കൽക്കണ്ടം: ഭാഗം 29

kalkandam new

എഴുത്തുകാരി: അശ്വിനി

"എന്താ ഹെഡ്‍ലൈൻ എന്ന് അറിയണ്ടേ...... പട്ടാപകൽ ബീച്ചിൽ അഴിഞ്ഞാടിയ വിദ്യാർത്ഥികളെ നാട്ടുകാർ കയ്യോടെ പിടി കൂടി....... ലോകം മുഴുവൻ കണ്ടു..... എല്ലാരേയും നാണം കെടുത്തിയപ്പോ സന്തോഷം ആയല്ലോ ലെ..... " ചെറിയച്ഛൻ പരിഹാസത്തോടെ പറയുന്നത് കേട്ട് തറഞ്ഞു നിന്നു പോയി..... അഴിഞ്ഞാട്ടോ.......?? "എന്തൊക്കെയാ ഈ പറയുന്നെ..... അഴിഞ്ഞാട്ടോ..... ഇതാരോ മനഃപൂർവം ഉണ്ടാക്കിയത് ആണ്..... " അസഹനീയതയോടെ വിളിച്ചു പറഞ്ഞതും വല്യേട്ടൻ മുന്നിലേക്ക് വന്നു..... "ആരാ ഈ കൂടെ ഉള്ള ചെക്കൻ..... " "ഋഷി...... " "അവൻ നിനക്ക് ആരാ..... " "എനിക്കവനെ ഇഷ്ടം ആണ്.... അവന് എന്നെയും..... " സധൈര്യം ഏട്ടന്റെ മുഖത്തു നോക്കി പറഞ്ഞതും മുഖമടച്ചു ഒന്ന് കിട്ടി സൈഡിലേക്ക് വേച്ചു...... "അഹങ്കാരി.... ഇത്രയും ചെയ്തു വെച്ചിട്ട് ഇഷ്ടം ആണ് പോലും..... ഇഷ്ടം കാണിച്ചപ്പോ ആയിരിക്കും നാട്ടുകാർ പിടിച്ചത് അല്ലേ...... " "നിങ്ങൾ ഈ കണ്ടത് പോലൊന്നും..... "

"മിണ്ടിപ്പോകരുത്..... കണ്ടത് പോലെ നടന്നില്ലെങ്കിൽ പിന്നെ ഇത് എന്താ...... കണ്ടത് നിന്നെ അല്ലെന്ന് ആണോ..... ഏതോ ഒരുത്തനെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്തേക്കുന്നു..... ഛെ..... വളർത്തു ദോഷം അല്ലാതെന്താ..... " വല്യച്ഛൻ അച്ഛനെ നോക്കി പരിഹാസത്തോടെ പറഞ്ഞതും അച്ഛൻ തല കുനിച്ചു ഇരിക്കുന്നത് കണ്ടു തളർച്ചയോടെ ഭിത്തിയിൽ ചാരി നിന്നു.... എന്ത് പറഞ്ഞിട്ടും കാര്യമില്ല...... ആരും വിശ്വസിക്കാനും പോവുന്നില്ല..... 'നമുക്ക് ജന്മം തന്നുപോയി എന്ന കാരണം കൊണ്ട് മറ്റുള്ളവർക്ക് മുന്നിൽ അച്ഛനും അമ്മയും തല കുനിക്കേണ്ടി വരുന്നു എന്നതിനേക്കാൾ വലിയ പാപം വേറൊന്നും ഇല്ല.......' പണ്ട് നിത്യ പറഞ്ഞത് ഓർമ്മ വന്നതും കണ്ണ് നിറഞ്ഞു....... മറ്റൊരുത്തന്റെ മോശപ്പെട്ട രീതിയിലുള്ള നോട്ടം പോലും ഏൽക്കാതെ സംരക്ഷിച്ചവനോടുള്ള സ്നേഹം ആയിരുന്നു അതെന്ന് എങ്ങനെ പറഞ്ഞു മനസ്സിലാക്കും എല്ലാവരെയും.... കണ്ണ് തുടച്ചു ആരെയും നോക്കാതെ അച്ഛന്റെ മുന്നിലേക്ക് നടന്നു....

