ജാനകീരാവണൻ 🖤: ഭാഗം 186

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

ജനകൻ ജെനിയെ കൈ പിടിച്ചു ജിത്തുവിന്റെ അരികിൽ ഇരുത്തി.... ആമിയുടെ അച്ഛൻ അവളെ ഭരത്തിന്റെ അടുത്തും ഇരുത്തി.... ആശംസകളും അനുഗ്രഹങ്ങളും ഏറ്റുവാങ്ങി ജിത്തു ജനനിയുടെ കഴുത്തിലും ഭരത് അമേയയുടെ കഴുത്തിലും താലി ചാർത്തി..... ജിത്തുവിനെ നന്ദുവും ഭരത്തിനെ മാനസയുമാണ് താലി കെട്ടാൻ സഹായിച്ചത്..... സിന്ദൂര രേഖ ചുമപ്പിച്ചും അഗ്നിയെ വലം വെച്ചും അവർ അവരെ സുമംഗലികളാക്കി..... കൊട്ടും കൊരവയും ആയി വിവാഹം കെങ്കേമമായി..... ആ വിവാഹങ്ങൾ കൂടി നേരിൽ കണ്ടു മുത്തശ്ശിയുടെ മനസ്സ് നിറഞ്ഞു.... അന്നേരം തന്റെ കുഞ്ഞുങ്ങളുടെയെല്ലാം സുഖജീവിതത്തിന് വേണ്ടി അവർ ഈശ്വരനെ വിളിക്കുന്നുണ്ടായിരുന്നു..... പിന്നീട് ഫോട്ടോ എടുപ്പായി..... ക്ഷീണം കൊണ്ടാവാം നന്ദു അധികനേരം ഫോട്ടോക്ക് പോസ് ചെയ്യാതെ സ്റ്റേജിൽ നിന്നിറങ്ങി ചെയറിലേക്ക് ഇരുന്നു.... അവൾ വന്നിരുന്ന ശേഷമാണ് താൻ ഇരുന്നത് വിക്രത്തിന്റെ അടുത്താണെന്ന് കാണുന്നത്.... ക്ഷീണം കൊണ്ട് ചുറ്റുമുള്ളതൊന്നും അവൾ ശ്രദ്ധിച്ചില്ല....

ആരോ വന്നിരിക്കുന്നത് പോലെ തോന്നി വിക്രം നോക്കിയ നേരത്ത് തന്നെയാണ് നന്ദുവും അവനെ നോക്കിയത്.... രണ്ട് പേരുടെയും മിഴികൾ ഉടക്കി.... ഒരു കാലത്ത് പ്രാണന് തുല്യം സ്നേഹിച്ചവർ.... ഇന്നിതാ ഒരുപാട് അടുപ്പമുള്ള അപരിചിതരെ പോലെ അഭിനയിക്കേണ്ട അവസ്ഥ.... പട്ടുസാരിയായിരുന്നു അവളുടെ വേഷം.... അതിൽ അവൾ അതീവസുന്ദരിയായി അവന് തോന്നി.... അവളുടെ ക്ഷീണം ബാധിച്ച കണ്ണുകളിലേക്ക് അവൻ അലിവോടെ നോക്കി.... അവളുടെ മുഖത്തേക്ക് നോക്കവേ പഴയ ഓർമയിൽ അവന്റെ കണ്ണ് നനഞ്ഞു.... ആ നനവ് അവളുടെ നെഞ്ചിൽ ഒരു നൊമ്പരം തീർത്തു.... വിക്രത്തിന് അവിടെ നിന്ന് എണീറ്റ് പോകാനും പോകാതിരിക്കാനും തോന്നിയ നിമിഷം.... മനസ്സ് കൊണ്ട് പോലും അവളെ വേദനിപ്പിക്കരുതെന്നുണ്ട്.... എന്നാൽ ഒരിക്കൽ ജീവന് തുല്യം സ്നേഹിച്ചതാണ്....

