ജാനകീരാവണൻ 🖤: ഭാഗം 182

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

മുന്നിലെ മിററിലൂടെ മാനസ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ട്.... വികാസ് അങ്ങനൊരു താല്പര്യം പറഞ്ഞതിന് ശേഷം അവരെ ഒരുമിച്ച് കാണുമ്പോഴൊക്കെ അവരെ വാച്ച് ചെയ്യുന്നത് മാനസക്ക് ഇപ്പൊ ഒരു ശീലമാണ്..... അവരുടെ ആ ഇരുപ്പിൽ മനസ്സ് തുറന്ന് പുഞ്ചിരിച്ചുകൊണ്ട് അവൾ വികാസിനെ തോണ്ടി.... അവൻ നോക്കിയപ്പോൾ അവൾ മിററിലേക്ക് കണ്ണ് കാണിച്ചു.... കാർ ഒന്ന് സ്ലോ ചെയ്തുകൊണ്ട് വികാസ് മിററിലേക്ക് നോക്കി... ആ കാഴ്ചയിൽ പുഞ്ചിരിക്കപ്പുറം നെഞ്ചിൽ ഒരു ആശ്വാസമാണ് അവന് തോന്നിയത്..... അവൻ മാനസയുടെ കൈയിൽ അമർത്തി പിടിച്ചു.... അവൾ കണ്ണ് ചിമ്മി..... വികാസ് ഒരിക്കൽ കൂടി മിററിലേക്ക് നോക്കി.... അവരുടെ സന്തോഷം ഒന്നും അറിയാതെ വിക്രം മയക്കത്തിലും ചന്ദു പുറത്തേക്കും നോക്കി ഇരിക്കുവായിരുന്നു..... വഴിമദ്ധ്യേ ഒന്ന് രണ്ട് തവണ ഒക്കെ മാനസ ഛർദിച്ചിരുന്നു.....

അതിന്റെ ക്ഷീണം അവളെ നന്നായി ബാധിച്ചിരുന്നു..... വിക്രം ഇടയ്ക്ക് ഉണർന്നിരുന്നു..... ഉണർന്നതേ ചന്ദുവിനെ നോക്കി കണ്ണും തിരുമ്മി ജാള്യതയോടെ മാറി ഇരുന്നിരുന്നു.... മണിക്കൂറുകൾ പിന്നിട്ട് അവർ തറവാട്ടിൽ എത്തിച്ചേർന്നു.... അച്ഛമ്മ മാനസയുടെ ക്ഷീണം ഒക്കെ കണ്ട് വന്നയുടനെ അവളെ മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി.... ചന്ദുവിനെ അകത്തേക്ക് ക്ഷണിച്ചത് ജിത്തുവിന്റെ അമ്മയാണ്.... വികാസും ജിത്തുവും കൂടി വിക്രത്തെ പുറത്തേക്ക് ഇറങ്ങാൻ സഹായിച്ചു.... വൈകിയതിന്റെ പരാതി പറഞ്ഞുകൊണ്ട് ജിത്തുവിന്റെ അമ്മ അവരെ അകത്തേക്ക് കൊണ്ട് പോയി.... റാവൺ അന്നേരം അപ്പുറത്തായിരുന്നു.... അവിടുത്തെ ഒരുക്കങ്ങൾക്ക് വേണ്ടി ഓടാൻ അവനൊപ്പം യുവയും ഉണ്ടായിരുന്നു.... ജാനിയുടെ അപ്പയും അമ്മയും കുറഞ്ഞ സമയം കൊണ്ട് തന്നെ യുവക്ക് പ്രീയപ്പെട്ടവരായി മാറി.....

