ജാനകീരാവണൻ 🖤: ഭാഗം 185

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

തിരക്കുകൾ ഒക്കെ ഒരുവിധം ഒഴിഞ്ഞു റാവണും മനുവും ഡ്രസ്സ്‌ ചെയ്യാനായി പോയി..... അതേസമയം യുവ ഇളയോട് ചോദിച്ചു ചൂട് കോഫി വാങ്ങി മുറിയിലേക്ക് പോയി.... നന്ദു അവിടെ കൂനിക്കൂടി ഇരിപ്പുണ്ട്.... ഫ്രഷ് ആയി ഡ്രസ്സ് ഒക്കെ ചെയ്തിട്ടാണ് ഇരിപ്പ്.... ഒരുങ്ങിയിട്ടൊന്നും ഇല്ല..... ബെഡിന്റെ ഹെഡ് ബോർഡിൽ ചാരി വാടി തളർന്നിരിക്കുന്നവളുടെ അടുത്തായി അവൻ പോയിരുന്നു..... അവളെ നെഞ്ചിലേക്ക് ചാരി ഇരുത്തിക്കൊണ്ട് അവൾക്ക് കോഫി കൊടുത്തു..... "ഒട്ടും വയ്യെടോ....?" അവളുടെ തളർച്ച കണ്ടവൻ ചോദിച്ചു..... അവൾ കണ്ണ് ചിമ്മി കാണിച്ചു കൊണ്ട് കോഫി ചുണ്ടോട് ചേർത്തതും അവൾക്ക് വീണ്ടും വാള് വെക്കാൻ തോന്നിപ്പോയി.... വേഗം അവൾ മുഖം തിരിച്ചു കളഞ്ഞു.... "എന്താടോ.... എന്ത് പറ്റി.....?"അവൾ മാറ്റി പിടിച്ച കോഫി വാങ്ങി ടേബിളിൽ വെച്ച് അവൻ ചോദിച്ചു.... "ഛർദിക്കാൻ വരുന്നു..... ആകെയൊരു വല്ലായ്മ പോലെ ഒക്കെ...." അവളുടെ മുഖം ചുളിഞ്ഞു.... യുവ അവളുടെ നെറ്റിയിലും കഴുത്തിലും ഒക്കെ തൊട്ട് നോക്കി..... ചെറിയ ചൂടുണ്ടായിരുന്നു.....

"അത് പനീടെ ആവും.... വിവാഹം ഒന്ന് കഴിയട്ടെ.... നമുക്ക് ഡോക്ടറെ കാണാം.... ഞാൻ വികാസേട്ടനോട്‌ ചോദിച്ചു നോക്കാം... മെഡിസിൻ എന്തെങ്കിലും ഉണ്ടോയെന്നു...."യുവ അതും പറഞ്ഞു മുറി വിട്ടിറങ്ങി.... അവൻ നേരെ ചെന്ന് വികാസിനോട് കാര്യം പറഞ്ഞു..... വികാസ് കുറച്ച് നേരം എന്തോ ഓർത്തു നിന്നു.... അവന് പെട്ടെന്ന് മറ്റൊരു കാര്യമാണ് ഓർമ വന്നത്.... പ്രെഗ്നൻസിയുടെ ആദ്യനാളുകളിൽ മാനസക്ക് ഇതുപോലെ ഉണ്ടായിരുന്നു.... മോർണിംഗ് സിക്ക്നെസ് അവളെ വല്ലാണ്ട് ബുദ്ധിമുട്ടിച്ചിരുന്ന കാര്യമാണ് അവന് ഓർമയിൽ എത്തിയത്.... എങ്കിലും അതൊരു സംശയമാക്കി അവൻ ഉള്ളിൽ ഒതുക്കി..... ചിലപ്പോ പനിയായിരിക്കാനും സാധ്യത ഉണ്ടല്ലോ.... അത് കൊണ്ട് അതേ പറ്റി ഒന്നും അവൻ പറയാനും നിന്നില്ല.... എങ്കിലും റിസ്ക് എടുക്കാൻ വികാസ് നിന്നില്ല....

