കള്ളനസ്രാണി : ഭാഗം 1

കള്ളനസ്രാണി : ഭാഗം 1

എഴുത്തുകാരി: അഭിരാമി

” നിങ്ങളോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് എന്നേ ഉപദേശിക്കാൻ നിക്കരുതെന്ന്…… എന്റെ ജീവിതം എങ്ങനെ വേണമെന്ന് എനിക്കറിയാം…..” പറഞ്ഞതും മുന്നിലിരുന്ന പ്ലേറ്റ് തട്ടിത്തെറിപ്പിച്ചുകൊണ്ട് അവൻ ചാടി എണീറ്റു. ” ക്രിസ്റ്റീ എന്ത്‌ ഭ്രാന്താ നീയീ കാണിക്കുന്നത് ???? നിന്റെ പരാക്രമമൊക്കെ പുറത്ത് വച്ചിട്ട് മതി ഈ പടി കയറുന്നത്….. ” ശബ്ദം കേട്ട് അങ്ങോട്ട് ഓടി വന്ന ആനിയാണ് അത് പറഞ്ഞത്. ക്രിസ്റ്റി മുഖം തിരിച്ചുനോക്കുമ്പോൾ അവരുടെ മിഴികളിൽ തീയാളിയിരുന്നു. ഒരു നിമിഷം ആ മുഖത്തേക്കൊന്ന് സൂക്ഷിച്ചുനോക്കിയതും അവനൊരു ചവിട്ടായിരുന്നു ഡൈനിംഗ് ടേബിളിനിട്ട്. അതിന്റെ മുകളിലെ ഗ്ലാസ് പ്രതലമൊരു സീൽക്കാരത്തോടെ നിരങ്ങി നീങ്ങി നിലത്തേക്ക് വീണ് പൊട്ടിച്ചിതറി. ആ ശബ്ദമാ വീടിന്റെ ചുമരുകളിൽ മാറ്റൊലികൊണ്ടു.

ആനി കണ്ണുകളടച്ച് ഇരുകൈകൾ കൊണ്ടും ചെവികളമർത്തിപ്പിടിച്ചു. അപ്പോഴും ഒരു ശിലപോലെ ഇരുന്നിടത്ത് തന്നെ ഇരിക്കുകയായിരുന്നു സാമൂവൽ. ” എന്റെ നേരെ ആജ്ഞയുടെ സ്വരം വേണ്ട……. അതിനുള്ള അർഹത പത്തൊൻപത് വർഷം മുൻപ് നഷ്ടപ്പെട്ടതാ നിങ്ങൾക്ക്. ആ സ്ഥാനങ്ങളൊന്നും ഇനി തിരിച്ചുപിടിക്കാൻ ശ്രമിക്കണ്ടാ…… ” അവന്റെയാ വാക്കുകൾക്ക് മുന്നിൽ തറഞ്ഞുനിന്നുപോയി ആനി. അവരുടെ മിഴികളിൽ നീർമുത്തുകളുരുണ്ടുകൂടി. ഹൃദയത്തിലേറ്റ ആഘാതത്തിന്റെ തെളിവായി അവരുടെ കൈകൾ ഉടുത്തിരുന്ന കോട്ടൺ സാരിയിലമർന്നു. ” പിന്നെ തന്നോട്…… ഒരിക്കൽ കൂടി പറയുവാ മേലിൽ എന്റെ അപ്പൻ ചമയാനിറങ്ങിയേക്കരുത്.