തന്റെ അപ്പച്ചിയേക്കാൾ അവളെ സ്നേഹിക്കുന്നത് അവരാണെന്ന് അവന് തോന്നിപ്പോയി.... അതുകൊണ്ട് അവരോട് അടുക്കാൻ അവന് അധികസമയം ഒന്നും വേണ്ടി വന്നില്ല.... ജിത്തുവും വീട്ടുകാരും ഒന്നും വേണ്ടാ എന്ന് പറഞ്ഞെങ്കിലും തന്നാൽ ആവുന്ന സ്വർണം ജനകൻ മകൾക്കായി കരുതി വെച്ചു.... അതിന് വേണ്ടി അയാൾ ഒരുപാട് നെട്ടോട്ടം ഓടുകയും ചെയ്തു..... സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടെങ്കിലും മകളെ കെട്ടിച്ചയക്കാൻ അതൊന്നും മതിയാവില്ലല്ലോ...... മകളെ പൊന്നിൽ പൊതിഞ്ഞു മറ്റൊരാൾക്ക് തീറെഴുതി കൊടുക്കുന്ന ഒരു ആചാരമാണ് വിവാഹമെന്ന് വിശ്വസിക്കുന്ന ഒരു ജനതയുടെ പ്രതീകമായിരുന്നു ആ അച്ഛൻ.... ആ പൊന്നിന്റെ അളവിൽ കുറവുണ്ടായാൽ അത് ബാധിക്കുന്നത് മകളുടെ ജീവിതത്തെയാണെന്ന് അയാൾ ഭയന്നു..... ഒന്നും വേണ്ടെന്ന് പറഞ്ഞെങ്കിലും പണത്തിന്റെ പേരിൽ തങ്ങളുമായുള്ള ബന്ധത്തെ ഒരിക്കൽ എതിർത്ത ജിത്തുവിന്റെ അമ്മയാണ് അദ്ദേഹത്തെ ഈ വിധം ഒക്കെ ചിന്തിപ്പിച്ചത്....

ജാനിക്ക് അന്ന് ആഭരണങ്ങൾ സമ്മാനിച്ചത് അച്ഛമ്മയാണ്..... തന്നാലാവുന്നത് ഇട്ട് കൊടുത്തെങ്കിലും അത് ഒന്നുമല്ലെന്ന് അയാൾക്കറിയാമായിരുന്നു..... വിവാഹചിലവിനും സ്വർണത്തിനും ഒക്കെ ആയുള്ള പണം കുറച്ച് ഓടിയിട്ടാണെങ്കിലും അദ്ദേഹം കണ്ടെത്തി.... എങ്കിലും ജെനിക്കായി എടുത്ത സ്വർണം ജാനിക്ക് കിട്ടിയതിനേക്കാൾ ഒരു തരി പോലും കൂടിയിട്ടില്ലെന്ന് അയാൾ ഉറപ്പ് വരുത്തിയിരുന്നു.... രണ്ട് മക്കൾക്കിടയിൽ ഒരു വിവേചനം പാടില്ല എന്നത് ആദ്യമേ തീരുമാനിച്ചതായിരുന്നു..... അതിനനുസരിച്ചാണ് അദ്ദേഹം സ്വർണം എടുക്കാൻ കൂടെ പോയതും.... അദ്ദേഹത്തിന്റെ തീരുമാനത്തെ ആരും എതിർക്കാനും നിന്നില്ല അവിടെ വെച്ച്.... എല്ലാം അദ്ദേഹത്തിന്റെ ഇഷ്ടങ്ങൾ പോലെ തന്നെ ജെനിയും വിട്ട് കൊടുത്തു.... വീട് അലങ്കരിക്കാൻ വിസമ്മതിച്ച അദ്ദേഹത്തെ യുവയും ജാനിയും കൂടിയാണ് സമ്മതിപ്പിച്ചെടുത്തത്....

