💕കാണാച്ചരട് 💕: ഭാഗം 36

kanacharad

രചന: RAFEENA MUJEEB

നല്ല ഉറക്കത്തിലായിരുന്നു രാഘവൻ. പെട്ടെന്നാണ് ജാനകിയുടെ മോളേയെന്നുള്ള കരച്ചിൽ കേട്ടത്. അദ്ദേഹം ചാടി പിടിച്ചെഴുന്നേറ്റ് ചുറ്റും നോക്കി. ആമിയുടെ റൂമിൽ നിന്നാണ് നിലവിളി കേട്ടത്. ഓടിപ്പിടിച്ചവിടെയെത്തുമ്പോൾ നിലത്ത് ബോധമറ്റ് കിടക്കുന്ന മകളെയും തൊട്ടരികിലായി കരഞ്ഞു കൊണ്ടിരിക്കുന്ന ജാനകിയെയുമാണ് കണ്ടത്. അയാൾ ഓടിച്ചെന്ന്‌ മകളെ ഒരുപാട് വിളിച്ചെങ്കിലും അവളൊന്ന് അനങ്ങുക പോലും ചെയ്തില്ല. അയാൾ പെട്ടെന്ന് തന്നെ ഡോക്ടറെ വിളിച്ചു വീട്ടിലെത്താൻ പറഞ്ഞ് ആമിയെ വാരിയെടുത്ത് കട്ടിലിലേക്ക് കിടത്തി. കുറച്ചു കഴിഞ്ഞപ്പോഴേക്കും ഡോക്ടർ അവിടേക്കെത്തി. ആമിയെ വിശദമായി തെന്നെ പരിശോധിച്ചു അയാൾ. പേടിക്കാനൊന്നുമില്ല ബിപി ഡൗൺ ആയതാണ്, അഭിരാമിയുടെബോഡി വളരെ വീക്കാണ് , ഡെലിവറിയും കുഞ്ഞിനെ നഷ്ടപ്പെട്ടതുമെല്ലാം അവളുടെ ശരീരത്തിനെയും മനസ്സിനെയും വല്ലാതെ ബാധിച്ചിട്ടുണ്ട്, അവൾക്ക് നല്ല മെന്റൽ ഡെപ്പ്രെസ്സ് ഉണ്ട്.

ഈ അവസ്ഥ തുടർന്നാൽ ചിലപ്പോളവളുടെ മാനസികനില തന്നെ തെറ്റിയേക്കാം, മാനസികമായ പിരിമുറുക്കത്തിൽ നിന്നും അവളെ എത്രയും പെട്ടെന്ന് മോചിപ്പിച്ചേ മതിയാവൂ. തൊട്ടപ്പുറത്തെ കുഞ്ഞിന്റെ ശബ്ദം കേട്ടാണവൾ ബോധമറ്റു വീണതെന്നല്ലേ പറഞ്ഞത്..? ഒരുപക്ഷേ ആ കുഞ്ഞിന്റെ ശബ്ദം അവളെ അലോസരപ്പെടുത്തുന്നുണ്ടാവും, ചിലപ്പോൾ ആ കുഞ്ഞിന്റെ സാമിപ്യം കൊണ്ട് അവൾക്ക് മാറ്റം വന്നുവെന്നും വരാം, എന്തായാലും അഭിരാമിയെ കൂടുതൽ നിരീക്ഷിക്കണം, ആ കുഞ്ഞുമായി അഭിരാമി സമ്പർക്കത്തിലേർപ്പെടുന്ന സാഹചര്യം പരമാവധിയുണ്ടാക്കണം, ആ കുഞ്ഞു വരുമ്പോഴെല്ലാം അവളുടെ ചലനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. കുഞ്ഞിന്റെ സാമിപ്യം അവളിൽ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കിൽ പിന്നീട് ആ കുഞ്ഞ് അവളുടെ മുൻപിലേക്ക് വരുന്നത് പരമാവധി ഒഴിവാക്കണം. മറിച്ച് ആ കുഞ്ഞിന്റെ സാമിപ്യം അവളിൽ നല്ലതായ എന്തുമാറ്റമുണ്ടാക്കുന്നുണ്ടെങ്കിലും അതൊരു ശുഭ ലക്ഷണമാണ്, അങ്ങനെയുണ്ടായാൽ അഭിരാമി ആ കുഞ്ഞുമായി ഇടപഴകാനുള്ള സാഹചര്യങ്ങൾ കൂടുതലുണ്ടാക്കുക,

