ജാനകീരാവണൻ 🖤: ഭാഗം 173

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

 "ഹാ... ഇങ്ങനെ കുന്തം വിഴുങ്ങിയ പോലെ ഇരിക്കാതെ ഇറങ്ങി വാടോ....." രാഘവ് പുറത്ത് ഇറങ്ങി പറഞ്ഞിട്ടും അവൾ ഇറങ്ങാൻ കൂട്ടാക്കിയില്ല..... ഒടുവിൽ ചന്ദു പുഞ്ചിരിയോടെ പുറത്തേക്ക് വന്നു..... രാഘവ് അവളെ ഹഗ് ചെയ്ത് വിട്ടു..... ചന്ദു ആ ചിരി വിടാതെ റിയയുടെ സൈഡിലെ ഡോർ തുറന്നു..... "മടിച്ചിരിക്കാതെ ഇങ്ങോട്ട് വാന്നേ....."ഗൂഢമായ ചിരിയോടെ അവൾ റിയയെ ആനയിച്ചു..... മടിച്ചു ഇരുന്നവളെ സ്നേഹം നിറഞ്ഞ ചിരിയോടെ ബലമായി പിടിച്ചിറക്കി..... "ഏട്ടത്തിക്ക് വരാൻ ഒരു ബുദ്ധിമുട്ട് പോലെ.....?" ചന്ദു ആ ഏട്ടത്തി എന്ന പ്രയോഗം അല്പം പരിഹാസത്തോടെയാണ് പറഞ്ഞതെങ്കിലും രാഘവിന് അത് മനസ്സിലായില്ല..... അവന് സന്തോഷം തോന്നി.... വല്യ അടുപ്പം ഇല്ലാത്തിരുന്നിട്ടും ആരോടും അടുക്കാത്ത ചന്ദു റിയയോട് സ്നേഹത്തോടെ പെരുമാറുന്നതിൽ..... "ഏട്ടത്തി വാ.... എത്ര നേരായി ഞാൻ കാത്തിരിക്കുവാണെന്ന് അറിയോ...." ചന്ദു ഉത്സാഹത്തോടെ അവളുടെ കൈയിൽ പിടിച്ചു മുന്നോട്ട് നടന്നു..... "അത് ശരി.... അപ്പൊ എന്നോടുള്ള സ്നേഹം കൊണ്ടല്ല.... ഇവളെ കാണാൻ ആയിട്ട് വിളിച്ചു വരുത്തിയതാണ്....."

രാഘവ് പരിഭവം നടിച്ചു അവർക്ക് പിന്നാലെ നടന്നു..... എന്നാൽ ഈ നേരമത്രയും റിയയുടെ ഹൃദയം ക്രമതീതമായി മിടിക്കുന്നുണ്ടായിരുന്നു..... എന്തൊക്കെയോ സംഭവിക്കാൻ പോകുന്നെന്ന് അവളുടെ മനസ്സ് പറഞ്ഞു..... ചന്ദുവിന്റെ പിടി ഒന്ന് അയഞ്ഞെങ്കിൽ ഓടി രക്ഷപ്പെടാമെന്ന് പോലും അവൾ ചിന്തിച്ചു പോയി.... അത്രയും വലിയൊരു തിരിച്ചടിയാണ് ആ വീടിനുള്ളിൽ അവളെ കാത്ത് ഇരിക്കുന്നത് .... അവളെ സംബന്ധിച്ചിടത്തോളം രാഘവിനെ നഷ്ടപ്പെടുക എന്നത് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്.... അച്ഛന് തന്നോടുള്ള ഇഷ്ടവും വാത്സല്യവും ഒക്കെ തിരികെ കിട്ടിയത് ഇത്ര വലിയൊരു പ്രൊപോസൽ തന്നെ അവളെ എത്തിയപ്പോഴാണ്..... രാഘവിനെ മാത്രം കണ്ടിട്ട് അച്ഛൻ തുടങ്ങി വെച്ച കുറേ പ്രൊജക്റ്റുകൾ ഉണ്ട്...... ഏട്ടനെക്കാളും അച്ഛൻ ഇന്നവളെ സ്നേഹിക്കുന്നുണ്ട് പ്രാധാന്യം നൽകുന്നുണ്ട്..... എല്ലാം അവൾക്ക് വരാൻ പോകുന്ന മഹാഭാഗ്യം ഒന്ന് കൊണ്ട് മാത്രമാണ്..... അതവൾക്ക് നന്നായി അറിയാം..... എന്ത് ചെയ്തിട്ടായാലും അച്ഛന്റെ സ്നേഹം നിലനിർത്തണമെന്നേ അവൾക്കുമുള്ളൂ....

