💕കാണാച്ചരട് 💕: ഭാഗം 17

kanacharad

രചന: RAFEENA MUJEEB

 " എന്താ സ്വാമി ഈ പറയുന്നത്.. ? അദ്ദേഹം എന്റെ താലിയുടെ അവകാശിയാണ്... ഞാനണിഞ്ഞിരിക്കുന്ന ഈ സുന്ദരം അദ്ദേഹം ജീവിച്ചിരിക്കുന്നതിനുള്ള തെളിവാണ്... സുഭദ്രയുടെ വാക്കുകളിൽ കുറച്ചു ദേഷ്യവും കലർന്നിരുന്നു... ക്ഷമിക്കണം, കണ്മുൻപിൽ ഒരു മറ മൂടി കെട്ടിയത് പോലെ, മുൻപോട്ടുള്ള കാഴ്ചകൾ അവ്യക്തമാക്കപ്പെട്ടതുപോലെ, കർണ്ണ പടങ്ങളെ ഒരു അന്ധകാരം വന്നു പൊതിയുന്നു, ഒരുപക്ഷേ അദ്ദേഹത്തിന്റെ ജാതകത്തിലുള്ള ദോഷങ്ങളാവാം ഈ മൂടിക്കെട്ടൽ, നിങ്ങൾ വിഷമിക്കേണ്ട, പ്രതിവിധികളില്ലാത്ത ദോഷങ്ങളില്ല, പരിഹാരമില്ലാത്ത പ്രതിസന്ധികളുമില്ല, ഈ ജാതകം എന്റെ കയ്യിലിരിക്കട്ടെ, എനിക്കിത് സൂക്ഷ്മമായി ഒന്ന് നിരീക്ഷിക്കേണ്ടതുണ്ട്, പ്രതിവിധികൾ പലതും ചെയ്യേണ്ടതുണ്ട്, വേണ്ടിവന്നാൽ ഒരു മഹാ ഹോമം തന്നെ നടത്തിയേക്കാം തയ്യാറായി ഇരുന്നോളൂ, നാം നിങ്ങളുടെ ഗേഹം സന്ദർശിക്കാൻ വരുന്നുണ്ട്.. അദ്ദേഹം പറയുന്ന ഓരോ വാക്കുകളും സുഭദ്രയും നാത്തൂൻമാരും തൊഴുകൈകളോടെ ആണ് കേട്ടിരുന്നത്. ഇതെന്റെ മോളുടെ ജാതകമാണ്, ദേവയുടെ ജാതകംസ്വാമിക്ക് നേരെ നീട്ടിക്കൊണ്ട് സുഭദ്ര പറഞ്ഞു.

സ്വാമി ആ ജാതകം വാങ്ങി, സൂക്ഷ്മമായി നിരീക്ഷിച്ചു. " ദേവനന്ദ എന്ന നാമകരണം, ലക്ഷ്മി ദേവിയായി ജനനം, വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചിട്ടും അനുഭവയോഗമില്ലാത്തവൾ, ഒരുനേരത്തെ വിശപ്പടക്കാൻ വേണ്ടി പലർക്കും മുൻപിലും കൈ നീട്ടേണ്ട ഗതികേട് വരും, മനസ്സിനേറ്റ പ്രഹരത്തേക്കാൾ ശരീരം ചേറിൽ പൊതിയും, സമൂഹം കല്ലെടുത്തെറിയും, തീച്ചൂളയിൽ നടന്നു പാദങ്ങൾ പൊള്ളിയടരും, കൊടും ക്രൂരതകൾ ഏറ്റുവാങ്ങേണ്ടി വരും സ്വാമി പറയുന്നതൊക്കെ കേട്ട് സുഭദ്ര നിയന്ത്രണം വിട്ട് കരഞ്ഞുപോയി. വിഷമിക്കേണ്ട, എന്റെ കണ്ണു മുൻപിൽ തെളിഞ്ഞ കാര്യങ്ങളാണ് ഞാൻ പറഞ്ഞത്, ഈ ജാതകകാരിക്ക് ഒരു രക്ഷകൻ വരും., കാരിരുമ്പിന്റെ കരുത്തുള്ളവൻ, അർജുനന്റെ ധൈര്യവും, കൃഷ്ണന്റെ ബുദ്ധിയും, കർണന്റെ വീര്യവുമുള്ളവൻ, അവന്റെ ഒരു നോട്ടം മതി അതുവരെ അവളെ കല്ലെറിഞ്ഞവരെ ചുട്ടു ദഹിപ്പിക്കാൻ, അവൾ അനുഭവിച്ച എല്ലാ പാതകത്തിനും അവൻ പകരം ചോദിക്കും.