അവളുടെ പ്രണയവും ആത്മാർഥമായിരുന്നു.... തന്റെ പിടിപ്പുകേട് കൊണ്ട് നഷ്ടപ്പെടുത്തിയതിന്റെ നഷ്ടബോധം ഇന്നും അവന്റെ നെഞ്ചിലുണ്ട്.... ഏറെ നേരം അവരാ ഇരുപ്പ് തുടർന്നു.... നന്ദു അവനെ നേരിടാനാവാതെ നോട്ടം മാറ്റി.... പുതിയ ജീവിതത്തിൽ സന്തുഷ്ടയാണെങ്കിൽ ആദ്യപ്രണയം ആർക്കും അങ്ങനെ മറവിക്ക് വിട്ട് കൊടുക്കാൻ ആവില്ലല്ലോ.... ഫോട്ടോ എടുപ്പൊക്കെ കഴിഞ്ഞു വധൂവരന്മാരൊക്കെ ആഹാരം കഴിക്കാനായി പോയി..... അന്നേരമാണ് നന്ദുവിനെ അവരൊക്കെതിരക്കുന്നത്.... സദ്യ വിളമ്പിക്കൊണ്ടിരുന്ന യുവ അവളെ കൂട്ടി വരാമെന്നു പറഞ്ഞ് അവിടെ നിന്നും നടന്നു.... വിക്രത്തിന് ആണേൽ ആകെയൊരു വീർപ്പുമുട്ടൽ..... മാറി നിന്ന് ചന്ദുവും അവരെ ശ്രദ്ധിക്കുന്നുണ്ട്.... ഇനിയും ഇരുന്നാൽ ശരിയാവില്ലെന്ന് തോന്നിയ നിമിഷത്തിൽ നന്ദു അവിടെ നിന്നും എണീറ്റു.... മുന്നോട്ട് ഒരടി വെക്കും മുന്നേ അവൾക്ക് ശരീരം കുഴയുന്നത് പോലെ തോന്നി.... "അമ്മേ...." അവൾ കണ്ണുകൾ ഇറുക്കിയടച്ചു ചെയറിൽ പിടിച്ച് നിൽക്കാൻ ശ്രമിച്ചു.....

എങ്കിലും പിടിത്തം കിട്ടാതെ അവൾ മറിഞ്ഞു വീണു.... വിക്രത്തിന്റെ മേലേക്ക് ആണവൾ വീണത്.... വീഴാൻ നേരം വിക്രം അവളെ പിടിച്ചിരുന്നു.... വിക്രം ഞെട്ടിപ്പോയി.... അവന്റെ നെഞ്ചിൽ ആധി കൂടി.... അവനവളെ മെല്ലെ പിടിച്ച് അവൾ ഇരുന്ന ചെയറിലേക്ക് ഇരുത്തി.... "നന്ദൂ....."അവൻ ആധിയോടെ അവളുടെ കവിളിൽ തട്ടി.... ചന്ദു വേഗം അവരുടെ അടുത്തേക്ക് വന്നു.... "നന്ദൂ..... വിക്രം.... എന്ത് പറ്റി....?"ചന്ദു നന്ദുവിനരുകിൽ വന്നിരുന്നു അവളെ ചേർത്തു പിടിച്ചു.... അവളുടെ കവിളിൽ തുടരെ തുടരെ തട്ടി വിളിച്ചു.... "എനിക്കറിയില്ല ചന്ദൂ.... പെട്ടെന്ന് കുഴഞ്ഞു വീണു...." അവനും ടെൻഷൻ ആയി..... നന്ദു തളർച്ചയോടെ കണ്ണുകൾ തുറക്കാൻ ശ്രമിക്കുന്നത് കണ്ടതും അവന് നേരിയ ആശ്വാസം തോന്നി.... "ചന്ദൂ..... താൻ പോയി കുടിക്കാൻ കുറച്ച് വെള്ളം കൊണ്ട് വാ.... ഞാൻ പിടിച്ചോളാം...."നന്ദുവിനെ വീഴാതെ പിടിച്ചുകൊണ്ടു അവൻ ചന്ദുവിനെ പറഞ്ഞയച്ചു..... മനുവുമായി എങ്ങോട്ടോ ധൃതിയിൽ അത് വഴി പോയ റാവണും അത് കണ്ടിരുന്നു.....