ആ ചിലവും അദ്ദേഹം ഏറ്റെടുത്തു.... പണിക്കാർക്കൊപ്പം ഓടി നടന്നു ഓരോന്ന് ചെയ്യിച്ചു.... ഇടക്ക് തളർന്നപ്പോ അയാൾ ഉമ്മറ പടിയിൽ വന്നിരുന്നു..... റാവണും യുവയും എന്തൊക്കെയോ അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ പോയിരിക്കുകയാണ്..... ജാനിയാണ് അദ്ദേഹത്തിന് വെള്ളവുമായി വന്നത്..... അദ്ദേഹം ആ വെള്ളം വാങ്ങി ഒറ്റ വലിക്കു കുടിച്ചു തീർത്തുകൊണ്ട് ശ്വാസം വിട്ടു.... ഗ്ലാസ്‌ അവിടെ വെച്ചുകൊണ്ട് ജാനിയെ പിടിച്ചു അടുത്തിരുത്തി..... "അപ്പ വേർതിരിവ് കാണിക്കുന്നെന്ന് തോന്നുന്നുണ്ടോ നിനക്ക്....?"അദ്ദേഹം അവളുടെ കവിളിൽ തഴുകി തിരക്കി.... ആ മുഖത്ത് ഒരു ആശങ്ക നിറഞ്ഞിരുന്നു.... "അതിന് അപ്പ എന്ത് വേർതിരിവാ കാണിച്ചേ.... എനിക്ക് കിട്ടാത്തതൊന്നും അവൾക്കും വേണ്ടാന്ന് വാശി പിടിച്ചു അപ്പ എല്ലാം വേണ്ടാ വേണ്ടാ എന്ന് പറയുവല്ലേ...."അവൾ മുഖം വീർപ്പിച്ചു....

. "അതാണ് ശരി.... അപ്പ അപ്പയുടെ ശരി ചെയ്യുന്നു.... ഞാൻ ചോദിച്ചത് അതല്ല...." അദ്ദേഹം ഒന്ന് നിർത്തി.... "പിന്നെ....?"അവൾ നെറ്റി ചുളിച്ചു.... "മോളുടെ വിവാഹത്തിന് ഒന്നും ചെയ്യാതെ ഒരു നോക്ക് കുത്തിയെ പോലെ കൈയും കെട്ടി നിൽക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ.... മോൾക്ക് വേണ്ടി ഒന്നും ചെയ്യാത്ത ഈ അച്ഛൻ ജെനിക്ക് വേണ്ടി എല്ലാത്തിനും ഓടി നടക്കുന്നു എന്നൊരു ചിന്ത മോൾക്ക് വന്നാലോന്ന് ഒരു..." അദ്ദേഹം പറയാൻ ഒന്ന് മടിച്ചു.... ജാനിയുടെ മുഖം വാടി..... "അപ്പൊ അപ്പ എന്നെ അങ്ങനെയാണോ കണ്ടിരിക്കുന്നെ.... ഞാൻ അങ്ങനെ ഒക്കെ ചിന്തിക്കുമെന്ന് അപ്പക്ക് തോന്നുന്നുണ്ടോ.... ജെനി.... അവൾ എന്റെ അനിയത്തി അല്ലേ അപ്പേ....?"ജാനി അയാളുടെ തോളിൽ ചാരിക്കൊണ്ട് പറഞ്ഞു.... അയാളുടെ കണ്ണ് നനഞ്ഞു.... ഒരിക്കൽ ജെനിക്ക് വേണ്ടി അവളെ തള്ളി പറഞ്ഞ നിമിഷമായിരുന്നു അന്നേരം മനസ്സിൽ.....