എന്നേ പെണ്ണ് കെട്ടിച്ച് നന്നാക്കാൻ മുണ്ടും മുറുക്കി ഇറങ്ങിയേക്കുവാ പ്ലാന്തോട്ടത്തിൽ സാമൂവൽ എന്ന് കവലേന്നേ അറിഞ്ഞു. ആ മോഹമങ്ങ് കളഞ്ഞേക്ക്…… ” പറഞ്ഞിട്ട് അവൻ അവിടെക്കിടന്നിരുന്ന കസേരയും തട്ടിത്തെറിപ്പിച്ചുകൊണ്ട് പുറത്തേക്ക് പോയി. ” മോനെ ക്രിസ്റ്റി പപ്പാ…… ” പുറത്തേക്ക് കാലെടുത്തുവച്ചപ്പൊഴായിരുന്നു സാമൂവൽ പറഞ്ഞുതുടങ്ങിയത്. പക്ഷേ തിരിഞ്ഞുനിന്നവന്റെയൊരു തീക്ഷണമായ നോട്ടം കൊണ്ട് അയാളുടെ വാക്കുകൾ തൊണ്ടക്കുഴിയിലെവിടെയൊ കുരുങ്ങിക്കിടന്നു. ” മോനെ ഞാനൊന്ന് പറഞ്ഞോട്ടെ ഹന്ന നല്ല കൊച്ചാ നിനക്ക് ചേരും അതാ ഞാൻ……..

പിന്നെ ഞങ്ങളോടല്ലേ നിനക്ക് വാശി അവളോടെന്നാത്തിനാ ??? ഞങ്ങളെയൊ നിനക്ക് വേണ്ട ഇങ്ങനെ എത്രകാലം ഒറ്റയാനായി ജീവിക്കും നീ….. നിനക്കൊരു തുണ വേണ്ടേ ???? ” ദയനീയതയോടെ ചോദിക്കുബോൾ സാമുവലിന്റെ സ്വരമിടറിയിരുന്നു. കൺകോണിലെവിടെയൊ കണ്ണീരിന്റെ ഉറവ പൊട്ടിയിരുന്നു. ” ഹാ ഹാ ഹാ………. ” അയാൾ പറഞ്ഞത് കേട്ടതും ക്രിസ്റ്റി ആർത്തുചിരിച്ചു. അതുകണ്ട് സാമുവലും ആനിയും വേദനയോടെ പരസ്പരം നോക്കി. ” തുണയോ എനിക്കോ…….. എട്ടാംവയസിൽ അനാഥനായവനാ ഈ ക്രിസ്റ്റി…… അന്നില്ലാത്ത തുണയൊന്നും ഇന്നെനിക്കാവശ്യമില്ല……”

പറഞ്ഞിട്ട് അവൻ പുറത്തേക്ക് തന്നെ ഇറങ്ങി. പക്ഷേ പെട്ടന്ന് തന്നെ അവൻ നിന്നു. പോയ വേഗത്തിൽ തന്നെ തിരികെ അകത്തേക്ക് വന്നു. ” ഇനി എന്നേ കെട്ടിക്കണമെന്ന് തനിക്കത്ര നിർബന്ധമാണെങ്കിൽ ജീവിതത്തിൽ ആദ്യമായി ഞാൻ പ്ലാന്തോട്ടത്തിലെ സാമുവൽ ജോണിനെ അനുസരിക്കാം…….. ” അവൻ പറഞ്ഞത് കേട്ട് സാമുവലിന്റെയും ആനിയുടേയും മിഴികൾ ഒരുപോലെ വിടർന്നു. അവരെന്തൊ അത്ഭുതം കേട്ടത് പോലെ അവനിലേക്ക് തന്നെ നോക്കി നിന്നു. ക്രിസ്റ്റി വീണ്ടും തുടർന്നു. ” പക്ഷേ പെണ്ണ് ഞാൻ പറയുന്നവളായിരിക്കണം……. അവൾ അവളാണെങ്കിൽ മാത്രം ക്രിസ്റ്റിയവളെ മിന്ന് ചാർത്തും. ”

