💕കാണാച്ചരട് 💕: ഭാഗം 37

kanacharad

രചന: RAFEENA MUJEEB

ദേവയെ കണ്ടതും അല്ലിയുടെ കരച്ചിൽ ഒന്നുകൂടി കൂടി. എന്തിനാ വാവേ ഇന്ത മാതിരി അഴുകിറേൻ ..? നീ കരയുന്നത് കേട്ടിട്ടല്ലേ മോനും കരയുന്നത്..? അല്ലിയെ ചേർത്തുപിടിച്ച് ദേവ ചോദിച്ചു. അവളുടെ കുഞ്ഞു മുഖത്തെ കണ്ണുനീർ തുടച്ചു മാറ്റി നെറുകയിൽ ഒരു ഉമ്മ കൊടുത്തു. തൊട്ടിലിൽ കിടന്ന കുഞ്ഞിനെ കൈയിലെടുത്ത് അല്ലിയേയും കൊണ്ടവൾ അടുക്കളയിലേക്ക് നടന്നു. അവളുടെ വായും മുഖവും കഴുകി കഴിക്കാനുള്ള ദോശയവൾക്ക് നൽകിയ ശേഷം കുഞ്ഞിനുള്ള പാലെടുത്ത് അവനെ കുടിപ്പിക്കാൻ തുടങ്ങി. കുഞ്ഞിന് പാൽ കൊടുക്കുന്നതിനിടയിലാണ് ഭക്ഷണം കഴിക്കാത അതിലേക്ക് നോക്കിയിരിക്കുന്ന അല്ലിയെയവൾ ശ്രദ്ധിക്കുന്നത്. അവളുടെ കുഞ്ഞു മുഖത്ത് ഒരു സങ്കടം നിഴലിക്കുന്നതായി ദേവയ്ക്ക് തോന്നി. ഏൻ ടാ കണ്ണാ..? എന്നാച്ച് അമ്മാവുടെ തങ്കകട്ടിക്ക്, എന്നാ മൂഞ്ചിയെല്ലാം ഒരുമാതിരി, ഏതാവത് പ്രച്നമിരിക്കാ,..?അമ്മാക്കിട്ട് സൊല്ല് , അല്ലിയുടെ മുഖം തന്റെ കൈകൊണ്ടുയർത്തിപ്പിടിച്ചവൾ ചോദിച്ചു.

അല്ലിക്ക് മലയാളം കേട്ടാൽ മനസ്സിലാകുന്നതിനേക്കാൾ തമിഴാണ് വശം, ഒരുപാട് തമിഴ് സംസാരിക്കുന്നവരുടെയിടയിൽ വളർന്നതല്ലേ..? മലയാളിയാണെങ്കിൽ പോലും രുക്കമ്മ വരെ അവളോട് തമിഴിലാണ് സംസാരിക്കാറ്, ആകെ അവളോട് മലയാളം പറഞ്ഞിരുന്നത് ദേവയാണ്, ദേവയ്ക്ക് തമിഴത്ര പിടിയില്ല, എങ്കിലും അല്ലിക്ക് മനസ്സിലാകാൻ വേണ്ടി അവൾ ഇടയ്ക്കൊക്കെ തമിഴ് സംസാരിക്കാറുണ്ട്, ദേവ ചോദിച്ചിട്ടും അവൾ ഒന്നും മിണ്ടാതെ തല താഴ്ത്തിയിരുന്നു. എന്താടാ എന്താ പറ്റിയത് അമ്മാവുടെ ചക്കരയ്ക്ക് അവൾ അല്ലിയുടെ മുഖം ഒന്നുകൂടി കൈകൾ കൊണ്ട് ഉയർത്തിക്കൊണ്ടു ചോദിച്ചു. അമ്മ നാൻ റുക്കമ്മയെ കനവിൽ പാത്തേൻ , അന്ത രാജമാമ രുക്കമ്മാവുക്ക് പെരിയ ദണ്ഡന താൻ കൊടുത്താങ്കെ , രുക്കമ്മ പാവം അമ്മാ നമുക്ക് ഇങ്കെ കൂട്ടീട്ടു വരാം പ്ലീസ് അല്ലി അവളുടെ കുഞ്ഞിക്കണ്ണുകൾ നിറച്ചുകൊണ്ട് ദേവയോട് കെഞ്ചി. അപ്പടിയൊന്നുമേയില്ല കണ്ണാ, രാജണ്ണൻ അമ്മാവേ ഒന്നുമേ സെയ്യമാട്ടെ നീ കവലപ്പാട വേണ്ട,

