കൽക്കണ്ടം: ഭാഗം 44

kalkandam new

എഴുത്തുകാരി: അശ്വിനി

"ഇത് അവരാ..... അന്ന്.... അന്ന് വന്നവർ..... " വിറയലോടെ പറഞ്ഞതും ഋഷി മുഖം തിരിച്ചു കണ്ണ് കുറുക്കി അവരെ നോക്കി...... അവരുടെ കയ്യിൽ ഹോക്കി സ്റ്റിക്ക് എല്ലാം ഇരിക്കുന്നു.... രണ്ടും കല്പ്പിച്ചു ആണ്........ ഋഷി ഒറ്റയ്ക്കും.... ഇവര് മൂന്നാല് പേരും........ ഋഷി കൂടെ ഉള്ള ധൈര്യം ഉണ്ടെങ്കിലും എന്തോ ഒരു പേടി.... അവനവർക്കടുത്തേക്ക് ചെല്ലും മുൻപ് മുന്നിൽ കേറി നിന്നു....... "നമുക്ക് പോവാം.... പ്ലീസ്......" അവനത് മൈൻഡ് ചെയ്യാതെ അവരെ തന്നെ നോക്കി എന്റെ ഇരു ചുമലിലും പിടിച്ചു സൈഡിലേക്ക് മാറ്റി നിർത്തി..... അവർക്ക് നേരെ നടക്കും മുൻപ് ഞാൻ വീണ്ടും അവന് മുന്നിൽ ചെന്നു നിന്നു..... "ഋഷീ..... " "അങ്ങോട്ട് മാറി നിൽക്ക്..... " "ഒന്നും വേണ്ടാ.... നമുക്ക് പോവാം...... " "നിൽക്കാൻ...... "😠 ഋഷി ഒച്ച ഉയർത്തി സൈഡിലേക്ക് വിരൽ ചൂണ്ടിയതും അവനെ ഒന്ന് ദയനീയമായി നോക്കി റോഡ് സൈഡിലേക്ക് മാറി നിന്നു........ എന്നെയൊന്നു നോക്കി അവൻ അവർക്ക് നേരെ ചെന്നു..... എന്നാലൊട്ടും പ്രതീക്ഷിക്കാതെ അവർ തിരിഞ്ഞോടി.... ഋഷി അവർക്ക് പിന്നാലെയും......

എന്ത് ചെയ്യണം എന്നറിയാതെ ഞാൻ അവർ പോവുന്നതും നോക്കി പകപ്പോടെ നിന്നു....... ഈശ്വരാ കാലന് ദേഷ്യം വന്നപ്പോ ഒറ്റയ്ക്കിട്ടു പോയോ.... ചുറ്റും ഇരുട്ട് മാത്രേ ഉള്ളൂ...... പിന്നാലെ പോവാൻ ആണെങ്കിൽ മുന്നോട്ടൊരടി വയ്ക്കാൻ പോലും പറ്റാതെ ആരോ പിടിച്ചു കെട്ടിയ പോലെ ആണ് കാലിന്റെ അവസ്ഥ..... പെട്ടെന്ന് റോഡിലേക്ക് ആരോ കയറി വരുന്നത് പോലെ തോന്നി ഒരടി പിന്നിലേക്ക് വെച്ചു...... ഹോ നിഴൽ കണ്ടപ്പോ ആണ് ശ്വാസം നേരെ ആയത്....... പുന്നാര കെട്ട്യോൻ ആണ്.... "എന്തും നോക്കി നിൽക്കുവാ..... കൂടെ വാടി.... "😠 അതും പറഞ്ഞു ഋഷി കയ്യിൽ പിടിച്ചു വലിച്ചു അവർ ഓടിയ വഴിയേ സ്പീഡിൽ നടന്നു....... തിരിച്ചു പോവാം എന്ന് പറയാൻ പലവട്ടം ഒരുങ്ങിയതാ...... പക്ഷേ ചെക്കന്റെ മുറുകിയ മുഖം കണ്ടപ്പോ തന്നെ ഉറപ്പായി..... ഇനി അവരെ പഞ്ഞിക്കിടാതെ തിരിച്ചു വരില്ല..... കയ്യും കാലും വേദനിക്കുന്നുണ്ട്....... ഇപ്പോ എന്ത് പറഞ്ഞാലും തലയിൽ കയറില്ല.... നടന്നെത്തിയത് ഒഴിഞ്ഞ ഗ്രൗണ്ടിലേക്ക് ആണ്...... അവിടെ വേറൊരു കാർ ഹെഡ് ലൈറ്റ് ഓൺ ആക്കി ഇട്ടിട്ടുണ്ട്......