കണ്ണിൽ അഗ്നിയുമായി പിറന്നവൻ ഹനുമാൻ ലങ്കാപുരി അഗ്നിക്കിരയാക്കിയത് പോലെ ഒരു ഗോത്രത്തെ തന്നെ അവൾക്കു വേണ്ടി അവൻ നശിപ്പിക്കും. സ്വാമി.. എന്തൊക്കെയാണ് ഞാനീ കേൾക്കുന്നത് , ഞാനൊരമ്മയാണ്, നൊന്തു പ്രസവിച്ച അമ്മ, സ്വന്തം കുഞ്ഞിന്റെ ഭാവി പറയുന്നത് കേട്ടു തളർന്നു പോകുന്നു, ഇത്രയൊക്കെ അനുഭവിക്കാൻ ഞങ്ങൾ എന്ത് തെറ്റാണ് ചെയ്തത്...? രാവിലെ എഴുന്നേറ്റ് കുളിച്ച് പൂജാമുറിയിൽ കയറാതെ എന്റെ ഒരു ദിവസം ഇന്നുവരെ ആരംഭിച്ചിട്ടില്ല, എന്റെ മക്കൾക്കും ഭർത്താവിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കാതെ ഒരു ദിവസവും എന്നിൽ കഴിഞ്ഞുപോയിട്ടില്ല, എന്നിട്ടും പരീക്ഷണങ്ങൾ എന്തുകൊണ്ട് ഞങ്ങളെ മാത്രം വിട്ടൊഴിയുന്നില്ല, ഇതുവരെ ഞാൻ പ്രാർത്ഥിച്ചത് ഒക്കെ വെറും കല്ലിനോടായിരുന്നോ...? അവർ ദേഷ്യവും സങ്കടവും കലർന്ന സ്വരത്തിൽ പറഞ്ഞു. അങ്ങനെയൊന്നും പറയാതിരിക്കൂ, ദൈവം അവനു ഇഷ്ടമുള്ളവരെ കൂടുതൽ പരീക്ഷിക്കും, നിങ്ങൾ സങ്കടപ്പെടാതിരിക്ക്, നമുക്ക് പ്രതിവിധികൾ എന്താണെന്ന് വച്ചാൽ എല്ലാം ചെയ്യാം,

അധികം വൈകാതെ തന്നെ ഞാൻ നിങ്ങളുടെ ഭവനത്തിലേക്ക് എത്താം, തൽക്കാലം ഈ രണ്ട് ജാതകങ്ങളും എന്റെ കയ്യിൽ ഇരിക്കട്ടെ, ബാക്കിയെല്ലാം ഞാൻ വഴിയെ അറിയിക്കാം, നിങ്ങളിപ്പോൾ സമാധാനമായിട്ട് മടങ്ങികൊള്ളൂ... അദ്ദേഹം ശാന്തമായി ഒരു പുഞ്ചിരിയോടെ പറഞ്ഞു. സുഭദ്ര ഇരുകണ്ണുകളും തുടച്ച് കയ്യിലുണ്ടായിരുന്ന ഒരു തുക ദക്ഷിണയായി അദ്ദേഹത്തിന് കൊടുക്കാനായി തുനിഞ്ഞു. ഞാൻ കേവലം ഒരു സമ്പാദ്യം പ്രതീക്ഷിച്ചല്ല ഇങ്ങനെയിരിക്കുന്നത്, എന്റെ മുൻപിൽ വരുന്നവരുടെ വിഷമങ്ങൾ കുറക്കാൻ ഒരു കാരണം ആവുകയാണെങ്കിൽ അതിലും വലിയ ദക്ഷിണ എനിക്കില്ല, അതുമതി എനിക്ക്, വാ കീറിയ ദൈവം കഴിക്കാനുള്ളതും തരും അദ്ദേഹം പുഞ്ചിരിയോടെ സുഭദ്ര നീട്ടിയ തുക നിരസിച്ചു. സ്വാമിയോട് യാത്രപറഞ്ഞ് മൂവരും അവിടെനിന്നും ഇറങ്ങി. എന്റെ മുൻപിലിരുന്നു കരഞ്ഞവൾ ദേഹി യാണോ ദേഹമാണോ എന്ന് പോലും വ്യക്തമാകാത്ത ഒരു അവസ്ഥ. കൺമുൻപിൽ നിന്നും നടന്നകലുന്ന സുഭദ്രയെ നോക്കി സ്വാമി തന്റെ അനുയായി യോട് പറഞ്ഞു. ***************

