കൽക്കണ്ടം: ഭാഗം 7

kalkandam new

എഴുത്തുകാരി: അശ്വിനി

ഋഷി...... !!! ഇവനെന്താ നോക്കി പേടിപ്പിക്കുന്നത് എന്നും ഓർത്തു അവന്റെ കണ്ണ് പോകുന്ന ഭാഗത്തേക്ക്‌ നോക്കി.... ഷോൾഡറിൽ ഇരിക്കുന്ന സച്ചുവേട്ടന്റെ കയ്യിലേക്ക് ആണ് നോട്ടം.... ഏട്ടൻ ഇതൊന്നും അറിയാതെ നിത്യയോടും എലിയോടും എന്തൊക്കെയോ പറഞ്ഞു ചിരിക്കുവാണ്... അപ്പോ എന്റെ മേല് വേറെ ഒരാൾ കൈ വെക്കുമ്പോ അവന് പൊള്ളുന്നുണ്ട്...... which means.......അടിച്ചു മോളെ.... അടിച്ചു... 🤩🤩 എന്നും ഓർത്തു മുഖം കുനിച്ചു ചിരി പുറത്തു വരാതിരിക്കാൻ ചുണ്ട് രണ്ടും കൂട്ടിപ്പിടിച്ചു തലയാട്ടി കൊണ്ടിരുന്നു.... ഇടയ്ക്ക് ഒന്നു ഒളികണ്ണിട്ടു നോക്കിയപ്പോ അവൻ പല്ലിറുമ്പുന്നു..... 🤭 ചുമ്മാ ഒരു രസത്തിനു അവനെ കാണിക്കാൻ വേണ്ടി ഷോൾഡറിൽ ഉള്ള സച്ചുവേട്ടന്റെ കയ്യിൽ കോർത്തു പിടിച്ചു...... ഭായ് ബഹൻ ബന്ധം ആണെന്ന് നമ്മക്കല്ലേ അറിയൂ.... ആ പൊട്ടന് അറിയില്ലാലോ...... 😅 ഉള്ളിൽ ഊറി ചിരിച്ചു കൊണ്ട് മുഖം ചരിച്ചു നോക്കി..... അവന്റെ മുഖം മുഴുവൻ വലിഞ്ഞു മുറുകി ചുവന്നു തുടുത്തു തൊട്ടാൽ ചോര പൊടിയും എന്ന പോലെ ആയി....

അത് കണ്ട് ഹരം കയറി ഒന്നും കൂടി ഏട്ടനോട് ചേർന്ന് നിന്നു ഷർട്ടിന്റെ ബട്ടണിൽ പിടിച്ചു തിരിച്ചു കളിച്ചു കട്ട പുച്ഛത്തിൽ മുഖം തിരിച്ചു അവനെ നോക്കി..... ആ സ്ഥിരം കൂടെ നടക്കുന്ന മറ്റേ ചെക്കൻ അവന്റെ അടുത്തേക്ക് ചെല്ലുന്നതും തോളിൽ കൈ വെച്ചു വിളിക്കുന്നതും കണ്ടു..... അടുത്ത സെക്കന്റ്‌ എന്നെ ഞെട്ടിച്ചു കൊണ്ട് ഋഷി ആ മറ്റവന്റെ കരണകുറ്റി നോക്കി ഒന്നു പൊട്ടിച്ചു.... 😱 "അമ്മേ..... " എന്നും വിളിച്ചു ഓട്ടോമാറ്റിക് ആയി എന്റെ കയ്യും കവിളിൽ എത്തി..... അതെന്നെ ഉദ്ദേശിച്ചു ആണ്.... എന്നെ തന്നെ ഉദ്ദേശിച്ചു ആണ്... എന്നെ മാത്രം ഉദ്ദേശിച്ചു ആണ്... 🤕 "എന്താ..... " അയ്യോ ഏട്ടൻ..... അങ്ങേര് കവിളിലേക്ക് നോക്കുന്നത് കണ്ട് ഞാൻ കൈ താഴ്ത്തി ഇളിച്ചു കാണിച്ചു... "കവിളിൽ എന്താ....... " അതും ചോദിച്ചു മുഖം പിടിച്ചു തിരിച്ചു.... "ഒന്നുല്ല ഏട്ടാ... കൊതു കടിച്ചത് ആണ്.... " പതിയെ ആ കൈ പിടിച്ചു മാറ്റി കൊണ്ട് പറഞ്ഞു..... ഇനി ഇതെങ്ങാനും കണ്ടിട്ട് നേരിട്ട് വന്ന് പൊട്ടിക്കില്ലെന്ന് ആര് കണ്ടു..... 🙄 "മാളിൽ കൊതുകോ.... " വേറാരും അല്ല.... എലി.... "