ഞങ്ങളെ കാത്തെന്ന പോലെ കുറച്ചു പേർ നിൽക്കുന്നു..... നേരത്തെ കണ്ടവർ മാത്രല്ല.... വേറെയും മൂന്നാൾ കൂടെ ഉണ്ട്..... ആകെ മൊത്തം തമിഴ് ഫിലിമിൽ ഒക്കെ കാണുന്ന പോലത്തെ സെറ്റ് അപ്പ്‌....... അപ്പോ മനഃപൂർവം ഓടിയത് ആവും റോഡിൽ നിന്ന് ഒഴിവാക്കാൻ....... ഇങ്ങനെ ഒക്കെ എത്തിക്കണം എങ്കിൽ അവർ വെൽ പ്ലാൻഡ് ആയിരിക്കും........ അങ്കലാപ്പോടെ ഋഷിയെ നോക്കി..... അവനൊരു കുലുക്കവും ഇല്ലാതെ അവരുടെ എണ്ണവും എടുത്ത് നിൽക്കുവാ..... "ഋഷീ..... നമ്മളിവിടെ സേഫ് അല്ല....... എനിക്കെന്തോ ഒരു വല്ലായ്മ...... തിരിച്ചു പോവാം...... " എത്രയൊക്കെ കെഞ്ചി പറഞ്ഞിട്ടും ഒരു കാര്യവുമില്ല...... എന്നെ പിടിച്ചു സൈഡിലേക്ക് മാറ്റി നിർത്തി കവിളിലൊന്ന് തട്ടി അവനവർക്ക് നേരെ തിരിഞ്ഞു...... പിന്നെ കൈ നീട്ടി വാടാ എന്ന് വിളിക്കുന്നത് പോലെ വിരൽ ചലിപ്പിച്ചു..... അതിനു കാത്തു നിന്നത് പോലെ അവനടുത്തേക്ക് പാഞ്ഞു വരുന്നരെ നോക്കി വർദ്ധിച്ച നെഞ്ചിടിപ്പോടെ നിന്നു...... ഋഷി വലത് മുഷ്ടി ചുരുട്ടി ആദ്യം വന്നയാളുടെ വയറിൽ ആഞ്ഞിടിച്ചു.....

വയറും പൊത്തി നിൽക്കുന്ന അയാളുടെ മുഖത്തു മറ്റേ കൈ ചുരുട്ടി ഇടിച്ചതോടെ അയാളൊരു സൈഡിലേക്ക് വേച്ചു...... പിന്നെയും അടുത്തേക്ക് വരുന്ന ഓരോരുത്തരെ ആയി തികഞ്ഞൊരു അഭ്യാസിയെ പോലെ അവൻ അടിച്ചും ചവിട്ടിയും വീഴ്ത്തുന്നതും നോക്കി കണ്ണ് മിഴിച്ചു നിന്നു..... ആദ്യമായിട്ടാണ് ഋഷി തല്ലുന്നത് കാണുന്നത്..... അത് വരെ എലിയും വൃന്ദയും പറയുന്നത് കേട്ട അറിവേ ഉള്ളൂ....... പെട്ടെന്ന് ഏതോ ഒരുത്തൻ ഹോക്കി സ്റ്റിക്ക് അവന്റെ നെറ്റി നോക്കി വീശി...... ഒഴിഞ്ഞു മാറാൻ ഉള്ള നേരം കിട്ടാതത് കൊണ്ട് നെറ്റി പൊട്ടി ചോര വന്നു......... ഒരിക്കൽ കൂടി ഹോക്കി സ്റ്റിക്ക് വീശിയതും ഋഷി ഒന്ന് കുനിഞ്ഞു അവന്റെ ഇടുപ്പിൽ കൂടി ചുറ്റിപ്പിടിച്ചു പൊക്കിയെടുത്തു പിന്നിലുള്ള ആളുടെ മേലേക്കിട്ടു..... രണ്ടാളും കൂടി വീഴുന്നതും നോക്കി നിന്ന അവന്റെ നെഞ്ചിൽ ആരോ ചവിട്ടി വീഴ്ത്തി..... മേല് വേദനിച്ചാൽ പിന്നെ കണ്ണ് കാണില്ലാലോ..... ചാടി എണീറ്റു ചവിട്ടിയവന്റെ രണ്ട് കവിളിലും മാറി മാറി അടിച്ചു..... മുഷ്ടി ചുരുട്ടി മൂക്കിടിച്ചു പരത്തി പിടിച്ചു സൈഡിലേക്ക് തള്ളി അടുത്തയാൾക്ക് നേരെ തിരിഞ്ഞു......

