ജാനകീരാവണൻ 🖤: ഭാഗം 188

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

 ഇപ്പൊ എങ്ങനുണ്ട്.... ഡോക്ടർ എന്ത് പറഞ്ഞു....?" ചോദ്യത്തോടൊപ്പം അവൻ അവളുടെ നെറ്റിയിൽ തൊട്ട് നോക്കി.... അവൾ ചുണ്ട് കടിച്ചു പിടിച്ച് വിതുമ്പൽ അടക്കി അവന്റെ കൈ നെറ്റിയിൽ നിന്നും എടുത്ത് അവളുടെ വയറിലേക്ക് ചേർത്തു വെച്ചു..... അവളുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു.... പ്രതീക്ഷിക്കാതെ കിട്ടിയ ഭാഗ്യം ഓർത്തുള്ള ആനന്ദകണ്ണുനീർ ആയിരുന്നത്..... "പ്രെഗ്നൻസി ടെസ്റ്റ്‌ പോസിറ്റീവ് ആണ് യുവിയേട്ടാ....." അവൾ കണ്ണും നിറച്ചു പറഞ്ഞതും യുവ ഞെട്ടിപ്പോയി.... ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല..... തല്ലും വഴക്കും ഒതുങ്ങി സ്നേഹിച്ചു തുടങ്ങിയ അവരുടേതായ നിമിഷങ്ങൾ ആസ്വദിച്ചു ജീവിക്കുകയായിരുന്നവർ.... അത് കൊണ്ട് ഇങ്ങനൊരു ഭാഗ്യം പെട്ടെന്നവർ പ്രതീക്ഷിച്ചതല്ല.... കാത്തിരിക്കാതെ പ്രതീക്ഷിക്കാതെ ദൈവം നൽകിയ സമ്മാനം അവരുടെ കണ്ണ് നിറയിച്ചു.... അത് സന്തോഷം കൊണ്ടാണെന്ന് മാത്രം..... "അതിന് നീ എന്തിനാടി കരയുന്നേ...." അവളെ വലിച്ചു നെഞ്ചിലേക്ക് ഇട്ടു കൊണ്ട് അവൻ ചോദിച്ചു.... "സന്തോഷം കൊണ്ടാ.... 🥺"

അവളുടെ മറുപടി കേട്ടതും അവൻ അവളുടെ നെറ്റിയിൽ അമർത്തി മുത്തി..... "2 ആഴ്ചയായി....."അവൾ അവന്റെ കൈ എടുത്ത് വയറിലേക്ക് ചേർത്തു.... യുവ അവളെ ചെയറിലേക്ക് പിടിച്ചിരുത്തി..... "ഷോക്ക് ആയിപ്പോയി..... എനിക്ക് ഒരു കുഞ്ഞ്..... ഞാൻ.... ഞാൻ ഒരു അച്ഛനായി...."യുവക്ക് സന്തോഷം അടക്കാനായില്ല..... "ഇതിപ്പോ തന്നെ എല്ലാരേം വിളിച്ച് അറിയിക്കണം....." അവൻ ഫോൺ എടുത്ത് ആരെയൊക്കെയോ വിളിച്ചു.... നന്ദു അവനെ തന്നെ ഉറ്റുനോക്കുന്നുണ്ടായിരുന്നു.... ആവേശത്തിൽ ഫോൺ ചെയ്തെങ്കിലും കാര്യം അവതരിപ്പിക്കുമ്പോ അവൻ നന്നായി വെള്ളം കുടിക്കുന്നത് കണ്ട് അവൾക്ക് ചിരി വന്നു.... ഡോക്ടറെ കണ്ട് വേണ്ട നിർദേശങ്ങളൊക്കെ ചോദിച്ചറിഞ്ഞിട്ടാണ് യുവ അവളുമായി മടങ്ങിയത്..... പോകുന്ന വഴിയിൽ സ്വീറ്റ്സ് വാങ്ങാൻ അവൻ മറന്നില്ല....

