💕കാണാച്ചരട് 💕: ഭാഗം 35

kanacharad

രചന: RAFEENA MUJEEB

 ജാനകി കുറച്ചുസമയം ആമിയുടെ നിൽപ്പ് സങ്കടത്തോടെ നോക്കി നിന്നു. ശേഷം ദേവയെയൊന്നു നോക്കി ആ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി. ദേവയും അവർക്കു പുറകിലായി ആ മുറി വിട്ടിറങ്ങി. കുറച്ച് ദിവസങ്ങളായി അവൾ ഇങ്ങനെയാണ്, ആരോടുമൊന്നും സംസാരിക്കില്ല, ആര് പറയുന്നതും കേൾക്കില്ല, എന്തിനധികം അവളൊന്നു പുഞ്ചിരിച്ചിട്ട് മാസങ്ങളായി, ഞങ്ങളുടെ മുഖത്തുപോലുമവൾ നോക്കാറില്ല, ദൂരെയെങ്ങോട്ടെങ്കിലും നോക്കി ഒരേ നിൽപ്പാണ്, കോളേജിൽ പഠിക്കുമ്പോൾ ഒരു ഇഷ്യൂ ഉണ്ടായി അതിൽ പിന്നെ എന്റെ കുഞ്ഞ് സന്തോഷമെന്തെന്നറിഞ്ഞിട്ടില്ല, ജാനകി ഒഴുകി വന്ന കണ്ണുനീർ തുടച്ചുകൊണ്ട് ദേവയോട് പറഞ്ഞു. ദേവ ഒന്നും പറയാതെ അവരെ തന്നെ നോക്കി നിന്നു. വീടും പരിസരവുമെല്ലാം കണ്ടു പുറത്തേക്ക് വരുമ്പോഴേക്കും ഖാദർ പോകാൻ തയ്യാറായി പുറത്തു നിൽപ്പുണ്ടായിരുന്നു.

മക്കളെയും കൊണ്ട് ഇന്നുതന്നെ ഇവിടേക്ക്താമസം മാറിക്കോളൂ,വീട് വൃത്തിയാക്കാൻ ഞാൻ പണിക്കാരോട് പറഞ്ഞിട്ടുണ്ട്, യാത്ര പറഞ്ഞിറങ്ങാൻ നേരം അവളോട് രാഘവൻ പറഞ്ഞു. രണ്ടുപേരോടും കൈകൂപ്പി യാത്ര പറഞ്ഞ് ദേവ ഖാദറിന്റെയൊപ്പം അവിടെ നിന്നുമിറങ്ങി. കടയുടെ അടുത്തെത്താറായപ്പോൾ തന്നെ കണ്ടു തങ്ങളുടെ വരവും പ്രതീക്ഷിച്ചു നിൽക്കുന്ന ജമീലയെ,അവരടുത്തെത്തിയതും അവൾ ഓടിവന്നു കാര്യങ്ങൾ തിരക്കി, എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവൾക്കും സന്തോഷമായി. പടച്ചോൻ നിന്നെ വിട്ടിട്ടില്ല മോളേ, അവളെ ചേർത്തുനിർത്തി ജമീല പറഞ്ഞു. ഉച്ചക്കുള്ള ഭക്ഷണം കഴിച്ച ശേഷമാണ് അവിടെ നിന്നും ഇറങ്ങിയത്, ഇറങ്ങാൻ നേരം ജമീല തനിക്കുള്ളതിൽ വെച്ച് ഏറ്റവും നല്ല രണ്ട് സാരിയും ആയിശുവിന്റെ രണ്ട് നല്ല കുഞ്ഞുടുപ്പും ദേവയെ ഏൽപ്പിച്ചു, പുതിയത് തന്നെ വാങ്ങിതരണമെന്നുണ്ട് പക്ഷേ ഇപ്പോൾ ഞങ്ങളെക്കൊണ്ട് ഇതേ നിവൃത്തിയുള്ളു ജമീല സങ്കടത്തോടെ പറഞ്ഞു.