ഇതിപ്പോഴൊന്നും തീരും എന്ന് തോന്നുന്നില്ല..... എല്ലാരും കട്ടയ്ക്ക് നിൽക്കുന്നുണ്ട്..... എന്തെങ്കിലും ചെയ്തേ പറ്റു..... വല്ല വടിയും കിട്ടോ അറിയാൻ ചുറ്റും നോക്കി..... നേരത്തെ ഋഷി വീണ സ്ഥലത്ത് ഫോൺ വീണു കിടക്കുന്നത് കണ്ടു...... അവരുടെ ശ്രദ്ധ ഇവിടെയല്ലെന്ന് കണ്ടതും വേഗം ചെന്നു ഫോൺ എടുത്തു സച്ചുവേട്ടന്റെ നമ്പർ ഡയൽ ചെയ്തു........ "ഹലോ...... " "ഹലോ...... സച്ചുവേട്ടാ.... ഞങ്ങളെ വീട്ടിലേക്ക് പോകുന്ന വഴിയിലേക്ക് വാ...... " "എന്താടി..... നിന്റെ സൗണ്ട് എന്താ വല്ലാതെ..... " "ഒന്ന് പെട്ടെന്ന് വാ.... പ്ലീസ്.... പറയാൻ ഉള്ള സമയം ഇല്ല..... ഫ്രണ്ട്സിനെ കൂട്ടിക്കോ.... " "കറക്റ്റ് സ്ഥലം പറാ..... " സ്ഥലം..... !!! വഴി അറിയാം എന്നല്ലാതെ സ്ഥലം അറിയില്ല..... അതും ഈ ഇരുട്ടത്ത്........... "ഹലോ.... ഹലോ..... " "പേരറിയില്ല........ വീട്ടിലേക്ക് എത്തുന്നതിനും കുറച്ചു മുൻപാ..... റോഡ് സൈഡിൽ തന്നെ ഉള്ള ഒരു ഗ്രൗണ്ട്.... " "നീ ടെൻഷൻ അടിക്കാതെ വാട്സ്ആപ്പിൽ ലൊക്കേഷൻ ഷെയർ ചെയ്യ്...... " "ആ..... " വേഗം കാൾ കട്ട്‌ ചെയ്തു വാട്സ്ആപ്പ് തുറന്നു...... കണ്ണ് നിറഞ്ഞിട്ട് ഒന്നും കാണാൻ പറ്റുന്നില്ല....... ഋഷി ഓരോരുത്തരെ ആയി മാറി മാറി ഇടിച്ചിടുന്നുണ്ട്.....