എന്താടി മാളിന് പുറത്തു കൊതുകിനോട് കേറരുതെന്നും പറഞ്ഞു നോ എൻട്രി ബോർഡ് വെച്ചിട്ടുണ്ടോ.... " ഞാൻ പല്ല് കടിച്ചു ചോദിച്ചതും അവൾ വാ അടച്ചു.... അല്ല പിന്നെ..... 😬തിരിഞ്ഞു നോക്കിയപ്പോ അവിടെ ഒന്നും അവന്റെ പൊടി പോലും ഇല്ല..... ഇനി എനിക്ക് തോന്നിയത് ആണോ.... 🤔 ആ....... പിന്നെ കൂടുതൽ സംസാരിക്കാൻ നിൽക്കാതെ എല്ലാത്തിനെയും പിടിച്ചു വലിച്ചു ഫുഡ് കോർട്ടിലേക്ക് നടന്നു..... "അമ്മാളു...... അച്ചു..... അച്ചു സുഖമായിട്ടിരിക്കുന്നോ..... " "ഓ സുഖം.... " നിത്യയും എലിയും ഫുഡ് മേടിക്കാൻ പോവുന്നതും നോക്കി ഏട്ടൻ ചോദിച്ചത് കേട്ട് വലിയ താല്പര്യമില്ലാതെ പറഞ്ഞു..... "അവളുടെ ഡിഗ്രി കഴിഞ്ഞിട്ട് എനിക്ക് തരുമോ എന്ന് വന്നു ചോദിക്കാൻ ഇരിക്കുവായിരുന്നു.... അതിനു വേണ്ടി ആണ് നാട്ടിൽ വന്നത് പോലും.... പക്ഷേ നിത്യ പറഞ്ഞു അവൾ കമ്മിറ്റഡ് ആണെന്ന്.... " എന്നും പറഞ്ഞു വിളറിയ ചിരി ചിരിച്ചതും ഞാൻ അത്ഭുതത്തോടെ ഏട്ടനെ നോക്കി.... കുഞ്ഞുനാളിൽ എപ്പോഴോ ഏട്ടൻ എന്നോട് പറഞ്ഞ കാര്യം ആണ് അച്ചുനെ ഇഷ്ടം ആണെന്ന്.....

"ഏട്ടനിപ്പോഴും അത് വിട്ടില്ലേ..... ആ പഴയ സ്വഭാവം ആണെന്ന് വിചാരിച്ചു ചെന്നു മുട്ടണ്ട....... age കൂടും തോറും ജാഡയും അഹങ്കാരവും കൂടിയിട്ടുണ്ട്.... ഞാൻ ഏട്ടനോടുള്ള സ്നേഹം കൊണ്ട് പറയുവാ... അബദ്ധം ഒന്നും കാണിക്കരുത്.... " സ്വന്തം ചേച്ചിയെ കുറിച്ച് ഒരു ഉളുപ്പും ഇല്ലാതെ പറയുന്നത് കേട്ടിട്ടാവണം ഏട്ടൻ ചിരിയോട് ചിരി..... കൂടെ ഞാനും..... അപ്പോഴേക്കും അവർ ഫുഡ് കൊണ്ടുവന്നു..... കളിക്കൂട്ടുകാരനെ മുന്നിൽ കിട്ടിയ സന്തോഷം ആഘോഷമാക്കി അന്നത്തെ ദിവസം ഫുൾ ചുറ്റി നടന്നു.... ചുരുക്കി പറഞ്ഞാൽ ഏട്ടനെ മുടിപ്പിച്ചെന്നു സാരം.... 😜 "ഉള്ളത് ആണോ..... അവൻ ശെരിക്കും നോക്കി നിൽക്കുന്നുണ്ടായിരുന്നോ.... "നിത്യ "എവിടുന്നു.... ഇവള് വല്ല സ്വപ്നവും കണ്ടത് ആവും.... " എലി കട്ട പുച്ഛത്തിൽ പറഞ്ഞു നിർത്തിയതും ഞാനവളെ നോക്കി ചുണ്ട് കോട്ടി കാണിച്ചു... 'വേണേൽ വിശ്വസിച്ചാൽ മതി.... ഹും... "😏 അല്ല പിന്നെ മനുഷ്യൻ ഒരു സത്യം ഉത്സാഹത്തോടെ പറഞ്ഞപ്പോ കണ്ടില്ലേ പന്നിയുടെ പുച്ഛം..... ഏട്ടൻ പോവുന്നത് വരെ ഇതൊന്ന് പറയാൻ വീർപ്പുമുട്ടി നിൽക്കുവായിരുന്നു.....

അങ്ങേരെ പറഞ്ഞു വിട്ടു രണ്ടിനേയും പിടിച്ചു വെച്ചു ഞെട്ടിക്കാൻ വേണ്ടി വള്ളി പുള്ളി വിടാതെ പറഞ്ഞതാ..... കിട്ടിയതോ.... കട്ട പുച്ഛം 😪 "നീ പറഞ്ഞത് വെച്ചു നോക്കുമ്പോൾ അവന് ചെറിയൊരു ഇഷ്ടം ഇല്ലാതില്ലാതില്ലാ.... " നിത്യ പറഞ്ഞതും എലി 'നടക്കുന്ന കാര്യം വല്ലതും പറാ ' എന്ന മട്ടിൽ ചുണ്ട് കോട്ടി..... അവളെ ഒന്നു തറപ്പിച്ചു നോക്കി മൈൻഡിൽ ഉള്ള തെറി എല്ലാം വിളിച്ചു ബസ് സ്റ്റോപ്പിലേക്ക് നടന്നു..... പിറകെ ആടിപ്പാടി വരുന്നുണ്ട് രണ്ടും..... ഞാൻ മിണ്ടൂല.... 😏 ---------- വീട്ടിന്റെ മുറ്റത്തേക്ക് വണ്ടി കയറ്റിയപ്പോ ദേണ്ടെ ഒരു സഭയ്ക്ക് ഉള്ള ആളുണ്ട് കോലായിൽ.... അച്ഛനും അച്ചുവും നിത്യയുടെ അച്ഛനും അമ്മയും..... അമ്മയുടെ മൂത്ത ചേച്ചിയും അവരുടെ കെട്ട്യോനും...... എന്താണാവോ എല്ലാരും കൂടി.... പുരാവസ്തു എങ്ങാനും കാഞ്ഞു പോയോ ആവോ.... 🤩 എല്ലാരേയും നോക്കി ഇളിച്ചു കാണിച്ചു അകത്തേക്ക് ഓടി..... അല്ലെങ്കിൽ അപ്പോ തുടങ്ങും ഉപദേശം...... ഡ്രസ്സ്‌ മാറി മുടി കൂട്ടിക്കെട്ടി അടുക്കളയിലേക്ക് ചെന്നു....... പുരാവസ്തു ഈർക്കിൽ കൊള്ളി വെച്ചു ചൂല് കെട്ടുന്നുണ്ട്...... വെറുതെ ആശിച്ചു 😅