"ടാബ്ലറ്റ് ഒക്കെ ഉണ്ടെടാ..... പക്ഷേ ഇപ്പൊ കൊടുക്കണ്ട..... കഴിവതും ഒരു ഡോക്ടറെ കൺസൾട്ട് ചെയ്ത് പ്രിസ്ക്രീപ്‌ഷൻ ഇല്ലാതെ ഒരു മെഡിസിനും ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.... അതിനി ചെറിയൊരു അസുഖം ആണെങ്കിൽ പോലും...."അവന് അങ്ങനെ പറയാനാണ് തോന്നിയത്.... അവന്റെ ഉള്ളിലെ സംശയം പങ്ക് വെച്ചുകൊണ്ട് ഒരു പ്രതീക്ഷ കൊടുക്കണ്ട എന്ന് വികാസ് ചിന്തിച്ചു.... അത് കൊണ്ട് ഡീറ്റെയിൽ ആയി പറയുകയോ മറ്റൊന്നും ചോദിക്കുകയോ ചെയ്തില്ല.... ഒടുവിൽ അങ്ങനെ ഒന്നില്ലെങ്കിൽ അത് പിന്നെ ഒരു നിരാശയാവും.... എങ്കിലും തിരക്ക് ഒഴിയുമ്പോ ഡോക്ടറെ ഒന്ന് കാണാൻ വികാസ് ഉപദേശിച്ചു.... അതിന് സമ്മതം പറഞ്ഞ് കൊണ്ടവൻ തിരികെ പോയി.... ••••••••••••••••••••••••••••••••••••••••° "ശ്.... ശ്....."വന്ന നേരം മുതൽ ജാനിടെ വാലും പിടിച്ചു നടക്കുന്നവളെ ഒന്ന് അടുത്ത് കിട്ടാനായി ആരവ് ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തി യാമിയെ വിളിച്ചു.... യാമി തിരിഞ്ഞു നോക്കിയപ്പോൾ ആരവ്....

അവനെ കണ്ടപ്പോൾ തന്നെ അവളുടെ മുഖം മാറുന്നത് കണ്ട് അവൻ കുസൃതിയോടെ ചിരിച്ചു..... "വാ....." കൈ കൊണ്ട് ആംഗ്യം കാണിച്ചു കൊണ്ട് അവൻ മെല്ലെ ചുണ്ടനക്കി.... യാമി ചുറ്റും ഒന്ന് നോക്കി.... ഉറപ്പിച്ചു വെച്ചിട്ടുണ്ടെങ്കിലും ഔദ്യോഗികമായി ഇത് വരെ ഒരു ലൈസൻസ് പാവങ്ങൾക്ക് കിട്ടിയിട്ടില്ല.... അത് കൊണ്ട് തന്നെ അവളൊന്ന് മടിച്ചു.... ആരവ് മെല്ലെ ഒന്ന് പരിസരം വീക്ഷിച്ചുകൊണ്ട് ആരുടേയും ശ്രദ്ധ കിട്ടാത്ത മട്ടിൽ വേഗം അവളുടെ കൈയിൽ പിടിച്ചു വീടിന്റെ സൈഡിലേക്ക് കൊണ്ട് പോയി.... അവളെ വീടിന്റെ പുറം ഭിത്തിയിൽ ചാരി നിർത്തിക്കൊണ്ട് അവൻ അവൾക്ക് മുന്നിൽ വന്ന് നിന്നു.... "ഞാൻ വിളിക്കുമ്പോ വരാൻ അത്രക്ക് മടിയാണോ....?" അവൻ ചിരിച്ചു കൊണ്ട് തിരക്കി.... അവൾ ചമ്മലോടെ ചിരിക്കാൻ ശ്രമിച്ചു.... "ഒന്ന് മിണ്ടടോ.... ഞാൻ തന്നെ തിന്നത്തൊന്നും ഇല്ല...."അവൻ കളിയായി പറഞ്ഞു.... "എന്തിനാ വിളിച്ചേ....?" അവൾ പതിഞ്ഞ ശബ്ദത്തിൽ തിരക്കി.... ആരവ് കൈയും കെട്ടി അവളെ അടിമുടി നോക്കി.... "അറിയില്ലേ.... എന്തിനാന്ന്...."അവന്റെ ശബ്ദം വല്ലാതെ നേർത്തു.....

