ജാനകീരാവണൻ 🖤: ഭാഗം 176

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"രാഘവ് ..... ഏട്ടൻ പറഞ്ഞത് സത്യമാണ്.... ഞാൻ സമ്മതിക്കുന്നു..... മുൻപ് എനിക്കൊരു വിവാഹം ഫിക്സ് ചെയ്തിരുന്നു.... സത്യമാണ്..... പക്ഷേ ബാക്കിയുള്ളതൊന്നും രാഘവ് വിശ്വസിക്കരുത്..... നമ്മളെ തമ്മിൽ അകറ്റാൻ...." പറഞ്ഞ് തീരും മുന്നേ രാഘവിന്റെ വലത് കൈ അവളുടെ കരണത്ത് പതിഞ്ഞു..... "നിർത്തിക്കോ..... നിന്റെ ഈ ചീപ് ഡ്രാമ.... നീ പറഞ്ഞതൊക്കെ ഞാൻ അതുപോലെ വിശ്വസിച്ചത് ഞാനൊരു പൊട്ടൻ ആയത് കൊണ്ടല്ല.... അത്രക്ക് സ്നേഹിച്ചു പോയി.... വിശ്വസിച്ചു പോയി ഞാൻ..... എന്റെ അമ്മ പലതവണ പറഞ്ഞതാ.... നീ എനിക്ക് ചേർന്നവൾ അല്ലെന്ന്..... ഒരിക്കലെങ്കിലും അതിന് ചെവി കൊടുത്തിരുന്നെങ്കിൽ ഇന്നീ ഗതി എനിക്ക് വരില്ലായിരുന്നു....." രാഘവ് പൊട്ടി തെറിച്ചു..... "ഇവിടെ വരും വരെ ഒന്നും സത്യമാകരുതേ എന്ന പ്രാർത്ഥന ആയിരുന്നു.....

അത്രത്തോളം സ്നേഹിച്ചതാടി ഞാൻ..... ഞാനും നീയും അച്ഛനും അമ്മയും ഒക്കെ ആയി സ്വസ്തമായ...സന്തോഷകരമായ ജീവിതമാണ് ഞാൻ സ്വപ്നം കണ്ടത്..... പക്ഷേ നിന്നേ പോലൊരുത്തി ആണെങ്കിൽ എനിക്ക് പോയിട്ട് എന്റെ അച്ഛനമ്മമാർക്ക് പോലും സ്വസ്ഥത ഉണ്ടാകില്ല...." അവന്റെ സ്വരത്തിൽ അറപ്പും വെറുപ്പും നിറഞ്ഞു.... റോഷൻ കാര്യമറിയാതെ അന്തിച്ചു നിൽക്കുകയാണ്.... ബഹളം കേട്ട് റിയയുടെ അച്ഛനും അമ്മയും അവിടേക്ക് വന്നു..... "രാഘവ്.... നീ ഇരിക്ക്..... ശരിക്കും എന്താ ഉണ്ടായത്..... ഇത്ര വലിയൊരു തീരുമാനം എടുക്കാൻ മാത്രം....?" റോഷന് ആധിയായി.... "റോഷാ..... ഭാര്യയായി വരുന്നവളെ പറ്റി ഏതൊരുത്തനും കുറച്ച് സ്വപ്‌നങ്ങൾ ഒക്കെ ഉണ്ടാവും..... എന്റെ സ്വപ്നങ്ങളിൽ ഉള്ള ഭാര്യ അത് നിന്റെ പെങ്ങൾ അല്ല..... അതുകൊണ്ട് ഈ വിവാഹം നടക്കില്ല...." രാഘവ് തീർത്തു പറഞ്ഞു..... ആ സമയം റിയ ഭയത്തോടെ അച്ഛനെ നോക്കി.... എന്ത് ഉണ്ടാവരുതെന്ന് ആഗ്രഹിച്ചോ അത് തന്നെ സംഭവിച്ചിരിക്കുന്നു.... അച്ഛനും അമ്മയും ഞെട്ടലിലാണ്.....