"അ..... അച്ഛാ..... " വിറയലോടെ തോളിൽ കൈ വെച്ച് വിളിച്ചു...... മുഖം ഉയർത്തി നോക്കുക പോലും ചെയ്യുന്നില്ലെന്ന് കണ്ടു മുന്നിൽ മുട്ടുകുത്തിയിരുന്നു കയ്യിൽ പിടിച്ചു....... "അച്ഛാ...... എന്നോട് പൊറുക്കച്ചാ..... എപ്പോഴോ ഇഷ്ടപ്പെട്ടു പോയി..... പക്ഷേ... ആ വീഡിയോയിൽ കാണുന്ന പോലെ ഒന്നും അല്ലച്ഛാ..... ആരോ എഡിറ്റ്‌ ചെയ്തിട്ടതാ...... " ഒന്നും മിണ്ടാതെ അച്ഛൻ മുഖം തിരിച്ചു.... "അച്ഛാ...... " വിളിച്ചു തീർന്നതും ചെവിയടക്കം ഒന്നും കൂടി കിട്ടി....... വേദനയോടെ കവിളിൽ പൊത്തി നോക്കിയപ്പോ അമ്മയാണ്..... "അമ്മേ...... അമ്മയെങ്കിലും ഒന്ന് വിശ്വ......" "മിണ്ടരുത് നീ........ കണ്ടോടി...... ഇരിക്കുന്നത് കണ്ടോ..... നിന്നെയൊക്കെ ഒരു കുറവും വരാതെ വളർത്തിയതിന് ഇങ്ങനെ തന്നെ ചെയ്യാണായിരുന്നോടി ദ്രോഹി...... " അതും പറഞ്ഞു വീണ്ടും വീണ്ടും തല്ലി....... "മതി നിഷേച്ചി..... ഇനിയും തല്ലിയാൽ അവള് ചത്തു പോവും...... " അടി കൊള്ളുന്നതിന് ഇടയ്ക്കും ആരോ വിളിച്ചു പറയുന്നത് കേട്ടു....

എന്നിട്ടും അമ്മ നിർത്തിയില്ല...... ഒരക്ഷരം പറയാതെ തല്ല് മുഴുവൻ കൊണ്ടു..... ഇടയ്‌ക്കൊപ്പൊഴോ നാക്ക് പല്ലിനിടയിൽ കുടുങ്ങിയതും വേദന പുളഞ്ഞു.... വായിൽ നിന്ന് ചോര വന്നിട്ട് പോലും അമ്മ നിർത്തിയില്ല...... ആരൊക്കെയോ പിടിച്ചു അമ്മയെ മാറ്റിയതും തളർച്ചയോടെ ഭിത്തിയിലേക്ക് ചാഞ്ഞിരുന്നു...... മുഖം മുഴുവൻ നീറുന്നു..... "മതി പഠിപ്പും തെണ്ടലും.... അടങ്ങി ഒതുങ്ങി കിടന്നോണം മുറിയിൽ.... എല്ലാരേയും നാണം കെടുത്തിയിട്ട് അവന്റെ കൂടെ പോയി സുഖിച്ചു ജീവിക്കാം എന്നൊരു വിചാരം ഉണ്ടെങ്കിൽ അതങ്ങു മാറ്റി വെച്ചേക്ക്..... രാജേഷേ..... കൊണ്ട് പോയി പൂട്ടിയിടെടാ ഈ പിഴച്ചവളെ......" വല്ല്യച്ഛൻ ദേഷ്യത്തോടെ പറയുന്നത് കേട്ട് ഞെട്ടലോടെ തലയുയർത്തി നോക്കി..... പിഴച്ചവൾ...... ആ വിളി മാത്രം കാതിനു ചുറ്റും അലയടിച്ചതും കരയാൻ പോലും കഴിയാതെ മരവിച്ചിരുന്നു...... അച്ഛൻ മുണ്ടിന്റെ തലപ്പ് കൊണ്ട് കണ്ണ് തുടയ്ക്കുന്നത് കണ്ട മാത്ര സകല വേദനയും മറന്നു ചുണ്ട് തുടച്ചു അച്ഛന്റെ മടിയിലേക്ക് തല വെച്ച് പൊട്ടിക്കരഞ്ഞു........