അവൾ വേഗം നോട്ടം മാറ്റി..... ഇല്ലെന്നവൾ ചുമല് കൂച്ചി ... അവൻ പുഞ്ചിരിച്ചു... "കാണാൻ.... സംസാരിക്കാൻ...."അവൻ പറഞ്ഞു.... അവൾ അപ്പോഴും അവനെ നോക്കുന്നില്ല..... "താനെന്തിനാടോ ഇങ്ങനെ നേർവസ് ആവുന്നേ....?" അവളുടെ നിൽപ്പ് കണ്ട് അവൻ നെറ്റി ചുളിച്ചു..... "അത്..... ഇത്ര അടുത്ത് വന്ന് നിൽക്കുമ്പോ...."അവളൊന്ന് മടിച്ചു..... "നിൽക്കുമ്പോ.....?" അവൻ ചിരിച്ചുകൊണ്ട് പുരികം പൊക്കി..... "ആ.... എന്തോ പോലെ...." അവൾ അവന്റെ മുഖത്തേക്ക് നോക്കാൻ ശ്രമിച്ചു.... അതിൽ പരാജയപ്പെട്ടുകൊണ്ട് അവൾ വീണ്ടും നോട്ടത്തിന്റെ ദിശ മാറ്റി..... "വിദേശത്തു പഠിച്ചു വളർന്നതാണെന്ന് അറിഞ്ഞപ്പോൾ ഞാനോർത്തു പക്കാ മോഡേൺ ആവുമെന്ന്.... താൻ ഭയങ്കര ശൈ ആണല്ലോടോ....?" അങ്ങനെ പറഞ്ഞെങ്കിലും അവനവളുടെ ആ നിൽപ്പ് ആസ്വദിക്കുന്നുണ്ടായിരുന്നു.... ഒരുപാട് അടുപ്പം ഇല്ലാതെ ഒരുപാട് അടുപ്പമുള്ളവരെ പോലെ..... വിവാഹത്തിന് മുൻപ്.... പരസ്പരം ഒരുപാടൊന്നും അറിയാതെ.... മനസ്സിലാക്കാതെയുള്ള ഒരുമിച്ചുള്ള നിമിഷങ്ങൾക്ക് വേറെ ഫീലാണ്.....

അതിപ്പോ വിവാഹം കഴിഞ്ഞുള്ള ആദ്യ നാലുകളിലും അങ്ങനെയാണ്.... അറേഞ്ച് മാര്യേജിൽ ആണിതൊക്കെ ആസ്വദിക്കാൻ കഴിയുക.... ഒപ്പം ഇന്ന് വരെ അറിയാത്ത ഒരാൾക്കൊപ്പം ഒരു ജീവിതകാലം മുഴുവൻ ജീവിച്ചു തീർക്കേണ്ട ടെൻഷനുകൾ കൂട്ടിനുണ്ടാവും..... കേവലം ദിവസങ്ങളോ ആഴ്ചകളോ മാത്രം പരിചയമുള്ള ഒരു വ്യക്തിയെ ജീവിത പങ്കാളി ആക്കുക എന്ന് പറയുന്നത് തന്നെ കൗതുകമുള്ള ഒരു കാര്യമല്ലേ..... ഒരു തരത്തിൽ അതൊരു പരീക്ഷണമാണ്.... ചിലരുടേത് വിജയിക്കും.... മറ്റ് ചിലർ കൂടെയുള്ളയാളെ പടുകുഴിയിലേക്ക് ചവിട്ടി താഴ്ത്തി അതിലൂടെ വിജയിക്കാൻ ശ്രമിക്കും..... "അനന്തുവേട്ടന് മോഡേൺ ആവുന്നതാണോ ഇഷ്ടം....?"അവന്റെ ആ പറച്ചിൽ കേട്ട് അവൾ ചോദിച്ചു പോയി.... അതിന് അവൻ പുഞ്ചിരിച്ചു.... അവളുടെ ആ അഭിസംബോധന അവന് നന്നായി ബോധിച്ചു....

