💕കാണാച്ചരട് 💕: ഭാഗം 40

kanacharad

രചന: RAFEENA MUJEEB

 " പ്രസാദ് സാർ " ദേവ കതകനു മറവിൽ നിന്ന് ആ മുഖത്തേക്ക് വീണ്ടും വീണ്ടും എത്തിനോക്കി. സാർ എന്താണ് ഇവിടെ...? ഈ വീടുമായി എന്തു ബന്ധമാണ് സാറിനുള്ളത്....? അവളുടെയുള്ളിൽ ഒരേസമയം പലചോദ്യങ്ങളും മിന്നിമറഞ്ഞു. തന്നെ ഇങ്ങനെയൊരവസ്ഥയിൽ സാറ് കണ്ടാൽ എന്തായാലുമത് വീട്ടിലറിയും, ആരോഹിയോടും അരുണിമ യോടും ശ്വേതയോടും സാറിനിപ്പോഴും കോൺടാക്ട് ഉണ്ടെങ്കിൽ തീർച്ചയായും അവരെ അറിയിക്കാതിരിക്കില്ല, താൻ ഇതെവിടെയാ വന്നുപെട്ടത്....? Ee സ്ഥലം ഏതാണെന്നോ...,കാളിയാർ മഠം ഇവിടെയടുത്താണോ അല്ലയോ എന്നൊന്നും തനിക്കറിയില്ല, ഒരു ദിവസം ഇനി അവരെയെല്ലാം കാണേണ്ടി വരുമോ ഈശ്വരാ...!ഇനിയും നിനക്കെന്നെ പരീക്ഷിച്ചു മതിയായില്ലേ....? അവളൊന്നുകൂടി സാറിനെ എത്തിനോക്കി. തന്റെ മോളാണെന്നറിയാതെ അല്ലിയോട് ഓരോ കിന്നാരം പറഞ്ഞിരിക്കുകയാണയാൾ , അവളും ഓരോ കുസൃതിയൊക്കെ കാണിച്ച് സാറിന്റെ മടിയിൽ കയറി ഇരുന്നിട്ടുണ്ട്.

തൽക്കാലം സാർ തന്നെ കാണണ്ട അവൾ ചായ കപ്പുമായി അടുക്കളയിലേക്ക് തന്നെ നടന്നു. മുഖത്തെ ഭയം കല്ല്യാണിയെ അറിയിക്കാതിരിക്കാനവൾ ശ്രമിച്ചു. ചേച്ചി ഈ ചായ ഉമ്മറത്തിരുക്കുന്ന ആൾക്ക് ഒന്ന് കൊണ്ട് കൊടുക്കാമോ..? കുഞ്ഞുണർന്നു കരയുന്നുണ്ട്, ഞാനവനെയൊന്ന് എടുക്കട്ടെ അവൾ ചായക്കപ്പ് കല്ല്യാണിയുടെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു. ഓ.., ഇതങ്ങു കൊടുത്താൽ കെട്ടിലമ്മയുടെ വള ഊരിച്ചാടുമല്ലോ, ഇങ്ങ് തന്നേക്ക് ഇനി മാഡം പറഞ്ഞത് കേട്ടില്ല എന്നുപറഞ്ഞ് ഇവിടെയുള്ളവർ എന്റെ മെക്കിട്ട് കേറാൻ വരണ്ട , കല്ല്യാണി ദേഷ്യത്തോടെ കപ്പു വാങ്ങി ഉമ്മറത്തേക്ക് നടന്നു . അവര് പോയതും ദേവ ആശ്വാസത്തോടെ കുഞ്ഞിന്റെയടുത്തേക്കോടി. ആമി അവന്റെയരികിൽ തന്നെയിരുന്ന് അവനെ തലോടിക്കൊണ്ടിരിക്കുകയാണ്, പാലുകുടിച്ച് സുഖമായി ഉറങ്ങുകയാണവൻ. അവന്റെ കുഞ്ഞു നെറ്റിയിൽ ഇടയ്ക്കിടെയവൾ ചുംബിക്കുന്നുണ്ട്. ദേവ റൂമിലേക്ക് വരുന്നത് കണ്ടതും ആമി അവനിൽനിന്ന് ഇത്തിരിയകലം പാലിച്ചു.

