്ണിലും സ്വരത്തിലും ദൈന്യത നിറഞ്ഞു.... അത് കൂടി ആയപ്പോൾ അയാളുടെ നിയന്ത്രണം വിട്ടു.... ഒരു പൊടി കുഞ്ഞിനെ അണച്ച് പിടിക്കും പോലെ ജാനിയെ അയാൾ അടക്കി പിടിച്ചു....

. ഒരു ഏങ്ങലോടെ അവൾ ആ നെഞ്ചിലേക്ക് വീണു..... റാവൺ കാറിൽ ചാരി നിന്ന് അവരെ ഉറ്റുനോക്കുകയാണ്.... ചെറു പുഞ്ചിരിയോടെ..... ജാനിയുടെ എല്ലാം എല്ലാം ആയിരുന്നു ഈ വീടും വീട്ടിലുള്ളവരും..... ജീവിതം അവളെ പലയിടത്തും എത്തിച്ചെങ്കിലും അവളുടെ വേര് ഇവിടെയാണ്‌..... ഇതാണ് അവൾ ജീവിച്ച സ്വർഗം..... ആ സ്വർഗം അവൾ ആഗ്രഹിച്ചതിനേക്കാൾ മികച്ചതാക്കി അവൾക്ക് സമ്മാനിക്കാനാണ് അവൻ ആഗ്രഹിച്ചത്..... ജീവിതത്തിന്റെ ഒഴുക്കിൽ പെട്ട് ജാനി പലതും മറന്നെങ്കിലും അവൻ എല്ലാവരെയും ഓർത്തു വെച്ചു.... ജനകന് മെച്ചപ്പെട്ട ഒരു സാമ്പത്തിക സ്ഥിതി ആക്കി കൊടുത്തു..... നല്ലൊരു വീട് പണിതു.... ജെനിയെ ഉപരി പഠനത്തിന് അയച്ചു.... ഇപ്പൊ ദാ അവളുടെ വിവാഹവും..... പറഞ്ഞില്ലെങ്കിലും ഇതൊക്കെയാണ് അവളുടെ സ്വപ്നങ്ങളെന്ന് അവനറിയാം....

ചോദിച്ചു വാങ്ങുന്ന സന്തോഷത്തേക്കാൾ എത്രയോ മുകളിലാണ് അറിഞ്ഞു കൊടുക്കുമ്പോഴുള്ള സന്തോഷം.... അത് കാണാൻ ആണ് ഇത്രയും നാലും ജാനിയെ ഇങ്ങോട്ട് കൂട്ടാതെ പോന്നത്..... "ഇനി ഒരിക്കൽ കൂടി പറയല്ലേ അപ്പേ.... ഞാൻ നിങ്ങടെ മോളല്ലെന്ന്...." അത് പറയുമ്പോൾ അവളുടെ തൊണ്ടയിടറി..... ജെനിയും അമ്മയും അപ്പക്കൊപ്പം ചേർന്ന് അവളെ ആശ്വസിപ്പിക്കുന്നുണ്ട്..... "നീ ഞങ്ങടെ പൊന്ന് മോളല്ലേ....."ജനകൻ ഇടറിയ സ്വരത്തിൽ പറഞ്ഞുകൊണ്ട് അവൾടെ നെറ്റിയിൽ മുത്തി.... "മോള് ഇങ്ങോട്ട് നോക്ക്.... അമ്മയെ നോക്ക്..... നീയേ എന്റെ മോളാ..... ഞാനാ നിന്റെ അമ്മ... ഞാൻ മാത്രമാ... ഞാൻ ആദ്യം പ്രസവിച്ച എന്റെ പൊന്ന് മോള്..... ഇനി ആരൊക്കെ എന്തൊക്കെ അവകാശം പറഞ്ഞു വന്നാലും ഞാൻ തന്നെയാ നിന്റെ അമ്മ.... അങ്ങനെ മതി ഇനി..... ഇനിയും നിന്നെ പിരിഞ്ഞു ഞങ്ങൾക്ക് വയ്യ....."കരച്ചിലിനിടയിൽ കൂടി അമ്മ പറഞ്ഞു.....