"രാഘവ്..... വിവാഹം ഒക്കെ അടുത്ത് വരുമ്പോ തന്നെ ഇങ്ങനെ ഒരു....." റോഷൻ ദയനീയമായി അവനെ നോക്കി.... കഴിഞ്ഞ കാലം നോക്കി ഇനിയും അവളെ ശിക്ഷിക്കുന്നതിൽ ഒരു ന്യായവും അവന് കണ്ടെത്താൻ കഴിഞ്ഞില്ല.... സഹോദരിയുടെ ഭാവിയെ പറ്റിയാണ് അന്നേരം അവൻ വേവലാതിപ്പെട്ടത്..... "ശരി.... ഞാൻ നിന്റെ പെങ്ങളെ കെട്ടാം..... പക്ഷേ..... ഞാൻ ആഗ്രഹിച്ചത് പോലെ.... എനിക്ക് ചേർന്ന ഒരു ഉത്തമയായ ഭാര്യയാണ് ഇവളെന്ന് റോഷന് ഉറപ്പ് തരാൻ പറ്റുമോ.... എന്റെ ഭാര്യ കാരണം മറ്റൊരാളുടെ കണ്ണ് നീർ വീണിട്ടില്ലെന്ന ഉറപ്പ് റോഷന് തരാൻ കഴിഞ്ഞാൽ ഏറ്റവും അടുത്ത മുഹൂർത്തത്തിൽ ഞാൻ റിയയെ വിവാഹം കഴിച്ചോളാം..... എന്റെ ഭാര്യയാവാൻ മാത്രം നന്മ ഇവൾക്കുണ്ടോ.... റോഷൻ പറ....." രാഘവ് ദേഷ്യം കടിച്ചമർത്തി ആണ് നിൽക്കുന്നത്.... അത് കേട്ടതോടെ റോഷന്റെ തല താഴ്ന്നു....

അനിയത്തിയെ നന്നായി പഠിച്ചവനാണ് റോഷൻ.... അത് കൊണ്ട് ഉറപ്പ് കൊടുക്കാൻ കഴിയാതെ അവൻ വിഷമിച്ചു... അച്ഛനും അമ്മയും ഉറപ്പ് കൊടുക്കാൻ കണ്ണ് കാണിച്ചെങ്കിലും അവൻ ആ സാഹസത്തിന് മുതിർന്നില്ല..... "കണ്ടില്ലേ..... ഇവളുടെ നന്മയിൽ സ്വന്തം കൂടെ പിറപ്പിന് പോലും ഉറപ്പില്ല..... ഇതിൽ നിന്ന് തന്നെ ചിന്തിക്കാം ഇവൾ എന്താണെന്ന്...."രാഘവ് റിയയുടെ അച്ഛന് നേരെ തിരിഞ്ഞു..... "രാഘവ് പ്ലീസ്.... എന്നെ ഒന്ന് വിശ്വസിക്ക്.... ആരുടെയോ വാക്ക് കേട്ടിട്ടാണ് രാഘവ് എന്നെ തള്ളി പറഞ്ഞത്.... എന്റെ വിഷമം രാഘവ് മനസ്സിലാക്കുന്നില്ലല്ലോ...."റിയ കണ്ണ് നീരോടെ അവന് മുന്നിൽ വന്ന് നിന്നു.... "തള്ളി പറയുമ്പോഴുള്ള സുഖം നീയും ഒന്ന് അറിഞ്ഞിരിക്കണം..... മനസ്സും മനസാക്ഷിയും ഇല്ലാത്ത നിനക്ക് വേദനിച്ചെങ്കിൽ ആത്മാർത്ഥമായി സ്നേഹിച്ച ആ വിക്രത്തിന് എത്രത്തോളം നൊന്തിട്ടുണ്ടാവും....?" അവന്റെ ദേഷ്യത്തോടെയുള്ള ചോദ്യം കേട്ടപ്പോഴാണ് ബാക്കിയുള്ളവർക്ക് കാര്യങ്ങളിൽ ഏകദേശ ധാരണ വന്നത്..... "മോനെ..... ആ വിക്രത്തിന്റെ വാക്ക് കേട്ടാണോ മോനിതൊക്കെ കാട്ടി കൂട്ടിയത്.....

