💕കാണാച്ചരട് 💕: ഭാഗം 43

kanacharad

രചന: RAFEENA MUJEEB

നാലു വർഷങ്ങൾ കൊണ്ട് ഒരുപാട് മാറിയിരിക്കുന്നു കാളിയാർമഠം ഗ്രൂപ്പ് ഓഫ് കമ്പനി, ഏറ്റവും നല്ല രീതിയിൽ തന്നെയാണ് ഇപ്പോൾ കമ്പനി മുൻപോട്ട് പോകുന്നതെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാകും, അല്ലെങ്കിലും തകർച്ചയിലേക്ക് കൂപ്പുകുത്തിയ കമ്പനിയെ ഗിരിയേട്ടന്റെ രാപ്പകലില്ലാത്ത അധ്വാനം കൊണ്ട് പൂർവ്വാധികം ശക്തിയോടെ നമ്പർ വൺ ബിസിനസ് ഗ്രൂപ്പ് ആക്കി മാറ്റി ആയിരുന്നല്ലോ, പിന്നെയത് നല്ല രീതിയിൽ കൊണ്ടുപോകാൻ അധികമൊന്നും കഷ്ടപ്പെടേണ്ട ആർക്കും, ഇനിയും കമ്പനിക്ക് നഷ്ടം വരുത്തിയാൽ അതിന്റെ നഷ്ടം അവരെ തന്നെ ബാധിക്കും എന്നറിയാവുന്നതുകൊണ്ട് അവരാരും ഇനി കമ്പനിയെ നശിപ്പിക്കില്ല, ദേവയുടെ കണ്ണുകൾ കാളിയാർ മഠത്തിന്റെ നെയിം ബോർഡിലേക്ക് നീങ്ങി . എത്ര ആഗ്രഹിച്ച് പടുത്തുയർത്തിയതാ തന്റെയച്ഛനീ കമ്പനി, തന്റെ രണ്ടുമക്കൾ നഷ്ടപ്പെട്ടപ്പോഴും ഓർത്തില്ല ശത്രുക്കളുടെ കണ്ണ് തന്റെ സ്വത്തിനു മുകളിലാണെന്ന്, ഒന്നുമറിയാതെ അച്ഛനന്നു തന്റെ പേരിലേക്ക് ഈ സ്വത്തൊക്കെ മാറ്റിയപ്പോൾ ആ ജീവനും വിലയില്ലാതായി,

തന്റെ എല്ലാം നശിപ്പിച്ചു തന്നിൽനിന്ന് എല്ലാം കവർന്ന് തന്റെ ജീവിതം നരകതുല്ല്യമാക്കിയവർ ഇന്ന് ഇവിടെ എല്ലാ സുഖസൗകര്യങ്ങളോടും കൂടി വിലസുന്നു. തനിക്ക് വേണ്ടപ്പെട്ടവരെയെല്ലാം ഇല്ലാതാക്കി തന്റെ അച്ഛൻ കഷ്ടപ്പെട്ട് അധ്വാനിച്ച എല്ലാം സ്വന്തമാക്കി ഇപ്പോൾ രാജാക്കന്മാരെ പോലെ വിലസുന്ന അവരെ കാണുമ്പോൾ ദൈവം ഇല്ല എന്ന് തോന്നിപ്പോകും, ദേവയ്ക്ക് അവരോട് ഒരേസമയം ദേഷ്യവും വാശിയും തോന്നി. അവളുടെ കണ്ണുകളിൽ നിന്ന്ചുടുകണ്ണീർ ഒഴുകി. എല്ലാം മനസ്സിലാക്കിയെന്ന വണ്ണം ഖാദർ അവളുടെ കൈകൾ ചേർത്തു പിടിച്ചു കണ്ണുകൾകൊണ്ട് താൻ കൂടെയുണ്ടെന്ന് ധൈര്യം കൊടുത്തു. മുൻപോട്ടുള്ള ഓരോ ചുവട്വേപ്പിലും അവളുടെ ശരീരം തളരുന്നത് പോലെ തോന്നി, ഒന്നും നേരിടാനുള്ള ശക്തിയോ ധൈര്യമോ തനിക്കില്ല, താൻ ഒരു ദുർബലയാണെന്ന് മറ്റാരെക്കാളും തനിക്ക് തന്നെയറിയാം, എല്ലാവരെയും നേരിൽ കാണുമ്പോൾ തന്റെ നിയന്ത്രണം വിട്ടു പോകുമോ എന്ന് വരെ അവൾക്ക് പേടിയുണ്ട്,