കൊഞ്ച നാൾക്കപ്പുറം നമുക്ക് അമ്മാവേ ഇങ്കെ കൂട്ടീട്ട് വരാം എന്റെ പൊന്നു മോള് വിഷമിക്കേണ്ട കേട്ടോ ദേവ അവളെ സ്നേഹത്തോടെ സമാധാനിപ്പിച്ചു. അല്ലിക്ക് ദേവയേക്കാൾ അടുപ്പം രുക്കമ്മയോടായിരുന്നു, ജനിച്ചതുമുതൽ അവരെ പിരിഞ്ഞവൾ നിന്നിട്ടില്ല, തന്റെ രാത്രികളെന്നും പലർക്കും കാമം തീർക്കാൻ നൽകുമ്പോഴും അവളെ തനിച്ചാക്കാതെ രുക്കമ്മ എന്നും അവൾക്കു കൂട്ടായിരുന്നു, പാവം ഇപ്പോൾ ഒരുപാട് അനുഭവിക്കുന്നുണ്ടാവും, തങ്ങൾ രക്ഷപ്പെട്ടതിലുള്ള ദേഷ്യം അവരൊക്കെ ആ പാവത്തിനോട് തീർക്കുന്നുണ്ടാവും , അവിടെ ഏറ്റവും ഡിമാൻഡുള്ള ആളായിരുന്നു ദേവ, അവളെ വെച്ചവർ ഒരുപാട് സമ്പാദിച്ചു, അത്രയും വരുമാനം നേടിക്കൊടുത്തിരുന്ന ഒരാൾ രക്ഷപ്പെട്ടതിലുള്ള വൈരാഗ്യം എന്തായാലും അവർക്ക് കാണാതിരിക്കില്ല, ആ ദേഷ്യം മുഴുവൻ അവർ ആ പാവത്തിനോട്‌ തീർക്കുന്നുണ്ടാവും, ഇപ്പോൾ തനിക്കൊന്നും ചെയ്യാൻ നിവൃത്തിയില്ല, തന്റെ കഴിഞ്ഞ കാലമറിഞ്ഞാൽ ഇവിടെയുള്ളവർ പോലും തന്നെ ചിലപ്പോൾ കയ്യൊഴിയും, എന്തായാലും രുക്കമ്മയെ രക്ഷപ്പെടുത്തിയേ തീരൂ , കുറച്ചു നാൾ ഇങ്ങനെ പോകട്ടെ എങ്ങനെയെങ്കിലും ഒരു വഴി ദൈവം കാണിച്ചു തരാതിരിക്കില്ല അവൾ സ്വയം ആശ്വസിച്ചു.

മക്കളെയും കൊണ്ട് മാളിക വീട്ടിലേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് ജമീല താത്തയും ഐഷുവും വരുന്നത് കണ്ടത്, അല്ലിയെ കണ്ടതും ഐഷുട്ടി ചാടിത്തുള്ളി അവളുടെയടുത്തേക്കോടി. ജമീല ഒരു പുഞ്ചിരിയോടെദേവയെ നോക്കി , ഇവൾ രാവിലെ തൊട്ട് ഒരു സ്വസ്ഥതയും തരുന്നില്ല അല്ലിമോളെ കാണാഞ്ഞിട്ട്, അതാ രാവിലെതന്നെ ഇങ്ങോട്ടിറങ്ങിയത്, ഇവനെ നീ കണ്ടിട്ടില്ലല്ലോ ഇതാണ് എന്റെ മൂത്ത മകൻ അമർ കൂടെയുള്ള പയ്യനെ കാണിച്ച് ജമീല പറഞ്ഞു, ദേവ അപ്പോഴാണ് അവരുടെ കൂട്ടത്തിൽ അങ്ങനെയൊരാളെ ശ്രദ്ധിക്കുന്നത്. അവൾ അവനെ നോക്കി ഒന്നു പുഞ്ചിരിച്ചു. നേരം വെളുത്താൽ ഇറങ്ങിയോടും വീട്ടിൽ നിന്ന്,പിന്നെ കയറിവരുന്നത് രാത്രിയാണ്, തെണ്ടിതിരിഞ്ഞു കൂട്ടുംകെട്ടി നടന്നാൽ പിന്നെ അവന് ഭക്ഷണം പോലും വേണ്ട, ഇന്ന് വീട്ടിൽ നിന്നിറങ്ങിയാൽ മുട്ടുകാൽ തല്ലിയൊടിക്കുംമെന്ന് പറഞ്ഞിരിക്കാ ഖാദർക്ക അതാണ് ഇപ്പോൾ എന്റെ പുറകെ കൂടിയത് ജമീല അവനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

