ജാനകീരാവണൻ 🖤: ഭാഗം 195 || അവസാനിച്ചു

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"രാവണാ ....."ഫോണിൽ ആർക്കോ ടെക്സ്റ്റ്‌ ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ജാനി ഓടിപ്പാഞ്ഞു വന്നത്.... "എന്ത് പറ്റി....?" അവളുടെ ഓട്ടം കണ്ട് അവൻ ധൃതിയിൽ എണീറ്റ് ചെന്നു ചോദിച്ചു.... "നന്ദൂന് പെയിൻ തുടങ്ങി.... ഭയങ്കര കരച്ചിൽ...."കേട്ട പാതി കേൾക്കാത്ത പാതി അവൻ വേഗം താഴേക്ക് പോയി.... നന്ദുവിന് സ്റ്റെയർ ഇറങ്ങാൻ ബുദ്ധിമുട്ടായപ്പോൾ ശിവദക്ക് ഒപ്പം താഴത്തെ മുറിയിലാണ് അവളിപ്പോ.... റാവൺ മുറിയിലേക്ക് ചെല്ലുമ്പോൾ ആരവും ഓടി എത്തിയിരുന്നു..... ശിവദയും യാമിയും അവളെ ആശ്വസിപ്പിക്കുകയാണ്.... "നന്ദൂ...."അവൻ അവളുടെ അരികിലേക്ക് ചെന്ന് അവളുടെ കൈയിൽ മുറുകെ പിടിച്ചു.... "ഏട്ടാ.... എനിക്ക്... പറ്റണില്ല..... സഹിക്കാൻ വയ്യ...."അവളുടെ രണ്ട് കണ്ണും നിറഞ്ഞൊഴുകുന്നുണ്ട്.... റാവൺ അത് കണ്ട് അസ്വസ്ഥനായി അവളുടെ കണ്ണ് തുടച്ചു..... "ഞാൻ കാർ എടുക്കാം.... പെട്ടെന്ന് ഹോസ്പിറ്റലിൽ പോവാം...."അതും പറഞ്ഞു ആരവ് പുറത്തേക്ക് ഓടി..... യാമി ഫോൺ എടുത്ത് യുവയെ വിവരം അറിയിച്ചു....

റാവൺ അവളെ നടത്തിക്കാതെ കൈകളിൽ കോരി എടുത്താണ് കാറിലേക്ക് കയറ്റിയത്..... ശിവദ അവർക്കൊപ്പം കയറിയിരുന്നു..... രാത്രി ആയത് കൊണ്ട് റാവൺ യാമിയോട് അവന്റെ കാർ എടുത്ത് ഒപ്പം ചെല്ലാൻ പറഞ്ഞു.... ജാനി വേഗം പോയി കീ എടുത്ത് വന്നതും യാമി കാർ സ്റ്റാർട്ട്‌ ചെയ്ത് അവർക്ക് പിന്നാലെ പോയി.... ഹോസ്പിറ്റലിൽ എത്തിയ ഉടനെ നന്ദുവിനെ ലേബർ റൂമിലേക്ക് കൊണ്ട് പോയി.... കുറച്ച് കഴിഞ്ഞ് യുവയും കുടുംബവും എത്തി.... അക്കൂട്ടത്തിൽ ഗൗരി ഉണ്ടായിരുന്നില്ല.... യുവയും റാവണും നല്ല ടെൻഷനിൽ ആയിരുന്നു..... ഒരു മണിക്കൂറിനകം നേഴ്സ് പുറത്തേക്ക് വന്നു പറഞ്ഞു.... "അവന്തിക പ്രസവിച്ചു.... ആൺ കുട്ടിയാണ്....."അത് കേട്ട് യുവയുടെയും റാവണിന്റെയും മുഖത്തെ ടെൻഷൻ എങ്ങോ പോയി മറഞ്ഞു.... നന്ദുവും ഓക്കേ ആണെന്ന് അറിഞ്ഞപ്പോൾ ആ മുഖങ്ങളിൽ സന്തോഷം നിറഞ്ഞു.... കുഞ്ഞിനെ കാണാൻ അവർ ഓരോരുത്തരും അക്ഷമരായി കാത്ത് നിന്നു..... അല്പസമയത്തിനകം കുഞ്ഞിനെ പുറത്തേക്ക് കൊണ്ട് വന്നു.....