മോനെ അവനെ എനിക്ക് അറിയുന്നതാ.... കാണുന്ന പോലെ ഒന്നുമല്ല ആളൊരു ഫ്രോഡ് ആണ്.... ഒരു ചേട്ടൻ മാത്രമേ ഉള്ളൂ... തന്തയും തള്ളയും ചത്തപ്പോ തോന്നിയ പോലാ ചേട്ടന്റെയും അനുജന്റെയും ജീവിതം.... കള്ളും കഞ്ചാവും പെണ്ണും എന്നുവേണ്ട സകല തെമ്മാടിത്തരവും കൈയിൽ ഉണ്ട്.... കുറച്ച് കാലം മുന്നേ റിയ മോളെ അവൻ നിരന്തരം ശല്യം ചെയ്തിരുന്നു.... അന്ന് കുറച്ച് പ്രശ്നം ഒക്കെ ഉണ്ടായി.... ഇവൾ അവന് വഴങ്ങി കൊടുക്കാത്തതിന്റെ ചൊരുക്ക് തീർക്കാൻ നടക്കുവാണ് ആ തെമ്മാടി ... അവൻ പറയുന്നതൊന്നും മോൻ വിശ്വസിക്കരുത്.... പച്ചക്കള്ളം ആണ് ഒക്കെ...." അച്ഛൻ റിയയുടെ രക്ഷക്കെത്തി.... റിയ താൽക്കാലികമായി ഒന്ന് ആശ്വസിച്ചു.... "ആണെങ്കിൽ ഇവൻ പറയട്ടെ.... റോഷാ പറയ് .... ഇതൊക്കെ കള്ളക്കഥ ആണോ....?" രാഘവിന്റെ ചോദ്യത്തിന് മുന്നിൽ റോഷൻ പതറിപ്പോയി.... ഒരു മറുപടി ഇല്ലാതെ അവൻ തല കുനിച്ചു നിന്നു...

. അച്ഛൻ തുറിച്ചു നോക്കുന്നത് അവൻ മനഃപൂർവം കണ്ടില്ലെന്ന് നടിച്ചു..... "വിക്രം പറഞ്ഞതാണ് സത്യമെന്ന് മനസ്സിലാക്കാൻ ഇനി ഇതിൽ കൂടുതൽ ഒന്നും ആവശ്യമില്ല... ഒരു പാവം പയ്യന്റെ ജീവിതം തകർത്ത് അവനെ ഒന്നുമല്ലാതാക്കിയതും പോരാഞ്ഞിട്ട് കൊല്ലാൻ കൂടി ശ്രമിച്ചിരിക്കുന്നു.... എത്ര ഒക്കെ വിദ്വേഷം ഉണ്ടായാലും ഒരാളെ കൊല്ലാൻ ശ്രമിക്കുമോ.... ഇത്രക്ക് ക്രിമിനൽ മൈൻഡ് ഉള്ള ഇവൾക്കൊപ്പമാണോ ഞാൻ ജീവിക്കേണ്ടത്.... നാളെ ഒരു ദേഷ്യത്തിൽ ഇവൾ എന്നോടും ഇത് തന്നെ ചെയ്‌താൽ നഷ്ടം എനിക്കും എന്റെ വീട്ടുകാർക്കുമാണ്....."രാഘവ് കലി അടങ്ങാത്തത് പോലെ പിന്നേയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു..... "അത് മാത്രമാണോ.... ആ വിക്രത്തിന് കിട്ടേണ്ടിയിരുന്ന നല്ലൊരു ജീവിതം തട്ടി തെറിപ്പിച്ചിട്ട് അവന്റെ ജീവിതം ഇല്ലാതാക്കിയിട്ട് ഇവൾക്ക് മാത്രം ഒരു ജീവിതം എന്തിനാ.... അതിൽ എന്ത് ന്യായം....?" രാഘവ് പുച്ഛിച്ചു....

