ജാനകീരാവണൻ 🖤: ഭാഗം 177

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"അല്ലെങ്കിൽ തന്നെ ഞാനും എന്റെ പെങ്ങളും തമ്മിൽ പല പ്രശ്നങ്ങളും കാണും.... അത് ഏറ്റെടുക്കാനും പ്രതികാരം ചെയ്യാനും നീ ആരാ....?" അച്ഛന്റെ അലർച്ചയിൽ റിയ നടുങ്ങിപ്പോയി..... "ഇപ്പോൾ തോന്നുന്നു.... നീ കാരണം ഞാൻ അപമാനിക്കപ്പെട്ടത് വെച്ച് നോക്കുമ്പോൾ എന്റെ പെങ്ങൾ എന്നോ മാപ്പർഹിച്ചിരുന്നെന്ന്..... എത്ര ആയാലും അവൾ സ്നേഹത്തിന് വേണ്ടിയാണ് ഞങ്ങളെ തള്ളി കളഞ്ഞത്.... അതിലുപരി അവൾ ചതിക്കപ്പെട്ടതാണ്..... ചതിക്കണമെന്ന് ഒരാൾ കച്ച കെട്ടി ഇറങ്ങിയാൽ ആ ചതിക്കുഴിയിൽ ആരായാലും വീണു പോകും.... അത് പോലെ എന്റെ പെങ്ങളും വീണു..... അതവൾക്ക് സ്നേഹിക്കാൻ മാത്രം അറിയുന്നത് കൊണ്ടാ.... എന്റെയും അച്ഛന്റെയും ദുരഭിമാനം കൊണ്ട് അതൊന്നും ഞങ്ങൾ ഓർക്കാൻ ശ്രമിച്ചില്ല.... അവൾ മരിച്ചപ്പോൾ പോലും ഒന്ന് പോയി കാണാൻ തോന്നാത്ത വിധം മനസ്സ് കല്ലായിപ്പോയി.... പക്ഷേ മൂർത്തിയുടെ ഒക്കെ കഥകൾ പുറത്ത് വന്നപ്പോഴാണ് എന്റെ തെറ്റ് ഞാൻ തിരിച്ചറിഞ്ഞത്.... ഒരു സഹോദരൻ എന്ന നിലയിൽ അവളോട് നീതി പുലർത്താൻ കഴിയാത്ത വേദനയിൽ ഉള്ളിൽ ഉരുകിയാണ് ഞാൻ ജീവിക്കുന്നത്.... ഇന്ന് കാലം എനിക്ക് അതിനുള്ള ശിക്ഷ തന്നിരിക്കുന്നു....

എന്റെ പെങ്ങളെന്നെ വേദനിപ്പിച്ചതിനേക്കാൾ എത്രയോ മേലെയാണ് ഇപ്പൊ ഞാൻ നിന്നിലൂടെ അനുഭവിക്കുന്നത്.... ഒരേ വീട്ടിൽ രണ്ട് നിയമം....അത് വേണ്ട.... അവൾക്ക് കിട്ടിയ ശിക്ഷ തന്നെ നീയും അനുഭവിക്കണം..... ഇത് നേരത്തെ തന്നെ ചെയ്യേണ്ടതായിരുന്നു....." അയാൾ പറഞ്ഞ് നിർത്തിയപ്പോൾ റിയയുടെ നെഞ്ചിടിപ്പ് കൂടി "എടുക്കേണ്ടതൊക്കെ എടുത്ത് ഇപ്പൊ തന്നെ ഇറങ്ങിക്കോ.... ഇനിയും നാണം കെട്ട് ജീവിക്കാൻ എനിക്ക് വയ്യ...."ഒട്ടും പ്രതീക്ഷിക്കാത്ത ആ വാക്കുകളിൽ അവൾ ഉലഞ്ഞു പോയി..... "നിങ്ങൾ ഇതെന്തൊക്കെയാ മനുഷ്യാ ഈ പറയുന്നത്.....? ഇവൾ.... ഇവൾ എവിടേക്ക് പോകാനാ....?" റിയയുടെ അമ്മ ദേശിച്ചു.... അവർക്ക് സങ്കടവും വരുന്നുണ്ട്.... "എന്താടീ.... എന്താന്ന്....?" അയാൾ അവർക്ക് നേരെ ചീറി.... "വർഷങ്ങൾക്ക് മുന്നേ എന്റെ പെങ്ങൾ ഒരുത്തിയെ സ്നേഹിച്ചപ്പോ അവളെ പടിയടച്ചു പിണ്ഡം വെച്ചപ്പോൾ അന്ന് ഈ എതിർപ്പൊന്നും ഞാൻ കണ്ടില്ലല്ലോ.... എന്റെ പെങ്ങളെ കുറ്റം പറയാനും എരിതീയിൽ എണ്ണ ഒഴിച്ച് എന്നെ എരി കേറ്റി വിടാനും നിനക്ക് നല്ല മിടുക്കായിരുന്നല്ലോ....