” ആ….. ആരാ….. ” അവൻ പറഞ്ഞത് കേട്ട് ആകാംഷ സഹിക്കാൻ കഴിയാതെ സാമുവൽ ചോദിച്ചുപോയി. ” തന്റെയാ പുന്നാരക്കൂട്ടുകാരനില്ലേ അലോഷി അയാടെ രണ്ടാമത്തെമകൾ ജസീന്ത…….. അവളെ നേടിത്തരാൻ തനിക്ക് പറ്റുമോ എങ്കിൽ മാത്രം ഞാനൊരു കെട്ടുകല്യാണത്തിന് നിന്നുതരാം. ” അവൻ പറഞ്ഞതും അമ്പരപ്പോടെ സാമൂവലിന്റെ നോട്ടം ആനിയിലേക്ക് നീണ്ടു. പക്ഷേ അതൊന്നും ശ്രദ്ധിക്കാൻ നിൽക്കാതെ ഇറങ്ങിപ്പോയ ക്രിസ്റ്റിയുടെ ബുള്ളറ്റപ്പോഴേക്കും ആ വലിയ ഗേറ്റ് കടന്നിരുന്നു. പണ്ടുമുതലേയുള്ള സമുവലിന്റെ ഉറ്റസുഹൃത്താണ് അലോഷി.

ഭാര്യയും മൂന്ന് പെൺമക്കളും മാത്രം സ്വന്തമായുള്ള ഒരു സാധുമനുഷ്യൻ. ഒരു ഫാക്ടറിയിൽ മെക്കാനിക്കായി ജോലി ചെയ്തിരുന്ന അലോഷിക്ക് അവിടെ വച്ചുണ്ടായ ഒരപകടത്തിൽ ഒരു കാല് നഷ്ടമായിരുന്നു. അതിൽപ്പിന്നെ പ്ലാന്തോട്ടത്തിൽകാരെ ആശ്രയിച്ചായിരുന്നു ആ കുടുംബത്തിന്റെ ജീവിതം. അലോഷിയുടെ മൂത്തമോളെ കെട്ടിച്ചയച്ചതും അവരുടെ ജീവിതമാർഗത്തിനായി ഒരു പലചരക്കുകടയിട്ടുകൊടുത്തതുമൊക്ക സാമുവലായിരുന്നു. അതുകൊണ്ട് തന്നെ പ്ലാന്തോട്ടത്തിലുകാരോട് ആ കുടുംബത്തിന് വല്ലാത്തൊരു വിധേയത്വവുമായിരുന്നു.

” നീയിതുവരെ ഒന്നും പറഞ്ഞില്ലല്ലോ….. ” അലോഷിയുടെ കൊച്ചുവീടിന്റെ തിണ്ണയ്ക്കിരുന്ന് വിഷയമവതരിപ്പിക്കുമ്പോൾ മൗനമായിരിക്കുന്ന അയാളെ നോക്കി സാമൂവൽ ഉത്കണ്ഠയോടെ ചോദിച്ചു. ” ഞാനെന്നാ പറയാനാ….. ആ വീട്ടിലേക്കെന്റെ മോളെ അയക്കാൻ എനിക്ക് സന്തോഷമേയുള്ളൂ. പക്ഷേ എന്റെ സമ്മതം മാത്രം പോരല്ലോ അവളുടെ മനസൂടെ അറിയണ്ടേ….. ” അലോഷി പറഞ്ഞത് ശരിയാണെന്ന തോന്നലിൽ സാമുവൽ പതിയെയൊന്ന് മൂളി. ” മ്മ്മ്മ്…. അത് വേണം കുട്ടികളുടെ മനസിലെന്താണെന്നറിയണം. നീ മോളോട് സംസാരിക്ക്…..

അനുകൂലമായൊരു മറുപടിയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. കാരണം ഈ പ്രായത്തിനിടയിൽ എന്റെ മോനെന്നോട് ആദ്യമായി ആവശ്യപ്പെടുന്ന കാര്യമാണിത്. അതെന്ത് വില കൊടുത്തുമെനിക്ക് നേടിക്കൊടുക്കണം.” സാമുവൽ പറഞ്ഞത് കേട്ട് അലോഷി മറുപടിയൊന്നും പറയാതെ വെറുതെയൊന്ന് പുഞ്ചിരിച്ചു. ” നിനക്കും അറിയാല്ലോ അവന്റെ സ്വഭാവം…… പക്ഷേ ഈ ബഹളമൊക്കെയേ ഉള്ളു. അവനൊരു പാവമാടാ……. ” അലോഷിയുടെ മുഖത്തെ നിർവികാരത കണ്ട് അയാൾ വീണ്ടും പറഞ്ഞു. അപ്പോഴും അലോഷി ചിരിക്കുക മാത്രം ചെയ്തു. ” എന്നാ ഞാനിറങ്ങുവാഡാ നീ മോളോട് സംസാരിക്ക്…… ” ” മ്മ്മ്….. ”