ഇങ്ങനൊരു ചോദ്യം അവളോട് ചോദിച്ചതും ആ രംഗം മനസ്സിൽ ഉള്ളത് കൊണ്ടാണ്.... ഇനി എന്തിന് വേണ്ടിയും അങ്ങനൊരു സാഹചര്യം ഉണ്ടാവാൻ പാടില്ലെന്ന് അയാൾ ആഗ്രഹിച്ചിരുന്നു.... "എല്ലായ്പ്പോഴും ആ വീട്ടുകാരെ ബുദ്ധിമുട്ടിക്കാൻ വയ്യാഞ്ഞിട്ടാ മോളെ... എല്ലാത്തിലും ഞാൻ വാശി പിടിച്ചു ഇങ്ങനെ നെട്ടോട്ടമോടുന്നത്..... അവൾക്ക് വേണ്ടി മാത്രമേ ഞാനിതൊക്കെ ഓടി നടന്ന് ചെയ്യുന്നുള്ളൂ എന്ന് എന്റെ മോള് മനസ്സിൽ പോലും ചിന്തിക്കല്ലേ...."അദ്ദേഹം തന്റെ നിസ്സഹായാവസ്ഥ അവളോട് പറഞ്ഞു "എനിക്ക് വേണ്ടി അപ്പ അന്ന് ഓടിയതൊക്കെ എനിക്കിന്നും ഓർമയുണ്ട്..... എനിക്കും ജെനിക്കും വേണ്ടി നിങ്ങൾ രണ്ട് പേരും കഷ്ടപ്പെട്ടതൊന്നും അങ്ങനെ മറക്കാൻ പറ്റുന്നതല്ല ഞങ്ങൾക്ക്..... അപ്പക്ക് വേണമെങ്കിൽ സ്വന്തം മകൾക്ക് അന്ന് നല്ലൊരു ജീവിതം ഉണ്ടാക്കി എന്നെ മാറ്റി നിർത്താമായിരുന്നല്ലോ....

അപ്പ അത് ചെയ്യാതെ ആദ്യം എന്റെ ജീവിതം അല്ലേ ഭദ്രമാക്കാൻ...." അവൾ പറഞ്ഞ് തീരും മുന്നേ ജനകൻ അവളുടെ വായ പൊത്തി.... "അങ്ങനെ പറയല്ലേ ജാനി.... നിന്റെ നാവിൽ നിന്ന് കേൾക്കുമ്പോ സഹിക്കുന്നില്ല.... നിങ്ങൾ രണ്ടും എന്റെ സ്വന്തം തന്നെയാ...."ഇടറിയ സ്വരത്തിൽ അദ്ദേഹം തിരുത്തി.... ജാനിക്ക് സന്തോഷം തോന്നി.... ഒത്തിരി ഒത്തിരി സന്തോഷം തോന്നി.... "അപ്പ എന്തിനാ സങ്കടപ്പെടുന്നേ..... അപ്പ കാരണം അല്ലേ എനിക്കെന്റെ രാവണനെ കിട്ടിയത്.... മറ്റെന്തിനേക്കാളും ഞാൻ വിലമതിക്കുന്ന ഒന്നാണ് എന്റെ ഈ താലി.... അത് എനിക്ക് കിട്ടാൻ അപ്പയും ഒരു കാരണമാണ്.... മറ്റൊന്നും വേണ്ടപ്പാ..... എനിക്ക് കിട്ടാവുന്നതിൽ ഏറ്റവും മികച്ച സമ്മാനം അത് അപ്പ എനിക്ക് തന്ന് കഴിഞ്ഞു.... എനിക്ക് ഒരേ ഒരു വിഷമമേ ഉള്ളൂ.... എന്റെ പേര് പറഞ്ഞ് അപ്പ ജെനിയുടെ ആഗ്രഹങ്ങളും സന്തോഷങ്ങളും ഇല്ലാത്തക്കരുത്....