"അച്ഛാ..... അച്ഛാ കരയല്ലച്ഛാ.... അച്ഛനറിയില്ലേ എന്നെ..... അച്ഛാ.... " കയ്യിൽ പിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞിട്ടും അച്ഛൻ വിങ്ങി പൊട്ടുന്നത് കണ്ടു തലയ്ക്ക് കയ്യും കൊടുത്തു നിലത്തേക്കിരുന്നു.... ഒട്ടും നേരം കളയാതെ ചെറിയച്ഛൻ കയ്യിൽ പിടിച്ചു വലിച്ചു അകത്തേക്ക് നടന്നു...... സോഫയിൽ ഇരുന്നു പതം പറഞ്ഞു കരയുന്ന അമ്മയുടെ അടുത്തേക്ക് പോവാൻ ആഞ്ഞെങ്കിലും ചെറിയച്ഛന്റെ പിടി കാരണം അനങ്ങാൻ പോലും പറ്റിയില്ല...... റൂമിലേക്ക് തള്ളിയിട്ട് തറപ്പിച്ചു ഒന്ന് നോക്കി ചെറിയച്ഛൻ പോയി..... വാ പൊത്തി കരഞ്ഞു കൊണ്ട് ചുമരിൽ താങ്ങി നിലത്തേക്കിരുന്നു..... എങ്ങനെ പറഞ്ഞു മനസ്സിലാക്കും..... ഒരു മുഴം കയറിൽ എല്ലാം അവസാനിപ്പിക്കാം.... അച്ഛനെയും അമ്മയേയും ജീവിതകാലം മുഴുവൻ ഈ ഭാരവും പേറി നടക്കാൻ വിട്ടു എനിക്ക് മാത്രം അങ്ങ് രക്ഷപ്പെടാം...... ആ പാപം കൂടി എവിടെ കൊണ്ടു പോയി തീർക്കും...... എന്തൊരു വിധിയാണ് ദൈവമേ..... എന്തും സഹിക്കാം.....

അച്ഛനെ മറ്റുള്ളവർ കുറ്റപ്പെടുത്തുന്നത് മാത്രം സഹിക്കാൻ വയ്യാ..... അത് ഞാൻ കാരണം ആണല്ലോ എന്നും കൂടി ഓർത്തിട്ടു നെഞ്ച് വിങ്ങി...... റൂമിലേക്ക് ആരോ കയറി വന്നത് അറിഞ്ഞു മുഖം തിരിച്ചു നോക്കി.... അച്ചുവാണ്...... "എന്ത് പറ്റി ഝാൻസി റാണിയുടെ കൊമ്പൊടിഞ്ഞു പോയോ...... ശ്ശൊ.... കഷ്ടമായി പോയി..... " പുച്ഛത്തോടെ മുന്നിൽ വന്നിരുന്നു ചോദിച്ചത് കേട്ട് മറുപടി പറയാതെ നിർവികാരതയോടെ മുഖം തിരിച്ചു...... "ഡീീ..... ഇങ്ങോട്ട് നോക്ക്....... " കവിളിൽ കുത്തി പിടിച്ചു അവൾക്ക് നേരെ മുഖം തിരിക്കാൻ നോക്കിയതും വേദന കൊണ്ട് അവളുടെ കൈ തട്ടി മാറ്റി.... "അയ്യോ..... സോറി...... അടി കൊണ്ട് ഒരു പരുവമായല്ലേ........ നിന്നോട് ഞാൻ അന്നേ പറഞ്ഞല്ലേ എന്നോട് കളിക്കരുതെന്ന്...... " അവളുടെ ശബ്ദത്തിന്റെ ടോൺ മാറിയതും ഞെട്ടലോടെ അവളെ നോക്കി..... "ഞെട്ടിയല്ലേ.... ഹാ ഹാ..... നീയെന്താ വിചാരിച്ചത്.... ഞാൻ ഒക്കെ മറന്നെന്നോ.... ഒരവസരത്തിന് വേണ്ടി കാത്തു നിന്നതാ.....