തിരികെപ്പോകാനായി സാമുവൽ കാറിനരികിലേക്ക് പോകുമ്പോഴായിരുന്നു ജെസിന്തയുടെ സ്കൂട്ടർ മുറ്റത്തേക്ക് കയറി വന്നത്. ” ആഹാ അങ്കിളിറങ്ങുവാന്നോ വന്നിട്ട് ഒരുപാട് നേരമായൊ ??? ” വണ്ടിയിൽ നിന്നിറങ്ങിയ ജെസി അയാളെ നോക്കി പുഞ്ചിരിയോടെ ചോദിച്ചു. ” ആഹ് കുറച്ചുനേരമായി മോളെ….. മോൾടെ പഠിപ്പൊക്കെ എങ്ങനെ പോന്നു ??? ” ” നന്നായി പോന്നങ്കിളേ….. ” ” മ്മ്മ്മ്…… എന്നാ അങ്കിളിറങ്ങട്ടെ മോളെ….. ” പറഞ്ഞിട്ട് അവളുടെ നെറുകയിലൊന്ന് തലോടിയിട്ട് സാമുവൽ കാറിലേക്ക് കയറി ഓടിച്ചുപോയി. ഒരു പുഞ്ചിരിയോടെ തന്നെ ജെസിയകത്തേക്കും കയറി. ”

എന്നാത്തിനാ പപ്പേ അങ്കിള് വന്നേ ??” തിണ്ണയിലേക്ക് കയറിയുടൻ അരഭിത്തിയിൽ ചാരിയിരിക്കുകയായിരുന്ന അലോഷിയോടായി അവൾ ചോദിച്ചു. ” അത്……മോളെ….. മോളിവിടെ വന്നിരുന്നേ പപ്പ പറയട്ടെ….. ” ” എന്നാ പപ്പേ….. “. ” അതേ മോളെ സാമുവൽ വന്നത് ക്രിസ്റ്റി മോനുവേണ്ടി മോളെ…. ” ” എന്നേ ???? ” ” മോളെ പെണ്ണാലോചിക്കാനാ …… ” അയാളത് പറഞ്ഞതും ഇരുന്നിടത്ത് നിന്നും ജെസി ചാടിയെണീറ്റു. ” പപ്പേ…… കള്ളും കുടിച്ച് തല്ലും കൂടി നടക്കുന്ന അയാളുടെ മിന്നിന് ഞാൻ തല കുനിച്ചുകൊടുക്കണം എന്നാന്നോ പപ്പ പറയുന്നത് ??? ” ചോദിക്കുമ്പോൾ അവളുടെ ഒച്ച നന്നേ ഉയർന്നിരുന്നു.

അതുകേട്ട് അകത്തുനിന്നും അവളുടെ അമ്മ റോസിയും ഇളയ അനിയത്തി ജോസ്മിയും പുറത്തേക്ക് വന്നു. ” അമ്മ കൂടി അറിഞ്ഞിട്ടാണോ ഇതൊക്കെ ??? ” റോസിയെ കണ്ടതും ജെസി ചോദിച്ചു. ” മോളെ അത് സാമുവലച്ചായൻ പറഞ്ഞപ്പോ….. ” റോസി വാക്കുകൾക്കായി പരതുന്നത് കണ്ടതും അവളുടെ മുഖം വലിഞ്ഞുമുറുകി. ” ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ആ വൃത്തികെട്ടവന് മുന്നിലീ ജെസ്സി ശിരസ് കുനിക്കില്ല. അങ്ങനെയൊരു ഗതികേട് വന്നാൽ ഒരിറ്റ് വിഷത്തിൽ എന്നേത്തന്നെ ഞാനവസാനിപ്പിച്ചുകളയും. ” പറഞ്ഞിട്ട് കയ്യിലിരുന്ന ബാഗുമായി അവളകത്തേക്ക് കയറിപ്പോയി.

