ജാനകീരാവണൻ 🖤: ഭാഗം 191

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

ചടങ്ങിന് എല്ലാവരും ഉണ്ട്..... മൂന്ന് മാസം മുൻപ് ആരവും യാമിയുമായുള്ള എൻഗേജ്മെന്റ് കഴിഞ്ഞിരുന്നു.... ചന്ദുവിന്റെ ചടങ്ങ് കഴിഞ്ഞ് കല്യാണം നടത്താമെന്ന് യുവയുടെ വീട്ടുകാർ തന്നെയാണ് നിർദ്ദേശിച്ചത്..... വരുന്ന ആഴ്ചയിൽ തന്നെയാണ് അവരുടെ വിവാഹം തീരുമാനിച്ചു വെച്ചത്..... അതിനുള്ള ഷോപ്പിങ്ങും മറ്റും നേരത്തെ കഴിഞ്ഞിരുന്നു..... എല്ലാം കൊണ്ടും സന്തോഷം..... എല്ലാവരും സന്തോഷം ആയിട്ട് മുന്നോട്ട് പോവുന്നു... അപ്പോഴും ഒരു നോവായി ഇപ്പോഴും ജാനിയും റാവണും ട്രീറ്റ്മെന്റ് തുടരുന്നുണ്ടായിരുന്നു..... യുവയുടെ വീട്ടിൽ വെച്ച് ചടങ്ങ് നടത്തി നന്ദുവിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നു.... യുവ ഒപ്പം പോരാൻ താല്പര്യം കാണിച്ചെങ്കിലും യുവയുടെ അമ്മ ആ ആഗ്രഹത്തെ മുളയിലേ നുള്ളിക്കളഞ്ഞു.... വിവാഹം ഓടിറ്റോറിയത്തിൽ ആയത് കൊണ്ട് ആർക്കും വലിയ ജോലി ഒന്നും ഉണ്ടായിരുന്നില്ല.... ക്ലീനിങ്ങും ഡെക്കറേഷനും മറ്റുമായി ആളുകളെ നിയമിച്ചു.... അപ്പോഴാണ് റാവണും ജാനിയും ഹോസ്പിറ്റലിൽ പോകാൻ ഇറങ്ങുന്നത്..... ഓരോ പോക്കിലും അവരുടെ പ്രതീക്ഷ നശിക്കുകയായിരുന്നു.... എങ്കിലും റാവൺ അത് പുറത്ത് കാണിക്കില്ല... വാക്കുകൾ കൊണ്ട് സമാധാനിപ്പിക്കില്ലെങ്കിലും അവന്റെ ഒരു സ്പർശം മതി അവൾക്ക് ആശ്വസിക്കാൻ.....

ഡോക്ടറെ കാണും മുന്നേ റാവണിനെ കൂട്ടി അമ്പലത്തിൽ പോയി..... ഹോസ്പിറ്റലിൽ പോയി വീണ്ടും കുറേയേറെ ടെസ്റ്റുകൾ.... മരുന്നുകൾ.... ഇൻജെക്ഷൻ ഒക്കെ ആയി ആ ദിവസവും കടന്ന് പോയി..... ••••••••••••••••••••••••••••••••••••••••° വിക്രം അതിരാവിലെ ഉണർന്നു ബാത്‌റൂമിലേക്ക് കയറി.... അവിടെ ഓരോ കോട്ടെഴ്‌സുകൾ ആയി തിരിച്ചിട്ടുണ്ട്...ബാത്രൂം സൗകര്യങ്ങൾ ഒക്കെ അവിടെ തന്നെ ഉണ്ടായിരുന്നു.... രാവിലെ ഒരു ഉഴിച്ചിൽ ഉണ്ട് കാലിന്.... അതിന് അവിടുത്തെ തന്നെ ഒരു സ്റ്റാഫ്‌ രാവിലെയും വൈകുന്നേരവും വരും .... കുറച്ച് മാസമായി രേഖയാണ് അത് ചെയ്യുന്നത്.... ആദ്യമൊക്കെ വൈദ്യന്റെ സാന്നിധ്യത്തിലായിരുന്നു ഉഴിച്ചിൽ..... പിന്നെ പിന്നെ ദിവസവും രണ്ട് നേരം രേഖ വന്ന് ചെയ്തിട്ട് പോകും..... അക്കാരുടേതായ ചില പച്ച മരുന്നുകൾ അവർ തരുന്ന ഭക്ഷണം നിർദേശിക്കുന്ന വ്യായാമം ഒക്കെ നിശ്ചിത സമയത്ത് നിർവഹിച്ചിരിക്കണം..... മറ്റുള്ളവരുമായി ആരോഗ്യകരമായ സംഭാഷണങ്ങളും ഒത്തു കൂടലും ഒക്കെ ഇവിടെയുണ്ട്.... മനസ്സിനും ഇത് നല്ലൊരു ചികിത്സയാണെന്ന് അവന് തോന്നാറുണ്ട്.....

