💕കാണാച്ചരട് 💕: ഭാഗം 42

kanacharad

രചന: RAFEENA MUJEEB

മോള് എന്തൊക്കെയാണ് ഈ പറയുന്നത്...? ദേവൻ സാറിന്റെ മോളോ,!! അതെങ്ങനെ ശരിയാവും ദേവൻ സാറിന് ഒരേയൊരു മകളല്ലേയുള്ളൂ, ആ കുട്ടി മരിച്ചുപോയി,ഞാനെന്റെ കണ്ണുക്കൊണ്ട് കണ്ടതാ ആ കുട്ടിയുടെ ബോഡി, മരിച്ച് ദിവസങ്ങൾക്കുശേഷം കിട്ടിയതുകൊണ്ട് തിരിച്ചറിയാൻ പറ്റാത്ത രൂപമാണെങ്കിലും ഫോറൻസിക് റിപ്പോർട്ടിൽ അത് ദേവൻ സാറിന്റെ മകളാണെന്ന് തെളിഞ്ഞതാണ്, മകളുടെയും മരുമകന്റെയും സംസ്കാരചടങ്ങുകക്ക് അന്ന് ഞാനും രാഘവനും പോയിരുന്നു, അന്ന് മരുമകന്റെ ബോഡി കിട്ടി കുറച്ച് ദിവസങ്ങൾക്കു ശേഷമാണ് മകളുടെ ബോഡി കിട്ടിയത് ദേവ പറഞ്ഞത് വിശ്വസിക്കാനാവാതെ ഖാദർ പറഞ്ഞു. ഓ .. ഇതിനിടയിൽ അങ്ങനെയും നടന്നോ...?എന്റെ സംസ്കാര ചടങ്ങും അവർ ഭംഗിയായി നിർവഹിച്ചല്ലേ ദേവ വേദനയിൽ കലർന്ന ഒരു പുഞ്ചിരിയോടെ പറഞ്ഞു. ഇത് എന്തൊക്കെയാ മോളെ ഈ പറയുന്നത് ഞങ്ങൾക്കൊന്നും മനസ്സിലാകുന്നില്ല, ദേവ പറഞ്ഞതൊന്നും മനസ്സിലാവാതെ ജമീല താത്ത ചോദിച്ചു. ഖാദറിക്ക പറഞ്ഞ ഒരു കാര്യം ശരിയാണ്,

മരുമകന്റെ മരണം, അത് സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. ബോഡി കണ്ടെന്ന് പറഞ്ഞില്ലേ, അതെന്റെ ഗിരിയേട്ടന്റെ ശരീരമാണ്, മരിച്ചത് ഗിരിയേട്ടൻ തന്നെയാണ്, എന്റെ കണ്മുൻപിലിട്ട് നരകിപ്പിച്ചാണ് അന്നവർ എന്റെ ഗിരിയേട്ടനെ കൊന്നത് ദേവ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. ഗിരിയെക്കുറിച്ച് പറഞ്ഞത് കൊണ്ടാവാം അവൾ അതുവരെ സ്വരുക്കൂട്ടി വച്ച് ധൈര്യമെല്ലാം ചോർന്നു പോയി. ഒരു കുഞ്ഞിനെപ്പോലെ അവൾ അവർക്കു മുൻപിൽ വിതുമ്പി കരയാൻതുടങ്ങി, അവളെ ചേർത്തുനിർത്തി കൊണ്ട് ജമീല ആശ്വസിപ്പിച്ചു ആരാ...? ആരാ..?അങ്ങനെ ചെയ്തത്, ഖാദർ അവളുടെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു. അവർക്കു മുൻപിൽ മനസ്സ് തുറക്കുമ്പോൾ നാല് വർഷങ്ങളായി താൻ താഴിട്ടു പൂട്ടി വെച്ചിരുന്ന എല്ലാ ദുഃഖങ്ങളും ഒഴുകിയൊലിച്ചത് പോലെ ദേവയ്ക്ക് തോന്നി നിറകണ്ണുകളോടെയാണ് ജമീല താത്തയും ഖാദറിക്കയും അവൾ പറയുന്നതൊക്കെ കേട്ടത്. അവൾ കടന്നു വന്ന വഴികൾ അത്രയും വേദനാജനകമായിരുന്നു.