അലോഷിയും റോസിയും നിസ്സാഹായതയോടെ പരസ്പരം നോക്കി. രാത്രി എല്ലാവരും ഒരുമിച്ച് അത്താഴത്തിനിരിക്കുമ്പോഴും ജെസിയുടെ മുഖം തെളിഞ്ഞിരുന്നില്ല. ഏതൊക്കെയൊ ചിന്തകളിൽ മുഴുകി അസ്വസ്ഥപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു അവളുടെ ഉള്ളം. ” മോളെ…… ” ആ കനത്ത മൗനത്തെ ഭേധിച്ചുകൊണ്ട് അലോഷി തന്നെ സംസാരിച്ചുതുടങ്ങി. അവൾ വിളി കേട്ടില്ലെങ്കിലും വെറുതെ അയാളുടെ മുഖത്തേക്ക് നോക്കിയിരുന്നു. ” മോളെ ഇത്തിരി കള്ളുകുടിയും അല്ലറചില്ലറ വഴക്കുമൊക്കെയൊഴിച്ചാൽ ക്രിസ്റ്റി നല്ലവനാ……. ” അയാളത് പറഞ്ഞതും ജെസിയുടെ മുഖം കടന്നൽ കുത്തിയത് പോലെ വീർത്തു.

എങ്കിലും അവളൊന്നും തന്നെ ഉരിയാടിയില്ല. ” പിന്നെ ഇക്കാലത് ഇതൊന്നുമില്ലാത്ത ചെക്കനെ വേണമെന്ന് വാശി പിടിച്ചിട്ടൊരു കാര്യവുമില്ല. അതൊക്കെ കെട്ട് കഴിയുമ്പോൾ അങ്ങ് മാറിക്കോളും. മോൾക്ക്റിയാല്ലോ ഒരടുക്കും ചിട്ടയുമില്ലാത്ത ജീവിതമാ അവന്റേത്. കെട്ട് കഴിഞ്ഞ് മോളൊപ്പമുണ്ടാകുമ്പോൾ അവൻ നന്നായിക്കോളും. ” പക്ഷേ പപ്പേ….. ” ” ഇല്ല മോളെ പപ്പ മോളെ നിര്ബന്ധിക്കില്ല പക്ഷേ മോളൊന്ന് ആലോചിച്ച് നോക്ക് പപ്പയീ ഒന്നരക്കാലനായതിൽ പിന്നെ ഈ വീട്ടിലെ അടുപ്പ് പുകയുന്നത് പോലും അവരുടെ ദയവ് കൊണ്ടാ. ഇന്ന് നമുക്കുള്ളതെല്ലാം അവരുടെ ധാനമാ…. പിന്നെ മോളീ കെട്ടിന് സമ്മതിച്ചാൽ നമ്മുടെ ജോമോൾക്കും നല്ലൊരു ജീവിതം കിട്ടും.

ഇതൊക്കെ പപ്പ മോൾക്ക് പറഞ്ഞുതന്നെന്നേയുള്ളൂ. പപ്പയൊരിക്കലും മോളെ നിര്ബന്ധിക്കില്ല. ഇനിയെല്ലാം മോൾടെ ഇഷ്ടം പോലെ നടക്കട്ടെ….. ” പറഞ്ഞിട്ട് ക്രച്ചസിന്റെ ബലത്തിൽ അയാളെണീറ്റ് പുറത്തേക്കുപോയി. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ എന്തുതീരുമാനമെടുക്കുമെന്നറിയാതെ തളർന്നിരിക്കുകയായിരുന്നു ജെസ്സി. രാത്രിയേറെയായിട്ടും വരാന്തയിൽ തന്നെയിരുന്ന് നെടുവീർപ്പിട്ടുകൊണ്ടിരുന്ന അലോഷിയുടേയും റോസിയുടെയും അരികിലേക്ക് ജെസ്സി വരുമ്പോൾ അവർ സ്നേഹത്തോടവളേ നോക്കി പുഞ്ചിരിച്ചു.. ”