നീ ഇവിടുന്ന് ഇറങ്ങുന്നതിനു മുൻപ് നിന്റെ മറ്റവനോട് സംസാരിക്കുന്നത് ഞാൻ കേട്ടതാ.... അത് ആദിയെ വിളിച്ചു പറഞ്ഞു കൊടുത്തു.. ബാക്കി എല്ലാം അവന്റെ പ്ലാൻ.... നിനക്കിട്ടൊരു പണിയും ആയി..... കല്യാണവും മുടങ്ങും..... എങ്ങനുണ്ട്...... " അവളൊരു വിജയചിരിയോടെ പറഞ്ഞതും കൈ നിവർത്തി സകല ശക്തിയും എടുത്തു അവളുടെ കരണം പുകച്ചൊന്ന് കൊടുത്തു...... "എടീ.... നീ എന്നെ ഓർക്കണ്ട..... കൊലായിൽ തലയും കുനിച്ചു ഇരിക്കുന്ന ആളെ കണ്ടോ.... ഒരായുസ്സ് മുഴുവൻ നമുക്ക് വേണ്ടി മാറ്റി വെച്ച അച്ഛനെ..... ആ അച്ഛനെ എങ്കിലും ഓർക്കായിരുന്നില്ലേ.... " ചുമലിൽ പിടിച്ചു ദേഷ്യത്തോടെ ചോദിച്ചിട്ടും അവൾക്കൊരു കുലുക്കവും ഇല്ലെന്ന് കണ്ടു പിടിച്ചു പിന്നിലേക്ക് തള്ളി..... "അറപ്പ് തോന്നുന്നെടി നിന്നോട്..... പുഴുത്ത പട്ടിക്ക് പോലും നിന്നെക്കാൾ അന്തസ്സുണ്ട്..... ഒരു വാക്ക്.... ഒരൊറ്റ വാക്ക് എന്റെ ഋഷിയോട് പറഞ്ഞാൽ തീർത്തു കളയും നിന്നെയും നിന്റെ മറ്റവനെയും.....

പക്ഷേ ഞാൻ പറയില്ല...... നിന്റെ ആഗ്രഹം പോലെ കല്യാണം നടക്കട്ടെ..... ഈ ജീവിതകാലം മുഴുവൻ നീ കരയണം........ അച്ഛന്റെ ഓരോ തുള്ളി കണ്ണീരിനും കാലം കണക്ക് പറയിപ്പിക്കും നിന്നെക്കൊണ്ട്...... നീ കുറിച്ച് വെച്ചോ..... യൂ വിൽ റിഗ്രറ്റ്..... റിഗ്രറ്റ് വെരി ബാഡ്‌ലി..... " "നമുക്ക് കാണാം..... " ഒരു പുച്ഛത്തോടെ അവള് ഇറങ്ങി പോവുന്നതും നോക്കി കരയാതിരിക്കാൻ വാ പൊത്തി പിടിച്ചു..... അവൾടെ നല്ലതിന് വേണ്ടിയല്ലേ ഞാനിത്രയൊക്കെ ചെയ്തത്..... എന്നിട്ട് അവള് ചെയ്തത് കണ്ടോ..... സ്വന്തം അനിയത്തി ആണെന്ന് പോലും ഓർക്കാതെ ഇങ്ങനൊരു ചെറ്റത്തരം ചെയ്യാൻ കൂട്ട് നിന്നേക്കുന്നു.....

ഇവളെ പോലൊരു സാഡിസ്റ്റിനു വേണ്ടി സച്ചുവേട്ടന്റെ ലൈഫ് വെച്ച് കളിച്ചല്ലോ എന്നോർത്തു എനിക്കെന്നോട് തന്നെ അറപ്പ് തോന്നിപ്പോയി....... എന്തൊക്കെ കണ്ടു പുച്ഛിച്ചാലും കളിയാക്കിയാലും എനിക്കിഷ്ടമായിരുന്നു അവളെ..... അങ്ങനെ തന്നെ ആവും അവൾക്കും എന്നും ഓർത്തു.... പക്ഷേ....... കണ്ണ് തുടച്ചു ശ്വാസം വലിച്ചു വിട്ടു..... പക്ഷേ എന്തോ വീണ്ടും കണ്ണ് നിറഞ്ഞു..... കണ്ണീരിന്റെ നനവ് പോലും കവിളിൽ അറിഞ്ഞിട്ട് നീറുന്നു..... അതിനേക്കാൾ ഇരട്ടിയിൽ മനസ്സ് നീറുന്നു..... തളർച്ചയോടെ കാൽ മുട്ടിനിടയിലേക്ക് മുഖം പൂഴ്ത്തിയിരുന്നു..... കുറച്ചു കഴിഞ്ഞതും പുറത്തു ആരൊക്കെയോ ബഹളം വയ്ക്കുന്നത് അറിഞ്ഞു കണ്ണ് വലിച്ചു തുറന്നു....... "അങ്ങോട്ട് മാറി നിൽക്കെടാ..... " ഋഷി....... !!!! ഈശ്വരാ................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story