കുട്ടിക്കാലം മുതൽ അവളുടെ അച്ഛനാണ് അവൾക്കെല്ലാം..... ആ അച്ഛന്റെ സ്നേഹാലാളനകൾ മാത്രം കിട്ടി വളർന്നവൾ പെട്ടെന്ന് അയാളുടെ വെറുപ്പിന് മുന്നിൽ പകച്ചു പോയിരുന്നു.... ചെയ്തു കൂട്ടിയ തെറ്റുകൾക്ക് ഫലമായി ജിത്തൂവുമായുള്ള വിവാഹം മുടങ്ങിയപ്പോൾ ആ അച്ഛൻ തല കുനിച്ചു നിൽക്കേണ്ടി വന്നു..... മറ്റെന്തിനെക്കാളും അഭിമാനത്തിന് വില കല്പിച്ചിരുന്ന അച്ഛൻ അതോടെ മകളോട് മിണ്ടാതെ ആയി..... ആദ്യമായി മകളോട് വെറുപ്പ് തോന്നി..... ആ വെറുപ്പ് അവളെ വല്ലാണ്ട് തളർത്തിയിരുന്നു.... അച്ഛന്റെ സ്നേഹം പിടിച്ചു പറ്റാൻ പിന്നും എന്തൊക്കെയോ അവൾ ചെയ്തു കൂട്ടി..... ഒന്നും ഫലം കണ്ടില്ല..... രാഘവിന്റെ ആലോചന വന്നതോടെയാണ് അച്ഛനിൽ വലിയ മാറ്റങ്ങൾ വന്ന് തുടങ്ങിയത്.... അവളെ പണ്ടത്തെക്കാൾ കൂടുതൽ സ്നേഹിച്ചു തുടങ്ങിയത്..... നാലാളുടെ മുന്നിൽ അയാൾ തല ഉയർത്തി പിടിച്ചു നടക്കാൻ തുടങ്ങിയത്.....

രാഘവിലൂടെ ഒരുപാട് കുടിലത നിറഞ്ഞ ബിസിനസ് തന്ത്രങ്ങൾ ഇതിനോടകം അയാൾ മെനഞ്ഞു കൂട്ടിയിട്ടുണ്ട്.... രാഘവിന്റെ ജീവിതത്തിൽ കടന്നു ചെന്ന് അച്ഛന്റെ ഇച്ഛാനുസരണം പ്രവർത്തിക്കാനുമാണ് റിയയുടെയും ഉദ്ദേശം..... എന്നാൽ രാഘവിന് ഇതൊന്നും അറിയില്ല..... വിക്രത്തെ പോലെ അവളുടെ ബാഹ്യസൗന്ദര്യത്തിൽ ലയിച്ചു പോയിരുന്നവൻ..... അവന് മുന്നിൽ റിയ പറയാൻ കുറ്റങ്ങളൊന്നും തന്നെ ഇല്ലാത്ത ഒരു പെൺ കുട്ടി..... അവന്റെ അറിവിൽ അവൾക്കൊരു പ്രണയം പോലും ഉണ്ടായിട്ടില്ല..... ഒരു വിധേനയും രാഘവിന് തന്നോടൊരു വെറുപ്പ് തോന്നാതിരിക്കാൻ റിയ പ്രത്യേകം ശ്രദ്ധിച്ചിരുന്നു..... എന്നാൽ അതൊക്കെയാണ്‌ ഇന്ന് ചീട്ടു കൊട്ടാരം പോലെ തകർന്നടിയാൻ പോകുന്നത്..... രാഘവ് എല്ലാം അറിഞ്ഞാൽ.....?? പിന്നീട് സംഭവിക്കാൻ പോകുന്നതൊക്കെ ഓർത്ത് അവളുടെ ശരീരം വിറച്ചു.....