ഇനിയൊന്നും പറഞ്ഞു തർക്കിച്ചിട്ട് കാര്യമില്ലെന്ന് റിയയുടെ അച്ഛനും അമ്മയും മനസ്സിലാക്കി..... "മോനെ.... മോൻ ഞങ്ങളോട് ക്ഷമിക്കണം... ശരിയാണ് അന്ന് അതൊക്കെ പറ്റിപ്പോയി.... അറിവില്ലാത്ത പ്രായത്തിൽ പക്വത ഇല്ലാതെ അങ്ങനെയൊക്കെ സംഭവിച്ചു പോയി.... ആ ഒരു തെറ്റിന് നല്ലൊരു ബന്ധം മുടങ്ങിപ്പോവുകയും ചെയ്തു.... വർഷങ്ങൾക്ക് ശേഷം വീണ്ടും ആ തെറ്റിന് ശിക്ഷിക്കപ്പെടണം എന്നാണോ.... ഒരേ തെറ്റിന് വീണ്ടും വീണ്ടും ശിക്ഷിക്കപ്പെടുന്നതിൽ എന്ത് ന്യായമാണ്....."അച്ഛൻ മകളെ ന്യായീകരിച്ചു..... "എസ്ക്യൂസ്‌മി.... പക്വത ഇല്ലാത്ത അറിവില്ലാത്ത പ്രായമോ....?? പത്തു ഇരുപത് വയസ്സ് എന്ന് പറയുന്നത് പക്വത ഇല്ലാത്ത പ്രായമാണോ....??" രാഘവിന്റെ നെറ്റി ചുളിഞ്ഞു.... "അങ്ങനെ ആണെങ്കിൽ കൂടി അറിവില്ലായ്മ ആയി കണ്ട് ക്ഷമിക്കാവുന്ന ചെറിയ തെറ്റാണോ ഇവൾ ചെയ്ത് കൂട്ടിയത്.....

അന്ന് വിക്രം ഒരു കേസ് കൊടുത്തിരുന്നെങ്കിൽ കൊലപാതകശ്രമത്തിന് ഇവൾ ജയിലിൽ ആയേനെ...."രാഘവ് പുച്ഛിച്ചു.... ആർക്കും ഒന്ന് പറയാൻ നാവ് പൊന്തുന്നില്ല.... "നിങ്ങൾക്ക് ഇതൊക്കെ കഴിഞ്ഞ കഥയാവും.... എന്നാൽ ആ കഥയുടെ ബാക്കി വിക്രം ഇപ്പോഴും അനുഭവിക്കുന്നുണ്ട്..... ഒന്ന് എണീറ്റ് നിൽക്കാൻ പോലും കഴിയാതെ ഇന്നവൻ ബുദ്ധിമുട്ടുന്നെങ്കിൽ അതിന് കാരണം ഇവളാണ്..... ആ വിക്രം ക്ഷമിച്ചാൽ പോലും ഇവളോട് ക്ഷമിക്കാൻ ഞാൻ തയാറല്ല...." അവൻ തീർത്തു പറഞ്ഞു.... അതോടെ അവർക്കെല്ലാം ടെൻഷൻ ആയി.... "രാഘവ്.... മോനെ..... എന്റെ മോളെ കൈ വിടരുത്.... അവൾക്കൊരു തെറ്റ് പറ്റി.... അതിന്റെ പേരിൽ ജീവിതമില്ലാതെ നിൽക്കണമെന്നാണോ....?" റിയയുടെ അമ്മ അവന്റെ മുന്നിൽ കണ്ണ് നീരും കൈയുമായി വന്നു... "തെറ്റ് പറ്റിയെങ്കിൽ അത് അംഗീകരിക്കാൻ പഠിക്കണം.... ഇത് സ്വന്തം തെറ്റ് മറക്കാൻ അച്ഛനും മകളും വീണ്ടും വീണ്ടും അവരെ പഴി ചാരുകയല്ലേ....?" അവൻ റിയയെയും അച്ഛനെയും നോക്കി പറഞ്ഞു.....