ചായയിൽ പഞ്ചാര ഇട്ടു ഇളക്കുന്ന അമ്മയെ ഒന്നു നോക്കി അവര് കൊണ്ടു വന്ന ബേക്കറി ഐറ്റംസ് എല്ലാം പൊളിച്ചു നോക്കി.... ഓ ഒണക്ക വറുത്തകായ..... ഇവർക്ക് വല്ല കേക്ക് ഓ ചിക്കൻ റോളോ മേടിച്ചൂടേ.... ഹാ ചിപ്സ് എങ്കിൽ ചിപ്സ് എന്നും ഓർത്തു കയ്യിൽ വാരിയെടുത്തു സ്ലാബിൽ കേറി ഇരുന്നു..... "എന്താ..... എല്ലാരും കൂടി......" "വെറുതേ വന്നതാ..... പിന്നെ നമ്മളെ വാസുദേവ പണിക്കരുടെ അടുത്തൊന്നു പോയി എല്ലാരുടെയും ജാതകം നോക്കിക്കാൻ..... അച്ചൂന് അടുത്ത വർഷം തന്നെ കല്യാണം നടത്തണം...... " അടിപൊളി..... മോള് ഇന്നെങ്കിൽ ഇന്നെന്നും പറഞ്ഞു ഒരുത്തനെ സെറ്റ് ആക്കി കൊണ്ട് നടക്കുന്നുണ്ട്..... "എനിക്ക് കല്യാണം ഒന്നുല്ല്യേ..... " ചുമ്മാ അറിയാൻ ഒരു ആഗ്രഹം.... 😜 "ആദ്യം മൊട്ടെന്ന് വിരിയെടി കുരിപ്പേ..... " നിത്യ ആക്കിച്ചിരിയോടെ ചോദിച്ചു വന്നതും ഞാൻ കണ്ണ് കുറുക്കി അവളെ നോക്കി.... "മൊട്ടെന്ന് വിരിയാൻ ഞാൻ എന്താ താറാവാണോ.... " എന്ന് ചോദിച്ചതും അവളുടെ കിണി നിന്നു.... "എന്റെ ഭാഗത്തും തെറ്റുണ്ട്..... നിന്നോടൊന്നും ചോദിക്കരുതായിരുന്നു..... "🤦‍♀️

എന്നും പറഞ്ഞു സ്വയം മുഷ്ടി ചുരുട്ടി നെറ്റിയിൽ ഇടിച്ചു..... ഞാനൊന്ന് ഇളിച്ചു കാണിച്ചു വറുത്തക്കായ വായിൽ ഇട്ടു... "ഇത് കൊണ്ടു പോയി കൊടുക്ക്.... " ചായ ട്രേയിൽ നിരത്തി അവളുടെ കയ്യിൽ കൊടുത്തു..... പിന്നാലെ എന്നെ നോക്കി ദഹിപ്പിച്ചു അവൾക്ക് പിറകെ പ്ലേറ്റിൽ നിരത്തിയ സ്വീറ്റ്സ് എടുത്തു പോയി.... ശ്ശെടാ.... ഇതിപ്പോ എന്തിനാ.... 🤔 ആഹ്... എന്തേലും ആവട്ടെ എന്നും ഓർത്തു ബാക്കി ഉള്ള ചായ ഒറ്റവലിക്ക് കുടിച്ചു നേരെ ഹാളിലേക്ക് നടന്നു.... എല്ലാരും കൊലായിൽ തന്നെ ഇരിക്കുവാ.... അതേതായാലും നന്നായി..... ടീവി ഓൺ ചെയ്തു റിമോട്ട് എടുത്തു സോഫയിൽ കേറി ഇരുന്നു.... ഹായ്... അഴകിയ തമിഴ് മകൻ 🤩 നല്ല പടല്ലേ..... എനിക്കിഷ്ടാ.... മധുരൈക്ക് പോകാതടി..... അന്താ മല്ലിപ്പൂ കണ്ണ വെക്കും.... ആ പാട്ടിന്റെ കൂടെ പാടി കൊണ്ടിരുന്നപ്പോ നിത്യ വന്നു അടുത്തിരുന്നു..... അച്ചു ഞങ്ങളെ രണ്ടിനേയും നോക്കി ഒന്നു പുച്ഛിച്ചിട്ടു റൂമിലേക്ക് കയറി പോയി.... ഇവളാര് പുച്ഛത്തിന്റെ ഹോൾസെയിൽ ഡീലറോ... 🧐 "ഡീീ..... നവി എന്താ വരാതിരുന്നേ.... " "അവന് എന്തോ ഫുട്ബോൾ മാച്ച് ഉണ്ടെന്ന്... " "മ്മ്..... " അവൾടെ അനിയൻ ആണ്.... നവീൻ ഷോട് ആക്കി നവി എന്ന് വിളിക്കും.... കണ്ടത്തിൽ കളിക്കാൻ പോവുന്നതാ....