ഒരു വെള്ളം നിറത്തിലുള്ള ടവലിൽ പൊതിഞ്ഞു വെച്ച ഇളം റോസ് നിറത്തിലുള്ള ആ കുഞ്ഞു ശരീരം ഏറ്റു വാങ്ങുമ്പോൾ യുവയുടെ കരങ്ങൾ വിറച്ചു.... ശാന്തനായി കിടന്നുകൊണ്ട് അച്ഛനെ കണ്ണ് തുറന്ന് സൂക്ഷിച്ചു നോക്കി കിടപ്പാണ് കക്ഷി.... ആ നോട്ടം കണ്ട് നിന്നവരിൽ ഒക്കെ ചിരി പടർത്തി.... ജാനി കൊതിയോടെ ആ കുഞ്ഞിനെ നോക്കി.... കണ്ണ് തട്ടാതിരിക്കാൻ അവൾ തന്നെ കൈ കൊണ്ട് ഉഴിഞ്ഞു.... റാവൺ ആ കുഞ്ഞിനെ തന്നെ നോക്കി നിൽപ്പാണ്.... അവൻ കുഞ്ഞ് നന്ദുവിനെ ഓർത്തുപോയി..... നന്ദുവിന്റെ അതേ പകർപ്പ്..... അതേ കണ്ണുകൾ..... പതിയെ യുവ കുഞ്ഞിനെ അവന്റെ കൈയിലേക്ക് വെച്ചു കൊടുത്തു.... റാവൺ കണ്ണിമ വെട്ടാതെ അവനെ നോക്കി.... നന്ദുവിനെ കൈയിൽ എടുത്തത് പോലെ..... ആ കുഞ്ഞിനോട് നന്ദുവിനോടുള്ള അതേ വാത്സല്യം തോന്നി അവന്.... എല്ലാവരും കൂടി നിന്ന് കൊഞ്ചിച്ചപ്പോഴേക്കും നേഴ്സ് വന്ന് തിരികെ വാങ്ങി പോയി.... യുവ സ്വീറ്റ്സ് വാങ്ങി എല്ലാവർക്കും വിതരണം ചെയ്തു.... നന്ദു തളർച്ചക്കിടയിലും സ്നേഹത്തോടെ ഒന്ന് തൊട്ടതും കക്ഷി വലിയ വായിൽ കരഞ്ഞു..... അതോടെ അവൾ കൈ പിൻവലിച്ചു..... അവൾ കൈ മാറ്റിയതും സ്വിച്ച് ഇട്ടത് പോലെ അവന്റെ കരച്ചിൽ നിന്നു....

അത് കണ്ട് അവൾ മുഖം വീർപ്പിച്ചു.... അവൾ വീണ്ടും തൊടാൻ നോക്കിയപ്പോ ഇത് തന്നെ അവസ്ഥ.... ഒടുവിൽ പാല് കുടിക്കാൻ നേരം ഒരു കരച്ചിലും വിളിയും ഇല്ലാതെ കിടക്കുന്നവനെ കണ്ടപ്പോൾ അവളൊന്ന് അന്താളിച്ചു പോയി.... •••••••••••••••••••••••••••••••••••••••••° മൂന്നാം ദിവസം നന്ദുവിനെയും കുഞ്ഞിനേയും വീട്ടിലേക്കു കൊണ്ട് വന്നു.... യാദവ് കൃഷ്ണ.... യുവ കണ്ടെത്തിയ പേര് എല്ലാവർക്കും ബോധിക്കുകയും ചെയ്തു..... പ്രസവശുശ്രൂശയും കുഞ്ഞിന്റെ ഇരുപതിയെട്ടും പേരിടലും ഒക്കെ ആയി ദിവസങ്ങൾ കൊഴിഞ്ഞു പോയി.... കുഞ്ഞിനെ കുളിപ്പിക്കുന്ന ദൗത്യം ശിവദ ഏറ്റെടുത്തു.... അതിനെ പൊട്ട് തൊട്ട് പുരികം വരച്ചു ഒരുക്കുകയാണെന്ന പേരിൽ ജാനി ആ കുഞ്ഞു മുഖത്ത് എന്തൊക്കെയോ കാട്ടി കൂട്ടും..... കുഞ്ഞ് എപ്പോഴും ജാനിടെയൊ യാമിയുടെയോ കൈയിൽ ആവും.... ഇടക്ക് റാവൺ വന്ന് മുറിയിലേക്ക് എടുത്തോണ്ട് പോകും.... അതൊന്നുമല്ല പ്രശ്നം..... വഴിയിൽ കൂടി പോകുന്നവർ വന്ന് എടുത്താൽ പോലും കക്ഷിക്ക് പ്രശ്നം ഇല്ല.... നന്ദു എപ്പോ എടുത്താലും സൈറൺ അപ്പൊ മുഴങ്ങും.... നന്ദുവിനോട് മാത്രം അവന് എന്തോ അയിത്തം.... എന്നാൽ വിശക്കുമ്പോൾ അവന് ഒരു അയിത്തവും ഇല്ല.... നന്ദുവിന് നല്ല കലി വരും....