"നന്ദൂ.....?" അവൻ ഞെട്ടലോടെ അവളുടെ അടുത്തേക്ക് പാഞ്ഞു..... ഒപ്പം മനുവും..... അവൻ ചന്ദു ഇരുന്നിരുന്ന ചെയറിലേക്ക് ഇരുന്നുകൊണ്ട് നന്ദുവിനെ നെഞ്ചോട് ചേർത്തിരുത്തി..... "എന്താ നന്ദൂ.... തല കറങ്ങുന്നുണ്ടോ....?"അവൻ അവളുടെ കവിളിൽ തഴുകി കൊണ്ട് തിരക്കി..... അവൾ കണ്ണടച്ച് കാണിച്ചു.... കണ്ണിൽ നിറഞ്ഞിരുന്ന ഒരു തുള്ളി കണ്ണുനീർ പുറത്തേക്ക് ചാടി.... അവന് ആകെ വല്ലായ്മ തോന്നി.... ആ കണ്ണുനീർ അന്നും ഇന്നും അവന് സഹിക്കില്ല.... "പനി കുറവില്ലേ നിനക്ക്....?" അവൻ നെറ്റിയിലും കവിളിലും തൊട്ട് നോക്കി.... ചെറിയൊരു ചൂടുണ്ടായിരുന്നു.... "വെള്ളം...."ചന്ദു വെള്ളവുമായി വന്നതും റാവൺ അത് വാങ്ങി അവളെ കുടിപ്പിച്ചു.... "നീ എണീക്ക്.... ഹോസ്പിറ്റലിൽ പോവാം...."റാവൺ അവളെ എണീപ്പിക്കാൻ നോക്കി..... അവൾ വേണ്ടെന്ന് പറഞ്ഞു നേരെ ഇരുന്നു..... "ഈ ദിവസം ഞാൻ മിസ്സ്‌ ചെയ്യില്ല ഏട്ടാ.... ഞാൻ ഇവിടെ തന്നെ ഉണ്ടാവണം...."അവൾ നേർത്തൊരു ചിരിയോടെ പറഞ്ഞൂ..... ക്ഷീണം അവളുടെ ശബ്ദത്തെയും ബാധിച്ചിരുന്നു.....

"നന്ദൂ...."അവൻ ശാസനയോടെ വിളിച്ചു..... "ഞാൻ ഓക്കേ ആണേട്ടാ.... പെട്ടെന്ന് ഒന്ന് തല ചുറ്റി..... ഇപ്പൊ കുഴപ്പമില്ല....."അതും പറഞ്ഞ് അവൾ റാവണിന്റെ നെഞ്ചിലേക്ക് ചാരി.... അപ്പോഴാണ് ബാക്കിയുള്ളവർക്ക് ആശ്വാസമായത്.... വിക്രം അപ്പോഴും നന്ദുവിനെ നോക്കിയിരിപ്പാണ്... ചന്ദു അത് കാണുകയും ചെയ്തു.... "മോളെ.... നീ എണീക്ക്..... വെച്ചോണ്ടിരുന്നാൽ ഈ പനി കൂടും.... ആദ്യമേ കൊണ്ട് കാണിക്കേണ്ടതായിരുന്നു...."മനു അവളെ ശാസിച്ചു..... "എന്റെ ഏട്ടാ.... ചെറിയൊരു തല ചുറ്റൽ വന്നതിനാണോ ഇതൊക്കെ.... ഏട്ടൻ ഇവിടെ വന്നിരുന്നേ..... എന്റെ ആങ്ങളമാരുടെ കല്യാണം ആയിട്ട് എന്നെ ഹോസ്പിറ്റലിൽ കൊണ്ടിടാൻ നോക്കുന്നോ... സമ്മതിക്കില്ല....."അടഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു.... അത് കേട്ടുകൊണ്ടാണ് യുവയും വികാസും വന്നത്..... "എന്താ.... എന്ത് പറ്റി....?" യുവ എല്ലാവരോടുമായി തിരക്കി.....