കാർ മുറ്റത്ത് ചെന്ന് നിന്നപ്പോൾ തന്നെ റാവൺ ഇറങ്ങി വന്നു..... നന്ദുവിനെ ചേർത്ത് നിർത്തി അവൾക്ക് നെറ്റിയിലൊരു ഉമ്മ കൊടുത്തു.... യുവയുടെ അമ്മയും മുത്തശ്ശിയും യാമിയും കൂടി അവളെ പൊതിഞ്ഞു.... വികാസ് തന്റെ സംശയം സത്യമായ നിർവൃതിയിൽ അവരെ നോക്കി പുഞ്ചിരിച്ചു.... മനുവിനും ആരവിനും ഒക്കെ ഇരട്ടി മധുരമായി..... മാനസക്ക് ശേഷം നന്ദുവും ഒരു അമ്മയാകാൻ പോകുന്നു എന്നത് അവരെപ്പോലെ എല്ലാവർക്കും ഇരട്ടി മധുരമായിരുന്നു..... ഇതിനിടയിൽ നിന്ന് ജാനി എവിടുന്നോ ഓടി വന്ന് ഒരു ലഡ്ഡു നന്ദുവിന്റെ വായിൽ കുത്തി തിരുകി.... "ഈ കണ്ട സ്വീറ്റ്സ് ഒക്കെ ഇവിടെ ഇരിക്കുമ്പോ പുറത്തൂന്ന് സ്വീറ്റ്സ് വാങ്ങാൻ നിന്റെ തലക്കെന്താടാ ഓളം ആണോ....?" ജാനി യുവയുടെ തലക്കിട്ട് ഒന്ന് കൊടുത്ത് അവനോട് ചോദിച്ചു..... "അത് പിന്നെ.... ഒരു എക്സൈറ്റ്മെന്റിൽ....."യുവ തല ചൊറിഞ്ഞു.... "എന്റമ്മായി നിങ്ങൾ എന്റെ കൊച്ചിനെ ഒന്നിങ്ങു വിട്ട് താ.... എല്ലാരും കൂടി അവളെ ശ്വാസം മുട്ടിച്ചു കൊല്ലുവോ.....?" ജാനി ഇടക്ക് കയറി മുത്തശ്ശിയെയും യുവയുടെ അമ്മയെയും തള്ളി മാറ്റി അവളുടെ കൈയും പിടിച്ച് അകത്തേക്ക് നടന്നു....

അവളെ കൊണ്ട് പോയി സോഫയിലേക്ക് ഇരുത്തി.... അവളങ്ങനെ നന്ദുവിനൊപ്പം ഇരിക്കുമ്പോഴാണ് എല്ലാവർക്കുമൊപ്പം ഗൗരിയും അവിടേക്ക് വരുന്നത്..... ഗൗരി മുന്നിലേക്ക് വന്ന് ഒരു ലഡ്ഡു എടുത്ത് നന്ദുവിന് നേരെ നീട്ടി.... ആ സന്തോഷത്തിൽ ആരോടും മുഖം കറുപ്പിക്കാൻ നന്ദുവിനായില്ല.... "Congrats മോളെ....." അവളുടെ വായിലേക്ക് വെച്ച് ഗൗരി പറഞ്ഞതും നന്ദു പുഞ്ചിരിച്ചു..... ഗൗരി ജാനിയെ നോക്കിയെങ്കിലും അവൾ മറ്റെങ്ങോ നോക്കി ഇരിപ്പാണ്..... ഇത്രയൊക്കെ ശിക്ഷിക്കാൻ മാത്രമുള്ള തെറ്റ് എന്നിൽ നിന്നുണ്ടായോ എന്ന് പരിഭവത്തോടെ ഗൗരി അവിടെ നിന്നും ഒഴിഞ്ഞു മാറി കൊടുത്തു..... പിന്നീട് ബാക്കിയുള്ളവരുടെ സ്നേഹപ്രകടനങ്ങൾ ഒക്കെ ആയി ആ വീടുണർന്നു.... ••••••••••••••••••••••••••••••••••••••° ദിവസങ്ങൾ കഴിഞ്ഞു പോയി.... തറവാട്ടിൽ നിന്ന് എല്ലാവരും പിരിഞ്ഞു പോയി..... നന്ദു ഇപ്പൊ ഫുൾ റെസ്റ്റിൽ ആണ്‌... റാവണിന്റെയും ശിവദയുടെയും ആഗ്രഹപ്രകാരം അവളുടെ ഇഷ്ടം കൂടി കണക്കിലെടുത്തു യുവ നന്ദുവിനെ റാവണിനൊപ്പം നിർത്തി.... യുവ ഇടക്കിടക്ക് വന്ന് പോകും....