ഒരുപക്ഷേ ആ കുഞ്ഞു വഴിയാവും അവളിൽ മാറ്റങ്ങളുണ്ടാവുന്നത്. ശുഭകരമായ മാറ്റങ്ങൾ സംഭവിക്കട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം. ആമിക്ക് കഴിക്കാനുള്ള ചില മെഡിസിനുകൾ കുറിച്ച് രാഘവനെ ഏൽപ്പിച്ചു, ചെക്കപ്പിനുള്ള ദിവസമായാൽ കൃത്യമായിട്ട് ഹോസ്പിറ്റലിൽ കൊണ്ടുവരണമെന്ന് ഇറങ്ങാൻ നേരം അദ്ദേഹം ഓർമ്മിപ്പിച്ചു. അയാളെ യാത്രയാക്കി തിരികെ വന്നപ്പോഴേക്കും ആമി കണ്ണു തുറന്നിരുന്നു. ഒന്നിലും ശ്രദ്ധിക്കാതെയുള്ള അവളുടെ കിടപ്പ് കണ്ടപ്പോൾ രാഘവന് സങ്കടം തോന്നി. അവളെ കുറച്ചുസമയം നോക്കി നിന്നയാൾ തന്റെ റൂമിലേക്ക് പോയി. ************** കുഞ്ഞിനു പാലും കൊടുത്ത് പുറത്തിരിക്കുകയായിരുന്നു ദേവ, അവിടേക്ക് വണ്ടി വരുന്നതും പോകുന്നതുമെല്ലാം കാണുന്നുണ്ടായിരുന്നു. എന്താണവിടെ സംഭവിക്കുന്നതെന്നറിയാതെ അവൾ കുറച്ചുസമയം അങ്ങോട്ടേക്ക് നോക്കി നിന്നു.

പാല് കുടിച്ചു വിശപ്പു മാറിയപ്പോൾ കുഞ്ഞിന്റെ കരച്ചിലും നിന്നു. അവനെ മാറോടടക്കി പിടിച്ച് അവളൊരു കസേരയിലേക്ക് ചാഞ്ഞിരുന്നു. അല്ലിയുടെ ഈ പ്രായാമൊന്നും തനിക്ക് ശരിക്കോർമ്മയില്ല. അവളെ ഈ പ്രായത്തിൽ ലാളിച്ചതോ ഉമ്മവെച്ചതോ ഒന്നും ഓർമ്മയില്ല. തനിക്ക് ചുറ്റും സംഭവിക്കുന്നതെന്തെന്നു പോലും അറിയാത്ത ഒരു സമയമായിരുന്നില്ലേയന്ന്. പിന്നീടെപ്പോഴോ അവളുടെ കളിചിരികൾ തന്റെ മനസ്സ് കീഴടക്കി. അവളോടുള്ള വാത്സല്യവും താനൊരു അമ്മയാണെന്നുള്ള ചിന്തയും മനസ്സ് കീഴടക്കി, അവളിലേക്ക് താൻ ഒതുങ്ങി, തന്നെ ചിരിക്കാൻ പഠിപ്പിച്ചത് അല്ലിയാണ്, പിന്നീട് ജീവിച്ചതെല്ലാമവൾക്കു വേണ്ടിയായിരുന്നു. താനവളെ ശ്രദ്ധിക്കാതിരുന്ന സമയത്തെല്ലാം അവളെ പൊന്നുപോലെ നോക്കിയിരുന്നത് രുക്കമ്മയായിരുന്നു.

