💕കാണാച്ചരട് 💕: ഭാഗം 16

kanacharad

രചന: RAFEENA MUJEEB

" എല്ലാവരും അത്താഴം കഴിച്ചതിനുശേഷം അടുക്കളയിൽ എല്ലാം ഒതുക്കി കുടിക്കാനുള്ള വെള്ളവുമായി സുഭദ്ര റൂമിലേക്ക് വരുമ്പോൾ ദേവൻ ഉറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതെന്താ പതിവില്ലാതെ നേരത്തെ കേറി കിടക്കുന്നത്...? വന്നപാടെ കയ്യിലെ ജഗ് മേശപ്പുറത്ത് വെച്ച് സുഭദ്ര ദേവനെ നോക്കി ചോദിച്ചു. മനസ്സിനെന്തോ ഒരു വല്ലായ്ക...? രണ്ടുദിവസമായി തുടങ്ങിയിട്ട്, ഈയിടെയായി നമ്മുടെ മക്കളെ എപ്പോഴും സ്വപ്നം കാണുന്നുണ്ട്. ദേവൻ നേരിയ സങ്കടത്തോടെ സുഭദ്രയെ ഒന്ന് നോക്കി. അതു നിങ്ങൾ ഏതു സമയവും മക്കളെ കുറിച്ച് തന്നെ ഓർത്തിട്ടാണ്. ഞാനും ആഗ്രഹിക്കാറുണ്ട് ഇപ്പൊ നമ്മുടെ പ്രശ്നങ്ങൾ എല്ലാം തീർന്നു കമ്പനിയും നല്ല നിലയിൽ മുന്നോട്ടു പോകുന്നുണ്ട് നമ്മുടെ മക്കൾ നമ്മുടെ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന്, എനിക്കുറപ്പുണ്ട് ഇതെല്ലാം അവർ മുകളിലിരുന്നു കാണുന്നുണ്ടാവും സന്തോഷിക്കുന്നുണ്ടാവും സുഭദ്ര സാരിത്തലപ്പുകൊണ്ട് കണ്ണിലെ ഈറൻ തുടച്ചുമാറ്റി.

ശരിയാ അവരുണ്ടെങ്കിൽ എല്ലാ ഭാരവും അവരുടെ ചുമലിൽ വെച്ച് കൊടുത്തു എനിക്കീ തിരക്കുപിടിച്ച ജീവിതത്തിൽ നിന്ന് ഒന്നു വിട്ടു നിൽക്കാമായിരുന്നു, ഇതിപ്പൊ ദേവ മോളുടെ ചുമലിൽ എല്ലാ ഭാരവും വെച്ചോഴിയാൻ മനസ്സ് സമ്മതിക്കുന്നില്ല. അവളെ സുരക്ഷിതമായ ഒരു കരങ്ങളിലേൽപ്പിച്ചു കഴിഞ്ഞാൽ പിന്നെ ഒന്നും പേടിക്കാനില്ല, ഈശ്വരൻ വന്നു വിളിച്ചാൽ പോലും സമാധാനത്തോടെ പോകാം ദേവൻ ഒരു ദീർഘനിശ്വാസമെടുത്തു കൊണ്ട് പറഞ്ഞു. അങ്ങനെ നിങ്ങൾ എന്നെ കൂട്ടാണ്ട് എവിടേക്കും പോകണ്ട, നിങ്ങൾ എങ്ങോട്ട് പോയാലും ഞാനും വരും കൂടെ സുഭദ്ര തെല്ല് പരിഭവത്തോടെ പറഞ്ഞു. നിന്നെ കൊണ്ടുപോകാൻ ഞാൻ ടൂർ ഒന്നും അല്ല പോകുന്നത്, ഞാൻ പോയി കഴിഞ്ഞാൽ എനിക്ക് വേണ്ടി കരയാൻ നീയല്ലേ ഉള്ളു, നമ്മുടെ മോളെ ഒറ്റയ്ക്കാക്കി നമ്മൾ രണ്ടുപേരും അങ്ങനെ പോകാൻ ഒക്കുമോ...? ദേവൻ സുഭദ്രയുടെ മുഖം തന്റെ കൈക്കുള്ളിലാക്കി ആ കണ്ണുകളിൽ നോക്കി പറഞ്ഞു. എന്റെ കണ്ണടയുംവരെ നിന്റെ കണ്ണിൽ ഈ തിളക്കം എനിക്ക് കാണണം . നിന്റെ നെറ്റിയിലെ സിന്ദൂരം അതു കണ്ടുകൊണ്ടു വേണം എനിക്ക് കണ്ണടക്കാൻ സുഭദ്രയുടെ നെറുകയിൽ ഒന്ന് ചുംബിച്ചു കൊണ്ട് ദേവൻ പറഞ്ഞു.