ഇന്നെന്തേ ആ സ്ഥാനത്ത് സ്വന്തം മകൾ വന്നപ്പോ നിനക്ക് പൊള്ളിയോ...." അയാൾ പുച്ഛത്തോടെ തിരക്കി.... "നിങ്ങടെ പെങ്ങളുമായി ഇവളെ നിങ്ങൾ താരതമ്യം ചെയ്യണ്ട.... കുടുംബത്തിന്റെ അഭിമാനം കാറ്റിൽ പറത്തി കണ്ണിൽ കണ്ടവന്റെ ഒപ്പം ഇറങ്ങിപ്പോയവളാ അവൾ.... പിന്നെ ഇവൾ എന്റെ മകളാണ്.... എന്നോ ചെയ്തു പോയ തെറ്റിന്റെ പേരിൽ ഇപ്പോഴാണോ ശിക്ഷിക്കുന്നെ.... പോരാത്തതിന് ഇതേ തെറ്റ് നിങ്ങൾ ക്ഷമിച്ചു കൊടുത്തതല്ലേ.... പിന്നെന്താ.....?" അവർക്കും ദേഷ്യം വരുന്നുണ്ടായിരുന്നു..... "എന്തോ ചെറിയ കള്ളത്തരം കാണിച്ചത് പോലാണല്ലോ നീ പറയുന്നേ.... കുടുംബത്തിൽ പിറന്ന പെണ്ണ് ചെയ്യുന്നതാണോ ഇവള് ചെയ്ത് കൂട്ടിയത്.... പ്രതികാരം എന്ന പേരും പറഞ്ഞു ഏതോ ഒരുത്തന്റെ തോളിൽ തൂങ്ങി നടന്നതും പോരാഞ്ഞിട്ട് അവനെ വെച്ചോണ്ട് വേറൊരു വിവാഹത്തിനും സമ്മതിച്ചു....

ഒടുവിൽ ഐപിഎസ് കാരനെ കിട്ടാൻ വേണ്ടി കാമുകനെ കൊല്ലാൻ നോക്കി.... ആ ചെറുക്കനെ ഒന്ന് എണീറ്റ് നിൽക്കാൻ പോലും ആവാത്ത വിധത്തിൽ ആക്കി അവന്റെ ജീവിതം തുലച്ചു.... എന്നിട്ട് ഒരു കുറ്റബോധം പോലും ഇല്ലാതെയല്ലേ ഇവൾ സ്വന്തം ലൈഫ് സേഫ് ആക്കാൻ നോക്കിയത്..... ഇത്ര ഒക്കെ ചെയ്തിട്ട് കൂടി നീ ഇവളെ ന്യായീകരിക്കുന്നു.... കഷ്ടം...." അയാളുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞു.... റിയക്ക് പൊട്ടിക്കരയാൻ തോന്നിപ്പോയി..... ആരൊക്കെ അവളെ തള്ളി പറഞ്ഞാലും അവളെ അതൊന്നും ബാധിക്കില്ല.... എന്നാൽ അച്ഛൻ....! ഓർമ വെച്ച കാലം മുതലേ അച്ഛനാണ് അവൾക്കെല്ലാം... റോഷനെക്കാൾ അദ്ദേഹത്തിന് പ്രിയവും അവളോടായിരുന്നു.... അതും ശിവകാമിയോടുള്ള ഒരു വാശി ആയിരുന്നു.... തന്റെ മകളെ ഓർത്ത് അയാൾ ഒരുപാട് അഭിമാനിച്ചിരുന്നു.... ഒരു പ്രണയത്തിൽ വീണു പോകാതെ അവളെ ചെറുപ്പം മുതലേ അയാൾ ഉപദേശങ്ങൾ നൽകി അച്ഛന്റെ ചെല്ല കുട്ടിയായി വളർത്തി.... എന്നാൽ ആ പ്രതീക്ഷളൊക്കെ തെറ്റിയപ്പോൾ തകർന്നു പോയി അയാൾ....