"നിന്റെ ഭാര്യക്ക് ഒരു തല കറക്കം.... പനി ഉള്ളതല്ലേ.... ഹോസ്പിറ്റലിൽ വിളിച്ചാൽ വരണ്ടേ...."മനു അവളെ തുറിച്ചു നോക്കി.... അവൾ പുഞ്ചിരിച്ചു.... "യുവീ.... നീ ഇവളെ കൂട്ടി ഒന്ന് ഹോസ്പിറ്റലിൽ പോയി വാ...."വികാസ് അഭിപ്രായപ്പെട്ടു..... "വേണ്ടേട്ടാ..... ഇപ്പൊ കുഴപ്പം ഒന്നുമില്ല....."നന്ദു പറഞ്ഞു.... "എന്നാലും ഒന്ന് പോയി നോക്കുന്നതിൽ എന്താ....?" വികാസ് ചോദിച്ചു.... "ഇനിയിപ്പോ ചടങ്ങൊക്കെ കഴിയട്ടെ.... എന്നിട്ട് പോവാം..... അത് മതി യുവിയേട്ടാ.... പ്ലീസ്...."അവൾ യുവയെ സോപ്പിട്ടു.... യുവ ചിരിച്ചു.... "ചടങ്ങൊക്കെ കഴിയുമ്പോ ഞാൻ കൊണ്ട് പൊയ്ക്കോളാം വികാസേട്ടാ...." യുവ പറഞ്ഞതും പിന്നെ ആരും എതിര് പറഞ്ഞില്ല.... ഇതൊക്കെ വിക്രം നോക്കി കാണുകയായിരുന്നു..... "നീ വാ.... ഫുഡ്‌ കഴിക്കാഞ്ഞിട്ടാണ് ഈ തല ചുറ്റലൊക്കെ.... എണീറ്റ് വാ...."യുവ വന്ന് അവളെ എണീപ്പിച്ചു ഫുഡ്‌ കഴിക്കാനായി കൊണ്ട് പോയി....

യുവയുടെ മേലേക്ക് ചാരി അവന്റെ കൈയിൽ ലോക്കിട്ട് പിടിച്ചുകൊണ്ടാണ് അവളുടെ പോക്ക്..... വിക്രം അവരെ തന്നെ നോക്കുകയായിരുന്നു..... തൊട്ട് അടുത്ത സീറ്റിൽ റാവൺ ഇരിപ്പുണ്ട്.... "റാവൺ.... നിന്റെ തീരുമാനമായിരുന്നു ശരി....."അവർ പോകുന്നതും നോക്കി റാവണിന്റെ കൈക്ക് മുകളിൽ കൈ വെച്ച് കൊണ്ട് വിക്രം പറഞ്ഞു..... അത് പറയുമ്പോൾ അവന്റെ കണ്ണ് നനഞ്ഞിരുന്നു..... കേട്ട് നിന്നവർക്കൊക്കെ ആ നിമിഷം അവനോട് സഹതാപം തോന്നി..... ••••••••••••••••••••••••••••••••••••••••° "മോനെ..... പോണമെന്നു നിനക്ക് നിർബന്ധം ആണോ...."തന്റെ മടിയിൽ കിടക്കുന്ന രാഘവിനോടായി അമ്മ ചോദിച്ചു.... "മ്മ്.... പോയേക്കാം അമ്മേ ..... ഇവിടെ നിന്നാൽ എനിക്ക്...."ബാക്കി പറയാതെ അവൻ മിഴികൾ പൂട്ടി..... അമ്മ അവന്റെ ഉള്ള് ഉരുകുന്നത് അറിഞ്ഞു അവനെ തലോടി.... സാന്ത്വനിപ്പിക്കാൻ ശ്രമിച്ചു.... "അച്ഛനും അവിടെ ഒറ്റക്കല്ലേ.... അച്ഛനൊപ്പം നിൽക്കുന്നതല്ലേ അമ്മയ്ക്കും ഇഷ്ടം....?" അവൻ ചോദിച്ചു... അമ്മ ഒന്ന് മൂളി..... ഒരു പെണ്ണ് കാരണം മകൻ തകരുമെന്ന് ഒരിക്കലും കരുതിയതല്ല....

