💕കാണാച്ചരട് 💕: ഭാഗം 29

kanacharad

രചന: RAFEENA MUJEEB

അന്ന് ആ നാട് പുലരിയെ വരവേറ്റത് ഞെട്ടിക്കുന്ന ഒരു വാർത്ത കേട്ടു കൊണ്ടാണ്. കാളിയാർ മഠം കുറച്ച് ഗുണ്ടകൾ ചേർന്ന് ആക്രമിച്ചു ഗിരിയേയും ദേവിയേയും തട്ടിക്കൊണ്ടു പോയിരിക്കുന്നു. തടയാൻ ശ്രമിച്ച ബന്ധുക്കളെയെല്ലാം ആക്രമിച്ചു വീഴ്ത്തിയാണ് കൃത്യം നടത്തിയിരിക്കുന്നത്. വാർത്ത കാട്ടുതീ പോലെ ആളിപ്പടർന്നു. അതറിഞ്ഞതുമുതൽ കാളിയാർ മഠത്തിലേക്ക് ആളുകൾ ഇരച്ചെത്താൻ തുടങ്ങി. പോലീസും നാട്ടുകാരുമൊക്കെയായി ജനനിബിഡം ആണ് കാളിയാർ മഠം. ആളുകളെ നിയന്ത്രിക്കാൻ പോലീസ് നന്നേ പാടുപെടുന്നുണ്ടായിരുന്നു. പോലീസ് തെളിവുകൾ സസൂക്ഷ്മം നിരീക്ഷിച്ചും സാക്ഷികളെ ചോദ്യം ചെയ്തും അവരുടെ ജോലിയിൽ വ്യാപൃതരായി. ഇതിലൊന്നും ശ്രദ്ധിക്കാതെ മനസ്സ് കലങ്ങി മറിഞ്ഞു ഒരാൾ നിൽപ്പുണ്ടായിരുന്നു. " അനിരുദ്ധൻ സാർ" എന്താണ് സംഭവിച്ചത്.? തന്റെ ശ്രദ്ധയൊന്നു മാറിയപ്പോഴേക്കും തന്റെ കുഞ്ഞുങ്ങൾക്ക് എന്താണ് പറ്റിയത്..? ആരാണ് ചതിച്ചത്...? ഗിരിയെ തനിക്ക് ചെറുപ്പം മുതൽ അറിയുന്നതാണ്.

നൂറു പേർ നേർക്കുനേർ വന്നാലും പതറാതെ നെഞ്ചുംവിരിച്ചവൻ പൊരുതും. ഇതൊരിക്കലും നേർക്കുനേർ വന്നൊരു ആക്രമണമല്ല, ചതിയിലൂടെ മാത്രമേ അവനെ കീഴടക്കാൻ കഴിയൂ, പക്ഷേ ആര്..? എങ്ങിനെ..? ഈ ചോദ്യങ്ങൾക്ക് മാത്രം ഒരുത്തരവും കിട്ടുന്നില്ല. വീട്ടിലുള്ളവരെ സംശയിക്കാമെന്നു വെച്ചാൽ അക്രമികളോട് ചെറുത്ത് നിൽക്കുന്നതിനിടയിൽ നകുലനും അഖിലിനുമടക്കം മറ്റുള്ളവർക്കെല്ലാം കാര്യമായ പരിക്ക് പറ്റിയിട്ടുണ്ട്. അവരാണീ ചതി ചെയ്തതെങ്കിൽ സ്വന്തം ശരീരം സൂക്ഷിക്കാനുള്ള വഴിയും കണ്ടെത്തുമായിരുന്നു. എന്തു സംഭവിച്ചു എന്നൊരു എത്തും പിടിയും കിട്ടുന്നില്ലല്ലോ ഈശ്വരാ.. തന്റെ കുഞ്ഞുങ്ങൾക്ക് ഒന്നും വരുത്തരുതേ എന്ന് അയാൾ മനമുരുകി പ്രാർത്ഥിച്ചു. ദേവൻ തന്നെ ഏൽപ്പിച്ചിട്ട് പോയതാ, എനിക്ക് അവരെ സംരക്ഷിക്കാൻ ആയില്ലല്ലോ ഈശ്വരാ അയാളുടെ കണ്ണുകളിൽ നിന്ന് രണ്ടു തുള്ളി കണ്ണീർ വീണു. പോലീസ് തെളിവെടുപ്പും മറ്റുമായി അന്നത്തെ ദിവസം മുഴുവൻ കാളിയാർ മഠത്തിലായിരുന്നു.