അവനും കിട്ടുന്നു...... അതിന്റെ കൂടെ നെറ്റിയിൽ നിന്ന് ചോര നിർത്താതെ വരുന്നും ഉണ്ട്..... കണ്ണ് തുടച്ചു ധൃതിയിൽ ഡാറ്റാ ഓൺ ആക്കി ലൊക്കേഷൻ ഷെയർ ചെയ്ത് കൊടുത്തു...... ഏട്ടൻ പെട്ടെന്ന് വന്നാൽ മതിയായിരുന്നു...... ഫോൺ നെഞ്ചോട് ചേർത്തു പിടിച്ചു അവരെ നോക്കി.... മുന്നിലെ കാഴച കണ്ടു ശ്വാസം അടക്കി നിന്നു പോയി......... പിന്നിൽ നിന്നൊരുത്തൻ തലയ്ക്ക് പിന്നിൽ അടിക്കാൻ ചെല്ലുന്നു...... "ഋഷീ......... " അലറിയുള്ള വിളി കേട്ട് അവൻ സൈഡിലേക്ക് തിരിഞ്ഞു....... അടി കൊണ്ടത് ഇടത്തെ കയ്യിലും...... "ആഹ്...... " അവൻ പിന്നിലേക്ക് വേച്ചു പോയി..... നല്ല സ്ട്രോങ്ങ്‌ ആയിട്ടാണ് കിട്ടിയതെന്ന് തോന്നുന്നു..... ഓടി ചെന്നു അവന്റെ കയ്യിൽ പിടിച്ചു മുഖത്തേക്ക് നോക്കി..... കണ്ണൊക്കെ ചുവന്നു കലങ്ങി ആകെ മൊത്തം ദേഷ്യം കൊണ്ട് വിറയ്ക്കുന്നു...... കയ്യിലടിച്ച ആൾക്ക് നേരെ പാഞ്ഞടുക്കാൻ പോയതും കണ്ണിലേക്കു വെളിച്ചം കുത്തി കയറി ഞങ്ങൾ രണ്ടും കണ്ണിന് കുറുകെ കൈ വെച്ചു...... കൈ മാറ്റി നോക്കിയപ്പോ കണ്ടു മുന്നിലൊരു ബെൻസ് കാർ...... അന്ന് വന്നയാൾ ജയിലിൽ ആണ്....... അപ്പോ പിന്നെ ഇത് ആരായിരിക്കും...... ആകാംക്ഷയോടെ കാറിലേക്ക് നോക്കി..... "മാധവി...." ബാക്കിലെ ഡോർ തുറന്നു ഇറങ്ങിയ സ്ത്രീയെ നോക്കി ഋഷി പിറുപിറുത്തത് കേട്ട് നെറ്റി ചുളിഞ്ഞു......

മാധവി.... ആ മറ്റേ പെണ്ണുമ്പിള്ള....... !! പള പളാ തിളങ്ങുന്ന പട്ട്‌ സാരിയൊക്കെ ഉടുത്തു കനത്തിൽ പുട്ടിയും അടിച്ചു കൊറേ മാലയും വളയും ഇട്ടിട്ടാണ് തള്ളേടെ വരവ്..... നട്ട പാതിരായ്ക്ക് ഈ കോലം ആണെങ്കിൽ പകല് എന്തായിരിക്കും അവസ്ഥ..... വെറുതേ അല്ല സ്വത്തിന് വേണ്ടി കൊല്ലാനും റെഡി ആയിട്ട് നടക്കുന്നെ...... കൈ വിട്ടു പോയാൽ ഈ ജാതി ഫാഷൻ പരേഡ് ഒക്കെ നിൽക്കല്ലോ.... എനിക്ക് തന്നെ അവരുടെ പുച്ഛഭാവം കണ്ടു ആ ഓഞ്ഞ മോന്തയിൽ നിന്ന് കൈ എടുക്കാൻ തോന്നുന്നില്ല... അപ്പോ പിന്നെ ചെക്കന്റെ കാര്യം പറയണ്ടാലോ.... നെറ്റിയിലെ മുറിവിൽ നിന്നൊഴുകുന്ന ചോര പെരുവിരൽ കൊണ്ട് തുടച്ചു കളഞ്ഞു അവനവരെ നോക്കി പല്ല് ഞെരിച്ചു..... പെട്ടെന്ന് നേരത്തെ കയ്യിൽ അടിച്ചവൻ മുന്നിലേക്ക് വന്നു ഋഷിയുടെ തലയ്ക്ക് നേരെ വടി വീശി.... ഋഷി ആ വടി ഇടത് കൈ കൊണ്ട് പിടിച്ചു വെച്ചു തള്ളയെ തന്നെ നോക്കി മുഷ്ടി ചുരുട്ടി അയാളെ മൂക്കിൽ ഇടിച്ചു..... അതും രണ്ടു മൂന്നു വട്ടം...... വടിയിലെ പിടി വിട്ടു അയാൾ മൂക്കും പൊത്തി നിലത്തേക്കിരുന്നു......