അതോടെ അവഗണനയിലൂടെ മകളെ ശിക്ഷിക്കാൻ തുടങ്ങി..... ജിത്തുവിന്റെ വീട്ടുകാർക്ക് മുന്നിൽ തല കുനിച്ച ദിവസം ജീവിതത്തിൽ മറക്കാവാത്ത ഒരു ഓർമയായി മാറി അയാൾക്ക്.... ഒരുപക്ഷെ അത് ഒരു പരിധി വരെ എങ്കിലും അയാൾ മറന്ന് തുടങ്ങിയത് രാഘവ് പണിക്കർ എന്നാ വന്മരത്തിന്റെ പ്രൊപോസൽ കണ്ടിട്ട് തന്നെയാവണം..... അതിലൂടെ നഷ്ടപ്പെട്ട അഭിമാനം പതിന്മടങായി തിരിച്ചു കിട്ടുമെന്ന് അയാൾ ആശിച്ചു.... ഇടിഞ്ഞു തുടങ്ങിയ തന്റെ ബിസിനസ് പച്ച പിടിച്ച് ലോകോത്തര നിലവാരത്തിലേക്ക് ഉയരുമെന്ന് അയാൾ പ്രതീക്ഷിച്ചു.... എന്നാൽ വീണ്ടുമൊരു വലിയ അപമാനം സമ്മാനിച്ചുകൊണ്ട് കൈവെള്ളയിൽ കിട്ടിയ മഹാലക്ഷ്മി പടിയിറങ്ങി പോയപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല അയാൾക്ക്... രാഘവിന്റെ വാക്കുകളാണ് വീണ്ടും അയാളെക്കൊണ്ട് ശിവകാമിയെക്കുറിച്ച് ചിന്തിപ്പിച്ചത്.....

തന്റെ മകൾ ചെയ്ത് വെച്ചതൊക്കെ ഓർക്കുമ്പോൾ ശിവകാമി മാപ്പർഹിച്ചിരുന്നു.... വാശി വെടിഞ്ഞു അവളെ ചേർത്തു പിടിക്കാൻ ഒരു കുടുംബം ഉണ്ടായിരുന്നെങ്കിൽ തന്റെ സഹോദരി ഇന്നീ ഭൂമിയിൽ ഉണ്ടായിരുന്നേനെ എന്ന് വേദനയോടെ അയാൾ ഓർത്തു..... അവൾ ഇറങ്ങിപ്പോയപ്പോൾ സമൂഹത്തിന് ഞങ്ങളെ കുത്തി നോവിപ്പിക്കാനുള്ള ഒരു ആയുധമായിരുന്നു ശിവകാമി.... എന്നാൽ മൂർത്തിയുടെ കൊടും ക്രൂരതകൾ വർഷങ്ങൾക്ക് ശേഷം പുറത്ത് വന്നതിന് ശേഷം അതേ സമൂഹം അവൾക്ക് വേണ്ടി കണ്ണുനീർ പൊഴിച്ചു..... അവൾക്ക് വേണ്ടി.... അവളെപ്പോലെ മരണം കൈ വരിച്ച മൂർത്തിയുടെ ഇരകൾക്ക് വേണ്ടി മാധ്യമങ്ങൾ വാഴ്ത്തി പാടി..... അവർക്ക് വേണ്ടി സ്മാരകങ്ങൾ ഉയർന്നു..... ഇത്തരത്തിൽ ചതിക്കപ്പെട്ടവരെ ഏറ്റെടുക്കാൻ സംഘടനകൾ രൂപീകരിച്ചു.... ചതിക്കപ്പെടാതിരിക്കാൻ യുവ തലമുറക്ക് ബോധവൽക്കരണക്ലാസുകൾ നൽകി.... ആ സഹോദരിയോട് തനിക്ക് തോന്നാത്ത കരുണ മകളോടും ഉണ്ടാവാൻ പാടില്ല.... ചെയ്ത തെറ്റിനുള്ള ശിക്ഷ അവൾ അനുഭവിക്കണം.... ഇല്ലെങ്കിൽ അത് അനുഭവിക്കുന്നത് വരെ കാലം അവളെ പിന്തുടരും..... കാലം അവളെ ശിക്ഷിച്ചു കൊണ്ടേയിരിക്കും..... അവൾ ശിക്ഷിക്കപ്പെടണം.... എങ്കിലേ ചെയ്ത തെറ്റവൾ മനസ്സിലാക്കൂ....