കൊച്ചിനെ യുവ എന്തോ കൂടോത്രം ചെയ്ത് തിരിച്ചതാണെന്ന് പറഞ്ഞു അവൾ യുവയോട് വഴക്കിന് പോകും..... അച്ഛനെ ഇട്ട് കഷ്ടപ്പെടുത്തിയത് വയറ്റിൽ കിടന്ന് എന്റെ കൊച്ച് അറിഞ്ഞിട്ട് അതിന് പ്രതികാരം ചെയ്യുന്നതാണെന്ന് അവനും വാദിക്കും..... കാര്യം എന്താണെന്ന് അറിയില്ല.... അവന് നന്ദൂനെ കണ്ടാൽ അപ്പൊ തുടങ്ങും കീറൽ.... അമ്പത്താറ് കഴിഞ്ഞതും നന്ദുവും കുട്ടിയും യുവയുടെ വീട്ടിലേക്ക് പോയി.... ജാനിയും യാമിയും കുഞ്ഞു പോയതോടെ ആകെ ശോകത്തിലും..... എല്ലാവരും അവനെ ഓമനിച്ചു യദുന്ന് വിളിച്ചു തുടങ്ങി.... ദിവസങ്ങൾ പിന്നെയും കടന്ന് പോയി.... വലിയ ആർഭാടങ്ങൾ ഒന്നും ഇല്ലാതെ അമ്പലത്തിൽ വെച്ച് ചന്ദുവും വിക്രവും വിവാഹിതരായി..... തികച്ചും ലളിതമായൊരു ചടങ്ങ്..... അച്ഛനെ വിട്ട് പോരാൻ ചന്ദുവിനുള്ള വിഷമം മനസ്സിലാക്കി വികാസിന്റെ വീടിന് തൊട്ട് അടുത്തുള്ള വീട് ശിവശങ്കർ വിലക്ക് വാങ്ങി അവിടെ താമസം തുടങ്ങി..... ഇന്ന് ശിവശങ്കർ സന്തുഷ്ടനാണ്.... മകളെ മനസ്സിലാക്കുന്ന നല്ലൊരു ഇണയെ തന്നെ അവൾക്ക് കിട്ടിയെന്നത് വീണ്ടും വീണ്ടും അയാൾക്ക് ബോധ്യപ്പെട്ടു.... ശിവശങ്കർ തന്റെ സ്വത്തുക്കൾ ഏറ്റെടുക്കാൻ വിക്രത്തെ നിർബന്ധിച്ചെങ്കിലും അവനത് സ്നേഹത്തോടെ നിരസിച്ചു....