"ചേച്ചീ..... ചേട്ടാ..... വിക്രം...."അവരെ ഹാളിലേക്ക് കൊണ്ട് വന്ന് ചന്ദു അകത്തേക്ക് നോക്കി വിളിച്ചു..... റിയ നിൽക്കാനോ ഇരിക്കാനോ കഴിയാതെ പതർച്ചയോടെ ചുറ്റും നോക്കി.... "നീ ആളാകെ മാറിപ്പോയല്ലോടി..... അവസാനം കണ്ടപ്പോ പോലും വായിൽ നാക്ക് ഉണ്ടോന്ന് സംശയം ആയിരുന്നു.... ഇത്ര പെട്ടെന്ന് നിനക്ക് ഇങ്ങനൊരു മാറ്റമോ .....?" രാഘവ് കൗതുകത്തോടെ ചോദിച്ചുപോയി..... അതിനവൾ ചിരിച്ചു കൊടുത്തു..... "ഹാ.... ഇരിക്ക് ഏട്ടത്തീ.... ഇങ്ങനെ പതറി നിൽക്കാതെ...." ചന്ദു റിയയുടെ തോളിൽ പിടിച്ചു ഇരുത്തിച്ചു..... രാഘവ് അവൾക്കൊപ്പം വന്നിരുന്നു..... അന്നേരം വികാസും മാനസയും അവിടേക്ക് വന്നു..... മാനസക്ക് ആളെ മനസ്സിലായില്ലെങ്കിലും വികാസിന്റെ മുഖം മാറുന്നുണ്ടായിരുന്നു..... വിക്രത്തിന് തന്നെ എണീറ്റു വരാൻ സാധിക്കാത്തത് കൊണ്ട് അവരോട് പറഞ്ഞ് അവൾ വിക്രത്തിന്റെ മുറിയിലേക്ക് നടന്നു.....

"ഞാൻ കുടിക്കാൻ എടുക്കാം....." എന്ന് പറഞ്ഞ് മാനസ അകത്തേക്ക് പോയി.... വികാസ് ദീർഘമായി നിശ്വസിച്ചു കൊണ്ട് അവർക്ക് എതിർവശത്തായി വന്നിരുന്നു..... റിയ വികാസിനെ ഒന്നേ നോക്കിയുള്ളൂ.... അവന്റെ മുഖഭാവം കണ്ട് അവൾ വേഗം നോട്ടം മാറ്റിക്കളഞ്ഞു..... "എന്തൊക്കെ ഉണ്ട് റിയാ.... സുഖമല്ലേ...?" വികാസ് കടുപ്പിച്ചു ചോദിച്ചതും അവൾ പതർച്ചയോടെ രാഘവിനെ നോക്കി.... "ആഹാ.... ഡോക്ടർക്കും റിയയെ പരിജയം ഉണ്ടോ....?" അവൻ ആശ്ചര്യത്തോടെ തിരക്കി.... "ഉണ്ടോന്നോ..... നല്ല ചോദ്യം..... റിയയെ ഞങ്ങൾക്കൊക്കെ വർഷങ്ങളായി അറിയാം...." അവൻ പുച്ഛത്തോടെയാണ് അത് പറഞ്ഞത്..... "അതെയോ....." അവൻ റിയയോട് ചോദിച്ചു.... അവൾ ഇരുന്ന് വിയർത്തു..... ഇനി എന്തൊക്കെ സംഭവിക്കുമെന്നറിയാതെ..... •••••••••••••••••••••••••••••••••••••••° ചന്ദു ചെല്ലുമ്പോ വിക്രം ഫോണിൽ തോണ്ടി ബെഡിൽ കിടപ്പാണ്.... ഇത്രയും വലിയൊരു സംഭവം ഹാളിൽ ഇരിക്കുമ്പോ ഫോണിൽ കളിക്കുന്നോ എന്ന മട്ടിൽ അവൾ ഇടുപ്പിൽ കൈ കുത്തി അവനെ നോക്കി....