"വർഷങ്ങൾക്ക് മുൻപ് നിങ്ങളുടെ സഹോദരിക്ക് ഒരു തെറ്റ് പറ്റിയപ്പോൾ അത് ക്ഷമിക്കാൻ നിങ്ങൾക്ക് കഴിഞ്ഞോ.... വർഷം ഇത്ര ആയിട്ടും ആ സഹോദരിയിൽ പിറന്ന മക്കളോട് പോലും ആ പക മനസ്സിൽ കൊണ്ട് നടക്കുകയല്ലേ നിങ്ങൾ... സ്വന്തം ചോരയോട് നിങ്ങൾക്ക് ക്ഷമിക്കാൻ കഴിയുന്നില്ലെങ്കിൽ ഞാൻ എന്തിന് ഒരു ബന്ധവും ഇല്ലാത്ത ഇവളോട് ക്ഷമിക്കണം.... അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല....." അതും പറഞ്ഞ് രാഘവ് പുറത്തേക്ക് ഇറങ്ങി..... "രാഘവ് പ്ലീസ്.... എന്നോട് ക്ഷമിക്കണം.... എന്നെ വെറുക്കല്ലേ.... എനിക്ക് രാഘവിനെ വേണം.... പ്ലീസ് രാഘവ് പോവല്ലേ...." റിയ അവന്റെ കാൽക്കലേക്ക് വീണു..... "ഇത് പോലെ ഒരിക്കൽ വിക്രം നിന്നോട് യാചിച്ചതല്ലേ റിയാ.... ഇപ്പൊ മനസ്സിലാവുന്നുണ്ടോ അവന്റെ വേദന....?"രാഘവ് അവളുടെ പിടിയിൽ നിന്നും കുതറി മാറി.... "നിങ്ങളുമായുള്ള എല്ലാ ബിസിനസ് ഡീലും ഞാൻ ഇവിടെ വെച്ച് അവസാനിപ്പിക്കുകയാണ്.... ഇനി ഞാനും നിങ്ങളും തമ്മിൽ ഒരു ബന്ധവും ഉണ്ടായിരിക്കില്ല....."

രാഘവ് പറയുന്നതിനൊപ്പം റിയ അണിയിച്ച മോതിരം ഊരി എടുത്ത് ബലമായി അവളെ ഏൽപ്പിച്ചു..... ആരെങ്കിലും എന്തെങ്കിലും പറയും മുന്നേ റിയയുടെ കൈയിൽ കിടന്ന താൻ അണിയിച്ച റിങ്ങും അവൻ ഊരിയെടുത്തിരുന്നു..... "രാഘവ്.... മോനെ ഞങ്ങൾക്ക് പറയാൻ ഉള്ളത് കൂടി....." "വേണ്ടാ.... ഇനി കൂടുതൽ സംസാരിക്കാൻ എനിക്ക് താല്പര്യം ഇല്ല.... സോ പ്ലീസ്..... ഇനിയെന്നെ ഡിസ്റ്റർബ് ചെയ്യരുത്....." റിയയുടെ അമ്മയെ തടഞ്ഞുകൊണ്ട് അവൻ ആ വീട് വിട്ടിറങ്ങി..... അവർ പുറകെ എത്തും മുന്നേ അവൻ കാറിൽ കയറി പാഞ്ഞു പോയി.... കാർ മുന്നോട്ട് പോകുമ്പോൾ അവൻ റിയയുടെ വിരലിൽ നിന്ന് ഊരിയെടുത്ത റിങ് ചൂണ്ട് വിരൽ കൊണ്ട് പുറത്തേക്ക് തട്ടി എറിഞ്ഞു..... ആളൊഴിഞ്ഞ ഭാഗത്ത് കൊണ്ട് പോയി കാർ നിർത്തി.... അവൻ സ്റ്റീയറിങ്ങിൽ തല ചേർത്തു വെച്ചു കിടന്നു.... റിയയോടൊപ്പമുള്ള നിമിഷങ്ങൾ മനസ്സിലേക്ക് തികട്ടി വന്നു... അവൻ കണ്ണുകൾ ഇറുക്കിയടച്ചു..... കണ്ണിൽ നിറഞ്ഞു നിന്ന കണ്ണുനീർ തുള്ളികൾ കവിളിലേക്ക് ഒലിച്ചു വന്നു.....