യാത്രയിലുടനീളം മൂവരും മൗനമായിരുന്നു. സുഭദ്ര മൗനമായിരുന്ന് തേങ്ങി, സ്വാമി പറഞ്ഞ വാക്കുകൾ എല്ലാം ഒരു കൂരമ്പ് പോലെ അവളുടെ ഹൃദയത്തിൽ ആഴ്ന്നിറങ്ങി. തന്റെ മകളുടെ ഭാവിയോർത്ത് ആ മാതൃഹൃദയം തേങ്ങി. വീട്ടിലേക്ക് തിരികെയെത്തുമ്പോൾ നേരം ഉച്ചയോടടുത്തിരുന്നു. അമ്പലത്തിൽ നടന്ന കാര്യം ഒന്നും തൽക്കാലം ദേവനും ദേവയും അറിയേണ്ട എന്നവർ മൂന്നുപേരും തീരുമാനിച്ചു. കാർ മുറ്റത്തെത്തിയപ്പോൾ കണ്ടു ദേവന്റെ കാർ വീട്ടുമുറ്റത്ത് കിടക്കുന്നത്. ഇതെന്താ ഏട്ടനിന്ന് നേരത്തെ വന്നോ....? സുഭദ്ര സംശയത്തോടെ കാറിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു. ബെല്ലടിച്ചിട്ടും കതക് തുറക്കാതായപ്പോൾ വാതിൽ തുറന്ന് മൂവരും അകത്തുകയറി. വസ്ത്രം മാറാനായി റൂമിലേക്ക് കയറിയ സുഭദ്ര തന്റെ മുൻപിലെ കാഴ്ച കണ്ടു ഒരു നിമിഷം നിശ്ചലയായിപ്പോയി. അലറിവിളിച്ച് കരയണമെന്നുണ്ട്, ശബ്ദം തൊണ്ടയിൽ കുരുങ്ങി കിടക്കുന്നു, തളർന്നു വീഴുമോ എന്ന് ഭയപ്പെട്ട് അവൾ ചുമരിനോട് ചാരി നിന്നു. മുന്നിലെ കാഴ്ച അവളുടെ കണ്ണുകളെ മറക്കുന്നതിനുമുമ്പ് എന്തോ ഒരു ഉൾവിളി യാലെ അവൾ അലറി.. ഏട്ടാ....... !! സുഭദ്രയുടെ ശബ്ദം കേട്ട് ദേവികിയും നാരായണിയും റൂമിലേക്ക് എത്തുമ്പോഴേക്കും സുഭദ്ര കുഴഞ്ഞു വീണിരുന്നു.