കുറച്ചു കഴിഞ്ഞപ്പോ സംസാരം ഒക്കെ നിർത്തി അച്ഛനും വലിയച്ഛന്മാരും ഒക്കെ ടീവി കാണാൻ വന്നിരുന്നു..... അപ്പോഴേക്കും സിനിമയിൽ മറ്റേ ട്രെയിനിൽ നമിത വരാൻ ഉള്ള ടൈം ആയി..... ചാനലു മാറ്റിയാൽ ഇവര് വിചാരിക്കും ഞാൻ ആ സീൻ ഒക്കെ വിടാതിരുന്നു കണ്ടിട്ടുണ്ടെന്ന്... മാറ്റിയില്ലെങ്കിൽ അച്ചന്മാരുടെ കൂടെ ഇരുന്നു കാണുന്ന നാണക്കേട്..... അയ്യോ... 🙄 ആ പൊട്ടത്തി നിത്യയെ നോക്കിയപ്പോ പെണ്ണ് വിജയ് അണ്ണനെ നോക്കി വെള്ളം ഇറക്കുവാണ്.... ശവം.... 😬 "അമ്മേ..... രാത്രിത്തേക്കുള്ള കറി എന്താ...." അപ്പോ തോന്നിയ ബുദ്ധിയിൽ ഉച്ചത്തിൽ വിളിച്ചു ചോദിച്ചു നൈസ് ആയിട്ട് അത് പോയി നോക്കാനെന്ന മട്ടിൽ എണീറ്റു അടുക്കള ഭാഗത്തേക്ക്‌ നടന്നു മുറ്റത്തേക്ക് ഇറങ്ങി..... വേറെ പണിയൊന്നും ഇല്ലാത്തോണ്ട് നഖവും കടിച്ചു അലക്ക് കല്ലിന്റെ മുകളിൽ കേറി ഇരുന്നു...... ഇപ്പോ സീൻ തുടങ്ങി കാണും എന്നും ഓർത്തു ചിരിച്ചു കൊണ്ടിരുന്നതും നടും പുറത്തിട്ടു ഒന്നു പൊട്ടി..... പുറം ഉഴിഞ്ഞു തിരിഞ്ഞു നോക്കിയപ്പോ കണ്ടു കണ്ണ് തുറിച്ചു നിൽക്കുന്നു നിത്യ......

"എടി പട്ടി ഒറ്റയ്ക്ക് മുങ്ങിയല്ലേ..... ഒന്നുല്ലെങ്കിലും പണ്ട് വൈശാലി പടം ഇരുന്നു കാണുമ്പോൾ ആരെങ്കിലും വരുന്നുണ്ടോ എന്ന് സിഗ്നൽ തന്നിട്ടില്ലേ നിനക്ക്.... അതിന്റെ നന്ദി എങ്കിലും കാണിച്ചൂടായിരുന്നോ....... അയ്യേ..... ഛെ.... " എന്നൊക്കെ പല്ലിറുമ്പി പറഞ്ഞു പെണ്ണ് ചടപ്പോടെ തലയ്ക്കു കൈ കൊടുത്തു നിന്നത് കണ്ടിട്ട് ഞാൻ വാ പൊത്തി ചിരിച്ചു.... പെണ്ണ് തറപ്പിച്ചു നോക്കിയതും ഞാൻ ചിരി നിർത്തി ചുണ്ടിനു സിബ് ഇടുന്നത് പോലെ കാണിച്ചു.... "ആ ഈ ചിരി ഒക്കെ ഉടനെ നിന്നോളും.... നിന്റെ ജാതകത്തിൽ ഹൈഡ് ആൻഡ് സീക് മാര്യേജിനുള്ള യോഗം ഉണ്ടെന്ന്..... " നിത്യ ഗൗരവത്തോടെ പറയുന്നത് കേട്ട് ഞാൻ കണ്ണ് മിഴിച്ചു...... അപ്പോ വെറുതേ അല്ല പോരാളി നോക്കി ദഹിപ്പിച്ചത്..... "ആട്ടെ.... ആരുടെ കൂടെ ആണെന്ന് പറഞ്ഞോ... ഒരു ക്ലൂ കിട്ടിയിരുന്നേൽ അയാളെ തന്നെ ടാർഗറ്റ് ചെയ്യായിരുന്നു..... " "പ്ഫ..... " അയ്യോ പോരാളി....... 😱 ഞാൻ ചാടി എണീറ്റു നിത്യയ്ക്ക് പിറകിൽ നിന്നു...... ഈശ്വരാ കേട്ട് കാണും..... മിനി ഭദ്രകാളി ലുക്കിൽ ആണ് നിൽക്കുന്നെ......

