💕കാണാച്ചരട് 💕: ഭാഗം 26

kanacharad

രചന: RAFEENA MUJEEB

 ഗൃഹപ്രവേശം വളരെ മനോഹരമായി തന്നെ അവസാനിച്ചു. ഒരച്ഛന്റെ സ്ഥാനത്തു നിന്ന് അനിരുദ്ധൻ എല്ലാ കാര്യങ്ങളും മുൻപന്തിയിൽ നിന്നുതന്നെ ചെയ്തുതീർത്തു. തന്റെ ആത്മ സുഹൃത്തിനോടുള്ള കടമ വളരെ ഭംഗിയായി തന്നെ അദ്ദേഹം ചെയ്തു. അവരോട് യാത്ര പറഞ്ഞ് അദ്ദേഹം അവിടെ നിന്നും ഇറങ്ങുമ്പോൾ രണ്ടുപേരെയും വിരുന്നിനു ക്ഷണിക്കാനും മറന്നില്ല. ആ വീട്ടിൽ വന്നതുമുതൽ ഗിരിയ്ക്കു വല്ലാത്ത ഒറ്റപ്പെടലായിരുന്നു. ചെറുതാണെങ്കിലും ദേവയുടെ കൈപിടിച്ച് ഗസ്റ്റ് ഹൗസിലേക്ക് പോകാനായിരുന്നു ഗിരിയുടെ ആഗ്രഹം. എന്നാൽ അതിന് എതിർപ്പ് പ്രകടിപ്പിച്ചത് അനിരുദ്ധൻ സാറായിരുന്നു. ആ വീടിന്റെയും മറ്റു സ്വത്തുക്കളുടെയും ജീവിച്ചിരിക്കുന്ന ഒരേയൊരു അവകാശിയാണ് ദേവ. അവൾ എല്ലാം ഇട്ടെറിഞ്ഞ് ഗിരിയുടെ കൂടെ ആ കൊച്ചു വീട്ടിൽ താമസിച്ചാൽ ശരിയാവില്ല,

ഒന്നും ആർക്കും വിട്ടു കൊടുക്കേണ്ടതില്ല. മാത്രമല്ല കൂടെ നിന്ന് ചതിക്കുന്ന ആരാണെന്ന് അറിയണമെങ്കിൽ അവിടെത്തന്നെ നിൽക്കേണ്ടത് അത്യാവശ്യമാണ്. അദ്ദേഹം അത് പറഞ്ഞപ്പോൾ ഗിരിക്കും അത് ശരിയാണെന്ന് തോന്നി. അങ്ങനെയാണ് മനസ്സില്ലാമനസ്സോടെ ആണെങ്കിലും ഗിരി ആ വീട്ടിൽ താമസിക്കാൻ തയ്യാറായത്. ദേവഗിരിക്കുള്ള റൂം തയ്യാറാക്കുന്ന തിരക്കിലാണ് അരുണിമയും ആരോഹിയും ശ്വേതയും. വളരെ മനോഹരമായി തന്നെ അവർ അവർക്കുള്ള മണിയറ തയ്യാറാക്കി. ഒരുപാട് സങ്കടം ഉള്ളിൽ ഉണ്ടെങ്കിലും അതെല്ലാം മറച്ചു വെച്ച് ആരോഹിയും എല്ലാവരുടെയും കൂടെ സന്തോഷത്തോടെ നിന്നു. രാത്രി ഒരു ഗ്ലാസ് പാലു ദേവയുടെ കയ്യിൽ നല്കിയപ്പോൾ ദേവകിയുടെ കണ്ണുകൾ നിറഞ്ഞു. എല്ലാ വിഷമവും മറന്ന് സന്തോഷത്തോടെ ഒരു ജീവിതം ഉണ്ടാകട്ടെ എന്നവർ നിറഞ്ഞമനസ്സോടെ ദേവയുടെ നെറുകയിൽ കൈവച്ചു പ്രാർത്ഥിച്ച് അനുഗ്രഹിച്ചു. ദേവ പാൽഗ്ലാസുമായി തന്റെ മുറി ലക്ഷ്യമാക്കി നടന്നു.