അതുകേട്ടതും അതുവരെ അടക്കിപ്പിടിച്ച എല്ലാ സങ്കടവും ദേവയിൽ നിന്നും പൊട്ടിയൊലിച്ചു, അവൾ ജമീലയെ ചേർത്തുപിടിച്ചു, ആരുമില്ലാത്തവളാ ഞാൻ, എങ്ങനെയുള്ളവളാ എവിടെയുള്ളതാ ആരാ എന്താണെന്നുപോലും നോക്കാതെ വിശപ്പടക്കാനുള്ള ഭക്ഷണവും ധരിക്കാൻ വസ്ത്രവുംജീവിക്കാനുള്ള മാർഗ്ഗവുമുണ്ടാക്കി തന്നില്ലേ,എത്ര നന്ദി പറഞ്ഞാലും തീരില്ല,ഈ കടപ്പാട് ഞാനെങ്ങനെയാണ് വീട്ടേണ്ടത്, ഈ രണ്ടു കുഞ്ഞുങ്ങളെയും കൊണ്ട് പോകാനിടമില്ലാതെ നിന്നപ്പോൾ ദൈവത്തിനെ പോലെ പ്രത്യക്ഷപ്പെട്ടവരാണ് നിങ്ങൾ, ദേവ തൊഴുകൈയ്യോടെ ജമീലയെ നോക്കി പറഞ്ഞു. എന്തൊക്കെയാണീ പറയുന്നത്, ആദ്യം കണ്ടപ്പോൾ തന്നെ നിന്നോട് ഒരിഷ്ടം തോന്നി, ഒരുപാട് പരീക്ഷണങ്ങളിൽ കൂടി കടന്നു വന്നവളാണെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലായി,എന്റെ അനിയത്തിയെ പോലെ കണ്ടു തന്നെയാ കൂടെ കൂട്ടിയത്, അതിനിയെന്നും അങ്ങനെ തന്നെയാവും അവളെ ചേർത്തുനിർത്തി നെറുകയിൽ ഒരുമ്മ കൊടുത്തു കൊണ്ട് ജമീല പറഞ്ഞു. ദേവ വാക്കുകൾ കിട്ടാതെ വിതുമ്പിപ്പോയി.

അപ്പോഴേക്കും ഖാദർ കുഞ്ഞിനുള്ള ഡ്രസ്സുമായി വന്നിരുന്നു. അവരെക്കൊണ്ട് വിട്ടതും ഖാദറാണ്, ഐഷുട്ടിക്ക് അല്ലിയെ വിടാനൊട്ടും മനസ്സുണ്ടായിരുന്നില്ല, കുറഞ്ഞ സമയം കൊണ്ടവർ നല്ല കൂട്ടുകാരായിരുന്നു, നിനക്ക് എപ്പോ വേണമെങ്കിലും അവളെ പോയി കാണാമെന്ന് ഖാദർ അവളെ പറഞ്ഞു സമാധാനിപ്പിച്ചു. സമയം കിട്ടുമ്പോഴൊക്കെ കാണാൻ വരാമെന്ന് ജമീലയും ദേവയ്ക്ക് വാക്കു നൽകി. എല്ലാവരോടും യാത്ര പറഞ്ഞ് ഖാദറിനൊപ്പം ദേവ പുറപ്പെട്ടു പുതിയൊരു ജീവിതത്തിലേക്ക്. **************** ഓടിട്ട മനോഹരമായ കുഞ്ഞു വീടാണ് തെക്കേപ്പുര, ഒരു അടുക്കളയും ഒരു കുഞ്ഞുഹാളും ഒരു റൂമും അതിലുണ്ട്, പണ്ട് രാഘവനും അമ്മയും അനിയത്തി രേഷ്മയും താമസിച്ച വീടാണത്, അവിടെ നിന്നാണ് രാഘവന്റെ തുടക്കം, ആ കുഞ്ഞുവീടിൽ നിന്നും ഇന്നീ കാണുന്ന മണിമാളികയിൽ അയാളെത്തിയിട്ടുണ്ടെങ്കിൽ അയാളുടെ കഠിനാധ്വാനം ഒന്ന് കൊണ്ട് മാത്രമാണ്, ഇന്നാ നാട്ടിൽ അറിയപ്പെടുന്ന പ്രമാണിയാണയാൾ, എത്ര സമ്പാദിച്ചാലും തന്റെ പഴയ കാലം അയാൾ മറന്നിട്ടില്ല, 