ജാനിയുടെ മനസ്സ് നിറയാൻ ആ വാക്കുകൾ മതിയായിരുന്നു "അല്ലേൽ തന്നെ ആരാ നിന്നിൽ അവകാശം പറയാൻ ഉള്ളെ.... നിന്നെ പൊന്ന് പോലെ സ്നേഹിച്ചു വളർത്തിയത് ഞങ്ങളല്ലേ.... നീ അപ്പാന്നും അമ്മാന്നും വിളിച്ചത് ഞങ്ങളെയല്ലേ..... ഒരിക്കൽ പോലും ആരും തിരിഞ്ഞു നോക്കിയില്ലല്ലോ.... വളർത്താൻ മനസ്സില്ലാത്തവർക്ക് ഇപ്പോ അവകാശം വേണത്രെ... സമ്മതിക്കില്ല ഞാൻ....."അമ്മ പരിഭവത്തോടെ പറഞ്ഞു.... "അമ്മേ..... ആരൊക്കെ വന്നാലും ഇത് തന്നെയാ എന്റെ കുടുംബം..... എന്റെ അറിവിൽ ജാനകിക്ക് ആകെയുള്ള അവകാശികൾ നിങ്ങളാ.... അനിയത്തി ആയി ഇവളും.... അതിൽ ഇനി ഒരു മാറ്റവും വേണ്ട...." ജാനി കാൻ തുടച്ചു വാശിയോടെ പറഞ്ഞു.... അപ്പയും അമ്മയും മോളും കൂടി പരിഭവങ്ങൾ എല്ലാം പറഞ്ഞ് തീർത്തു.... പിന്നീടാണ് പാവം റാവണിനെ അവർ ശ്രദ്ധിക്കുന്നത്.....

അവൻ കാറിൽ ചാരി അതേ നിൽപ്പാണ്.... "അയ്യോ മോനെ.... എന്താ അവിടെ തന്നെ നിന്ന് കളഞ്ഞത്....? ഞങ്ങൾ ഇവളെ കണ്ട സന്തോഷത്തിൽ..... മോൻ കേറി വാ...."ജനകൻ പടിയിറങ്ങി മുറ്റത്തേക്ക് ചെന്നു.... ജനകന്റെ ക്ഷണം സ്വീകരിച്ചു മടി കാട്ടാതെ അവൻ ഉള്ളിലേക്ക് കയറി..... മരുമകനെ സ്വീകരിച്ചിരുത്തി നന്നായി തന്നെ അവർ സൽക്കരിച്ചു.... അപ്പോഴും ജാനി അമ്മയോടും അനിയത്തിയോടും കാര്യമായ സംസാരത്തിലാണ്..... "നാളെ എൻഗേജ്മെന്റിന് നന്ദുക്കുഞ്ഞും ഭർത്താവും ഉണ്ടാവുമെന്ന് കുഞ്ഞിന്റെ അച്ഛമ്മ പറഞ്ഞിരുന്നല്ലോ... അവര് വന്നില്ലേ കൂടെ.....?" ഇടക്ക് ജനകന്റെ വായിൽ നിന്ന് ഉയർന്ന ചോദ്യം കേട്ട് ജാനി നെറ്റി ഒന്ന് ചുളിച്ചു.... "എൻഗേജ്മെന്റോ.... ആരുടെ എൻഗേജ്മെന്റ്....?" അവൾ എല്ലാവരെയും മാറി മാറി നോക്കി..... "നിന്റെ അനിയത്തീടെ തന്നെ.... അല്ലാണ്ടാരെ....?" അകത്തേക്ക് കയറി വന്ന അച്ഛമ്മയാണ് അവൾക്ക് ഉത്തരം കൊടുത്തത്..... ആ ഉത്തരത്തിൽ അവൾ അക്ഷരാർത്ഥത്തിൽ ഞെട്ടി..... "ഏഹ്ഹ്.... ജെനിക്ക് എൻഗേജ്മെന്റോ....?"

അവൾ ഇരുന്നിടത്ത് നിന്ന് ചാടി എണീറ്റു..... "ആഹ് അതെന്താ അവൾക്ക് ഇതൊന്നും പറഞ്ഞിട്ടില്ലേ ജാനിക്കുട്ട്യേ....."അച്ഛമ്മ ചിരിച്ചു..... "അല്ല.... ഇതൊക്കെ എപ്പോ.... എന്നിട്ട് എന്നോടാരും പറഞ്ഞില്ലല്ലോ....?" അവൾ എല്ലാവരെയും ഒന്ന് നോക്കി..... "അപ്പൊ ഇതാണോ നിങ്ങൾ പറഞ്ഞ സർപ്രൈസ്....?" ജാനി റാവണിനോട് ചോദിച്ചു.... അവൻ കണ്ണ് ചിമ്മി ചിരിച്ചു..... "അങ്ങനെ വരട്ടെ..... എല്ലാരും കൂടി അറിഞ്ഞു വെച്ചിട്ടാ.... എന്നിട്ട് അനിയത്തീടെ എൻഗേജ്മെന്റ് ആണെന്ന് ചേച്ചി ആയ എന്നെ അറിയിക്കുന്നത് തലേന്നും.... അത് കൊള്ളാല്ലോ....."അവൾ ചുണ്ട് കോട്ടി..... "എടി കുശുമ്പിപ്പാറു..... നിന്നെ ഒന്ന് ഞെട്ടിക്കാൻ നിന്റെ ഭർത്താവാ നിന്നെ അറിയിക്കണ്ടാന്ന് പറഞ്ഞെ...."അച്ഛമ്മ അവളുടെ ചെവിക്ക് പിടിച്ചതും ജാനി റാവണിനെ നോക്കി..... അവൻ പുഞ്ചിരിച്ചു കാണിച്ചതും ജാനി ഫ്ലാറ്റ്..... "ആട്ടെ..... ചെക്കൻ എവിടുന്നാ.... എന്താ ജോലി....?"

