ജാനകീരാവണൻ 🖤: ഭാഗം 171

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ശിവേട്ടൻ നമ്മൾ ഒക്കെ ഉണ്ടെന്ന ധൈര്യത്തിലാ ചന്ദുവിനെ ഈ നാട്ടിൽ നിർത്തി പോയത്.... ഇടക്കൊക്കെ പോയി ഒന്ന് അവൾടെ അവസ്ഥ ഒക്കെ ഒന്ന് അന്വേഷിക്കണേ നീ.... അറിയാല്ലോ.... കൂടെപ്പിറപ്പ് ആയിട്ട് അവൾ ഒരുത്തിയെ നിനക്ക് ഉള്ളൂ ..... നാളെ മറക്കാതെ പോയേക്കണം....." "ആഹ് അമ്മാ.... ഞാൻ പോവാം...." അതും പറഞ്ഞൂ അവൻ അമ്മ വിളമ്പിയ ഫുഡ്‌ ആസ്വദിച്ചു കഴിച്ചു തുടങ്ങി..... ഇതേസമയം നാളത്തെ ദിവസത്തിനായി ചന്ദു അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു.... റിയയുടെ ചെയ്തികൾ അറിഞ്ഞ നിമിഷം തൊട്ട് ഇങ്ങനൊരു ദിവസം കാത്ത് നിൽക്കുകയാണവൾ.... വിക്രത്തെ നോവിച്ചതോ അവന്റെ ജീവിതം തകർത്തതോ അതോ കൂടെപ്പിറപ്പിന്റെ ജീവിതം തകരരുതെന്ന ചിന്തയോ ഏതാണ് മനസ്സിൽ മുന്നിട്ട് നിന്നതെന്ന് ചോദിച്ചാൽ ഒരുപടി മുകളിൽ വിക്രത്തിന്റെ വേദനകളാണെന്ന് പറയേണ്ടി വരും അവൾക്ക്.....

അവന്റെ മുറിവുകൾ മായ്ച്ചു കളയാൻ സാധിക്കില്ലെങ്കിലും തന്നാലാവും വിധം അവനൊരു ആശ്വാസം കൊടുക്കാൻ സാധിച്ചാൽ അത് ചെയ്യാൻ അവൾക്ക് യാതൊരു മടിയും ഇല്ല.... നാളെത്തെ ദിവസം തനിക്ക് പ്രീയപ്പെട്ടവർ ചിലർ ദുഖിക്കും ചിലരുടെ ദുഖത്തിന് ഒരു ആശ്വാസവും ആവുമെന്ന് അവൾക്കറിയാം..... ലക്ഷ്യങ്ങൾ പലതാണ്..... റിയയുടെ പിടിയിൽ നിന്നും രാഘവിനെ രക്ഷപ്പെടുത്തുക.... വിക്രത്തിന്റെ ജീവിതം തകർത്തതിന് പകരം ചോദിക്കുക.... ചെയ്ത തെറ്റുകൾക്ക് അർഹമായ ശിക്ഷ തന്നെ അവൾക്ക് നൽകുക.... കഴിഞ്ഞ കാലം വെച്ച് ഒരു വ്യക്തിയെ വിലയിരുത്തരുതെന്ന് പറയും..... പക്ഷേ ഇവിടെ അങ്ങനെ ചിന്തിക്കാനാവില്ല.... ഒരു പെണ്ണ് ചെയ്ത് കൂട്ടുന്ന ക്രൂരതകൾ അല്ല റിയ ചെയ്തു കൂട്ടിയത്.... അവൾ കാരണം ഒറ്റപ്പെട്ടു പോകേണ്ടി വന്നവനാണ് വിക്രം.... ആ അവൻ ഒരു ജീവിതം ഇല്ലാതെ നരകിക്കുമ്പോൾ അവൾക്ക് മാത്രം എന്തിനൊരു ജീവിതം....