ഇല്ലായ്മയിൽ കൂടെ നിന്നതാണ് ഖാദർ, ആ സ്നേഹസൗഹൃദമാണ് ഇന്നും അവർക്കിടയിൽ. പഴയ ഓർമ്മകളുറങ്ങുന്ന വീടായതുകൊണ്ടാണ് രാഘവൻ ഇന്നും തെക്കേപ്പുര അതുപോലെ സൂക്ഷിക്കുന്നത്, കാദർ പറയുന്നതെല്ലാം ദേവ കൗതുകത്തോടെ കേട്ടുനിന്നു. അവർ വരുമെന്നറിഞ്ഞ് തെക്കേപ്പുര നേരത്തെതന്നെ വൃത്തിയാക്കിയിട്ടുണ്ട്, അവളാ വീടും പരിസരവും ഒന്ന് ചുറ്റിക്കണ്ടു, അവിടെ നിന്ന് നോക്കിയാൽ രാഘവന്റെ വീട് കാണാം, ആ വീട് കണ്ടപ്പോൾ തന്റെ വീടിനോട് ചേർന്ന് ഗസ്റ്റ് ഹൗസിൽ ഗിരി താമസിച്ചതാണ് അവൾക്ക് ഓർമ്മ വന്നത്, ആ വീട്ടിൽ പോയി അവനോടടിയുണ്ടാക്കിയതും അവൻ ദേഷ്യത്തോടെ അവളെ ഉണ്ടപ്പുഴു എന്ന് വിളിച്ചിരുന്നതുമെല്ലാമവളുടെ ഓർമ്മകളിലേക്ക് ഓടിയെത്തി. അവന്റെ ഓർമ്മകൾ മനസ്സിലേക്ക് വരുമ്പോൾ അനുസരണയില്ലാതെ ഒഴുകുന്ന കണ്ണുനീരിനെ നിയന്ത്രിക്കാനവൾ ഇന്നും പാടുപെടുന്നുണ്ട്, മോള് ഇവിടെ വന്നു നിൽക്കുകയാണോ ഖാദറിന്റെ ശബ്ദമാണവളെ ഓർമ്മകളിൽ നിന്നുമുണർത്തിയത്.

കണ്ണുനീരയാൾ കാണാതെ കൈകൊണ്ട് തുടച്ചു മാറ്റിയവൾ ഖാദറിനെ നോക്കി ഒന്ന് ചിരിച്ചു. കുഞ്ഞിന് കിടക്കാൻ ഒരു തൊട്ടിൽ കെട്ടിയിട്ടുണ്ട്, ഉയരം അത് മതിയോ എന്നൊന്നു നോക്ക് ഖാദർ പറയുന്നത് കേട്ട് ദേവ അയാൾക്കൊപ്പം അകത്തേക്ക് കയറി. അവർ വന്ന ബഹളം കേട്ട് ജാനകിയങ്ങോട്ട് വന്നു, ദേവയുടെ കയ്യിലിരിക്കുന്ന കുഞ്ഞിനെ കണ്ടപ്പോൾ ജാനകിയുടെ ഉള്ളൊന്ന് തേങ്ങി, തന്റെ കൊച്ചുമോന്റെ അതേ പ്രായം ജീവനോടെയുണ്ടെങ്കിൽ ഇന്ന് തന്റെ കയ്യിലുണ്ടായേനെ തന്റെ പേരക്കുട്ടി എന്നവൾ വേദനയോടെയോർത്തു. അല്ലിയുടെ തമിഴ് കലർന്ന സംസാരം ജാനകി കൗതുകത്തോടെ നോക്കിനിന്നു. ഇനിയിന്ന് ജോലിയെടുക്കാൻ വരണ്ട, രാത്രി കഴിക്കാനുള്ള ഭക്ഷണം ഇവിടേക്കെത്തിക്കാം ഇന്നൊരു ദിവസം മക്കളോടൊപ്പം സുഖമായിട്ടിരിക്ക്, നാളെ കാലത്ത് വന്നാൽ മതി, എന്താവശ്യമുണ്ടെങ്കിലും അവിടെ വന്നു പറയാം ജാനകി ദേവയുടെ കയ്യിൽ പിടിച്ച് സ്നേഹത്തോടെ പറഞ്ഞവിടെ നിന്നും പോയി. അവർക്ക് വേണ്ട കാര്യങ്ങളെല്ലാം ശരിയാക്കി ഖാദറും അവിടെനിന്നും യാത്ര പറഞ്ഞിറങ്ങി.