അവൾ ഒരല്പം ഗൗരവത്തിൽ തിരക്കി.... "അത്ര വലിയ പുള്ളി ഒന്നും അല്ലേ.....യ് ഒരു പാവം ഐപിഎസ് കാരൻ ആണേയ്...."എന്നും പറഞ്ഞ് ജിത്തു കേറി വന്നു..... "നിനക്ക് എന്താ ഇവിടെ കാര്യം..... നിന്നെ ഈ പരിസരത്തു കണ്ടേക്കല്ലെന്ന് പറഞ്ഞതല്ലേ നിന്നോട്.....?" അച്ഛമ്മ അവന് നേരെ തിരിഞ്ഞു..... "എന്റെ അച്ഛമ്മേ.... ഇവർ വന്ന കാര്യം അമ്മ പറഞ്ഞു.... അപ്പൊ ഒന്ന് മുഖം കാണിച്ചേക്കാം എന്ന് കരുതി വന്നതാ.... ക്ഷെമിക്ക്....." അവൻ ചിരിച്ചോണ്ട് പറഞ്ഞു..... ജാനി അപ്പോഴും കൺഫ്യൂഷനിലാ..... "ചെക്കൻ ഇവിടുത്തെ തന്നെയാ.... ദാ എന്റെ ഈ പേരക്കുട്ടി..... അഭിജിത്ത്....." ജിത്തുവിനെ ചേർത്തു നിർത്തി അച്ഛമ്മ പറഞ്ഞപ്പോ ജാനി ഒന്ന് അമ്പരന്നു..... "നിന്റെ ഞെട്ടലിന്റെ കാരണം ഒക്കെ എനിക്ക് മനസ്സിലായി..... ആക്ച്വലി..... പോയ ബസിന്റെ പിറകെ പോയിട്ട് എന്താ കാര്യം..... അതിന്റ പിന്നാലെ പോകാതെ കിട്ടുന്ന ബസിൽ കേറി പോയാൽ സമയത്ത് വീട്ടി കേറാം...

.."അവന്റെ ഒടുക്കത്തെ ഉപമ കേട്ട് റാവൺ അവനെ ഇരുത്തി ഒന്ന് നോക്കി.... അവൻ ഒന്ന് ഇളിച്ചു കാണിച്ചു കൊടുത്തു.... ജാനി നോക്കിയത് ജെനിയെ ആണ്..... ജിത്തു വന്നപ്പോ തൊട്ട് ആ മുഖത്ത് വന്ന തെളിച്ചവും നാണവും ഒക്കെ കണ്ടപ്പോ ജാനിയുടെ മുഖത്തും തെളിഞ്ഞു നല്ല അസ്സലൊരു ചിരി..... അതേ പുഞ്ചിരിയോടെ അവൾ അപ്പയെയും അമ്മയെയും നോക്കി... അവരുടെ മുഖത്തെ സന്തോഷവും ആശ്വാസവും കുറച്ചൊന്നുമല്ല അവളെ ആനന്ദിപ്പിച്ചത്..... •••••••••••••••••••••••••••••••••••••••••° ചെറിയൊരു ഒഫീഷ്യൽ ട്രിപ്പ്‌ കഴിഞ്ഞ് എയർപോട്ടിലെത്തിയ രാഘവിനെ കാത്ത് റിയ നിൽപ്പുണ്ടായിരുന്നു..... അവളെ കണ്ടതും അവൻ പുഞ്ചിരിയോടെ ചെന്ന് ആശ്ലേഷിച്ചു..... "മിസ്സ്ഡ് യൂ റിയാ...." അവളുടെ കവിളിൽ തട്ടി അവൻ പറഞ്ഞു..... "വാ.... പപ്പ ഒക്കെ വെയിറ്റ് ചെയ്യുന്നുണ്ട്.... വേഗം വാ...."റിയ അവന്റെ കൈയിൽ പിടിച്ചു വലിച്ചു..... "എന്തിന്.....?" അവൻ നെറ്റി ചുളിച്ചു..... "അതൊക്കെ പറയാം.... വാ...."അവൾ അവന്റെ കൈയിൽ വീണ്ടും വലിച്ചു..... "റിയ.... വീട്ടിൽ പോയി അമ്മയെ കണ്ടിട്ട് പോകാം....."