ഇപ്പോഴത് നോക്കി നടത്തുന്നത് ചന്ദുവാണ്.... കൊലപാതകിയെന്നും ഭ്രാന്തി എന്നും പലരും കുത്തി നോവിക്കാൻ ശ്രമിക്കാറുണ്ടെങ്കിലും അവളതൊന്നും ഗൗനിക്കാറില്ല..... ഇപ്പൊ അത്തരം പ്രയോഗങ്ങളൊന്നും അവളെ വേദനിപ്പിക്കാറില്ല.... ഇപ്പോഴുള്ള ജീവിതത്തിൽ അവൾ സന്തുഷ്ടയായിരുന്നു.... സമൂഹത്തിന്റെ പഴി ചാരലുകൾ അവളിപ്പോൾ അവഗണിക്കാറാണ്‌ പതിവ്..... റിയ ഒരിക്കൽ രണ്ട് പേരെയും കാണാൻ എത്തിയിരുന്നു.... ചെയ്ത തെറ്റുകൾക്ക് ഒരിക്കൽ കൂടി മാപ്പ് പറഞ്ഞ് അവർക്ക് ആശംസകൾ അറിയിച്ചിട്ടാണ് അവൾ തിരികെ പോയത്..... ക്ഷമിച്ചു എന്ന വാക്ക് അന്ന് വിക്രത്തിന് പറയാതിരിക്കാൻ കഴിഞ്ഞില്ല..... കാലങ്ങൾ കഴിഞ്ഞപ്പോൾ റിയയെ അച്ഛൻ തിരികെ വിളിച്ചെങ്കിലും പോകാൻ അവൾ കൂട്ടാക്കിയില്ല..... സ്വന്തം കാലിൽ നിന്നുള്ള ജീവിതം വിട്ട് തിരികെപ്പോകാൻ എന്തോ അവളും ആഗ്രഹിച്ചില്ല..... നാളുകൾ കഴിയും തോറും അവളുടെ ജോലിയും മാറിക്കൊണ്ടിരുന്നു..... ഇന്ന് അവൾ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്..... പാപഭാരങ്ങൾ ഇറക്കി വെച്ച് അധ്വാനിച്ചു ജീവിക്കുന്ന ആ ജീവിതം അവളും ആസ്വദിക്കുകയാണ്.... •••••••••••••••••••••••••••••••••••••••°

"കൺഗ്രാറ്റ്സ് മിസ്സിസ് ജാനകി.... ട്വിൻസ് ആണ്‌....."പ്രെഗ്നൻസി കൺഫേം ചെയ്യാൻ എത്തിയ ജാനിയെയും റാവണിനെയും കാത്തിരുന്നത് ഇരട്ടി മധുരമാണ്.... ഡോക്ടർ പറയുന്നത് കേട്ട് റാവൺ ജാനിയുടെ കൈകളിൽ മുറുക്കെ പിടിച്ചു.... ട്രീറ്റ്മെന്റ് തുടങ്ങിയിട്ട് രണ്ട് വർഷത്തോട് അടുക്കുന്നു..... ഇന്നിതാ അവരുടെ കാത്തിരിപ്പിന് ഫലമുണ്ടായിരിക്കുന്നു..... ഒന്നല്ല രണ്ട് ജീവനുകളാണ് ഇന്നവളുടെ ഉദരത്തിൽ തുടിക്കുന്നത്.... അത് അറിഞ്ഞു ജാനി കരഞ്ഞു പോയി..... എക്സ്ട്രാ കെയർ കൊടുക്കണമെന്ന് ഓർമിപ്പിച്ചു ഡോക്ടർ വിട്ടതും പുറത്തിറങ്ങി ജാനി പൊട്ടി കരഞ്ഞു പോയി..... ആളുകൾ ശ്രദ്ധിക്കുന്നത് കണ്ട് റാവൺ അവളെ പൊതിഞ്ഞു പിടിച്ചു... മെഡിസിൻ വാങ്ങി പുറത്തിറങ്ങി.... കാറിലേക്ക് കയറി.... അവളുടെ നെറ്റിയിൽ അമർത്തി മുത്തി.... രണ്ട് പേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി.... ജാനിയുടെ ആഗ്രഹപ്രകാരം അവർ ആദ്യം പോയത് ഗൗരിയെ കാണാനാണ്..... ആ വാർത്ത ഗൗരിയെ തന്നെ ആദ്യം അറിയിച്ചു..... സന്തോഷം കൊണ്ട് ഗൗരിയുടെ കണ്ണുകൾ നിറഞ്ഞു....