നാത്തൂനെ പിടിച്ച് കുലുക്കി വിളിക്കുന്നതിനിടയിലാണ് ദേവകി ആ കാഴ്ച കണ്ടത്, മുറിയിലെ ഫാനിൽ ജീവനറ്റ് തൂങ്ങിയാടുന്ന തന്റെ സഹോദരൻ. ആഹ്.... ദേവകിയുടെ അലർച്ച കേട്ടാണ് നാരായണിയും ആ കാഴ്ച കണ്ടത്. ഇരുവരും ആർത്തു കരഞ്ഞു, ശബ്ദംകേട്ട് ഓടിവന്ന ഡ്രൈവറും നാട്ടുകാരും ദേവന്റെ ശരീരം താഴേക്ക് കിടത്തുമ്പോഴേക്കും ജീവൻ വിട്ടുപോയിട്ടുണ്ട്. തളർന്നുകിടന്ന സുഭദ്രയെ വാരിയെടുത്തു ഹോസ്പിറ്റലിൽ കൊണ്ടുപോകാനായി നിന്നപ്പോഴാണ് എല്ലാവർക്കും ആ സത്യം മനസ്സിലായത്, തന്റെ പ്രിയതമന്റെ കരം പിടിച്ച് അവളും അയാളോടൊപ്പം യാത്രയായെന്ന്... ചുറ്റും കൂടിയവരെല്ലാം തേങ്ങലടക്കാൻ പാടുപെട്ടു. അപ്പോഴേക്കും വാർത്തയറിഞ്ഞു ആളുകൾ ആ വീട്ടിലേക്ക് ഇരച്ചെത്താൻ തുടങ്ങി. വാർത്തയറിഞ്ഞ് നകുലനും അഖിലും കരഞ്ഞുകൊണ്ടാണെ ത്തിയത്. ഗിരി കേട്ടതു വിശ്വസിക്കാനാവാതെ തരിച്ചുനിന്നുപോയി, തനിക്ക് കിട്ടി തുടങ്ങിയ ഒരു തണൽ നഷ്ടമായിരിക്കുന്നു. അവൻ നിശബ്ദം തേങ്ങി. തന്റെ ആത്മമിത്ര ത്തിന്റെ മരണവാർത്ത ഒരു ഞെട്ടലോടെയാണ് അനിരുദ്ധൻ ശ്രവിച്ചത്, കാൽച്ചുവട്ടിലെ മണ്ണൊലിച്ചു പോകുന്നതു പോലെ അദ്ദേഹത്തിനു തോന്നി. ഓർമ്മ വെച്ച നാൾമുതൽ കൂടെ കൂടിയവനാ, ഇന്നവനില്ലെന്നോ...?

ഒരു വാക്കു പോലും പറയാതെ എന്നെ വിട്ടു പോയെന്നോ....? ഇല്ല ഇത് ആരോ വെറുതെ പറയുകയാണ്, അങ്ങനെ എന്നെ തനിച്ചാക്കി പോകാൻ അവന് കഴിയില്ല,, സ്വയം ഓരോന്ന് ചിന്തിച്ച് അദ്ദേഹം വേഗത്തിൽ കാളിയാർ മഠം ലക്ഷ്യമാക്കി വണ്ടിയോടിച്ചു. കേട്ട വാർത്ത സത്യമാണെന്ന് അദ്ദേഹം അവിടെ എത്തിയപ്പോൾ മനസ്സിലായി. അപ്പോഴേക്കും ദേവന്റെ ശരീരം പോസ്റ്റുമോർട്ടത്തിനു വേണ്ടി കൊണ്ടുപോയിരുന്നു... വാർത്ത കാട്ടുതീ പോലെ പടർന്നു, കേട്ടവർ കേട്ടവർ കാളിയാർ മഠം ലക്ഷ്യമാക്കി നീങ്ങി. ***************** നീ എന്താ ഭക്ഷണം കഴിക്കാതെ എണീറ്റത്...? ദേവ തന്റെ ചോറ്റുപാത്രമടച്ചു കഴിക്കാതിരിക്കുന്നത് കണ്ടു അരുണിമ ചോദിച്ചു. എന്തോ എനിക്ക് കഴിക്കാൻ തോന്നുന്നില്ല. ആകെ ഒരു ക്ഷീണം പോലെ കൈയ്യിനും കാലിനും ഒക്കെ ഒരു വിറയൽ, അവൾ അരുണിമയെ നോക്കി പറഞ്ഞു. അതെങ്ങനെയാ, നേരത്തിനും കാലത്തിനും വല്ലതും കഴിക്കണ്ടേ, അല്ലെങ്കിൽ ഇങ്ങനെ വിറയലൊക്കെ വരും, വേണെമെങ്കിൽ വല്ലതും കഴിക്ക് ഇവിടെ ആരും ആരെയും നിർബന്ധിക്കാനൊന്നും പോകുന്നില്ല