എങ്ങാനും പിടിക്കപ്പെട്ടാൽ ആ നിമിഷം അവസാനിപ്പിക്കും ഇവർ തന്റെ ആയുസ്സ് , ജീവിതത്തിലേക്ക് ചുവടുവച്ച് തുടങ്ങിയ തന്റെ മകളെ പോലും ഇവർ വെറുതെ വിടില്ല, പിടിക്കപ്പെടുമോ എന്നുള്ള ഭയം അവളെ വല്ലാതെ തളർത്തി . മോള് ഒന്നുകൊണ്ടും പേടിക്കേണ്ട മോളെ ഈ വേഷത്തിൽ ആരും തിരിച്ചറിയില്ല, പിന്നെ വെപ്രാളം കാണിച്ച് ഓരോന്ന് ചെയ്തു വെക്കരുത്, അത് പിന്നെ നാശത്തിലേ കലാശിക്കൂ ആ ഓർമ്മ വേണം മോൾക്ക്, അവളുടെ മനസ്സ് വായിച്ചിട്ടെന്നപോലെ ഖാദർ അവളെ വീണ്ടും ഓർമിപ്പിച്ചു. എന്തും വരട്ടെയെന്ന് ഉറപ്പിച്ച് അവൾ കാളിയാർ മഠത്തിനകത്ത് കാലെടുത്തുവെച്ചു. ആ നിമിഷം അവളെ തഴുകി പോയ കാറ്റിന് തന്റെ അച്ഛന്റെയും അമ്മയുടെയും ഗന്ധമുണ്ടെന്നവൾക്ക് തോന്നി, താൻ തനിച്ചല്ല എന്നൊരു ഉൾവിളി പോലെ, തന്റെ ഇരു സൈഡിലുമായി അച്ഛനും അമ്മയും ഗിരിയേട്ടനുമുള്ളത് പോലെ ഒരു തോന്നൽ, അവളിൽ അതുവരെയില്ലാത്ത ഒരു ധൈര്യം പെട്ടെന്നുണ്ടായതുപോലെ, ഉള്ളിലുണ്ടായ ആത്മവിശ്വാസത്തോടെ അവൾ വലതുകാലെടുത്ത് വെച്ച് തന്നെ മുൻപോട്ടു നടന്നു. കമ്പനിയുടെ മെയിൻ ഏരിയയിൽ തന്നെ പണ്ട് തന്റെ രണ്ട് ചേട്ടന്മാരുടെ ചിത്രം മാലയിട്ട് വിളക്ക് വെച്ചിരുന്നു,