കെട്ടിപ്പിടിക്കാൻ ആഞ്ഞ ഗൗരിയെ അവൾ തടഞ്ഞു..... "ഒരു അമ്മയാവാൻ കഴിഞ്ഞില്ലെന്നോർത്ത് ഞാൻ ഏറ്റവും അധികം കരഞ്ഞിട്ടുള്ളത് എപ്പോഴാണെന്ന് അറിയുമോ.... അത് നിങ്ങളുടെ നാവിൽ നിന്ന് കേട്ടപ്പോൾ..... നിങ്ങൾ ചോദിച്ചല്ലോ നിങ്ങൾ എന്ത് തെറ്റാ ചെയ്തതെന്ന്.... ഒരു മകളോട് ചെയ്യാൻ പാടില്ലാത്തതൊക്കെ അല്ലേ നിങ്ങൾ എന്നോട് ചെയ്തിട്ടുള്ളൂ.... ഒരു അമ്മയുടെ എന്തെങ്കിലും കടമ നിങ്ങൾ ചെയ്തിട്ടുണ്ടോ....? നിങ്ങളെ വെറുക്കാൻ എനിക്ക് ഒരുപാട് കാരണങ്ങൾ ഉണ്ട്... പക്ഷേ സ്നേഹിക്കാൻ എത്ര ചിന്തിച്ചിട്ടും ഒരൊറ്റ കാരണം പോലും എനിക്ക് കിട്ടുന്നില്ല.... അങ്ങനെ ഉണ്ടെങ്കിൽ നിങ്ങൾ പറയ്...."ഒരു മറുപടി ഇല്ലാതെ ഗൗരി നിന്ന് പോയി "ഇല്ലല്ലേ.... കുറേ ദ്രോഹങ്ങൾ അല്ലാതെ മറ്റൊന്നും ഉണ്ടാവില്ല ഓർക്കാൻ ആയിട്ട്..... പിന്നെ.... നിങ്ങൾ എന്നോട് ചെയ്തതൊന്നും അമ്മയുടെ സ്നേഹം സ്വാർത്ഥത എന്നൊക്കെ പറഞ്ഞ് ഒരിക്കലും എന്റെ കുഞ്ഞുങ്ങളോട് ഞാൻ ചെയ്യില്ല...."അങ്ങനെ പറഞ്ഞ് അവസാനിപ്പിച്ചു കൊണ്ട് ജാനി തിരിഞ്ഞു നടന്നു.... ഗൗരിക്ക് സങ്കടം തോന്നി...

. അവളെ കൈവിട്ട് പോകാതിരിക്കാൻ എന്തൊക്കെയോ കാട്ടി കൂട്ടിയതാണ്.... കഴിഞ്ഞതൊക്കെ ഇനി തിരുത്താൻ ആവില്ലാന്ന് വർധിച്ച ഹൃദയവേദനയോടെ ഓർത്തുകൊണ്ട് ഗൗരി കണ്ണ് തുടച്ചു.... ജാനിയുടെ പ്രെഗ്നൻസി എല്ലാവർക്കും ഒരു ആശ്വാസമായിരുന്നു.... ഇളയും യാമിയും അഞ്ചും ആറും മാസം ഗർഭിണികൾ ആയിരുന്നു.... ജാനിക്ക് കിട്ടിയ ഇരട്ടി സന്തോഷം നന്ദുവും മാനസയും ഒക്കെ വലിയ ആഘോഷം ആക്കി.... എക്സ്ട്രാ കെയർ കൊടുക്കണമെന്നുള്ളത് കൊണ്ട് തന്നെ ശിവദ ജാനിയെ കൂടുതൽ ശ്രദ്ധിച്ചു.... റാവണും അതേ..... ജാനി ഓരോ മാസവും കുഞ്ഞുങ്ങളുടെ വളർച്ച ശ്രദ്ധിച്ചും ആസ്വദിച്ചും ഒക്കെ തള്ളി നീക്കി.... ഇതിനിടക്ക് യാമിയുടെ ചടങ്ങ് നടത്തി അവളെ വീട്ടിലേക്ക് കൊണ്ട് പോയി..... ഇളക്ക് അന്നേരമാണ് ഒരു കുടുംബമില്ലെന്ന കുറവ് അനുഭവപ്പെട്ടത്.... എന്നാൽ നന്ദുവും മാനസയും ആ കുറവ് അവളെ അറിയിക്കാതെ ചടങ്ങ് നന്നായി തന്നെ നടത്തി കൊടുത്തു ഇളക്കും..... അതിൽ ഇളയുടെ മാത്രമല്ല മനുവിന്റെ മനസ്സും നിറഞ്ഞു.....