പതിവില്ലാത്ത ഒരു നെഞ്ചിടിപ്പും അസ്വസ്ഥതയും അവൾക്കുണ്ടായിരുന്നു. മുറിയിൽ ഗിരി ഉണ്ടായിരുന്നില്ല. അവൾ കണ്ണുകൾ കൊണ്ട് അവിടെയെല്ലാം അവനു വേണ്ടി പരതി. അവിടെയൊന്നും ഗിരി ഇല്ലാ എന്ന മനസ്സിലായതും പാൽ ഗ്ലാസ് ടേബിളിൽ വച്ച് ദേവ ബാൽക്കണിയിൽ പോയി നിന്നു. നല്ല തണുത്ത കാറ്റ് അവളെ വന്നു പൊതിയുന്നുണ്ട്. അവിടെനിന്നു നോക്കുമ്പോഴാണ് നിലാവ് ഏറ്റവും മനോഹരമായി അവൾക്കെന്നും തോന്നാറുള്ളത്. പൂർണ്ണ ചന്ദ്രന്റെ അരികിലായി നാലു കുഞ്ഞു നക്ഷത്രങ്ങൾ തന്നെ നോക്കി നിൽക്കുന്നത് പോലെ അവൾക്ക് തോന്നി. അത് കണ്ടതും അവളുടെ ഉള്ളൊന്ന് കലങ്ങി. അങ്ങ് ആകാശത്ത് തന്നെ കാണാൻ തന്റെ പ്രിയപ്പെട്ടവർ വന്ന് നിൽക്കുന്നത് പോലെ അവൾക്ക് തോന്നി അവൾ പോലുമറിയാതെ രണ്ട് കണ്ണുകളും ഈറനണിഞ്ഞു. പതിയെ അത് തുടച്ചു മാറ്റുമ്പോൾ തന്റെ അരക്കെട്ടിലൂടെ രണ്ട് കൈകൾ വന്നു പൊതിയുന്നത് ദേവ അറിഞ്ഞു. തിരിഞ്ഞു നോക്കാതെ തന്നെ അവൾക്കറിയാം ആ കൈകളുടെ ഉടമ ആരെന്ന്.

തനിക്കീ ഭൂമിയിൽ സ്വന്തം എന്ന് പറയാനുള്ള ഒരേയൊരാൾ, തന്റെ ഗിരിയെട്ടൻ. അവൾ പതിയെ ആ നെഞ്ചിലേക്ക് തലചായ്ച്ചു. എന്താടോ ഇവിടെ വന്ന് വിഷമിച്ച് നിൽക്കുന്നത്, ഇന്ന് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു കാര്യം നടന്ന ദിവസം അല്ലേ..? ഇന്ന് ഇങ്ങനെ കരയാവോ...? ഇനി ഈ കണ്ണുകൾ ഒരിക്കലും നിറയരുത്, എന്തിനും ഏതിനും താങ്ങായും തണലായും ഒരു നല്ല സുഹൃത്തിനെ പോലെ നല്ലൊരു പങ്കാളിയെ ആയിട്ട് ഞാൻ കൂടെയുണ്ടാവും, ഗിരി യുടെ വാക്കുകൾ കേട്ട് ദേവയുടെ മനസ്സ് നിറഞ്ഞു. പാതി കുടിച്ച പാൽ ഗ്ലാസ് ദേവയ്ക്ക് നേരെ നീട്ടുമ്പോൾ ഇനിമുതൽ എല്ലാ കാര്യങ്ങളും പരസ്പരം പങ്ക് ജീവിക്കാം എന്നുള്ള ഒരു തീരുമാനവും കൂടി ഗിരിക്കുന്നുണ്ടായിരുന്നു. ഗിരി കുടിച്ച പാലിന്റെ ബാക്കി കുടിക്കുമ്പോൾ ദേവയിൽ തന്റെ പതിയോടുള്ള സ്നേഹം മാത്രമായിരുന്നു. ആ രാത്രി പരസ്പരം മനസ്സറിഞ്ഞു സ്നേഹിച്ചു ശരീരവും മനസ്സും പങ്കുവെച്ച് അവർ പുതിയൊരു ജീവിതത്തിലേക്ക് തുടക്കം കുറിച്ചു, നല്ലൊരു നാളേക്ക് വേണ്ടി പ്രതീക്ഷകളോടെ പുതുജീവിതം തുടങ്ങി..... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story