ദേവഗിരി മിസ്സിംഗ് നടന്നിട്ട് രണ്ടുദിവസം കഴിഞ്ഞിട്ടും അവരെക്കുറിച്ച് യാതൊരു തുമ്പും പോലീസിന് ലഭിച്ചില്ല, അനിരുദ്ധൻ സാർ തന്റെ തായ് രീതിയിൽ അവരെ അന്വേഷിച്ചു പരക്കംപാഞ്ഞു. പക്ഷെ രണ്ടുദിവസം കഴിഞ്ഞിട്ടും എല്ലാവരുടെയും ഉള്ളിലും ആ ചോദ്യം മാത്രം അവശേഷിച്ചു. " ദേവഗിരി എവിടെ...? അവർ ഇപ്പോഴും ജീവനോടെയുണ്ടോ....? **************** ജനൽ പാളിയുടെ വിടവിലൂടെ വരുന്ന ഓട്ടവെയിൽ കണ്ണിനെ തുളച്ചു കയറിയപ്പോഴാണ് ഗിരി കണ്ണുകൾ തുറക്കാനുള്ള ഒരു ശ്രമം നടത്തിയത്. ഏറെ പണിപ്പെടേണ്ടി വന്നു അവന് കണ്ണുകൾ ഒന്നു വലിച്ചു തുറക്കാൻ. ശരീരത്തിനും തലയ്ക്കുമൊക്കെ വല്ലാത്ത വേദന. അവൻ പാടുപെട്ട് എണീക്കാൻ ശ്രമിച്ചപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. തന്റെ കൈകാലുകൾ ബന്ധിക്കപ്പെട്ടു താൻ ഒരു കസേരയിലാണെന്ന് കൈകാലുകൾ ആരോ നല്ല ഉറപ്പുള്ള കയർകൊണ്ട് കെട്ടി വെച്ചിട്ടുണ്ട് ഒന്ന് ഇളകാൻ പോലും തനിക്ക് സാധ്യമല്ല. താൻ ഇത് എവിടെയാണ്..? എന്താണ് തനിക്ക് സംഭവിച്ചത് അവൻ എല്ലാം ഒന്ന് ഓർത്തെടുക്കാൻ ശ്രമം നടത്തി, പക്ഷേ ദേവയുടെ കൂടെ ഭക്ഷണം കഴിച്ചു കിടന്ന ഒരു ഓർമ്മ യല്ലാതെ അവന്റെയുള്ളിലേക്ക് മറ്റൊന്നും വരുന്നില്ല. ദേവയുടെ കാര്യം ഓർമ്മ വന്നതും അവന്റെ ഉള്ളിൽ ഭയം വന്നു നിറഞ്ഞു.