ഇതെന്താപ്പൊ ഇങ്ങനെയൊക്കെ...? മുൻപൊന്നും കണ്ടിട്ടില്ലാത്ത ഒരു ശീലം. ഏട്ടൻ ഓരോന്നാലോചിച്ച് മനസ്സ് വിഷമിപ്പിക്കേണ്ട, നമ്മുടെ ശനി ദശ നമ്മളെ വിട്ടൊഴിഞ്ഞു പോയി. ഇനി ഓരോന്നാലോചിച്ച് മനസ്സ് വിഷമിപ്പിക്കല്ലേ ദേവന്റെ കൈകളിൽ പിടിച്ചു സുഭദ്ര പറഞ്ഞു. അത് പറഞ്ഞപ്പോഴാണ് ഓർത്തത്, വടക്കേതിലെ മീനാക്ഷിയേടത്തി വിളിച്ചിരുന്നു. നമ്മുടെ നടക്കാവ് ദേവി ക്ഷേത്രത്തിൽ ഒരു ജോത്സ്യൻ വന്നിട്ടുണ്ടെന്ന്. പറയുന്നതെല്ലാം അച്ചട്ടാണ്. ഒരുപാട് കഴിവുകളുള്ള ഒരു സിദ്ധൻ, ഞാനൊന്ന് പോയി കാണട്ടെ, നമ്മുടെ കുടുംബത്തിനുമേൽ വല്ല ദോഷവും ഉണ്ടെങ്കിൽ സ്വാമിയെ കണ്ടു വല്ല പ്രതിവിധിയും ഉണ്ടോ എന്ന് ചോദിക്കാം സുഭദ്ര പ്രതീക്ഷയോടെ ദേവനെ നോക്കി. എങ്കിൽ ഞാൻ കൂടി വരാം നമുക്കൊരുമിച്ചു പോകാം. അതിനേട്ടൻ ബുദ്ധിമുട്ടണ്ട, ഞാനും ഏട്ടത്തി മാരും പൊയ്ക്കോളാം, ഒരുപാട് തിരക്കുള്ള ആളല്ലേ ഇതിനുവേണ്ടി തിരക്കുകൾ ഒന്നു മാറ്റി വയ്ക്കേണ്ട, ഏട്ടന് ഒഴിവുള്ള ഒരു ദിവസം നമുക്ക് വീണ്ടും അദ്ദേഹത്തെ പോയി കാണാം സുഭദ്ര പറയുന്നതിനോട് ദേവനും യോജിച്ചു.