അവന് അലറിക്കരയാൻ തോന്നി.... കാരണം റിയയെ അവൻ അത്രമാത്രം സ്നേഹിച്ചിരുന്നു.... അന്നേരം മനസ്സിൽ തെളിഞ്ഞത് ഒരേ ഒരു മുഖമാണ്.... തന്റെ പെറ്റമ്മയുടെ..... ആ മടിത്തട്ടിന് മാത്രമേ തനിക്ക് ആശ്വാസമാകൻ കഴിയൂ എന്നവൻ ഓർത്തു.... കാർ മുന്നോട്ട് എടുക്കുമ്പോൾ വാശിയോടെ അവൻ ഇരു കണ്ണുകളും അമർത്തി തുടച്ചു..... •••••••••••••••••••••••••••••••••••••••° "അച്ഛാ..... ഞാൻ....." റിയ വിതുമ്പിക്കൊണ്ട് അച്ഛന്റെ കൈകൾ കവർന്നു..... അയാൾ കലിയോടെ അത് തട്ടി എറിഞ്ഞു..... "തൊടരുത് നീ എന്നെ....."അയാൾ ചീറി.... റിയ ഭയന്നു പോയി.... അവൾ ചുണ്ട് കടിച്ചു പിടിച്ചു പിന്നിലേക്ക് മാറി നിന്നു.... "ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലാതെ ഒറ്റയടിക്ക് എന്നെ അങ്ങ് കൊല്ല് നീ.... നീ കാരണം ഒന്നല്ല രണ്ടല്ല എത്ര വട്ടമാ ഞാൻ നാണം കെട്ടത്..... രാഘവ് പറഞ്ഞത് കേട്ടില്ലേ നീ.... എല്ലാ ഡീലും ക്യാൻസൽ ചെയ്‌തെന്ന്..... രാഘവിന്റെ ഹെല്പ് ഒരു അവസാനത്തെ കച്ചി തുരുമ്പായിരുന്നു.... ഇനി കുടുംബത്തോടെ തെരുവിൽ ഇറങ്ങി തെണ്ടാം...."

അയാൾ ദേഷ്യം സഹിക്കാനാവാതെ വെയ്സ് എറിഞ്ഞുടച്ചു.... "ഞാൻ ഇപ്പൊ എന്ത് ചെയ്തി.... ട്ടാ അച്ഛാ.....?" റിയ തേങ്ങിപ്പോയി..... "എന്ത് ചെയ്‌തെന്ന് നിനക്ക് അറിയില്ലേ..... അഴിഞ്ഞാടി തന്നിഷ്ടത്തിന് ജീവിച്ചപ്പോ ഓർക്കണമായിരുന്നു..... അടക്കവും ഒതുക്കവും വേണമെന്ന് ഞാൻ പറയുന്നില്ല.... പക്ഷേ ഇങ്ങനെ മറ്റുള്ളവരുടെ ജീവിതം വെച്ച് അഴിഞ്ഞാടി ജീവിക്കാൻ നിന്നോടാര് പറഞ്ഞു.... എനിക്കില്ലാത്ത പ്രതികാരമാണോടി നിനക്ക് RK യോട്.... ഏഹ്ഹ്.... അവനെ നോവിക്കാൻ കണ്ടവന്മാരോട് അഴിഞ്ഞാടി നടന്നിരിക്കുന്നു.... മരണം വരെ ഇതിന്റെ പേരിൽ നാണം കെട്ട് ജീവിക്കാൻ ആണ് എന്റെ വിധി... ഛെ...." അയാളുടെ മുഖത്ത് അറപ്പും വെറുപ്പും നിറഞ്ഞു..... "അല്ലെങ്കിൽ തന്നെ ഞാനും എന്റെ പെങ്ങളും തമ്മിൽ പല പ്രശ്നങ്ങളും കാണും.... അത് ഏറ്റെടുക്കാനും പ്രതികാരം ചെയ്യാനും നീ ആരാ....?" അച്ഛന്റെ അലർച്ചയിൽ റിയ നടുങ്ങിപ്പോയി..... "ഇപ്പോൾ തോന്നുന്നു.... നീ കാരണം ഞാൻ അപമാനിക്കപ്പെട്ടത് വെച്ച് നോക്കുമ്പോൾ എന്റെ പെങ്ങൾ എന്നോ മാപ്പർഹിച്ചിരുന്നെന്ന്.....