എനിക്ക് വേണ്ടി ചെയ്യാൻ കഴിയാത്തതൊക്കെ നമുക്ക് അവൾക്ക് ചെയ്ത് കൊടുത്ത് ആ വിഷമം അങ്ങ് മാറ്റാന്നെ...."അവൾ അയാളെ നോക്കി കണ്ണിറുക്കി.... "ആഹ് ഒന്ന് ചിരിക്ക് അപ്പാ....."അവളത് പറഞ്ഞതും അയാൾ ആശ്വാസത്തോടെ ചിരിച്ചു..... "എന്താണ് അച്ഛനും മോളും കൂടി ഒരു സ്വകാര്യം....?'നന്ദുവിന്റെ സ്വരം കേട്ട് ജാനി മുറ്റത്തേക്ക് നോക്കി.... നന്ദുവിനൊപ്പം ഇളയും ചന്ദുവും ഉണ്ട്... ചന്ദുവിനെ കണ്ടതും ജാനി ഓടി മുറ്റത്തേക്ക് ഇറങ്ങി.... അവളെ പോയി ചേർത്തു പിടിച്ചു അകത്തേക്ക് കൂട്ടി.... "അപ്പാ.... ഇതാ ചന്ദു.... ഞാൻ പറഞ്ഞിട്ടില്ലേ...."അവൾ അച്ഛന് ചന്ദുവിനെ പരിചയപ്പെടുത്തി..... "ആഹ്.... മോളെപ്പോ എത്തി...."ജനകൻ ചിരിച്ചുകൊണ്ട് എണീറ്റു.... "ഇപ്പൊ എത്തിയെ ഉള്ളൂ...."അവൾ മൃദുവായി ചിരിച്ചുകൊണ്ട് പറഞ്ഞു..... "ശാരദേ.... മോളെ ജെനി...."അയാൾ അകത്തേക്കു നോക്കി ഉറക്കെ വിളിച്ചതും ജെനിയും അമ്മയും പുറത്തേക്ക് വന്നു ചന്ദുവിനെ പരിചയപ്പെടുത്തിക്കൊണ്ട് ജനകൻ എല്ലാവരെയും അകത്തേക്ക് ക്ഷണിച്ചു.....

എല്ലാവർക്കും കൂടി തങ്ങാനുള്ള അസൗകര്യം കണക്കിലെടുത്തു ജാനി ചന്ദുവിനെ അവിടെ നിൽക്കാൻ നിർബന്ധിച്ചു.... ആദ്യമൊന്ന് മടിച്ചെങ്കിലും ജാനിയുടെ സ്നേഹത്തോടെയുള്ള ക്ഷണം അധികനേരം നിരസിക്കാൻ തോന്നിയില്ല അവൾക്ക്.... എങ്കിലും ഇളയോ മാനസയോ ഇല്ലാതെ അവിടെ നിൽക്കാൻ ചെറിയൊരു ബുദ്ധിമുട്ട് അവൾക്ക് ഉള്ളിൽ തോന്നിയിരുന്നു..... ഇളയും നന്ദുവും അന്ന് ഇരുട്ടുവോളം അവിടെ തന്നെ ആയിരുന്നു..... ചന്ദുവിനെ പുറത്തുള്ളവരുമായിട്ടൊക്കെ ഒന്ന് മിംഗിൾ ആക്കാൻ ആ അവസരം ഇള ഉപയോഗിച്ചു..... ഒരു അമ്മയെപ്പോലെ സ്നേഹിച്ചും ഊട്ടിയും ശാരദ അവരുടെ പ്രീതി പിടിച്ചു പറ്റിയിരുന്നു..... യാതൊരു അപരിചിതത്വവും ഇല്ലാതെ പെരുമാറുന്ന ജെനി ചന്ദുവിനെ ഞെട്ടിക്കാത്തിരുന്നില്ല..... ജാനിക്കും ജെനിക്കും നന്ദുവിനും ഒപ്പം അവരുടെ ചർച്ചകളിൽ ഒപ്പം കൂടി ചിരിച്ചുല്ലസിച്ചിരിക്കുന്ന ചന്ദുവിന്റെ ഫോട്ടോ അവൾ അറിയാതെ ഇള എടുത്തിരുന്നു..... നല്ലത് നോക്കി ഒന്ന് ശിവശങ്കർ സാറിനും അയച്ചു കൊടുത്തു..... •••••••••••••••••••••••••••••••••••°