ലൈറ്റണച്ച് കിടക്കാനൊരുങ്ങുമ്പോഴാണ് കതകിൽ ആരോ തട്ടുന്ന ശബ്ദം കേട്ടത്. സുഭദ്ര ചെന്ന് വാതിൽ തുറന്നപ്പോൾ മുൻപിൽ പുഞ്ചിരിയോടെ നിൽക്കുന്നു രണ്ട് പെങ്ങമ്മാരും. അവരെ കണ്ടതും ദേവനും എഴുന്നേറ്റു വന്നു. ഏട്ടൻ ഉറങ്ങിയില്ലെങ്കിൽ ഞങ്ങൾക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കണമായിരുന്നു, നാരായണി വിനയത്തോടെ പറഞ്ഞു. അവരുടെ കൂടെ ഹാളിലേക്ക് ചെന്നപ്പോൾ അവിടെ നകുലനും നിഖിലും നിൽപ്പുണ്ടായിരുന്നു. എന്തോ പ്രധാനപ്പെട്ട കാര്യമാണ് പറയാനുള്ളതെന്ന് എല്ലാവരുടെയും മുഖം വ്യക്തമാക്കുന്നുണ്ട്. കാര്യങ്ങളൊക്കെ ഇപ്പോൾ കുഴപ്പമില്ലാതെ പോകുന്ന സ്ഥിതിക്ക് നമുക്കിനി കുട്ടികളുടെ കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ വൈകിക്കണോ ദേവകി ദേവന്റെ മുഖത്തേക്ക് ഒന്ന് പാളി നോക്കി പറഞ്ഞു. ദേവയുടെ കാര്യത്തിൽ തീരുമാനം ഞാൻ അവൾക്ക് വിട്ടിരിക്കുകയാണ്. നിഖിലും നകുലനും എനിക്ക് ഒരുപോലെയാണ്, അതുപോലെ എന്റെ രണ്ടു പെങ്ങന്മാരിൽ അവളെ ആർക്കു തരുന്നതിലും എനിക്ക് സന്തോഷമേയുള്ളൂ.

അവളു തീരുമാനിക്കട്ടെ, രണ്ടുപേരിൽ ആരുടെ പേര് പറഞ്ഞാലും എനിക്ക് സമ്മതമേയുള്ളൂ ദേവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു. എങ്കിൽ അവളുടെ തീരുമാനം നമുക്ക് ഇപ്പോൾ തന്നെ ചോദിച്ചറിയാം, നല്ല കാര്യങ്ങൾ അധികം വെച്ച് താമസിക്കേണ്ട എന്നാണ് എന്റെ അഭിപ്രായം നാരായണി പറഞ്ഞ കാര്യത്തോട് മറ്റുള്ളവരും യോജിച്ചു, മോളെ വിളിച്ചുകൊണ്ടുവരാൻ ദേവൻ സുഭദ്ര യോട് കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു. സുഭദ്ര അവളെ വിളിക്കാൻ മുകളിലേക്ക് പോയപ്പോൾ എല്ലാവരും പ്രതീക്ഷയോടെ അവർക്ക് വേണ്ടി കാത്തിരുന്നു. അല്പസമയം കഴിഞ്ഞപ്പോൾ സുഭദ്ര മകളെയും കൊണ്ട് താഴേക്കിറങ്ങി വന്നു. പുറകെ വാലുപോലെ ആരോഹിയും അരുണിമയും ശ്വേതയും ഉണ്ട്. താഴേക്ക് എത്തിയതും ദേവ എല്ലാവരെയും സംശയത്തോടെ ഒന്നു നോക്കി. ദേവൻ അവളെ തനിക്കരികിലേക്ക് വിളിച്ച് തന്റെ അടുത്തായി ഇരുത്തി. മോളെ അച്ഛനിതുവരെ ഒരു കാര്യത്തിനും നിർബന്ധിച്ചിട്ടില്ല. നിന്റെ ഒരു ഇഷ്ടത്തിനും എതിരും നിന്നിട്ടില്ല ഇതുവരെ, നിനക്ക് ഏതാണ് നല്ലത് അത് നിനക്ക് തിരഞ്ഞെടുക്കാം. നിന്റെ ഏതു തീരുമാനത്തിനും കൂടെ ഞങ്ങൾ ഉണ്ടാവും, നിന്റെ ഒരു ഇഷ്ടത്തിനും അച്ഛൻ എതിര് നിൽക്കില്ല.