ഒന്നും വിശ്വസിക്കാനാവാതെ അവർ നിന്നു. നീ ഞങ്ങളുടെ ദേവൻ സാറിന്റെ മോളായിരുന്നോ...,? ഖാദർ അവളുടെ അരികിൽ വന്ന് അവളെ ആദ്യം കാണുന്നത് പോലെ സൂക്ഷിച്ചു നോക്കിക്കൊണ്ട് ചോദിച്ചു. അയാളുടെ കണ്ണുകളിൽ വല്ലാത്തൊരു തിളക്കമുണ്ടായിരുന്നു. കളഞ്ഞു പോയത് എന്തോ തിരികെ കിട്ടിയ ഒരു സന്തോഷം, അറിയാതെയാണെങ്കിലും ഞങ്ങളെ കുഞ്ഞിനെ തന്നെയാണല്ലോ ഞാൻ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത്, അയാൾ കരഞ്ഞു കൊണ്ട് പറഞ്ഞു, നീ ഒരിക്കലും രാഘവേട്ടന്റെ വീട്ടിൽ ഒരു വേലക്കാരിയെപ്പോലെ കഴിയേണ്ടവളല്ല കുഞ്ഞേ, രാഘവൻ എല്ലാം അറിഞ്ഞാൽ നിന്നെ നെഞ്ചോട് ചേർത്തു വയ്ക്കും, ഞങ്ങളുടെ ദേവന്റെ മകൾ ഞങ്ങളുടെ കൂടി മോളാ , നിന്നെ പടച്ചവനാ ഞങ്ങളുടെ മുൻപിലെത്തിച്ചത്, അയാൾ സന്തോഷത്തോടെ പറഞ്ഞു. തൽക്കാലം ഈ കാര്യങ്ങളൊന്നും നമ്മൾ മൂന്നുപേരും അല്ലാതെ വേറെ ഒരാളും അറിയരുത്, ദേവ രണ്ടുപേരെയും നോക്കി പറഞ്ഞു. അതെങ്ങനെ ശരിയാവും മോളെ നീ ഒരു വേലക്കാരിയായി അവിടെ കഴിയുന്നത്

സത്യങ്ങൾ അറിഞ്ഞാൽ അവനൊരിക്കലും സഹിക്കില്ല, അവനോട് ഒന്നും പറയാതെയിരിക്കുന്നത് ശരിയല്ല. നാലുവർഷത്തോളം പലരുടെയും മുമ്പിലും ഉടുതുണിയുരിഞ്ഞു ജീവിക്കേണ്ടി വന്ന എനിക്കാണോ കേവലം ഒരു വീട്ടു വേലക്കാരിയായി നിൽക്കുന്നതിൽ പ്രശ്നം..,? എന്നെ സംബന്ധിച്ചിടത്തോളം എനിക്കിപ്പോൾ സ്വർഗം കിട്ടിയ പ്രതീതിയാണ് ഞാനൊന്നു ജീവിച്ചു തുടങ്ങിയത് ഇപ്പോഴാണ്, ആരും അറിയേണ്ടയെന്ന് പറഞ്ഞത് സ്വന്തം വീട്ടിലുള്ളവർ പോലും ചതിച്ചതാണ് എനിക്ക് ആദ്യം ഒന്നു നേരെ നിൽക്കണം, അതിനുശേഷം ആലോജിക്കാം ഇനി എന്ത് വേണമെന്ന് അതുവരെ ആരുമിതൊന്നും അറിയേണ്ട, സാറിന്റെ മുൻപിലെത്തിപ്പെടാതെ ഞാൻ സൂക്ഷിച്ചോളാം, നിങ്ങളും ഈ കാര്യം ആരുമായും പങ്കു വെയ്ക്കരുത്, എനിക്ക് ചില കാര്യങ്ങൾ കൂടി അറിയാനുണ്ട് കാളിയാർ മഠത്തിലെ ഇപ്പോഴത്തെ അവസ്ഥ, എന്റെ മരണശേഷം അവിടെ എന്തെല്ലാം സംഭവിച്ചു എന്നും അനിരുദ്ധൻ അങ്കിളിന്റെ വിവരങ്ങൾ ഒന്നും എനിക്ക് കൃത്യമായി അറിയില്ല,