ദേവ അകത്തേക്ക് വന്ന് കുഞ്ഞിനെയെടുത്ത് ഒന്നും പറയാതെ അവിടെ നിന്നും പോയി. അവൻ പോയപ്പോൾ ആമിക്ക് നല്ല വിഷമമായി, സ്വന്തമല്ലല്ലോ തടഞ്ഞുനിർത്താൻ തനിക്ക് അവകാശമില്ലല്ലോ...? അവൾ സങ്കടത്തോടെ ഓർത്തു. കുഞ്ഞുമായി പുറത്തെത്തിയതും ദേവ ഒരോട്ടമായിരുന്നു തെക്കേപ്പുരയിലേക്ക്. അവിടെയെത്തി റൂമിൽ കയറി കതകടച്ചപ്പോഴാണവൾക്ക് ആശ്വാസമായത്, സാറ് പോകുന്നതുവരെ എന്തൊക്കെ സംഭവിച്ചാലും ഇവിടെനിന്നുമിറങ്ങേണ്ട, അവൾ മനസ്സുകൊണ്ട് ഉറപ്പിച്ചു കുഞ്ഞിനെ ചേർത്തു പിടിച്ച് ആ റൂമിൽ തന്നെയിരുന്നു. ************ 'ചിലങ്കയുണ്ടോ സഖാവേ ഒന്ന് ചങ്ങലയ്ക്കിടാൻ.. കുഞ്ഞു പോയ സങ്കടത്തിൽ ജനൽകമ്പിയിൽപ്പിടിച്ച് പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്ന ആമി പെട്ടെന്നാ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി. മുന്നിൽ തന്നെ നോക്കി പുഞ്ചിരിയോടെ നിൽക്കുന്ന ആളെക്കണ്ട് അവളുടെ മുഖമൊന്നു തിളങ്ങി.

ചെമ്പരത്തിപ്പൂവുണ്ട് സഖാവേ വേണമെങ്കിൽ ചെവിയിൽ ചൂടിക്കോ അവൾ അവനെ നോക്കി തിരിച്ചു പറഞ്ഞു. അപ്പോൾ എന്റെ ആമിക്കുട്ടിക്കിതൊക്കെ ഓർമയുണ്ടല്ലേ..? മുമ്പൊക്കെ ഇവിടെ വന്ന് നിന്നെ കണ്ടു മടങ്ങുമ്പോൾ ഒരുപാട് സങ്കടമുണ്ടായിരുന്നു ,ഇപ്പോൾ എനിക്ക് ഒരുപാട് സന്ഷം തോന്നു ടീ, പ്രസാദ് പറയുന്ന വാക്കുകളിൽ തന്നെയുണ്ട് അയാളുടെ സന്തോഷം. ആമി അതിനൊരു മറുപടിയൊന്നും കൊടുക്കാതെ അയാളെ പുഞ്ചിരിയോടെ നോക്കി. സാരമില്ല ടീ കഴിഞ്ഞ കാര്യങ്ങളൊക്കെ നമ്മളിൽ മാത്രം ഒതുങ്ങിയാൽ മതി, അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്ന് ഓർത്ത് എന്റെ കുഞ്ഞത് വിട്ടു കളയണം, അരവിന്ദനെ ഞാനിപ്പോഴും അന്വേഷിക്കുന്നുണ്ട് അയാളെ കുറിച്ച് ഒരു വിവരവും ഇല്ല, പ്രസാദ് ആ പേര് പറഞ്ഞതും അവളുടെ മുഖം വാടി, ആ പേര് വീണ്ടും കേട്ടത് കൊണ്ടാണെന്നു തോന്നുന്നു അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി. അവനെ ഞാനും അന്വേഷിക്കുന്നുണ്ട് എന്റെ സകല പിടിപാടും ഉപയോഗിച്ച് തന്നെ,