"എനിക്കങ്ങനെ കോൺസെപ്റ്റ് ഒന്നും ഇല്ലെടോ.... പിന്നെ അറിയാല്ലോ.... തന്നെ കണ്ടിഷ്ടപ്പെട്ടു പ്രേമം തലക്ക് പിടിച്ചിട്ടാണ് ഈ പ്രൊപോസൽ ഇവിടെ എത്തി നിൽക്കുന്നത്.... സോ.... താൻ എങ്ങനെ ആയാലും എനിക്കത് ഒരു വിഷയമേ അല്ല.... Be yourself....." അവന്റെ വാക്കുകളിൽ അവൾക്ക് മതിപ്പ് തോന്നി..... "അമ്മയെന്ത്യേ.....?"അവൾ തിരക്കി.... "നന്ദുവിനെ കാണാൻ അങ്ങോട്ട് പോയിട്ടുണ്ട്...." അവൻ തറവാട് ചൂണ്ടി കാണിച്ചു..... അവൾ മൂളി.... "അമ്മയ്‌ക്കൊരു പരാതി ഉണ്ട്...."അവൻ ചിരിയോടെ പറഞ്ഞു.... അവൾ നെറ്റി ചുളിച്ചു.... "താൻ അമ്മയോട് വലിയ അടുപ്പം ഒന്നും ഇല്ലെന്ന്.... അമ്മയെ കാണുമ്പോൾ എസ്‌കേപ്പ് ആവുന്നത് പോലെ ഒക്കെ തോന്നിയെന്ന്...."അത് കേട്ടതും അവൾ ഒന്ന് പരുങ്ങി..... "താൻ ടെൻഷൻ ആവണ്ട 😅 എനിക്ക് മനസ്സിലാവും..... പെട്ടെന്ന് ഒരാളോട് അടുപ്പവും അഫക്ഷനും തോന്നില്ലെന്ന് എനിക്കും അറിയാം...."അവൻ അവളെ സമാധാനിപ്പിച്ചു..... "തന്നോട് ഇത് പറയേണ്ട ആവശ്യം ഇല്ലാന്ന് അറിയാം.... എന്നാലും പറയാം.... എനിക്ക് അമ്മയെ ജീവനാണ്..... എനിക്കെന്നല്ല ഞങ്ങൾക്ക് എല്ലാവർക്കും .... മുന്നോട്ടുള്ള ജീവിതത്തിൽ ആ അമ്മയെ അകറ്റി നമ്മൾ തനിച്ചുള്ള ഒരു ജീവിതം ഒന്നും ആവശ്യപ്പെട്ടേക്കല്ലേ.... 😅