എല്ലാം ഒന്ന് നേരിൽ കണ്ട് മനസ്സിലാക്കണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട് അവൾ ഖാദറിനെ നോക്കി പറഞ്ഞു. അനിരുദ്ധൻ സാറിന് സംഭവിച്ചത് മോൾ അറിഞ്ഞില്ലല്ലെ,.. ദേവൻ സാറിന്റെ കുടുംബത്തിന് ഉണ്ടായ ദുരന്തങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ സ്വത്തുക്കളെല്ലാം അനാഥാലയത്തിന് കൊടുക്കണമെന്ന് ദേവൻ മുൻപ് പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു വക്കീല് കേസുമായി മുൻപോട്ടു പോയി, കമ്പനിയെല്ലാം ഫ്രീസ് ചെയ്യേണ്ടിവന്നു, പക്ഷേ പെട്ടെന്ന് അയാൾക്ക് ഒരു ആക്സിഡന്റ് സംഭവിച്ചു ഇരു കാലുകളുടെയും ചലനശേഷി നഷ്ടപ്പെട്ടു അതോടെ ആ കേസിന് ഒരുതുമ്പും ഇല്ലാതായി ഇന്ന് കാളിയാർ മഠം ഭരിക്കുന്നത് അഖിൽസാറും നകുലൻ സാറുമാണ്, ഖാദർ പറയുന്നത് കേട്ട് ദേവയുടെ കണ്ണുകളിൽ പകയുടെ ജ്വാല ആളിക്കത്തി. അപ്പോൾ അവർ അങ്കിളിനെയും വെറുതെ വിട്ടില്ല അല്ലേ..? അവർക്ക് വേണ്ടതെല്ലാം അവർ നേടി, ഒരു കുടുംബത്തെ മുഴുവൻ ഇല്ലാതാക്കിക്കൊണ്ട് ദേവയുടെ ഓർമ്മകളിലേക്ക് നകുലൻ തന്റെ ശരീരത്തിലേക്ക് ആർത്തിയോടെ വന്ന ആ ദിവസം ഓർമ്മവന്നു,

ഗിരിയെ വേദനിപ്പിച്ചു കൊന്ന ആ രംഗം ഓർമ്മ വന്നു. ഇത്തവണ അത് ഓർത്തപ്പോൾ അവളുടെ കണ്ണുകൾ കണ്ണുനീർ പൊടിഞ്ഞില്ല പകരം അവരെ ദഹിപ്പിക്കാനുള്ള ജ്വാല തിളങ്ങി. എനിക്ക് അവരെയെല്ലാം ഒന്ന് കാണണം ഇക്കാ ദൂരെനിന്ന് അവരുടെ ഇപ്പോഴത്തെ അവസ്ഥ ഒന്നു മനസ്സിലാക്കണം. മോള് വിഷമിക്കേണ്ട നമുക്ക് എന്തെങ്കിലും മാർഗം ഉണ്ടാക്കാം ഖാദർ അവളെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു. തൽക്കാലം ഈ രഹസ്യം രഹസ്യമായി തന്നെ ഇരിക്കാം എന്ന ഉടമ്പടിയോടെ ദേവ അവിടെനിന്നും മടങ്ങി. ************ രാവിലെ ആമിയ്ക്കുള്ള ഭക്ഷണവുമായി റൂമിലേക്ക് പോകുമ്പോഴാണ് രാഘവൻ ദേവിയെ പുറകിൽ നിന്ന് വിളിച്ചത്. ഖാദർ വിളിച്ചിരുന്നു നിന്നോട് റെഡിയായിട്ട് അവിടേക്ക് ചെല്ലാൻ പറഞ്ഞു എവിടെയോ പോകേണ്ട കാര്യം പറഞ്ഞിരുന്നു എന്ന്, മക്കളെ കൂടാതെ വേഗം ചെല്ലാൻ പറഞ്ഞു രാഘവൻ അവളെ നോക്കി പറഞ്ഞു. നാട്ടിൽ ഒന്നു പോകേണ്ട കാര്യമുണ്ട് ചില സാധനങ്ങൾ എടുക്കാനുണ്ട്, അയാൾക്ക് സംശയം വരാതിരിക്കാൻ അവൾ പറഞ്ഞു.

ആമിക്കുള്ള ഭക്ഷണം കൊടുത്ത് മക്കളെ ജാനകിയെ ഏൽപ്പിച്ച് അവൾ ദൃതിയിൽ ഖാദറിന്റെ വീട് ലക്ഷ്യമാക്കി നടന്നു. താൻ എങ്ങനെ അവരുടെ മുൻപിലേക്ക് പോകും, ഖാദർ ഇക്ക വിചാരിക്കുന്നതുപോലെ നിസ്സാരമല്ല കാര്യങ്ങൾ, താൻ ജീവനോടെ ഉണ്ടെന്നറിഞ്ഞാൽ അവർ വെറുതെ വിടില്ല, അവിടെ എത്തുന്നതുവരെ അവളുടെ മനസ്സ് ഒരു നൂറു ചോദ്യങ്ങൾ വന്നു പോയിക്കൊണ്ടിരുന്നു. കടയുടെ മുൻപിൽ തന്നെ ഖാദറും ജമീലയും അവൾ വരുന്നത് നോക്കി നിൽപ്പുണ്ടായിരുന്നു. മോളുടെ ആഗ്രഹം പോലെ കാളിയാർ മഠം ഗ്രൂപ്പ് ഓഫ് കമ്പനിയിലേക്ക് പോകാൻ ഒരു അവസരം കിട്ടിയിട്ടുണ്ട്, എന്റെ പെങ്ങളുടെ മകൻ ഷമീർ അവിടെയാണ് ജോലി ചെയ്യുന്നത്, എന്റെ കയ്യിൽ നിന്ന് കുറച്ച് ക്യാഷ് അവൻ കടം വാങ്ങിച്ചിട്ടുണ്ടായിരുന്നു, അതെനിക്ക് കൊണ്ട് തരാൻ അവന് ടൈമില്ല അവിടെ വന്നു വാങ്ങിക്കാമോ എന്ന് ചോദിച്ചു, ഇതൊരു നല്ല അവസരം ആണെന്ന് അറിയാവുന്നത് കൊണ്ട് ഞാൻ ചാടിക്കേറി വരാമെന്ന് പറഞ്ഞു, ഖാദർ സന്തോഷത്തോടെ ദേവയോട് പറഞ്ഞു .