അതിലെന്തു ന്യായം.... തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം.... എങ്കിലേ തെറ്റുകൾ ആവർത്തിക്കപ്പെടാതിരിക്കൂ.... "എന്താണ് ചന്ദൂ.... വലിയ ആലോചനയിലാണല്ലോ....." വികാസിന്റെ സഹായത്തോടെ സിറ്റ്ഔട്ടിലേക്ക് വരുമ്പോഴാണ് കാര്യമായ ചിന്തയിൽ ഇരിക്കുന്ന ചന്ദുവിനെ വിക്രം കാണുന്നത്.... "ഒന്നുമില്ല.... ഞാൻ ഇങ്ങനെ വെറുതെ...." അവൾ രണ്ട് പേരെയും നോക്കി ചിരിച്ചു അപ്പോഴാണ് മനുവും ഇളയും റെഡി ആയി അങ്ങോട്ട് വന്നത്... "ഡോക്ടറെ.... ഡോക്ടർടെ പേഷ്യന്റിനെ എന്നെ ഏൽപ്പിച്ചിട്ട് ഡോക്ടർ ഇങ്ങനെ ഹണി മൂൺ ആഘോഷിച്ചു നടക്കാൻ തന്നെയാണോ പ്ലാൻ...." വിക്രം കളിയാക്കി ചോദിച്ചു.... ഇള ചിരിച്ചു.... "അതിന് ചന്ദൂനെ ഒരു പേഷ്യന്റ് ആയിട്ട് കണ്ടിട്ടില്ലല്ലോ.... ഒരു ഡോക്ടർടെ അത്യാവശ്യം ഇപ്പൊ അവൾക്കില്ല.... അല്ലേ ചന്ദു....?" ഇള തിരക്കി.... ചന്ദു തല കുലുക്കി.... "ഉവ്വ.... അത് പറഞ്ഞങ് തടി തപ്പിയാൽ മതിയല്ലോ...." വിക്രം പത്രം എടുത്ത് നിവർത്തിക്കൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞു.... "തടി തപ്പുവൊന്നും അല്ല.... ഇപ്പൊ എന്റെ റോൾ നീ നന്നായിട്ടങ് ഏറ്റെടുത്തെന്ന് ഒക്കെ ഞാൻ അറിഞ്ഞു....

ആഹ് സാരല്ല.... ഒരു അസിസ്റ്റന്റ് വേണമെന്ന് ഞാനും കരുതുന്നു കുറേ ആയി...." ഇള കുസൃതിയോടെ പറഞ്ഞൂ.... "കണ്ടോ കണ്ടോ.... കല്യാണത്തിന് മുന്നേ എന്നോടൊക്കെ എന്ത് ബഹുമാനം ആയിരുന്നു..... ഭാര്യാസ്ഥാനം കൈയിൽ കിട്ടിയപ്പോ കണ്ടോ.... നാവിനൊക്കെ എന്താ നീളം..." വിക്രം മനുവിനോട് പരാതി പോലെ പറഞ്ഞു.... "മിണ്ടാണ്ടിരിക്കെടാ.... 😅" വികാസ് അവന്റെ തലക്കിട്ട് കൊട്ടി... "ചന്ദൂ..... എന്റെ ഡ്യൂട്ടിയോ നിന്നെയോ ഞാൻ മറന്നിട്ടില്ല.... ഇപ്പൊ ഒരു ഡോക്ടർടെ ചികിത്സയല്ല നിനക്കിപ്പോൾ വേണ്ടത്.... മറിച്ച് മറ്റ് പലതുമാണ്.... അത് നിന്നിലേക്ക് എത്തിക്കാനും പൂർണമനസ്സോടെ അത് അംഗീകരിക്കാൻ നിന്നെ പ്രാപ്തയാക്കുക എന്നതാണ് ഇനി എനിക്ക് ചെയ്യാനുള്ളത്....." ഇള അവളുടെ കവിളിൽ തട്ടി പറയുന്നതിനിടയിൽ വിക്രത്തെ ഒന്ന് പാളി നോക്കി.... ചന്ദുവിനും വിക്രത്തിനും ഒന്നും മനസ്സിലായില്ലെങ്കിലും ചിലർക്കൊക്കെ എന്തൊക്കെയോ പിടികിട്ടി..... "ആഹ്.... നിങ്ങൾ പോവാൻ ആയോ....?" മാനസ പുറത്തേക്ക് ഇറങ്ങി വന്ന് കൊണ്ട് ചോദിച്ചു.....