പാവം ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് തനിക്കുവേണ്ടി, ഒരുപക്ഷേ താൻ രക്ഷപ്പെട്ടതുകൊണ്ട് ഇപ്പോഴും അവർ രുക്കമ്മയെ ഉപദ്രവിക്കുന്നുണ്ടാവും, ഒന്ന് പച്ച പിടിച്ചാൽ എങ്ങനെയെങ്കിലും രുക്കമ്മയെ അവിടെനിന്നും രക്ഷിക്കണം, തന്റെ കൂടെ ചേർത്ത് നിർത്തണം ആ പാവത്തിനെ അവൾ മനസ്സുകൊണ്ടുറപ്പിച്ചു. ഓരോന്നൊക്കെ ആലോചിച്ച് ആ കസേരയിൽ തന്നെ കുഞ്ഞിനെ മാറിലിട്ടവളുറങ്ങി. രാവിലെ ഉണരുമ്പോൾ തന്റെ മാറോട് ഒട്ടിപ്പിടിച്ച് സമാധാനത്തോടെയുറങ്ങുന്ന ആ കുഞ്ഞു മുഖം കണ്ടതും അവളുടെ ഉള്ളിൽ വാൽസല്യം നിറഞ്ഞു. പതിയെ അവൾ പോലുമറിയാതെ അവന്റെയമ്മയായവൾ . അവന്റെ ഓമന മുഖത്തവൾ വാത്സല്യത്തോടെ ചുംബിച്ചു. പതിയെ ഉണർത്താതെ തൊട്ടിലിലിട്ടു. താഴെ പായയിൽ ചുരുണ്ട് കിടക്കുന്ന അല്ലിയേയും അവൾ സ്നേഹത്തോടെ ഉമ്മവെച്ചു. ഗിരിയെ വാർത്തു വെച്ചതുപോലെയാണ് അവളുടെ മുഖം. അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ ഗിരി യുടെ ഓർമ്മകൾ വല്ലാതെ വ്രണപ്പെടുത്തുന്നുണ്ടവളെ.

താഴെ കിടന്ന പുതപ്പെടുത്ത് ഒന്നുകൂടി അവളെ പുതപ്പിച്ച് ജമീലതാത്ത തന്ന സാരിയുമെടുത്ത് അവൾ ബാത്ത്റൂമിലേക്കോടി. കുളികഴിഞ്ഞ് വരുമ്പോഴും രണ്ടുപേരും നല്ല ഉറക്കമാണ്. അവരെയുണർത്താതെ പതിയെ വാതിൽ ചാരി അവൾ അപ്പുറത്തേക്ക് നടന്നു. നേരം പുലർന്നു വരുന്നതേയുള്ളൂ. ദേവ നേരെ അടുക്കള വാതിലിലൂടെ അകത്തേക്ക് കയറി. അവിടെ ജാനകിയും വേറൊരു സ്ത്രീയും ജോലി ചെയ്യുന്നുണ്ട്. ആ മോളെ ഇത്ര നേരത്തെ എത്തിയോ...? ഇത്ര കാലത്തൊന്നും വരേണ്ട കാര്യമില്ല, കുഞ്ഞുങ്ങളവിടെ തനിച്ചല്ലേയുള്ളൂ, ഇവിടെ ഞങ്ങൾക്ക് ചെയ്യാനുള്ള ജോലിയേയുള്ളൂ, അടുക്കളക്കാര്യമൊക്കെ കല്ല്യാണി നോക്കും , ഇത് കല്യാണി തൊട്ടപ്പുറത്താണ് വീട് ജാനകി പറഞ്ഞപ്പോൾ ദേവ അവരെ നോക്കയൊന്ന് പുഞ്ചിരിച്ചു. അവരും അവളെ നോക്കി ചിരിച്ചു. അടുക്കളയിലെ കാര്യമൊക്കെ കല്യാണി നോക്കിക്കോളും, പുറം പണിക്ക് വേറെ ആൾക്കാരുണ്ട് മോള് ആമിയുടെ കാര്യം മാത്രം നോക്കിയാൽ മതി. അവൾക്ക് ഒരു കൂട്ടായാൽ മതി ജാനകി സ്നേഹത്തോടെ പറഞ്ഞു.