പിന്നങ്ങോട്ട് അതേ വടി വെച്ചു ഭ്രാന്തെടുത്ത പോലെ ഋഷി ഓരോരുത്തരെയായി തല്ലി ചതച്ചു കൊണ്ടിരുന്നു...... ഞാൻ മാത്രല്ല.... ആ തള്ള വരെ ഉൾക്കിടിലത്തോടെ നോക്കി നിൽക്കാ...... പിടിച്ചു മാറ്റിയില്ലെങ്കിൽ അവനവരെ കൊല്ലും........ കൂടുതൽ ആലോചിക്കാൻ നിൽക്കാതെ ധൃതിയിൽ അവനടുത്തേക്ക് നടന്നു...... അടുത്ത് എത്താറായതും കയ്യിലൊരു പിടി വീണു........ ആ സ്ത്രീ ആണ്....... തറപ്പിച്ചു നോക്കിയപ്പോ അവരൊന്ന് ചിരിച്ച് കൈ വിട്ടു....... "അഭിരാമി... അഭിരാമി ഋഷിദേവ്..... പേടിക്കണ്ട.... അവര് നിന്റെ ഋഷിയെ ഒന്നും ചെയ്യില്ല..... " എന്റെ പൊന്നു തള്ളേ....... എനിക്ക് പേടി അവനെ ഓർത്തല്ല....നിങ്ങളെ ആൾക്കാരെ ഓർത്താ..... നിങ്ങളോടുള്ള ദേഷ്യം ആണ് അവരോട് തീർക്കുന്നെ....... മനസ്സിൽ പറഞ്ഞു തള്ളയെ ഒന്ന് നോക്കി മുന്നിലേക്ക് നടന്നു..... "പണ്ട് നിന്റെ സ്ഥാനത്ത് അവളായിരുന്നു..... ലക്ഷ്മി..... ഇന്ദ്രജിത്തിന്റെ പ്രിയപ്പെട്ട ഭാര്യ......" പിന്നിൽ നിന്ന് പുച്ഛം നിറഞ്ഞ സംസാരം കേട്ടു അവർക്ക് നേരെ തിരിഞ്ഞു..... "മനസ്സിലായില്ലാലെ...... പറഞ്ഞു തരാം.... " തള്ള ഒരു ചിരിയോടെ അടുത്തേക്ക് വരുന്നത് കണ്ടു കയ്യും കെട്ടി നിന്നു...... "ഇന്ദ്രജിത്...... ഇട്ടുമൂടാൻ ഉള്ള സ്വത്തിന് ഉടമ.... അതിൽ കൂടുതൽ എന്ത് വേണം അയാളെ മോഹിക്കാൻ.....

പക്ഷേ അയാൾ മോഹിച്ചതും ആഗ്രഹിച്ചതും ലക്ഷ്മിയെ.... പേര് പോലെ തന്നെ ലക്ഷ്മി..... മഹാലക്ഷ്മി..... " അവരൊന്നു നിർത്തി..... അരണ്ട വെളിച്ചത്തിലും അവരുടെ മുഖത്തെ പക വ്യക്തമായി കണ്ടു..... "കുറച്ചു വൈകി ആയാലും ലക്ഷ്യസ്ഥാനത്ത് എത്തി..... തടസം നിന്ന അവളെ അയാളെ കൊണ്ട് തന്നെ വെറുപ്പിച്ചു.... എല്ലാം കൈ പിടിയിൽ ഒതുങ്ങി എന്ന് വിചാരിച്ചു.., എല്ലാ സുഖവും അനുഭവിച്ചു വരുമ്പോഴാ അയാളുടെ ഒരു കുറ്റബോധം....... !ആരും അറിയാതെ അയാൾ നിന്നെ വന്നു കണ്ടു...... അവിടെയാണ് ആദ്യമായി പിഴച്ചത്...... അറിഞ്ഞതിൽ പിന്നെ നിങ്ങൾ രണ്ടാളുടെയും പിന്നാലെ ഉണ്ടായിരുന്നു ഞങ്ങടെ കണ്ണ്...... ഹോസ്പിറ്റലിലും കോളേജിലും എല്ലായിടത്തും...... അന്നേ തീർക്കാൻ അറിയാഞ്ഞിട്ടല്ല.... അയാൾ നിന്നെയേല്പിച്ച വില്പത്രം..... അതാണ് പിന്തിരിപ്പിച്ചത്...... ഒരു ചെറിയ പിഴയുടെ പേരിൽ ഇക്കാലമത്രയും സ്വന്തമായി അനുഭവിച്ചത് കൈ വിട്ടു പോവരുതെന്ന് ഓർത്തു..... അത് കൊണ്ട് മാത്രം നീയും അവനും ജീവനോടെ ഇരിക്കുന്നു....... ആ വിൽപത്രത്തിൽ എന്താണ് എഴുതി ചേർത്തിരിക്കുന്നതെന്ന് എത്ര ചോദിച്ചിട്ടും അയാൾ വാ തുറന്നു പറഞ്ഞില്ല..... അപ്പോ പിന്നെ എന്താ ചെയ്യാ..... അങ്ങു തീർത്തു....." അവരൊരു ക്രൂരമായ ചിരിയോടെ പറഞ്ഞു......