"അങ്ങനെ എങ്ങാനും പോയാൽ നിന്റെ കാല് ഞാൻ തല്ലി ഒടിക്കും അസത്തേ....." എന്നും പറഞ്ഞു തല്ലാൻ ഓങ്ങിയതും ഞാൻ നൈസ് ആയി ഒഴിഞ്ഞു മാറി അമ്മയെ പിന്നിൽ കൂടി ചുറ്റിപ്പിടിച്ചു....... "എന്റെ പൊന്ന് നിഷക്കുട്ടി... ചേച്ചി ചുമ്മാ പറഞ്ഞതല്ലേ..... മിനിമം ഒരു 75 പവനും ഒരു bmw കാറും കിട്ടാതെ ഞാൻ ഈ വീട്ടിന്റെ പടി കടക്കൂല...... സത്യം... " എന്നൊക്കെ കവിളിൽ ഉമ്മ കൊടുത്തു കൊഞ്ചലോടെ തട്ടി വിട്ടതും പോരാളി ഫ്ലാറ്റ്.... ആശ്വാസം.....😅 "നിന്ന് കൊഞ്ചതെ അകത്തേക്ക് ചെല്ല് രണ്ടും..." അതും പറഞ്ഞു കയ്യിൽ ചുമ്മാ ഒന്നു തല്ലി അമ്മ അകത്തേക്ക് പോയി.... പിറകെ ഇളിച്ചോണ്ട് നിൽക്കുന്ന നിത്യയെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു ഞാനും... ----------- ദിവസങ്ങൾ കടന്നു പോയി..... ഗ്രൂപ്പ്‌ ഫോട്ടോ എടുപ്പും സ്കൂൾ ടൂറും കഴിഞ്ഞു..... ഇന്ന് സെന്റ് ഓഫ് ആണ്..... അതോടെ സ്കൂൾ ജീവിതം കഴിയുന്നു..... പിന്നെ മോഡൽ പബ്ലിക് ആകെ മൊത്തം ബഹളം.... 😪 സച്ചുവേട്ടൻ ഉള്ളത് കൊണ്ട് മിഥുൻ സാർ... അതായത് മ്മളെ ഡ്രൈവർ ചേട്ടൻ വല്ലാണ്ട് അടുക്കാൻ വന്നിട്ടില്ല....

ഏട്ടനെ പുറത്തു വെച്ചു കണ്ടാൽ കട്ട പുച്ഛം ആണെങ്കിലും ക്ലാസ്സിൽ പേടി ആണ്.... പണ്ടാരത്തിന്റെ സ്ഥിരം വേട്ട മൃഗം ആണ് ഞാൻ.... അലമ്പ് കാണിച്ചാൽ അമ്മയെ വിളിച്ചു പറയും എന്നുള്ളതോണ്ട് മാത്രം അടങ്ങി ഒതുങ്ങി ഇരുന്നു..... പിന്നെ ദി മോസ്റ്റ്‌ ഇമ്പോർട്ടന്റ് തിങ് ഋഷി...... അന്നത്തെ ആ സംഭവത്തിന്‌ ശേഷം എല്ലാം പഴയ പോലെ തന്നെ.... ഞാനെന്നൊരു ആള് ഈ ഭൂമിയിലേ ജനിച്ചിട്ടില്ലെന്ന മട്ടിൽ ആണ് ഇരിപ്പ്..... പോസ്സസീവ് വർക്ക്‌ ചെയ്യുന്നുണ്ടോ അറിയാൻ അവനെ കാണിക്കാൻ വേണ്ടി മരിച്ചു വായ്‌ നോക്കും..... എവിടുന്ന്..... ശങ്കരൻ പിന്നേം തെങ്ങിൻ മേൽ തന്നെ.... 😝 "എടി പട്ടി.... എത്ര നേരം ആയിരുന്നു വിളിക്കുവാ.... നീ എന്താ സ്വപ്നം കാണുവാണോ..... " കാത്തു ആണ്.... "എല്ലാരും ഓഡിറ്റോറിയത്തിൽ എത്തിയോ... " "ആ എത്തി... നീ വാ.... അവിടെ എല്ലാരും കാത്തു നിൽക്കുന്നു.... " "ആ..... " സ്റ്റെയറിൽ നിന്ന് എണീറ്റു സാരി ഒന്നു നേരെ ആക്കി കാത്തുവിന്റെ കയ്യിൽ ചുറ്റിപ്പിടിച്ചു അവളുമാർക്ക് അടുത്തേക്ക് നടന്നു... എല്ലാരും സാരി ആണ്.... ചുമ്മാ ഒരു രസം... പരിപാടി തുടങ്ങി..... മൂന്നു ബാച്ചിനും ഒരുമിച്ചു ആണ്..... ഹ്യൂമാനിറ്റീസിൽ ഞങ്ങളെ പോലെ തല തെറിച്ച അഞ്ചാറ് പേരുണ്ട്.... നേരെ അവരുടെ കൂടെ ഏറ്റവും ബാക്കിൽ ചെന്നിരുന്നു....

ആരൊക്കെയോ സ്റ്റേജിൽ കയറുന്നു.... കണ്ണ് നിറച്ചു സംസാരിക്കുന്നു.... എല്ലാത്തിനുമൊടുവിൽ ആസ്ഥാനഗായികയുടെ വക സെന്റ് ഓഫിന്റെ സ്ഥിരം ക്ലീഷേ സോങ്.... ഓ... ഓ... മനസ്സിന്നു മറയില്ല സ്നേഹത്തിനതിരില്ല ഇനി നമ്മൾ പിരിയില്ല we are friends... പുസ്തകതാളുകളിൽ അക്ഷരതാളുകളെ ഒന്നായ് തുറന്നീടും we are friends... ദുഃഖങ്ങളിൽ കൂടെ നിൽക്കാം സ്വർഗങ്ങളെ സ്വന്തമാക്കാം ഓ മൈ ഫ്രണ്ട്‌... നിൻ കണ്ണുകളിൽ ഞാൻ കാണുന്നെന്റെ മുഖം.... ഓ മൈ ഫ്രണ്ട് നിൻ വാക്കുകളിൽ ഞാൻ കേൾക്കുന്നെന്റെ സ്വരം.... അവളുടെ ശബ്ദത്തിന്റെ ഫീലോ ആ പാട്ടിന്റെ ഫീലോ അതോ ഇനിയൊരിക്കലും ഇതു പോലൊരു കാലഘട്ടം ഉണ്ടാവില്ലെന്നുള്ള ഓർമയിലോ എന്തോ ഞങ്ങളുടെ കണ്ണും നിറഞ്ഞു.... പരസ്പരം നോക്കി കൈകൾ കോർത്തു പിടിച്ചു...... ഒരിക്കലും പിരിയില്ലെന്ന് വാക്ക് കൊടുക്കുന്നത് പോലെ..... !! സൗഹൃദങ്ങൾ പങ്കുവെച്ചേ ഹൃദയവാതിൽ നാം തുറന്നേ പതിയെ നമ്മൾ തമ്മിലേതോ പുതിയ ഭാവം കണ്ടറിഞ്ഞേ....