രാത്രി കഴിക്കാനുള്ള ഭക്ഷണം ജാനകി കൊടുത്തു വിട്ടിരുന്നു, ഭക്ഷണം കഴിച്ച് ഒരുപാട് നാളുകൾക്കു ശേഷമന്നാദ്യമായി ദേവ സുഖമായി ഉറങ്ങി. ഇടയ്ക്ക് മോൻ ഉണർന്ന് കരഞ്ഞപ്പോഴാണവൾ ഉറക്കിൽ നിന്നുമെഴുന്നേറ്റത്, അവനെയുമെടുത്ത് അവിടെയുള്ള പാൽ ചൂടാക്കിയപ്പോഴേക്കും അവൻ അലമുറയിട്ടു കരയാൻ തുടങ്ങി. **************** രാത്രിയായിട്ടും ഉറക്കം വരാതെ കണ്ണും തുറന്നു പിടിച്ച് കിടക്കുകയാണ് ആമി, ദൂരെ എവിടെ നിന്നോ ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടതും അവളൊന്നു ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു, ഈശ്വരാ തന്റെ കുഞ്ഞാണോ..? തന്നെ അന്വേഷിച്ചു വന്നതാണോ...? അവൾ എഴുന്നേറ്റ് ജനലിനടുത്തേക്ക് നടന്നു. കുഞ്ഞിന്റെ കരച്ചിൽ നന്നായിട്ട് കേൾക്കുന്നുണ്ട്, അവൾ പുറത്തേക്ക് തലയിട്ട് എത്തിനോക്കി. അപ്പുറത്ത് താമസിക്കുന്ന ദേവയുടെ അനിയത്തി യുടെ കുഞ്ഞാ അത്‌, പ്രസവത്തിൽ അനിയത്തി മരിച്ചു, ജനിച്ചിട്ട് ദിവസങ്ങളായിട്ടേയുള്ളൂ, പാവം കുഞ്ഞ് ആമി നോക്കുന്നത് കണ്ട് ജാനകി പറഞ്ഞു. അമ്മയെ ഒന്ന് നോക്കി വീണ്ടും അവളാ നിൽപ്പ് തുടർന്നു.

എന്തൊരു വിധി, ഒരു കുഞ്ഞിനെ നഷ്ടപ്പെട്ട സങ്കടത്തിൽ കഴിയുന്ന തന്റെ മുമ്പിൽ ഒരുമ്മയില്ലാത്ത കൊച്ച് , ഇതുപോലെ എവിടെയെങ്കിലും തന്റെ മോനും ജീവിച്ചിരിപ്പുണ്ടാകുമോ..? അവൻ മരിച്ചു എന്ന് എല്ലാവരും ആവർത്തിച്ചു പറഞ്ഞിട്ടും എന്തുകൊണ്ട് തന്റെ മനസ്സ് മാത്രമത് അംഗീകരിക്കുന്നില്ല,അവന്റെ ചലനങ്ങളെല്ലാം താനറിയുന്നുണ്ട് അതൊക്കെയെങ്ങനെ...,?എന്റെയരികിലെവിടെയോ അവനുള്ളതുപോലെ തോന്നുന്നു, അവൻ മരിച്ചിട്ടില്ലെന്ന് തന്നെ തന്റെ മനസ്സ് മന്ത്രിക്കുന്നു, കുഞ്ഞിനെ ഓർത്ത് അവളുടെ മനസ്സ് തേങ്ങി. തൊട്ടപ്പുറത്ത് നിന്നും കുഞ്ഞിന്റെ കരച്ചിൽ ശക്തിയിൽ കേൾക്കുന്നുണ്ട്. ആ കരച്ചിൽ കേൾക്കുന്തോറും അവളുടെ മനസ്സ് കിടന്നു പിടക്കാൻ തുടങ്ങി. ഇരുമാറുകളുംശക്തമായ വേദനയോടെ പാൽ ചുരത്താൻ തുടങ്ങി, മനസ്സും ശരീരവും വല്ലാത്തൊരു വീർപ്പുമുട്ടലനുഭവിക്കുന്നത് പോലെ ആമിക്ക് തോന്നി , ആ കുഞ്ഞിന്റെ കരച്ചിൽ കേൾക്കാൻ സാധിക്കാതെ അവൾ ചെവി പൊത്തിപ്പിടിച്ചു, കണ്ണിലിരുട്ട് കയറുന്നത് പോലെ തോന്നിയപ്പോഴേക്കുമവൾ നിലംപൊത്തി കഴിഞ്ഞിരുന്നു...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story