അതിനു ശേഷം അച്ഛനും അമ്മയും മരിച്ചപ്പോൾ അവരുടെ ഫോട്ടോയും അവർക്കരികിലേക്ക് ഇടംപിടിച്ചു , ഇന്നിപ്പോ അതിനു തൊട്ടപ്പുറത്തായി തന്റെ ജീവനായിരുന്ന ഗിരിയേട്ടന്റെയും തന്റെയും ഫോട്ടോ കൂടി മാല തൂക്കിയിരിക്കുന്നു, അവളാ ഫോട്ടോയിലേക്ക് തന്നെ സൂക്ഷിച്ചു നോക്കി, സ്വന്തം ഫോട്ടോ മാലയിട്ട് കാണേണ്ടി വന്ന ഗതി കെട്ടവൾ മരിച്ച് മണ്ണടിഞ്ഞെന്ന് വിചാരിച്ചവൾ ഉയർത്തെഴുന്നേറ്റിരിക്കുന്നു ഖാദറും ദേവയുടെ ചിത്രത്തിലേക്ക് തന്നെ നോക്കി നിൽക്കുകയാണ് ആദ്യമായിട്ടാണ് ദേവന്റെ മകളുടെ ഫോട്ടോ താൻ കാണുന്നത് അത് ആദ്യമേ കണ്ടിരുന്നെങ്കിൽ ഒരുപക്ഷേ അവൾ തന്റെ അരികിലെത്തുമ്പോൾ തന്നെ താനവളെ തിരിച്ചറിഞ്ഞേനെ, ഖാദർ ഫോട്ടോയിലേക്ക് നോക്കിയ ശേഷം ദേവയെ സങ്കടത്തോടെ നോക്കി. ഓഫീസിൽ തന്റെ അച്ഛൻ ഉപയോഗിച്ചിരുന്ന ക്യാബിൻ ഇപ്പോൾ നകുലനാണ് ഉപയോഗിക്കുന്നത്, അവിടെ അയാളുടെ പേര് വലിയ അക്ഷരത്തിൽ എഴുതി വെച്ചിട്ടുണ്ട്, ദേവയ്ക്ക് അതുകണ്ടപ്പോൾ അടിമുടി ദേഷ്യം ഇരച്ചു കയറി,

അവൾ സ്വയം നിയന്ത്രിച്ചു നിന്നു . അപ്പുറത്ത് തന്നെ നിഖിലിന്റെ ക്യാബിനുമുണ്ട്, അതിന്റെയപ്പുറത്ത് പുതുതായി ഉണ്ടാക്കിയ ഒരു ക്യാബിൻ ഉണ്ട്, അവിടെ മുമ്പ് വിസിറ്റേഴ്സ് റൂം ആയിരുന്നു, ഇന്നത് വിപുലീകരിച്ച് ഒരു ഓഫീസാക്കി മാറ്റിയിട്ടുണ്ട്, ആ റൂമിന്റെ ഡോറിനുമുകളിൽ എഴുതിയ നെയിം വായിച്ച ദേവയ്ക്ക് ശരീരം തളരുന്ന പോലെ തോന്നി. "ആരോഹി അജിത്ത് " ഓഹോ,!! തന്നെ ചതിച്ച് അവൾ ഓഫീസിൽ കയറി പറ്റിയല്ലേ,? ദേവയെ കൂടുതൽ വേദനിപ്പിച്ചത് ആ കാഴ്ച്ചയാണ്, ഒരുമിച്ച് കളിച്ചു വളർന്നവർ , തന്റെ എല്ലാ സന്തോഷവും ദുഃഖവും അവരറിയാതെ കടന്നുപോയിട്ടില്ല, താൻ എവിടെ പോയാലും അവരെയും കൂട്ടാറുണ്ട്, ഒരു നിഴലുപോലെ എന്നും കൂടെ നിൽക്കുമെന്നും ജീവിതകാലം മുഴുവൻ തനിക്കൊപ്പം താങ്ങായി നിൽക്കുമെന്നും താൻ വിശ്വസിച്ച തന്റെ കൂടപ്പിറപ്പുകൾ തന്നെ വേരോടെ അറുത്തുമാറ്റിയല്ലോ.... ദേവയുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ അവൾ പോലുമറിയാതെ ആ മണ്ണിലേക്ക് പതിച്ചു. ഇക്കാക്ക ഇവിടെ നിൽക്കുകയാണോ..?