"ആഹ് ചേച്ചി.... ചേച്ചിക്ക് കൂടെ വരായിരുന്നു....." ഇള പറഞ്ഞു.... "അതെങ്ങനെയാ ഇളേ .... നാളെ ചെക്കപ്പ് ഉള്ളതല്ലേ..... അത് കഴിഞ്ഞ് പതിയെ വിവാഹത്തിന് മുന്നേ ഞങ്ങൾ അങ്ങ് എത്തിയേക്കാം...." വികാസ് പറഞ്ഞൂ....... "ഡാ.... ചങ്കിന്റെ എൻഗേജ്മെന്റ് അല്ലേ.... നീയും വരുന്നില്ലേ....?" മനു വിക്രത്തോട് ചോദിച്ചു.... "കളിയാക്കുന്നോടാ പുല്ലേ.... ഈ കോലത്തിൽ ഞാൻ എങ്ങനെ വരാനാ.... വന്നാൽ തന്നെ എന്നെ നോക്കാൻ തന്നെ വേണം രണ്ട് പേര്.... നിന്റെ കല്യാണത്തിന് തന്നെ ഞാൻ ഒരു വഴിക്കായി...."വിക്രം പല്ല് കടിച്ചു.... "നോക്കട്ടെ.... വിവാഹത്തിന് മുന്നേ ഒന്ന് മെച്ചപ്പെട്ടാൽ ഞാൻ എത്തിയേക്കാമെന്ന് അവനോട് പറഞ്ഞേക്ക്....." അതും പറഞ്ഞു വിക്രം സോപാനത്തിലേക്ക് ചാരി ഇരുന്നു "എങ്കിൽ നേരം വൈകും മുന്നേ രണ്ടാളും ഇറങ്ങാൻ നോക്ക്.... അച്ഛമ്മയോട് പറയണം ചേച്ചിക്ക് വരാൻ പറ്റാഞ്ഞിട്ടാണെന്ന്...." മാനസ മനുവിനെ ഓർമിപ്പിച്ചു.... അവൻ തലയാട്ടി സമ്മതിച്ചുകൊണ്ട് ഇളക്കൊപ്പം പുറത്തേക്ക് ഇറങ്ങി..... ടാക്സി വിളിച്ചാണ് അവർ പോയത്..... അവർ പോയതും മാനസ അകത്തേക്ക് പോയി....

ചന്ദു അവിടെ ഉള്ളത് കൊണ്ട് വികാസും മാനസക്ക് പിന്നാലെ പോയി.... പത്രവും നോക്കി ചാരി ഇരിക്കുന്ന വിക്രത്തിന്റെ അടുത്തേക്ക് ചന്ദു പോയി ഇരുന്നു..... "മ്മ് എന്താണ്.... മിസ്സ്‌ ചന്ദന ശിവശങ്കർ.... എന്നോട് എന്തെങ്കിലും പറയാനുണ്ടോ....?"അവൾ വന്നിരുന്നത് അറിഞ്ഞവൻ പേപ്പർ മടക്കി വെച്ച് അവളെ നോക്കി..... "അതേ.... ഒരു കാര്യം ചോദിച്ചോട്ടെ...." അവൾ ചോദിച്ചു "ആഹ്.... ചോദിച്ചോന്നെ...." അവൻ ചിരിച്ചു..... "ആ റിയ പോയതിൽ സങ്കടം തോന്നിയിട്ടുണ്ടോ....?" അവളുടെ ചോദ്യം കേട്ട് അവൻ അവളെ അടിമുടി നോക്കി.... "അങ്ങനെ തനിക്ക് തോന്നിയോ.... എന്റെ കഥ കേട്ടപ്പോൾ എനിക്ക് വിഷമം ഉള്ളതായി തോന്നിയോ.....?" അവൻ നെറ്റി ചുളിച്ചു..... "ഏയ്യ് അങ്ങനെ തോന്നിയിട്ടൊന്നും ഇല്ല....." "പിന്നെ....?" അവൻ പുരികം പൊക്കി "ചുമ്മാ...."അവൾ ചിരിച്ചു.... "ചുമ്മായോ.... ചുമ്മാ അങ്ങനെ ചോദിക്കില്ലല്ലോ.... മ്മ് എന്താ കാര്യം.... 🤨?" അവൻ ചോദിച്ചു....