ഏട്ടന്മാരുടെ സ്നേഹചിറകിൽ അവൾ അതീവ സന്തുഷ്ടയായിരുന്നു..... മാനസക്ക് മനു എന്ത് വാങ്ങിയാലും ഒരു പങ്ക് അവൻ നന്ദുവിന് കൃത്യമായി എത്തിച്ചു കൊടുക്കുമായിരുന്നു.... മാനസയെ പോലെ അല്ല നന്ദു.... അവൾ സാഹചര്യം നന്നായി മുതലെടുക്കാറുണ്ട്..... റാവൺ അൺഹെൽത്തി ആയ ഫുഡ്‌ ഒന്നും അവൾക്ക് വാങ്ങി കൊടുക്കാറില്ല.... പകരം ബാക്കിയുള്ളവരെ സോപ്പിട്ടു വേണ്ടതൊക്കെ അവൾ വാങ്ങിപ്പിക്കും..... ജാനിയാണ് അവളുടെ കെയർ ടേക്കർ.... ഇത് വരെ ഒന്ന് പോലും പെറ്റിട്ടില്ലാത്ത ജാനിയാണ് അവൾക്ക് ക്ലാസ്സ്‌ എടുക്കുന്നതും മര്യാദ പഠിപ്പിക്കുന്നതും.... നന്ദു അതൊക്കെ മറുത്ത് പറയാതെ അനുസരിക്കുന്നു എന്നതാണ് ഏറ്റവും അത്ഭുതം..... ഈ തിരക്കിനിടയിൽ ഒരു കുഞ്ഞില്ലെന്ന ജാനിയുടെ സങ്കടം ഏറെക്കുറെ ഒക്കെ അവൾ മറക്കാൻ ശ്രമിച്ചു.... വിവാഹം കഴിഞ്ഞിട്ട് വർഷം നാലിനോട് അടുക്കുന്നു..... അത് കൊണ്ട് ശിവദയുടെ ഉപദേശപ്രകാരം അവരിപ്പോൾ ട്രീറ്റ്മെന്റ് എടുക്കുന്നുണ്ട്..... അതറിഞ്ഞപ്പോൾ മുതൽ ഗൗരിക്ക് ഭയങ്കര വിഷമം....

നാല് വർഷം കഴിഞ്ഞു നന്ദു വരെ ഒരു അമ്മയാകാൻ പോകുന്നു... തന്റെ മകൾക്ക് അങ്ങനെയൊരു ഭാഗ്യം കിട്ടിയില്ലല്ലോ എന്നത് അവരെ വിഷമിപ്പിച്ചു.... ജാനിയുടെ കുഞ്ഞിനെ താലോലിക്കാൻ അവർക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു.... എല്ലാം കൊണ്ടും ജീവിതം മടുത്തു തുടങ്ങി ഗൗരിക്ക്... ആ മടുപ്പിനെ കുറെയൊക്കെ മാറ്റി എടുക്കാൻ നാട്ടിൽ തന്നെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ഗൗരി ജോയിൻ ചെയ്തു..... ജോലിയും മറ്റുമായി സ്വയം ബിസി ആവാൻ ഗൗരി ശ്രമിച്ചു കൊണ്ടേയിരുന്നു.... ••••••••••••••••••••••••••••••••••••••° "ഇന്ന് വല്ലതും നടക്കുവോ.....?" മാനസക്ക് പച്ചമാങ്ങ തിന്നാൻ കൊതിയാവുന്നെന്ന് പറഞ്ഞ നിമിഷം മുതൽ തുടങ്ങിയതാണ് ചന്ദു.... മുറ്റത്തുള്ള മാവിന് കല്ലെറിയാൻ..... ഇളയും മാനസയും വിക്രവും കാഴ്ചക്കാരായി സിറ്റ് ഔട്ടിലും മുറ്റത്തുമായി ഉണ്ട്.... ഇരുന്ന് ഇരുന്ന് സഹി കെട്ടാണ് വിക്രം അത് ചോദിച്ചത്..... "ഇപ്പൊ കണ്ടോ....."അവൾ പുച്ഛിച്ചു കൊണ്ട് കല്ല് വാരി ചറ പറാ ഏറു തുടങ്ങി.... ഒന്ന് രണ്ട് കല്ല് മാവിലിടിച്ചു വിക്രത്തിന്റെയും ഇളയുടെയും തലയിലും കൈയിലും ഒക്കെ വീഴുന്നുണ്ട്....