അവൻ ഫോണിൽ ശ്രദ്ധ കൊടുത്ത് കിടക്കുവാണെന്ന് മനസ്സിലായതും അവൾ അകത്തേക്ക് കയറി ചെന്നു..... "താനൊന്ന് എണീറ്റെ....." അവന്റെ ഫോൺ കൈയിൽ വാങ്ങിക്കൊണ്ട് അവൾ പറഞ്ഞു..... "എന്താ ചന്ദു....?" "അതൊക്കെ പറയാം.... ഒന്ന് എണീറ്റെ.... എണീറ്റ് എന്റൊപ്പം വാ....." അവൾ അവനെ എണീപ്പിച്ചു ഇരുത്തുക്കൊണ്ട് വിളിച്ചു.... "ഏയ്യ് ഞാനെങ്ങുമില്ല..... താനാ ഫോണിങ് തന്നെ.... ഞാനാ സിനിമ ഒന്ന് മുഴുവൻ കണ്ട് തീർക്കട്ടെ.... ഒന്ന് ത്രില്ലിംഗ് ആയി വന്നതേ ഉള്ളൂ.... ഇങ്ങ് തന്നേ....." അവൻ ഫോണിന് വേണ്ടി കൈ എത്തിച്ചു പിടിക്കാൻ നോക്കി.... അവൾ ഫോൺ പിന്നിലേക്ക് മറച്ചു പിടിച്ചു.... "സിനിമ ഒക്കെ പിന്നെയും കാണാം.... ഇപ്പൊ അതിനേക്കാൾ ത്രില്ലിംഗ് ആയിട്ടുള്ള ഒന്ന് ഹാളിൽ ഇരിപ്പുണ്ട്.... മാഷ് വാ.... ഹാ വാ മാഷേ....." ചന്ദു അവനെ ഒരു വിധത്തിൽ കുത്തി പൊക്കി..... അവന്റെ കൈ എടുത്ത് തോളിൽ ഇട്ട് കൊണ്ട് അവനൊപ്പം മുറി വിട്ടിറങ്ങി..... "കാര്യം എന്താണെന്ന് പറയെടോ....?" അവളുടെ ഉത്സാഹം കണ്ട് അവൻ ചിരിയോടെ തിരക്കി.... "സർപ്രൈസ്...." അത് മാത്രം പറഞ്ഞുകൊണ്ട് അവൾ കണ്ണ് ചിമ്മി കാണിച്ചു.....