ഗർഭകാല അസ്വസ്ഥതകളും മറ്റുമായി മാസങ്ങൾ വീണ്ടും കൊഴിഞ്ഞു പോയി... യാമിയും ഇളയും രണ്ട് പെൺ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി.... അവർക്ക് ആരോഹി എന്നും ഇഷാനി എന്നും പേരിട്ടു..... ജാനിക്ക് ചടങ്ങ് നടത്തിയത് ജനകനും ഭാര്യയുമാണ്.... അവർ കൂട്ടിക്കൊണ്ട് പോകാൻ നിന്നപ്പോൾ റാവണും എതിരൊന്നും പറഞ്ഞില്ല.... എന്നാൽ അതിലൊക്കെ ഗൗരി വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു.... തന്റെ സ്ഥാനം എല്ലാവരും കൂടി മറ്റൊരാൾക്ക്‌ ചാർത്തി കൊടുക്കുന്നതിൽ ഗൗരിക്ക് നല്ല വിഷമം ഉണ്ടായിരുന്നു.... റാവൺ ഇടക്കൊക്കെ പോയി ജാനിയെ കാണുമായിരുന്നു.... ജിത്തു അവിടെ ഉണ്ടെന്ന സമാധാനം അവനുണ്ടായിരുന്നെങ്കിലും ഇടക്കിടക്ക് ഒരു സന്ദർശനം അവൻ പതിവാക്കി..... ഇരട്ട കുട്ടികൾ ആയത് കൊണ്ടാവും ഒൻപത് മാസം തികയും മുന്നേ ചെറിയ ബുദ്ധിമുട്ടുകൾ ഒക്കെ അനുഭവപ്പെട്ടു അവളെ ഹോസ്‌പിറ്റലിൽ അഡ്മിറ്റ്‌ ആക്കി.... അഡ്മിറ്റ്‌ ചെയ്ത് രണ്ടാം ദിവസം അവൾ ഒരു ആൺ കുട്ടിക്കും ഒരു പെൺ കുട്ടിക്കും ജന്മം നൽകി... റാവൺ ഇരട്ടകുട്ടികളുടെ അച്ഛൻ ആയി....

ആദ്യം നേഴ്സ് അവനെ ഏൽപ്പിച്ചത് ആൺ കുഞ്ഞിനെയാണ്..... അവൻ കുഞ്ഞി കൈ പൊക്കി അവന്റെ മുഖത്ത് തട്ടുകയും മറ്റും ചെയ്യുന്നുണ്ട്..... അടങ്ങി ഇരിക്കാതെ കൈയും കാലും ഇളക്കി എന്തൊക്കെയോ ഗോഷ്ടി കാണിക്കുന്നുണ്ട്..... അതേ സമയം പെൺകുഞ്ഞ് അനങ്ങാതെ നേഴ്സിന്റെ കൈയിൽ ഇരിക്കുകയാണ്..... അത് കണ്ട് മറു കൈയിൽ അവൻ ആ കുഞ്ഞിനേയും വാങ്ങി.... രണ്ട് പേരെയും നെഞ്ചോട് ചേർത്തു വെച്ചു.... അവന്റെ കണ്ണ് കലങ്ങിയിരുന്നു.... പഞ്ഞിക്കെട്ട് പോലുള്ള രണ്ട് കുഞ്ഞുങ്ങൾ..... കുഞ്ഞുങ്ങൾക്ക് ചുറ്റും ഈച്ച പൊതിയും പോലെ ആളുകൾ കൂടി..... ആൺ കുഞ്ഞു വികൃതിയാണെന്ന് നിമിഷങ്ങൾ കൊണ്ട് അവൻ തെളിയിച്ചു.... മറ്റേ പുള്ളിക്കാരി എയർ പിടിച്ചു അച്ഛനെ നോക്കുവാണ്.... മുഖത്തൊക്കെ ഭയങ്കര ഗൗരവം..... അത് കണ്ട് റാവൺ വീർത്ത കുഞ്ഞിക്കവിളിൽ അമർത്തി മുത്തി..... അതോടെ ആ മുഖത്തെ കാർമേഘം വിട്ടൊഴിഞ്ഞു പുഞ്ചിരി വിരിഞ്ഞു..... കണ്ട് നിന്നവർക്കെല്ലാം അവൾ റാവണിന്റെ തനി പകർപ്പാണെന്ന് തോന്നിപ്പോയി ആ നിമിഷം..... •••••••••••••••••••••••••••••••••••••°