"ഡീ ഡീ..... നീ മാങ്ങയിടാൻ നോക്കുവാണോ അതോ ഞങ്ങളെ കല്ലെറിഞ്ഞു കൊല്ലാൻ നോക്കുവാണോ....?"വിക്രം വോക്കിങ് സ്റ്റിക്ക് ഊന്നി സിറ്റ് ഔട്ടിന്റെ സ്റ്റെപ്പിൽ നിന്ന് എണീറ്റു..... ഒടിഞ്ഞ കാലൊക്കെ ഒരു വിധം ഓക്കേ ആയിട്ടുണ്ടായിരുന്നു..... അവന്റെ ചോദ്യം കേട്ട് ചന്ദു തുറിച്ചു നോക്കുന്നുണ്ട്.... "ഇങ്ങോട്ട് മാറി നിൽക്ക്....."അവളെ പിടിച്ച് മാറ്റി നിർത്തി വിക്രം ഒരു കല്ലെടുത്തു ഒറ്റ ഏറു.... കൂട്ടത്തോടെ നിന്ന മൂന്ന് മാങ്ങ ഒറ്റയടിക്ക് വീണു.... അത് കണ്ട് ചന്ദു ഞെട്ടിപ്പോയി.... വിക്രം അവളെ നോക്കി പുരികം പൊക്കി സിറ്റ് ഔട്ടിലേക്ക് കയറി ഇരുന്നു.... മാനസ ഓടി വന്ന് അത് പെറുക്കി എടുത്തു.... കിച്ചണിൽ കൊണ്ട് പോയി കഴുകി വൃത്തിയാക്കി ലേശം ഉപ്പും മുളകും എടുത്ത് തിരിച്ചു സിറ്റ് ഔട്ടിൽ വന്നിരുന്നു.... അവളത് കഴിച്ചോണ്ടിരിക്കുമ്പോഴാണ് മുറ്റത്ത് രാഘവിന്റെ കാർ വന്ന് നിന്നത്.... ചന്ദു കാറിനു നേരെ നടന്നതും രാഘവും അമ്മയും പുറത്തേക്ക് ഇറങ്ങി.... ചന്ദു സന്തോഷത്തോടെ ചെന്ന് അവരെ പുണർന്നു.... മാനസ മാങ്ങ അവിടെ വെച്ച് പുഞ്ചിരിയോടെ എണീറ്റു....

"അകത്തേക്ക് വരൂ...." വിക്രം അവരെ അകത്തേക്ക് ക്ഷണിച്ചു... "ഇല്ലെടോ.... കയറുന്നില്ല..... ഫ്ലൈറ്റിന് ടൈം ആയി...."രാഘവ് സ്നേഹത്തോടെ അത് നിരസിച്ചു.... "ഞങ്ങൾ അച്ഛന്റെ അടുത്തേക്ക് പോകുവാ ചന്ദു.... വയ്യ ഇവിടെ.... മടുത്തു....."അവൻ ചന്ദുവിനോട് പറഞ്ഞു.... ചന്ദുവിന്റെ മുഖം വാടി.... "മോളെ ഒറ്റക്കാക്കി പോകുവാണെന്ന ചിന്ത വേണ്ട.... മോളുടെ അച്ഛനോട് വിവരങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്.... അച്ഛൻ വരും.... പിന്നെ മോള് ഇവരുടെയൊക്കെ കൂടെ അല്ലേ.... ഇവൻ പറഞ്ഞു ഇവരെ പറ്റി നന്നായി അറിയാം ..... അത് കൊണ്ടാ ധൈര്യമായി ഇവിടെ നിർത്തി പോകുന്നത്...."രാഘവിന്റെ അമ്മ പറഞ്ഞു..... സമയം ഇല്ലാത്തത് കൊണ്ട് അവർ യാത്ര ഒക്കെ പറഞ്ഞ് ഇറങ്ങാൻ തിടുക്കം കൂട്ടി..... പോകാൻ നേരം ആ അമ്മ വിക്രത്തിന്റെ കവിളിൽ കൈ വെച്ചു..... "നല്ലതേ വരൂ...."ഒരു മകനോടുള്ള വാത്സല്യമോ മകനെ രക്ഷിച്ചതിന്റെ കടപ്പാടോ അങ്ങനെ എന്തൊക്കെയോ ആ വാക്കുകളിൽ നിറഞ്ഞിരുന്നു..........തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story