എത്ര ആയാലും അവൾ സ്നേഹത്തിന് വേണ്ടിയാണ് ഞങ്ങളെ തള്ളി കളഞ്ഞത്.... അതിലുപരി അവൾ ചതിക്കപ്പെട്ടതാണ്..... ചതിക്കണമെന്ന് ഒരാൾ കച്ച കെട്ടി ഇറങ്ങിയാൽ ആ ചതിക്കുഴിയിൽ ആരായാലും വീണു പോകും.... അത് പോലെ എന്റെ പെങ്ങളും വീണു..... അതവൾക്ക് സ്നേഹിക്കാൻ മാത്രം അറിയുന്നത് കൊണ്ടാ.... എന്റെയും അച്ഛന്റെയും ദുരഭിമാനം കൊണ്ട് അതൊന്നും ഞങ്ങൾ ഓർക്കാൻ ശ്രമിച്ചില്ല.... അവൾ മരിച്ചപ്പോൾ പോലും ഒന്ന് പോയി കാണാൻ തോന്നാത്ത വിധം മനസ്സ് കല്ലായിപ്പോയി.... പക്ഷേ മൂർത്തിയുടെ ഒക്കെ കഥകൾ പുറത്ത് വന്നപ്പോഴാണ് എന്റെ തെറ്റ് ഞാൻ തിരിച്ചറിഞ്ഞത്....

ഒരു സഹോദരൻ എന്ന നിലയിൽ അവളോട് നീതി പുലർത്താൻ കഴിയാത്ത വേദനയിൽ ഉള്ളിൽ ഉരുകിയാണ് ഞാൻ ജീവിക്കുന്നത്.... ഇന്ന് കാലം എനിക്ക് അതിനുള്ള ശിക്ഷ തന്നിരിക്കുന്നു.... എന്റെ പെങ്ങളെന്നെ വേദനിപ്പിച്ചതിനേക്കാൾ എത്രയോ മേലെയാണ് ഇപ്പൊ ഞാൻ നിന്നിലൂടെ അനുഭവിക്കുന്നത്.... ഒരേ വീട്ടിൽ രണ്ട് നിയമം വേണ്ട.... അവൾക്ക് കിട്ടിയ ശിക്ഷ തന്നെ നീയും അനുഭവിക്കണം..... ഇത് നേരത്തെ തന്നെ ചെയ്യേണ്ടതായിരുന്നു....." അയാൾ പറഞ്ഞ് നിർത്തിയപ്പോൾ റിയയുടെ നെഞ്ചിടിപ്പ് കൂടി "എടുക്കേണ്ടതൊക്കെ എടുത്ത് ഇപ്പൊ തന്നെ ഇറങ്ങിക്കോ.... ഇനിയും നാണം കെട്ട് ജീവിക്കാൻ എനിക്ക് വയ്യ...."..തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story