ഞാൻ വർക്കിങ് ഏരിയയിലേക്ക് വരാനല്ലേ പറഞ്ഞിരുന്നത്...? പെട്ടെന്നാണ് അവരുടെ പുറകിൽ നിന്ന് ആ ശബ്ദം കേട്ടത് അവർ ഞെട്ടി തിരിഞ്ഞു നോക്കി. ഷമീറേ നീയായിരുന്നോ...?ഞാൻ പെട്ടെന്ന് പേടിച്ചുപോയി ഖാദർ അവനെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു ഞാൻ നിങ്ങൾ അപ്പുറത്തേക്ക് വരുമെന്നു വിചാരിച്ച് അവിടെ നോക്കി നിൽക്കുകയായിരുന്നു, കാണാതായപ്പോൾ തിരക്കി ഇറങ്ങിയതാ, എന്തൊക്കെയുണ്ട് അമ്മായി വിശേഷം...? അവൻ ദേവയെ നോക്കി ചോദിച്ചു , അവൾക്ക് സുഖമാണ് കുഴപ്പമൊന്നുമില്ല ഖാദറാണ് അതിനു മറുപടി കൊടുത്തത്. ഇതെന്താ അമ്മായി ഒന്നും മിണ്ടാത്തത് ഞാൻ അവിടേക്ക് വരാത്തതിലുള്ള പിണക്കമാണോ..? ഹേയ് അതൊന്നുമല്ല, അവൾക്ക് രണ്ട് ദിവസമായി നല്ല പല്ലുവേദന വായ തുറക്കാൻ പറ്റുന്നില്ല, ഇവിടുന്ന് ഇറങ്ങിയിട്ട് വേണം അവളെ ഒന്ന് ഹോസ്പിറ്റലിൽ കാണിക്കാൻ , ഖാദർ അപ്പൊ തോന്നിയ ഒരു നുണ പടച്ചുവിട്ടു. അയ്യോ!!പല്ലുവേദനയും സഹിച്ചാണ് ഇവിടെ നിൽക്കുന്നത്..?എന്നാൽ നിങ്ങൾ പെട്ടെന്ന് ഹോസ്പിറ്റലിൽ പോകാൻ നോക്ക് എന്നും പറഞ്ഞു ഷമീർ കയ്യിലുള്ള കാശ് ഖാദറിനെ ഏൽപ്പിച്ചു,

ഖാദർ ആ ക്യാശ് വാങ്ങി പോക്കറ്റിലിട്ട് പോകാം മോളെ എന്ന് ദേവയോട് പറഞ്ഞു. അതുകേട്ട് ഷെമീർ ഖാദറിനെ നോക്കി ഒരുമാതിരി ചിരി. ഇതെന്താടാ നിനക്ക് മനുഷ്യനെ കളിയാക്കുന്ന ഒരു ചിരി,...? ഖാദർ കുറച്ച് ദേഷ്യത്തോടെ അവനോട് ചോദിച്ചു. അമ്മായി യോടുള്ള ഇക്കാക്കാന്റെ സ്നേഹം കണ്ട് ചിരിച്ചു പോയതാ, അവൻ ചിരിച്ചു കൊണ്ട് തന്നെ മറുപടി പറഞ്ഞു. അപ്പോഴാണ് ഖാദറിനും അമളി പറ്റിയത് മനസ്സിലായത്, അതിനുത്തരമൊന്നും പറയാതെ ഖാദർ ദേവയേയും പിടിച്ച് പുറത്തേക്കിറങ്ങാൻ ഒരുങ്ങി, ഇവിടെ വരെ വന്നിട്ട് താൻ കാണേണ്ട മുഖങ്ങളൊന്നും കാണാത്തതിലുള്ള നിരാശയുണ്ടായിരുന്നു ദേവയിൽ പക്ഷേ ഇവിടെ ഇനി അധികമൊന്നും കാരണമില്ലാതെ നിൽക്കാൻ പറ്റില്ല, അവൾ നിരാശയോടെ കമ്പനി വിട്ട് പുറത്തെക്കിറങ്ങാനൊരുങ്ങുമ്പോഴാണ് അവർക്കു മുൻപിലേക്ക് ഒരു കാറ് വന്ന് നിന്നത്. കാറ് വന്ന് നിന്നതും സെക്യൂരിറ്റിക്കാരൻ ഓടിവന്ന് മുൻപിലും ബാക്കിലുമുള്ള ഡോർ തുറന്നു കൊടുത്തു. അതിൽ നിന്നും ഇറങ്ങി വരുന്നവരെ കണ്ട് ദേവയ്ക്ക് ശരീരം തളരുന്നത് പോലെ തോന്നി.