അതോർത്തു പശ്ചാതപിക്കൂ ... തെറ്റുകൾ ആവർത്തിക്കപ്പെടാതിരിക്കൂ.... മകൾ ചെയ്ത തെറ്റുകൾ മറച്ചു വെച്ച് അവൾക്ക് നല്ലൊരു ജീവിതം നേടി കൊടുക്കാൻ ഏതൊരു അച്ഛനെ പോലെ താനും ശ്രമിച്ചു..... പക്ഷേ കാലം കടന്ന് പോയാലും തെറ്റ് തെറ്റാല്ലാതാകുന്നില്ല.... അതിന് പ്രായശ്ചിത്തം ചെയ്യും വരെ അവളെ അത് വേട്ടയാടും.... അത് ഒരിക്കലല്ല.... രണ്ട് വട്ടം ബോധ്യപ്പെട്ടതാണ്... അത് കൊണ്ട് അവൾ ശിക്ഷിക്കപ്പെടട്ടെ.... അവളുടെ വിധി ഇനി ഈശ്വരൻ തീരുമാനിക്കട്ടെ.... എന്നാണ് അയാൾ ചിന്തിച്ചത് അന്നേരം..... റോഷൻ അന്നേരം യാതൊരു അഭിപ്രായവും പറഞ്ഞില്ല.... അമ്മ എന്തൊക്കെയോ അയാളെ എതിർക്കുന്നുണ്ട്.... ചോദ്യം ചെയ്യുന്നുണ്ട്..... ഒന്നിനും മറുപടി പറയാതെ അയാൾ അകത്തേക്ക് കയറിപ്പോയി..... റിയയുടെ റൂമിൽ കയറി അവളുടെ അത്യാവശ്യം സാധനങ്ങൾ ഒക്കെ ബാഗിലാക്കി അവൾക്ക് നേരെ കൊണ്ട് വന്ന് വെച്ചു.... അപ്പോഴേക്കും റിയ കരഞ്ഞു തുടങ്ങിയിരുന്നു..... "അച്ഛാ പ്ലീസ് അച്ഛാ.... ഞാൻ എങ്ങോട്ട് പോകാൻ ആണ്.... പ്ലീസ് അച്ഛാ എന്നെ ഇറക്കി വിടല്ലേ...."

റിയ അയാളുടെ കാൽക്കൽ വീണു.... "നിങ്ങളിത് എന്തൊക്കെയാ ചെയ്യുന്നേ.... ഭ്രാന്ത് പിടിച്ചോ നിങ്ങൾക്ക്....?" അമ്മയുടെ ശബ്ദം ഉയർന്നു.... "മിണ്ടരുത്.... ഈ വീട്ടിൽ എന്നെ ചോദ്യം ചെയ്യാൻ ആരും വളർന്നിട്ടില്ല...." അയാൾ ചീറി..... "ഇവളെ ജനിപ്പിച്ചു എന്നാ ഒറ്റ കാരണം കൊണ്ട് രണ്ട് തവണ ഞാൻ ദേ ഈ തല ഇങ്ങനെ താഴ്ത്തി പിടിച്ചു നിന്നിട്ടുണ്ട്.... ഇവളിനിയും ഇങ്ങനെ ഇവിടെ നിന്നാൽ ഇനിയും ഇനിയും ഞാൻ നാണം കെടും..... ഇവൾ ചെയ്ത് കൂട്ടുന്ന പാപങ്ങൾക്കൊക്കെ ഈ കുടുംബം മുഴുവനാ അനുഭവിക്കുന്നെ.... കുടുംബത്തിന്റെ സമ്പത്തും ഐശ്വര്യവും ഒക്കെ പോയി.... ഇനിയും ഇവളിവിടെ നിന്നാൽ റോഡിൽ ഇറങ്ങി പിച്ച എടുക്കേണ്ടി വരും...." അച്ഛന്റെ വാക്കുകൾ കേട്ടപ്പോ മരിച്ചാൽ മതി എന്ന് തോന്നിപ്പോയി അവൾക്ക്.... "എല്ലാം ആ ചെക്കന്റെ ശാപം ആണ് ..... അല്ലെങ്കിൽ ഇത്ര പെട്ടെന്ന് നമ്മൾ മുങ്ങിപ്പോവില്ല....