ആദ്യമേ ഊഹിച്ചിരുന്നത് കൊണ്ട് പ്രേത്യേകിച്ചു ഒന്നും തോന്നിയില്ല....... ഓർമ്മയിൽ വന്നത് അന്ന് ഞങ്ങൾ തമ്മിൽ കണ്ടപ്പോൾ ഉള്ള സംഭാഷണം ആണ്..... ഒരുപക്ഷേ അയാൾക്കും അറിയായിരിക്കും പാല് കൊടുത്തു വളർത്തിയത് വിഷജന്തുക്കളെ ആണെന്ന്..... എല്ലാം വ്യക്തമായി മുൻകൂട്ടി കണ്ടാണ് അയാളന്ന് വന്നത്...... മിക്കവാറും മറ്റേ വക്കീലിനെയും ഇവർ ആയിരിക്കും..... "നിങ്ങൾ തന്നെ ആയിരിക്കും അപ്പോ അഡ്വക്കേറ്റ് വിജയൻ തമ്പിയെയും കൊന്നത്...... അല്ലേ..... " "അപ്പോ വിചാരിച്ച പോലെ അല്ല.... ബുദ്ധിമതി ആണ്..... വെറുതെ അല്ല ഇന്ദ്രൻ നിന്നെ തേടി വന്നത്...... നിന്നിലേക്ക് ഞങ്ങളെ കണ്ണ് എത്താതിരിക്കാൻ അയാള് കൊറേ പാട് പെട്ടു..... എന്നിട്ടെന്തായി..... ഒളിപ്പിച്ചു കൊണ്ട് നടന്ന മരുമോൾക്ക് എന്റെ കൈ കൊണ്ട് തന്നെ തീരാൻ ആയിരിക്കും യോഗം..... " അവരൊരു ചിരിയോടെ പറഞ്ഞു എനിക്ക് ചുറ്റിലും നടന്നു..... "എന്റെ മുന്നിൽ വെച്ചാ വിജയൻ തമ്പിയെ കൊന്നത്.... പക്ഷേ ചാവും മുൻപ് അയാൾ എല്ലാം തുറന്നു പറഞ്ഞു.... വില്പത്രം എഴുതിയത് അവന് ജനിക്കുന്ന കുഞ്ഞിന്റെ പേരിൽ ആണെന്ന്......