കണ്ടുകിട്ടിയാൽ തീർക്കും ഞാനവനെ പുറകിൽനിന്നും രാഘവൻ ദേഷ്യത്തോടെ പറയുന്നത് കേട്ട് അവര് രണ്ടുപേരും അയാളെ തിരിഞ്ഞുനോക്കി. എന്തൊക്കെയാണ് അമ്മാമ്മേ ഈ പറയുന്നത്...? ആമിയുടെ മുന്നിൽ വച്ചാണോ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്.? പ്രസാദ് കുറച്ച് ഉച്ചത്തിൽ തന്നെയാണ് രാഘവനോട് സംസാരിച്ചത്. പിന്നെ ഞാനെന്ത് വേണം എന്റെ കുഞ്ഞിനെ ചതിച്ച് ഈ കുടുംബത്തിലെ സന്തോഷം ഇല്ലാണ്ടാക്കി കടന്നുകളഞ്ഞയവനെ മാലയിട്ട് സ്വീകരിക്കണമോ..? രാഘവൻ ദേഷ്യത്തോടെ ചോദിച്ചു ഒന്ന് നിർത്തുന്നുണ്ടോ, ആമി പഴയ ജീവിതത്തിലേക്ക് തിരിച്ചു വരാൻ തുടങ്ങിയിട്ടേയുള്ളു, അവളുടെ മുന്നിൽ വെച്ച് തന്നെ വേണോ ഈ സംസാരം...,?വാശിയും വൈരാഗ്യമൊക്കെ ആയിക്കോളു പക്ഷേ അതിനിടയിൽ ഇവളെ ആരും മറക്കരുത്, ജാനകിയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു അത് പറഞ്ഞപ്പോൾ. അമ്മായി വിഷമിക്കേണ്ട മുമ്പ് കണ്ടതിനേക്കാൾ ഒരുപാട് മാറ്റമുണ്ട് ഇപ്പോൾ ആമിക്ക് , ഇവൾ നമ്മുടെ ആ പഴയ ആമിയായി തിരിച്ചു വരും എനിക്കുറപ്പുണ്ട് ജാനകിയെ നോക്കി പ്രസാദ് പറഞ്ഞു. അത് ഇവിടെയുള്ള ഒരുത്തന്റെയും കഴിവല്ല , നന്ദയും കുഞ്ഞുമാണ് അതിന് കാരണം.

പറഞ്ഞതുപോലെ അങ്ങനെയൊരാൾ ഉണ്ടല്ലോ എവിടെ ആള്, എനിക്കൊന്നു കാണണം എന്നുണ്ട്, എത്രയും പെട്ടെന്ന് എന്റെ കളിക്കൂട്ടുകാരെയെ പഴയപോലെയാക്കി തരണമെന്ന് അപേക്ഷിക്കാനാണ്. അവളോട് അപേക്ഷയൊന്നും വേണ്ട കിച്ചു, അതൊരു പാവം കുട്ടിയാണ് ആമിയുടെ കാര്യത്തിൽ നല്ല ശ്രദ്ധയാണതിന്. എന്തായാലും അവളെ ഞാനൊന്ന് കാണട്ടെ പ്രസാദ് പുഞ്ചിരിയോടെ പറഞ്ഞു. ഇപ്പോ വിളിക്കാം കിച്ചു കഴിച്ചിട്ട് പോയാൽ മതി, അമ്മായി പറഞ്ഞില്ലേലും ഞാൻ കഴിച്ചിട്ടേ പോകൂ , ഞങ്ങൾ രണ്ടാളും ഇന്ന് ഒരുമിച്ചാണ് കഴിക്കുന്നത് അല്ലെ ആമീ...? അവൻ പുഞ്ചിരിയോടെ ആമിയെ നോക്കി പറഞ്ഞു. അയ്യോ അവൾക്ക് നമ്മൾ കൊടുക്കുന്ന ഭക്ഷണം ഒന്നും പിടിക്കൂല, നന്ദ വാരിക്കൊടുത്താലേ തൊണ്ടയിൽ നിന്നിറങ്ങൂ , ജാനകി അവളെ കളിയാക്കിക്കൊണ്ട് പറഞ്ഞു. എന്നാ ഇന്ന് ഞാൻ വാരിക്കൊടുത്തോളാം എന്റെ കൂട്ടുകാരിക്ക് കഴിക്കുമോ എന്ന് നോക്കട്ടെ..പ്രസാദ് ഒരു പുഞ്ചിരിയോടെ പറഞ്ഞു. അവർ സംസാരിക്കുന്നതെല്ലാം ആമി ഒരു പുഞ്ചിരിയോടെ തന്നെ നോക്കി നിന്നു .

ജാനകി അടുക്കളയിൽ പോയി ദേവയെ അന്വേഷിച്ചപ്പോൾ കുഞ്ഞുമായി അപ്പുറത്തേക്ക് പോയി എന്ന് കല്ല്യാണി പറഞ്ഞു. അവൾ വരുമ്പോഴേക്കും ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞ് ജാനകി തന്നെ രണ്ടു പേർക്കുമുള്ള ഭക്ഷണം വിളംബി. അന്നാദ്യമായ് ആമി പ്രസാദിനൊപ്പമിരുന്ന് സ്വന്തമായി ഭക്ഷണം വാരി കഴിച്ചു. ജാനകിയും രാഘവനും അവർക്കൊപ്പമിരുന്നു.ഒരുപാട് നാളുകൾക്ക് ശേഷമാണ് എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നത്. പ്രസാദ് ചോദിക്കുന്നതിനെല്ലാം ആമി മറുപടി പറയുന്നുണ്ട്, ജാനകി അത് സന്തോഷത്തോടെ നോക്കിയിരുന്നു. ആമിയും പ്രസാദും ഒരുമിച്ചു വളർന്ന കളിക്കൂട്ടുകാരാണ്, പ്രസാദിനെ കിച്ചു എന്നാണ് എല്ലാവരും വിളിക്കുന്നത്, ആമിക്ക് അവൻ കഴിഞ്ഞിട്ടേ മറ്റെന്തുമുള്ളു, രണ്ടുപേരും തമ്മിൽ പരസ്പരം പറയാത്ത ഒരു രഹസ്യവും ഉണ്ടായിരുന്നില്ല. മായയ്ക്ക് സുഖമല്ലേ..?