ദേവൻ പറയുന്നത് കേട്ട് ഒന്നും മനസ്സിലാകാതെ ദേവ അച്ഛനെ നോക്കി. ഞാൻ പറഞ്ഞുവരുന്നത് നിന്റെ കല്യാണ കാര്യത്തെക്കുറിച്ച് തന്നെയാണ്, ദേവൻ നകുലൻ രണ്ടുപേരും എനിക്ക് ഒരുപോലെയാണ്, ഇവരിൽ ആരെ നീ തിരഞ്ഞെടുത്താലും അച്ഛനു സന്തോഷമേയുള്ളൂ, നിന്റെ ഒരു മറുപടിക്ക് വേണ്ടി യാണ് എല്ലാവരും കാത്തു നിൽക്കുന്നത്, എന്തുതന്നെയായാലും മോൾക്ക് തുറന്നു പറയാം ദേവൻ വാൽസല്യത്തോടെ അവളെ നോക്കി പറഞ്ഞു. അത് അച്ഛാ ഞാനൊരു കാര്യം പറഞ്ഞാൽ ആർക്കും എന്നോട് വിരോധം തോന്നരുത് എല്ലാവരെയും നോക്കി ദേവ തുടർന്നു. എനിക്കെന്റെ കൊച്ചേട്ടനെയും വല്യേട്ടനെയും പോലെ തന്നെയാണ് നകുലേട്ടനും നിഖിലേട്ടനും, ഞാൻ ഇന്ന് വരെ അവരെ വേറൊരു അർത്ഥത്തിൽ കണ്ടിട്ടില്ല, ഇനി കാണുകയുമില്ല. ഇത് ഞാൻ എന്നോ പറയാൻ വരുന്നതാണ്, പക്ഷേ ആരും തന്നെ ഇന്നുവരെ എന്റെ മനസ്സ് ചോദിച്ചിട്ടില്ല. ഇന്ന് ഇങ്ങനെ ഒരു അവസരം കിട്ടിയപ്പോൾ ഞാൻ പറയുന്നു, എല്ലാവരും എന്നോട് ക്ഷമിക്കണം ദേവ തലതാഴ്ത്തി ആരുടെയും മുഖത്ത് നോക്കാനാവാതെ ഇരുന്നു.

മോൾ എന്തിനാ വിഷമിക്കുന്നത് മോളെ ഇഷ്ടം നോക്കാതെ ഈ അച്ഛൻ ഒന്നും ചെയ്യില്ല, നിനക്കിവരെ അങ്ങനെ കാണാൻ കഴിയില്ലെങ്കിൽ വേണ്ട, നിനക്ക് മനസ്സിനിണങ്ങുന്ന ഒരാളെ അച്ഛൻ കണ്ടെത്തിത്തരും അവളെ സമാധാനിപ്പിച്ചു കൊണ്ട് ദേവൻ പറഞ്ഞപ്പോൾ അവളുടെ കണ്ണിൽ സന്തോഷത്തിന്റെ മിഴിനീർ ഉരുണ്ടുകൂടി, അവൾ സ്നേഹത്തോടെ അച്ഛനെ കെട്ടിപ്പിടിച്ച് ചുംബിച്ചു. അവളുടെ സംസാരം കേട്ടതും ചുറ്റും കൂടി നിന്നവരുടെ മുഖത്ത് ദേഷ്യവും നിരാശയും പ്രകടമായി കാണാം. മകളെ മുകളിലേക്ക് പറഞ്ഞുവിട്ട ദേവൻ അവരോട് സംസാരിക്കാൻ തുടങ്ങി. നമ്മുടെ കുഞ്ഞുങ്ങളുടെ ഇഷ്ടം നോക്കി വേണം നമ്മൾ എന്തും ചെയ്യാൻ അവൾക്ക് ഇങ്ങനെ ഒരു വിവാഹത്തിന് താൽപര്യമില്ലെങ്കിൽ അവളെ നമുക്ക് നിർബന്ധിക്കണ്ട. നിഖിലിനും നകുലനും നല്ല ബന്ധം നമുക്ക് വേറെ നോക്കാം ദേവൻ അവരോട് ശാന്തനായി തന്നെ പറഞ്ഞു. ദേവന്റെ സംസാരത്തിൽ അവർക്ക് തൃപ്തി ഉണ്ടെങ്കിലും പുറമേ അത് പ്രകടിപ്പിക്കാതെ പുഞ്ചിരിയോടെ അവർ സമ്മതം മൂളി.