ഹാളിലേക്ക് അടുത്തപ്പോൾ അവൻ രാഘവിനെ കണ്ടു.... അവരുടെ വരവ് കണ്ട് തെല്ലൊരു അമ്പരപ്പോടെ രാഘവ് അവരെ നോക്കുന്നുണ്ട്..... രാഘവിനെ നോക്കി ചിരിച്ചുകൊണ്ട് അടുത്തേക്ക് എത്തിയപ്പോഴാണ് വിക്രം അവനടുത്തായി ഇരുന്ന റിയയെ കാണുന്നത്...... ആരെയും നോക്കാതെ തല കുനിച്ചാണ് അവളുടെ ഇരിപ്പ്.... അവളെ കണ്ടതും വിക്രത്തിന്റെ മുഖം മാറി..... "ആഹ്.... വാടാ..... ഞാൻ രാഘവിനോട് റിയയെ നമുക്ക് വർഷങ്ങളായി അറിയുമെന്ന് പറയുവായിരുന്നു....."വികാസ് വിക്രത്തോട് പറയുന്നത് കേട്ടാണ് റിയ തല ഉയർത്തി നോക്കിയത്..... പകയോടെ തന്നേ നോക്കുന്ന വിക്രത്തെ കണ്ടപ്പോൾ അവൾ പെട്ടെന്ന് നോട്ടം മാറ്റി.... ചന്ദു വിക്രത്തെ വികാസിന് അടുത്തായി കൊണ്ട് വന്ന് ഒരുത്തി.... റിയയെ കാണുമ്പോൾ അവരുടെ മുഖത്തുണ്ടാവുന്ന മാറ്റങ്ങൾ രാഘവും ശ്രദ്ധിച്ചിരുന്നു..... "അങ്ങനെ വെറുമൊരു അറിവൊന്നുമല്ല കേട്ടോ രാഘവ്..... എനിക്കിവളുടെ ചെറുപ്പം മുതലേ പരിജയം ഉണ്ട്...."വിക്രം അവളെ നോക്കിക്കൊണ്ട് പറഞ്ഞു..... "ആഹ് നിങ്ങൾ ഫ്രണ്ട്സ് ആണെന്ന് പറഞ്ഞിരുന്നല്ലോ....." രാഘവ് പറഞ്ഞു....

"ഏയ്യ്... ഇവൾ റാവണിന്റെ വീട്ടിൽ വന്ന് നിൽക്കാറുണ്ട്.... ആ പരിചയം... പിന്നെ......" അവൻ പാതിയിൽ നിർത്തി..... റിയക്ക് എങ്ങനെ എങ്കിലും അവിടുന്ന് പോയാൽ മതിയെന്നായി..... "റാവൺ...? യൂ മീൻ RK....?" രാഘവ് നെറ്റി ചുളിച്ചു "Yeah....." വിക്രം ഒന്ന് ഞെളിഞ്ഞിരുന്നു..... "RK യുമായി റിയക്കെന്താ കണക്ഷൻ....?" അവൻ റിയയെയും വിക്രത്തെയും മാറി മാറി നോക്കി..... "അയ്യോ.... അപ്പൊ അതറിയില്ലേ....." വിക്രം വായ പൊത്തി റിയയെ നോക്കി..... "ഇല്ലാ.... 🙄" രാഘവ് റിയയെ നോക്കി..... "രാഘവ്.... എനിക്കെന്തോ തലക്ക് നല്ല ഭാരം..... നമുക്ക് പോവാം...." റിയ തലയ്ക്ക് താങ്ങു കൊടുത്ത് അവശതയോടെ പറഞ്ഞു..... അതോടെ രാഘവിന്റെ ശ്രദ്ധ റിയയിലേക്കായി..... "റിയാ.... എന്ത് പറ്റി.... ഹോസ്പിറ്റലിൽ പോണോ....?" അവൻ അവളുടെ കവിളിലും നെറ്റിയിലും ഒക്കെ തൊട്ട് നോക്കി.... അവൾ ഒരു മൂളലോടെ തല കുലുക്കി.... വിക്രം അത് കണ്ട് പുഞ്ചിരിച്ചു..... "സോറി ഗയ്‌സ്.... വി ഹാവ് ടു ഗോ നൗ...." അവൻ റിയയെ ചേർത്തു പിടിച്ചു എണീറ്റു..... "നീ എങ്ങും പോകുന്നില്ല....." വിക്രം റിയയോടായി പറഞ്ഞു....