ഞാൻ പെട്ട് പോകും....."അവൻ തമാശരൂപേണ പറഞ്ഞു.... യാമിക്ക് ആകെ വല്ലാതെയായി.... "ഞാൻ ഒളിച്ചു കളിക്കുന്നത് അമ്മയോടുള്ള ഇഷ്ടക്കേട് കൊണ്ടല്ല.... അനന്തുവേട്ടനെയും അമ്മയെയും കാണുമ്പോ അറിയാതെ നേർവസ് ആയി പോവുവാ.... മുന്നിലേക്ക് വരാനൊരു മടി തോന്നും.... അതുകൊണ്ടാ ഞാൻ....."അവൾ പറഞ്ഞു..... "അതൊക്കെ എനിക്ക് മനസ്സിലാവും.... താൻ ടെൻഷൻ ആവണ്ട.... ഞാൻ അത് മനസ്സിലിട്ട് പറഞ്ഞതല്ല .... ഇന്നത്തെ കാലത്ത് ഓരോ സ്ഥലത്ത് നടക്കുന്നത് അങ്ങനെ ഒക്കെ അല്ലേ.... അത് കൊണ്ട് പറഞ്ഞതാ....."അവൻ അവളെ സമാധാനിപ്പിച്ചു..... "യാമി.... യാമി നീ എവിടെയാ...."ജാനിയുടെ ഒച്ച അടുത്തടുത്തു വരുന്നത് കേട്ട് രണ്ട് പേരും ഒന്ന് ഞെട്ടി.... "എങ്കിൽ യാമി പൊയ്ക്കോ..... ഫ്രീ ആയാൽ വിളിക്ക്.... താല്പര്യം ഉണ്ടെങ്കിൽ മാത്രം...." അവൻ അവളെ ഓർമിപ്പിച്ചു.... അവൾ തലയാട്ടി സമ്മതിച്ചുകൊണ്ട് മുൻ വശത്തേക്ക് നടന്നു.... ചെന്ന് നിന്നത് ജാനിക്ക് മുന്നിലും.... "നീ ഇത് എവിടെയായിരുന്നു.... അമ്മാവൻ നിന്നെ അന്വേഷിക്കുന്നുണ്ട്.... വാ...

."ജാനി അവളുടെ കൈയിൽ പിടിച്ചു മുന്നോട്ട് നടന്നതും അവൾ ആരവിനെ ഒന്ന് തിരിഞ്ഞു നോക്കി.... അത് ഇഷ്ടപ്പെട്ടെന്ന മട്ടിൽ അവൻ ഭംഗിയിൽ ഒന്ന് ചിരിച്ച് കാണിച്ചു കൊടുത്തു...... പോകുന്ന വഴിയിൽ ഗൗരി അവളോട് സംസാരിക്കാൻ വന്നെങ്കിലും അവൾ യാമിയെ കൂട്ടി അതിവേഗം അകത്തേക്ക് നടന്നു.... സമയം കടന്ന് പോയി..... മോഹൂർത്തം അടുത്തടുത്തു വന്നു.... റാവണും യുവയും മനുവും കൂടി റെഡി ആയി വരുമ്പോൾ രണ്ട് വീട്ടിലും അല്ലാ എന്ന മട്ടിൽ ഗൗരി വഴിയിൽ നിൽക്കുന്നത് കണ്ടു.... അത് കണ്ടപ്പോൾ റാവൺ ഇറങ്ങി അങ്ങോട്ട് നടന്നു.... ഗൗരി അവനെ കണ്ട് ഒന്ന് ചിരിക്കാൻ ശ്രമിച്ചു.... "എന്തിനാ ഇവിടെ നിൽക്കുന്നെ.... വരൂ.... മുഹൂർത്തത്തിന് സമയം ആയി....."എന്നും പറഞ്ഞ് റാവൺ ഗൗരിയുടെ കൈയിൽ പിടിച്ചു തറവാടിന്റെ മുറ്റത്ത് ഉയർന്ന പന്തലിലേക്ക് നടന്നു....