ദേവ എന്തു പണിയാ ഈ കാണിച്ചത്...? റൂമിലേക്ക് കയറി വന്നതും സുഭദ്ര ദേവ നോട് ചോദിച്ചു. അവള് പറഞ്ഞത് തന്നെയാണ് ശരി, എന്റെ അഭിപ്രായവും അതുതന്നെയാണ് ഒരിക്കലും നകുലനെയോ നിഖിലിനെയോ ഒരു മരുമകന്റെ സ്ഥാനത്ത് കാണാൻ എനിക്കും സാധിച്ചിട്ടില്ല. അവൾ ഇങ്ങനെ ഒരു ജീവിതം തിരഞ്ഞെടുക്കരുത് എന്നായിരുന്നു എന്റെയും പ്രാർത്ഥന. സഹോദരിമാരെ പിണക്കണ്ടാ എന്നു വെച്ചിട്ടാ അവരുടെ ഇഷ്ടത്തിന് മൗനമായി നിന്നത്. അവൾ ആയിട്ട് തന്നെ വേണ്ട എന്ന് പറഞ്ഞ സ്ഥിതിക്ക് ഇനി ഈ ബന്ധം വേണ്ട. നിങ്ങൾ ഇത് എന്ത് വിചാരിച്ചാണ് ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്, അവൾ എന്തെങ്കിലും വിവരക്കേട് പറഞ്ഞാൽ അതിന് കൂട്ടു നിൽക്കുകയാണോ വേണ്ടത് അവളെ പറഞ്ഞു തിരുത്തേണ്ടതിനുപകരം പ്രോത്സാഹിപ്പിക്കുകയാണോ വേണ്ടത്, നമ്മുടെ കണ്ണടയുന്നവരെ അവൾ നമ്മുടെ കൂടെത്തന്നെ കാണില്ലേ, ഈ ബന്ധം നടന്നാൽ അവളുടെ സ്വന്തം വീട്ടിൽ തന്നെ മകൾ ആയിട്ട് അവൾക്ക് കഴിയാം ഇതൊക്കെ പോരെ നമുക്ക്.

കണ്ണടയുന്നതുവരെ നമ്മുടെ മോൾ നമ്മുടെ കൂടെ കാണില്ലേ..? സുഭദ്ര പരിഭവത്തോടെ പറഞ്ഞു. എന്ന് വെച്ച് അവൾ ക്ക് ഇഷ്ടമില്ലാത്ത ബന്ധത്തിന് നിർബന്ധിക്കണോ....? അവളുടെ ഇഷ്ടം എന്താണെന്നുവെച്ചാൽ അത് ഞാൻ നടത്തിക്കൊടുക്കും ദേവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു. അതിന് അവൾക്കു ഇനി മറ്റാരോടെങ്കിലും ഇഷ്ടമുണ്ടോ....? സുഭദ്ര സംശയത്തോടെ ദേവന് നോക്കി. അവളുടെയുള്ളിൽ നിറഞ്ഞുനിൽക്കുന്നത് ഗിരിയാണ്, അവളുടെ കണ്ണിൽ പലപ്പോഴും ഞാനത് കണ്ടിട്ടുണ്ട്. അവന്റെ കയ്യിലേക്ക് അവളെ ഏല്പിച്ചു കൊടുക്കുന്നതിൽപരം സന്തോഷം എനിക്ക് വേറെയില്ല. അവളുടെ ആഗ്രഹം എന്ന് എന്നോട് പറയുന്നോ അന്ന് ചേർത്തുനിർത്തും ഞാനെന്റെ മോളെയും മരുമോനെയും ദേവനത് പറയുമ്പോൾ ആ കണ്ണുകളിൽ ഒരുപാട് പ്രതീക്ഷകൾ പ്രകടമായിരുന്നു. ഗിരിയോടുള്ള വാത്സല്യം പലപ്പോഴും ദേവൻ അതിരുവിട്ട് പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ദേവയെ ഗിരിയെ ഏൽപ്പിക്കുന്നതിൽ ആ മനസ്സ് എത്രമാത്രം സന്തോഷിക്കുന്നുണ്ടെന്നു സുഭദ്രയ്ക്കറിയാം. നാളെ സ്വാമിയേ കാണുമ്പോൾ മോളുടെ ജാതകവും ഒന്ന് കാണിക്കണം. ആ അത് നല്ലതാ, നിങ്ങളെ ഞാൻ രാവിലെ ഓഫീസിൽ പോകുമ്പോൾ അമ്പലത്തിൽ വിടാം അപ്പോഴേക്കും പോകാൻ തയ്യാറായിക്കോളു ദേവൻ തന്റെ നെഞ്ചു തടവിക്കൊണ്ട് പറഞ്ഞു.