"അല്ല.... ഇയാൾക്ക് ഇനി അവളോട് എന്തെങ്കിലും സിമ്പതി തോന്നുവോ.... ക്ഷമിക്കാൻ തോന്നുവോ അവളോട്....." നാളെ നടക്കാൻ പോകുന്നതൊക്കെ മനസ്സിൽ ഓർത്തുകൊണ്ടാണ്‌ അവളുടെ ചോദ്യം..... അത് വിക്രത്തിന് അറിയില്ലല്ലോ.... ഇവൾ എന്തൊക്കെയാ ഈ പറയുന്നേ എന്ന ഭാവമാണ് അവന്റെ മുഖത്ത്..... "തനിക്ക് ഇത് എന്ത് പറ്റിയടോ.....?" അവൻ ചോദിച്ചു.... "റിയയോട് പ്രതികാരം ചെയ്യണമെന്ന് തോന്നിയിട്ടില്ലേ....?" അവന്റെ ചോദ്യത്തിന് മറുപടി പറയാതെ അവൾ മറുചോദ്യം എറിഞ്ഞു.... "തോന്നിയിട്ടുണ്ടോ എന്നോ.... എത്രയോ വട്ടം..... അതിന് വേണ്ടി ശ്രമിച്ചിട്ടുമുണ്ട്.... പക്ഷേ ഇടക്ക് നന്ദുവിലേക്ക് മനസ്സ് ചാഞ്ഞപ്പോൾ ആ ലക്ഷ്യം ഒക്കെ എപ്പോഴോ മറന്ന് തുടങ്ങി.... നന്ദുവിനെ കൂടി നഷ്ടമായപ്പോൾ ആകെ ഡൗൺ ആയിപ്പോയി.... പിന്നെ റിയയെ കുറിച്ചല്ല മാറ്റാരെക്കുറിച്ചും ചിന്തിക്കാൻ ഒന്നും തോന്നിയില്ലടോ...." ചെറു ചിരിയോടെ അവൻ പറഞ്ഞു നിർത്തി.... "അപ്പൊ പകരം ചോദിക്കാൻ ആഗ്രഹം ഉണ്ടോ....??" അവൾ ആകാംക്ഷയോടെ തിരക്കി.... "ഉണ്ടോന്നോ.... നല്ല ചോദ്യം.....