മോളിതുവരെ ഉറങ്ങിയില്ലെ ??? ” ” എനിക്ക്…. എനിക്ക് സമ്മതാ പപ്പേ…. ” അലോഷി ചോദിച്ചതും ജെസ്സിയിൽ നിന്നും വന്ന മറുപടി അതായിരുന്നു. ആ മാതാപിതാക്കളിരുവരും അമ്പരന്നവളെത്തന്നെ നോക്കി. പക്ഷേ അവളുടെ നോട്ടം മറ്റെങ്ങോട്ടോ ആയിരുന്നു. ” മോളെ പപ്പയുടെ സ്വാർത്ഥത പപ്പ മോളിൽ അടിച്ചേൽപ്പിക്കുകയാണെന്ന് തോന്നുന്നുണ്ടോ എന്റെ മോൾക് ??? ” വിമ്മിഷ്ടത്തോടെയുള്ള അയാളുടെ ചോദ്യം കേട്ടതും ജെസ്സി ഓടി ചെന്ന് ആ മനുഷ്യനോട്‌ ചേർന്നിരുന്നു. ” അങ്ങനെയൊന്നുല്ല പപ്പേ….. എനിക്ക് ശരിക്കും സമ്മതായിട്ട് തന്നെയാ…. ”

എല്ലുകൾ തെളിഞ്ഞ അയാളുടെ മാറിലേക്ക് ചാരി ഉള്ളിലെ നൊമ്പരത്തിന്റെ തിരമാലകളെ അടക്കിപ്പിടിച്ചുകൊണ്ട് അവൾ പറഞ്ഞു. അലോഷിയുടെ കൈകൾ അവളുടെ മുടികളേ തലോടിക്കൊണ്ടിരുന്നു. പിന്നീടെല്ലാം പെട്ടന്ന് തന്നെ തീരുമാനിക്കപ്പെട്ടു. വിവാഹദിനം വന്നെത്തി. തൂവെള്ളസാരിയുടുത്ത് മിതമായ മേക്കപ്പും ആഭരണങ്ങളുമൊക്കെയണിഞ്ഞ് അൾത്താരയ്ക്ക് മുന്നിൽ ക്രിസ്റ്റിയുടെ അരികിലായവൾ നിന്നു. കസവുമുണ്ടും ജുബ്ബയും ധരിച്ച അവന്റെ നോട്ടമിടയ്ക്കിടെ അവളിലേക്ക് പാളി വീണിരുന്നുവെങ്കിലും അവളപ്പോഴും മറ്റേതോ ലോകത്ത് ആയിരുന്നു.

പിന്നീടെപ്പോഴോ ക്രിസ്റ്റിയുടെ പേരിലുള്ള മിന്ന് കഴുത്തിൽ മുറുകുമ്പോഴായിരുന്നു അവൾ സ്വബോധത്തിലേക്ക് വന്നത്. അവൾ ഞെട്ടിപ്പിടഞ്ഞുകൊണ്ട് നോക്കുമ്പോൾ മിന്ന് മുറുക്കുന്നതിൽ മാത്രമായിരുന്നു അവന്റെ ശ്രദ്ധ. പക്ഷേ അവനിൽ നിന്നുമുതിരുന്ന തീക്ഷണമായ സുഗന്ധം തന്നെയാകെ പൊതിയുന്നതവളറിഞ്ഞു. ചടങ്ങുകളൊക്കെ കഴിഞ്ഞ് അവർ പ്ലാപ്പറമ്പിലെത്തിയപ്പോഴേക്കും ഉച്ചകഴിഞ്ഞിരുന്നു. വന്നവരവേ ക്രിസ്റ്റി മുകളിലേക്ക് കയറിപ്പോയി. ആനി വന്ന് കുരിശ് വരച്ച് നിലവിളക്ക് കൊടുത്ത് ജെസിയെ അകത്തേക്ക് കയറ്റി. മറ്റുചടങ്ങുകളൊന്നുമില്ലായിരുന്നതിനാൽ ബന്ധുക്കളും നാട്ടുകാരുമെല്ലാം അപ്പോൾ തന്നെ പിരിഞ്ഞുപോയിരുന്നു.