അവൾ തൊട്ടപ്പുറത്ത് നിൽക്കുന്ന ഖാദറിന്റെ കയ്യിൽ ഇറുക്കിപ്പിടിച്ചു. " നകുലൻ "അഖിൽ" ആരോഹി" മൂന്ന് പേരും ഒരേ കാറിലാണ് വന്ന് ഇറങ്ങിയത് നാലുവർഷത്തെ ചെറിയ ചെറിയ മാറ്റങ്ങളൊഴിച്ചാൽ ഇന്നും ആ പഴയ രൂപം തന്നെയാണ് മൂന്ന് പേർക്കും ആരോഹിയുടെ മുഖത്ത് വലിയ കണ്ണട യുണ്ട്, ഉടുത്തിരിക്കുന്ന സാരിയിലും ധരിച്ചിരിക്കുന്ന ആഭരണങ്ങളിലും അവൾ നന്നായി തിളങ്ങുന്നുണ്ട്, പഴയതിനേക്കാൾ ഒരു പ്രൗഢിയുണ്ട് അവളുടെ മുഖത്ത്, നെറുകയിൽ നീളത്തിൽ ചാർത്തിയ സിന്ദൂരം അവൾക്ക് കൂടുതൽ പക്വത തോന്നിച്ചു, ദേവയുടെ കണ്ണുകൾ ആദ്യം പോയത് അവളുടെ താലിമാലയിലാണ്, തന്റെ താലിമാല ഇല്ലാതാക്കി അവളിന്നൊരു താലിയണിഞ്ഞിരിക്കുന്നു, ദേവയ്ക്ക് പുച്ഛം തോന്നി അവളോട്, നകുലനും അഖിലിനും പ്രത്യേകിച്ച് മാറ്റമൊന്നുമില്ല.

കാറിന്റെ കീ സെക്യൂരിറ്റിക്കാരനെ ഏൽപ്പിച്ച ശേഷം ഓഫീസിലേക്ക് കയറാൻ തുടങ്ങിയപ്പോഴാണ് മൂന്നുപേരുടെയും ശ്രദ്ധ ഓഫീസിലെ മെയിൻ കവാടത്തിനരികിൽ തങ്ങളെ തന്നെ നോക്കി നിൽക്കുന്ന ദേവയിലേക്കും ഖാദറിലേക്കും പോയത്, ആരാണിവർ ആരോഹി സെക്യൂരിറ്റിക്കാരനെ നോക്കി ചോദിച്ചു. അറിയില്ല മേഡം ഇവരകത്തു കയറിയത് ഞാൻ ശ്രദ്ധിച്ചിട്ടില്ല അയാൾ പേടിയോടെ മറുപടി പറഞ്ഞു. ഇതാണോ തന്റെ സെക്യൂരിറ്റി ചാർജിങ്ങ് , കമ്പനിയെ തകർക്കാൻ ശത്രുക്കൾ ആരെങ്കിലും വേഷം മാറി വന്നതല്ലെന്ന് പറയാൻ സാധിക്കുമോ തനിക്ക്....? ഇവിടെ വരുന്ന വരെയൊക്കെ ചെക്ക് ചെയ്യാതെ അകത്തു കയറ്റരുതെന്ന് എത്ര പറഞ്ഞാലും തനിക്ക് മനസ്സിലാവില്ല അല്ലേ ആരോഹി ദേഷ്യത്തോടെ അയാളോട് കയർത്തു സംസാരിച്ചു. ഒന്നും പറയാതെ അയാൾ തലതാഴ്ത്തി നിന്നു. മര്യാദയ്ക്ക് അവരെ പരിശോധിക്ക് ശത്രുക്കളല്ലായെന്ന് ഉറപ്പുവരുത്തണം ഇപ്പോൾതന്നെ അവൾ ദേഷ്യത്തോടെ പറഞ്ഞപ്പോൾ സെക്യൂരിറ്റിക്കാരൻ അനുസരണയോടെ ദേവയുടെ അരികിലേക്ക് നടന്നു....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story