ദേവ അനുസരണയോടെ അവര് പറയുന്നതിനെല്ലാം തലയാട്ടി. ആമി ഉണർന്നാൽ അവൾക്ക് ചായ കൊടുക്കണേ, ഞാനീ കാപ്പി രാഘവേട്ടന് കൊണ്ട് കൊടുക്കട്ടെ, ദേവയെ നോക്കിയതും പറഞ്ഞ് ജാനകി മുറിയിലേക്ക് പോയി. ഞാൻ കൂടുതൽ സാധനമെടുത്താലോയെന്ന് കരുതി കാവൽ നിൽക്കുകയാണ്, അല്ലാതെ അടുക്കളയിൽ കയറി ഒരു പാത്രം പോലും കഴുകില്ല, എല്ലാത്തിനും ഞാൻ വേണം, കല്ല്യാണി ജാനകി പോയ വഴിയെ നോക്കി ദേവയോട് പറഞ്ഞു. ദേവ അവരെയൊന്നു നോക്കിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. കല്ല്യാ lണി അടുക്കളയുടെ വാതിലിൽ നിന്ന് അകത്തേക്കെത്തി നോക്കി ജാനകി വരുന്നുണ്ടോയെന്ന് എന്നിട്ട് ദേവയുടെയരികിലേക്ക് തന്നെ വന്നു. ആ ആമി കുട്ടിക്ക് ഇപ്പൊ സുഖമില്ല, അതിനെ ആ കോളേജിൽ പഠിക്കുമ്പോൾ ഏതാണ്ടൊക്കെ പിള്ളേര് ചേർന്ന് വഴി പിഴപ്പിച്ചെന്നാ കേൾക്കുന്നത് വയറ്റിലുണ്ടെന്ന് പോലും എനിക്ക് സംശയമുണ്ടായിരുന്നു,

കുറെ കാലമായിട്ട് ഇവിടെയുണ്ടായിരുന്നില്ല, ഗർഭം നശിപ്പിക്കാൻ കൊണ്ടുപോയതാണെന്നാണ് ഇവിടെയുള്ളവരൊക്കെ പറയുന്നത്, കല്ല്യാണി പറയുന്നത് കേട്ടപ്പോൾ ദേവയ്ക്ക് ദേഷ്യം വന്നു. ഇതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ല, എനിക്കതൊട്ട് അറിയേണ്ട കാര്യവുമില്ല, കല്ല്യാണി ചേച്ചിയുടെ വിശേഷങ്ങൾ വല്ലതുമുണ്ടെങ്കിലെന്നോട് പറയാം ഈ വക പരദൂഷണങ്ങൾ കേൾക്കാൻ എനിക്ക് താല്പര്യമില്ല. എടുത്തടിച്ചത് പോലെയുള്ള ദേവയുടെ സംസാരം കേട്ട് കല്ല്യാണി ആകെ വല്ലാതെയായി. ദേവയെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ച് അവളവളുടെ ജോലി നോക്കി. ദേവ അവിടെയുള്ള അഴുകിയ പാത്രങ്ങളെല്ലാം കഴുകാൻ തുടങ്ങി. ദേവയെ ദേഷ്യത്തോടെ നോക്കി പുറകിൽ നിന്ന് ഓരോ ഗോഷ്ടി കാണിച്ച് കല്ല്യാണി അവൾ കേൾക്കാതെ ഓരോന്ന് പിറുപിറുത്തു. പത്രം കഴുകി ക്കഴിഞ്ഞ് ആമിയുടെ റൂമിൽ ചെന്നപ്പോഴേക്കും അവൾ ഉണർന്നിരുന്നു. അവൾക്കുള്ള ദോശയും ചായയുമായി ദേവ അവളുടെ റൂമിലേക്ക് നടന്നു.