ഒരു കാണാനൂലിൽ ദൈവം കോർത്തു നമ്മെ എന്നും ഒന്നായി ഒന്നായി ചേർന്നിരിക്കാൻ ദൂരെ ആകാശ തണലിൽ തനിച്ചിരിക്കാൻ... ദുഃഖങ്ങളിൽ കൂടെ നിൽക്കാം സ്വർഗങ്ങളെ സ്വന്തമാക്കാം ഓ മൈ ഫ്രണ്ട്‌... നിൻ കണ്ണുകളിൽ ഞാൻ കാണുന്നെന്റെ മുഖം.... ഓ മൈ ഫ്രണ്ട് നിൻ വാക്കുകളിൽ ഞാൻ കേൾക്കുന്നെന്റെ സ്വരം... കേൾക്കും തോറും സങ്കടം കൂടി കൂടി വരുന്നെന്നു തോന്നിയതും ഞങ്ങൾ അഞ്ചാളും കൂടി ഓഡിറ്റോറിയത്തിന് പുറത്തേക്കിറങ്ങി വരാന്തയിൽ കൂടി നടന്നു പഴയ പ്ലസ് വൺ ക്ലാസിലേക്ക് കയറി.... ഇവിടെ നിന്നായിരുന്നു ഞങ്ങളുടെ സൗഹൃദത്തിന്റെ തുടക്കം.... ഉച്ചയ്ക്ക് ബാക്ക് ബെഞ്ചിൽ ഇരുന്നു കയ്യിട്ടു വാരി കഴിക്കുന്നതും ജനലിന്റെ അവിടുന്ന് കൈ കഴുകുന്നതിനു പ്രിൻസിയുടെ വായിലിരുന്നത് മുഴവൻ കേട്ടതും ഇന്നലെ കഴിഞ്ഞ പോലെ..... കുറച്ചു നേരം പഴയ ബെഞ്ചിൽ ചെന്നിരുന്നു അവിടുന്നും ഇറങ്ങി നടന്നു.... ഫിസിക്സ്‌ ലാബിലെ potentiometer മീറ്റർ കണ്ട് കണ്ണ് തള്ളിയതും കെമിസ്ട്രി ലാബിൽ സ്ഥിരമായി പിപ്പറ്റിൽ നിന്ന് ആൽക്കലി വായിൽ പോയി മുഖം ചുളിയുന്നതും സുവോളജി ലാബിൽ ചീക് സെൽ എടുത്തു

എടുത്തു കവിള് പൊട്ടി ചോര വന്നതും ബോട്ടണി ലാബിൽ വഴിയിൽ കൂടി പോയ ഉറുമ്പിനെ പിടിച്ചു കൊന്നു മൈക്രോസ്കോപ്പിൽ വെച്ചു നോക്കിയതും എല്ലാം ഓർത്തു ചിരിച്ചു കൊണ്ട് പ്ലസ് ടു ക്ലാസ്സിലേക്ക് കയറി..... അനു ബാഗിൽ നിന്ന് പെൻ എടുത്തു ചുമരിൽ ഞങ്ങളുടെ പേരുകൾ എഴുതി എങ്ങനെ ഉണ്ടെന്ന മട്ടിൽ പുരികം പൊക്കിയതും അതിനു മറുപടിയായി നിറഞ്ഞ ചിരിയോടെ ഞങ്ങളെല്ലാം തലയാട്ടി കാണിച്ചു......... അഞ്ചു പേരും ക്ലാസ്സ്‌ മുഴുവൻ നടന്നു കണ്ണ് നിറയെ കണ്ടുകൊണ്ടിരുന്നു.... ഞങ്ങളുടെ ശാപവാക്കുകൾ കേട്ട് തഴമ്പിച്ച ചുമരിനെ തഴുകി തലോടി അനു എഴുതിയിട്ട ഞങ്ങളുടെ പേരിൽ വിരലോടിച്ചു അതിൽ ചുണ്ടുകൾ ചേർത്തു...... മാത്സിന് ടീച്ചർ ബോർഡിൽ എഴുതി കൊണ്ടിരിക്കുമ്പോൾ കൽക്കണ്ടം വായിലിട്ടതും നിലക്കടല പാസ്സ് ചെയ്തു എല്ലാരും കൂടി തിന്നതും ഇംഗ്ലീഷ് പിരീഡിൽ ഉറക്കം തൂങ്ങുന്നതും സെക്കന്റ്‌ ലാംഗ്വേജ് ക്ലാസ്സിൽ ബുക്കിൽ ബിങ്കോയും പൂജ്യം വെട്ടി കളിക്കുന്നതും പെന്നിന് വേണ്ടി തല്ല് കൂടിയതും ഡസ്റ്റർ എടുത്തു എറിഞ്ഞു കളിക്കുന്നതും ഹ്യൂമാനിറ്റീസ് ക്ലാസ്സിൽ നിന്ന് ഫോൺ പിടിച്ചെന്ന് കേട്ട് ലഞ്ച് ബ്രേക്കിന് കവറിൽ പൊതിഞ്ഞു