ഇക്ക വിചാരിക്കുന്നത് പോലെയല്ല എന്നെ ഏത് ആൾക്കൂട്ടത്തിൽ നിന്നു കണ്ടാലും അവർ തിരിച്ചറിയും, എന്റെ നിഴല് പോലും അവർക്കറിയാം, ഞാൻ ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞാൽ അവർ വെറുതെയിരിക്കില്ല, മരിക്കാൻ എനിക്ക് പേടിയില്ല ഞാനും പല സമയത്തും അത് ആഗ്രഹിച്ചിട്ടുണ്ട്, പക്ഷേ എന്റെ കുഞ്ഞുങ്ങളെ വിട്ടുപോകാൻ എനിക്ക് ഇപ്പോൾ കഴിയില്ല, അവരുടെ ജീവിതം ഇല്ലാതാക്കാനും പേടിയാണ് ദേവ സങ്കടത്തോടെ പറഞ്ഞു. മോളെ ഒരു രോമത്തിൽ തൊടാൻ പോലും ഇനി ഞങ്ങൾ ആരെയും സമ്മതിക്കില്ല, അവരാരും നിന്നെ തിരിച്ചറിയാതെ അവരെയെല്ലാം നിനക്ക് നേരിൽ കാണാം നീ അത് ഓർത്ത് വിഷമിക്കണ്ട, ഇത് ധരിച്ച് പെട്ടെന്ന് ഇങ്ങ് വന്നാൽ മതി ഖാദർ ഒരു കവർ അവൾക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു. അവൾ സംശയത്തോടെ അതിലേക്ക് നോക്കി, ജമീലയുടെ ഒരു പർദ്ദയും നിക്കാബും ആണ്, മോള് ഇത് ധരിച്ചു വന്നാൽ മതി പിന്നെ എനിക്ക് പോലും മോളെ തിരിച്ചറിയാൻ പറ്റില്ല, ജമീല ആണെന്ന് വിചാരിച്ചുകൊള്ളും കാണുന്നവർ,

അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു. അയാൾ നീട്ടിയ പർദ്ദയും വാങ്ങിച്ച് അതണിഞ്ഞ് മുഖം മറച്ച് അവൾ വന്നപ്പോൾ ഖാദർ പോലും ഒരു നിമിഷം മനസ്സിലാവാതെ നിന്നു. ആ വഴി വന്ന ഒരു ഓട്ടോ കൈകാണിച്ച് നിർത്തി ഖാദറും ദേവയും അതിൽ കയറി കാളിയാർ മഠം ലക്ഷ്യമാക്കി യാത്രയായി. അവിടെക്കുള്ള യാത്രയിൽ ദേവയുടെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു, ഭയവും സങ്കടവും അവളെ പിടിമുറുക്കി കഴിഞ്ഞിരുന്നു. ഖാദർ അവളെ സമാധാനിപ്പിച്ചത് കൊണ്ട് അവൾക്ക് ധൈര്യം നൽകി . കാളിയാർ മഠം ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന വലിയ ബോർഡിന് മുൻപിൽ ഓട്ടോ നിന്നു. ദേവ വലതുകാൽ വെച്ച് ആ മണ്ണിലേക്ക് ചവിട്ടുമ്പോൾ അവളുടെ മുൻപിൽ ആദ്യം തെളിഞ്ഞു വന്നത് പുഞ്ചിരിക്കുന്ന തന്റെ അച്ഛന്റെ മുഖമാണ്. ഓട്ടോയിൽ നിന്നിറങ്ങി നിറകണ്ണുകളോടെ തന്റെ അച്ഛന്റെ സ്വപ്ന സാമ്രാജ്യം വർഷങ്ങൾക്കുശേഷം അവൾ നോക്കി നിന്നു...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story