ഇവിടെ വരെ വന്നതല്ലേ ആമി മോളെ കൂടി കണ്ടിട്ട് പോകാം, ഐഷുനെ കൊണ്ടുപോകാൻ ഞാൻ ഉച്ചയ്ക്ക് വരാം, അതുവരെ അവളെയൊന്നു ശ്രദ്ധിച്ചേക്കണേ ദേവയുടെ കൈപിടിച്ച് ജമീല പറഞ്ഞു. ദേവയുടെ കൂടെ ജമീലയെ കണ്ടപ്പോൾ ജാനകി ഒരു പുഞ്ചിരിയോടെ അവളെ സ്വീകരിച്ചു. എത്ര നാളായി നിന്നെ കണ്ടിട്ട്, ഇപ്പോഴെങ്കിലും ഒന്നു വരാൻ തോന്നിയല്ലോ..?ജമീലയെ കണ്ടതും ജാനകി പരിഭവം പറഞ്ഞു. കടയിലെ തിരക്ക് അറിയാലോ,.? അവിടെനിന്ന് ഒന്നു തിരിയാൻ പോലും സമയം കിട്ടുന്നില്ല, മോള് രാവിലെ തൊട്ട് കരയുവാ അല്ലി മോളെ കാണാൻ വേണ്ടി അതാ ഓടിവന്നത് കൂട്ടത്തിൽ ആമി മോളെയും കാണണം ജമീല പറയുന്നത് കേട്ടതും ജാനകിയുടെ മുഖമൊന്ന് വാടി. അവളെവിടെ നമ്മുടെ ആമി മോള് ജമീല ആകാംക്ഷയോടെ ജാനകിയോട് ചോദിച്ചു. അവളിപ്പോൾ നമ്മുടെ പഴയ ആമി മോൾ അല്ലടീ , ആ കളിയും ചിരിയും അവളിൽ നിന്നും മാഞ്ഞു പോയി ജാനകി സങ്കടത്തോടെ പറഞ്ഞു. അതൊക്കെ ശരിയാകും ജാനിചേച്ചി പടച്ചോൻ വലിയവനാണ് ഇങ്ങളെ പ്രാർത്ഥന അവൻ കാണാതിരിക്കില്ല ജാനകിയെ സമാധാനിപ്പിച്ചു കൊണ്ട് ജമീല പറഞ്ഞു.

എവിടെ അവൾ അവളെ കണ്ടിട്ട് എനിക്ക് വേഗം പോകണം കടയിൽ ഇക്ക മാത്രമേയുള്ളൂ, മോള് കുളി കഴിഞ്ഞ് അവിടെ ഇരിപ്പുണ്ട് നീ വാ ജമീലയുടെ കൈപിടിച്ച് ജാനകി ആമിയുടെ റൂമിലേക്ക് നടന്നു. കട്ടിലിനോരം ചേർന്ന് തറയിലിരിക്കുകയാണ് ആമി ചിന്തകൾ എവിടെയോ ആണെന്ന് അവളെ കണ്ടാലറിയാം, ജമീലയെ ഒന്നു നോക്കിയതല്ലാതെ വേറെയൊരു മാറ്റവും അവൾക്കുണ്ടായില്ല. കളി ചിരിയുമായി ഈ വീട്ടിൽ ഓടിനടന്ന കുഞ്ഞാണ്, അവളുടെ പൊട്ടിച്ചിരികളുയർന്ന വീടാണ് ഇന്ന് സ്മശാനം പോലെയായി ജമീല അവളെ നോക്കി നെടുവീർപ്പിട്ടു. അപ്പോഴേക്കും ദേവ കുഞ്ഞുമായി ആ റൂമിലേക്ക് വന്നു. താൻ പ്രസവിച്ച തന്റെ സ്വന്തം കുഞ്ഞിനെ ഒരു കൈയ്യകലത്തിലുണ്ടായിട്ടും ഒന്ന് തിരിച്ചറിയാനാവാതെ ആ അമ്മ കുഞ്ഞിനരികിൽ നിന്നു. അവനെ ഒന്നു നോക്കുകപോലും ചെയ്തില്ലവൾ.

ആമിയെ ഒന്ന് നോക്കി ജമീല അവരോട് യാത്ര പറഞ്ഞിറങ്ങി. മോനെന്താണ് പേരിട്ടിരിക്കുന്നത്...? ദേവയുടെ കയ്യിലിരിക്കുന്ന കുഞ്ഞിനെ നോക്കി ജാനകി ചോദിച്ചു. ദേവയും അപ്പോഴാണ് ആ കാര്യം ഓർക്കുന്നത്., ഇതുവരെയും ജീവൻ കൈയ്യിൽ പിടിച്ചുള്ള ഓട്ടപ്പാച്ചിലിൽ അല്ലായിരുന്നോ , കുഞ്ഞിന് ഒരു പേരിടാൻ പോലും താൻ മറന്നിരിക്കുന്നു അവൾ മനസ്സിലോർത്തു. ഇവന് ഇതുവരെയും ഒരു പേരിട്ടിട്ടില്ല, മക്കളെയും കയ്യിൽ പിടിച്ചുള്ള ഓട്ടം അല്ലായിരുന്നോ , അതിനിടയിൽ അങ്ങനെയൊരു കാര്യം പോലും വിട്ടുപോയി ദേവ വിഷമത്തോടെ പറഞ്ഞു. മോൻ ജനിച്ചിട്ട് എത്ര ദിവസമായി..? ജാനകി കൗതുകത്തോടെ ചോദിച്ചു. ജാനകിക്ക് എന്ത് മറുപടി കൊടുക്കും എന്നറിയാതെ ദേവ കുഴങ്ങി, അവൻ ജനിച്ച ദിവസമോ സമയമോ തനിക്കറിയില്ലല്ലോ...?താനെന്ത് മറുപടി കൊടുക്കും അവൾ നിസ്സഹായതയോടെ ജാനകിയെ നോക്കി...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story