ആരും കാണാതെ ബാത്റൂമിന് പിന്നിലെ കാടിന്റെ അവിടെ മണ്ണിൽ കുഴിച്ചിട്ടതും സിം പ്യൂരിഫയറിന്റെ പൈപ്പിന് പിന്നിൽ ഒളിപ്പിച്ചതും അതും ഓർത്തു പേടിച്ചു വിറച്ചു ക്ലാസ്സിൽ ഇരുന്നതും അങ്ങനെ നൂറായിരം ഓർമ്മകൾ ഒരു ചിത്രം പോലെ മുന്നിൽ തെളിഞ്ഞു കണ്ട് കണ്ണുകൾ അടച്ചു ഡെസ്കിൽ തല വെച്ചു കിടന്നു....... എന്തോ.... ആ നിമിഷം ഉച്ചത്തിലുള്ള സംസാരത്തേക്കാൾ നിശ്ശബ്ദതയ്ക്ക് വല്ലാത്തൊരു മനോഹാരിത തോന്നി.... അപ്പോഴും സ്പീക്കറിൽ കൂടി ബാക്കി വരികൾ കാതുകളെ തഴുകി കൊണ്ടിരുന്നു...... ദുഃഖങ്ങളിൽ കൂടെ നിൽക്കാം സ്വർഗങ്ങളെ സ്വന്തമാക്കാം ഓ മൈ ഫ്രണ്ട്‌... നിൻ കണ്ണുകളിൽ ഞാൻ കാണുന്നെന്റെ മുഖം.... ഓ മൈ ഫ്രണ്ട് നിൻ വാക്കുകളിൽ ഞാൻ കേൾക്കുന്നെന്റെ സ്വരം.... കുറച്ചു കഴിഞ്ഞു വൃന്ദ വന്നു ഫുഡ് കഴിക്കാൻ വിളിച്ചതും മുഖം ഉയർത്തി നോക്കി.... എന്നെ പോലെ തന്നെ പലഭാഗത്തിരുന്നു കരയുവായിരുന്നു നാലും.... പരസ്പരം കളിയാക്കി ചിരിച്ചു എണീറ്റു പുറത്തേക്ക് നടന്നു..... ഏട്ടൻ മിഥുൻ സാറിനോട് സംസാരിച്ചു നിൽക്കുന്നത് കണ്ടു....

ഇടയ്ക്ക് എപ്പോഴോ എന്തോ പറഞ്ഞു ചിരിയ്ക്കുന്നതിനു ഇടയ്ക്ക് എന്നെ കണ്ട് കൈ കൊണ്ട് അടുത്തേക്ക് ചെല്ലാൻ പറഞ്ഞു.... "എന്റെ അനിയത്തി ആണ്.... അഭിരാമി... " ഏട്ടനെന്നെ ചേർത്തു പിടിച്ചു അവിടുള്ള എല്ലാവരോടും ആയി പറഞ്ഞു.... ഞാൻ നേരെ മിഥുൻ സാറിന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു...... എന്നെ ഈ കോലത്തിൽ കണ്ടപ്പോ തന്നെ ആളുടെ മുഖം ഒന്നു തിളങ്ങിയതാ.... പക്ഷേ ഏട്ടൻ പരിചയപ്പെടുത്തിയപ്പോ ആ തിളക്കം ഒക്കെ ആരോ വെള്ളം എടുത്തു ഒഴിച്ച പോലെ കെട്ടു പോയി ആർക്കോ വേണ്ടി തിരിച്ചും ചിരിച്ചു കാണിച്ചു..... "മോള് ചെല്ല്..... ലേറ്റ് ആയാൽ ഏട്ടൻ കൊണ്ട് വിടാം.... " "വേണ്ട ഏട്ടാ.... ഫ്രണ്ട്‌സ് കൂടെ പൊക്കോളാം... ഇന്നും കൂടി അല്ലേ ഇങ്ങനെ..... " "മ്മ് ചെല്ല്.... " എന്നും പറഞ്ഞു കവിളിൽ ഒന്നു തട്ടി..... ഞാനൊന്ന് ചിരിച്ചു നമ്മടെ ടീമിന്റെ അടുത്തേക്ക് നടന്നു.... അപ്പോഴേക്കും സൂരജ് സാറിന്റെ അനിയത്തി ആണ് ഞാനെന്ന് മൊത്തത്തിൽ പാട്ടായി പിടക്കോഴികൾ കൊറേ പേർ എനിക്ക് ചുറ്റും കൂടി........