ഇനിയെന്റെ ജീവിതഭിലാശം തന്നെ അതാണ് എന്റെ ജീവിതം നശിപ്പിച്ച മാലാഖ അല്ലേ അവൾ...."വിക്രമിന്റെ മുഖത്തെ ചിരി ആ ചോദ്യത്തോടൊപ്പം മാഞ്ഞു വന്നു..... "കണ്മുന്നിൽ വീണു കിട്ടാൻ ആഗ്രഹമുണ്ടോ....?" ചന്ദുവിന്റെ അടുത്ത ചോദ്യം.... "ഉണ്ടെങ്കിൽ താൻ കൊണ്ട് വന്ന് ഇട്ട് തരുമോ.... ഒന്ന് പോയെടോ.... 😅" അവൻ ചിരിച്ചു തള്ളി..... ചന്ദുവും ചിരിച്ചു..... ഇത് കണ്ട് കൊണ്ട് വന്ന വികാസ് പെട്ടെന്ന് ഒന്ന് നിന്നുകൊണ്ട് തിരിച്ചു അകത്തേക്ക് നടന്നു.... അവൻ വന്നത് പോലും അവർ ചർച്ചക്കിടയിൽ അറിഞ്ഞില്ലെന്നു ഓർത്ത് ഒരു കുഞ്ഞ് പുഞ്ചിരി വികാസിന്റെ ചുണ്ടിൽ സ്ഥാനം പിടിച്ചിരുന്നു..... അന്ന് ഏറെ വൈകിയിട്ടും വികാസ് പുറത്തേക്ക് ചെന്നില്ല.... മാനസക്കൊപ്പം മുറിയിൽ തന്നെ ആയിരുന്നു.... അതുകൊണ്ട് ചന്ദുവാണ് വിക്രത്തിനുള്ള ഫുഡ്‌ എടുത്ത് കൊടുത്ത് അവനെ റൂമിൽ ആക്കിയത്..... ഇപ്പൊ അവർക്കത് ഒരു പുതുമയുള്ള കാര്യമല്ല.... വികാസിന്റെ അഭാവത്തിൽ ഇപ്പൊ കുറച്ചായി ചന്ദു തന്നെയാണ് ഇപ്പൊ അവനെ നടക്കാൻ ഒക്കെ സഹായിക്കുന്നത്.....

എന്തോ ഗൂഡലക്ഷ്യം മനസ്സിൽ വെച്ച് വികാസ് അത് മനഃപൂർവം ചെയ്യുന്നതാകാനാണ് സാധ്യത.... അത് കൊണ്ട് തന്നെ ചന്ദുവിനും വിക്രത്തിനും ആദ്യത്തെ ആ ചമ്മൽ ഒന്നും ഉണ്ടാവാറില്ല ഇപ്പൊ.... ഇളയും മനുവും ഹണി മൂൺ ആഘോഷിച്ചു നടക്കും.... മാനസക്ക് ഗർഭസംബന്ധമായ ആരോഗ്യപ്രശ്നങ്ങളും.... വികാസ് ഡ്യൂട്ടിക്ക് പോയാൽ പിന്നെ വിക്രത്തിന് ചന്ദുവാണ് കൂട്ട്..... അതിന്റേതായ അടുപ്പം അവർ തമ്മിൽ ഇപ്പോ ഉണ്ട് താനും.... അവളുടെ കണ്ണുനീർ കാണാൻ ആഗ്രഹം ഇല്ലാത്ത വിക്രം അവളുടെ പാസ്റ്റ് കടന്ന് വരുന്ന തരത്തിൽ സംസാരം കൊണ്ട് പോകാറില്ല.... അതൊഴിച്ചു ഒരുവിധം എല്ലാ കാര്യങ്ങളും അവരുടെ സംഭാഷണങ്ങളിൽ ഉൾപ്പെട്ടിരുന്നു.... ഒരു കൊച്ച് കുഞ്ഞിനെ നോക്കും പോലെ വിക്രത്തെ റൂമിൽ കൊണ്ട് കിടത്തി പുതപ്പിച്ച ശേഷമാണ് ചന്ദു തിരികെ പോയത്....