"സർ....."കുളി കഴിഞ്ഞ് തല തോർത്തുമ്പോഴാണ് ഡോറിൽ ആരുടെയോ മുട്ട് കേൾക്കുന്നത്..... "ദാ വരുന്നു...." ഉഴിച്ചിലിന് വന്നതാണെന്ന് അവന് മനസ്സിലായിരുന്നു..... തല തൂവർത്തി ഒരു ടീ ഷർട്ട് എടുത്തിട്ട് പുറത്തേക്ക് ചെന്ന വിക്രം മുന്നിൽ നിൽക്കുന്നയാളെ കണ്ട് ഞെട്ടി..... "റിയ....!" അവന്റെ ചുണ്ടുകൾ മൊഴിഞ്ഞു.... റിയയുടെ മുഖത്തും പ്രകടമായ ഞെട്ടൽ ഉണ്ടായിരുന്നു.... "ആഹ് സാറേ.... ഇതാണ് രേഖക്ക് പകരം വന്ന പുതിയ സ്റ്റാഫ്‌.... പേര് റിയ....."അത് വഴി പോയ വൈദ്യന്റെ സഹായി അനന്തൻ അകത്തേക്ക് എത്തി നോക്കി പറഞ്ഞിട്ട് പോയി..... വിക്രം അവളെ ആകെ ഒന്നും നോക്കി..... ആ ആശ്രമത്തിലെ തന്നെ യൂണിഫോം ആണ്.... ഒരു കാവി നിറത്തിലുള്ള സാരി ഞൊറിഞ്ഞിടുത്തിരിക്കുന്നു.... അവൾക്ക് ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്..... അഹങ്കാരവും ആഡംബരവും നിറഞ്ഞു നിന്ന ആ മുഖത്ത് ഇന്ന് മറ്റെന്തൊക്കെയോ ആണ്.... മുഖത്ത് ചമയങ്ങൾ ഇല്ല.... ശരീരത്തിൽ ആഭരണങ്ങളും ഇല്ല.... ഒരു സാധാരണ കുടുംബത്തിലെ കുട്ടിയെ പോലെ തോന്നിച്ചു അവളെ.....

വല്ലാതെ ക്ഷീണിച്ചു പോയിരുന്നു അവൾ.... വിക്രത്തെ നോക്കി അവളൊന്ന് ചിരിക്കാനും മടിച്ചില്ല.... "ഇരുന്നോളൂ സർ....." അവളത് പറഞ്ഞപ്പോൾ അറിയാതെ അവൻ ഇരുന്നു പോയി.... മുണ്ടായിരുന്നു അവന്റെ വേഷം..... അവൾ നിലത്തായി മുട്ട് കുത്തി ഇരുന്നുകൊണ്ട് കൈയിൽ ഗ്ലൗസുകൾ ധരിച്ചു..... അവന്റെ മുണ്ട് മുട്ടൊപ്പം പൊക്കി വെച്ച് അവൾ ആ കാലിലേക്ക് നോക്കി..... ആ കാല് കണ്ട് അവളുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ അടർന്നു അവന്റെ കാലിലേക്ക് വീണു.... വിക്രം അമ്പരന്ന് പോയി..... റിയയാണോന്ന് പോലും അവൻ സംശയിച്ചു പോയി.... അവളെങ്ങനെ ഇങ്ങനൊരു ഗതിയിൽ ആയിപ്പോയെന്ന് അവൻ ചിന്തിക്കാതെ ഇരുന്നില്ല.. എന്നാൽ അവൾ കണ്ണും തുടച്ച് ഉഴിച്ചിൽ തുടങ്ങിയിരുന്നു..... ആദ്യമായി ചെയ്യുന്നവളുടെ പിഴവുകളൊന്നും അവളിൽ നിന്നുണ്ടായില്ല.... അവൾക്ക് അത് ചെയ്ത് തഴക്കം ഉണ്ടെന്ന് ആ ഒറ്റ തവണ കൊണ്ട് വിക്രം മനസ്സിലാക്കി..... ഈ മാസങ്ങൾ കൊണ്ട് റിയ ജീവിതം എന്താണെന്ന് ശരിക്ക് പഠിച്ചു..... പച്ച മനുഷ്യരെ കണ്ടു.... പണത്തിലും പ്രശസ്തിയിലും ഒരു കാര്യവും ഇല്ലെന്ന് അവൾ തിരിച്ചറിഞ്ഞു.....