ഇരട്ടകൾക്ക് വയസ്സ് ഒന്ന് കഴിഞ്ഞു.... രുദ്രാൻഷ് എന്ന അച്ചുവും ആത്മിക എന്ന ആമിയും.... മൂത്തത് ആമിയാണ്.... ഇനി മൂത്തവൾ ആയതിന്റെയാണോ എന്നറിയില്ല തലക്കനം കുറച്ച് കൂടുതലാണ് അവൾക്ക് .... ആര് വിളിച്ചാലും പോകത്തും ഇല്ല ചിരിക്കത്തും ഇല്ല.... അവൾ അച്ഛൻ കുട്ടിയാണ്..... അച്ചു നേരെ തിരിച്ചും ആരും വിളിക്കണമെന്ന് പോലും അവന് നിർബന്ധം ഇല്ല..... ആരെ കണ്ടാലും ചാടി അങ്ങ് പോകും.... ആരവിനോപ്പം ഊര് തെണ്ടലാണ് അവന്റെ പണി.... അവനാണെൽ അമ്മക്കുട്ടിയും.... കുരുത്തക്കേടിന്റെ ആശാൻ ആണ്‌.... കൂട്ടിന് അമ്മയും കാണും.... എന്തേലും കുരുത്തക്കേട് ഒപ്പിച്ചിട്ട് റാവണിന്റെ വഴക്ക് കേൾക്കലാണ് അമ്മയ്ക്കും മോനും ആകെയുള്ള പണി.... കഴിഞ്ഞാഴ്ച രണ്ടും കൂടി ഫ്രിഡ്ജിൽ ഇരുന്ന ഐസ് ക്രീം മുഴുവൻ തിന്ന് തീർത്തു.... കാലക്കേടിന് അച്ചുവിന് അന്ന് തന്നെ ചുമയും പിടിച്ചു....

ആരവിന്റെ മോള് അത് കൃത്യമായി വല്യച്ഛന്റെ ചെവിയിൽ എത്തിച്ചും കൊടുത്തു.... റാവൺ രണ്ടിനേം എടുത്തിട്ട് കുടഞ്ഞു..... രണ്ടും കൂടി പാവങ്ങളെ പോലെ തലയും കുനിച്ചു പിന്നിൽ കൈയും കെട്ടി നിന്ന് എല്ലാം കേൾക്കും..... പോകാൻ പറയുമ്പോ തലയും കുലുക്കി ജാനി തിരിഞ്ഞു നടക്കും.... അച്ഛനെ ഒന്ന് എത്തി നോക്കി അമ്മ ചെയ്തത് പോലെ തലയും കുലുക്കി തിരിഞ്ഞ് അച്ചുവും കുണുങ്ങി കുണുങ്ങി അമ്മേടെ പിറകെ ഓടും.... ആമി ബെഡിൽ ഇരുന്ന് അവരെ സൂക്ഷിച്ചു നോക്കും... അവൾ അവരെ ഒറ്റാറുമില്ല കൂടെ കൂടാറുമില്ല.... റാവൺ ഉള്ളപ്പോ അവൾ അവന്റെ കൂടെയാണ്..... അവൻ അവന്റെ വർക്ക്‌ ചെയ്യുമ്പോൾ ആമി അവന്റെ പുറകിൽ ചാരി ഇരുന്നു കളറിങ് ബുക്കിൽ വൃത്തിയായി കളർ ചെയ്ത് ഇരിക്കും.... അങ്ങനെ അങ്ങനെ വളരെ സന്തുഷ്ടമായി അവരങ്ങനെ ജീവിച്ചു പോകുന്നു..... പ്രസവശുശ്രൂഷ ഒക്കെ ശാരദ ഏറ്റെടുത്തപ്പോൾ ഗൗരി നല്ല വഴക്കൊക്കെ ഉണ്ടാക്കിയിരുന്നു..... ആദ്യം ഒന്നും മിണ്ടിയില്ലെങ്കിലും അധികമായപ്പോൾ ജാനിയും തിരിച്ചു പറഞ്ഞു....