മുന്നിലുള്ള തടസം നീയും..... നിങ്ങളെ തമ്മിൽ അകറ്റുക എന്നത് കുറച്ചു പാടായത് കൊണ്ട് മൂന്നാമത് ഒരാളെ ഇറക്കി..... ആദവ്.... ഞാൻ പറഞ്ഞിട്ട് ആണ് അവൻ വന്നത്...... " ഓഹോ....... അപ്പോ അതാണ് അന്നവൻ എന്നെ കെട്ടണം എന്ന് പറഞ്ഞു വന്നത്.... ഉദ്ദേശം ഋഷിയിൽ നിന്ന് അകറ്റൽ..... "പക്ഷേ.... അവിടെ വീണ്ടും പിഴച്ചു...... ആരും അറിയാതെ നിങ്ങളുടെ മാര്യേജ് കഴിഞ്ഞെന്ന വാർത്ത ചെറുതായിട്ട് ഒന്നും അല്ല ഞങ്ങളെ ഞെട്ടിച്ചത്.... പക്ഷേ.... അതേതായാലും നന്നായി....... കാമുകിയെ തൊടുന്നതിന്റെ ഇരട്ടി പൊള്ളും ഭാര്യയെ തൊട്ടാൽ..... " അറിയാതെ ചുണ്ടിലൊരു ചിരിച്ചു വിരിഞ്ഞു..... അത് കണ്ടിട്ടോ എന്തോ തള്ളയുടെ മുഖം ഇരുണ്ടു..... അവരെനിക്ക് മുന്നിൽ വന്നു നിന്നു... "എന്നെ തട്ടി കളഞ്ഞു ഒക്കെ കൂടി കയ്യിലാക്കാം എന്നായിരിക്കും അമ്മച്ചി വിചാരിച്ചേക്കുന്നത്...... അത് വെറുതെയാ...... എന്നെ കൊന്നിട്ട് നിങ്ങളെ അവൻ ജീവനോടെ വിടും എന്ന് തോന്നുന്നുണ്ടോ..... അവൻ വെറുതെ വിട്ടാലും അപ്പൂപ്പൻ നിങ്ങളെ വിടത്തില്ല...... " അവർ ഉച്ചത്തിൽ ചിരിച്ചു.....

കുറച്ചു കഴിഞ്ഞതും ചിരിയടക്കി വലത് കൈ ഉയർത്തി കാണിച്ചു..... "ഈ കൈകൊണ്ട് ഒരാളെ മുഖത്ത് തലയണ അമർത്തി ശ്വാസം മുട്ടിച്ചു കൊന്നിട്ടുണ്ട്.... വർഷങ്ങൾക്ക് മുൻപ്.... നീ ഈ പറഞ്ഞ അപ്പൂപ്പന്റെ മോളെ..... നിന്റെ ഋഷിയുടെ അമ്മയെ...... " കേട്ടത് വിശ്വസിക്കാൻ കഴിയാതെ തറഞ്ഞു നിന്നു പോയി..... അപ്പോ അമ്മയെ..... "എന്തേ..... വിശ്വാസം വന്നില്ല അല്ലേ..... അതാ സത്യം..... എന്റെ ഈ കൈ കൊണ്ടാ ആ നാശം തീർന്നത്...... " അവരുടെ പുച്ഛവും ചിരിയും എല്ലാം കൂടി കണ്ടു പെരുത്തു കയറി രണ്ടു കൈ കൊണ്ടും തള്ളേടെ കഴുത്തിനു കുത്തി പിടിച്ചു........ കണ്ണിനു മുന്നിലന്നേരം രണ്ട് മുഖമേ ഉണ്ടായിരുന്നുള്ളൂ...... അമ്മയില്ലാതെ വളർന്ന ഒരു മകനെയും..... മകളെ ജീവനെ പോലെ സ്നേഹിച്ച ഒരച്ഛന്റെയും....... ഒരിറ്റ് ശ്വാസത്തിന് വേണ്ടിയുള്ള അവരുടെ പിടച്ചിൽ കണ്ടു ഒന്നും കൂടി കഴുത്തിലെ പിടി മുറുക്കി....... "അമ്മൂ....... " ഋഷിയുടെ അലർച്ച കേട്ട് തിരിയും മുൻപേ വയറിലേക്ക് എന്തോ തുളച്ചു കയറിയതും അവരുടെ കഴുത്തിലുള്ള പിടി വിട്ടു അയഞ്ഞു....... അടുത്ത നിമിഷം അത് പുറത്തേക്ക് വലിച്ചതും പിടച്ചിലോടെ വയറിൽ പൊത്തി പിടിച്ചു പിന്നിലേക്ക് വേച്ചു പോയി...... ചോര ഇറ്റി വീഴുന്ന കത്തിയും പിടിച്ചു മാധവിയുടെ അടുത്ത് പുച്ഛത്തോടെ നിൽക്കുന്ന ആളെ കണ്ടു വിശ്വാസം വരാതെ കണ്ണ് മിഴിഞ്ഞു...... അവരെ തന്നെ നോക്കി കൊണ്ട് നിലത്തേക്ക് വീണു............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story