ആ വലിയ ഫ്ലാറ്റിലെ ഒറ്റപ്പെടലിന്റെ വേദന മറി കടക്കാൻ എന്ന പോലെ മദ്യം നുണഞ്ഞു സോഫയിൽ ചാരി ഇരിക്കുകയായിരുന്നു..... കണ്ണുകൾ അടച്ചു എന്തോ ആലോചനയിലാണ് അയാൾ.... ഭാര്യയെ നഷ്ടമായപ്പോഴും തളരാതെ പിടിച്ചു നിന്നത് ചന്ദുവിന് വേണ്ടി ആയിരുന്നു.... ഒറ്റപ്പെട്ടു പോയിട്ടും ഒരു പെൺകുഞ്ഞിന്റെ ഓരോ വളർച്ചയിലും എന്ത് ചെയ്യുമെന്ന് അറിയാതെ പകച്ചു നിന്നപ്പോഴും മറ്റൊരു വിവാഹത്തെ പറ്റി ചിന്തിച്ചിരുന്നില്ല അയാൾ.... രണ്ടാം ഭാര്യയായി വരുന്ന സ്ത്രീ തന്റെ മകൾക്ക് നല്ലൊരു അമ്മയാവില്ല എന്ന അയാളുടെ വിശ്വാസമായിരുന്നു അതിന് കാരണം..... ഇക്കാലമത്രയും ജീവിച്ചതും ആ മകളുടെ നല്ല ഭാവിക്ക് വേണ്ടിയാണ്.... പക്ഷേ അതേ മകളുടെ ഭാവി കണ്മുന്നിൽ ഇല്ലാണ്ടാവുന്നത് കണ്ട് പകച്ചു പോയി അയാൾ.... പ്രതീക്ഷകൾ ബാക്കി ഉണ്ടായിരുന്നിട്ടാവാം വിധിയോട് പോരാടാൻ അയാളെ പ്രേരിപ്പിച്ചത്.....

മകൾക്ക് വേണ്ടി എന്ത് ചെയ്യാനും തയ്യാറാണെങ്കിൽ പോലും ഇനി എന്ത് എന്നാ ചോദ്യത്തിന് അയാൾക്ക് ഒരു ഉത്തരമില്ലായിരുന്നു..... ചിന്തകൾ മനസ്സിനെ വീർപ്പു മുട്ടിപ്പിച്ചപ്പോൾ മുന്നിലിരുന്ന മദ്യക്കുപ്പി അയാൾ വായിലേക്ക് കമഴ്ത്തി.... ശീലമായത് കൊണ്ട് അത് അയാൾക്ക് അത് എവിടെയും ആയില്ല.... അന്നേരമാണ് മൊബൈലിൽ ഒരു മെസ്സേജ് വന്നത്.... അയാൾ ഫോൺ എടുത്ത് നോക്കി.... ഇള ആണെന്ന് കണ്ടതും വേഗം ഓപ്പൺ ആക്കി നോക്കി.... അതിലുള്ള ഫോട്ടോ കണ്ട് ആ മനുഷ്യന്റെ കണ്ണുകൾ തിളങ്ങി.... മകളുടെ ചിരിച്ച മുഖം കണ്ട കാലം മറന്നിരുന്നു....

ഇന്ന് ആരുടെയൊക്കെയോ നടുവിൽ എന്തോ പറഞ്ഞു ചിരിക്കുന്ന പോലെ ഉള്ള അവളുടെ ചിത്രം അയാളുടെ മനസ്സിലെ എല്ലാം നോവുകൾക്കും മരുന്നായി മാറി.... ആ മനസ്സിലെ കാർമേഘം വിറ്റൊഴിഞ്ഞു..... മനോഹരമായ പുഞ്ചിരി മുഖത്ത് സ്ഥാനം പിടിച്ചു..... മുന്നോട്ടുള്ള ജീവിതത്തെ കുറിച്ച് പുതിയ പ്രതീക്ഷകൾ ഉണ്ടായി.... ആഗ്രഹങ്ങൾക്ക് ജീവൻ വെച്ചു.... മകൾ കഴിഞ്ഞ കാലം മറന്ന് മനസ്സ് തുറന്ന് ചിരിക്കാൻ തുടങ്ങിയിരിക്കുന്നു.... ആ ചിന്തയോടൊപ്പം മറ്റ് പല ആഗ്രഹങ്ങളും ഉള്ളിൽ മൊട്ടിട്ടു..... മകളുടെ സുന്ദരമായ.... ഭദ്രമായ ഒരു ഭാവി സ്വപ്നം കണ്ടു കൊണ്ട് അയാൾ ആലസ്യത്തോടെ കണ്ണുകൾ അടച്ചു...........തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story