അവരെ ഒക്കെ ഓടിച്ചു വിട്ടു ഫുഡ് എടുത്തു ഞങ്ങൾ അഞ്ചും നേരെ സ്ഥിരം ഏരിയയിലേക്ക് വെച്ചു പിടിച്ചു..... പഴയ പോലെ കയ്യിട്ടു വാരി കഴിച്ചു.... ഇനി ഈ സ്ഥലം ഒക്കെ മറ്റാർക്കോ സ്വന്തം.... ഹും.... ആകെ ഒരു ആശ്വാസം അഞ്ചാളും കൂടി ഒരുമിച്ചു ബാംഗ്ലൂർ പോയി എഞ്ചിനീയറിംഗ് പഠിക്കാം എന്ന് പ്ലാൻ ചെയ്തത് ആണ്... റിസൾട്ട്‌ വരും മുൻപേ വീട്ടിൽ എല്ലാം പറഞ്ഞു സമ്മതിപ്പിക്കണം..... എല്ലാം കഴിഞ്ഞു സ്കൂളിൽ നിന്ന് ഇറങ്ങും മുൻപ് തിരിഞ്ഞു നിന്ന് മൊത്തത്തിൽ ഒന്നു നോക്കി..... ജീവിതത്തിലെ പന്ത്രണ്ടു വർഷക്കാലം ചിലവഴിച്ച ഓരോ മുക്കിലും മൂലയിലും കണ്ണുകൾ അരിച്ചു നടന്നു..... സ്കൂളിന്റെ ഒത്ത നടുക്ക് ആയിട്ട് ഒരു വലിയ മാവ് ഉണ്ട്.....മുത്തശ്ശി മാവ്..... ഞാൻ ഈ സ്കൂളിൽ വന്നേ പിന്നെ ഒരു വട്ടം മാത്രേ പൂത്തിട്ടുള്ളൂ..... അന്നു രാവിലെ വന്നാൽ ഒറ്റയോട്ടം ആയിരുന്നു അതിന്റെ ചുവട്ടിലേക്ക്..... വല്ലതും കിട്ടിയാൽ ആയി..... അതിന്റെ ചുവട്ടിലേക്ക് ചെന്നു വെറുതേ മുത്തശ്ശിമാവിനെ ഒന്നു ചുറ്റിപ്പിടിച്ചു..... എന്തിനോ വേണ്ടി കണ്ണ് നിറഞ്ഞു..... എന്റെ സ്വന്തം ആയിരുന്നു ഇന്നലെ വരെ....

സ്കൂൾ ഒന്നു തീർന്നു കിട്ടിയാൽ മതിയായിരുന്നു എന്നു നാഴികയ്ക്ക് നാൽപതു വട്ടം വിചാരിച്ചിരുന്നതാ... പക്ഷേ ഇപ്പോ...... അല്ലെങ്കിലും നഷ്ടപ്പെടും എന്ന് തോന്നുമ്പോഴെ ഇഷ്ടം കൂടു..... ഒരിക്കൽ കൂടി മൗനമായ് യാത്ര പറഞ്ഞു കണ്ണ് തുടച്ചു അവർക്കൊപ്പം പുറത്തേക്ക് നടന്നു.... പള്ളിയ്ക്ക് മുന്നിൽ ചെന്നു നിന്ന് ഒന്നും വിചാരിക്കാതെ വെറുതേ ഒരു കുരിശ് വരച്ചു.... മിക്ക വെള്ളിയാഴ്ച ഉച്ചയ്ക്കും ക്ലാസ്സ്‌ ഒഴിവാക്കാൻ ഇവിടത്തെ കുർബാനയ്ക്ക് വന്നിരിക്കും..... ബൈബിൾ എടുത്തു വായിക്കും..... വെറുതേ കണ്ണടച്ചിരിക്കും.... ഒരു പോസിറ്റീവ് വൈബ് ആണ്.... അവിടുന്നിറങ്ങി നേരെ കോയാക്കാന്റെ കടയിലേക്ക് ചെന്നു... ഇവിടത്തെ ഉപ്പിലിട്ട മാങ്ങയും പൈനാപ്പിളും സിപ്അപ്പും ഓകെയും എല്ലാം മേടിച്ചു റോഡിലേക്ക് ഇറങ്ങി നടന്നു.... സാധാരണ പൊട്ടിച്ചിരിച്ചും എലിന്റെയും കാത്തുവിന്റെയും മാരക തള്ള് ഉണ്ടാവുന്നതാ....

ഇന്നതൊന്നും ഇല്ല.... ഓർമ്മകൾ അയവിറക്കി ഒരു നടത്തം..... 😊 കോളേജിന് മുന്നിലെ കടയിൽ കയറി രണ്ടു പാക്കറ്റ് കൽക്കണ്ടം മേടിച്ചു.... ചരിത്രത്തിൽ ആദ്യമായ് അന്ന് ഞങ്ങൾ അഞ്ചു മിൽക്ക് സർബത്ത് മേടിച്ചു ചിയേർസ് അടിച്ചു കുടിച്ചു..... ഇടയ്ക്കെപ്പോഴോ കണ്ടു ബൈക്കിൽ താടിയും ഉഴിഞ്ഞു ഇരിക്കുന്ന ഋഷിയെ.... "എടി ഞാനിപ്പോ വരാം..... " അതും പറഞ്ഞു കയ്യിൽ ഇരുന്ന പാതി കുടിച്ച ഗ്ലാസ്‌ എലിയുടെ കയ്യിൽ കൊടുത്തു ഇന്ന് തന്നെ ഒരു തീരുമാനം ഉണ്ടാക്കണം എന്നും ഓർത്തു റോഡ് മുറിച്ചു കടന്ന് അവനടുത്തേക്ക് നടന്നു.... "ഋഷി...... " എന്നു സോഫ്റ്റ്‌ ആക്കി വിളിച്ചു അവന് മുന്നിലേക്ക് കയറി നിൽക്കാൻ പോയതും സാരിയുടെ പ്ലീറ്റ്സിൽ ചവിട്ടി മുന്നിലേക്ക് വീഴാൻ ആഞ്ഞു...............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story