അത് കൊണ്ട് ചെയ്ത് കൂട്ടിയതിനൊക്കെ പോയി ആദ്യം പ്രായശ്ചിത്തം ചെയ്യട്ടെ.... എന്നിട്ട് തീരുമാനിക്കാം ഇവൾ ഇവിടെ വേണോ വേണ്ടയോ എന്ന്...." അയാൾ ദേഷ്യത്തോടെ പറഞ്ഞതും അമ്മക്ക് പിന്നൊന്നും പറയാൻ ധൈര്യം തോന്നിയില്ല..... "അച്ഛാ.... ഞാൻ ഒറ്റക്ക്.... എങ്ങോട്ട്...." അവൾ വിതുമ്പി.... "നിന്നേ നന്നായി പഠിപ്പിച്ചിട്ടുണ്ട് ഞാൻ.... നല്ല ആരോഗ്യവും ഉണ്ട്.... ബുദ്ധി ആവശ്യത്തിനേക്കാൾ അനാവശ്യത്തിന് ഉപയോഗിക്കുന്നുന്നുണ്ടല്ലോ.... ഇനി അത് ഉപയോഗിച് തനിച് ജീവിച്ചു പടിക്ക്.... നിന്റെ ചേട്ടനെ കണ്ടില്ലേ.... പഠിക്കാൻ വിട്ടപ്പോ നന്നായി പഠിച്ചു അവൻ ഇഷ്ടപ്പെട്ട ജോലി നോക്കുന്നു ഒപ്പം എന്നെയും സഹായിക്കുന്നു.... ഇനി നീയും സ്വന്തം കാര്യം നോക്കാൻ പഠിക്ക്..... മ്മ് സമയം കളയണ്ട.. ഇറങ്ങിക്കോ...." അവൾ ഇറങ്ങുന്നില്ലെന്ന് കണ്ടതും അയാൾ അവളെ പിടിച്ചു വലിച്ചു പുറത്താക്കി....

അവൾ കരയുന്നുണ്ട്.... കാല് പിടിക്കുന്നുണ്ട്.... അയാൾ ചെവിക്കൊണ്ടില്ല..... "മകൾക്കൊപ്പം പോകണമെങ്കിൽ പോകാം.... പക്ഷേ തിരിച്ചു ഇങ്ങോട്ട് വന്നേക്കരുത്...."റിയക്കൊപ്പം പോകാൻ നിന്ന അമ്മയോട് അയാൾ കടുപ്പിച്ചു പറഞ്ഞതും അമ്മ നിസഹായയായി അവളെ നോക്കി..... "അച്ഛാ.... ഇത്രക്ക് വേണമായിരുന്നോ....?" റോഷൻ വേദനയോടെ തിരക്കി.... "വേണം റോഷാ.... അന്നും ഇന്നും ഇതാണ് എന്റെ ശരി.... പുകഞ്ഞ കൊള്ളി പുറത്ത്..... പോയി ചെയ്ത തെറ്റിനൊക്കെ പ്രായശ്ചിത്തം ചെയ്ത് വരട്ടെ..... ഇത് ഞാൻ കുറച്ച് കൂടി നേരത്തെ ചെയ്യേണ്ടതായിരുന്നു....." .തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story