അത് വലിയ വഴക്കായി ഗൗരി പിണങ്ങിപ്പോയതാണ്..... പിന്നെ കുറേക്കാലം പിണക്കത്തിലൊക്കെ ആയിരുന്നു.... പെട്ടെന്നൊരു ദിവസം കുഞ്ഞുങ്ങൾക്ക് സമ്മാനം ഒക്കെ ആയി കയറി വന്നു.... ജാനി മുഖം കറുപ്പിച്ചപ്പോൾ ശിവദ തടഞ്ഞു.... കുഞ്ഞുങ്ങളേ വന്ന് എടുക്കലും കൊഞ്ചിക്കലും ഒക്കെയായി സമയം കളയും പോകും.... ജാനിയോട് മിണ്ടാറില്ല..... അവൾ തിരിച്ചും..... ഇടക്കിടക്ക് ആ വരവുണ്ട് ഇപ്പൊ..... അച്ചു ഗൗരി വിളിക്കുമ്പോ പോകാറുണ്ടെങ്കിലും ആമി അതിന് നിൽക്കാറില്ല.... അവൾ അച്ഛനെ പോലെയാണ്.... സംസാരവും പെരുമാറ്റവും ഒക്കെ അച്ഛനെ പോലെ തന്നെ..... യാമിയും ആരവും ശിവദയും ആരുവിന്റെയും അച്ചുവിന്റെയും കുരുത്തക്കേടുകൾ കാണുമ്പോൾ ആമിയെ കണ്ട് പഠിക്കാൻ ഉപദേശിക്കും.... അന്നേരം രണ്ടും കൂടെ ആമിയെ ഒരു നോട്ടം നോക്കും.... അവൾ അത് മൈൻഡ് ചെയ്യാതെ ഒന്നുകിൽ അച്ഛന്റെ മടിയിൽ അല്ലെങ്കിൽ ഡ്രോയിങ് ബുക്കുമായി ഇരിക്കും .... ആരുവിനെയും അച്ചുവിനെയും നന്നാക്കാൻ അവരും അവരെ വഷളാക്കാൻ ജാനിയും മത്സരിച്ചു കൊണ്ടിരുന്നു.....

ഇടക്ക് കൂട്ടത്തിൽ നിന്ന് ആരു തന്നെ ഒറ്റുകയും ചെയ്യും.... ഇങ്ങനെ ഒക്കെ ആണെങ്കിലും അവരവിടെ സന്തുഷ്ടരായിരുന്നു..... നന്ദുവും കുഞ്ഞും ഇപ്പോൾ യുവക്കൊപ്പം വിദേശത്താണ്.... കൂട്ടിനു യുവയുടെ അച്ഛനും അമ്മയും.... ജെനി എക്‌സാമിന് വേണ്ടി പ്രിപ്പയർ ചെയ്യുകയാണ്.... അവളുടെ പഠിപ്പ് കഴിഞ്ഞ് ഒരു കുഞ്ഞിനെ പറ്റി ചിന്തിക്കാം എന്ന സ്റ്റാൻഡിലാണ് ജിത്തു.... മാനസയും ഇളയും മാതൃകാനാത്തൂന്മാരായി ഒരു കുടക്കീഴിൽ കുടുംബത്തോടൊപ്പം കഴിയുന്നു.... വിക്രവും ചന്ദുവും തൊട്ടടുത്ത വീട്ടിൽ സൗഹൃദം ഒട്ടും കുറയാതെ ജീവിച്ചു പോകുന്നു.... അവരുടെ സൗഹൃദം നിറഞ്ഞ ജീവിതത്തിന്റെ രണ്ടാം വാർഷികം ആഘോഷിക്കുമ്പോൾ അവരുടെ കുഞ്ഞ് അപ്പുക്കുട്ടൻ അവരെ നോക്കി കൈ കൊട്ടി ചിരിക്കുന്നുണ്ടായിരുന്നു.... അവസാനിച്ചു.... 😁

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story