ദേവ ചെല്ലുമ്പോഴും ആമി ജനൽ കമ്പിയിൽ പിടിച്ച് പുറത്തേക്ക് നോക്കി നിൽപ്പായിരുന്നു. ആമീ... ദേവ പുറകിൽ നിന്ന് വിളിച്ചു അവളെ ഒന്നു നോക്കി ആമി വീണ്ടും ആ നിൽപ്പ് തുടർന്നു. ഞാൻ ആമി എന്ന് വിളിച്ചോട്ടെ...? ദേവ വീണ്ടും ചോദിച്ചെങ്കിലും അവൾ അതിനൊരു മറുപടിയൊന്നും കൊടുത്തില്ല. ഭക്ഷണം ടേബിളിൽ വച്ച് ദേവ ആമിയെ പിടിച്ചു ബെഡിലിരുത്തി. കൈയ്യിലിരുന്ന ദോശ യിൽ നിന്ന് ഒരു കഷണം കറിയിൽ മുക്കി ആമിക്ക് നേരെ നീട്ടി. ആമി ദേവയെ ഒന്ന് നോക്കിയതല്ലാതെ ആ ഭക്ഷണം കഴിക്കാൻ കൂട്ടാക്കിയില്ല. ആമിയുടെ മുൻപിൽ അങ്ങനെയിരിക്കുമ്പോൾ ദേവയ്ക്ക് ശ്വേതയേയും അരുണിമയും ആരോഹിയെയും ഓർമ്മ വന്നു. അവരോടൊപ്പം കളിയും ചിരിയുമായി കടന്നു പോയ ദിവസങ്ങൾ അവളുടെ മുൻപിലേക്ക് ഓടി വന്നു. താൻ കൂട്ടത്തിൽ ഏറെ സ്നേഹിച്ചത് ആരോഗഹിയെയായിരുന്നു. അവളായിരുന്നു തന്നെ മൂടാനുള്ള കുഴി വെട്ടിയത്, അവരെക്കുറിച്ചോർത്തപ്പോൾ ദേവയുടെ കണ്ണുകൾ നിറഞ്ഞു. തന്റെ മുൻപിലിരുന്ന് കരയുന്ന ദേവയെ ആമിയൊന്നു നോക്കി പിന്നെ അവൾ നീട്ടിയ ഭക്ഷണത്തിലേക്കും ശേഷം പതിയെയവൾ വാ തുറന്നു.

അത് കണ്ട ദേവ സന്തോഷത്തോടെ ആമിയുടെ വായിലേക്ക് ഭക്ഷണം വെച്ച് കൊടുത്തു. അവൾ നീട്ടിയ ഭക്ഷണം നല്ലകുട്ടിയായി ഒരു മടിയും കൂടാതെ ആമി കഴിച്ചു. ഭക്ഷണം കഴിച്ചു വാ കഴികുമ്പോഴാണ് ജാനകിയങ്ങോട്ട് വന്നത്. ആഹാ അമ്മ തരുന്ന ഭക്ഷണമാണ് മോൾക്ക് വേണ്ടത്തതല്ലേ..? ഇപ്പൊ കൂട്ടുകാരി ഭക്ഷണം തന്നപ്പോൾ എല്ലാം കഴിച്ചല്ലോ എന്റെ കുഞ്ഞ് അവൾ സ്നേഹത്തോടെ പറഞ്ഞു. ദേവ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ഞാൻ മക്കൾ ഉണർന്നോയെന്ന് നോക്കട്ടെ ദേവ ജാനകിയോട് അനുവാദം ചോദിച്ചു. മോള് പതിയെ വന്നാൽമതി അവർക്കുള്ള ഭക്ഷണം കൊണ്ടുപൊക്കോ, ഫ്രിഡ്ജിലുള്ള പാല് ചൂടാക്കാൻ ഞാൻ കല്ല്യാണിയോട് പറഞ്ഞിട്ടുണ്ട് പോകുമ്പോൾ അതുമെടുത്തോ, ഇനി വരുമ്പോൾ മക്കളെയും കൊണ്ടുവാ പോകാൻനേരം ജാനകി ഓർമിപ്പിച്ചു. ഭക്ഷണവുമായി ദേവ വേഗത്തിൽ വീട്ടിലേക്ക് നടന്നു. അവിടെയെത്തുമ്പോഴേക്കും കേൾക്കാമായിരുന്നു ഉച്ചത്തിൽ കരയുന്ന അല്ലിയുടെയും മോന്റെയും ശബ്ദം. ദേവ വേഗത്തിൽ ഓടി അവരുടെയടുത്തേക്ക്...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story