അയ്യോ അത് വേണ്ട ഏട്ടാ, ഞങ്ങൾ ഡ്രൈവറെ വിളിച്ചു പൊയ്ക്കൊള്ളാം, ഏട്ടൻ വെറുതെ ബുദ്ധിമുട്ടണ്ട.. അങ്ങനെയെങ്കിൽ പിന്നെ ഒരിക്കെ നമുക്കൊരുമിച്ചു പോകാം, നാളെ ഓഫീസിൽ ചില പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്ത് താർക്കാനുണ്ട് രാവിലെ നേരത്തെ എണീക്കണം ദേവൻ തലയിണ ശരിയാക്കി കൊണ്ട് കിടക്കാനായി ഒരുങ്ങിക്കൊണ്ട് പറഞ്ഞു. മുറിയിലെ ലൈറ്റ് അണച്ചുകൊണ്ട് സുഭദ്രയും അയാൾക്കരികിലായി കിടന്നു. *************** രാവിലെ ജോലികളെല്ലാം വേഗത്തിൽ തീർത്തിട്ട് മക്കൾ കോളേജിലേക്കും ദേവൻ ഓഫീസിലേക്കും പോയതും മൂന്നുപേരും അമ്പലത്തിലേക്ക് പോകാൻ തയ്യാറായി ഒരുങ്ങി. അവിടെ നിന്നും കുറച്ചധികം ദൂരമുണ്ട് അമ്പലത്തിലേക്ക്. തലേദിവസം സംഭവിച്ച കാര്യങ്ങൾ നാരായണിക്കും ദേവകിക്കും നല്ലപോലെ വിഷമം ഉണ്ടാക്കിയിട്ടുണ്ട്. അതവരുടെ മുഖത്ത് വളരെ പ്രകടമായി തന്നെ കാണാം. അതുകൊണ്ട് തന്നെ യാത്രയിലുടനീളം മൗനം തന്നെയായിരുന്നു. ആരും ഒന്നും സംസാരിച്ചില്ല. ഒരുകുന്നിൻ മുകളിലാണ് അമ്പലം,.

വലിയ സ്‌റ്റെപ്പുകൾ കയറിവേണം അമ്പലത്തിലേക്കെത്താൻ. വഴിയിൽ കാണുന്ന എല്ലാ ഭിക്ഷാടനക്കാർക്കും ഓരോ തുക നല്കാനും സുഭദ്ര മറന്നില്ല അമ്പലനടയിലെത്തി തൊഴുതു നിൽക്കുമ്പോൾ പതിവില്ലാത്ത എന്തോ വിഷമം തന്നെ അലട്ടുന്നത് പോലെ അവൾക്ക് തോന്നി. പ്രസാദം വാങ്ങി സ്വാമിയെ അന്വേഷിച്ചു നടക്കുമ്പോൾ കാലുകൾക്ക് നല്ല ബലക്ഷയം തോന്നി അവൾക്ക്. ആൽത്തറയിൽ ഇരു കണ്ണുകളുമടച്ചു ധ്യാനത്തിലേർപ്പെട്ടിരിക്കുകയായിരുന്നു സ്വാമി. ഒറ്റനോട്ടത്തിൽ തന്നെ അറിയാം ഒരുപാട് കഴിവുകൾ ഉണ്ടെന്ന്, നല്ല തേജസ്സാർന്ന മുഖം.. ശാന്ത രൂപം... അവരടുത്തെത്തിയതും സ്വാമി കണ്ണുകൾ പതിയെ തുറന്നു. തന്റെ മുൻപിൽ നിൽക്കുന്ന മൂന്ന് സ്ത്രീ രൂപങ്ങളെ അദ്ദേഹം സൂക്ഷിച്ചു നോക്കി. നമസ്തേ സുഭദ്ര ഇരുകൈകളും കൂപ്പി അദ്ദേഹത്തെ വണങ്ങി. അദ്ദേഹം മൂന്നുപേർക്കും ഒരു പുഞ്ചിരി നൽകി. ഒരുപാട് പ്രയാസങ്ങൾ നീന്തിക്കടന്നതാണല്ലേ....? ഒരു മരപ്പച്ച കിട്ടിയ സന്തോഷത്തിലാണിപ്പോൾ അല്ലേ....? സുഭദ്രയെ നോക്കി ഒരു പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു. അതുകേട്ടതും മൂന്നുപേരും അത്ഭുതത്തോടെ പരസ്പരം നോക്കി. ഒരുപാട് ദുഃഖങ്ങൾ താണ്ടി സന്തോഷം തേടിയെത്തി എന്ന് കരുതി സമാധാനിക്കേണ്ട ദുഃഖം നിങ്ങളുടെ കൂടെ തന്നെയുണ്ട്.,