അവൾ എവിടെ...? അവൾക്ക് എന്തുപറ്റി...? അവൻ ചുറ്റും ഒന്ന് കണ്ണോടിച്ചു ഒരു ഇരുട്ടുമുറിയിൽ ആണവൻ ജനൽ വിടവിലൂടെ വരുന്ന സൂര്യകിരണങ്ങൾ അല്ലാതെ അവിടേക്ക് വേറെയൊരു വെളിച്ചവുമില്ല. ആ നേരിയ രശ്മികളുടെ വെളിച്ചത്തിൽ അവൻ കണ്ടു അവന്റെ പ്രിയപ്പെട്ടവളെ. അവളും തന്നെ പോലെ ബന്ധിയാക്കപ്പെട്ട നിലയിലാണ്. വാടിയ ചേമ്പിൻ തണ്ട് പോലെ കിടക്കുകയാണ് പാവം. ആ കാഴ്ച്ച കണ്ടതും ഗിരിയുടെ ഉള്ളൊന്നു പിടഞ്ഞു. ദേവാ.. മോളെ.. എണീക്ക് അവൻ അവളെ ഉറക്കെ വിളിച്ചു കൊണ്ടിരുന്നു. അവളുടെ ഉപബോധമനസ്സിൽ ഗിരിയുടെ ശബ്ദം മുഴങ്ങുന്നുണ്ടായിരുന്നു. പതിയെ അവൾ കണ്ണുകൾ വലിച്ചു തുറന്നു. ഒന്നും മനസ്സിലാവാതെ അവൾ ഗിരിയെ പേടിയോടെ നോക്കി. പേടിക്കേണ്ട ഒന്നും സംഭവിച്ചിട്ടില്ല, ഞാനില്ലേ കൂടെ ആരും നിന്നെ ഒന്നും ചെയ്യില്ല. എന്റെ മോൾ ധൈര്യമായിട്ടിരിക്ക്, ഏട്ടൻ ഉള്ളപ്പോൾ നിന്നെ ആരും ഒന്നും ചെയ്യില്ല. പേടിക്കല്ലേ ട്ടോ ഞാനുണ്ട്, അവൻ അവളെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു. ചുറ്റും എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ദേവ പകച്ചുനിന്നു.

തങ്ങൾ ഇത് എവിടെയാണെന്നും എത്ര ദിവസമായി തങ്ങൾ ഇവിടെ എന്നും ഒരു അറിവും അവർക്കില്ല. കുറച്ചു സമയം കഴിഞ്ഞപ്പോൾ കതക് തുറന്ന് കുറച്ചുപേർ അകത്തേക്ക് വന്നു. അവരെ കണ്ടതും ഗിരിയുടെ മുഖം വലിഞ്ഞു മുറുകി. ആണാണെങ്കിൽ ഈ കെട്ട് അഴിച്ചു വിട്, യുദ്ധം നേർക്കുനേർ ആവാം, ഇങ്ങനെ കെട്ടിയിട്ട് അല്ല ആണത്തം കാണിക്കേണ്ടത്, ഗിരി ദേഷ്യത്തോടെ അവർക്കുമുന്നിൽ ഗർജ്ജിച്ചു. തൽക്കാലം ഞങ്ങൾക്ക് ഇത്തിരി ആണത്തം കുറവാണ്, പൊന്നുമോൻ അങ്ങ് ക്ഷമിക്ക്, പെട്ടെന്നാണ് അവരുടെ ശ്രദ്ധ മാറ്റി കൊണ്ട് ഒരു രൂപം അവിടേക്ക് വന്നത്, മുന്നിൽ നിൽക്കുന്ന അക്രമികൾ മാറിയതും ഗിരിക്ക് മുൻപിൽ അയാളുടെ മുഖം വ്യക്തമായി. ആമുഖം കണ്ടതും ഗിരിയുടെ രക്തം തിളക്കാൻ തുടങ്ങി. ദേഷ്യം കൊണ്ട് അവൻ പല്ലിറുമ്പി. കൈകാലുകളുടെ കെട്ട് ഒന്ന് അഴിക്കാനായി അവൻ ഒരു ശ്രമം നടത്തി. ഞരമ്പുകൾ എല്ലാം തുറിച്ചു വന്നു. ഇതൊക്കെ കണ്ടു അവന്റെ മുൻപിൽ നിന്ന ആളൊന്നു പുച്ഛത്തോടെ അവനെ നോക്കി പുഞ്ചിരിച്ചു........ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story