ആരോഹി ആരോടെന്നില്ലാതെ പുലമ്പി. തലേന്ന് സംഭവിച്ച കാര്യങ്ങളൊക്കെ മൂന്നുപേർക്കും തന്നിലൊരു നീരസം ഉണ്ടാക്കിയിട്ടുണ്ടെന്നു അവൾ വേദനയോടെ ഓർത്തു. മൂന്നു പേരും തന്നോട് വലിയ അടുപ്പത്തിന് ഒന്നും വരുന്നില്ല, ആവശ്യത്തിനുമാത്രം സംസാരം, അവൾ മൂന്നുപേരെയും നോക്കി ഒന്ന് പുഞ്ചിരിച്ചെന്നു വരുത്തി കൈകഴുകാനായി പുറത്തേക്കിറങ്ങാനൊരുങ്ങിയപ്പോ ഴാണ് പ്രസാദ് സാർ ക്ലാസ്സിലേക്ക് വന്നത്. ദേവ നിങ്ങൾ പെട്ടെന്നൊന്നു റെഡിയാവ് നിങ്ങളുടെ വീട്ടിൽ നിന്നും വിളിച്ചിരുന്നു, തന്റെ അച്ഛനെന്തോ ഒരു വല്ലായ്ക, തന്നെ കാണണമെന്ന് പറഞ്ഞു, പ്രസാദ് സാർ അത്രയും പറഞ്ഞപ്പോഴേക്കും ദേവയുടെ മുഖത്ത് ഭീതി വന്നു നിറയുന്നത് അദ്ദേഹം മനസ്സിലാക്കി. അയ്യോ എന്റെ അച്ഛന് എന്തുപറ്റി..? അവൾ കരച്ചിലിന്റെ വക്കിലെത്തിയിട്ടുണ്ട്, താൻ പേടിക്കേണ്ട കാര്യമൊന്നുമില്ല നിങ്ങൾ പെട്ടെന്നിറങ്ങു ഞാൻ അപ്പോഴേക്കും കാർ എടുത്തു വരാം. അദ്ദേഹം കാറുമായി വന്നപ്പോഴേക്കും നാലുപേരും പാർക്കിംഗ് ഏരിയയിലേക്ക് എത്തിയിരുന്നു.

വീട്ടിലേക്കടുക്കുന്തോറും ദേവിയുടെ ഹൃദയം വല്ലാതെ മിടിക്കുന്നു ണ്ടായിരുന്നു, ശരീരം തളരുന്നത് പോലെ അവൾക്ക് തോന്നി. തന്റെ അച്ഛന് ഒന്നും വരുത്തല്ലേ എന്നവളിരു കണ്ണുകളുമടച്ചു പ്രാർത്ഥിച്ചുകൊണ്ടിരുന്നു. കണ്ണുനീർ എന്തിനെന്നറിയാതെ ഒഴുകിക്കൊണ്ടിരുന്നു. പ്രസാദ് സാർ അവളുടെ മുഖത്തേക്ക് വേദനയോടെ നോക്കി. അവളുടെ കണ്ണുനീർ അയാളെ ചുട്ടു പൊള്ളിച്ചു. പാവം ഈ നിമിഷം ഈ ലോകത്ത് താൻ അനാഥയാക്കപ്പെട്ടിരിക്കുന്നു എന്നറിയാതെയാണ് ഇപ്പോൾ അവൾ വേദനിക്കുന്നത്, അപ്പോൾ സംഭവിച്ചത് അറിയുമ്പോൾ എന്താകും അവളുടെ അവസ്ഥ...? ..... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story