പലയിടത്തും പോയി മുട്ടി.... പല സുഹൃത്തുക്കളെയും സമീപിച്ചു.... ചിലർ ഒഴിവാക്കി.... ചിലർ ആട്ടിയിറക്കി.... മറ്റ് ചിലർ തന്നോട് മോശമായി പെരുമാറി..... അത് വരെ മാന്യതയുടെ മുഖം മൂടി അണിഞ്ഞു നടന്നവർ തന്റെ നിസ്സഹായവസ്ഥയിൽ തന്നെ ചൂഷണം ചെയ്യാൻ ശ്രമിച്ചതോർക്കവേ അവളുടെ കണ്ണ് നനഞ്ഞു..... പണവും പ്രധാപവും ഉണ്ടാവുന്ന എല്ലാവർക്കും മനുഷ്യത്വം മര്യാദയും ഉണ്ടാവണമെന്നില്ലെന്ന് അവൾ തിരിച്ചറിഞ്ഞു.... പണമാണ് എല്ലാമെന്ന് അവൾ കരുതി.... പക്ഷേ ഒന്നുമില്ലാതായപ്പോൾ ഒന്നുമില്ലാതെ ഒരു കൊച്ചു കുടുംബമാണ് തനിക്കൊരു ആശ്രയം തന്നത്.... ഒരു ജോലി ശരിയാക്കി തന്നത്.... അതോടെ പണത്തെ വെച്ച് മനുഷ്യരെ അളക്കുന്നത് അവൾ നിർത്തി.... പണത്തിനോടുള്ള മോഹവും അവസാനിച്ചു.... പിന്നീട് അങ്ങോട്ട് ആരെയും ആശ്രയിക്കാതെ ജോലി ചെയ്ത് തന്നെ ജീവിച്ചു.....

പല വീടുകളിലും കെയർ ടേക്കർ ആയും ചെറിയ ചെറിയ സ്ഥാപനങ്ങളിൽ ഒക്കെ ജോലി ചെയ്ത് ഒടുക്കം ഇവിടെ എത്തി നിൽക്കുന്നു..... അതിജീവിക്കാൻ ഒരുപാട് കഷ്ടപ്പെട്ടു.... ജോലിസ്ഥലത്തു ഒരുപാട് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.... എങ്കിലും തളരാതെ പിടിച്ച് നിന്നു.... ഇന്ന് ഇവിടെ എത്തി നിൽക്കുമ്പോൾ അവൾ ഒരു കാര്യം മനസ്സിലാക്കി..... കുത്തി ഇരുന്ന് കാണാതെ പഠിച്ചു വാങ്ങുന്ന സർട്ടിഫിക്കറ്റുകൾ ജീവിതത്തിൽ സമയത്ത് ഉപകരിക്കണമെന്നില്ല.... ഒരു പക്ഷേ ഇതൊക്കെ ചിലപ്പോ ദൈവത്തിന്റെ കളിയാവാം.... ഈ മനുഷ്യന്റെ മുന്നിലേക്ക് തന്നെ എത്തിക്കാൻ ആ സർവേശ്വരൻ കളിച്ച കളി.... അങ്ങനെ ഓരോന്ന് ചിന്തിച്ചു കൊണ്ട് വിക്രത്തിന് ഒരു പുഞ്ചിരി നൽകി റിയ അവിടെ നിന്നും പോകുമ്പോൾ വിക്രം വലിയൊരു ആശയക്കുഴപ്പത്തിൽ അകപ്പെട്ടു പോയിരുന്നു..............തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story