ഗൗരി സന്തോഷത്തോടെ അവന്റെ കൈയിലേക്ക് നോക്കി.... ഇത് പോലെ തന്റെ മകളും തന്നെ ഒന്ന് പരിഗണിച്ചെങ്കിൽ എന്നവർ ആശിച്ചു പോയി.... മുന്നിലെ സീറ്റിൽ തന്നെ അവനവരെ കൊണ്ടു പോയി ഇരുത്തി.... പോകാൻ നേരം ഗൗരി അവന്റെ കൈയിൽ പിടിച്ചു.... അവൻ എന്തെന്ന മട്ടിൽ നോക്കി.... "ഇവിടുന്ന് പോകും മുന്നേ ഒരൊറ്റ തവണ എനിക്ക് എന്റെ മോളോട് ഒന്ന് സംസാരിക്കണം..... ഞാൻ സംസാരിക്കാൻ ചെല്ലുമ്പോൾ അവൾ നിന്ന് തരുന്നില്ല.... റാവൺ എന്നെ ഒന്ന് സഹായിക്കണം.... ഒറ്റ തവണ ഒരൊറ്റ തവണ മതി.... പിന്നെ ഒരിക്കലും ഞാൻ നിങ്ങളെ ബുദ്ധിമുട്ടിക്കില്ല.... പ്ലീസ്...."ഗൗരി യാചിച്ചു..... റാവൺ ഗൗരി പിടിച്ച ആ കൈയിലൂടെ അവരുടെ കൈ ചേർത്ത് പിടിച്ചു ഒന്ന് തട്ടി.... അവരെ നോക്കി കണ്ണ് അടച്ചു കാണിച്ചു..... ഗൗരിയിൽ പ്രതീക്ഷ നിറഞ്ഞു..... വിവാഹം കഴിഞ്ഞു കിട്ടാൻ അവർ അക്ഷമയോടെ കാത്തിരുന്നു..... മുഹൂർത്തം അടുത്തപ്പോഴാണ് അഭിരാമി എത്തി ചേർന്നത്..... അവളെ ജാനി പരാതി പറഞ്ഞ് അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി.....

മുഹൂർത്തം ആയതും ജിത്തുവും ഭരത്തും മണ്ഡപത്തിൽ സ്ഥാനം പിടിച്ചു.... നന്ദുവിന് ചെറിയ ക്ഷീണം ഒക്കെ ഉണ്ടെങ്കിലും വിവാഹം മിസ്സാക്കാൻ അവൾ ഒരുക്കമല്ലായിരുന്നു.... അത് കൊണ്ട് ഉള്ള ആരോഗ്യത്തിൽ സ്റ്റേജിൽ ഒത്ത നടുക്കായി അവൾ സ്ഥാനം പിടിച്ചിട്ടുണ്ട് ..... ജനകൻ ജെനിയെ കൈ പിടിച്ചു ജിത്തുവിന്റെ അരികിൽ ഇരുത്തി.... ആമിയുടെ അച്ഛൻ അവളെ ഭരത്തിന്റെ അടുത്തും ഇരുത്തി.... ആശംസകളും അനുഗ്രഹങ്ങളും ഏറ്റുവാങ്ങി ജിത്തു ജനനിയുടെ കഴുത്തിലും ഭരത് അമേയയുടെ കഴുത്തിലും താലി ചാർത്തി..... ജിത്തുവിനെ നന്ദുവും ഭരത്തിന്റെ മാനസയുമാണ് താലി കെട്ടാൻ സഹായിച്ചത്..... സിന്ദൂരം രേഖ ചുമപ്പിച്ചും അഗ്നിയെ വലം വെച്ചും അവർ അവരെ സുമംഗലികളാക്കി..... കൊട്ടും കൊരവയും ആയി വിവാഹം കെങ്കേമമായി..... ആ വിവാഹങ്ങൾ കൂടി നേരിൽ കണ്ടു മുത്തശ്ശിയുടെ മനസ്സ് നിറഞ്ഞു.... അന്നേരം തന്റെ കുഞ്ഞുങ്ങളുടെയെല്ലാം സുഖജീവിതത്തിന് വേണ്ടി അവർ ഈശ്വരനെ വിളിക്കുന്നുണ്ടായിരുന്നു..........തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story