പക്ഷേ ഇന്ന് റിയ അവന്റെ മനസ്സിനെ ഉലച്ചു കളഞ്ഞു.... കഴിഞ്ഞ കാലം മറച്ചു വെച്ച എന്ന തെറ്റേ അവൾ ചെയ്തിട്ടുള്ളൂ.... ഭൂതകാലത്തിലെ തെറ്റുകൾക്ക് ഇന്നും ശിക്ഷിക്കുന്നത് ന്യായമല്ല.... എങ്കിലും അവളുടെ ക്രൂരതകൾ കേട്ടപ്പോൾ കരഞ്ഞു പോയി അവർ.... ഒരു അമ്മയെന്ന നിലയിൽ മകനെ റിയയെ ഏൽപ്പിക്കാനുള്ള മനോധൈര്യം ആ അമ്മയ്ക്കില്ല.... മാത്രവുമല്ല അവളുടെ സ്നേഹനാടകത്തിൽ ബലിയാടായ ഒരു പാവൻ ജീവിതമില്ലാതെ നരകിക്കുമ്പോൾ അവൾക്കും ആ ഗതി വരണമെന്ന് ആ അമ്മ ആഗ്രഹിച്ചു.... വിക്രത്തിന് തന്റെ മകന്റെ പ്രായമേ ഉള്ളൂ.... വിക്രത്തിന്റെ സ്ഥാനത് രാഘവിനെ സങ്കൽപ്പിച്ചപ്പോൾ സഹിക്കാൻ കഴിഞ്ഞില്ലാവർക്ക്.....

ഇത്തിരി സങ്കടപ്പെട്ടാലും റിയ പോയതിൽ അവർ ഇന്ന് ആശ്വസിക്കുന്നുണ്ട്..... "ഈ വീട് റെന്റിനു കൊടുക്കുമോന്ന് ചോദിച്ചു ജയേട്ടന്റെ അടുത്ത് ഒരു പാർട്ടി വന്നിരുന്നു.... നമ്മളെന്തായാലും ഇവിടെ താമസിക്കുന്നില്ലല്ലോ ഇനി.... അമ്മ അച്ഛനോട് ഒന്ന് സംസാരിച്ചു നോക്ക്...... സമ്മതം ആണെങ്കിൽ നമുക്കതൊക്കെ ഒന്ന് റെഡി ആക്കിയിട്ട് ഇവിടെ നിന്നും പോയേക്കാം ....." അവൻ പറഞ്ഞു തീർന്നതും അവന്റെ ഫോൺ റിങ് ചെയ്തു.... അവൻ ഫോൺ എടുത്ത് നോക്കി.... അൺനോൺ നമ്പർ ആണ്‌.... അവൻ സംശയത്തോടെ അറ്റൻഡ് ചെയ്തു.... "ഹെലോ..... രാഘവ്.... ഞാൻ റിയയാണ്.... പ്ലീസ് രാഘവ് കട്ട്‌ ചെയ്യരുത്...."......തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story