പെട്ടെന്ന് അദ്ദേഹത്തിന്റെ പുഞ്ചിരി മാറി രൗദ്രഭാവം വന്നു. നൊന്തു പ്രസവിച്ച മൂന്നുമക്കൾക്കും ഈ ജന്മം പറയത്തക്ക സന്തോഷമൊന്നും ലഭിക്കില്ല, തനിക്ക് ചിതയൊരുക്കേണ്ട മക്കൾ വെള്ള പുതച്ച് കിടക്കുന്നത് കാണേണ്ടി വന്ന ഒരു അമ്മ അല്ലേ....? അതെ സ്വാമി, ഒരു ആക്സിഡന്റിന്റെ രൂപത്തിൽ അവരെ ദൈവം നേരത്തെ വിളിച്ചു. വിളിച്ചതല്ല....!! വിളിപ്പിച്ചതാണ് അദ്ദേഹം ഒരു ഗർജ്ജനത്തോടെ പറഞ്ഞു. സുഭദ്രയുടെ കർണ പടത്തിൽ ആ അശരീരി മുഴങ്ങി കേട്ടു, തന്റെ മക്കളെ കൊന്നതാണെന്നോ...? ആര് എന്തിനു വേണ്ടി...? പല സംശയങ്ങളും അവളുടെയുള്ളിൽ ഉടലെടുത്തു. സംശയിക്കേണ്ട, നിന്റെ സംശയങ്ങൾക്ക് ഉത്തരം തരാൻ എനിക്കിപ്പോൾ കഴിയില്ല, ഒന്ന് നീ ഓർക്കുക ചുറ്റും ശത്രുക്കളാണ്, സൂക്ഷിച്ചു മുമ്പോട്ട് പോകുക. സ്വാമിയുടെ വാക്കുകൾ കേട്ടു മൂന്നുപേരും ഭയത്തോടെ പരസ്പരം നോക്കി. തന്റെ കയ്യിലുണ്ടായിരുന്ന ദേവന്റെ ജാതകം സുഭദ്ര സ്വാമിയെ ഏൽപ്പിച്ചു. അദ്ദേഹം അതിലേക്ക് സൂക്ഷിച്ചുനോക്കി. ശേഷം സുഭദ്രയെ അടിമുടി ഒന്ന് നോക്കി. ഈ ജാതക ക്കാരൻ ഇപ്പോൾ ജീവനോടെയുണ്ടോ.....? ഇടിത്തീ പോലെയായിരുന്നു സ്വാമിയുടെ വാക്കുകൾ സുഭദ്രയെ തേടിയെത്തിയത്. ഇരുകാലുകളും തളരുന്നത് പോലെ അവൾക്ക് തോന്നി. തന്റെ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് പോലെ, അവൾ ഒരു ബലത്തിനായി ദേവകിയെ പിടിച്ചു....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story