അവൾ പോയ ശേഷം അവളെ ഓർത്ത് അവൻ ഒന്ന് മന്ദഹസിച്ചു.... റിയയെ കണ്ട കണ്ണിൽ ചന്ദു അവനൊരു അത്ഭുതമായിരുന്നു..... ഒരു ബന്ധവും ഇല്ലാത്ത ഒരാളെ ഇങ്ങനെയൊക്കെ ഒരു പെൺകുട്ടിക്ക് കെയർ ചെയ്യാൻ കഴിയുമോ എന്നവൻ ചിന്തിച്ചു പോയി..... •••••••••••••••••••••••••••••••••••••••••° ശാരീരിക അസ്വസ്ഥതകൾ കൂടിയപ്പോഴാണ് മാനസ മുറിയിൽ വന്ന് കിടന്നത്..... അടുത്ത് ഉഴിഞ്ഞും തലോടിയും വികാസ് ഉണ്ട്..... വിക്രവും ചന്ദുവും ഭക്ഷണം കഴിച്ചെന്നു ഉറപ്പ് വരുത്തിയ ശേഷമാണ് അവൻ മാനസക്കും അവനും ഉള്ള ഫുഡും എടുത്ത് മുറിയിൽ പോയത്..... അവൻ തന്നെ മാനസയെ ഊട്ടി..... അവനും കഴിച്ച്.... അല്പം നേരം അവളെ ഇരുത്തി കാലൊക്കെ ഉഴിഞ്ഞു കൊടുത്തു..... കുറെയേറെ നേരം അവളുമായി സംസാരിച്ചിരുന്നു..... കുറേ കഴിഞ്ഞ് അവൻ അവളെ തന്റെ നെഞ്ചോട് ചേർത്തു കിടത്തി.... അവളുടെ വയറിൽ തഴുകി അങ്ങനെ കിടന്നു.... "ചന്ദു നല്ല കുട്ടിയാ അല്ലെടോ....?" സംസാരത്തിനിടയിൽ അവൻ ചോദിച്ചു.... "എന്താ അതിലിപ്പോ ഒരു സംശയം....?"

അവൾ മുഖമുയർത്തി നോക്കി.... "അല്ലടോ... ഞാൻ ഓർക്കുവായിരുന്നു..... വിക്രവും ചന്ദുവും നല്ല മാച്ച് ആണെന്ന്.... തനിക്ക് അങ്ങനെ തോന്നിയോ...." അവൻ മാനസയുടെ അഭിപ്രായം തിരക്കി..... അവൾ ഞെട്ടലോടെ അവനെ നോക്കി.... ശേഷം പുഞ്ചിരിച്ചു.... "നല്ലതാ ഏട്ടാ..... അതൊരു പാവം കുട്ടിയാ.... ഒരുപാട് അനുഭവിച്ചു ആ പാവം.... അവരുടെ കളിയും ചിരിയും കൂട്ടും ഒക്കെ കണ്ടപ്പോ ഞാനും ആഗ്രഹിച്ച കാര്യാ ഇത്..... പക്ഷേ വിക്രത്തിന് അവളെ...." അവൾ പാതിയിൽ നിർത്തി..... "രണ്ടാം കെട്ടുകാരിയാണെന്ന് കരുതി സമ്മതക്കുറവ് വരുമോ എന്നല്ലേ..... എനിക്ക് ആ സംശയം ഒട്ടും ഇല്ലടോ.... അവന് ഇപ്പൊ ഒരു വിവാഹത്തിന് താല്പര്യം ഇല്ലന്നെ ഉള്ളൂ.... അതൊക്കെ മാറുന്നൊരു സമയം വരും.... ഒന്നൂടെ അടുക്കട്ടെ അവര്.... നമുക്ക് നോക്കാം....." അവന്റെ വാക്കുകൾ മാനസക്ക് ആശ്വാസം പകരും.....

ചന്ദനയെ ഓർക്കുമ്പോൾ തന്നെ തന്നെയാണ് മാനസക്ക് ഓർമ വരുന്നത്.... ഒരു സഹോദരിയുടെ സ്ഥാനം എന്നോ മനസ്സ് കൊണ്ട് നൽകി കഴിഞ്ഞു.... അത് പോലെ എന്നുന്നേക്കുമായി അവളെ ഈ കുടുംബത്തിന്റെ ഭാഗമാക്കാൻ അവളും ആഗ്രഹിച്ചിരുന്നു.... •••••••••••••••••••••••••••••••••••••••••° നന്ദു ഒക്കെ വന്നപ്പോൾ ആദ്യം വന്നത് ജാനിയുടെ വീട്ടിലേക്കാണ്.... ജനകനും ഭാര്യയും അവരെ മക്കളെ പോലെ സൽകരിച്ചു.... അച്ഛമ്മയെ കാണാൻ പോയപ്പോൾ നന്ദു റാവണിനെ കൂടെ കൂട്ടി.... ആദ്യമായിട്ടാണല്ലോ അവൾ തറവാട്ടിലേക്ക് പോകുന്നത്.... അവർ പോയത് മുതൽ ജാനിക്ക് ബോറടിയായി.... അവൾ എൻഗേജ്മെന്റ് അറിയിച്ചില്ലാന്ന് പറഞ്ഞ് പരാതിയുമായി അമ്മയുടെ അടുത്തേക്ക് വിട്ടു... കൂട്ടത്തിൽ അവിടെ സംഭവിച്ചതൊക്കെ അവൾ അമ്മയോട് തിരക്കി..... തന്റെ കുടുംബം അടച്ചുറപ്പുള്ള നല്ലൊരു വീട്ടിൽ കിടക്കാൻ കാരണക്കാരൻ തന്റെ ഭർത്താവാണെന്ന് ജാനി അമ്മയിൽ നിന്നും അറിഞ്ഞു..... അത് മാത്രമല്ല അവർക്ക് വേണ്ടി അവൻ ചെയ്ത ഓരോന്നും.... എല്ലാം കേട്ടപ്പോൾ അവൾക്ക് അവനോട് ആരാധന തോന്നി.....