റിയ വിറക്കുന്നുണ്ടായിരുന്നു..... രാഘവ് അവനെ സംശയത്തോടെ നോക്കി ...... "വിക്രം...🙄?" രാഘവ് നെറ്റി ചുളിച്ചു അവനെ നോക്കി..... "റിയ എങ്ങും പോകുന്നില്ല.... അല്ലേ റിയാ...." അവൻ ക്രൂരമായ ചിരിയോടെ റിയയെ നോക്കി..... റിയ അത് കണ്ട് ഉമിനീരിറക്കി.... "രാഘവ്.... എനിക്ക്.... നമുക്ക് പോവാം...."അവൾ വിറച്ചു കൊണ്ട് പറഞ്ഞു..... രാഘവിന് പാവം തോന്നി..... അവൻ അവളെ കൂട്ടി പോകാൻ ഒരുങ്ങി.... "ഛീ ഇരിക്കടി അവിടെ...."വിക്രത്തിന്റെ അലർച്ചയിൽ അവൾ കിടുങ്ങി പോയി.... അറിയാതെ രാഘവിന്റെ കൈ വിട്ട് അവൾ അവിടെ ഇരുന്നു പോയി..... "വാട്ട്‌ ദ.... വിക്രം.... വാട്ട്‌സ് റോങ് വിത്ത്‌ യൂ.... ഷി ഈസ്‌ സിക്ക് ...." രാഘവ് മുരണ്ടു..... "ഏട്ടാ റിലാക്സ്..... അവൾക്ക് ഒന്നും ഇല്ല..... ഇതൊക്കെ ഇവിടുന്ന് മുങ്ങാനുള്ള ഓരോ ഡ്രാമയാണ്...." ചന്ദു അരിശത്തോടെ പറഞ്ഞു..... "ഡ്രാമയോ.... നിങ്ങൾക്കൊക്കെ ഇതെന്താ.... റിയ ശിവർ ചെയ്യുന്നത് കണ്ടില്ലേ...." രാഘവിന് ദേഷ്യം വരുന്നുണ്ടായിരുന്നു..... "പിന്നെ ശിവർ ചെയ്യില്ലേ.... അമ്മാതിരി പേടിയല്ലേ ഉള്ളിൽ തട്ടിയത്...." വിക്രം ചിരിച്ചു....

രാഘവിന് ഒന്നും മനസ്സിലാവുന്നില്ല..... അവന് മാത്രമല്ല ജ്യൂസുമായി വന്ന മാനസക്കും..... "ഏട്ടാ.... ഏട്ടൻ ഇവിടെ ഇരിക്ക്..... കുറച്ചേറെ കാര്യങ്ങൾ ഏട്ടനോട് സംസാരിക്കാനാണ് ഞാൻ നിങ്ങളെ രണ്ട് പേരെയും വിളിച്ചു വരുത്തിയത്.... അത് മുഴുവൻ കേൾക്കാതെ രണ്ട് പേരും ഇവിടെ നിന്ന് പുറത്ത് പോവില്ല...." എന്ന് പറഞ്ഞ് ചന്ദു ഡോർ ലോക്ക് ചെയ്തു..... രാഘവിന്റെ സംശയവും റിയയുടെ ചങ്കിടിപ്പും കൂടി കൂടി വന്നു..... "രാഘവ്.... തന്നോട് എനിക്ക് യാതൊരു വിരോധവും ഇല്ല.... പക്ഷേ ഇവൾ...." വിക്രം റിയക്ക് നേരെ കലിയോടെ വിരല് ചൂണ്ടി..... ഇവർക്കൊക്കെ ഇത്രക്ക് പക തോന്നാൻ റിയ എന്ത് തെറ്റാണ് ചെയ്തതെന്ന ചിന്ത രാഘവിനെ അലട്ടി.... അവന്റെ ചിന്തകൾ പല വഴിക്കും സഞ്ചരിച്ചു..... റിയയുടെ പതർച്ച അവനെ ആശയകുഴപ്പത്തിലാക്കി.... "താനിത് കണ്ടോ....." തന്റെ സ്വാധീനകുറവുള്ള കാല് തൊട്ട് കാണിച്ചു വിക്രം അവനോട് ചോദിച്ചു..... "ഇത് എങ്ങനെ പറ്റിയതാണെന്ന് അറിയണോ തനിക്ക്....??"..തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story