അത് കേട്ട് അവളുടെ മുഖം കടുത്തു..... "പപ്പയും ഇല്ല ഞാനും ഇല്ല.... അമ്മ വീട്ടിൽ ഒറ്റക്ക് ആണെന്ന് ഞാൻ തന്നോട് പറഞ്ഞിട്ടും ഒന്ന് തിരിഞ്ഞു പോലും നോക്കീലല്ലോടോ താൻ...." അവൻ ചിരിച്ചു കൊണ്ട് അവൾക്കൊപ്പം മുന്നോട്ട് നടന്നു..... "അമ്മയെ ഒന്ന് പോയി കാണാതെ ഒരു സമാധാനം ഇല്ല..... അതാ.... അല്ല ഇന്നെന്താ വിശേഷിച്ചു....." അവൻ തിരക്കി.... "ഒന്നുല്ല..... പപ്പക്ക് നമ്മുടെ മാര്യേജ് ഇങ്ങനെ നീട്ടിക്കൊണ്ട് പോകാൻ താല്പര്യം ഇല്ല രാഘവ്.... അതേ പറ്റി സംസാരിക്കാൻ ആണ്...."അവൾ പറഞ്ഞു.... "അതിന് എനിക്കും താല്പര്യം ഇല്ലെടോ.... പപ്പയോടും അമ്മയോടും ഞാൻ സൂചിപ്പിച്ചിട്ടുണ്ട്....." അവൻ അത് പറഞ്ഞപ്പോൾ റിയ ഒന്ന് മൂളുക മാത്രം ചെയ്തു..... റിയാക്കൊപ്പം വീട്ടിലേക്ക് പോയി അമ്മയെ കണ്ട് ഫ്രഷ് ആയിട്ടാണ് അവൾക്കൊപ്പം അവൻ പോയത്..... റിയെടെ പപ്പക്ക് പറയാനുള്ളതൊക്കെ കേട്ട ശേഷം പപ്പയെ വിളിച്ചു സംസാരിച്ചു നല്ലൊരു ദിവസം നോക്കി വിവാഹം നടത്താമെന്ന് തീരുമാനം ആയി.... അതോടെ റിയയുടെ മുഖത്തെ കാർമേഘം ഒക്കെ ഒഴിഞ്ഞു.....

അവരോട് യാത്ര പറഞ്ഞ് തിരികെ വീട്ടിൽ എത്തുമ്പോൾ അമ്മ നിൽപ്പുണ്ട് സിറ്റ് ഔട്ടിൽ.... "വിവാഹം ഉടനെ ഉണ്ടാകും അല്ലേ മോനു.....?" അവൻ വന്നതേ അമ്മ തിരക്കി... "അപ്പോഴേക്കും പപ്പ വിളിച്ചു പറഞ്ഞോ....?" അവൻ ചിരിച്ചു..... "എന്ത് പറ്റി അമ്മക്ക്..... മുഖത്തൊരു സങ്കടം പോലെ....."അമ്മയുടെ മുഖത്തെ വാട്ടം കണ്ട് കവിളിൽ തഴുകി അവൻ തിരക്കി..... "എനിക്കെന്തോ ഒരു പേടി..... റിയ.... ആ കുട്ടി എന്റെ മോന് ചേരുന്നവൾ ആണോയെന്ന് അമ്മക്ക് ഇപ്പോഴും സംശയം ആണ്...."ആ അമ്മ ഉള്ളിലെ ആധി അത് പോലെ തുറന്ന് പറഞ്ഞു..... "അമ്മക്ക് ഇതുവരെ ഈ തോന്നൽ മാറീലെ....?" അവൻ ചിരിച്ചു.... "അല്ലടാ.... ആ കുട്ടിയുടെ സ്വഭാവം കാണുമ്പോ നീയുമായി അട്ജസ്റ്റ് ആവുമോ എന്നൊരു പേടി..." "അമ്മേ.... അമ്മ വെറുതെ ഓരോന്ന് ഓർത്ത് ടെൻഷൻ ആകുവാ.... റിയ കുറച്ച് മോഡേൺ ആണ്.... ഇപ്പോഴത്തെ പെൺപിള്ളേർ ഒക്കെ ഇങ്ങനെയാ.... തന്റേടം ഒക്കെ ഇച്ചിരി ഉണ്ടാവും.... പിന്നെ അമ്മക്ക് അവളോട് അടുക്കാൻ കഴിയാത്തത് പോലെ അവൾക്കും കഴിയുന്നുണ്ടാവില്ല....