തന്നോടുള്ള സ്നേഹമാണ് അവനെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നതെന്ന ചിന്തയിൽ അവൾക്ക് കുളിര് കോരി.... നിനക്ക് ദൈവം നൽകിയ മഹാഭാഗ്യമാണ് നിന്റെ ഭർത്താവ് എന്ന അമ്മയുടെ വാക്ക് കൂടി കേട്ടപ്പോൾ അവൾക്ക് അഭിമാനം തോന്നി.... പിന്നെ എങ്ങനെയെങ്കിലും അവനെ ഒന്ന് കണ്ടാൽ മതിയെന്നായി അവൾക്ക്..... താൻ മറന്നിട്ടും തന്റെ അപ്പക്ക് ഒരു താങ്ങായി നിന്നു രാവണൻ.... തന്റെ കുടുംബത്തെ പ്രാരാബ്ദത്തിൽ നിന്ന് കരകയറ്റി.... ഇതിനൊക്കെ താൻ എങ്ങനെയാ പ്രത്യുപകാരം ചെയ്യുക.... ഒക്കെ ഓർത്ത് അവളുടെ കണ്ണ് നനഞ്ഞു..... കാത്ത് നിൽകാൻ ക്ഷമ ഇല്ലാതെ അവൾ വേഗം അപ്പുറത്തേക്ക് ഓടി....

അവിടെ ചെന്നപ്പോൾ മനുവും ഇളയും ഒക്കെ വന്നിട്ടുണ്ട്..... എല്ലാവരും ഇരിക്കുന്ന കണ്ട് തിരികെ പോകാൻ നിന്നവളെ റാവൺ കണ്ടിരുന്നു.... ഹാളിന്റെ വാതിൽക്കൽ നിൽക്കുകയാണ് അവൻ.... ജിത്തുവിന്റെ അച്ഛനും അമ്മയും ബാക്കിയുള്ളവരും അവിടെ ഇരിപ്പുണ്ട്..... എല്ലാവരെയും കണ്ട് തിരികെ പോകാൻ നിന്ന ജാനിയെ അവിടെ തന്നെ നിന്ന് കൊണ്ട് റാവൺ കൈയിൽ പിടിച്ചു നിർത്തി.... അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി..... റാവൺ അവളെ നോക്കുന്നുണ്ട്..... അവൾ ഹാളിൽ ഇരിക്കുന്നവരെ എത്തി നോക്കി.... അവർ എന്തോ ചർച്ചയിലാണ്..... അവൾ റാവണിലേക്ക് നോട്ടം തിരിക്കും മുന്നേ റാവൺ അവളുടെ കൈയിൽ പിടിച്ചു അടുത്തേക്ക് നിർത്തി.... "ഹാ.... ആരിത്.... എന്താ ജാനിക്കുട്ട്യേ.... അച്ഛനേം അമ്മേം ഒക്കെ കിട്ടിയപ്പോ നമ്മളെ ഒന്നും വേണ്ടാതായോ....?".....തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story