കുറച്ചുകഴിഞ്ഞപ്പോൾ ക്രിസ്റ്റിയും എങ്ങോട്ടോ പോയിരുന്നു. പിന്നീട് രാത്രിയേറെ വൈകിയായിരുന്നു ക്രിസ്റ്റി തിരികെയെത്തിയത്. വരുമ്പോൾ അവൻ നന്നായി മദ്യപിക്കുകയും ചെയ്തിരുന്നു. അപ്പോഴും കട്ടിലിന്റെ തലക്കൽ ചാരി ഓരോന്നോർത്തിരിക്കുകയായിരുന്നു ജെസ്സി. ആടിയാടി മുറിയിലേക്ക് കയറിവന്ന അവനെ കണ്ടതും അവൾ വേഗത്തിൽ ചാടിപ്പിടഞ്ഞെണീറ്റു. ” ഓഹ് വല്യ ബഹുമാനമൊന്നും വേണ്ടെടി പ്രീയപ്പെട്ട ഭാര്യേ….. ” ഒരു ചിരിയോടെ അവൻ പറഞ്ഞതും അവൾ ദേഷ്യത്തോടെ മുഖം വെട്ടിത്തിരിച്ചു. ക്രിസ്റ്റി എങ്ങനെയൊക്കെയൊ വാതിലടച്ച് കുറ്റിയിട്ടിട്ട് ബെഡിലേക്ക് വന്നുവീണു.

അപ്പോഴും അറപ്പോടവനെ നോക്കി നിന്നിടത്തുതന്നെ നിൽക്കുകയായിരുന്നു ജെസ്സി. കുറച്ചുസമയം അങ്ങനെ നിന്നിട്ട് അവളൊരു പുതപ്പെടുത്ത് തറയിലേക്ക് വിരിച്ചു. എന്നിട്ട് അതിലേക്ക് കിടക്കാൻ തുടങ്ങുമ്പോഴായിരുന്നു കയ്യിലവന്റെ പിടി വീണത്. ” ഇന്ന് നമ്മുടെ കെട്ട് കഴിഞ്ഞതല്ലേ ഉള്ളു…. അപ്പോഴേക്കും എന്റെ ഭാര്യ നിലത്ത് കിടന്നാൽ എങനെ ശരിയാകും. നീ ഇവിടെ എന്റെ നെഞ്ചിലാണ് കിടക്കേണ്ടത്…. ” പറഞ്ഞതും ഒരുവലിക്കവനവളെ കിടക്കയിലേക്കിട്ട് വരിഞ്ഞുമുറുക്കി. ”

എന്നുമുതലാടി നിനക്കെന്നോടിത്ര വെറുപ്പ് തോന്നിത്തുടങ്ങിയത് ??? ” അവളുടെ കഴുത്തടിയിലേക്ക് മുഖമമർത്തി കുഴഞ്ഞസ്വരത്തിൽ അവൻ ചോദിച്ചു. ഒപ്പം തന്നെ മുറിയിലെ വെളിച്ചവുമണഞ്ഞു. ” എന്റെ വിശ്വാസങ്ങൾ നിങ്ങൾ തകർത്തുടച്ച ദിവസം നിങ്ങളോടുള്ള എന്റെ പ്രണയം വറ്റിവരണ്ടു. അവിടെ വെറുപ്പ് നിറഞ്ഞു….. ” മറുപടിക്കായി കാത്തുനിൽക്കാതെ ക്രിസ്റ്റി ഉറക്കത്തിലേക്ക് വഴുതി വീണുവെങ്കിലും അവന്റെ കൈക്കുള്ളിൽ കിടന്നുകൊണ്ട് തന്നെ ജെസ്സി സ്വയം പറഞ്ഞു. തുടരും…..

Share this story