. അത് കല്യാണം കഴിഞ്ഞു ഒരുമിച്ച് ഇടപെഴുകുമ്പോ പതിയെ മാറിക്കോളും..... അവൾ പാവാണ്‌ അമ്മേ...."അവൻ അമ്മയെ ആശ്വസിപ്പിച്ചു..... "ആഹ്ഹ്...." "അമ്മ വാ.... നല്ല വിശപ്പ്..... ഒന്നും കഴിച്ചിട്ടില്ല....."അമ്മയുടെ ചുമലിൽ പിടിച്ചു അമ്മയോടൊപ്പം അകത്തേക്ക് നടന്ന് കൊണ്ട് അവൻ പറഞ്ഞു..... "അതെന്താ നിനക്ക് അവിടുന്ന് ഒന്നും തന്നില്ലേ....?" അമ്മ കളിയായി തിരക്കി.... "അതൊക്കെ തന്നു.... പക്ഷേ അത് കഴിച്ചാൽ അമ്മേടെ ഫുഡ്‌ എനിക്ക് കഴിക്കാൻ പറ്റത്തില്ലല്ലോ...."അവൻ ഡൈനിങ് ഏരിയയിലേക്ക് നടന്നു... അമ്മ ഫുഡ്‌ വിളമ്പുമ്പോഴാണ് ചന്ദുവിന്റെ കാൾ അവനെ തേടി എത്തുന്നത്..... "ഹലോ....." "..........." "ആഹ്.... പറ ചന്ദു....." "............." "നീ വിളിച്ചിരുന്നോ..... സോറി ടി.... ട്രിപ്പ്‌ കഴിഞ്ഞ് ഇന്ന് ലാൻഡ് ആയതേ ഉള്ളൂ.... ശ്രദ്ധിച്ചില്ല....." "............. " "നാളെയോ....?" '............... "

"ആഹ്.... ശരി ചന്ദു.... ഞാൻ അവളെയും കൂട്ടി വരാം.... ഓക്കേ...." "ബൈ....." "ചന്ദു ആയിരുന്നോ.....?" അവൻ ഫോൺ വെച്ചതും അമ്മ ചോദിച്ചു..... "ആഹ്.... നാളെ റിയയെ കൂട്ടി അവിടം വരെ ഒന്ന് ചെല്ലാമോന്ന്....." അവൻ പറഞ്ഞു..... "അതെന്താ പെട്ടെന്ന്.... അവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടായോ ....?" അവർ ആകുലതയോടെ തിരക്കി..... "ഏയ്യ്.... അതൊന്നുമല്ല .... ഞാൻ അങ്ങോട്ട് ഇറങ്ങാമെന്ന് പറഞ്ഞ് പോന്നതല്ലേ.... തിരക്കിനിടയിൽ സമയം കിട്ടിയില്ല..." "ശിവേട്ടൻ നമ്മൾ ഒക്കെ ഉണ്ടെന്ന ധൈര്യത്തിലാ ചന്ദുവിനെ ഈ നാട്ടിൽ നിർത്തി പോയത്.... ഇടക്കൊക്കെ പോയി ഒന്ന് അവൾടെ അവസ്ഥ ഒക്കെ ഒന്ന് അന്വേഷിക്കണേ നീ.... അറിയാല്ലോ.... കൂടെപ്പിറപ്പ് ആയിട്ട് അവൾ ഒരുത്തിയെ നിനക്ക് ഉള്ളൂ ..... നാളെ മറക്കാതെ പോയേക്കണം....." "ആഹ് അമ്മാ.... ഞാൻ പോവാം...." അതും പറഞ്ഞൂ അവൻ അമ്മ വിളമ്പിയ ഫുഡ്‌ ആസ്വദിച്ചു കഴിച്ചു തുടങ്ങി..... ഇതേസമയം നാളത്തെ ദിവസത്തിനായി ചന്ദു അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു.......തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story