ഭക്ഷണം കഴിക്കുന്നതിനിടയിൽ ജാനകി ചോദിച്ചു. അമ്മ സുഖമായിട്ടിരിക്കുന്നു, വരാനൊരുങ്ങിയതാ അപ്പോഴേക്കും തറവാട്ടിലേക്ക് പോകേണ്ടിവന്നു കിച്ചു പുഞ്ചിരിയോടെ ജാനകിയോട് പറഞ്ഞു . അവൾക്ക് എന്തു സുഖം മക്കളെ കൊണ്ട് ഞങ്ങൾ അനുഭവിക്കുകയല്ലേ..? മക്കളെയോർത്ത് വേദനിക്കാനാണ് ഞങ്ങൾക്ക് വിധി,ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു ഞങ്ങൾക്ക് നിങ്ങളെ കുറിച്ച് , രണ്ടാളെ കുറിച്ച് ഒരുപാട് സ്വപ്നങ്ങളും ഞങ്ങൾ കണ്ടിരുന്നു, നിങ്ങൾ ഞങ്ങളെ തോൽപ്പിച്ചു കളഞ്ഞില്ലേ? രാഘവന്റെ വാക്കുകളിൽ ദേഷ്യവും സങ്കടവും ഉണ്ടായിരുന്നു. ഞങ്ങളെ ക്കുറിച്ച് വേണ്ടാത്ത സ്വപ്നങ്ങൾ കാണാൻ നിങ്ങളോട് ആരാ പറഞ്ഞത്? ഞങ്ങൾ എങ്ങനെയാണെന്ന് ഞങ്ങൾ രണ്ടു പേർക്കുമറിയാം, അതിനപ്പുറത്തേക്കൊരു സ്വപ്നം കണ്ടത് ഞങ്ങളല്ലല്ലോ? ഞങ്ങൾ ഇവിടെ എന്ത് തെറ്റ് ചെയ്തു,.?

കിച്ചു രാഘവനെ നോക്കി ചോദിച്ചു. നിങ്ങൾ ഒരു തെറ്റും ചെയ്തില്ല ചെയ്തതു മുഴുവൻ ഞങ്ങളാ, വീണ്ടും വീണ്ടും ഞങ്ങൾ തെറ്റ് ചെയ്thub, ഞങ്ങളുടെ ആഗ്രഹങ്ങൾ ഒന്നും നടന്നില്ല,. രാഘവൻ ആരോടെന്നില്ലാതെ ദേഷ്യത്തിൽ പറഞ്ഞവിടെ നിന്നും എഴുന്നേറ്റു പോയി. അതു കേട്ടതും ജാനകിയുടെ മുഖം വല്ലാണ്ടായി, ഏറെ സങ്കടത്തോടെ അവരെ രണ്ടുപേരെയും നോക്കി. കിച്ചു സാരമില്ലയെന്ന് കണ്ണുകളടച്ച് ജാനകിയ സമാധാനിപ്പിച്ചു. എവിടെ ഇവിടുത്തെ പുതിയ അംഗം ഇതുവരെ കണ്ടില്ലല്ലോ...? ഭക്ഷണം കഴിച്ച് ഒരുപാട് നേരമായിട്ടും ദേവയെ കാണാത്തതുകൊണ്ട് കിച്ചു ചോദിച്ചു. അവൾ ഇങ്ങനെ മാറി നിൽക്കാത്തതാണ് , കുഞ്ഞിന് നല്ല പനിയുണ്ട്, അതാവും അവൾ അവിടെത്തന്നെ നിന്നത് ഞാൻ പോയി വിളിച്ചിട്ട് വരാം, അവളെ വിളിക്കാനായി ജാനകി അവിടെനിന്നും എഴുന്നേറ്റു.... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story